Malayalam Short Story : ജന്‍മാന്തര മോഹങ്ങള്‍, സജിത് കുമാര്‍ എന്‍ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Mar 1, 2022, 3:55 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സജിത് കുമാര്‍ എന്‍ എഴുതിയ ചെറുകഥ

 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 


രാവിലെ മിഴി മിന്നിത്തുറന്ന് കൂകി ഒച്ചയുണ്ടാക്കിയ മൊബൈല്‍ ഫോണിനെ കണ്ണു തുറക്കാതെ കൈയ്യേന്തി പിടിച്ചു നിശ്ശബ്ദമാക്കി, വീണ്ടും  കിടക്കയില്‍ ചുരുണ്ടു കിടന്നു. 

പിന്നീട്, ശബ്ദമില്ലാതെ വിറച്ചു തുള്ളി അലോസരപ്പെടുത്തിയ മൊബൈല്‍ ഫോണിനെ കൈയ്യിലെടുത്തു.

തല നീട്ടി ചിരിക്കുന്ന മെസേജുകള്‍ സ്‌ക്രോള്‍ ചെയ്യുമ്പോഴാണ് പേരോ, ഡി.പി യോ ഇല്ലാത്ത ഒരു നമ്പറില്‍ നിന്ന് രാത്രി 12 മണിക്ക് വന്ന ഒരു 'ഹലോ'  മെസേജില്‍ കണ്ണുടക്കിയത്.   

അലസതയോടെ  മൊബൈല്‍ കിടക്കയിലേക്ക് വലിച്ചെറിഞ്ഞ് വീണ്ടും കിടന്നെങ്കിലും, മനസ്സിനെ അധികനേരം പിടിച്ചു നിര്‍ത്താനായില്ല.

ഒരു 'ഹലോ' മെസേജ് എന്റെ മൊബൈലില്‍ നിന്നും പറന്നു പോയി.

മറുവശത്ത് നിന്ന് ഉടനെ  മറുപടി  വന്നു.

'എന്നെ ഓര്‍ക്കുന്നുവോ?'

ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട ചോദ്യം. വിരല്‍ തുമ്പില്‍ നിന്ന് ഉതിരുന്ന വാക്കുകളില്‍ സ്‌നേഹവും വിശ്വാസവും വിലയിരുത്തപ്പെടുന്ന കാലമാണിത്. 

ഞാന്‍  കിടക്കയില്‍ എഴുന്നേറ്റിരുന്നു ആലോചനയില്‍ മുഴുകുമ്പോഴേക്കും മറുവശത്ത് നിന്ന് അടുത്ത മെസേജ് വന്നു.
'മറന്നുകാണും എന്നറിയാം. എന്നാലും വെറുതെ ചോദിച്ചതാ.'
 
മൂക്കില്‍ വിരല്‍ വെച്ചുള്ള ഒരു ആശ്ചര്യഭാവം സ്‌മൈലിയായി എന്റെ മൊബൈലില്‍ നിന്നും വീണ്ടും പോയി  .

'ഞാന്‍ അവന്തിക, നമ്മളൊരുമിച്ച്  പാരലല്‍ കോളേജില്‍  ജോലി ചെയ്തിരുന്നു.'

മെസേജ് വായിച്ചതും ഒരായിരം ഓര്‍മ്മച്ചിന്തുകള്‍ നിമിഷാര്‍ദ്ധത്തിനുള്ളില്‍  മനസ്സിലൂടെ വരി വരിയായി കടന്നു പോയി. 

കണ്ണുകളോടി മേശപ്പുറത്ത് സൂക്ഷ്മതയോടെ അടുക്കി വെച്ചിരിക്കുന്ന 'സഞ്ചാരം' യാത്ര വിവരണ സി.ഡികളില്‍ തട്ടി നിന്നു.

യാത്രകള്‍ ഇഷ്ടമാണെന്ന് എപ്പഴോ സംസാരത്തിനിടയില്‍ ഞാന്‍ പറഞ്ഞത് ഓര്‍ത്തെടുത്ത് അവന്തിക ആരും കാണാതെ കോളേജിലെ ഗോവണിക്കൂട്ടിനരികെ നിന്ന് സമ്മാനിച്ചതാണ് ആ സിഡികള്‍ .

സന്തോഷ് കുളങ്ങര സഞ്ചാരം സി.ഡി.യിലൂടെ കൂട്ടി കൊണ്ടുപോയ സിംഗപ്പൂരിലും തായ്‌ലാന്റിലും പാരീസിലും അവന്തികയോടൊപ്പം ചുറ്റികറങ്ങിയ എത്രയോ സ്വപ്ന സഞ്ചാരങ്ങള്‍.

മനസ്സിന്റെ പിന്നോട്ടത്തിന് കടിഞ്ഞാണിട്ട്  വീണ്ടും വന്നു വീണു ഒരു മെസേജ്.

നീല പുറം കവറുള്ള വിദ്യാഭ്യാസ മന:ശാസ്ത്ര പുസ്തകത്തിന്റെ ഒരു ഫോട്ടോ. താഴെ  ഒരു ചോദ്യവും. ഈ പുസ്തകം ഓര്‍മ്മയുണ്ടോ?

അന്നൊരു മിഥുന മാസത്തില്‍, കനത്ത മഴ  ചോര്‍ന്ന ഇടവേളയില്‍,  ചെമ്മണ്‍ പാതയോരത്ത്, ബൈക്കിലിരിക്കുന്ന എന്റെ അരികിലേക്ക് നടന്നു വരുന്ന, നീലാകാശ നിറമുള്ള ചുരിദാറില്‍ കാറ്റില്‍ പിന്നോട്ട് പറക്കുന്ന വെള്ള ഷാളിട്ട്, തല കുനിച്ചു വരുന്ന അവന്തിക. ദാഹിച്ചു വരണ്ടുപോയ തൊണ്ടയ്ക്കകത്ത് ഒരു തുള്ളി കുളിര്‍വെള്ളം ഉറ്റിയ അനുഭവമായിരുന്നു അന്ന് ആ കാഴ്ച.

തല താഴ്ത്തി കണ്ണിലെ ഭാവങ്ങളറിയിക്കാതെ എന്റെ കൈയ്യില്‍ നിന്നും പുസ്തകം വാങ്ങി അകന്നു പോകുന്ന അവന്തിക . പാതയുടെ വളവ് തിരിഞ്ഞ് കാഴ്ചയില്‍ നിന്ന  മായുന്ന നിമിഷത്തില്‍ ഒരു തിരിഞ്ഞു നോട്ടം പ്രതീക്ഷിച്ച് അവിടെ ഞാന്‍  നിന്നെങ്കിലും, നിരാശ നിഴല്‍ വിരിച്ച നിമിഷത്തിലും മിഴിക്കോണില്‍ അവന്തികയെ കോര്‍ത്തു കൊണ്ട് പതിഞ്ഞ താളത്തില്‍ ബൈക്ക് ഓടിച്ചു പോയത് തെളിമയോടെ മനസ്സില്‍  കണ്ടു.

'ഇന്നും ഈ പുസ്തകം സൂക്ഷിച്ചു വെക്കുന്നുണ്ടോ?'

'ഉം' എന്ന തിരിച്ചൊരു  മെസേജ് കിട്ടി.

പിന്നെ അല്പ നിമിഷത്തെ മൂകത.

മനസ്സില്‍ കുതിച്ചു വന്ന ആയിരം ചോദ്യങ്ങളില്‍ ഇനി ഏത്  ചോദിക്കണം എന്ന് കുഴങ്ങി നില്‍ക്കുമ്പോള്‍,
'ഞാന്‍ പിന്നെ വിളിക്കാം. മോന്‍ കരയുന്നു' എന്ന മെസേജ് കിട്ടി.

മൊബൈല്‍  ഒരു വശത്ത് വെച്ച് , വീണ്ടും സഞ്ചാരം സിഡിയില്‍ നോക്കി.ഓര്‍മ്മകളുടെ നിറ വെളിച്ചത്തില്‍ മനസ്സ് അന്ന് സഞ്ചരിച്ച വഴിയിലൂടെ പിന്നോട്ടുള്ള യാത്ര തുടങ്ങി.

അവന്തികയെ ഞാനാദ്യം കാണുന്നത് കോളേജ് സ്റ്റാഫ് റൂമില്‍ വെച്ചായിരുന്നു. ശ്രീജേഷ് മാഷാണ് പുതിയ ഇംഗ്ലീഷ് അദ്ധ്യാപികയെ പരിചയപ്പെടുത്തിതന്നത്. എന്റെ ഇരിപ്പിടത്തിന്റെ മുമ്പിലായി ഇടതു വശം ചേര്‍ന്ന് കിഴക്ക് നോക്കിയായിരുന്നു അവളിരുന്നത്. 

ദിവസങ്ങള്‍ നീങ്ങവേ, ഞങ്ങളുടെ മുമ്പിലുള്ള മേശകള്‍ കൂട്ടിചേര്‍ത്തൊരുക്കിയ ഇംഗ്ലീഷ് അക്ഷരമാലയിലെ എല്‍ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന ഹൃദയ വാക്കിന്റെ അര്‍ത്ഥതലങ്ങള്‍ ഞാനും അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു

അവന്തികയുമായി ആദ്യ കാഴ്ചയില്‍ തന്നെ ഒരു വേവ് ലെങ്തിന്റെ സമന്വയമുണ്ടായിരുന്നു, അതിലൂടെ വളര്‍ന്നു പന്തലിച്ച ഞങ്ങളുടെ സൗഹൃദത്തണലില്‍ ഞാനറിയാതെ പ്രണയത്തിന്റെ ചെറുനാമ്പുകള്‍ മുളപൊട്ടിയിരുന്നു. തിരിമുറിയാ മിഥുന മഴയുടെ മുന്നോടിയായി, ആരവങ്ങളില്ലാതെ അവിചാരിതമായി പെയ്യുന്ന വേനല്‍ മഴയുടെ  കുളിര്‍മ പോലെ.

എന്നാല്‍ അവളുടെ ഇഷ്ടം അറിയാത്തതിനാലും സൗഹൃദത്തിന്റെ നൂലിഴകളില്‍ വിള്ളല്‍ വീഴ്ത്താന്‍  ആഗ്രഹമില്ലാത്തതിനാലും മനസ്സിന്റെ ഇഷ്ടം ഞാന്‍ പൂഴ്ത്തി വെച്ചു.  

അവന്തികയെ കാണാനും സംസാരിച്ചിരിക്കാനും മാത്രമായി പല കാരണങ്ങളുണ്ടാക്കി ഞാനെന്നും നേരത്തെ കോളേജില്‍ എത്തിയിരുന്നു. അവളുടെ മിഴിയാകാശത്തെ തെളിനീരില്‍ എന്റെ പ്രതിബിംബത്തെ അന്വേഷിച്ചു കൊണ്ടേയിരുന്നു. 
അവളുടെ  കൈ കോര്‍ത്തുപിടിക്കണമെന്നും തോളിലേക്ക് വലിച്ചിട്ടിരിക്കുന്ന മുടിയിഴകള്‍  തലോടി മുടിക്കുള്ളില്‍ മുഖം ഒളിപ്പിച്ച് കഴുത്തിലെ സുവര്‍ണ്ണ രേഖയിലൂടെ അധരമോടിക്കാന്‍  കൊതിച്ച് ഞാന്‍ മണിക്കൂറുകളെ എന്നും  നിമിഷങ്ങളാക്കിയിരുന്നു.
 
രാവിനെ കീറി വരുന്ന നീലാത്തുണ്ട് പോലെ ഇടയ്ക്ക് വരുന്ന അവളുടെ സൗഹൃദ ഫോണ്‍കോളുകളിലെ മൊഴി മൊട്ടുകളില്‍ പ്രണയത്തിന്റെ പൊന്‍വെളിച്ചം പ്രതീക്ഷയോടെ ഞാന്‍ തേടി കൊണ്ടിരുന്നു.

ആയിടയ്ക്കായാണ് അവന്തികയ്ക്ക് ബി. എഡ് അഡ്മിഷന്‍ ലഭിച്ചതും കോളേജ് വിട്ട് പോയതും. 

അവളില്ലാത്ത കോളേജില്‍ പോകാന്‍ എന്തോ ഒരു ഉന്‍മേഷക്കുറവായിരുന്നു. എന്റെ പകലുകള്‍ക്ക്  അവളില്ലായ്മയില്‍ ഊര്‍ജ്ജ ശോഷണം സംഭവിച്ചിരുന്നു. അപ്പോഴാണ് അവളില്‍ ഞാനാല്‍ തുന്നിചേര്‍ക്കപ്പെട്ട എന്റെ ഹൃദയം വേര്‍പെടുത്തിയെടുക്കാനാവാത്ത വിധം ഇഴ ചേര്‍ന്നു പോയിരുന്നു എന്ന സത്യം മനസ്സിലായത് .

മനസ്സ് തുറക്കലിനപ്പുറമുള്ള പറയാത്ത, അറിയാത്ത ആ പ്രണയം.

നിശബ്ദമായ ഏകാന്ത യാമങ്ങളില്‍  പ്രണയാകാശത്ത് ചിറകടിച്ച് പറന്നിരുന്നു.  വൈതരണികള്‍ നിറഞ്ഞ  ആകാശത്തിലൂടെ ഒന്നിച്ചു കൊക്കുരുമ്മി  ഇണക്കുരുവികളായി പറക്കാന്‍ ആവുമോ എന്ന ഭീതിയും എന്നിലുണ്ടായിരുന്നു. എങ്കിലും ശ്മശാനത്തിലെ പൂന്തോപ്പില്‍ വിടരുന്ന പനിനീര്‍ പൂക്കളെപ്പോലെ എന്റെ മനസ്സിലും എന്നും പ്രണയ പൂക്കള്‍ വിടര്‍ന്നിരുന്നു.

നിശബ്ദമായി എന്നില്‍  പ്രണയം പൂത്തൊരു രാത്രിയില്‍, ഒരു നിമിഷം എല്ലാം മറന്ന്, അവന്തികയുടെ കോളേജ് ഹോസ്റ്റലിലേക്ക്  ഫോണ്‍ ചെയ്തു. 

'ഹലോ, അവന്തികയുമായി ഒന്നു സംസാരിക്കാമോ' എന്നു ചോദിച്ചു  നിശ്ശബ്ദമായ സമയത്തിന്  ദൈര്‍ഘ്യമേറിയതുപോലെ തോന്നി.

'ഹലോ'  അവന്തികയുടെ ശബ്ദം കേട്ട പാടെ ഫോണ്‍ ചെവിയില്‍ അമര്‍ത്തി പിടിച്ചു. 

'അസമയത്താണോ പെണ്‍കുട്ടികളെ ഫോണ്‍ ചെയ്യുക.' 

അതോടെ വാക്കുകള്‍ മുറിഞ്ഞു വീണു. കാതുകള്‍ക്കെന്നും അരുമയായ അവന്തികയുടെ സംസാരത്തിലെ ദൃഢതയും അസംതൃപ്തിയും  മനസ്സില്‍ ഇടി മുഴക്കി. ജീവിതത്തില്‍ അന്നുവരെ അനുഭവിക്കാത്ത വേദനയുടെയും വിങ്ങലിന്റെയും ശേഷിപ്പുകളിന്നും മനസ്സില്‍ ഉണ്ട്.

എങ്കിലും മറ്റേയാള്‍ അറിയാതെയുള്ള പ്രണയത്തിന് ആത്മാര്‍ത്ഥത കൂടുമെന്നുള്ള പ്രപഞ്ച സത്യം ഞാനറിഞ്ഞു. കാരണം അവന്തികയെ മറക്കാന്‍ എനിക്കാവുമായിരുന്നില്ല.  ഉടമ്പടിയും ഉപാധിയുമില്ലാതെ അവളെ ഞാന്‍ അവളറിയാതെ പ്രണയിച്ചിരുന്നു. 

അതിനു ശേഷവും  നിലാവുള്ള രാത്രികളില്‍ നീലാകാശച്ചോട്ടില്‍ നക്ഷത്രങ്ങളൊരുക്കുന്ന നിലാ തേനുണ്ട് വരുന്ന മഞ്ഞ പ്രണയശലഭങ്ങളുടെ ചിറകടി ശബ്ദം കാതോര്‍ത്ത് ഞാനിരിക്കുമായിരുന്നു. മാംഗല്യപ്പുടവ കൊടുക്കാന്‍ നല്ല മനസ്സുകളെ തേടുന്ന നേരം മനസ്സില്‍ ആദ്യം വന്നത് അവന്തികയുടെ മുഖം ആയിരുന്നുവെങ്കിലും മനസ്സിന്റെ ജാള്യതയിലും അവളുടെ ഇഷ്ടമില്ലായ്മയിലും ആ മോഹം താഴെ വീണുടഞ്ഞു.

'ഇന്ന് നേരത്തെ എഴുന്നേറ്റോ ഞായറാഴ്ചയാണെന്ന കാര്യം മറന്നു പോയതാണോ'

ശാലിനിയുടെ ശബ്ദം എന്നെ ഓര്‍മ്മകളില്‍ നിന്നും  പിന്നോട്ടു  കൊണ്ടുവന്നു.

'മോനെ എഴുന്നേല്‍പ്പിക്കുന്നില്ലേ'

അരികില്‍ ഉറങ്ങുന്ന മോനെ ചൂണ്ടി കൊണ്ട് ശാലിനി ബെഡ് കോഫി മേശയുടെ മുകളില്‍ വെച്ച് അരികിലിരുന്നു നെഞ്ചില്‍ തല പൂഴ്ത്തി വെച്ചു.

'ഇന്നെന്താ ഒരിടിപ്പ് കൂടുതലിവിടെ'

ഇടതു വാരിയെല്ലില്‍ തീര്‍ക്കപ്പെട്ട നല്ല പാതിക്ക് ഹൃദയമിടിപ്പിന്റെ താളം  മന:പാഠമാണ്. 

അവളെ വാരിപ്പുണര്‍ന്ന് നെറുകയില്‍ ഒരുമ്മ കൊടുത്തു.

'നീ വേഗം പോയി ചായ എടുത്തു വെക്ക്. നമുക്കിന്ന് ഒരു ഔട്ടിംഗിനു പോകാം'

'നല്ല മൂഡിലാണല്ലോ' അവള്‍ ചിരിച്ചു കൊണ്ടെഴുന്നേറ്റു പോയി.

ശാലിനിയോടൊപ്പം കടല്‍ത്തീരത്തിരിക്കുമ്പോഴും പാര്‍ക്കില്‍ മോന്റെ മലക്കം മറിച്ചിലുകള്‍ കണ്ട് ആസ്വദിക്കുമ്പോഴും അറിയാതെ മൊബൈല്‍ ഇടയ്ക്കിടെ തുറന്നടക്കുന്നുണ്ടായിരുന്നു. എന്തോ പ്രതീക്ഷിച്ചു കൊണ്ട്.

രാത്രി വീട്ടിലെത്തി ബാല്‍ക്കണിയിലിരുന്നു കൊണ്ട് മനസ്സിനുള്ളില്‍ പാതി അഴിച്ചു വെച്ച ഓര്‍മ്മ കെട്ടുകളഴിക്കാന്‍ തുനിയു മ്പോഴായിരുന്നു ഒരു മെസേജ്.

'ജയശ്രീ മിശ്രയുടെ ജന്മാന്തര വാഗ്ദാനങ്ങളിലെ ജാനകിയാവണം എനിക്ക്. ഇനി അത് പറ്റുമോ?'

നക്ഷത്രങ്ങള്‍ എന്നെ നോക്കി കണ്ണിറുക്കി കളിയാക്കി ചിരിക്കുന്നതു പോലെ തോന്നി.

രാജേഷിന്റെ കയ്യില്‍ നിന്നും  വാങ്ങിച്ചു വെച്ച നോവല്‍  ഒന്നു മറിച്ച് നോക്കുകപോലും ചെയ്യാതെ അലമാരക്കുള്ളില്‍ ഭദ്രമായി ഇരിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തോളമായി. വേഗം അതെടുത്ത് വായിക്കാന്‍ തുടങ്ങി. വായിച്ചു തീര്‍ന്നതും ഞരമ്പിലൂടെ ജാനകിയും അവന്തികയും മിന്നല്‍ പിണര്‍ പായിച്ചു.

കേരളത്തിലെ ഒരു നായര്‍ കുടുംബത്തില്‍ ജനിച്ച് ഡല്‍ഹിയില്‍ പഠിച്ചു വളര്‍ന്ന ജാനകി എന്ന കഥാനായിക തന്റെ പ്രണയത്തെ പാടെ അവഗണിച്ച്  മാതാപിതാക്കള്‍  തിരഞ്ഞെടുത്തുതന്ന ആളെ വിവാഹം കഴിക്കുന്നു.  എന്നാല്‍  കയ്‌പേറിയ വിവാഹ ജീവിതത്തില്‍ നിന്നും തന്നെ  മനസ്സിലാക്കാത്ത ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടി സന്തോഷവും സങ്കടവും വിചാരങ്ങളും പങ്കിടാന്‍ തന്റെ വിവാഹ പൂര്‍വ്വ പ്രണയിതാവായ അര്‍ജുനനെ ജാനകി തന്റെ ശിഷ്ടം ജീവിതം പങ്കിടാന്‍ തെരഞ്ഞെടുക്കുന്നു. സ്‌നേഹ നിധിയായ മകളായോ  അനുസരണയുള്ള ഭാര്യയായോ നിസ്സഹായയായ അമ്മയായേ അല്ല മറിച്ച് പ്രണയത്തെ ദിവ്യമായി പൂജിച്ച ജന്മാന്തര വാഗ്ദാനം അടയാളപ്പെടുത്തിയ മഹാത്യാഗിയായിട്ടായിരുന്നു ജാനകി  പുസ്തകത്തില്‍ നിന്നിറങ്ങി എന്നോടൊപ്പം കൂടിയത്.

നോവല്‍ വായന കനം വെപ്പിച്ച ഹൃദയത്തില്‍ ചോദ്യങ്ങളുടെ വേലിയേറ്റമുണ്ടായി.

നോവലിലെ ജാനകിയായി മാറാന്‍ കൊതിക്കുന്ന അവന്തികയുടെ മനസ്സിലെ  അര്‍ജുനന്‍ ഞാനാണോ? അല്ല വേറെ ആരെങ്കിലും ആണോ? ചോദ്യം മനസ്സില്‍ വൃത്തങ്ങളായി കറങ്ങി അവന്തിക അന്ന് അവളുടെ കല്യാണത്തിന് ക്ഷണിക്കുമ്പോള്‍  പറഞ്ഞ കാര്യങ്ങളില്‍ ചെന്നു നിന്നു. 

'എനിക്കൊരു പ്രണയമുണ്ടായിരുന്നു. ഞാനത് കല്യാണം കഴിക്കുന്ന ആളോട് പറയാമോ?'

മനസ്സില്‍ കുമിഞ്ഞുകൂടിയ സംശയ കൂമ്പാരത്തിന്റെ അടിയില്‍  നിന്നും ഞാനറിയാതെ ആ ചോദ്യം ഉയര്‍ന്നു.

'ആരായിരുന്നു ആ ഭാഗ്യവാന്‍?'
 
'എന്റെ കൂടെ ബി. എഡിനു പഠിച്ച കുട്ടിയുടെ ബ്രദറാണ്.'

'പിന്നെന്ത് പറ്റി? വീട്ടിലെ എതിര്‍പ്പാണോ'

'അയ്യോ!  അതൊന്നുമല്ല, എന്റെ ഇഷ്ടം അയാള്‍ക്കറിയില്ലായിരുന്നു. പക്ഷേ ഞാനയാളെ പ്രണയിച്ചിരുന്നു. ഇപ്പോഴും പ്രണയിക്കുന്നു.'

മുറിയിലേക്ക് കടന്നുവരുന്ന ശാലിനിയുടെ കാല്‍ചിലങ്കയുടെ ശബ്ദത്തില്‍,  അന്നത്തെ ആ സംസാരത്തെ തുടര്‍ന്നുകൊണ്ടു പോകാതെ ഞാന്‍ മുറിച്ചു കളഞ്ഞിരുന്നു.

അതായിരുന്നു അവന്തികയുമായുള്ള  അവസാന സംഭാഷണം. പിന്നീട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.
 
അവന്തികയും  നോവലിലെ ജാനകിയും അര്‍ജുനനുമൊക്കെ അവരുവരുടെ വേഷങ്ങളാടി തിമര്‍ത്ത് മനസ്സിനെ വല്ലാതെ കലക്കി മറച്ചിരുന്നു.

അന്ന് രാത്രി എന്റെ മാറില്‍ തല ചായ്ച്ചുറങ്ങുന്ന അവന്തികയുടെ മുടിയിഴകളിലൂടെ  വിരലുകളോടിച്ച് ചെരിഞ്ഞു കിടന്നതും അരികില്‍  നെഞ്ചോരം ചേര്‍ന്നുറങ്ങുന്ന ശാലിനിയെ കണ്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു. സമചിത്തത വീണ്ടുകിട്ടാന്‍ അല്പം സമയമെടുത്തു

ഞാന്‍ എഴുന്നേറ്റിരുന്നു. സമയം മൂന്നു മണി. മനസ്സ് അറിയാതെ കൈവിടുന്നതു പോലെ തോന്നി.

ഏറെയൊന്നും  ചിന്തിക്കാതെ ഒരു തീരുമാനം എടുത്തു. അവന്തികയെ കാണണം, സംസാരിക്കണം അല്ലെങ്കില്‍ മനസ്സ് ചിലപ്പോള്‍ കൈവിട്ടു പോകുമെന്ന് തോന്നി. ഹൃദയത്തിനുള്ളില്‍  വല്ലാത്തൊരു വിങ്ങല്‍.  

അപ്പോള്‍ തന്നെ മൊബൈല്‍ എടുത്തു. 

'നേരിട്ട് കാണാന്‍ പറ്റുമോ' എന്ന മെസേജ് അവന്തികയുടെ നമ്പറിലേക്കയച്ചു.  

രാവിലെ പലവട്ടം മൊബൈല്‍ എടുത്തു നോക്കിയെങ്കിലും മനസ്സിനെ തണുപ്പിക്കുന്ന വാട്‌സപ്പിലെ രണ്ട് നീല വരകള്‍ കണ്ടില്ല. 

കുറച്ച് സമയത്തിനു ശേഷം മറുപടി വന്നു.

'എപ്പോള്‍, എവിടെ എന്ന് അറിയിക്കുക. ഞാന്‍ വരാം'

പിറ്റേ ദിവസം വൈകുന്നേരം നഗര മദ്ധ്യത്തിലെ  ഷോപ്പിങ്ങ്മാളിലെ  റെസ്റ്റോറന്റില്‍ അവിചാരിതമായി കണ്ടുമുട്ടിയെന്ന ഭാവം മുഖത്തൊട്ടിക്കാന്‍ ശ്രമിച്ച് അവന്തിക എന്റെ മുമ്പിലുള്ള കസേരയില്‍ വന്നിരുന്നു.

നീണ്ട പതിനാല് വര്‍ഷത്തിനു ശേഷം അവന്തികയെ കാണുകയാണ്. കാലം അവളില്‍ പ്രകടമായ ഒരു മാറ്റവും വരുത്തിയിട്ടില്ല. അതേ ഭാവം, രൂപം,  ചിരി.  ഭംഗി  കൂടിയതു  പോലെ തോന്നി.

കുറച്ചു നേരം എന്റെ മുഖത്തേക്കു നോക്കിയതിനു ശേഷം അവള്‍ പറഞ്ഞു- 'ഇങ്ങിനെ ഒരു കൂടിച്ചേരല്‍ ഉണ്ടാവും എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.'

അഗാധതയില്‍ എവിടുന്നോ വരുന്ന ഒരു  ശബ്ദം പോലെ അത് തോന്നി.

'ഞാനും. ജീവിതം എങ്ങിനെ?'

'രവി കിഷന് എന്നോട് വല്യ ഇഷ്ടമാണ്. എന്തിനും ഏതിനും ഞാന്‍ വേണം. രണ്ട് കുട്ടികള്‍. മൂത്തയാള്‍  മൂന്നില്‍ പഠിക്കുന്നു. ഇളയതിന് മൂന്ന് വയസ്സ്.'

മുഖമുയര്‍ത്തി ഞാനവളുടെ കണ്ണില്‍ നോക്കി. എനിക്ക് ചോദിക്കാനുള്ളത് മുഴവനും അവളെന്റെ കണ്ണുകളില്‍ നിന്ന് തന്നെ വായിച്ചെടുത്ത് കൊണ്ട് തുടര്‍ന്നു.

'ഇനിയും എനിക്കെന്നെ  വഞ്ചിക്കാനാവില്ല. തുറന്ന് പറഞ്ഞില്ലെങ്കില്‍ ഒരു പക്ഷേ ഹൃദയംപൊട്ടി ഞാന്‍ മരിച്ചു പോകും.  പ്രണയമായിരുന്നു അന്നും ഇന്നും എന്നും നിങ്ങളോട്'

ജ്യൂസ് ഗ്ലാസിന്റെ മുകളിലേക്ക് മുഖം താഴ്ത്തിയ അവളില്‍ നിന്നടര്‍ന്നുവീണു  ചിതറിയ മിഴിനീര്‍ തുള്ളിയില്‍ ഞാനെന്റെ പ്രതിബിംബം കണ്ടു. എന്നിലെവിടെയോ തങ്ങി നിന്ന പ്രണയത്തിന്റെ ശേഷിപ്പുകള്‍ ഒരു പ്രവാഹമായി വീണ്ടും ഒഴുകി.

കൈയ്യിലിരുന്ന ജ്യൂസ് ഗ്ലാസ് ഒന്നമര്‍ത്തി പിടിച്ചു കൊണ്ട് ശബ്ദം താഴ്ത്തി ഞാന്‍ ചോദിച്ചു.

'അന്നിത് തുറന്നു പറഞ്ഞിരുന്നെങ്കില്‍? ഒത്തിരി വൈകിപ്പോയി അല്ലേ?'

മിഴികള്‍ എന്റെ കണ്ണില്‍ കൊരുത്തിട്ട് അവള്‍ പറഞ്ഞു.

'പലവട്ടം ഈ കാര്യം  വെളിപ്പെടുത്താന്‍ മുതിര്‍ന്നപ്പോഴൊക്കെ ഞാനും നിങ്ങളും സ്വന്തം പോലെ സ്‌നേഹിച്ച കൂട്ടുകാരായിരുന്നു തടഞ്ഞത്. അന്നവര്‍ കുത്തിവെച്ച ജാതീയ ചിന്തകളും വരണ്ട ഉപദേശങ്ങളും ചില ഭീഷണികളുമാണ് എന്നെ നിശ്ശബ്ദമാക്കിയത്.'

ഞാന്‍ മുഖമുയര്‍ത്തി ചോദിക്കാന്‍ ഒരുങ്ങുന്നതിനു മുമ്പേ അവള്‍ തടഞ്ഞു.

'അവരുടെയൊന്നും പേര്  ചോദിക്കരുതേ. അവരുടെ തന്നെ നിര്‍ബന്ധത്താലായിരുന്നു അന്നൊരു ദിവസം നിങ്ങള്‍  രാത്രി ഫോണ്‍ ചെയ്തപ്പോള്‍ മോശമായി ഞാന്‍ പ്രതികരിച്ചത്. അന്നു ഞാന്‍ കുറേ കരഞ്ഞിരുന്നു. എല്ലാറ്റിനുമുപരി നിങ്ങളുടെ പ്രതികരണത്തെ  ഞാന്‍ പേടിച്ചു.  ഇഷ്ടമല്ല എന്നാണെങ്കില്‍ ഞാന്‍ തകര്‍ന്നു പോകും. നിങ്ങളറിയാതെയാണല്ലോ ഞാന്‍ നിങ്ങളെ പ്രണയിച്ചത് അത് കൊണ്ട് എനിക്കാവോളം പ്രണയിക്കാമല്ലോ.' 

ഞാന്‍ തരിച്ചിരുന്നു പോയി. 

നഷ്ടബോധത്തിന്റെയും  തിരിച്ചുകിട്ടലിന്റെയും ഇടയിലുള്ള നൂല്‍പ്പാലത്തിലൂടെ മനസ്സ് വഴുതി നീങ്ങി.

'മനസ്സിനുള്ളില്‍ പ്രണയത്തെ പൂഴ്ത്തി വെച്ചവരാണ് നമ്മള്‍. ഇനി  എന്താ ചെയ്യുക?'

'നമുക്ക് ദൂരെ എവിടെയെങ്കിലും പോയി ഒരുമിച്ചു ജീവിക്കാം?' 

അവന്തികയില്‍ നിന്നു കേട്ട അപ്രതീക്ഷിത മറുപടിയില്‍ നീണ്ടു പോയ മൗനത്തിന് റെസ്റ്റോറന്റിലെ  ശബ്ദ കോലഹലങ്ങള്‍ അപശ്രുതിയുടെ പശ്ചാത്തല സംഗീതമൊരുക്കി.

അവന്തികയുടെ മനസ്സ് എനിക്ക് കാണാമായിരുന്നു.

'അവന്തികാ, അഗ്‌നിസാക്ഷിയായി നമ്മളോട് ചേര്‍ത്തവരെ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ ആവുമോ?'

'ഒരിക്കലും ആവില്ല. അവരെന്റെ ജീവനാണ്, നിങ്ങളോടുള്ള പ്രണയവും. അതുകൊണ്ടു തന്നെയാണ്  ആദ്യ രാത്രിയില്‍ രവിയോട് എല്ലാം തുറന്നു പറഞ്ഞത്.' 

'ദൈവമേ...' ഞാന്‍ നീണ്ടൊരു ശ്വാസം വിട്ടു.

'ഒരുമിച്ചുള്ള ഒരു ജീവിതം? ഇല്ല, അതിനി സാധിക്കില്ല. ഞാന്‍ ഇന്നൊരു ഭര്‍ത്താവാണ് നീയൊരു ഭാര്യയും. കുട്ടികളും  കുടുംബത്തിന്റെ കുറേ ബലഹീനതകളുമുണ്ട്'

'എനിക്കറിയാം. എങ്കിലും ഒരിക്കല്‍ കൂടി ഒന്നു കാണാന്‍, ഒന്നു മിണ്ടാന്‍ മനസ്സ് പങ്കു വെക്കാന്‍ ആയല്ലോ. മനസ്സു തുറന്നപ്പോള്‍ തന്നെ പകുതി സമാധാനമായി. പക്ഷേ  പ്രണയം  ഒരിക്കല്‍ മാത്രമല്ലേ ഉണ്ടാവൂ, അത് നിങ്ങളോട് മാത്രമായിരിക്കും.' 

'അവന്തികാ നമുക്ക് ഇനിയും തോറ്റ് കൊടുക്കാം. നമ്മളെ ഇതുവരെ  തോല്പിച്ച വിധിയോടും നമ്മളോട് തന്നെയും' 

പ്രണയമൊഴികളില്‍ എപ്പോഴും കേള്‍ക്കുന്ന ഒരു ചൊല്ലില്ലേ, സ്വാര്‍ത്ഥതയോ സ്വന്തമാക്കലോ അല്ല പ്രണയം, വിട്ടു കൊടുക്കലാണ് പ്രണയം. മറ്റുള്ളവരെ വേദനപ്പിച്ച് നമുക്ക് ജീവിക്കേണ്ട. പ്രണയം  നിത്യസത്യമാണ്. വാക്കുകള്‍ക്കും കാഴ്ചകള്‍ക്കും അതീതമാണ്.'

അവന്തികയുടെ മുമ്പില്‍ അറുബോറന്‍ തത്വ ചിന്തകള്‍ വാരി വിതറിയെങ്കിലും മനസ്സ് മുഴുവന്‍ അവളായിരുന്നു.

മേശപ്പുറത്തെ ഒഴിഞ്ഞ ഗ്ലാസും ബില്ലും റസ്റ്റോറന്റില്‍ നിന്നിറങ്ങാന്‍ സമയമായി എന്ന് ഓര്‍മ്മിച്ചു.

ഷോപ്പിങ്ങ് മാളിനു പുറത്ത് എത്തിയപ്പോള്‍ ഞാനവളോട് ചോദിച്ചു

'ബസ്സ് സ്റ്റാന്റില്‍ കാറില്‍ ഇറക്കി തരട്ടെ. പേടിയുണ്ടോ?'

'ഇല്ല എന്തിന്'

 അവന്തിക കാറിന്റെ മുന്‍ സീറ്റില്‍ തന്നെയിരുന്നു.

'എന്തിനാ പേടിക്കുന്നത് നമ്മള്‍ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.

പ്രണയം ഒരിക്കലും തെറ്റോ കുറ്റമോ അല്ല'
.
എന്നില്‍ നിന്നുമുള്ള  തത്വചിന്തകള്‍ അവളിലേക്ക് പകര്‍ന്നോ. ഞാന്‍ അവളെ നോക്കി ശാന്തമായിരുന്നു. ആ മുഖം 
മഴ ചോര്‍ന്നു തീര്‍ന്ന മാനം പോലെ .

'അടുത്ത ജന്മത്തില്‍ നമുക്ക്  പ്രണയിക്കാം നമുക്ക് ഒന്നിക്കാം എന്നൊക്കെയുള്ള  വാഗ്ദാനങ്ങളിലൊന്നും എനിക്ക് വിശ്വാസമില്ല. നമുക്ക് പ്രണയിക്കാം അവന്തികാ, അകന്ന്  നിന്ന് കൊണ്ട് രണ്ട് ശരീരങ്ങളും ഒരു  ആത്മാവായും' -ഞാന്‍ അവളെ നോക്കി ചിരിച്ചു.

'അടുക്കാനാവാതെ അകന്നുനിന്ന് പ്രണയ സായൂജ്യം തേടുന്ന അനേകായിരം പേരില്‍ നമ്മളും അല്ലേ.'

'ഇത്രയും കാലം ആരും അറിയാതെ, അറിയിക്കാതെ നമ്മളില്‍ മാത്രം നിശബ്ദനായി നിലകൊണ്ട പ്രണയം ഇനിയും നിലനില്ക്കും. അവന്തികാ, നമ്മുടെ പാതിയായവര്‍ക്കായി വെളിച്ചം തെളിയിച്ച് സമാന്തര പാതകളിലൂടെ നമുക്ക് നടന്ന് നീങ്ങാം'

അവന്തിക എന്റെ കൈകളില്‍ മൃദുവായി സ്പര്‍ശിച്ച്  മനസ്സിന്റെ ചേര്‍ച്ച എന്നിലറിയിച്ച് കാറില്‍ നിന്നിറങ്ങി നടന്നകന്നു.

എന്റെ പ്രണയത്തിന്റെ ദീര്‍ഘയാത്ര നിന്നിലവസാനിച്ചു അവന്തികാ. ഇനി അതിന് തുടരാന്‍ ഒരു ജൈത്രയാത്രയില്ല, മണ്ണിലലിയാന്‍ മാത്രമേ ഉള്ളൂ. 
 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!