Malayalam Short Story : ദൈവത്തിന്റെ പൂക്കള്‍, സന ഫാത്തിമ സക്കീര്‍ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Oct 5, 2023, 6:26 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സന ഫാത്തിമ സക്കീര്‍ എഴുതിയ  ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined


ഒന്ന്

കൊടുംകാട്. ചുറ്റിനും വന്‍മരങ്ങള്‍. അവിടെ അവള്‍ മറ്റാരെയും കണ്ടില്ല. എങ്ങനെ ഇവിടെത്തിപ്പെട്ടെന്നും ഓര്‍ക്കാന്‍ കഴിഞ്ഞില്ല. എങ്കിലും അവള്‍ മുന്നോട്ട് നടന്നു. 

ദിക്കറിയാതെ, ദിശയറിയാതെ ഉപേക്ഷിക്കപ്പെട്ട അവസ്ഥ. അവള്‍ വനത്തിലൂടെ ഓടി. ഒരുപാട് ദൂരെ ഒരു ഉള്‍ക്കാട്ടില്‍ ചെന്നു നിന്നു. ഇരുട്ടാണവിടെ. ഒരു കാട്ടുതീ പോലെ പടര്‍ന്ന് വേട്ടയാടുന്ന ഇരുട്ട്.  മാറിലെ സാരിയില്‍ വിരല്‍ കൊരുത്തി പറിച്ച് മാറ്റുന്ന കൊടുങ്കാറ്റ്. അഴിച്ചിട്ട മുടി കാറ്റില്‍ പറക്കുന്നു. നെഞ്ചിടിപ്പ് കൂടുന്നു. അവള്‍ കരഞ്ഞു. 

എന്നിട്ടുമവള്‍ നിന്നില്ല. തിരിഞ്ഞ് നോക്കാതെ, മറ്റൊന്നും നോക്കാതെ മുന്നോട്ടേക്കോടി. ഇപ്പോള്‍ അവള്‍ മറ്റൊരു കാട്ടിലാണ്. ഒരു മുള്‍ക്കാട്. മുള്ളുകള്‍ മേനിയിലൂടെ ഇഴഞ്ഞുവരാന്‍ തുടങ്ങി. ഉടലില്‍ മുള്ളുകള്‍ തുളച്ച് കയറി രക്തം പൊടിഞ്ഞു. 

നോവുന്നുണ്ട്. ഇതാവണ് ആ അവസാനം! 

പെട്ടെന്നായിരുന്നു അത്!  ഒരുവന്‍ അടുത്തേക്ക് വരുന്നു! 

അവള്‍ വീണ്ടും ഭയന്നു. അവന്‍ അരികില്‍ വന്നു. ഒന്നും മിണ്ടാതെ മുള്ളുവള്ളികളില്‍ നിന്നും അവളെ മോചിപ്പിച്ചു. മുറിവില്‍നിന്നും രക്തം ഇറ്റിയുണങ്ങുന്നത് വരെ ചേര്‍ത്ത് പിടിച്ചു. 

'ഞാന്‍ കിനാവ് കാണുകയാണോ?'-അവള്‍ സ്വയം ചോദിച്ചു. 

അവന്‍ മറുപടി പറഞ്ഞില്ല. 

അവര്‍ക്കിടയില്‍ അതേ നീണ്ട മൗനം. അന്നേരം, അവന്റെ ഉടലിലും രക്തം പൊടിയുന്നതവള്‍ കണ്ടു. ശരിയാണ്, അവനും മുറിഞ്ഞിരിക്കുന്നു. എങ്ങനെയാകും അത്? 

അവള്‍ക്കതറിയില്ല.

അവര്‍ രണ്ട് ചെടികളായിരുന്നു. പണ്ടു പണ്ട് അതിലൊന്ന് മറ്റേ ചെടിയിലേക്ക് കൈ നീട്ടി. പരസ്പരം ചില്ലകള്‍ കോര്‍ത്തു. ആ ചില്ലകളില്‍ രക്തനിറമുള്ള പൂക്കള്‍ വിരിഞ്ഞു. സൗഹൃദത്തിന്റെ പൂക്കള്‍.

 

Also Read: തൂവല്‍ത്തലയണ, ഹൊറേസിയോ കിറോഗ എഴുതിയ കഥ


രണ്ട്

'ദൂരെ ഒരുപാടൊരുപാട് ദൂരെ, ഒരു സ്ഥലമുണ്ട്. അവിടെ ആകാശമണ്ണില്‍ പല നിറങ്ങളിലായി  നക്ഷത്രപ്പൂക്കള്‍ പൊട്ടി വിടരും. അവിടെ നീ എത്തണം. നിന്റെ സ്വപ്നങ്ങള്‍ അതിലൊരു പൂവായി മൊട്ടില്‍ നിന്ന് ഉണരും.'

അവള്‍ അയച്ച പിറന്നാള്‍ സമ്മാനമായിരുന്നു അത്. അതിനുള്ളില്‍ കണ്ട എഴുത്ത് വായിച്ചപ്പോള്‍ ചുണ്ടുകളില്‍ വിരിഞ്ഞ ചിരി മറക്കാനവന്‍ ശ്രമിച്ചു. എന്നിട്ടത് തന്നെ ആവര്‍ത്തിച്ചു വായിച്ചു. പല സ്വരങ്ങളിലായി,  ഭാവങ്ങളിലായി വായന. മനഃപാഠമാകുന്നത് വരെ അത് നീണ്ടു.

ഇത് അവളവനായി കുറിച്ച വരികളാണ്. എഴുതുമ്പോള്‍ അവളുടെ മനസ്സില്‍ അവന്‍ നിറഞ്ഞിരിക്കണം. ആ വരികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിക്കുമ്പോള്‍ അവന്റെ മനസ്സില്‍ അവളും നിറഞ്ഞുനിന്നു. അവന്‍ എഴുതിയ മറുപടിക്കത്ത് മേശയില്‍ തന്നെ വിശ്രമിച്ചു. വിഷമിച്ചു. അക്ഷരങ്ങള്‍ വിതുമ്പി. കൈയ്യക്ഷരം പിണങ്ങി. വികാരങ്ങള്‍ വീര്‍പ്പുമുട്ടി നിശ്ചലാവസ്ഥയിലേക്ക് നീങ്ങി.

അവന്‍ ഒരു യാത്രക്കായി തയ്യാറെടുത്തു. ഓര്‍മ്മകളിലൂടെ ഒരു യാത്ര. ഉറക്കം അവനില്‍ വന്ന് വീണു. കണ്ണുകള്‍ മാടിമാടി അടഞ്ഞു. അവന്റെ ഹൃദയം അപ്പോഴും ഒരു കുളിര്‍മഴയിലാണ്. ഓര്‍മ്മകള്‍ ഉള്ളിലാകെ... കൊടുങ്കാട്ടില്‍ മുള്‍മുനകളില്‍ കുരുങ്ങി നില്‍ക്കുമ്പോള്‍ വീണ്ടും അവളുടെ അടുത്തെത്തിയതും മുറിവുകള്‍ ഉണങ്ങിയതും ആ മുള്ളുകളില്‍ സ്വന്തം ഉടല്‍ കീറിയതും അവള്‍ കരഞ്ഞതും...പിന്നെ, 'ഞാന്‍ നിന്നെ വേദനിപ്പിക്കില്ല. നിനക്ക് എന്നെ വിശ്വസിക്കാം.' എന്ന് താന്‍ വാക്ക് കൊടുത്തതും അത് പാലിക്കുന്നതുമെല്ലാം...

 

Also Read: മരണവ്യവഹാരം, മജീദ് സെയ്ദ് എഴുതിയ കഥ

 

മൂന്ന്

അന്നൊരു വെള്ളിയാഴ്ച്ച. പള്ളിയിലെ ബാങ്കും ഖുത്ബയും ഖുര്‍ആന്‍ പാരായണവുമെല്ലാം നടക്കുമ്പോള്‍ അവള്‍ മൗനത്തിലേക്ക് താഴ്ന്നുകൊണ്ടിരുന്നു. ഓരോ ചിന്തകളും അവനെ കുറിച്ചാണ്. അവനെ കുറിച്ച് മാത്രമാണ്.

'അവന്‍ നിന്റെ ആരാ? ഞങ്ങളേക്കാള്‍ വല്യവനാണോ നിനക്ക് അവന്‍? ഭ്രാന്ത് അല്ലാതെന്ത്..'

അവളുടെ ഇളയാപ്പ വീട്ടില്‍ വന്നു. അവള്‍ തലമുടിയും മാറും മറക്കും വിധം തട്ടം വിരിച്ചിട്ടു.

'എന്ത് കൂട്ടുകാരന്‍ ആണെന്ന് പറഞ്ഞാലും, അതൊക്കെ തെറ്റാണ്. വളര്‍ത്തുദോഷം!' അയാള്‍ പറഞ്ഞു.

അന്നേരം വീട്ടിലേക്ക് ഒഴുകി വന്ന കാറ്റിന് അത്തറിന്റെ സുഗന്ധമുണ്ടായിരുന്നു. അതവിടെ പാറി പറന്നൊഴുകി അവളെ തഴുകി. ഈ ദുനിയാവില്‍തന്നെ തേനീച്ചക്കൂടുകള്‍ പോലെ ഒട്ടനവധി ദുനിയാവുകളുണ്ട്. അവിടെ അവര്‍ അവരുടേതായ നിയമങ്ങള്‍ കൊത്തിയെടുത്ത് അവര്‍ക്കിഷ്ടമുള്ള രീതിയില്‍ അതിനെ പാലിക്കുന്നു. ആരാധിക്കുന്നു. അവര്‍ തെറ്റുകളെ ശരിയാക്കുന്നു. ശരികളെ തെറ്റുകളാക്കുന്നു. ചിലപ്പോള്‍ അവളിലേക്ക് ആ തേനീച്ചകളെല്ലാം ഒരുമിച്ചെത്തും. ഉച്ചത്തില്‍ ചെവിയില്‍ മൂളും. അവള്‍ നെറ്റി ചുളിക്കും. ചെവി പൊത്തിക്കരയും. 

ആ രാത്രിയിലും അവളത് അനുഭവിച്ചു. കണ്ണുകള്‍ ഇറുക്കി അടച്ചു.  

അന്നേരം ഇരുട്ട് തങ്ങി നില്‍ക്കുന്ന ആ മുറിയില്‍ മറ്റാരോ ഉണ്ടെന്നവള്‍ മനസ്സിലാക്കി. അവളിലെ ഭയം അടങ്ങി. പുതപ്പിച്ച് നെറ്റിയില്‍ ചുംബിച്ച് ആ നിഴല്‍ പുറത്തേക്ക് പോയി. 'ആട്ടിടയരാണവര്‍, ആ നിഴലുകള്‍..' അവള്‍ കരുതി. തന്റെ ഓരോ ആടിനെയും സ്‌നേഹിച്ച് സംരക്ഷിച്ച് മുന്നോട്ട് നയിക്കുന്നവര്‍. അവരുടെ ഉള്ളില്‍ എന്നും അണയാത്ത തീ ഉണ്ടാകും. 

 

Also Read: ചുവരിലൂടെ നടന്ന മനുഷ്യന്‍, ഫ്രഞ്ച് സാഹിത്യകാരന്‍ മാര്‍സെല്‍ എയ്‌മെയുടെ കഥ

 

നാല്

'എന്തിനാ മനുഷ്യര്‍ക്ക് ഇത്രയും പ്രശ്‌നങ്ങള്‍ കൊടുക്കുന്നത്?' എന്ന ചോദ്യത്തിന്, പടച്ചവന്‍ മറുപടിയായി നല്‍കിയത് ആ മുറിവുകളുടെ വേദന തന്നോടൊപ്പം പങ്കിടുന്ന ചിലരെയാണ്. 

വിചിത്രമായ സ്ഥലത്ത് കണ്ടുമുട്ടി, സൗഹൃദം സ്ഥാപിച്ചവര്‍. അവര്‍ സ്വന്തം ലോകത്ത് സന്തുഷ്ടരായിരുന്നു. വിശേഷങ്ങള്‍ പങ്കുവെച്ചും വിഷമങ്ങള്‍ പങ്കിട്ടും കഴിഞ്ഞ രണ്ടുപേര്‍. അവര്‍ പരസ്പരം പ്രചോദനം നല്‍കിയും പ്രശംസിച്ചും പരിഹസിച്ചും പോന്നു. അവര്‍ക്കിടയില്‍ മൂന്നാമനായി, സര്‍വ്വസാക്ഷിയായി ഒരു ദൈവമുണ്ടായിരുന്നു. വിശ്വാസമായിരുന്നു ആ ദൈവത്തിന്റെ മതം. സ്‌നേഹമായിരുന്നു ആ ദൈവത്തിന്റെ ഭാഷ. ആ ദൈവം എന്നും അവര്‍ക്കിടയില്‍ ഒരു പുഞ്ചിരിയാലേ നിലകൊണ്ടു. അവരെ പോലെ അവര്‍ മാത്രമേ ഉണ്ടാകൂ എന്നവര്‍ കരുതി. 

അവളില്‍ ഒരു ഭയം ജനിച്ചതുകൊണ്ടാകണം, പരസ്പരം ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്നതിനിടയില്‍, അവള്‍ അവനോട്, തന്നെ മറ്റൊരു രീതിയിലും കാണില്ലെന്ന് വാക്ക് കൊടുക്കാന്‍ ആവശ്യപ്പെട്ടത്. വാശി പിടിച്ചത്. അവന്‍ വാക്ക് കൊടുത്തു. കണ്ണിനേയും മനസ്സിനേയും വഞ്ചിക്കാന്‍ വിട്ടുകൊടുക്കാത്തവരും ഈ ദുനിയാവിലുണ്ടെന്ന് അവള്‍ക്ക് തോന്നിയതപ്പോഴായിരുന്നു. 

ആണും പെണ്ണും പരസ്പരം ആകര്‍ഷിക്കപ്പെടാനുള്ളവരാണ് എന്ന് കവികള്‍ കള്ളം പറയുന്നതാണത്രേ.

 

Also Read : യാനം, കെ.ആര്‍.രാഹുല്‍ എഴുതിയ ചെറുകഥ


അഞ്ച് 

'അറുത്ത് മാറ്റു, വേരോടെ പിഴുതെടുക്കൂ, ആപത്താണാ ചെടികള്‍.'- സൗഹൃദം മണക്കുന്ന ആ പൂക്കളെ നോക്കി പലരും പറഞ്ഞു. സംശയം കലര്‍ന്ന്, വിമ്മിഷ്ടം കടുപ്പിച്ച് ചിലര്‍ അതിനായി മഴുവുമായി മുന്നോട്ടാഞ്ഞിട്ടും ആ പൂക്കള്‍ വിരിഞ്ഞു തന്നെ നിന്നു.

'എവിടെയാണ് തെറ്റ്?' - പെണ്‍പൂവ് ആണ്‍പൂവിനോടായി ചോദിച്ചു.

'അവരുടെ കാഴ്ചപ്പാടില്‍.'- ആണ്‍പൂവ് മറുപടി പറഞ്ഞു.

അവിടെ, അവസാനമായി തേന്‍ നുകരാനായി ശലഭങ്ങള്‍ എത്തിയിരുന്നു. നിറങ്ങളില്‍ വരഞ്ഞ ചിറകുകള്‍ ചലിപ്പിച്ച്, നിവര്‍ന്നുനില്‍ക്കുന്ന പൂക്കളുടെ ചുണ്ടുകളില്‍ ആ ശലഭങ്ങള്‍ ഇരുന്ന് ചുംബിച്ചു. ആ തേന്‍ നുകര്‍ന്നു. മതിമറന്ന് ആസ്വദിക്കുന്ന ആ രണ്ട് പൂക്കളെ കണ്ട മറ്റ് പൂക്കള്‍ അസൂയനോട്ടമെറിഞ്ഞു.

'നമ്മള്‍ ഒരേ ഗര്‍ഭപാത്രത്തില്‍ നിന്നായിരുന്നുവെങ്കില്‍...'

അത് മുഴുമിപ്പിക്കുന്നതിന് മുന്നേ അവര്‍ നിലം പതിച്ചു. ചുറ്റിനും രക്തം തെറിച്ചു. തൊട്ടടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് വിളിച്ചു. എല്ലാവരും നമസ്‌കാരത്തിനായി ഒരുങ്ങി.

രണ്ട് പേരും ഉടലോടെ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ഹൃദയങ്ങളിലേക്ക് ഉറ്റുനോക്കിയ സ്രഷ്ടാവ് അവരെ പുഞ്ചിരിയോടെ സ്വീകരിച്ചു. അവിടെ അവര്‍ സന്തോഷിച്ചു. അവള്‍, അവളറിയുന്ന, അവളെ അറിയുന്ന അവനുമായി വീണ്ടും സൗഹൃദം സ്ഥാപിച്ചു.

അതെ, അത് മറ്റൊരു ദുനിയാവാണ്. 

click me!