ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. സാഹി സലാം എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഞങ്ങളുടെ നാട്ടില്‍, ഒരിക്കല്‍ കൂണുപോലെ ഒരു സിദ്ധന്‍ പൊടിച്ചുവന്നു. പതിയെ പതിയെ അയാള്‍ ഓരോ കാതിലും പടര്‍ന്നു പന്തലിച്ചു. ഔലിയാ എന്നും മഹാസിദ്ധന്‍, എന്നും കേള്‍വികേട്ടു.
അദ്ദേഹം മന്ത്രിച്ച വെള്ളം കുടിച്ച് പലരും രോഗവിമുക്തരായി. പെറാത്ത പെണ്ണുങ്ങള്‍ പെറ്റു കുട്ട്യോളേം ഒക്കത്ത് കെട്ടി നടന്നു. ഏത് ബാധയും അനായാസം ഒഴിഞ്ഞു പോയി. കളഞ്ഞു പോയത് കിട്ടി. -ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സിദ്ധികള്‍ നാടാകെ കേള്‍വികേട്ടത്.
'ദേവേടത്തിന്റെ പൊട്ടക്കിണറ്റില് സിദ്ധന്‍ മന്ത്രിച്ച വെള്ളം ഒന്നു കുടഞ്ഞതാ, ഇപ്പതാ ... കിണറ്റില്‍ നിറയെ വെള്ളം.. എന്താലേ...'-കിണറ്റിന്‍ കരയില്, ബക്കറ്റും കുടവും മിണ്ടിപ്പറഞ്ഞു.
ഒരു പാട് കഥകള്‍ എന്റെ ഉമ്മയും പറഞ്ഞു. വടക്കേലെ സാജിദാത്താന്റെ കുട്ടി സിദ്ധന്‍ മന്ത്രിച്ച വെള്ളത്തിന്റെ ഫലമാണെന്ന് ഉമ്മ ആണയിട്ടു.
സിദ്ധികളുടെ കഥകള്‍ ആകാശത്തോളം പറന്നുപൊന്തിയതിനെ തുടര്‍ന്ന്, ജാതിമതഭേദമന്യേ ആളുകള്‍ പല നാട്ടില്‍ നിന്നും സിദ്ധനെ കാണാനെത്തി. വല്ലാത്ത തിരക്കായിരുന്നു സിദ്ധനെ കാണാന്‍. നീണ്ടു നീണ്ടു കിടക്കുന്ന വരിയില്‍ ആളുകള്‍ അക്ഷമരായി കാത്തു നിന്നു.
അങ്ങനെയിരിക്കെ എന്റെ കെട്ടിച്ച പെങ്ങള് വീട്ടില്‍ വന്നു. അവള് ഗര്‍ഭിണിയാണ്.. എന്തോ സാരമായ പ്രശ്‌നമുണ്ടത്രേ. 'വളരെയേറെ സൂക്ഷിക്കണം, നിങ്ങള്‍ക്ക് ഭാഗ്യവും ദൈവകൃപയും ഉണ്ടേല്‍ എല്ലാം ശരിയാവും' എന്നാണത്രെ പരിശോധനയില്‍ ഡോക്ടര്‍ പറഞ്ഞത്.
വേദനയിലും ബുദ്ധിമുട്ടിലുമായ പെങ്ങള്‍ മരുന്നും മറ്റുമായി കഴിഞ്ഞു കൂടുന്നതിനിടെ ഒരു ദിവസം സ്‌കൂളും കഴിഞ്ഞ് വീട്ടില്‍ വന്നു കേറിയ എന്നോട് ഉമ്മ പറഞ്ഞു: 'എനിക്ക് വല്ലാത്ത വയറുവേദന, തുടങ്ങീട്ട് രണ്ടാഴ്ചയായി. ഒരു മാറ്റവുമില്ല. നീയാ മഹാസിദ്ധന്റെയടുത്തു പോയി മന്ത്രിച്ച വെള്ളം കൊണ്ടു വാ...കിട്ടിയാല്‍ പെങ്ങക്കും കുടിക്കാലോ... സിദ്ധന്‍ മന്ത്രിച്ച വെള്ളം കുടിച്ചാല്‍ എല്ലാം ശരിയാവും...'
ഞാന്‍ കുപ്പിയുമായി സിദ്ധന്റ സ്ഥലത്തേക്ക് നടന്നു. ദൂരേന്ന് തന്നെ കാണാം നീണ്ടു വളഞ്ഞ വരികള്‍. 'ഇന്നൊന്നും കാണാന്‍ പറ്റില്ല. അത്രയും തിരക്കാണ്.'-ആരോ അടുത്തുനിന്നും പറയുന്നുണ്ട്.
അവസ്ഥ കണ്ടപ്പോള്‍ സംഗതി ശരിയാണെന്ന് എനിക്കും തോന്നി. തിരക്ക് കൂടിയ സ്ഥിതിക്ക് കുറച്ചു കഴിഞ്ഞ് വരുന്നതാണ് ബുദ്ധി.
സിദ്ധന്റെ താമസ സ്ഥലത്തിന് ഒരു കിലോമീറ്ററപ്പുറം ഒരു സിനിമ തീയറ്ററുണ്ട്. കാണണമെന്ന ഏറെ ആഗ്രഹിച്ച സിനിമ ഓടുന്നുണ്ടവിടെ. ഏതായാലും ഇവിടെ വരെ വന്നു. സമയം കുറേ എടുക്കാതെ സിദ്ധനെ കാണാനും പറ്റില്ല. അതിനാല്‍, ആ നേരം കൊണ്ട് സിനിമയ്ക്ക് പോവാം.
തീരുമാനവും പോക്കും ഒന്നിച്ചു കഴിഞ്ഞു. സിനിമ കഴിഞ്ഞു ഇറങ്ങിയപ്പോഴേക്ക്, വരിയും സിദ്ധനും ഒക്കെ അന്നത്തെ പരിപാടി നിര്‍ത്തിയിരുന്നു.
ഇനിയെന്താ ചെയ്യാ...?
കുപ്പീല് വെള്ളമില്ലാതെ ചെന്നാല്‍ ഉമ്മ വീട്ടില്‍ കേറ്റില്ല. മാത്രമല്ല, നാളേം ഇവിടെ വരേണ്ടി വരും, തിക്കിത്തിരക്കി നില്‍ക്കേണ്ടി വരും.
ആലോചിച്ചാലോചിച്ച് ഞാന്‍ വീട്ടിലേക്ക് തിരിച്ചു.
ഇനിയിപ്പം എന്ത് ചെയ്യും?
ബസ്സിറങ്ങി ചേറാഴിത്തോടിന്റെ വരമ്പിലൂടെ നടക്കുമ്പോഴും കുഴക്കുന്ന ആ ചോദ്യം ഉള്ളില്‍ നിറഞ്ഞു.
വെളിച്ചം മങ്ങിത്തുടങ്ങിയിരുന്നു. ദിവസവും കളിച്ചു നടക്കുന്ന സ്ഥലമായത് കൊണ്ട് ഒട്ടും വിഷമം തോന്നിയില്ല നടക്കാന്‍.
വെള്ളമില്ലാതെ ചെല്ലുമ്പോള്‍ ഉമ്മയും പെങ്ങളും എന്ത് പറയുമെന്ന ആധി ഇപ്പോള്‍ ഭയമായി മാറി. അപ്പോഴാണ് ഉഗ്രനൊരു ഐഡിയ!
നിറഞ്ഞു നില്‍ക്കുന്ന ചോഴിത്തോട്ടില്‍ നിന്നും ബിസ്മിയും ചൊല്ലി കുപ്പീല് വെള്ളം നിറച്ചാലോ...?
തോടിന്റെ അടിയില് നിറയെ ചേറാണ.് അതോണ്ട് തന്നെ ചേറാഴിത്തോട് എന്ന പേരും.
ഞാനവിടെ ഇറങ്ങി കുപ്പി വെള്ളത്തിലിട്ടു.
കുപ്പി നല്ല 'ഗ്ലും ഗ്ലും' ശബദമുണ്ടാക്കി നിറഞ്ഞു. നല്ല തെളിഞ്ഞ വെള്ളം.
ചേറ് തോടിന്റെ അടിയിലങ്ങനെ അനങ്ങാതെ കിടന്നു. എന്റെ കുപ്പിയിലേക്ക് കേറാന്‍ അത് മെനക്കട്ടില്ല.
വീട്ടില്‍ ചെന്ന് കേറിയതും ഉമ്മാന്റെ മുഖം തിളങ്ങി:
'അല്ലാഹ്, കിട്ടിയല്ലോ. ന്റെ മോന്‍ വരി നിന്ന് കൊഴങ്ങിയോ...'
'സാബിയേ, നിയ്യ ഗ്ലാസും കൊണ്ട് വാ. ഇപ്പോത്തന്നെ ബിസ്മിയും ചെല്ലി കുടിക്ക്. എല്ലാം മാറട്ടെ. എന്നും രാവിലെ കുടിച്ചാ ഉറപ്പാ സുഖപ്രസവാകും!'
ഉമ്മാന്റെ വാക്കുകള്‍ എന്റെ ഉള്ളില്‍ ഉളി കൊണ്ട് വീശുന്ന പോലെ കൊണ്ടു. ചെറിയൊരു ബേജാര്‍. എന്നാലും ഞാന്‍ മിണ്ടിയില്ല. ഒന്നുമുണ്ടാവില്ലെന്ന് സ്വയം പറഞ്ഞു.
സംഗതി നടന്നു. രണ്ടാം ദിവസം ഉമ്മാന്റെ വയറു വേദന പമ്പ കടന്നു. ഉമ്മാക്ക് നാല് നാക്കു വന്നു. അയല്‍വക്കത്തൊക്കെ നടന്ന സിദ്ധിയുള്ള വെള്ളത്തിന്റെ മഹിമ വിളമ്പി.
തീര്‍ന്നില്ല, മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പെങ്ങള്‍ പ്രസവിച്ചു. സുഖപ്രസവം. അതോടെ ഉമ്മാന്റെ നാക്കിന് എത്ര നീളം വെച്ചെന്ന് ചോദിക്കാനുണ്ടോ!
കാലങ്ങള്‍ കഴിഞ്ഞപ്പോഴും ഞാനിതാരോടും പറഞ്ഞില്ല. പെങ്ങളെ മകന്‍ വികൃതികളോടെ ഓടി നടക്കുമ്പോള്‍ ഞാനൊരു ചിരിയോടെ ഓര്‍ക്കും, ചേറാഴിത്തോട്ടിലെ വെള്ളത്തിന്റെ സിദ്ധി.
കാലമങ്ങനെ പാഞ്ഞു പോയി. കള്ള സിദ്ധനെന്ന് ആരൊക്കെയോ അയാളെപ്പറ്റി പറഞ്ഞു. പിന്നെ പിന്നെ മൂപ്പരുടെ കള്ളത്തരങ്ങള്‍ പലതും പുറത്ത് വന്നു. പിന്നെയെന്നോ ആ സിദ്ധന്‍ അപ്രത്യക്ഷമായി. ആരുമറിയാതെ അയാള്‍ എവിടേക്കോ മാഞ്ഞു പോയി.
ഈയിടെ ഒരിക്കല്‍ അമ്മായി വീട്ടില്‍ വന്നപ്പോള്‍ പഴയ കാലത്തെ കുറെ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. അതില്‍ അന്നത്തെ സിദ്ധനും വിഷയമായി. നമ്മളും അങ്ങനൊക്കെ ചെയ്തില്ലേ എന്ന മട്ടിലായിരുന്നു അമ്മായിയുടെ സംസാരം. അന്നേരം ഉമ്മാടെ ഉള്ളിലുണ്ടായത് എന്ത് വികാരമെന്ന് എനിക്കറിയാന്‍ കഴിഞ്ഞില്ല.
അന്നേരംം, ഞാനാ കഥ പറഞ്ഞു. പണ്ട് ചേറായിത്തോട്ടില്‍ നിന്ന് വെള്ളം നിറച്ച് അവരെ പറ്റിച്ച കാര്യം.
അതൊരു കൂട്ടച്ചിരിക്ക് തിരി കൊളുത്തി.
'എടാ പഹയാ, നീയും എന്നെ പറ്റിച്ചോ...' ഉമ്മ ഒന്നു നീട്ടി ഗൗരവം കാണിച്ചു.
'ഒന്നു പോടാ'-പെങ്ങള്‍ ഒന്നു കണ്ണുരുട്ടി.
എന്നാലും എങ്ങനെയാണ് വയറു വേദന രണ്ടാം ദിവസം സുഖപ്പെട്ടതെന്ന് എന്റെ ഉമ്മ മഹതി ആശ്ചര്യത്തോടെ ആത്മഗതം കൊണ്ടു. ഗര്‍ഭകാലത്ത് ഇത്രേം പ്രശ്‌നം പറഞ്ഞിട്ടും പെങ്ങളെ കുരിപ്പ് സുഖായിട്ട് ഭൂമിയില് ഓടിച്ചാടി നടക്കുന്നത് കണ്ട് ഞാന്‍ പറഞ്ഞു, 'എല്ലാം ചേറാഴിത്തോടിന്റെ മഹാത്മ്യം!'
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...