ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സൈനബ എസ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
എനിക്കു പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ഞാന്‍ പെരിയ പൊണ്ണായത്. പള്ളിക്കൂടത്തില്‍ ഏഴാം ക്ലാസ്സ് കണക്ക് പാഠപുസ്തകത്തിലെ വളരെ സങ്കീര്‍ണ്ണമായ ഒരു ചോദ്യത്തിന്റെ ഉത്തരം തെറ്റിച്ചപ്പോള്‍ പങ്കജം ടീച്ചറുടെ ചൂരല്‍പ്പാട് കാല്‍വണ്ണയില്‍ പതിഞ്ഞതും അടിവയറ്റില്‍ ഒരു വേദന പൊട്ടിയതും ഒന്നിച്ചായിരുന്നു . അടിവയറ്റില്‍ പൊട്ടിയ വേദന മുട്ടവിരിഞ്ഞുണ്ടായ പാമ്പിന്‍കുഞ്ഞുങ്ങളെപ്പോലെ തുടയിടുക്കിലൂടെ ഇഴഞ്ഞിറങ്ങി ചോരത്തല പുറത്തേയ്ക്കിട്ടു. കാല് രണ്ടും ചേര്‍ത്തുപിടിച്ചപ്പോള്‍ അതിനിടയില്‍പ്പെട്ട് ചതഞ്ഞ ചോരത്തലകള്‍ തുടയിടുക്കില്‍ ഒട്ടിനിന്നു. എന്റെ കണ്ണ് ഒരു കടലായി. തിരയടിച്ചിറങ്ങിയ ഉപ്പുനീര് കവിളിലൊട്ടി നിന്നു. ക്ലാസ്സിലെ കുട്ടികള്‍ ചിരിച്ചു തുടങ്ങി. ചിരികള്‍ക്കിടയിലൂടെ നടന്ന് അവസാനത്തെ ബെഞ്ചിന്റെ മൂലയ്ക്ക് ഒതുങ്ങിക്കൂടിയിരുന്നപ്പോള്‍ വയറിനകത്ത് ഒരു തിളച്ചുമറിയലുണ്ടായി. എനിക്ക് വല്ലാത്തൊരു വേദന എടുത്തു. മാംസം എരിഞ്ഞു കത്തി ചാമ്പലായപോലെ തോന്നി. കണക്ക് ക്ലാസ് തീര്‍ന്നതും ഉച്ചക്കഞ്ഞിക്കുള്ള ബെല്ലടി മുഴങ്ങി. ചോറ്റുപാത്രവുമായി ഈച്ച പാറുന്ന കഞ്ഞിപ്പാത്രത്തിന് മുന്നില്‍ വരി തെറ്റിച്ച് നിന്ന് കലപില കൂട്ടുന്ന കുട്ടികള്‍ക്കൊപ്പം നില്‍ക്കാതെ ഞാന്‍ മൂത്രപ്പുരയിലേക്കോടി. പെണ്‍കുട്ടികള്‍ മൂത്രമൊഴിച്ചിട്ട് വെള്ളമൊഴിക്കാതെ അവിടമാകെ വല്ലാത്ത നാറ്റമായിരുന്നു.
...........................
Also Read: വീട്, വെങ്കിടേശ്വരി കെ എഴുതിയ കവിത
...........................
ഇട്ടിരുന്ന പച്ച യൂണിഫോം പാവാടയില്‍ രക്തച്ചോപ്പ് കലര്‍ന്ന് കടുത്തു. ഇരുട്ട് കുത്തിനിന്ന മൂത്രപ്പുരയുടെ മൂലയ്ക്ക് മറഞ്ഞ് നിന്ന് ഞാന്‍ പാവാടയില്‍ വെള്ളം ചീറ്റിക്കഴുകി. നനഞ്ഞ് കനത്ത പാവാടയില്‍ നിന്ന് വെള്ളത്തോടൊപ്പം കലര്‍ന്ന ചോര പിഴിഞ്ഞെടുത്തു. മൂത്രവും തീട്ടവും തേച്ചൊട്ടി നിന്ന തറയിലേക്ക് കുടുകുടാന്നത് ഒറ്റി വീണു. ഉപയോഗിച്ചിരുന്നത് ഒരു പഴയ അടിവസ്ത്രമായിരുന്നു, ഉള്ള നാലെണ്ണത്തില്‍ പഴയ ഒരെണ്ണം. അപ്പ എനിക്കത് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വാങ്ങിക്കൊണ്ടുവന്നതാണ്. അടിഭാഗം പിഞ്ഞിക്കീറി നൂലൊക്കെ പൊടിഞ്ഞ് കുഞ്ഞു കുഞ്ഞു തുളകള്‍ വീണ അതില്‍ കടും നിറത്തില്‍ കൊഴുത്ത എന്തോ ഒന്ന് ഒട്ടിനിന്നു. അതിനു ചുറ്റും അപ്പടി ചോര വെള്ളമാണ്. അതിന്റെ കെട്ട നാറ്റം മൂക്ക് തുളഞ്ഞ് കയറി. ഓക്കാനിച്ചപ്പോള്‍ രാവിലെ കഴിച്ച കഞ്ഞിയും പയറും ഇളം മഞ്ഞനിറത്തില്‍ മൂത്രവെള്ളത്തില്‍ വീണ് ചിതറി. മൂത്രപ്പുരയ്ക്ക് പിന്നിലെ പാതി പൊളിഞ്ഞ മതില്‍ക്കെട്ടിന്റെ ഉടഞ്ഞ് വീണ ഇഷ്ടികക്കല്ല് ചവിട്ടിക്കടന്ന് ഞാന്‍ വീട്ടിലേക്കോടി.
അപ്പ നഗരത്തിലെ ചപ്പുചവറുകള്‍ പെറുക്കാന്‍ പോയിരുന്നു. വീട് പൂട്ടീട്ടില്ല. അകത്ത് കയറി തറയില്‍ കുന്തിച്ചിരുന്ന് ഞാന്‍ കരഞ്ഞു. തറയിലേക്ക് ഒഴുകിയിറങ്ങിയ ചോരവെള്ളം സിമന്റടര്‍ന്ന് കുഴിഞ്ഞുണ്ടായ ഭാഗങ്ങളില്‍ കുളം തോണ്ടി. അടിവയറ്റില്‍ കൈവെള്ള അമര്‍ത്തി വെറും തറയില്‍ ഞാന്‍ കരഞ്ഞു മയങ്ങി.
'സെല്‍വീ... സെല്‍വീ... ഉനക്ക് എന്നാച്ച്മ്മ!'
പതറുന്ന കണ്ണുകളോടെ വിറയ്ക്കുന്ന കൈകള്‍കൊണ്ട് അപ്പ എന്നെ വിളിച്ചുണര്‍ത്തി. കരഞ്ഞു വീര്‍ത്ത എന്റെ മുഖം കണ്ട് അപ്പാവിന്റെ കണ്ണ് വിസ്തരിച്ചത് ഞാന്‍ കണ്ടു. തറയില്‍ ഉണങ്ങി ഉറച്ച് നിന്ന ചോരക്കറ കണ്ടാണ് അപ്പാവിന്റെ കണ്ണ് കലങ്ങിയത്. വിയര്‍പ്പൊട്ടി നിന്ന അപ്പാവിന്റെ കറുത്ത രോമക്കുറ്റികളുള്ള മാറിടത്തിലേയ്ക്ക് തല ചായ്ഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരുപോലെ കരഞ്ഞു. അയല്‍പ്പക്കത്ത് നിന്ന് സെവ്വന്തിയക്കയെ അപ്പ കൂട്ടിക്കൊണ്ടു വന്നു. അക്ക ചോരവെള്ളത്തില്‍ നനഞ്ഞു നാറിയ അടിവസ്ത്രം ഊരാന്‍ പറഞ്ഞു. ഇട്ടിരുന്ന യൂണിഫോമും ഊരിമാറ്റി. അക്ക കൊണ്ടുവന്ന പച്ചമഞ്ഞളരച്ച് തേച്ച് തന്ന് തലയ്ക്ക് വെള്ളമൊഴിച്ചു. ചുവന്ന പൂക്കളുള്ള ഒരുടുപ്പും പുതിയ അടിവസ്ത്രവും അപ്പ വാങ്ങിക്കൊണ്ട് വന്നു. വീട്ടിലുണ്ടായിരുന്ന അപ്പാന്റെ പഴയ വേഷ്ടികളില്‍ ഒരെണ്ണം ചീന്തിയെടുത്ത് പുതിയ അടിവസ്ത്രത്തില്‍ സെവ്വന്തിയക്ക വച്ചു തന്നു. ആദ്യമായി അടിവസ്ത്രത്തില്‍ തുണിയുപയോഗിച്ചപ്പോള്‍ വല്ലാത്ത അസ്വസ്ഥത തോന്നി.
...............................
Also Read: രണ്ടു പെണ്ണുങ്ങള്‍, സൈനബ എഴുതിയ ചെറുകഥ
...............................
'അമ്മാ ഇല്ലാത ഇന്ത കുഴന്തയെ നീ താന്‍ തായേ പാത്ത്ക്കണം.'
ജീവിതത്തിലെ കയ്‌പേറിയ കഴിഞ്ഞകാല അനുഭവങ്ങളുടെ വികൃതമായ ഭൂപടങ്ങള്‍ വരച്ചിട്ട ചുവരില്‍ ആണിയടിച്ച് തറച്ച മീനാക്ഷിയമ്മന്റെ ചില്ലുപടത്തിനു മുന്നില്‍ കൈകൂപ്പി നിന്ന അപ്പ കലങ്ങിയ കണ്ണുകളുമായി ഒരുമാത്ര എന്നെയൊന്ന് നോക്കി. ഭൂതകാല ഓര്‍മ്മകളുടെ ചങ്ങലയില്‍ അകപ്പെട്ട് അപ്പ ഒന്നുകൂടെ പിടഞ്ഞു.
എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് അമ്മ വേറൊരാളുമായി പ്രണയബന്ധത്തിലാവുന്നത്. ഏതോ ഒരു രാത്രി ഉടുത്തിയ പുടവയോടെ അമ്മ കാമുകനൊപ്പം വീടുവിട്ടിറങ്ങി. അമ്മയെ കാണാതെ പരിഭ്രാന്തനായ അപ്പ വീട്ടില്‍ പൂജാമുറിയിലെ ദൈവങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്ന് അലമുറയിട്ടപ്പോള്‍ കണ്ടത് പരന്ന പിത്തളപ്പാത്രത്തിലെ കുങ്കുമച്ചെപ്പിനടുത്ത് അമ്മയുടെ കഴുത്തില്‍ അപ്പ കെട്ടിയ മഞ്ഞത്താലി ചത്ത് മലച്ച് കിടക്കുന്നതാണ്. അമ്മ നിലത്തേയ്ക്ക് വലിച്ചെറിഞ്ഞിട്ടുപോയ കുപ്പിവളപ്പൊട്ടുകള്‍ കാലില്‍ തറഞ്ഞ് എന്റെ കുഞ്ഞുവായ നിലവിളിച്ച് കരഞ്ഞപ്പോഴാണ് അപ്പ സ്വബോധം വീണ്ടെടുത്തത്.
'ഷണ്‍മുഖം പൊണ്ടാട്ടി ഓടിപ്പോയിട്ടാള്‍' എന്ന് നാട്ടുകാര്‍ ഓരോരുത്തരും പറഞ്ഞ് നടക്കാന്‍ തുടങ്ങി. അതിലൊരുത്തന്റെ നാവ് വഴി വന്ന വാക്ക്, വീട്ട് വാസപ്പടി തൊട്ടപ്പോഴാണ് അവമാനം സഹിക്കവയ്യാതെ അപ്പ എന്നെയുമെടുത്ത് ഊര് വിട്ടത്. മാസങ്ങളോളം ഞങ്ങള്‍ ഊരിന്റെ പല ഭാഗത്തായി അലഞ്ഞു തിരിഞ്ഞു. കിട്ടിയത് മുഴുവന്‍ എനിക്ക് തന്ന്, അപ്പ പട്ടിണി കിടന്നു.
അപ്പാവിന്റെ മുറിവുകള്‍ എന്നില്‍ നിന്നും മറച്ചു. പക്ഷെ, അന്ന് ഞാനത് വ്യക്തമായി കണ്ടു. ഉറങ്ങിക്കിടന്നിരുന്ന അപ്പാന്റെ മുണ്ട് മറഞ്ഞ് കിടന്ന വലത്തേ കാലിനെ കാറ്റ് നഗ്‌നമാക്കിക്കൊണ്ട് കടന്ന് കളഞ്ഞപ്പോഴാണ് ആ കാഴ്ചയെ കണ്ണൊപ്പിയെടുത്തത്. അപ്പാവിന്റെ കറുത്ത് കരുവാളിച്ച കാലില്‍ വരഞ്ഞുണ്ടായ മുറിവുകള്‍ ചോര വറ്റിത്തളര്‍ന്ന് ഉറക്കമാണ്. നഗരത്തിലെ മനുഷ്യരുടെ എച്ചിലും മൂത്രവും ചവിട്ടി, കാല്‍വിരലുകള്‍ക്കിടയില്‍ പൊന്തി നിന്ന ചലംനിറഞ്ഞ പഴുത്ത മഞ്ഞപ്പൊള്ളങ്ങള്‍ ഞാനപ്പോള്‍ തൊട്ടു. എന്റെ വയറ് നിറയ്ക്കാന്‍ അപ്പ തേടിയ വഴികളുടെ എണ്ണമറ്റ ദിശാരേഖകള്‍ കാല്‍പാദത്തിന് കീഴെ പല വഴിക്ക് വിണ്ട് കീറിക്കിടന്നു. അതിലൂടെ വിരലോടിച്ചപ്പോള്‍ ആ വഴികളൊക്കെ പരുപരുത്തതും മാംസം കുത്തിത്തുളയ്ക്കുന്നതുമാണെന്ന് ഞാനറിഞ്ഞു.
കിടക്കവിരിയിലും ഉടുപ്പിലും ചോര ചിന്തിയപ്പോഴെല്ലാം അപ്പാ അത് കഴുകിയെടുത്തു. അതില്‍ വിറങ്ങലിച്ച് കിടന്ന കടുത്ത നിറത്തിലെ ചോരപ്പാട് കഴുകിക്കളയുമ്പോഴെല്ലാം അപ്പ ഉടുത്തിയ വേഷ്ടിയിലും ചോര വെള്ളം കലര്‍ന്ന് ചുവക്കുമായിരുന്നു. അപ്പ ഇല്ലാത്ത നേരത്ത് സെവ്വന്തിയക്ക വീട്ട് വാസപ്പടിയിലേക്ക് കണ്ണും നട്ടിരുന്നു. മീനാക്ഷിയമ്മന് ചാര്‍ത്തിയ പൂവില്‍ നിന്ന് ഒരെണ്ണം എന്റെ കൈയ്യില്‍ സൂക്ഷിച്ച് വയ്ക്കാനായി അപ്പ ശട്ടം കെട്ടി. ഇരുട്ടിയാല്‍പ്പിന്നെ അപ്പ എന്നെ പുറത്ത് വിടില്ല. തെരുവില്‍ കഴുകക്കണ്ണുകളുമായി ഇരയെ റാഞ്ചാന്‍ പരക്കം പായുന്ന ഇരുകാലികള്‍ ഇടത്തോട്ടും വലത്തോട്ടും നട്ടം തിരിഞ്ഞ് നടക്കുകയാണ്. അതിലോരോരുത്തനും എത്രയോ പെണ്‍ശരീരങ്ങളെ തൊലിപൊളിച്ച് അതിലെ ആത്മാക്കളെ തുരത്തിയോടിച്ച് ഇരുട്ട് തുപ്പിയ മൂലയിലേക്ക് നടപ്പൊണമാക്കി തള്ളിവിട്ടിട്ടുണ്ട്.
..................................
Also Read : മണ്‍പുഴു, സൈനബ എഴുതിയ ചെറുകഥ
..................................
അന്ന് നരച്ച ഇരുട്ട് പടര്‍ന്ന ആ ഒറ്റമുറിയുടെ മൂലയിലേക്ക് അയാളെന്നെ തള്ളിവിട്ടപ്പഴും തൊലിപൊളിഞ്ഞ എന്റെ ശരീരം നടപ്പൊണമായി മൂലയ്ക്ക് ചുരുണ്ടുകൂടിയത് ഓര്‍മ തുളച്ച് വരുന്നുണ്ട്.
'സെല്‍വി...?'
അത് വേലുവായിരുന്നു. ഞങ്ങളിരുന്ന തെരുവിലെ അവസാനത്തെ വീട്ടിലായിരുന്നു അവനും അവന്റെ അച്ഛനും താമസിച്ചിരുന്നത്. വേലുവിന്റെ അമ്മ വസൂരി വന്ന് ചത്തതാണ്. ശവമടക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ അവന്റെ അച്ഛന്‍ ആള്‍നടമാട്ടമില്ലാത്ത ഏതോ ഒരു കുറ്റിക്കാട്ടില്‍ ശവത്തെ ഉപേക്ഷിച്ചു. അതിനുശേഷം 'കുടികാരന്‍ അപ്പാവിന്റെ' തല്ലും കൊണ്ടാണ് അവന്‍ ക്ലാസിലേക്ക് വന്നുകൊണ്ടിരുന്നത്. ഞങ്ങള്‍ പരമപദം വിളയാടുമ്പോള്‍ അവന്റെ ദേഹത്തില്‍ വരഞ്ഞുണ്ടായതും പൊള്ളിയതുമായ മുറിവുകളെപ്പറ്റി കഥ പറഞ്ഞു. ദേഹം നൊന്ത് നീറിയപ്പഴും അവന്റെ കണ്ണുകള്‍ വല്ലാതെ തിളങ്ങി.
അന്ന് കണക്ക് ടീച്ചര്‍ തുടയില്‍ ചൂരല്‍ പാട് വരച്ചിട്ടപ്പോള്‍ വേലുവും ക്ലാസ്സിലുണ്ടായിരുന്നു. അവന്‍ ഒന്നാമത്തെ ബെഞ്ചില്‍ കണ്ണിറുക്കിപ്പിടിച്ചിരുന്നത് ചൂരല് കൊണ്ട വേഗത്തിലും ഞാന്‍ കണ്ടു. മൂത്രപ്പുരയിലേക്ക് ഞാനോടുമ്പോള്‍ അവന്റെ മുഖം നിറം മങ്ങിയ അമ്പിളി പോലെ തിരക്കിനിടയിലും ബഹളത്തിനിടയിലും മറഞ്ഞു നിന്നത് ഞാനോര്‍ക്കുന്നു.
'പങ്കജം ടീച്ചറ് പോച്ച്... വെങ്കടാചലംന്ന് ഒരു വാത്തിയാറ് വന്തിറ്ക്ക്.'
പാതി കീറിയ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് ഒരു ചെറിയ കഷണം മിഠായിത്തുണ്ടെടുത്ത് എനിക്ക് നേരെ നീട്ടിക്കൊണ്ടവന്‍ ചോദിച്ചു.
'ഇവളവ് നാളാ എങ്കെ പോനെ നീ... വറത്ക്ക് ബയമാ ഇര്ന്ത്ച്ചാ?'
ഒരു പൊയ്‌പേച്ചിലേക്ക് നാവ് വഴുതാതെ തലയൊന്ന് ഇടം വലം തിരിഞ്ഞ് നിന്നതേയുള്ളൂ. അപ്പ പറഞ്ഞിട്ടുണ്ട്, പെരിയ പൊണ്ണായതിനു ശേഷം ആണ്‍കുട്ടികളോടൊന്നും അധികം പേച്ച് വാര്‍ത്തയ്ക്ക് നില്‍ക്കണ്ടെന്ന്. അക്കാര്യം മനസില്‍ നുരഞ്ഞ് പൊന്തുമ്പോഴേക്കും അവനെ അവഗണിച്ച് ഞാന്‍ ക്ലാസ്സിലേക്കോടി.
....................
Also Read: ടൈപ്പിങ്..., സൈനബ എഴുതിയ ചെറുകഥ
....................
ക്ലാസ് മുറി വരാന്തയിലെ വലിയ തൂണ് മറഞ്ഞ് നിന്നാണ് ഞാനാ പെരിയ ഉരുവത്തെ കണ്ടത്. തടിച്ചൊരു രൂപം ക്ലാസ്സിലേക്ക് ഉരുണ്ടുപോയി. അതിന് പിന്നാലെ ഞാനും. അകത്തേക്ക് കയറാന്‍ അനുവാദം തരുമ്പോള്‍ കണക്ക് വാധ്യാര്‍ പലതും കണക്ക് കൂട്ടി ഉത്തരം കണ്ടെത്തി സന്തോഷിച്ചതുപോലെ തോന്നിച്ചു. എല്ലാ ദിവസവും കണക്ക് വാധ്യാര്‍ ക്ലാസ്സില്‍ വരും, കണക്ക് പഠിപ്പിക്കും, കറുത്ത ബോര്‍ഡില്‍ അത് ചെയ്യിപ്പിക്കും. കണക്ക് തെറ്റിക്കുന്ന ആണ്‍കുട്ടികളെ പരസ്യമായി ട്രൗസറ് ഊരി ചന്തിക്ക് ചൂരല് വരയും. പെണ്‍കുട്ടികളെ രഹസ്യമായേ വാധ്യാറ് ഗൗനിക്കാറുള്ളൂ. അവരുടെ ചന്തിയില്‍ ആഴത്തിലായി ചോപ്പന്‍ അമ്പിളിത്തുണ്ടുകള്‍ അത്തരത്തിലുള്ള ഗൗനിപ്പിലൂടെയാണ് ഉണ്ടായത്.
പുതിയതായി വന്ന കണക്ക് വാധ്യാറിന്റെ തിരുട്ട് വേലകളെപ്പറ്റി അവിവാഹിതരായ അധ്യാപികമാര്‍ ചര്‍ച്ച ചെയ്യാറുണ്ട്. കുടവയര്‍ തള്ളി വറ്റിലച്ചാറ് ഒഴുക്കിക്കൊണ്ട് കണക്ക് വാധ്യാര്‍ അധ്യാപികമാരുടെ മുറിയില്‍ കയറിയിറങ്ങി വിലസാറുണ്ട്. കണക്ക് വാധ്യാറിന് മാത്രമായുള്ള ഒറ്റമുറിയില്‍ ഞെക്കലിന്റെയും ഞരങ്ങലിന്റെയും കുഞ്ഞു കുഞ്ഞു ശബ്ദങ്ങള്‍ കേട്ട്‌കൊണ്ട് വരുന്ന പെണ്‍കുട്ടികള്‍ ക്ലാസ്സില്‍ ചര്‍ച്ച തുടങ്ങുമായിരുന്നു. ചെയ്തു തീര്‍ത്ത കണക്കുകള്‍ കാണിക്കാന്‍ പോകുമ്പോള്‍ എനിക്കവിടെ വച്ചാണ് എല്ലാം പിഴക്കുക.
അന്നും ഞാനൊരു കണക്ക് തെറ്റിച്ചു. ചെവിക്ക് നുള്ളിപ്പിടിച്ച വാധ്യാറ്, പുസ്തകവുമായി വാധ്യാറിന്റെ മുറിയില്‍ പോയി മുട്ടുകുത്തി നില്‍ക്കാന്‍ പറഞ്ഞു. അങ്ങനെയാണ് ഞാനാ മുറിയില്‍ ഭയത്തോടുകൂടി പ്രവേശിച്ചത്. ഇതിനു മുന്‍പും ക്ലാസ്സിലെ എത്രയോ പെണ്‍കുട്ടികള്‍ ആ ഒറ്റമുറിയില്‍ മുട്ടുകുത്തി നിന്നിട്ടുണ്ട്, വാദ്യാര്‍ വരുന്നതുവരെ. അവരെയൊക്കെ വാതിലടച്ച് രഹസ്യമായെ ശിക്ഷിക്കാറുള്ളൂ. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന പെണ്‍കുട്ടികളുടെ പച്ചപ്പാവാട കുഴഞ്ഞ് മറിഞ്ഞിരിക്കും. ചില ഭാഗത്ത് തുണിക്കഷണം പറിഞ്ഞ് തൂങ്ങിക്കിടക്കും. വായ പൊത്തിപ്പിടിച്ച് കരഞ്ഞുകൊണ്ട് അവര്‍ ക്ലാസ് മുറിയിലേക്ക് ഓടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
ക്ലാസ് തീര്‍ന്നു. കണക്ക് വാധ്യാര്‍ കുടവയറ് മുന്നോട്ട് തള്ളി നടന്നു വന്നു. ആരും ഇല്ലെന്ന ഉറപ്പില്‍ മുറിയുടെ വാതിലടച്ചു. വാധ്യാര്‍ ചിരിച്ചപ്പോള്‍ വറ്റിലച്ചാറുചോപ്പില്‍ മുങ്ങിയ പല്ലുകള്‍ വികൃതമായി. പച്ചപ്പാവാട പൊക്കി തുടയ്ക്ക് പിടിച്ച തടിച്ചുരുണ്ട വിരലുകള്‍ ചോണനുറുമ്പുകളെപ്പോലെ മുകളിലേക്ക് അരിച്ചു കയറിയപ്പോള്‍ ഞാന്‍ പേച്ച്മൂച്ചില്ലാതെ നിന്നു. ചന്തിയില്‍ തടിച്ച് കൊഴുത്ത കൈപ്പത്തി പതിഞ്ഞതും എന്റെ വായ പൊത്തിപ്പിടിച്ചതും ഒന്നിച്ചായിരുന്നു. അന്നേരം ചന്തിയില്‍ തെളിഞ്ഞ അമ്പിളിത്തുണ്ടുകള്‍ക്ക് വാദ്യാറ് ചവച്ചുതുപ്പിയ വറ്റിലച്ചാറിന്റെ ചോപ്പന്‍ നിറമായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...