ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സാജു ഗംഗാധരന്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
1.
സര്‍ക്കാര്‍ ഭാഗ്യക്കുറി വകുപ്പില്‍നിന്നും വിആര്‍എസ് എടുത്ത് പിരിഞ്ഞ വിഭാര്യനായ കനകാംബരന്‍ പിള്ളയ്ക്ക് ശിഷ്ടകാലം കഴിഞ്ഞുപോകാന്‍ ലോട്ടറി വിറ്റുനടക്കേണ്ട കാര്യമുണ്ടായിരുന്നോ? പ്രത്യേകിച്ചും സര്‍വീസിലായിരുന്ന കാലം മുഴുക്കെ ഒക്കാവുന്ന രീതിയിലൊക്കെ തട്ടിപ്പും വെട്ടിപ്പും നടത്തി കാശുണ്ടാക്കിയവന്‍ എന്ന് കുപ്രസിദ്ധി നേടിയ ഒരാള്‍ക്ക്. വിദേശത്തു വലിയ സെറ്റപ്പില്‍ ജീവിക്കുന്ന രണ്ടു മക്കളുടെ ഒറ്റത്തന്ത എന്ന നിലയ്ക്ക്. കുടുംബത്തിലോ മറ്റോ ഏതെങ്കിലും നിര്‍ഭാഗ്യവാന്മാരോ നിര്‍ഭാഗ്യവതികളോ ആയ ഏഴകളെ സഹായിക്കേണ്ട അവസ്ഥ ഇല്ലെന്ന നിലയ്ക്ക്. എന്തു കുത്തിക്കഴപ്പിനാണ് (ക്ഷമിക്കണം... നാടന്‍ ഭാഷയാന്നേ) ഈ അറുപത്തിയഞ്ചാം വയസ്സില്‍ നാടുതെണ്ടി നടന്നു കനകാംബരന്‍ പിള്ള ഭാഗ്യക്കുറി വില്‍ക്കുന്നത്?
ആ കനകാംബരന്‍ പിള്ളയുടെ വിചിത്രമായ ജീവിതചര്യയുടെ കഥയാണ് ഞാനിവിടെ പറയാന്‍ പോകുന്നത്. ഞാന്‍ എന്നു വെച്ചാല്‍ ഇരുപത്തിയഞ്ച് കോടി ഓണം ബംബര്‍ അടിച്ച കുറിയന്താനത്ത് ജോണ്‍ വര്‍ക്കി എന്ന മഹാഭാഗ്യവാന്‍!
കനകാംബരന്‍ പിള്ളയുമായി മുന്‍ പരിചയമില്ലാത്ത തനിക്കെങ്ങനെ അയാളുടെ കഥ പറയാന്‍ കഴിയും എന്ന ന്യായവാദവുമായി വന്നേക്കല്ലേ... കഥാകൃത്ത് ഏല്‍പ്പിച്ച ഉത്തരവാദിത്തം സാമാന്യം വെടിപ്പായി നിര്‍വഹിക്കുക എന്ന നല്ല ഉദ്ദേശ്യം മാത്രമേ എനിക്കുള്ളൂ. സിനിമയിലൊക്കെ ചില ഫ്‌ളാഷ്ബാക്ക് സീനുകള്‍ കാണിക്കാറില്ലേ. കഥ പറയുന്ന കഥാപാത്രം സാക്ഷിയായ കാഴ്ചകള്‍ മാത്രമാണോ ഫ്‌ളാഷ്ബാക്കില്‍ വരാറുള്ളത്? അല്ലേ..അല്ല.. അതെങ്ങനെ ഇയാള്‍ അറിഞ്ഞു എന്ന യുക്തിചിന്ത ഉണരുമ്പോഴേക്കും കാണികള്‍ അടുത്ത ദൃശ്യത്തിലേക്ക് കൂപ്പുകുത്തിയിട്ടുണ്ടാവും. ഇതും അതുപോലത്തെ ഒരടവായി കരുതിയാല്‍ മതി. വായനക്കാര്‍ക്കു കഥ മനസിലാകാനും, വായന ആസ്വാദ്യമാക്കാനുമുള്ള ഒരു സൂത്രപ്പണി. തല്‍ക്കാലം കക്ഷത്തുവെച്ച യുക്തി എടുത്തു പരണത്ത് വച്ചേക്ക് കേട്ടോ.
മറ്റൊരു കണക്കില്‍ പറഞ്ഞാല്‍ ഈ ഭാഗ്യക്കുറികള്‍ പോലെ അസംബന്ധമായ ഏര്‍പ്പാട് വേറെയുണ്ടോ? ഇന്ന് ലോട്ടറി അടിച്ചവന് നാളെ അടിക്കില്ലെന്ന് വല്ല ഉറപ്പുമുണ്ടോ? ഒന്നാം സമ്മാനം അടിച്ചവന് അതേ നറുക്കില്‍ രണ്ടാം സമ്മാനവും കിട്ടില്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ പറ്റുമോ? ജീവിതകാലം മുഴുവന്‍ ആയിരക്കണക്കിന് ടിക്കറ്റുകള്‍ എടുത്തിട്ട് ഒന്നുപോലും പച്ചതൊടാത്ത എത്രായിരങ്ങള്‍ ഉണ്ടാകും..? ലോട്ടറി അടിച്ചവനെ അടുത്ത നിമിഷം പാമ്പ് കടിക്കില്ലെന്ന് ആര് കണ്ടു? 'മാളിക മുകളേറിയ മന്നന്റെ തോളില്‍ മറാപ്പ് കേറ്റുന്നതും ഭവാന്‍' എന്നു പൂന്താനം പാടിയ പോലെ ലക്ഷക്കണക്കിന് ധനം സമ്മാനം നേടിയ എത്ര പേരാണ് ജീവിതാന്ത്യത്തില്‍ തെരുവോരത്ത് കിടന്നു പിഴച്ചിട്ടുള്ളത്...!
2.
അയാളെ ശരിക്കും കണ്ടു എന്നു ഉറപ്പിച്ച് പറയാന്‍ മാത്രം വ്യക്തതയുള്ള കാഴ്ചയായിരുന്നില്ല അത്. കനകാംബരന്‍ പിള്ളയുമായി ഏറ്റുമുട്ടിയ ആദ്യ സന്ദര്‍ഭത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
അഡോറേഷന്‍ ഹോസ്പിറ്റലിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നുള്ള ഒരു ആകാശദൃശ്യമായിരുന്നു അത്. എന്തുചെയ്യണമെന്നറിയാതെ പ്രസവ വാര്‍ഡിതന് മുന്നില്‍ നില്‍ക്കു കയായിരുന്നു ഞാന്‍. ഭാര്യ ലിസമോളെ ആദ്യ പ്രസവത്തിനായി ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോകാന്‍ മണിക്കൂറുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചു പ്രസവിപ്പിക്കാനുള്ള പാങ്ങുണ്ടായിട്ടല്ല. തലേ രാത്രി അപ്രതീക്ഷിതമായി തുടങ്ങിയ പ്രസവവേദനയിലേക്ക് അവള്‍ തലതല്ലി വീണപ്പോള്‍ മുന്‍പിന്‍ ആലോചിക്കാതെ എടുത്തോടി വന്നതാണ് ഈ കൊള്ളസങ്കേതത്തിലേക്ക്. കത്രിക വെക്കാതെ കുഞ്ഞിനെ പുറത്തെടുക്കില്ല എന്ന വാശിയിലാണ് ഡോക്ടര്‍. നമ്മളെ പോലുള്ള സാധാരണക്കാര്‍ എന്തുചെയ്യും? നല്ലൊരു തുക കെട്ടിയാല്‍ മാത്രമേ ലിസമോളെ ഓപ്പറേഷന്‍ തിയറ്ററിലേക്ക് എടുക്കുകയുള്ളൂ.
പണം എങ്ങനെ ഉണ്ടാക്കും എന്നാലോചിച്ചു നില്‍ക്കുമ്പോഴാണ് ഒരു ലോട്ടറി വണ്ടി മുന്‍പില്‍ വന്നു പറഞ്ഞത്... 'ഇതാ ഒരു സന്തോഷവാര്‍ത്ത .. ഇന്നത്തെ ഭാഗ്യവാന്‍ നിങ്ങളാണ്...' ഒരു പ്രവാചകന്റെ അശരീരി വാക്യം പോലെ, വല്ലാത്ത വശീകരണശക്തി അതിനുണ്ടായിരുന്നു. മെസ്മറിസം, ഹിപ്‌നോട്ടിസം എന്നൊക്കെ കേട്ടിട്ടില്ലേ... അതുപോലെ. ബോധമനസ്സ് ഫെയ്ഡ് ഔട്ട് ആവുകയും യുക്തിബോധം എന്നെ വിട്ടുപോവുകയും ചെയ്തു. പോക്കറ്റില്‍ ആകെ ഉണ്ടായിരുന്ന 500 രൂപ വെറും കടലാസ് കഷണമാണ് ഇപ്പോള്‍. എന്റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശക്തി അതിനില്ലല്ലോ എന്ന ചിന്ത എന്നെ കീഴടക്കാന്‍ തുടങ്ങി. നൂറു രൂപയുടെ അഞ്ചു ലോട്ടറി ടിക്കറ്റുകള്‍... ഭാഗ്യരാശിയുടെ ചക്രം എനിക്കുവേണ്ടിയായിരിക്കും ഇന്ന് കറങ്ങുന്നതെങ്കിലോ? ഞാന്‍ ലിസമോളെ ഓര്‍ത്തു.. പിറക്കാന്‍ പോകുന്ന കുഞ്ഞിനെ ഓര്‍ത്തു.. കടങ്ങളെല്ലാം വീട്ടി സ്വച്ഛന്ദജീവിതം നയിക്കുന്നത് സ്വപ്നം കണ്ടു.
നമ്മുടേത് പോലുള്ള ക്ഷുദ്രജന്മങ്ങള്‍ക്ക് എവിടെ ലോട്ടറി അടിക്കാന്‍..? ചിലവഴിച്ച 500 രൂപ പോലും തിരിച്ചുകിട്ടിയില്ലല്ലോ എന്ന ദുഖം എന്നെ കാര്‍ന്നുതിന്നാന്‍ തുടങ്ങി. ഉച്ച കഴിഞ്ഞു. ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല. ഒരു സിഗരറ്റ് തുണ്ട് പോലും പോക്കറ്റില്‍ ഇല്ല. നഷ്ടപ്പെട്ട 500 രൂപ ലക്ഷങ്ങളുടെ മതിപ്പോടെ എന്റെയുള്ളില്‍ പല്ലിളിച്ചു. ആ ദേഷ്യത്തിലായിരുന്നു സ്വയം ശപിച്ചുകൊണ്ട് ലോട്ടറി ചുരുളുകള്‍ താഴേക്കു എറിഞ്ഞത്. അത് ചെന്നുകൊണ്ടതോ , ഡോ. ജേക്കബ് കുര്യനെ കണ്‍സള്‍ട്ട് ചെയ്തു നടപ്പാതയിലൂടെ നടന്നുപോവുകയായിരുന്ന കനകാംബരന്‍ പിള്ളയുടെ കഷണ്ടിത്തലയിലും.
അപ്പോഴുള്ള കനകാംബരന്‍ പിള്ളയുടെ നോട്ടത്തെ കുറിച്ച് കഥാകൃത്ത് എനിക്കു തന്ന വാങ്മയം ഇങ്ങനെയായിരുന്നു: കാസിനോകളില്‍ കറക്കിവിടുന്ന ലക്കി വീലിന്റെ ആരക്കാല്‍ പോലെ കനകാംബരന്‍ പിള്ളയുടെ കണ്മുനകള്‍ ആശുപത്രി കെട്ടിടത്തിന് ചുറ്റും 360 ഡിഗ്രി പാന്‍ ചെയ്തു ജോണ്‍ വര്‍ക്കിയുടെ മുഖത്ത് തുറിച്ചു നോക്കി നിന്നു. (എഴുത്തുകാര്‍ ദീര്‍ഘദൃഷ്ടിയുള്ളവരാണ് എന്നു പറയുന്നത് വെറുതെയല്ല. ഭാവിയില്‍ നടക്കാന്‍ പോകുന്ന ഒരു സംഗതിയെ എത്ര കൗശലത്തോടെയാണ് അയാള്‍ ബിംബ കല്‍പ്പനകള്‍ക്കുള്ളില്‍ ഒളിച്ചുവെക്കുന്നത്. കനകാംബരന്‍ പിള്ളയുടെ ആരക്കാല്‍ നോട്ടം... അതല്ലേ എന്റെ ജീവിതത്തെ വഴിതിരിച്ചുവിട്ടത്...?)
ചിരപരിചിത ഭാവമായിരുന്നു കനകാംബരന്‍ പിള്ളയുടെ മുഖത്ത്. എവിടെവെച്ചോ കണ്ടുമറന്ന പോലെ.... ദെജാവു അടിച്ചു അയാള്‍ കുറച്ചുനേരം എന്നെത്തന്നെ നോക്കി നിന്നു. എനിക്കാ നോട്ടം അത്ര പിടിച്ചില്ല. സത്യത്തില്‍ 'എന്തടാ മൈരേ ചെറയുന്നേ...' എന്നു ചോദിക്കാനാണ് തോന്നിയത്. മുന്തിയ ആശുപത്രിയാണ്, പകല്‍ വെട്ടമാണ്, ഇപ്പോള്‍ പെട്ടുകിടക്കുന്നത് വലിയ പ്രതിസന്ധിയിലാണ് എന്നൊക്കെയുള്ള സ്ഥലകാല ചിന്തകള്‍, ദൂരത്ത് നിന്നാണെങ്കിലും കനകാംബരന്‍ പിള്ളയുമായുള്ള ഒരു ഏറ്റുമുട്ടലില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചു.
തറയിലേക്ക് കുനിഞ്ഞു അയാള്‍ ആ ലോട്ടറി ചുരുളുകള്‍ എടുക്കുകയാണ്. എന്തു കോപ്പിനാണ് അയാള്‍ക്കത് എന്നു ചിന്തിച്ച് ഞാന്‍ അയാളെ തന്നെ തുറിച്ചു നോക്കി നില്‍ക്കുകയായിരുന്നു അപ്പോള്‍. ലോട്ടറി ടിക്കറ്റുകള്‍ എടുത്തുനിവര്‍ത്തി നോക്കിയതിന് ശേഷം അയാള്‍ ഒരിക്കല്‍ കൂടി എന്നെ തിരിഞ്ഞുനോക്കി. ശേഷം ചുരുളുകള്‍ പോക്കറ്റിലിട്ട് പാര്‍ക്കിംഗ് എരിയയിലേക്ക് നടന്നു പോയി.
3.
ഡോ. ജേക്കബ് കുര്യന്റെ ക്യാബിനില്‍ നിന്നിറങ്ങുമ്പോള്‍ കനകാംബരന്‍ പിള്ളയ്ക്ക് ഒരു വിഭ്രാന്തി പിടിപെട്ടു. താന്‍ തന്നെയാണോ ഇത്...? ആ മനോവിഭ്രാന്തിയുടെ സൗണ്ട് ട്രാക്കില്‍ ജേക്കബ് കുര്യന്റെ ശബ്ദം ആലേഖനം ചെയ്യപ്പെട്ടിരുന്നു.
'സീ മിസ്റ്റര്‍ കനകാംബരന്‍.. ഇനിയും നിങ്ങള്‍ ഹെല്‍ത്ത് നോക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ ആകെ അവതാളത്തിലാവും. ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, ഫാറ്റി ലിവര്‍... ഇതില്‍ പലതും കൊണ്ടുനടക്കുന്നത് അഭിമാനമായിരുന്ന കാലമൊക്കെ കഴിഞ്ഞു. കൃത്യമായി മരുന്നെടുക്കണം, നടക്കണം, ലൈഫ് സ്‌റ്റൈല്‍ മൊത്തത്തില്‍ മാറ്റണം...'
പാര്‍ക്കിംഗിലേക്ക് നയിക്കുന്ന ഇന്റര്‍ലോക്കിട്ട നടപ്പാതയില്‍ അയാള്‍ കുറച്ചുസമയം നിന്നു. 'ഇതാണോ താനിത്രയും കാലവും വെട്ടിപ്പിടിച്ചത്..?'
ഇനിയുള്ള കാലം ജേക്കബ് കുര്യന്റെ റിമോട്ട് കണ്ട്രോളിനു ചുറ്റും പട്ടിയെ പോലെ അണച്ച് നടക്കേണ്ടിവരുമല്ലോ എന്നാലോചിച്ചപ്പോള്‍ കനകാംബരന്‍ പിള്ളയ്ക്ക് മേലാകെ ഉളുത്തുകയറുന്നതുപോലെ തോന്നി.
പെട്ടെന്നാണ് എന്തോ വന്നു തലയില്‍ വീണത്. കനകാംബരന്‍ പിള്ള ചുറ്റും നോക്കി. ആശുപത്രിയുടെ മൂന്നാം നിലയില്‍ ഒരുത്തന്‍ നില്‍ക്കുന്നു. ഒരു കൂതറ. മുഖം കണ്ടാലറിയാം കയ്യില്‍ കാല്‍ക്കാശില്ലെന്ന്.
എന്തായാലും തന്റെ കാഴ്ചയ്ക്ക് ദണ്ണമൊന്നും സംഭവിച്ചിട്ടില്ലല്ലോ എന്നയാള്‍ ആശ്വാസം കൊണ്ടു. ഭാഗ്യക്കുറി ഓഫീസില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തതിന്റെ ഗുണം ഈ മുഖവായനയാണ്. മുഖത്തെ അതിസൂക്ഷ്മമായ പേശീചലനം പോലും ഒരു മൈക്രോസ്‌കോപ്പില്‍ എന്ന പോലെ പിടിച്ചെടുക്കാനുള്ള കഴിവ്.
കനകാംബരന്‍ പിള്ള നിലത്തു കുനിഞ്ഞു കടലാസുചുരുള്‍ എടുത്തു നിവര്‍ത്തി നോക്കി. അഞ്ചു ലോട്ടറിടിക്കറ്റുകള്‍. ലോട്ടറി ചുരുള്‍ പോക്കറ്റിലിട്ട്, നിരാശാഭരിതനായ യുവാവിനെ ഒരിക്കല്‍ കൂടി പരിഹാസം തിരശീലയിട്ട സഹതാപത്തോടെ (അതോ സഹതാപം തിരശീലയിട്ട പരിഹാസത്തോടെയോ?) നോക്കി അയാള്‍ പാര്‍ക്കിംഗിലേക്ക് നടന്നു.
4.
അന്നുരാത്രി ഉറക്കം വരാതെ കനകാംബരന്‍ പിള്ള തിരിഞ്ഞുമറിഞ്ഞു കിടന്നു. ഉറക്കത്തിനും ഉണര്‍വിനും ഇടയിലൂടെയുള്ള സ്വപ്നാടനം പോലെ ആയാസകരമായ മറ്റൊന്നില്ല. നഗരപ്രാന്തത്തില്‍ വന്നു കിടക്കുന്ന വൈകി വന്ന തീവണ്ടിയുടെ കരച്ചില്‍ ബോധത്തെ ഒരു കറിക്കത്തികൊണ്ടെന്നപോലെ കീറിമുറിച്ചപ്പോള്‍ അയാള്‍ കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റു. ഒരു സിഗരറ്റിന് തീ കൊളുത്തി ജനാലയിലൂടെ പുറത്തേക്ക് നോക്കി. തെരുവ് വിളക്കിന്റെ വിളറിയ വെളിച്ചത്തില്‍ ഒരു ചാവാലിപ്പട്ടി മാത്രം ഉണര്‍ന്നിരിക്കുന്നു.
പെട്ടെന്നു അയാളുടെ തലച്ചോറില്‍ ഡോ. ജേക്കബ് കുര്യന്റെ ശബ്ദം തികട്ടി വന്നു. കൈവിരല്‍ പൊള്ളിച്ചു സിഗരറ്റ് കുറ്റി വിരലുകള്‍ക്കിടയില്‍ ഞെരിഞ്ഞെരിഞ്ഞു.
ഏറുപടക്കം പോലെ തന്റെ തലയില്‍ വന്നുവീണ ആ ലോട്ടറി ചുരുളുകള്‍ മേശപ്പുറത്ത് കിടപ്പുണ്ട്. വെറുതെ ഒന്നു മറിച്ചുനോക്കി. ഒരേ സീരീസിലുള്ള അഞ്ചു ടിക്കറ്റുകള്‍. അപ്പോഴാണ് കനകാംബരന്‍ പിള്ള അത് ശ്രദ്ധിച്ചത്. ഇടയില്‍ ഒരു നമ്പര്‍ മിസ്സിംഗ് ആണ്. ആ നഷ്ട നംബറില്‍ ഒരു കളിയുണ്ടല്ലോ എന്ന് കനകാംബരന്‍ പിള്ള ഉറപ്പിച്ചു. ലോട്ടറിക്കഥകളില്‍ മസാല പുരട്ടുന്ന വിധിയുടെ വിളയാട്ടം...!
പിറ്റേന്നു വാന്‍ റോസ് ജംഗ്ഷനിലെ ഭാഗ്യക്കുറി ഓഫീസിനു മുന്നിലെ തട്ടുകടയില്‍ ഇരുന്നു ചായ കുടിക്കുകയായിരുന്നു കനകാംബരന്‍ പിള്ള. പരിചയക്കാരനായ ഒരു ഏജന്റ് അടുത്ത് വന്നു കുശലം പറഞ്ഞു. ഇതിനിടയില്‍ കനകാംബരന്‍ പിള്ള ഒരു തുണ്ട് കടലാസ് അയാള്‍ക്ക് കൈമാറി. എന്നിട്ട് ചെവിയില്‍ മന്ത്രിച്ചു, 'ഈ നംബറിനായിരിക്കും ഇന്ന് ഒന്നാം സമ്മാനം...'
5.
രണ്ടു മൂന്നു ദിവസങ്ങള്‍ക്ക്് ശേഷം കനകാംബരന്‍ പിള്ള വീണ്ടും അഡോറേഷന്‍ ഹോസ്പിറ്റലില്‍ എത്തി. ഡോ. ജേക്കബ് കുര്യന്‍ നിര്‍ദ്ദേശിച്ച രക്ത, മല, മൂത്ര പരിശോധനയും ആന്തരികാവയവങ്ങളുടെ ചിത്രമെടുപ്പും നടത്താനാണ് വന്നതെങ്കിലും ലക്ഷ്യം ജോണ്‍ വര്‍ക്കി എന്ന എന്നെ കാണുകയാണ് എന്നാണ് കഥാകൃത്ത് എന്നോടു പറഞ്ഞത്. അല്ലെങ്കില്‍ പിന്നെ പ്രത്യേകിച്ചും വരേണ്ട കാര്യമില്ലാത്ത മൂന്നാം നിലയിലെ പ്രസവ വാര്‍ഡി ന് മുന്നില്‍ എന്തിനാണ് അയാള്‍ പമ്മിപ്പരുങ്ങി നിന്നത്?
കനകാംബരന്‍ പിള്ള എന്തിന് എന്നെ കാണാന്‍ വരണം? അയാളും ഞാനും തമ്മില്‍ എന്തു സംബന്ധം? ഞാന്‍ കഥാകൃത്തിനോട് തിരക്കി.
മറുപടി പറയാതെ കഥാകൃത്ത് പൊട്ടിച്ചിരിച്ചു. അത് കണ്ടപ്പോള്‍ എനിക്കു കലികയറി എന്നത് നേരാ.. പിന്നെയാണ് ഞാന്‍ ചിന്തിച്ചത്. ജീവിതമല്ലിത് കഥയല്ലേ. ഞാന്‍ എന്തിന് വേവലാതി കൊള്ളണം..? കഥാകൃത്ത് എന്തൊക്കെയോ നിരൂപിക്കുന്നു, അതിനനുസരിച്ച് കഥാപാത്രങ്ങള്‍ എന്തൊക്കെയോ ചെയ്യുന്നു. കനകാംബരന്‍ പിള്ള എന്തിനോ വന്നോട്ടെ... എവിടേക്കൊ പൊക്കോട്ടെ.. അല്ലെങ്കിലും എന്റെ ജീവിതത്തില്‍ അയാക്കെന്തു കാര്യം?
ഞാന്‍ ലിസമോളുടെ മുല ചപ്പി കുടിക്കുന്ന ഇളം പൈതലിനെ നോക്കി ആധി കൊണ്ടു. എങ്ങനെ ഇവറ്റകളെയും കൊണ്ട് ഇവിടെനിന്നും പുറത്തുകടന്നുപറ്റും എന്നതായിരുന്നു അപ്പോഴെന്റെ വേവലാതി? കടന്നുപറ്റിയാല്‍ തന്നെ പുറംലോകത്തെ ഇനിയുള്ള ജീവിതം അത്ര സുഖമുള്ളതായിരിക്കില്ല എന്ന ചിന്ത എന്നെ അലോസരപ്പെടുത്തി. പ്രസവം കൂടി കഴിഞ്ഞതോടെ കടത്തിനുമേല്‍ കടം വന്നു കുമിഞ്ഞിരിക്കുന്നു.
അതേസമയം ലിഫ്റ്റില്‍ കയറാതെ താഴോട്ടേക്കുള്ള പടിക്കെട്ടുകള്‍ നടന്നിറങ്ങുകയായിരുന്നു കനകാംബരന്‍ പിള്ള. കിതപ്പ് കാരണം നെഞ്ചിടിപ്പ് കൂടുന്നതായും കണ്ണില്‍ ഇരുട്ട് കയറുന്നതായും കനകാംബരന്‍ പിള്ളയ്ക്ക് തോന്നി. സ്റ്റെയര്‍കേസിന്റെ സ്റ്റീല്‍ റെയില്‍ പിടിച്ച് കിതപ്പാറ്റാന്‍ നില്ക്കുന്ന നില്‍പ്പില്‍ താന്‍ മരിച്ചുവീഴുമെന്ന് അയാള്‍ ഭയപ്പെട്ടു. ബാങ്ക് എക്കൗണ്ടില്‍ ആവശ്യത്തിലധികം പണവും വെച്ച്, ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പടിക്കെട്ടില്‍ കുഴഞ്ഞുവീണ്, താഴേക്കു ഉരുണ്ടുരുണ്ട്, കയ്യും കാലും ഒടിഞ്ഞു, തല പൊട്ടി ചോരയൊലിപ്പിച്ച് മരിക്കുന്നതിലെ ഭാഗ്യഹീനത കനകാംബരന്‍ പിള്ളയെ അമ്പരപ്പിച്ചു.
പടിക്കെട്ടിറങ്ങി കനകാംബരന്‍ പിള്ള നേരെ ചെന്നത് ഡോ. ജേക്കബ് കുര്യന്റെ കാബിനിലേക്കായിരുന്നു.
എന്തേ വീണ്ടും വന്നത് എന്നു ജേക്കബ് കുര്യന്‍ പുരികം ചുളിച്ചു. അന്നത്തേക്കൊടുക്കിയ ഫീസില്‍ തനിയ്ക്കുള്ള കണ്‍സള്‍ട്ടേഷന്‍ കഴിഞ്ഞു എന്നാണ് അതിന്റെ ധ്വനി. കാര്യം കനകാംബരന്‍ പിള്ളയ്ക്ക് മനസിലായെങ്കിലും കാബിനില്‍ നിന്നിറങ്ങാതെ അയാള്‍ അവിടെ തന്നെ ഇടിച്ചുനിന്നു.
ഒരു ദിവസം എത്ര സമയം വ്യായാമം ചെയ്യണം, എത്ര ദൂരം നടക്കണം, എന്തൊക്കെ ഭക്ഷണം കഴിക്കാം.. കഴിക്കാന്‍ പാടില്ല... അല്‍പ്പനേരം മുമ്പ് തുടങ്ങിയ മരണഭയസംശയങ്ങളെല്ലാം കനകാംബരന്‍ പിള്ള ഡോക്ടറില്‍ നിന്നും നിവര്‍ത്തിയെടുത്തു.
6
അങ്ങനെയാണ് കനകാംബരന്‍ പിള്ള നടക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി നടത്തം തന്നെ നടത്തം. ഇതിനിടയില്‍ ഒരിക്കല്‍ കൂടി ഡോ. ജേക്കബ് കുര്യനെ ചെന്നു കണ്ടപ്പോള്‍ പ്രമേഹമൊക്കെ നോര്‍മല്‍ ആയതുകണ്ട് അങ്ങേര്‍ അത്ഭുതം കൂറി. താന്‍ കുറിച്ചുകൊടുത്ത മരുന്നില്‍ ഇത്ര പെട്ടെന്നു രോഗശമനമോ? കനകാംബരന്‍ പിള്ള ചുണ്ട് കോട്ടി ഒരു ചിരി വരുത്തിയതു പോലെ കാണിക്കുക മാത്രം ചെയ്തു.
കനകാംബരന്‍ പിള്ളയുടെ പുതിയ ജീവിതചര്യയ്ക്ക് മറ്റൊരു ലക്ഷ്യം കൂടി ഉണ്ടായിരുന്നു. കഥാകൃത്ത് തന്നോട് വെളിപ്പെടുത്തിയ ആ കാര്യം ഒരു പരമരഹസ്യം പോലെ ജോണ്‍ വര്‍ക്കി പറഞ്ഞു,
കനകാംബരന്‍ പിള്ളയുടെ വലത്തെ കയ്യില്‍ ചുറ്റിപ്പിണഞ്ഞു തൂങ്ങിക്കിടക്കുന്ന കറുത്ത ഹാന്‍ഡ് ബാഗില്‍ നിറയെ ലോട്ടറി ടിക്കറ്റുകളാണ്. ഇന്നും നാളെയും മറ്റന്നാളുമൊക്കെ നറുക്കെടുക്കുന്ന ഭാഗ്യത്തിന്റെ തുറുപ്പുചീട്ടുകള്‍.
എല്ലാ ദിവസവും അതിരാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന കനകാംബരന്‍ പിള്ള നേരെ ചെല്ലുന്നത് തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ടെര്‍മിനലിലേക്കാണ്. ആദ്യം ഇരപ്പിച്ചു നിര്‍ത്തുന്ന ലോക്കല്‍ ബസിലെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീറ്റിന്റെ വിന്‍ഡോ സൈഡ് പിടിച്ചങ്ങിരിക്കും. ലാസ്റ്റ് സ്റ്റോപ്പ് എവിടെയാണോ അവിടത്തേക്കുള്ള ടിക്കറ്റാണെടുക്കുക. പക്ഷേ അവിടെ തന്നെ ഇറങ്ങണമെന്ന് യാതൊരു നിര്‍ബന്ധവും പിള്ളയ്ക്കില്ല. അപരിചിതമായ ഏതെങ്കിലും ഒരു നാട്ടില്‍ ചെന്നിറങ്ങും. ആളുകള്‍ കൂടുന്ന ഇടങ്ങളിലൂടെയൊക്കെ നടക്കും. ചന്തകള്‍, ആരാധനാലയങ്ങള്‍, മൈതാനങ്ങള്‍, സിനിമാ തിയറ്ററുകള്‍, ബീച്ചുകള്‍, കല്യാണ മണ്ഡപങ്ങള്‍... വെയിലേറിയാല്‍ മരച്ചുവട്ടിലോ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലോ വിശ്രമിക്കും. നിര്‍ഭാഗ്യത്തിന്റെ കാറ്റ് പിടിച്ച പായക്കപ്പല്‍ പോലെ ആടിയുലഞ്ഞുലഞ്ഞു നടക്കുന്നവരെ കണ്ടെത്താനുള്ള അസാധാരണ ശേഷി ദീര്‍ഘകാലത്തെ തൊഴില്‍ ജീവിതത്തിലൂടെ കനകാംബരന്‍ പിള്ള വികസിപ്പിച്ചിട്ടുണ്ട്. അങ്ങനെയുള്ളവര്‍ക്കാണ് തന്റെ ഹാന്‍ഡ് ബാഗിലെ ഭാഗ്യച്ചീട്ടുകള്‍. ചിലര്‍ക്ക് വിലയ്ക്ക്, ചിലര്‍ക്ക് സൗജന്യമായി...തന്റെ ശിഷ്ടജീവിത ദൗത്യം ഇനി ഇതാണെന്ന മട്ടില്‍ തികഞ്ഞ കൃത്യനിഷ്ടയോടെയാണ് കനകാംബരന്‍ ഈ കര്‍മ്മം ചെയ്യുന്നത്...
കഥാകൃത്തല്ലേ... ഇങ്ങനെ തള്ളിമറിക്കുന്നതിനെയാണല്ലോ സര്‍ഗ്ഗ സൃഷ്ടി എന്നു പറയുന്നത്! ജോണ്‍ വര്‍ക്കി മനസില്‍ ചിരിച്ചു ഉള്ളാലെ മൊഴിഞ്ഞു. ഇങ്ങനെയൊക്കെയുള്ള അവിശ്വസനീയമായ കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ചാല്‍ ആര് വായിക്കാന്‍ പോകുന്നു..?
7
അന്നുരാവിലെ കനകാംബരന്‍ പിള്ള കയറിയത് നെടുമങ്ങാട്ടേക്കുള്ള ബസിലായിരുന്നു. പതിവിന്‍ പടി അലക്ഷ്യമായി കയറിയതല്ല. നെടുമങ്ങാട്ടേക്ക് തന്നെ ആയിരുന്നു കനകാംബരന്‍ പിള്ളയ്ക്ക് പോകേണ്ടിയിരുന്നത്. തൊട്ടടുത്ത ദിവസത്തെ പത്രത്തില്‍ വരാന്‍ പോകുന്ന ഒന്നാം പേജ് ബോക്‌സ് ന്യൂസ് വായിച്ചാല്‍ നിങ്ങള്‍ക്ക് കാര്യം മനസിലാകും
'ആസിഡ് ആക്രമണത്തിനിരയായ യുവതിക്ക് ഒരു കോടിയുടെ ലോട്ടറി'-ഇതാവും തലക്കെട്ട്. (പത്രക്കാര്‍ക്കിടയിലെ സര്‍ഗ്ഗധനര്‍ ഇതിലും ഗംഭീര തലക്കെട്ട് കൊടുക്കുമായിരിക്കും. കാരണം ഇതൊരു ലക്ഷണമൊത്ത ചൂണ്ടക്കൊളുത്ത് വാര്‍ത്തയാണല്ലോ)
നെടുമങ്ങാട് ടൗണില്‍ ബസിറങ്ങിയ കനകാംബരന്‍ പിള്ള നേരെ പോയത് മജിസ്‌ട്രേറ്റ് കോടതിയിലേക്കായിരുന്നു. കോടതിയുടെ ഇരുമ്പ് ഗേറ്റ് തുറന്നിട്ടുണ്ടായിരുന്നില്ല. സമയം കൊല്ലാന്‍ വേണ്ടി തൊട്ടടുത്ത ചായക്കടയിലേക്ക് കയറി. ചായക്കടയുടെ ചതുര ജനാലയിലൂടെ കോടതി സമുച്ചയം ഒരു ചില്ലിട്ട ചിത്രപടം പോലെ തോന്നിച്ചു. വിളറിയ മഞ്ഞിന്‍ തരി പുരണ്ട ഒരു തെരുവ് വിളക്കുപോലെ അത് മുനിഞ്ഞു കത്തുന്നു. ഗേറ്റിന്റെ മുന്നിലേക്ക് ഈയാംപാറ്റകള്‍ പോലെ ആളുകള്‍ വന്നണഞ്ഞുകൊണ്ടിരിന്നു. ചാവാനോ? അതോ പൊറുക്കാനോ?
നിത്യ നടത്തം തന്നെ ഒരു തത്വചിന്തകനാക്കിയോ എന്നു ചിന്തിച്ച് കനകാംബരന്‍ പിള്ള പുഞ്ചിരിച്ചു. തന്നോടായിരിക്കുമോ അയാള്‍ ചിരിച്ചതെന്നോര്‍ത്തു തൊട്ടടുത്ത ടേബിള്‍ തുടച്ചുകൊണ്ടിരുന്ന ഒരു പൊടിമീശക്കാരന്‍ ബംഗാളി പയ്യന്‍ കനകാംബരന്‍ പിള്ളയ്ക്ക് ചിരി മടക്കിക്കൊടുത്തു. 'ബയ്യാ..തിന്നാന്‍ എന്തെങ്കിലും വേണോ..?'
'ഒന്നും വേണ്ടടാ മോനേ.. എന്താ നിന്റെ പേര്..?'
'മുഹമ്മദ് അഫ്രാസുല്‍ സാബ്..'
ഹാന്‍ഡ് ബാഗ് തുറന്നു കനകാംബരന്‍ പിള്ള ഒരു ഭാഗ്യക്കുറി അവന് നേരെ നീട്ടി. 'വേണ്ട സാബ്..കാസ് ഇല്ല സാബ്..' എന്നു പറഞ്ഞു പിന്തിരിഞ്ഞ അവന്റെ പാന്റ്‌സിന്റെ പോക്കറ്റിലേക്ക് അത് തിരുകി കനകാംബരന്‍ പിള്ള ചായക്കടയില്‍ നിന്നും ഇറങ്ങി.
ഉഴമലയ്ക്കല്‍ക്കാരി സൗമ്യയുടെ സ്ത്രീധന പീഡന കേസിന്റെ വാദം നടക്കുകയാണ് ഇന്ന് കോടതിയില്‍. ഒരു വര്‍ഷമേ ആയിട്ടുള്ളൂ അവള്‍ പാലോടുള്ള റനീഷിനെ വിവാഹം കഴിച്ചിട്ട്. ഒരു അറേഞ്ച്ഡ് പ്രേമ വിവാഹം എന്നു വേണമെങ്കില്‍ പറയാം. ടെക്‌നോപാര്‍ക്കില്‍ എഞ്ചിനീയറായ റനീഷ് ഒരു ധാരാളി ആയിരുന്നു. കിട്ടുന്ന ശമ്പളം ഒന്നിനും തികയുന്നില്ല. പാര്‍ട്ടികള്‍, യാത്രകള്‍, പുതിയ ബൈക്കുകള്‍... അങ്ങനെയാണ് സ്ത്രീധനമായി ഒന്നും കിട്ടിയില്ല എന്ന വിഷയം ദാമ്പത്യജീവിതത്തില്‍ അവന്‍ എടുത്തിട്ടലക്കാന്‍ തുടങ്ങിയത്. കുടിച്ചു കോണ്‍ തെറ്റി ബഹളം കൂട്ടുന്നത് സ്ഥിരം പരിപാടിയായി. ഭര്‍ത്താവിന്റെ സ്വഭാവ ദൂഷ്യം തന്റെ വീട്ടില്‍ ചെന്നുപറയാനുള്ള ധൈര്യം സൗമ്യയ്ക്കുണ്ടായിരുന്നില്ല. എല്ലാം അവള്‍ ഒറ്റയ്ക്ക് സഹിച്ചു. ഒടുവില്‍ അത് സംഭവിച്ചു. മദ്യപിച്ച് ആക്രമണോത്സുകനായ റനീഷ് ഒരു ദിവസം ആസിഡ് എടുത്തു സൗമ്യയുടെ മുഖത്തേക്കൊഴിച്ചു. ഞെട്ടലോടെയാണ് സമൂഹം ഈ വാര്‍ത്ത കേട്ടത്. സര്‍ക്കാര്‍ ശക്തമായി ഇടപെട്ടു. അടുത്തെങ്ങും പുറത്തിറങ്ങാന്‍ പറ്റാത്ത തരം വകുപ്പുകള്‍ ചേര്‍ത്തു റനീഷിനെതിരെ കേസെടുത്തു. സ്ത്രീധന നിയമം ശക്തമാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ചാനല്‍ സ്റ്റുഡിയോകളില്‍ ഘോര സംവാദം നടന്നു..
പക്ഷേ, കനകാംബരന്‍ പിള്ള ഇതൊന്നും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം പലരാല്‍ ഫോര്‍വേഡ് ചെയ്യപ്പെട്ട് തന്റെ മൊബൈലില്‍ പ്രത്യക്ഷപ്പെട്ട ഒരു വാട്‌സപ്പ് മെസേജ് കാണുന്നതുവരെ. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ ഉദാരമതികളുടെ സഹായം തേടുന്നു എന്ന ആ സന്ദേശമാണ് കനകാംബരന്‍ പിള്ളയെ ഇപ്പോള്‍ നെടുമങ്ങാട് കോടതി മുറ്റത്ത് എത്തിച്ചിരിക്കുന്നത്.
കോടതി വരാന്തയിലെ ബെഞ്ചില്‍ ദുപ്പട്ട കൊണ്ട് മുഖം മറച്ചു കുനിഞ്ഞിരിക്കുകയായിരുന്നു സൗമ്യ. അവളെ തൊട്ടുവിളിക്കാന്‍ കനകാംബരന്‍ പിള്ളയ്ക്ക് എന്തോ മനസുവന്നില്ല. ഇന്നുച്ചയ്ക്ക് നറുക്കെടുക്കുന്ന ഒരു കോടിയുടെ അനുകമ്പ ഭാഗ്യക്കുറി ടിക്കറ്റ് അവളുടെ ബാഗിന്റെ പാതി തുറന്നുകിടക്കുന്ന കള്ളിയില്‍ തിരുകിവെച്ചു കനകാംബരന്‍ പിള്ള നടന്നു മറഞ്ഞു.
8
ഇനിയൊരു ഫ്‌ളാഷ്ബാക്കിന് സമയമായെന്ന് തോന്നുന്നു. ചില സൂചനകളിലൂടെ മാത്രം പറഞ്ഞുപോയ കനകാംബരന്‍ പിള്ളയുടെ കുടുംബ കഥയിലൂടെ നമുക്കൊന്നു കടന്നുപോകാം.
കിടപ്പുരോഗിയായ ഭാര്യയെ ശുശ്രൂഷിക്കാനാണ് കനകാംബരന്‍ പിള്ള വി ആര്‍ എസ് എടുത്തത് എങ്കിലും നാട്ടുകാരും സഹപ്രവര്‍ത്തുകരും പറയുന്ന കാരണം മറ്റൊന്നാണ്. കൈക്കൂലി കേസില്‍ ഏതുനിമിഷവും അകത്താകും എന്ന ഘട്ടത്തില്‍ ആത്മരക്ഷാര്‍ത്ഥം സ്വയം വിരമിച്ച് കണ്ടം വഴി ഓടിയതാണയാള്‍ എന്നാണ് അവരുടെ പറച്ചില്‍. അതെന്തെങ്കിലുമാകട്ടെ...
ജോലിയില്‍ നിന്നും പിരിഞ്ഞ് കനകാംബരന്‍ പിള്ള എത്തിയതിന്റെ പിറ്റേന്നാള്‍ മുതല്‍ ഭാര്യയുടെ സൂക്കേട് കലശലാവുകയും, കുറച്ചുനാള്‍ അഡോറേഷന്‍ ഹോസ്പിറ്റലിലെ ഐ സി യുവില്‍ ചതുരക്കണ്ണാടി കാഴ്ചയായി മലര്‍ന്ന് കിടന്നതിന് ശേഷം അവര്‍ മരണത്തിലേക്ക് നടന്നു പോവുകയും ചെയ്തു. ഭാര്യയുടെ മരണം കനകാംബരന്‍ പിള്ള വിദേശത്തുള്ള മക്കളെ അറിയിക്കാനൊന്നും പോയില്ല. എന്നാല്‍ ആരാണ്ടൊക്കെയോ പറഞ്ഞറിഞ്ഞു രണ്ടു മക്കളും പറന്നെത്തി. മൂത്ത മകന്‍ യുകെയില്‍ നിന്നും മകള്‍ ദുബായില്‍ നിന്നും. എന്തുകാര്യം..? അപ്പോഴേക്കും അടക്ക് കഴിഞ്ഞു നാലഞ്ചുനാളായിരുന്നു. അമ്മയുടെ കുഴിമാടത്തിനരികില്‍ നിന്നു മകള്‍ ഇന്ത്യന്‍ സ്‌റ്റൈലില്‍ വാവിട്ട് നിലവിളിച്ചു. മകന്‍ ഇംഗ്ലീഷ് സ്‌റ്റൈലില്‍ കറുത്ത കോട്ടൊക്കെ ധരിച്ചെത്തി പുഷ്പ ബൊക്ക സമര്‍പ്പിച്ച് മൗനമായി പ്രാര്‍ഥിച്ചു. ശേഷം രണ്ടു പേരും കനകാംബര പിള്ളയെ കാണാനൊന്നും നില്‍ക്കാതെ നഗരത്തിലെ ഹോട്ടല്‍ മുറിയിലേക്ക് തിരിച്ചു പോയി.
എന്തൊരു കഷ്ടമാണിത്? അച്ഛനാവുമ്പോള്‍ ചില വാശിയൊക്കെ കാണിക്കും. മക്കള്‍ക്ക് അങ്ങനെയാവാമോ? എന്താണ് അവര്‍ക്ക് അച്ഛനോടിത്ര ദേഷ്യം? അയാള്‍ ജീവിതകാലം മുഴുവന്‍ അധ്വാനിച്ച് (കക്കലും ഒരു അധ്വാനമാണല്ലോ) കെട്ടിപ്പൊക്കിയതിന്റെ നേരവകാശികളല്ലേ ഇവര്‍? ഈ സമ്പത്ത് ഇവര്‍ക്ക് വേണ്ടെന്നാണോ? അതോ ഒരു ചില്ലിക്കാശ് കൊടുക്കില്ലെന്ന് കനകാംബരന്‍ പിള്ള എപ്പോഴെങ്കിലും പറഞ്ഞോ?
അതാണ് മറ്റൊരു കഥ.
സമ്പാദിച്ചു കൂട്ടുന്ന പണത്തിന് രേഖയില്ല എന്നതാണ് കനകാംബരന്‍ പിള്ളയെ അലട്ടിയ ഏക വേദന. ഒരു സര്‍ക്കാര്‍ ഓഫീസിലെ ഉപരിതല ഗുമസ്തന് എത്രയുണ്ടാകും ശമ്പളം എന്നത് നാട്ടുകാര്‍ക്കൊക്കെ അറിയാവുന്ന കാര്യമാണല്ലോ. മകനെ യു കെയില്‍ വിട്ടു ബിസിനസില്‍ ഉപരിപഠനം നടത്തിക്കാന്‍ കനകാംബരന്‍ പിള്ള മുതിര്‍ന്ന്തിന് പിന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ടായിരുന്നു. പണം ഇരട്ടിപ്പിക്കുന്ന വലിയ വലിയ ബിസിനസ് സ്ഥാപനങ്ങള്‍ കെട്ടിപ്പൊക്കുക. അതിന്റെ തലപ്പത്ത് മകനെ ഇരുത്തുക...
എന്നാല്‍ കനകാംബരന്‍ പിള്ളയുടെ പ്രതീക്ഷ കീഴ്‌മേല്‍ മറിഞ്ഞത് പെട്ടെന്നായിരുന്നു. യുകെയിലേക്ക് വിട്ട മകന്‍ നന്നായി തന്നെ പഠിച്ചു. യൂണിവേഴ്‌സിറ്റി ടോപ്പറായി തന്നെ പാസാവുകയും ചെയ്തു. കോര്‍പ്പറേറ്റ് കമ്പനികള്‍ കാത്തിരിക്കുകയായിരുന്നു ഇങ്ങനെയൊരു തല. പഠിച്ചിറങ്ങിയതും ഒരു മള്‍ട്ടി നാഷണല്‍ കമ്പനി അവനെ പൊക്കി. ഏഴക്ക ശമ്പളം. കനകാംബരന്‍ പിള്ളയ്ക്ക് സ്വപ്നം കാണാന്‍ കഴിയുമായിരുന്നില്ല അത്. എന്തായാലും മകന് ഉന്നത ജോലി കിട്ടിയതില്‍ പിള്ള സന്തോഷവാനായിരുന്നു.. അതിനു കാരണവുമുണ്ട്. തന്റെ സമ്പത്തിന് ഒരു വിലാസമായല്ലോ...
പക്ഷേ കനകാംബരന്‍ പിള്ളയുടെ പ്രതീക്ഷ കരണം മറിഞ്ഞത് പെട്ടെന്നായിരുന്നു. മകന്‍ ഒരു മദാമ്മയുമായി നാട്ടില്‍ വന്നു. വെറുതെ കാഴ്ച കാണാന്‍ വന്നതല്ല... പൂവാറില്‍ ഒരു ആഡംബര റിസോര്‍ട്ടില്‍ വിവാഹാഘോഷത്തിനായി ബുക്ക് ചെയ്താണ് ഇരുവരുടെയും വരവ്. സ്വന്തം അച്ഛനും അമ്മയും അറിയാതെ കല്യാണമോ? കനകാംബരന്‍ പിള്ളയ്ക്ക് ഹാലിളകി. ഒന്നും രണ്ടും പറഞ്ഞു മകനുമായി ഉടക്കി. ഒടുവില്‍ വളര്‍ത്താനും പഠിപ്പിക്കാനും ചിലവഴിച്ച പണത്തിന്റെ കണക്കു വരെ പറഞ്ഞു പിള്ള.
അന്നുരാത്രി അമ്മയുടെ കിടയ്ക്കക്കടിയില്‍ ഒരു ബ്ലാങ്ക് ചെക്ക് എഴുതി ഒപ്പിട്ടു വച്ച് മകനും മദാമ്മക്കൊച്ചും നാടുവിട്ടതാ. കല്യാണം കഴിഞ്ഞോ എന്നൊന്നും തിരക്കാന്‍ കനകാംബരന്‍ പിള്ള പോയില്ല. പുകഞ്ഞ കൊള്ളി പുറത്ത് എന്ന കാരണവര്‍ സ്‌റ്റൈലില്‍ മസില്‍ പെരുപ്പിച്ചു നടന്നു..
മകളോ..? അവളുടെ കദന കഥ എന്താണ്?
അതോ.. അതൊരു സ്ഥിരം ക്ലീഷേയാണ്.. സെയിം ഓള്‍ഡ് സ്റ്റോറി..അന്യമതസ്ഥനെ പ്രേമിച്ച് ഒളിച്ചോട്ടം...
ശുഭം!
9
''ലൈംഗിക തൊഴിലാളിക്ക് 75 ലക്ഷം''
ഓണ്‌െൈലെന്‍ വാര്‍ത്തകള്‍ക്ക് കൊയ്ത്തുകാലം തന്നെ.
കുന്നുകുഴി സുശീലയ്ക്കാണ് ഇത്തവണത്തെ നാരീശക്തി ലോട്ടറി അടിച്ചത്. ഡോഗ് ബൈറ്റ് എന്ന യൂ ട്യൂബ് ചാനലിന് സുശീല നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ നമുക്കൊന്നു കണ്ടുനോക്കാം...
''സാറേ, ആദ്യമേ ഒരു കാര്യം പറയട്ടെ. ഞാനിപ്പോള്‍ ആ പണി ചെയ്യുന്നില്ല. ഇപ്പോള്‍ സെക്‌സ് വര്‍ക്കേഴ്‌സിന് വേണ്ടി പ്രവര്‍ത്തി ക്കുന്ന ഒരു എന്‍ ജി ഒവില്‍ വര്‍ക്ക് ചെയ്യുവാ.. വേണമെങ്കില്‍ മുന്‍ ലൈംഗിക തൊഴിലാളി എന്നു പറഞ്ഞോളൂ.. അതെനിക്ക് കുഴപ്പമില്ല..' സുശീല പറഞ്ഞു തുടങ്ങി.
''കനകണ്ണനാണ് എനിക്കാ ലോട്ടറി തന്നത്, പത്തു പതിനഞ്ച് വര്ഷ.ത്തിന് ശേഷമാണ് അണ്ണന്‍ എന്നെ കാണാന്‍ വരുന്നത്. നേരത്തെ ഇടയ്ക്കിടയ്ക്ക് വരുമായിരുന്നു. അണ്ണന്റെ കെട്ട്യോള് വയ്യാതെ കെടക്കുവായിരുന്നല്ലോ... എനിക്കന്നു പത്തിരുപത്തിയഞ്ച് വയസേ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ ദിവസം അണ്ണന്‍ എന്നെത്തേടി വന്നപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി.. ഞാനീ എടപാടൊക്കെ നിര്‍ത്തി അണ്ണാന്നു പറഞ്ഞപ്പോള്‍ ഞാന്‍ അതിനൊന്നും വന്നതല്ലേ പുള്ളേ എന്നു പറഞ്ഞു. ഒരു ചായ അനത്തിക്കൊടുത്തു. അപ്പുറത്ത് ചന്ദ്രണ്ണന്റെ കടയില്‍ നിന്നു മുളകുബജിയും വാങ്ങിക്കൊടുത്തു. അതും കഴിച്ചോണ്ട് കുറച്ചു സമയം ഒന്നും മിണ്ടാതെ ഇരുന്നു.. പിന്നെ ഒന്നു കിടക്കണമെന്ന് പറഞ്ഞു. ഞാനും പോയി കട്ടില്‍ കാല്‍ക്കല്‍ ഇരുന്നു. എന്നിട്ട് കാലുകള്‍ എടുത്തു മടിയില്‍ വെച്ചു. നടന്നു നടന്നു വിണ്ടുകീറിയതുപോലെ കാലുകള്‍. ഞാന്‍ അത്ഭുതപ്പെട്ടുപോയി. നേരത്തെ ഷൂവും സോക്‌സൊക്കെ ഇട്ട് എത്ര സുന്ദരമായ കാലുകളായിരുന്നു. അക്കാലത്ത് കാല്‍ വിരലുകള്‍ കൊണ്ടൊരു കളിയുണ്ട് അണ്ണന്... (സുശീല നാണിച്ചു ചിരിക്കുന്നു..) ഞാനാ കാലുകള്‍ പതിയെ തടവിക്കൊടുത്തു. അതിന്റെ സുഖത്തിലോ എന്തോ എന്നറിയില്ല കനകണ്ണന്‍ ഉറങ്ങിപ്പോയി. പോകുന്നപോക്കില്‍ എനിക്കു തന്നതാ ഈ ലോട്ടറി. കൂട്ടത്തില്‍ കുറച്ചു പണവും തന്നു. പണം ഞാന്‍ മേടിച്ചില്ല കേട്ടോ. എനിക്കു ജീവിക്കാനുള്ള വക എന്‍ ജി ഓക്കാര് തരുന്നുണ്ട്. അല്ലെങ്കിലും എന്തിനാ മനുഷ്യനു ഒരുപാട് പണം...?''
അപ്പോ പിന്നെ ലോട്ടറി അടിച്ച പണംകൊണ്ട് സുശീല എന്തു ചെയ്യാനാ ഉദ്ദേശിക്കുന്നെ..?
''എന്നെ പോലുള്ള കൊറേ പെണ്ണുങ്ങളുണ്ട് ഈ നഗരത്തില്‍. അവര്‍ക്ക് കൊടുക്കും..പിന്നെ ഞങ്ങളെ രക്ഷിച്ച എന്‍ ജി ഓക്ക്. പിന്നെ കൊറച്ച് നാടൊക്കെ ചുറ്റിക്കാണണം. ചെറിയ ജീവിതമല്ലേ അനിയാ ഇത്...നാളെ എന്തര് പറ്റുമെന്ന് ആര്‍ക്കറിയാം...''
10
ഗേറ്റില്‍ ആരോ തട്ടുന്നത് കേട്ടാണ് കനകാംബരന്‍ പിള്ളയുടെ ഉറക്കം ഞെട്ടിയത്. പൊതുവേ ആരും കടന്നുവരാത്ത വീടാണ്. ജനല്‍ കര്‍ട്ടന്‍ നീക്കി അയാള്‍ പുറത്തേക്ക് പാത്തുനോക്കി. ക്യാമറയും മൈക്കുമൊക്കെയായി ഒരു സംഘം ഗേറ്റില്‍ തഞ്ചി നില്‍ക്കുന്നു. കൂട്ടത്തില്‍ ഒന്നു രണ്ടു അയല്‍ക്കാരും വാര്‍ഡ് കൗണ്‍സിലറും റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ടും ഉണ്ട്. എവന്‍മാരൊക്കെ എന്തോ ഒലത്താനാ കൂട്ടം കൂടി നില്‍ക്കുന്നത്... എന്തോ പന്തികേടുണ്ടല്ലോ? കനകാംബരന്‍ പിള്ളയ്ക്ക് അപകടം മണത്തു.
തലേ ദിവസം മുതല്‍ താന്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണെന്ന കാര്യം കനകാംബരന്‍ പിള്ള അപ്പോള്‍ അറിഞ്ഞിരുന്നില്ല.
അതാണ് കാര്യം...
മുന്‍ സെക്‌സ് വര്‍ക്കര്‍ കുന്നുകുഴി സുശീലയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയ ഉടന്‍ തന്നെ നെടുമങ്ങാട്ടെ ചാനല്‍ ലേഖകന്‍ ആസിഡ് ഇര സൌമ്യയെ പൊക്കിക്കൊണ്ടു വന്നു. ഒരു സ്വാമിയാണ് തനിക്ക് ലോട്ടറി ടിക്കറ്റ് തന്നത് എന്ന സൗമ്യയുടെ വെളിപ്പെടുത്തല്‍ അങ്ങനെ ബ്രേക്കിംഗ് ന്യൂസ് ആയി.
ഇതിനിടയില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാര്യങ്ങള്‍ അറിഞ്ഞ മുഹമ്മദ് അഫ്രാസുല്‍ ബംഗാളിലെ മുര്‍ഷിദാ ബാദില്‍ നിന്നും ഫേസ്ബുക്കില്‍ ലൈവ് ചെയ്തു. ഒരു ബാബയാണ് തനിക്ക് ലോട്ടറി തന്നതെന്നും ആ ടിക്കറ്റിന് തനിക്ക് ഒന്നാം സമ്മാനം അടിച്ചെന്നും അവന്‍ പറഞ്ഞു. പണം കിട്ടിയ ഉടനെ കേരളത്തിലെ ഹോട്ടല്‍ പണി മതിയാക്കി നാട്ടിലേക്ക് പോന്നെന്നും അവന്‍ പറഞ്ഞു. ഇപ്പോ നിക്കാഹൊക്കെ കഴിച്ചു സുഖജീവിതം.
അതോടെ പുതിയ ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി. #ലോട്ടറിസ്വാമി
അന്ന് പാതിരാവില്‍ മാധ്യമപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും കണ്ണുവെട്ടിച്ച് തെങ്കാശി ബസില്‍ കയറി കനകാംബരന്‍ പിള്ള നഗരം വിട്ടു. അരിപ്പയും കുളത്തൂപ്പുഴയും കണ്ണറപ്പാലവും കടന്നു ബസ് ചൂളമിട്ടു പാഞ്ഞു.
11
കഥ കഴിഞ്ഞില്ല കേട്ടോ. തനാരിഴയ്ക്ക് ഭാഗ്യം നഷ്ടപ്പെട്ട ജോണ്‍ വര്‍ക്കിക്ക് എന്തു സംഭവിച്ചു എന്നുകൂടി അറിയേണ്ടേ.. കാര്യം ഇത്തിരി എടുത്തുചാട്ടമൊക്കെ ഉണ്ടെങ്കിലും ഈ കഥയില്‍ എന്റെ സഹ കഥപറച്ചിലുകാരന്‍ കൂടിയാണല്ലോ അവന്‍. ആ നന്ദി ഞാന്‍ അവനോടു കാണിക്കണ്ടേ...?
കടം കേറി തൊലഞ്ഞ ജോണ്‍ വര്‍ക്കി ലിസമോളെയും പൈതലിനെയും കുമളിയില്‍ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി കുളത്തൂപ്പുഴയുള്ള ഒരു ചങ്ങാതിയുടെ റബ്ബര്‍ തോട്ടത്തില്‍ പണിക്ക് കേറി. ടാപ്പിംഗ് പണി കൊണ്ടൊന്നും കടം വീട്ടല്‍ നടക്കില്ല എന്നു മനസിലാക്കിയ ജോണ്‍ വര്‍ക്കി സൈഡ് ബിസിനസായി കൊറച്ച് കഞ്ചാവ് കടത്തും തുടങ്ങി. തെങ്കാശിയില്‍ നിന്നും പച്ചക്കറി ലോഡെടുത്ത് ബോര്‍ഡര്‍ കടത്തിക്കൊടുക്കുക. മത്തനും കുമ്പളവും കുത്തിയാല്‍ കഞ്ചാവ് കിട്ടും. സംഭവം ലാഭകരം. മാസത്തില്‍ രണ്ടു മൂന്ന് പണി കിട്ടും.
അങ്ങനെയുള്ള ഒരു ദിവസം ചരക്കെടുക്കാന്‍ തെങ്കാശിയില്‍ എത്തിയതായിരുന്നു ജോണ്‍ വര്‍ക്കിട.
തെങ്കാശിയിലെത്തിയാല്‍ സ്ഥിരം പോകുന്ന ഒരു തമിഴത്തിയുടെ വീടുണ്ട്. നല്ല പനങ്കള്ളും കിട്ടും, അത്യാവശ്യം ശാരീരികാവശ്യങ്ങളും നടക്കും. സംഭവം നടത്തി സാമാന്യം നല്ല ഫിറ്റായി ഇരുട്ടത്തു നടന്നു വരികയായിരുന്നു ജോണ്‍ വര്‍ക്കി. അപ്പോഴാണ് ഒരു ഞരക്കം കേട്ടത്. റോഡ് സൈഡില്‍ ഒരാള്‍ വീണു കിടക്കുന്നു. അര്‍ദ്ധബോധമേയുള്ളൂ..
''അണ്ണാ..അണ്ണാ..'- ജോണ്‍ വര്‍ക്കി അയാളെ കുലുക്കി വിളിച്ചു ഉണര്‍ത്താ ന്‍ നോക്കി. അനക്കമില്ല.. എന്തായാലും മദ്യപിച്ചിട്ടല്ല. മരിച്ചിട്ടുമില്ല. അയാളുടെ കയ്യില്‍ ആകെ ഉള്ളത് ഒരു ഹാന്‍ഡ് ബാഗ് ആണ്. ആള് ആരെന്നറിയാനായി ജോണ്‍ വര്‍ക്കി ബാഗ് തുറന്നു നോക്കി. നിറയെ ലോട്ടറി ടിക്കറ്റുകള്‍. അതും 25 കോടിയുടെ ഓണം ബമ്പര്‍. നിധി കണ്ടതുപോലെ ജോണ്‍ വര്‍ക്കിയുടെ കണ്ണു മഞ്ഞളിച്ചു. ഭാഗ്യം ഏത് വഴിക്കാണ് വണ്ടി പിടിച്ച് വരുന്നതെന്നറിയില്ലല്ലോ...
കൂട്ടത്തില്‍ ഒരു ആധാര്‍ കാര്‍ഡും കിട്ടി-കനകാംബരന്‍ പിള്ള, ചെന്തിട്ട, തിരുവനന്തപുരം.
ബാഗെടുത്ത് വണ്ടിയിലിട്ട് ആളെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലാക്കി ജോണ്‍ വര്‍ക്കി ചരക്കുമായി കുളത്തൂപ്പുഴയിലേക്ക് തിരിച്ചു. അന്നം മുടങ്ങരുതല്ലോ..
12
പിന്നെയെല്ലാം ചരിത്രം.
സര്‍ക്കാര്‍ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആര്‍ക്കെന്നറിയാന്‍ കേരളം കാതോര്‍ത്തു നില്ക്കു കയാണ്. ചാനലുകള്‍ ലൈവ് ചെയ്യുന്നു. #ലോട്ടറിസ്വാമി ഇത്തവണ ആരെ തുണക്കും? സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ആ മില്ല്യണ്‍ ഡോളര്‍ ചോദ്യം ഇതായിരുന്നു. മണിക്കൂറുകളായി #ലോട്ടറിസ്വാമി ട്വിറ്ററില്‍ ട്രെന്‍ഡിംഗ് നംബര്‍ വണ്ണായി തുടരുകയാണ്. ലോട്ടറി സ്വാമിയുടെ അപദാനങ്ങള്‍ ഇന്ദ്രപ്രസ്ഥത്തിലും അലയടിച്ചു. നാഷണല്‍ മീഡിയയുടെ തലക്കെട്ടായി. ലോട്ടറി സ്വാമിയുടെ സ്വന്തം നാട്...
കുളത്തൂപ്പുഴയില്‍ നിന്നും ജോണ്‍ വര്‍ക്കിയുടെ ജീപ്പ് തിരുവനന്തപുരത്തേക്ക് കുതിക്കുമ്പോള്‍ കേരളം ആ മഹാഭാഗ്യവാനെ തേടുകയായിരുന്നു.
തിരുവനന്തപുരത്തെ കുബേര ഏജന്‍സിയില്‍ നിന്നും എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം എന്നു മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്നത്.
ഒന്നാം സമ്മാനം അടിച്ച ടിക്കറ്റുമായി ജോണ്‍ വര്‍ക്കി വാന്റോസ് ജംഗ്ഷനിലെ ഭാഗ്യക്കുറി ഓഫീസില്‍ ഹാജരായി. മാധ്യമപ്പട അങ്ങോട്ടേക്ക് കുതിച്ചു.
മാധ്യമക്കാര്‍ക്ക് അറിയേണ്ടിയിരുന്നത് ടിക്കറ്റ് തന്നത് ലോട്ടറി സ്വാമി ആണോ എന്നാണ്..?
ജോണ്‍ വര്‍ക്കിക്കു ഒന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. അവന്റെ മനസില്‍ തെങ്കാശിയില്‍ റോഡരുകില്‍ വീണുകിടന്ന അജ്ഞാതനായ ആ തടിക്കാരനായിരുന്നു.. ചില കണക്കുകൂട്ടലുകളോടെ ജോണ്‍ വര്‍ക്കി പറഞ്ഞു.
'അതേ...'
ആ വാര്‍ത്താ കേട്ടതും കേരളം അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ദരായി. കൊടുങ്കാറ്റിന് മുന്നേയുള്ള നിശബ്ദത പോലെ. ചൂടേറിയ ചര്‍ച്ചകള്‍, വാഗ്വാദങ്ങള്‍, ലോട്ടറി സ്വാമിക്ക് ജയ് വിളികള്‍, ആരാധനകള്‍, വഴിപാടുകള്‍, ജനങ്ങള്‍ റോഡുകള്‍ കയ്യേറി ലക്ഷ്യമില്ലാതെ അലഞ്ഞു. ഒരു മായിക വിഭ്രാന്തിയില്‍ എന്ന പോലെ. റോഡുകള്‍ ട്രാഫിക്ക് ബ്ലോക്കില്‍ ഞെങ്ങിഞെരുങ്ങി. ഉന്നതോദ്യോഗസ്ഥര്‍ തിരക്കിട്ട കൂടിയാലോചനകളില്‍ വിയര്‍ത്തു. ആരാണ് ലോട്ടറി സ്വാമി? കടക്കെണിയില്‍ ആയ സര്‍ക്കാരിനെ രക്ഷിക്കാന്‍ ഏതോ പി ആര്‍ ഏജന്‍സി നടത്തുന്ന മാര്‍ക്കറ്റിംഗ് നാടകമാണ് ലോട്ടറി സ്വാമി എന്നു യുക്തിവാദികളും സെക്ക്യുലറിസ്റ്റുകളും വാദിച്ചു. ആര്‍ഷാ സംഘ മുഖ്യ പ്രാന്തിക് സംവത്സരങ്ങളുടെ ആത്മീയ ചൈതന്യം ഭാരത മക്കളുടെ മേല്‍ വര്‍ഷിക്കപ്പെട്ടതായി പ്രഖ്യാപിച്ചു.ലോട്ടറി സ്വാമിയെ കുറിച്ചുള്ള വാര്‍ത്ത ബി ബി സിയും ന്യൂയോര്‍ക്ക് ടൈംസുമടക്കമുള്ള ആഗോള മാധ്യമങ്ങളില്‍ ഇടം പിടിച്ചു..
13
ഫോര്‍മാലിറ്റീസ് എല്ലാം കഴിഞ്ഞു ജോണ്‍ വര്‍ക്കി നേരെ പോയത് തെങ്കാശിയിലെ ആശുപത്രിയിലേക്കായിരുന്നു. കുമളിയില്‍ നിന്നും ലിസമോള്‍ വിളിച്ചുകൊണ്ടേ ഇരിക്കുന്നുണ്ട്. ടിവിക്കാര്‍ അവിടെ വീട്ടില്‍ എത്തിയെന്നും നാട്ടുകാരും ബന്ധുക്കളും ഒക്കെയായി ആകെ ബഹളമാണെന്നും പറഞ്ഞു അവള്‍ വേവലാതി കൊണ്ടു.
'ഇച്ചായന്‍ നാളെ രാവിലെ എത്തത്തില്ലയോ..?'
'എത്താം കൊച്ചേ. നീ പേടിക്കാതിരി. നീ ആ മീഡിയക്കാരോട് എന്നാ വേണമെങ്കിലും തള്ളിക്കോ...'
രാത്രിയത്തെ നാല് വാര്‍ത്താ ചര്‍ച്ചകളില്‍ അതിഥിയാണ് അയാള്‍. ഇന്ന് കേരളം മുഴുവന്‍ സ്വീകരണമുറിയില്‍ ഒത്തുകൂടാന്‍ പോവുകയാണ്, ജോണ്‍ വര്‍ക്കിയുടെ വാക്കുകള്‍ കേര്‍ക്കാന്‍.
അതിനു മുമ്പ് അജ്ഞാതനായ ആ മനുഷ്യനെ കാണണം. അയാളെങ്ങാനും സത്യം പുറത്തു പറഞ്ഞാല്‍ ആകെ കുഴപ്പത്തിലാകും. ജോണ്‍ വര്‍ക്കി ജീപ്പ് കത്തിച്ച് വിട്ടു.
ആശുപത്രിയില്‍ ജോണ്‍ വര്‍ക്കിയെ കാത്തിരുന്നത് മറ്റൊരു വാര്‍ത്തയായിരുന്നു. ആ മനുഷ്യന്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടു. പത്രങ്ങളില്‍ വാര്‍ത്ത കൊടുത്തെങ്കിലും ബന്ധുക്കള്‍ ആരും വരാത്തതുകൊണ്ട് അജ്ഞാതജഡമായി കണക്കാക്കി കഴിഞ്ഞ ദിവസം അടക്കംചെയ്തു.
ജോണ്‍ വര്‍ക്കിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്. ഭാഗ്യവും നിര്‍ഭാഗ്യവും പരസ്പരം ചുറ്റിപ്പിണഞ്ഞു മേല്‍പ്പോട്ട് പോകുന്ന ഇരട്ടപ്പിരിയന്‍ കോണി ആണെന്ന് ജോണ്‍ വര്‍ക്കിക്ക് തോന്നി.
കൂട്ടിപ്പിണയുന്നിടത്തുവച്ച് കയറിപ്പോകുന്നവര്‍ക്ക് കോണികള്‍ പരസ്പരം മാറിപ്പോകും. കയറി തുടങ്ങുമ്പോള്‍ അയാള്‍ ഭാഗ്യത്തിന്റെ കോണിയിലും താന്‍ നിര്‍ഭാഗ്യത്തിന്റെ കോണിയിലുമായിരുന്നു. എവിടെ വെച്ചാണ് കോണികള്‍ തെറ്റിപ്പിരിഞ്ഞത്. ഇപ്പോളിതാ ആരോരുമറിയാതെ അയാള്‍ മണ്ണടിഞ്ഞിരിക്കുന്നു. എന്തൊരു നിര്‍ഭാഗ്യവാനാണയാള്‍...! ഞാനോ...? മഹാഭാഗ്യത്തിന്റെ കോണിപ്പടിയിലൂടെ കയറിക്കയറിപ്പോവുകയാണ്.
ആ ആശ്വാസത്തിന് പക്ഷേ അല്‍പ്പനിമിഷത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. മേല്‍ വിലാസമടങ്ങിയ അയാളുടെ ബാഗ് തന്റെ കയ്യിലായിപ്പോയല്ലോ എന്നു ആന്തലോടെ ജോണ്‍ വര്‍ക്കി ആലോചിച്ചു. അയാളുടെ മരണത്തിന് ഉത്തരവാദി താന്‍ കൂടിയാണല്ലോ എന്ന ചിന്ത നിലയില്ലാക്കയത്തിലേക്ക് തള്ളിയിടുന്നതുപോലെ അവന് തോന്നി. വിലാസം ഉണ്ടായിരുന്നെങ്കില്‍ ശരിയായ ഒരു അന്ത്യയാത്ര എങ്കിലും അയാള്‍ക്ക് കിട്ടിയേനെ. താന്‍ മാപ്പര്‍ഹിക്കാത്ത പാപം ചെയ്തിരിക്കുന്നു. എല്ലാ തെറ്റുകളും ഏറ്റുപറഞ്ഞു കുമ്പസാരിക്കണമെന്ന് ജോണ്‍ വര്‍ക്കിയിലെ സത്യക്രിസ്ത്യാനി കണ്ണുതിരുമ്മി എഴുന്നേറ്റ് ഉപദേശിച്ചു.
പെട്ടെന്നുള്ള പുനരാലോചനയില്‍ അത് വേണ്ടെന്ന് വെച്ചു ജോണ്‍ വര്‍ക്കി ജീപ്പ് തിരിച്ചു. ഈ കാലത്ത് സ്വന്തം തന്തയെ പോലും വിശ്വസിക്കാന്‍ കൊള്ളത്തില്ല. അപ്പോഴല്ലെ പള്ളീലച്ചന്‍..
തെങ്കാശിയിലെ വിജനമായ റോഡരുകില്‍ സൂര്യകാന്തി പാടങ്ങളോട് ചേര്‍ത്തു നിര്‍ത്തിയ ജീപ്പിലിരുന്നു, തെരുവ് വിളക്കിന്റെ മങ്ങിയ പ്രഭയില്‍ ജോണ്‍ വര്‍ക്കി ചാനലുകളുടെ രാത്രി സംവാദത്തില്‍ ടെലിഫോണ്‍ അതിഥിയായി പ്രത്യക്ഷപ്പെട്ടു ഇങ്ങനെ പറഞ്ഞു.
''മനസുരുകി പ്രാര്‍ത്ഥിച്ചാല്‍, പ്രാര്‍ഥനയില്‍ സത്യമുണ്ടെങ്കില്‍ ലോട്ടറി സ്വാമി ആരുടെ അടുത്തും എത്തും.. ജാതിയോ മതമോ ദേശമോ ഭാഷയോ ആണോ പെണ്ണോ എന്നതൊന്നും ഒരു പ്രശ്‌നമല്ല... അതാണ് ലോട്ടറി സ്വാമി''
14
#ലോട്ടറിസ്വാമി എന്ന കഥ ഇവിടെ പൂര്‍ത്തിയാവുകയാണ്. കഥ കഴിഞ്ഞാല്‍ കഥാകൃത്തിന്റെ കഥകഴിഞ്ഞു എന്നാണല്ലോ പഴയ പ്രമാണം. ഇനി ഇത് വായനക്കാര്‍ക്ക് സ്വന്തം. അവരതിനെ വ്യാഖ്യാനിക്കുകയോ നിരൂപിക്കുകയോ കൊന്നു കൊലവിളിക്കുകയോ എന്തോ ചെയ്യട്ടെ. എന്നാലും ഈ കഥയെ കുറിച്ച് നാലാള്‍ കൂടുന്നിടത്ത് നടക്കുന്ന കുശുകുശുപ്പുകള്‍ക്ക് ഒരു വിശദീകരണം ആവശ്യമാണെന്ന് എനിക്കു തോന്നുന്നു.
ഡിസ്‌ക്ലൈമര്‍: സമൂഹത്തില്‍ അന്ധവിശ്വാസം വളര്‍ത്തു ന്നതും അതുവഴി ചൂതാട്ടത്തിന് തുല്യമായ ഭാഗ്യക്കുറി എടുക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ് മേപ്പടി കഥ എന്നാണ് ചിലര്‍ പറഞ്ഞുപരത്തുന്നത്. അതില്‍ യാതൊരു വസ്തുതയുമില്ല. നാടിന്റെ പുരോഗതി മാത്രം കാംക്ഷിക്കുന്ന ഒരു എഴുത്തുകാരനാണ് ഞാന്‍. ജോണ്‍ വര്‍ക്കി എന്ന എന്റെ കഥാപാത്രം മേലില്‍ ചെയ്യുന്നതും കണ്ടെത്തുന്നതുമായ കാര്യങ്ങള്‍ക്ക് കഥാകൃത്തിന് യാതൊരു ഉത്തരവാദിത്തവുമുണ്ടായിരിക്കുന്നതല്ല എന്ന കാര്യം കൂടി ഇവിടെ അറിയിക്കട്ടെ.
15.
ഓണം ബംബറിന്റെ കോളിളക്കങ്ങള്‍ അവസാനിച്ചു കഴിഞ്ഞു. ആളുകളുടെ ശ്രദ്ധയും താല്‍പ്പര്യവും പൂജാ ബംബറിലേക്കായി. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി 15 കോടിയാണ് ഒന്നാം സമ്മാനം. ഇതിനിടയില്‍ പൂജാ ബംബറിന്റെ ഒരു ബണ്ടില്‍ ടിക്കറ്റും ഒരു ബ്ലാങ്ക് ചെക്കുമായി ജോണ്‍ വര്‍ക്കി ചെന്തിട്ടയിലെ കനകാംബരന്‍ പിള്ളയുടെ വീട്ടിലെത്തി. അയാളുടെ അടുത്ത ബന്ധുക്കളെ കാണുക. അവര്‍ക്ക് കുറച്ചു രൂപയും ലോട്ടറി ടിക്കറ്റും സമ്മാനിക്കുക. താന്‍ ആരംഭിക്കാന്‍ പോകുന്ന ലോട്ടറി സാമി ലക്കി സെന്റര്‍ എന്ന ഭാഗ്യക്കുറി ഏജന്‍സിയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കുക. ഇതായിരുന്നു ജോണ്‍ വര്‍ക്കിയുടെ ലക്ഷ്യം.
കനകാംബരന്‍ പിള്ളയുടെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. ആഴ്ചകളായി ആരെങ്കിലും ആ വീട്ടിലേക്ക് കയറിയിട്ട് എന്നത് മുറ്റത്ത് കൂടിക്കിടക്കുന്ന കരിയിലകളും ചവറുകളും വെളിവാക്കി.
അപരിചിതനായ ഒരാള്‍ പരുങ്ങി നില്ക്കു ന്നത് കണ്ടിട്ടായിരിക്കാം അടുത്ത വീടിന്റെ മതില്‍ക്കല്‍ ഒരു തല പൊങ്ങിവന്നു.
'ആരാ..?
'കനകാംബരന്‍ പിള്ളയുടെ വീടല്ലേ.. ഇത്..'
'വീട് ഇതുതന്നെയാ.. പക്ഷേ പുള്ളിക്കാരനെ കുറെ ദിവസമായി കാണാനില്ല..'
'കുടുംബം...'
'ഭാര്യ നേരത്തെ മരിച്ചുപോയി..'
'മക്കളോ...?'
'എവിടെയെന്നാര്‍ക്കറിയാം. ചൂതാടി ചൂതാടി നശിപ്പിക്കുകയായിരുന്നില്ലേ എല്ലാം. ലോട്ടറി എടുപ്പായിരുന്നു മുഖ്യ ഹോബി..'
അയാളുടെ ശബ്ദത്തിലെ പരിഹാസം ജോണ്‍ വര്‍ക്കിക്ക് കയ്ച്ചു. പാതി തുറന്നിട്ട ജനാലയിലൂടെ അവന്‍ അകത്തേക്ക് നോക്കി. നടുവെ ചീന്തിയ ലോട്ടറി ടിക്കറ്റിന്റെ കൂനകള്‍. പാതി കത്തിയവ. തുണ്ടുതുണ്ടാക്കിയവ. ചുമരില്‍ ഒരു സ്ത്രീയുടെ ഫോട്ടോ. അതില്‍ ലോട്ടറി ടിക്കറ്റുകള്‍ കോര്‍ത്ത മാല ചാര്‍ത്തിയിരിക്കുന്നു...!
'ശരിക്കും ഭ്രാന്തായിരുന്നു അയാള്ക്ക് ...!'
മതിലിനപ്പുറത്ത് നിന്നും പിറുപിറുപ്പ്.
പെട്ടെന്നാണ് ഫോണ്‍ റിംഗ് ചെയ്തത്. ലിസമോളുടെ അനിയന്‍ പ്രാഞ്ചിയാ..
'അളിയാ.. ബൈസണ്‍ വാലിയില്‍ ഗംഭീരമൊരു ഏലത്തോട്ടം വില്‍ക്കാനുണ്ട്. അമ്പതേക്കറോളം വരും. ഉടമസ്ഥന്‍ കടം കേറി മുടിഞ്ഞിരിക്കയാ. റൊക്കം പണം ലിക്വിഡ് കാഷായി കൊടുത്താല്‍ വന്‍ ലാഭത്തിന് കിട്ടും..ഒന്നു മുട്ടിയാലോ..?'
ജോണ്‍ വര്‍ക്കി ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്തു. ഒരു വിഭ്രാന്തിയിലെന്ന പോലെ അയാള്‍ പുറത്തേക്ക് നടന്നു. കരിയിലകള്‍ക്കിടയില്‍ നിന്നും ഒരു കരിമൂര്‍ഖന്‍ ചീറി.
യഥാര്‍ഥത്തില്‍ തനിക്ക് ഭാഗ്യക്കുറി അടിച്ചോ? ബാങ്ക് എക്കൗണ്ടില്‍ വന്നു കുമിഞ്ഞ കോടികള്‍ കെട്ടുകഥയോ...? സത്യമെന്തന്നറിയണം.. എത്രയും വേഗം ആ കഥാകൃത്തിനെ കണ്ടെത്തിയേ പറ്റൂ.. ആരാണയാള്‍..? അയാളുടെ ലക്ഷ്യമെന്താണ്?
ദംശനമേറ്റ പെരുവിരലുമായി ജോണ്‍ വര്‍ക്കി ആഞ്ഞുനടന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...