Malayalam Short Story : മാനിക്വിന്‍, സന ഫാത്തിമ സക്കീര്‍ എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jul 12, 2022, 3:34 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സന ഫാത്തിമ സക്കീര്‍ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos


ഒന്ന്
മഴയുടെ താരാട്ട് പാട്ടില്‍ മതി വരാതെ മനസ്സ് രസിക്കുകയായിരുന്നു. അതിരുകളൊന്നും ഇല്ലാത്ത സ്വപ്നലോകത്തേക്ക് അത് അങ്ങനെ വഴുതി വീണു. 

മഴനൂലുകളില്‍ പട്ടം കെട്ടി മനസ്സ് പാറി പറന്നെത്തിയത് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ സംഭവിച്ച ഭീകരാനുഭവത്തിലേക്കാണ്. 

'അമ്മേ മാമന്‍ ചീത്തയാ'- എന്ന് അമ്മയോട് പറഞ്ഞപ്പോള്‍ ദൈവദോഷം പറഞ്ഞതിന് ശകാരിക്കുകയും കണിയാരെ വിളിച് ജ്യോതിഷം നോക്കുകയുമാണ് ചെയ്തത്. എല്ലാം സ്ഥാനം തെറ്റി നില്‍ക്കുകയാണ്. വ്യാഴവും ശനിയുമൊക്കെ. 

തൊഴാനായി ചെന്നപ്പോഴാണ് ബലിഷ്ഠമായ രണ്ട് കരങ്ങള്‍ മേല്‍ വന്നുപതിച്ചത്. തിരിഞ്ഞു നോക്കി. കണ്ടാല്‍ നിഷ്‌കളങ്കന്‍ എന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരന്‍. ദേവാലയത്തിനരികെ നില്‍ക്കെയാണ് ഇതു സംഭവിച്ചത്. കൈകളും കാലുകളും വിറക്കാന്‍ തുടങ്ങി. ദേഹം വിയര്‍ക്കാന്‍ തുടങ്ങി. ആകെ തളരുന്നത് പോലെ. 

സഹിക്ക വയ്യാതായി. സ്വരം ഇടറുന്നുണ്ട്. ഉച്ചത്തില്‍ ശബ്ദം ഉയര്‍ത്തിയാലും ആ തിരക്കില്‍ ആരും കേള്‍ക്കില്ല. പിന്നീട് സൂര്യന്‍ ജീവിതത്തിലേക്ക് കടന്നെത്തിയപ്പോള്‍ തളച്ചിട്ട മനസ്സിന്റെ ഇരുട്ടിലേക്ക് അരിച്ചിറങ്ങുന്ന കിരണങ്ങളായി അവന്‍ അന്ന് മാറി. അതും അധികനാള്‍ നിലനിന്നില്ല. 

നൃത്തത്തിനോടുള്ള ഇഷ്ടം അവന്‍ വിലക്കിയിരുന്നു. പറക്കാനായി മുളച്ച ചിറകുകള്‍ അറുത്തു കളഞ്ഞ പ്രതീതി. അങ്ങനെ ഉരുകി തീര്‍ന്നു. പാതിവെന്ത സ്വപ്നങ്ങളുടെ ചിതയില്‍ ആരോ വലിച്ചെറിഞ്ഞ ഇരയുടെ നിലയില്‍. 

പാറിപ്പറക്കുന്ന മനസ്സ് ഓര്‍മ്മകളില്‍ നീറുന്ന നീറ്റലുകളിലേക്ക് തന്നെ എത്തിക്കുന്നു. 

അമ്മയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച അച്ഛന്‍. തുടര്‍ന്ന് മാനസിക വൈകല്യത്തിലേക്ക് തെന്നി വീണ അമ്മ. ദേഹോപദ്രവം നേരിടേണ്ടി വന്ന സ്‌കൂള്‍ കാലം. ഇന്ന് ഇതിനെല്ലാം നാല് ചുമരിനുള്ളില്‍ കിടന്ന് സ്വയം ശിക്ഷിക്കപ്പെടുന്നു. തോരാത്ത മഴയില്‍ കുളിച്ച് ശുദ്ധിയാകുന്ന പ്രകൃതി അതെല്ലാം ഓര്‍മിപ്പിച്ച് കൊണ്ടേയിരുന്നു. 


രണ്ട്

അസ്വസ്ഥമായ മനസ്സോടെ ആ നോവേറിയ പാതയിലൂടെ ഒന്നൂടെ സഞ്ചരിക്കുകയാണിപ്പോള്‍. അസ്വസ്ഥമായ മനസ്സിലാണത്രെ കഥകളും കവിതകളും വരുക. സ്വസ്ഥമായ മനസ്സ് അതിരുന്ന് ആസ്വദിച്ചു വായിക്കും. ഓരോ നോവും പതിയെ അക്ഷരങ്ങളായി വരികളായി മാറുന്നത് ഒരു രചനയുടെ പിറവിക്കായിരുന്നു. പതിയെ വിറക്കുന്ന കൈകള്‍ കൊണ്ട് പേനയെടുത്തു. എഴുതേണ്ടതെന്തെന്ന് അറിയില്ല. കഥയെഴുതാം. 

കഥാപാത്രങ്ങള്‍ മനസ്സില്‍ തെളിയുന്നില്ലെങ്കിലും തലക്കെട്ട് എഴുതി- 'മാനിക്വിന്‍.' 

മഴ തോര്‍ന്നു. ദൂരെയെവിടെയോ കുതിര്‍ന്ന പൂവിനെ ചുംബിച്ചു വിങ്ങിക്കരയുന്ന ഒരു ചിത്രശലഭം. ആരുടെയോ സ്പര്‍ശനം അതിന്റെ ചിറകുകളെ നോവിച്ചു. 

ഇന്ന് മകള്‍ക്ക് പതിനെട്ട് വയസ്സ് തികഞ്ഞു. രേഖ എന്നായിരുന്നു അവളുടെ പേര്. നിഷ്‌കളങ്കതയും കുട്ടിത്തവും തുളുമ്പുന്ന മായാച്ചിരിയുള്ള മുഖം. നക്ഷത്രങ്ങള്‍ പോലുള്ള കണ്ണുകള്‍. അഴിച്ചിട്ട മുടിയും വലിയ ചുവന്ന പൊട്ടും തൊട്ട് അമ്മയുടെ അരികിലേക്ക് വന്ന് ചേര്‍ന്ന് നിന്നു. അവര്‍ പതിയെ അവളുടെ മുടിയഴികളിലൂടെ കൈകള്‍ ഓടിച്ചു. അതിനെ മെല്ലെ കോതിയൊതുക്കി. പതിയെ തലോടി. 

'അമ്മേ എനിക്കൊരു കാര്യം പറയണം. അയാള്‍ ചീത്തയാ..' ഒരു ഞെട്ടലോടെ ആണ് അവരത് കേട്ടതെങ്കിലും ഒട്ടും മടിച്ചില്ല മകളെ ഒന്നൂടെ ചേര്‍ത്ത് പിടിച്ചു. 'ആരാ മോളെ? മോളെ ആരാ തൊട്ടത്? അമ്മയോട് പറ.'

പെണ്‍കുട്ടികള്‍ പലര്‍ക്കും മാനിക്വിന്‍ ആണ്. ആകര്‍ഷണത്തിന് വേണ്ടിയുള്ളത്. ചെറുപ്പത്തില്‍ ആരോടും ഒന്നും പറയില്ല എന്ന ധൈര്യത്തിലാണ് പലരില്‍ നിന്നും അരുതാത്ത സ്പര്‍ശങ്ങളുണ്ടായത്. കുറച്ച് വലുതായതോടെ വിശ്വസിച്ചവരായി ആ സ്ഥാനത്ത്. മാനിക്വിന്‍. അതിനു മിണ്ടാന്‍ കഴിയില്ലല്ലോ! 

എന്നാല്‍, അതിനര്‍ത്ഥം വേദനിക്കുന്നില്ല എന്നാണോ? കല്യാണസമയം വില്‍പ്പനവസ്തു പോലെ നല്ല വിലക്ക് വില്‍ക്കപ്പെടുന്ന അടിമ. താലിക്കയര്‍ കഴുത്തില്‍ കുടുങ്ങുമ്പോള്‍ ആഗ്രഹങ്ങള്‍ക്ക് വിലക്ക് വീഴുന്നു. കാലുകളെ ചങ്ങലക്ക് ഇടുന്നു. എവിടെയോ ആര്‍ക്കോ ജനിച്ച് വേറെ ആരുടെയോ ആയി മാറി പിന്നീട് ആര്‍ക്കും വേണ്ടാതെ എഴുത്തി തള്ളിയ മാനിക്വിന്‍ ആയിമാറുന്നു. അവര്‍ക്ക് സ്വന്തമായി വികാരമില്ല പ്രതികരണമില്ല പ്രതിഷേധമില്ല, സ്വപ്നങ്ങളില്ല. ഒരു ചിരി മാത്രം സ്വന്തം. 

അടച്ചു പൂട്ടിയ ചില്ലലമാരയില്‍ അമ്മയുടെ പൊടിപിടിച്ചു കിടന്ന ചിലങ്കയിലേക്ക് അവളുടെ ശ്രദ്ധ തിരിഞ്ഞു. അത് കാണ്‍കെ പൊടിഞ്ഞ അമ്മയുടെ മിഴിനീര്‍ തുള്ളികള്‍ അവളെ ഉണര്‍ത്തി. ആ കണ്ണുകള്‍ നിറഞ്ഞത് അവള്‍ക്ക് കണ്ടു നില്‍ക്കാനായില്ല വിഷമിപ്പിച്ചത് താന്‍ ആണെന്നു സ്വയം കുറ്റപ്പെടുത്തി.

മൂന്ന്

സ്‌കൂള്‍ ജീവിതത്തിന്റെ അവസാനത്തെ നാളുകളുടെ പടികള്‍ ചവിട്ടി കയറുകയായിരുന്നു . പ്ലസ് ടു പഠനത്തിന് ശേഷമുള്ള ആഗ്രഹങ്ങളുടെ കലവറ നെഞ്ചിലേറിയിരുന്നുവെങ്കിലും കണ്ണുകള്‍ കലങ്ങിയിരുന്നു. കാലുകളെ ആരോ പിന്നിലേക്ക് വലിക്കുന്നത് പോലെ. 

അന്നത്തെ അക്രമി അച്ഛന്റെ പ്രായം തോന്നിക്കുന്ന ഒരാളെന്നതിലും ഉപരി താന്‍ ബഹുമാനം കൊണ്ട് മനസ്സില്‍ പ്രതിഷ്ടിച്ച സ്വന്തം അധ്യാപകനായിരുന്നു. ഒരു തേരില്‍ വഴി തെളിക്കുമ്പോള്‍ തന്നെ, പിഴുതെറിയാന്‍ വേണ്ടി അടുക്കുന്ന രാക്ഷസരാജാവ്. അവള്‍ സ്വയം സമര്‍പ്പിക്കുകയായിരുന്നില്ല കീഴടങ്ങുകയായിരുന്നു. 

'ഈ കുട്ടി ചിരിക്കില്ലേ? കണ്ടോ എന്തു ഭംഗിയാ ആ ചിരി കാണാന്‍!' എന്ന് കൂട്ടുകാര്‍ പറയുമ്പോഴും 'മോള്‍ക്ക് എന്തെങ്കിലും ടീച്ചറോട് പറയാനുണ്ടോ?' എന്ന് പ്രിയപ്പെട്ട നിഹാരിക ടീച്ചര്‍ ചോദിച്ചപ്പോഴും നിര്‍ജീവമായ ചിരിയല്ലാതെ മറ്റൊന്നും പങ്കു വെച്ചില്ല. ആരോടും ദേഷ്യം പ്രകടിപ്പിക്കാതെ എല്ലാവരുമായി നല്ല രീതിയില്‍ ഇടപെട്ടതിനാല്‍ 'നല്ല കുട്ടി' പട്ടവും ലഭിച്ചു.

സ്‌കൂള്‍ ജീവിതം ഏറെ ഓര്‍മ്മകള്‍ തന്നു. അതിലൊന്ന് സ്‌കൂളിന്റെ അവസാനത്തെ ദിവസത്തെ കുറിച്ചാണ്. 

'അന്ന് ഒരുപാട് ഫോട്ടോ എടുക്കണം, ഓട്ടോഗ്രാഫ് വാങ്ങണം പിന്നെ കെട്ടിപ്പിടിച്ച് പൊട്ടി കരയണം' എന്നൊക്കെ കൂട്ടുകാര്‍ക്കിടയില്‍ അവള്‍ക്ക് പറയാനുണ്ടായിരുന്നു. രേഖക്ക് പിന്നീടുണ്ടായ മാറ്റം എല്ലാവരുടേയും ശ്രദ്ധയെ വല്ലാതെ ആകര്‍ഷിച്ചു. സങ്കടക്കടലിന്റെ ആഴങ്ങളില്‍ അവള്‍ മുങ്ങിമരിക്കുകയായിരുന്നു. കൈ കാലുകള്‍ അടിച്ച് ജീവന് വേണ്ടി പിടക്കുന്ന അവള്‍ അലറി കരയുന്നുണ്ടായിരുന്നു, നിശ്ശബ്ദമായി. 

അങ്ങനെ അധ്യാനവര്‍ഷത്തിലെ അവസാന ദിവസവുമെത്തി. എല്ലാവരും ഫോട്ടോ എടുത്തും ഓട്ടോഗ്രാഫ് എഴുതിയും വേര്‍പാടിനെ വരവേല്‍ക്കുമ്പോള്‍ എന്നത്തേയും പോലെ ചൈതന്യം വറ്റിയ മുഖത്ത് ഇന്നോളമില്ലാത്ത നെടുവീര്‍പ്പിന്റെ ചിരി മൊട്ടിട്ടത് ഉറ്റമിത്രമായ നദ ശ്രദ്ധിച്ചു. ഇനി അയാളെ കാണണ്ടല്ലോ അത് കൊണ്ടാവും. ആ കലങ്ങിയ കണ്ണുകള്‍ നോക്കി നില്‍ക്കുകയല്ലാതെ വേറൊന്നും ചോദിക്കാനവള്‍ക്ക് തോന്നിയില്ല. വെറുതെ സൂചി കൊണ്ട് കുത്തി ആ മുറിവിനെ വലുതാക്കേണ്ട. എങ്ങാനും ചോദിച്ചാല്‍ ആ സങ്കടത്തിന്റെ കെട്ടുകള്‍ പൊട്ടി ചിതറുന്നത് കണ്ട് നില്‍ക്കേണ്ടി വരും. 

ചേര്‍ത്ത് പിടിച്ച് 'സാരമില്ല ടാ എല്ലാം ഓക്കേ ആകും' എന്ന് ആശ്വസപ്പിക്കാന്‍ എന്നും നദയുണ്ടായിരുന്നു. ഇതുപോലുള്ള സുഹൃത്തുക്കള്‍ പകരുന്ന ആശ്വാസം ചെറുതൊന്നുമല്ല. എന്നിട്ടും അവളെ തളര്‍ത്തിയത് ചലിക്കുന്ന ബൊമ്മ എന്നവളെ വിശേഷിപ്പിച്ചവരായിരുന്നു. അത് തന്നെയല്ലേ ചലനമില്ലാത്ത മാനിക്വിന്‍- അവളോര്‍ത്തു. 

അമ്മയെഴുതി വെച്ചിരുന്ന തുണ്ട് കടലാസ്സിന്റെ തലക്കെട്ട്. ശരിയാണ് അവള്‍ പിന്നീട് മിണ്ടീട്ടില്ല. ചിരിച്ചില്ല. പ്രതികരിച്ചില്ല. എല്ലാം തിരസ്‌കരിച്ച് ഒരു ചലിക്കുന്ന ബൊമ്മ പോലെ ആയി. ടീച്ചര്‍മാര്‍ക്കും അവളെ വലിയ കാര്യമായിരുന്നത് കൊണ്ട് അവളില്‍ വന്ന  മാറ്റം അവരെ വല്ലാതെ തളര്‍ത്തി.

ലഞ്ച് ബ്രേക്കില്‍ രേഖയെ സര്‍ സ്റ്റാഫ്‌റൂമിലേക്ക് വിളിച്ചു. അല്‍പ്പം ഭയം തോന്നിയത് കണ്ട് നദയും കൂട്ടിന് ചെന്നു. ഇരുവരുടേയും നെഞ്ചിടിപ്പ് അവര്‍ക്ക് കേള്‍ക്കുന്നത്രെയും വേഗത്തില്‍ ആയിരുന്നു. സര്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു. 

'ഗുഡ് മോര്‍ണിംഗ് സര്‍, നോ ഗുഡ് ആഫ്റ്റര്‍നൂണ്‍ സര്‍.' 

'ഹൈ' എന്നയാള്‍ പറഞ്ഞു. 

'എന്നോട് വെറുപ്പുണ്ടോ രേഖ? രേഖ പഠിക്കുന്ന കുട്ടിയാണ്. അത് കൊണ്ടാ സര്‍ ദേഷ്യപ്പെട്ടത് കേട്ടോ. എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥികളില്‍ ഒരാളാണ്. ഞാന്‍ വഴക്ക് പറയുന്നത് നിങ്ങള്‍ പഠിക്കാന്‍ വേണ്ടിയിട്ടല്ലേ.'

അവള്‍ ഒന്നും പറഞ്ഞില്ല. വേഗം അവിടന്ന് ഇറങ്ങി. കഥയെ വളച്ചൊടിച്ചു മിഥ്യാധാരണയിലേക്ക് തന്നെ വലിച്ചെറിയുകാണെന്നവള്‍ക്ക് ബോധ്യമായി. സാറിനോടുള്ള ഭയം രേഖയുടെ മിഴികളില്‍ വ്യക്തമായിരുന്നു അത് വേറൊന്നും കൊണ്ടല്ല താന്‍ അവളെ വഴക്ക് പറഞ്ഞത് കൊണ്ടാണെന്നുള്ള മിഥ്യാധാരണ പ്രചരിക്കാനുള്ള തന്ത്രപ്പാട്. 

ഇരുവരും ലഞ്ച് ബ്രേക്കിനു ശേഷം തിരിച്ചു ക്ലാസ്സിലേക്ക് നടക്കുകയായിരുന്നു. ആരുമില്ലെന്ന് ഉറപ്പ് വരുത്തി' 

'നദ എനിക്ക് ഒരു കാര്യം പറയാനുണ്ട്. നീ അതോരോടും പറയില്ല എന്ന് സത്യം ചെയ്യ്.' 

നദ അവളുടെ അടുത്ത് ചേര്‍ന്ന് നിന്നു ചുറ്റിനും നോക്കി. 'അല്ലാഹ് ആണേ, ഞാന്‍ ആരോടും പറയില്ല എന്താടോ?'

രേഖ തുടര്‍ന്നു: 'സംഭവം നടന്ന അന്ന് തന്നെ ഞാന്‍ എന്റെ അമ്മയോടെല്ലാം പറഞ്ഞിരുന്നു.'ദ

രേഖ ഇടറുന്ന ശബ്ദത്തില്‍ പറയുമ്പോള്‍ മഞ്ചലില്‍ ഊയലാടുന്ന മനസ്സോടെ നദ കാതോര്‍ത്തു നിന്നു.

'നദക്ക് അറിയോ എനിക്ക് അറപ്പ് തോന്നീട്ടുണ്ട്. എന്നോട് തന്നെ. പ്രതികരിക്കാന്‍ വൈകിയതില്‍. എനിക്ക് അമ്മ മാത്രേ ഉള്ളൂ. പിന്നീട് ഇതിനെ പറ്റി സംസാരിക്കാന്‍ എനിക്ക് തോന്നീട്ടില്ലെടോ. എന്തിനാ ആ പാവത്തിനെ വെറുത വിഷമിപ്പിക്കുന്നത്. അച്ഛന്‍ പോയതില്‍ പിന്നീട് അമ്മയ്ക്ക് അനേകം പ്രശ്‌നങ്ങളാണ്. അതിനിടയില്‍ ഞാന്‍ ആയിട്ട് എന്തിനാ. ചിലപ്പോള്‍ തോന്നും അച്ഛന്റെ അടുത്തേക്ക് ചെല്ലാന്‍. ഒപ്പം ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല.''

സ്വന്തം വാക്കുകളുടെ വെട്ടത്തില്‍ തെളിഞ്ഞ മരണത്തിന്റെ നിഴല്‍ വ്യക്തമായിരുന്നു. 

രേഖ തുടര്‍ന്നു:  ''എന്റെ മനസ്സില്‍ വലിയ സ്ഥാനമായിരുന്നു എന്നെ പഠിപ്പിച്ച ഇദ്ദേഹത്തിന്. അത് മാത്രമല്ല തകര്‍ന്നത്. മറ്റ് അധ്യാപകരോടുള്ള വിശ്വാസവും കൂടിയാണ്. ഇതിനു ശേഷം ഒറ്റക്കിരുന്നു ഒരുപാടു നേരം കരഞ്ഞു. ചിന്തിച്ചു. ഓര്‍ത്തു. സ്വയം വെറുത്തു. എല്ലാ ആണുങ്ങളിലും ഞാന്‍ അയാളെ കാണാന്‍ തുടങ്ങി. എന്നാലും എന്തിനാ... അയാള്‍ എന്നെ ...''

ഇതും പറഞ്ഞു നിര്‍ത്തുമ്പോള്‍ അവളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. കരച്ചിലിന്റെ വക്കില്‍ നില്കുന്നത് പോലെ. പിന്നെ ഏറെ നേരം അവര്‍ക്കിടയില്‍ തീരാമൗനം നിലനിന്നു. അതിനെ മുറിച്ചതും നദയായിരുന്നു. 

'എടോ അതിവിടെ നമ്മുടെ ഇടയില്‍ പലര്‍ക്കും അറിയാവുന്ന ഒന്നാണ്. പിന്നെ എല്ലാവരും കണ്ടില്ല, കേട്ടില്ല എന്ന് നടിക്കും. സാറിന് ഇരട്ടമുഖം ആണ്. പരാതി ആക്കിയാല്‍ പിന്നീട് സാറിനെ നേരിടുക പ്രയാസമാണ്. അതൊന്നും കാര്യം ആക്കേണ്ട. എല്ലാം ശരിയാകും. ആട്ടെ നീ ഇത് പരാതി ആക്കുന്നുണ്ടോ? നീ ധൈര്യമായി ചെന്ന് പറ, കൂടെ ഞാനുണ്ട്.' 

ഒഴുക്കില്‍ മുങ്ങിപ്പോയ രേഖയെ കരയോട് അടുപ്പിക്കത്തക്ക ബലം ആ വാക്കുകള്‍ക്ക് ഉണ്ടായിരുന്നു. നദയുടെ ചോദ്യത്തിന് 'ഇല്ല പരാതി ആക്കുന്നില്ല, എന്റെ കയ്യില്‍ പേന ഉണ്ടല്ലോ ' എന്നായിരുന്നു മറുപടി. അതെന്തുകൊണ്ടായിരിക്കും അവള്‍ അങ്ങനെ പറഞ്ഞതെന്ന് നദ ആലോചിച്ചെങ്കിലും പൂര്‍ണ്ണമായും കാര്യം മനസ്സിലാകുന്നത് 'ഇര' എന്ന രേഖയെഴുതിയ കുറിപ്പ് പ്രകാശനം ചെയ്തപ്പോഴാണ്. അതവളുടെ കഥയായിരുന്നു. പതിയെ സാഹചര്യം ഒത്തു കിട്ടിയപ്പോള്‍ സ്‌കൂള്‍ വിടുന്നതിനു മുമ്പ് സാറിന്റെ കാര്യം നിഹാരിക ടീച്ചറോട് സൂചിപ്പിക്കുകയും ചെയ്തു. 


നാല്

പിന്നീട് ഉപരിപഠനത്തിനായി പലയിടങ്ങളിലേക്ക് ചിന്നി ചിതറിയ ഇരുവരും ആ തിരക്കില്‍ അലിഞ്ഞു ചേരുകയായിരുന്നു. തനിക്കായി രേഖ എഴുതി അയച്ച  കുറിപ്പുകള്‍ വിശകലനം ചെയ്ത് കത്ത് അയക്കാനും അന്വേഷിക്കാനും നദ തിരക്കിനിടയിലും പ്രത്യേകം ശ്രദ്ധിച്ചു.

നദയെ അലട്ടിയത് രേഖയുടെ വരികളില്‍ തെളിഞ്ഞു നിന്ന മരണത്തിന്റെ നിഴലാണ്. അവള്‍ അത് കത്തുകളിലൂടെ ചൂണ്ടി കാണിക്കുമ്പോള്‍ വ്യാകരണത്തിന്റെ പ്രശ്‌നമാണെന്നായിരുന്നു മറുപടി. കുറച്ചു നാളുകള്‍ക്ക് ശേഷം കത്തുകളുടെ ഇടേവള കൂടി. കത്ത്ുകള്‍ പതിയെ നിലക്കാന്‍ തുടങ്ങി. 

ഇതെല്ലാം ഓര്‍ത്തു നിക്കുമ്പോള്‍ ഫോണിലേക്ക് അപരിചിതമായ ഒരു നമ്പറില്‍ നിന്നും ഒരു കാള്‍ വന്നു. രേഖക്ക് എന്തെങ്കിലും സംഭവിച്ച് കാണുമോ? മനസ്സില്‍ വലകെട്ടിയ സംശയങ്ങളൊന്നും സത്യമാകല്ലേ എന്നവള്‍ പ്രാര്‍ത്ഥിച്ചു. അപരിചിതമായ ആരുടെയൊ ശബ്ദമായിരുന്നു ഫോണെടുത്തപ്പോള്‍. 

വിചാരിച്ചത് പോലെ രേഖ മരണത്തിനു മുന്നില്‍ സ്വയം സമര്‍പ്പിച്ചിരിക്കുന്നു. സമാധാനം നേരിടാന്‍ ചെയ്ത ത്യാഗം. രേഖയുടെ അമ്മ കഷ്ടപാടുകളെല്ലാം സഹിച്ചു ജീവിച്ചതെല്ലാം ലാളിച്ചു വളര്‍ത്തിയ സ്വന്തം മകള്‍ക്കായിരുന്നു. രേഖയെ പിച്ചിച്ചീന്തിയ ചെന്നായയുടെ അറസ്റ്റ് ആയിരുന്നു പിന്നീട് പത്രത്തില്‍ കണ്ടത്. 

നീതിക്ക് വേണ്ടി പോരാടേണ്ടത് തന്റെ കുഞ്ഞിനോടുള്ള കടമയായി അമ്മക്ക് തോന്നി. രാഷ്ട്രീയബന്ധങ്ങള്‍ കാരണം അയാള്‍ എന്ന കുറ്റവാളി നിരപരാധി ആയി മാറിയതവര്‍ക്ക് കണ്ടു നില്‍ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ അവരും മാഞ്ഞുപോയി, ഒരു ദിവസം, ജീവിതത്തില്‍നിന്നും.  ആറടി മണ്ണില്‍ അമ്മയും മോളും ഇനി ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് വീഴുമ്പോള്‍ ഭൂമിയില്‍ വീണ്ടും ചെന്നായകള്‍ പിറന്നു.  മാനിക്വിന്‍ പിറന്നു. അല്ല അവര്‍ പുനര്‍ജനിച്ചു? ഓരോ പെണ്‍കുട്ടികളിലായി. അമ്മയുടെ രചന മാത്രം നശ്വരമായി ഇന്നും നിലകൊള്ളുന്നു.
 

click me!