ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സജിന മുനീര്‍ എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ഓക്ക്‌ലാന്‍ഡിലെ മുറിവെ ബീച്ചില്‍ ഓസ്‌ട്രേലിയയില്‍ നിന്നും കൂട്ടമായി ദേശാടനത്തിനെത്തിയ ഗാന്നെറ്റ് കൊളൊനി പക്ഷികള്‍, മുട്ടയിട്ട് വിരിഞ്ഞ കുഞ്ഞുങ്ങളെ കടലിന്റെ ആഴങ്ങളില്‍ ചെന്ന് മീന്‍ പിടിക്കാന്‍ പഠിപ്പിച്ചുകൊണ്ടിരുന്ന ഒരു വൈകുന്നേരമാണ് കൊച്ചു റാണി അമ്മയെ കൂട്ടാന്‍ എയര്‍പോര്‍ട്ടിലേക്കു പോയത്.
പാതിവഴി പിന്നിട്ട വേനലിന്റെ ചിറകേറി വന്ന ഡിസംബറിന്റെ ആകാശം. വാരിവിതറിയ നക്ഷത്രക്കുഞ്ഞുങ്ങള്‍ കണ്‍ചിമ്മിത്തുറക്കുന്നു. ഓക്ക്‌ലാന്‍ഡ് സിറ്റിയിലെ ഉയര്‍ന്നു നില്‍ക്കുന്ന സ്‌കൈ ടവറില്‍ ക്രിസ്മസ്സിനോടടുത്ത രാത്രികളില്‍ വിവിധ നിറത്തിലുള്ള ആകാശ വെളിച്ചം വര്‍ണ്ണ പ്രപഞ്ചം തീര്‍ക്കുന്നു. ദൂരെ ഹെന്‍ഡേഴ്‌സണ്‍ നിരത്തുകളില്‍ സാന്റാ പരേഡിന്റെ ശബ്ദ ഘോഷങ്ങള്‍ ഉയര്‍ന്നു തുടങ്ങി.
സ്റ്റീക്കും പൈനാപ്പിള്‍ ജ്യൂസും തേനും ബട്ടറും ഒക്കെ ചേര്‍ത്തുണ്ടാക്കുന്ന ഹണി ബേക്കഡ്ഹാം ആണ് ഇവിടത്തെ ക്രിസ്മസ് സ്‌പെഷ്യല്‍. കൊച്ചുറാണിക്ക് അതിന്റെ പുളിയും, മധുരവും, ക്രീമും ചേര്‍ന്ന ടേസ്റ്റൊന്നും ഇഷ്ടമല്ല. അമ്മയുടെ കൈ കൊണ്ടുണ്ടാക്കുന്ന രുചിയൊന്നും ഉണ്ടാവാറില്ലെങ്കിലും നാട്ടിലെ അപ്പവും കറിയുമൊക്കെയാണ് കൊച്ചു റാണി ഈ നാളുകളില്‍ ഉണ്ടാക്കാറ്.
രണ്ട്
വെസ്റ്റ് ഗേറ്റിലെ അംബര്‍വുഡ് വില്ലയില്‍ കൊച്ചുറാണിയും കുടുംബവും തിരക്കിലായിരുന്നു.
ഈ കുഞ്ഞു ദ്വീപില്‍ ഡിസംബര്‍ ഒന്നു മുതല്‍ തന്നെ ക്രിസ്മസ് ഒരുക്കങ്ങള്‍ തുടങ്ങാറുണ്ട് വീട്ടുമുറ്റത്തും, റോഡരികിലുമെല്ലാമായി പ്രകൃതി തന്നെ ഒരുക്കിയ ക്രിസ്മസ് ട്രീയായ 'പൊഹ്തുകാവ' പൂത്തുലഞ്ഞു നില്‍ക്കുന്നത് ഹൃദയഹാരിയായ കാഴ്ചയാണ്. ചുവന്ന റോസാപ്പൂക്കള്‍ അടുക്കിവെച്ച് തുന്നിയെടുത്തപോലെ തോന്നുന്ന ആ പൂക്കൂടാരങ്ങളെ തഴുകിക്കടന്നുപോകുന്ന ഇളം കാറ്റിനോട് കൊച്ചു റാണിക്ക് ഇടയ്ക്കിടെ അസൂയ തോന്നാറുണ്ട്. ക്രിസ്മസ് കാലത്ത് രാത്രി കുറവായതുകൊണ്ടും പകല്‍ കൂടുതലായതുകൊണ്ടും ഇരുള്‍ പരക്കാന്‍ രാത്രി ഒന്‍പതു മണിയെങ്കിലുമാവും.
വില്ലയുടെ ബാല്‍ക്കണിയിലിരുന്ന് ചുറ്റുവട്ടത്തെ വീടുകളിലെ ക്രിസ്മസ് ഒരുക്കങ്ങള്‍ കാണുകയായിരുന്നു അവള്‍. തൊട്ടപ്പുറത്തെ വീട്ടുമുറ്റത്തെ ഉയരംകുറഞ്ഞ പൈന്‍ മരത്തിന്റെ സൂചിഇലകളില്‍ അലങ്കാര ബള്‍ബുകള്‍ തോരണം ചാര്‍ത്തിയ ക്രിസ്മസ്ട്രീ. മിന്നല്‍ പിണരുകള്‍ തീര്‍ത്ത ആ പ്രകാശ വലയം നോക്കിനില്‍ക്കേ കൊച്ചു റാണിയുടെ മനസ്സ് അമ്മയ്ക്കടുത്തെത്തി. മൂക്കില്‍ നാടിന്റെ മണം നിറഞ്ഞു.
മൂന്ന്
കൈതപ്പൂ മണമുള്ള തോടുകള്‍. പൂത്ത കാപ്പിച്ചെടികളുടെ സൗരഭ്യം. വല്യമ്മച്ചിയുടെ കുഴമ്പിന്റെയും കച്ചോലെണ്ണയുടെയും കറ പിടിച്ച ചുവരുകളുള്ള ചായ്പ്പുള്ള കുഞ്ഞു വീട്. ചക്കക്കാലമായാല്‍ വരാന്തയില്‍ ചക്കപ്പഴം മുറിച്ചുവെച്ചിരിക്കും.
ഡിസംബറിലെ ക്രിസ്മസ് രാവുകളില്‍ നടവഴികളിലെഴുന്നു നില്‍ക്കുന്ന സുഗന്ധമുള്ള ഉണ്ണീശോപ്പുല്ലും, വൈക്കോലും, ഓടക്കമ്പുകളും ചേര്‍ത്ത് പുല്‍ക്കൂടൊരുക്കും. അതിനുള്ളില്‍ ഉണ്ണിയേശുവിനെയും ഇരുവശത്തുമായി ഔസേപ്പിതാവിന്റെയും മാതാവിന്റെയും ചെറുരൂപങ്ങളും പ്രതിഷ്ഠിച്ച് പുല്‍ക്കൂടിനു മുന്‍പില്‍ പറന്നുയരുന്ന മാലാഖമാരുടെയും ആട്ടിടയന്‍മാരുടെയും രൂപങ്ങള്‍ നിരത്തും. അതിനു ചുറ്റും മെഴുകുതിരി കത്തിച്ചു വെക്കും.
ബാന്‍ഡ് മേളത്തിന്റെ അകമ്പടിയേറിവരുന്ന കരോള്‍ ഗാനത്തിനൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പപ്പയെ കാണാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആ പത്തുവയസ്സുകാരി കൊച്ചുറാണിയാണ്. കരോള്‍ സംഘം അടുത്തുവരുന്തോറും അവളുടെ കണ്ണുകളില്‍ വിരിയുന്ന നക്ഷത്രങ്ങള്‍ക്ക് ഭിത്തിയില്‍ തൂക്കിയിട്ട നക്ഷത്രത്തെക്കാളും തിളക്കമുണ്ടാവും. അന്നൊക്കെ അമ്മയോടും വല്യമ്മച്ചിയോടും ഒപ്പം ക്രിസ്മസ് തലേന്ന് ഒന്നും രണ്ടും കിലോമീറ്റര്‍ തണുപ്പരിച്ചിറങ്ങുന്ന നാട്ടുവഴിയിലൂടെ തലയിലൊരു ടവ്വല്‍ പുതച്ച് കൊണ്ട് നടന്നാണ് പാതിരാ കുര്‍ബാനയ്ക്ക് പള്ളിയില്‍ പോയിരുന്നത്. പള്ളിക്കല്‍ ഒത്തുകൂടുന്ന ക്രിസ്മസ്സ് പാപ്പമാരെ കാണുന്നതായിരുന്നു അന്നത്തെ കുഞ്ഞു സന്തോഷങ്ങളില്‍ വലുത്.
സന്തോഷത്തിന്റെ ആ നക്ഷത്രക്കൂട്ടങ്ങള്‍ ക്രിസ്മസ് കഴിഞ്ഞാലുടന്‍ താനേ അണഞ്ഞു പോവും. കാരണം ആഘോഷവേളകളില്‍ മാത്രമേ അവള്‍ കൊതിച്ച വിഭവങ്ങള്‍ അവളുടെ വീട്ടിലെ തീന്‍മേശയില്‍ ഉണ്ടാവൂ. വിശേഷ അവസരങ്ങളില്‍ മാത്രമേ നല്ല വസ്ത്രങ്ങള്‍ ധരിക്കാന്‍ കിട്ടൂ.
ചെറുപ്പത്തിലെ അപ്പന്‍ നഷ്ടപ്പെട്ട കൊച്ചുറാണിയുടെ ബാലകൗമാരങ്ങള്‍ക്ക് നിറം വളരെ കുറവായിരുന്നു. ദാരിദ്ര്യത്തിന്റെയും ഒറ്റപ്പെടലിന്റെയും വേദനകള്‍ ആവോളം അനുഭവിച്ചതിനാല്‍ തന്നിലേക്കു മാത്രമായി ചുരുങ്ങിയതായിരുന്നു അന്നത്തെ ദിവസങ്ങള്‍. എങ്കിലുമവള്‍ ദിവാസ്വപ്നങ്ങളില്‍ രാജകുമാരിയായിരുന്നു.
പഠിക്കാന്‍ അത്ര മിടുക്കിയല്ലായിരുന്നു. അമ്മാച്ചന്‍മാരുടെയും വല്യമ്മച്ചിയുടെയും പ്രതീക്ഷക്കൊത്ത മാര്‍ക്കില്ലാതെ പാസായ പ്രീഡിഗ്രി സര്‍ട്ടിഫിക്കറ്റിന് അലമാരയുടെ മൂലയില്‍ പൊടി പിടിച്ചു കിടക്കേണ്ടിവന്നു. അമ്മയ്ക്ക് പെട്ടെന്ന് ഉണ്ടായ രോഗം കുടുംബഭാരം ഏറ്റെടുക്കാന്‍ അവളെ നിര്‍ബന്ധിതയാക്കിയിരുന്നു. അടുക്കളപ്പണിയും പശുവിനെ കറക്കലുമൊക്കെ അപഹരിച്ചത് സ്വപ്നം കാണാനുള്ള സമയമായിരുന്നു.
വേദപാഠ ക്ലാസുകളിലും, സ്‌കൂളിലും ഒരേ ക്ലാസില്‍ പഠിച്ച ആന്‍സി പ്രീഡിഗ്രി ക്ലാസിലും ഗ്രാമത്തില്‍നിന്നും ടൗണിലേക്ക് പോവുന്ന ബസ്സിലും ഒപ്പം കൂടിയപ്പോള്‍ കൊച്ചുറാണി പോലുമറിയാതെ അവളുടെ മനസാക്ഷി സൂക്ഷിപ്പുകാരിയായി. ആന്‍സി മാത്രം ഇടയ്ക്കിടെ കൊച്ചു റാണിയെ സന്ദര്‍ശിച്ച് പുതിയ കോളേജിനെ
ക്കുറിച്ചും സഹപാഠികളെക്കുറിച്ചും പുതിയ പുതിയ കഥകള്‍ പറഞ്ഞു കൊണ്ടേയിരുന്നു. അതൊക്കെ കേട്ട് പുല്ലു പറിക്കാന്‍ പോകുന്ന വൈകുന്നേരങ്ങളില്‍ പുഴ കയ്യേറിക്കിടക്കുന്ന തെങ്ങിന്‍ പറമ്പിന്റെ വേലിക്കല്‍ ചെന്നു നിന്ന് അവള്‍ നെടുവീര്‍പ്പിട്ടു.
നാല്
ഓര്‍മ്മയിലെ ആ നെടുവീര്‍പ്പിലേക്കിപ്പോള്‍ അതേ കൊച്ചുറാണി. ഓക്ക്‌ലാന്‍ഡിലെ മറ്റൊരു വീട്. ഓര്‍മ്മകളുടെ മഴച്ചാറ്റലേറ്റ നനവ് കൊച്ചു റാണിയുടെ കവിളു നനയിച്ചത് ഒന്‍പതു വയസ്സുകാരന്‍ മകന്‍ കണ്ടു. ചോദ്യങ്ങള്‍ തുടങ്ങിയപ്പോള്‍ അവളെണീറ്റ് അകത്തേക്ക് നടന്നു ആഴ്ചയില്‍ ആറുദിവസവും ജോലിക്ക് പോകുന്നത് കൊണ്ട് തന്നെ വീട്ടിലുള്ള ദിവസങ്ങളില്‍ വെറുതെയിരിക്കാന്‍ സമയമുണ്ടാവാറില്ല.
പിറ്റേന്നത്തേക്ക് വേണ്ടതൊക്കെ തലേന്ന് രാത്രിതന്നെ ചെയ്തുവെക്കാറാണ് പതിവ്. രാവിലത്തെ ചായവരെ ജോലി സ്ഥലത്ത് എത്തിയിട്ടാണ് കുടിക്കാറ്. ഇത്തവണ കൊച്ചു റാണിയുടെ ക്രിസ്മസിന് പ്രത്യേകതകളേറെയുണ്ട്. അമ്മ വരികയാണ്.
നോര്‍ത്ത് ഐലന്റിന്റെ താഴ്വാരങ്ങളില്‍ ശിശിരകാലത്തില്‍ ഇല പൊഴിക്കുന്ന മംഗോളിയച്ചെടികളും, ചിത്രശലഭങ്ങളെക്കാള്‍ ഭംഗിയുള്ള ഗള്‍ പക്ഷികളും നിഗൂഢ നീലിമ ഒളിപ്പിച്ചു വെച്ച വെസ്റ്റേണ്‍ സ്പ്രിംഗ്‌സ് തടാകങ്ങളുമാണ്. അതൊക്കെ കാണുമ്പോള്‍ അമ്മയെ ഇതൊക്കെ കാണാന്‍ കൂട്ടിക്കൊണ്ടു വരണമെന്ന് കൊച്ചുറാണി ഓര്‍ക്കാറുണ്ട്. പക്ഷേ നാടുമായുള്ള ആത്മബന്ധം വിട്ടുപോരാന്‍ അമ്മയെ അനുവദിക്കാത്തത്
കൊണ്ട് ആ ആഗ്രഹം നീണ്ടുപോവുന്നു. എന്നാല്‍ ഇത്തവണ ക്രിസ്മസിന് കൂടെ ഉണ്ടാവും എന്ന അമ്മയുടെ വാക്കില്‍ സന്തോഷമേറെയുണ്ടായിരുന്നു അവള്‍ക്ക്.
മഞ്ഞക്കണിക്കൊന്ന പോലെ സുന്ദരികളായ കാട്ടുചെടികളും, വെള്ളക്കൂണുകള്‍ മൊട്ടിട്ട പോലെ തോന്നുന്ന ചെമ്മരിയാടിന്‍ കൂട്ടങ്ങള്‍ മേയുന്ന പച്ചക്കുന്നുകളും കണികാണുന്ന സെന്‍ട്രല്‍ പാര്‍ക്ക് ഡ്രൈവിലൂടെ കാറില്‍ വരുമ്പോള്‍ ലോകാത്ഭുതങ്ങള്‍ ഏഴും എഴുപതുമല്ലെന്ന് കൊച്ചുറാണിക്ക് തോന്നാറുണ്ട്. അല്ലെങ്കില്‍ നാട്ടിലെ ഏതെങ്കിലുമൊരു വീട്ടില്‍ പശുവിന് പുല്ലും പറിച്ച് കുട്ടികളെയും നോക്കി കുടുംബിനിയായി ജീവിക്കേണ്ടതായിരുന്നു താനെന്ന് അലക്‌സിനോട് അവളെപ്പോഴും പറയാറുമുണ്ട്.
അഞ്ച്
ന്യൂസിലാന്‍ഡിലേക്കുള്ള കൊച്ചുറാണിയുടെ വഴി വിചിത്രമായിരുന്നു. ജീവിതത്തിനു മാത്രം കഴിയുന്ന മാജിക്ക്.
പ്രീഡിഗ്രി കഴിഞ്ഞ് വീട്ടില്‍ ഇരിക്കുന്ന സമയത്ത് പഠിക്കാന്‍ കഴിവില്ലാത്ത പെണ്ണിനെ വേഗം കെട്ടിച്ചു വിടണം എന്നായിരുന്നു വല്യമ്മച്ചിയുടെയും അമ്മാച്ചന്‍മാരുടെയും തിരക്ക്. അന്നേരവും മകളെ വീണ്ടും പഠിപ്പിച്ച് സ്വന്തം കാലില്‍ നിര്‍ത്താന്‍ ഒരു വഴി തുറന്നു തരണേയെന്നു പറഞ്ഞ് നേര്‍ച്ചയും നൊവേനയുമായി കഴിയുകയായിരുന്നു അമ്മ.
അങ്ങനെയിരിക്കെ വല്യമ്മച്ചിയുടെ അനിയത്തിയുടെ മകളായ ചേച്ചിയുടെ രൂപത്തില്‍ ഭാഗ്യമവളെ തേടിയെത്തി. വല്യമ്മച്ചിയെ കാണാന്‍ വീട്ടില്‍ വന്നപ്പോള്‍ വീട്ടു പണിയെടുത്ത് കഴിയുന്ന കൊച്ചു റാണിയോട് വാത്സല്യം തോന്നിയ അവര്‍ ഇവളെ നഴ്‌സിങ്ങിന് വിടണമെന്നും ചിലവെല്ലാം ഞാന്‍ വഹിച്ചു കൊള്ളാം എന്നും പറഞ്ഞു. പഠിപ്പിച്ചു വെറുതെ പൈസ കളയണ്ട, ആ പൈസ കൂടി കൂട്ടിവെച്ച് ഇവളെ കെട്ടിച്ചു വിടാമെന്ന കുടുംബക്കാരുടെ വാക്ക് ആന്റി തള്ളിക്കളഞ്ഞു.
മാര്‍ക്ക് കുറവായതുകൊണ്ട് ജനറല്‍ നേഴ്‌സിംഗിനാണ് സീറ്റ് കിട്ടിയത് അതിനുതന്നെ കുറച്ചു ബുദ്ധിമുട്ടി. പിന്നെ മൂന്നുവര്‍ഷം. നഴ്‌സിംഗ് പാസായപ്പോള്‍ പഠിച്ച ഹോസ്പിറ്റലില്‍ തന്നെ ഒരു വര്‍ഷം ജോലി. കൂടെ പഠിച്ച കൂട്ടുകാരി ന്യൂസിലാന്‍ഡിലേക്ക് പറന്നപ്പോള്‍ കൊച്ചുറാണിയെ മറന്നില്ല അവള്‍. അങ്ങനെ കൊച്ചുറാണിയും ഇവിടെയെത്തി. ഇതിനിടയില്‍ അമ്മയുടെ കൂട്ടുകാരി അവരുടെ ആങ്ങളയുടെ മകനുവണ്ടി കൊച്ചുറാണിയെ പെണ്ണാലോചിക്കുകയും ന്യൂസിലാന്റില്‍ തന്നെ ജോലിയുള്ള അലക്‌സുമായി വിവാഹത്തില്‍ എത്തുകയും ചെയ്തു.
ഇടയ്ക്കു മൂന്നാലു തവണ ലീവിന് നാട്ടില്‍ വന്നു പോയതൊഴിച്ചാല്‍ പത്തുപന്ത്രണ്ടു വര്‍ഷമായി അലക്‌സും, കുട്ടികളും, ജോലിയുമൊക്കെയായി തിരക്കിട്ട ജീവിതമാണ് കൊച്ചുറാണിയുടെത്.
അതിനിടെ, നാട്ടിലും ഒരുപാട് മാറ്റങ്ങളുണ്ടായിരിക്കുന്നു. നാലഞ്ചു വര്‍ഷത്തെ ചികിത്സക്കൊടുവില്‍ അമ്മയുടെ അസുഖം ഒരു വിധം ഭേദമായി. നാട്ടിലെ ഒരേയൊരു സുഹൃത്ത് ആന്‍സിയെ ഒരു ആക്‌സിഡന്റിന്റെ രൂപത്തില്‍ മരണം കവര്‍ന്നെടുത്തു.
ആറ്
അമ്മയെയും കൂട്ടി വരുമ്പോള്‍ കൊച്ചുറാണിയുടെ മനസ്സില്‍ സന്തോഷവും, സങ്കടവും എല്ലാംകൂടി വല്ലാത്തൊരു വിങ്ങല്‍ അനുഭവപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയ കുട്ടികള്‍ക്കും അമ്മച്ചിക്കും ഒരു പുതിയ കൂട്ട് കിട്ടിയ സന്തോഷം.
എയര്‍പോര്‍ട്ടു റോഡിലെ മോട്ടോര്‍വേയിലൂടെ കാര്‍ ഡ്രൈവ് ചെയ്യുന്ന മകളെ നോക്കിയിരിക്കെ, പുറത്തുള്ള ഒരാളെ കണ്ടാല്‍ തന്റെ സാരിത്തലപ്പില്‍ ഒളിച്ചിരുന്ന ഉണ്ടക്കണ്ണിയായ ഒരു മുറിപ്പാവാടക്കാരിയെ അമ്മയ്‌ക്കോര്‍മ്മവന്നു. പ്രായത്തില്‍ കൂടുതല്‍ ചുളിവു വീണ നെറ്റിയിലേക്കു ചിതറിവീണ നരബാധിച്ചു തുടങ്ങിയ മുടിയിഴകളെ ഒതുക്കിവെക്കുമ്പോള്‍ അറിയാതെ അവരുടെ ചുണ്ടുകളില്‍ ഒരു ചിരി മിന്നി.