Malayalam Short Story : വിരാമം, സഫി അലി താഹ എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published May 21, 2022, 3:00 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  സഫി അലി താഹ എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

'അമ്മയ്ക്ക് എന്താണ് ഇത്ര ദേഷ്യം? തൊട്ടതിനും പിടിച്ചതിനും ഇത്രയേറെ ദേഷ്യം കാണിക്കേണ്ടതുണ്ടോ?'

'നീ ക്ഷമിക്ക് നീലു. എന്റെ അമ്മയല്ലേ?'

'കിരണ്‍ ഞാന്‍ എത്ര നന്നായിട്ടാണ് അമ്മയോട് പെരുമാറുന്നത്. ഇന്നലെ തന്നെ നോക്കൂ, അമ്മയ്ക്ക് ഏറെ ഇഷ്ടമുള്ള സോയാ ചില്ലി ഉണ്ടാക്കി എത്ര സന്തോഷത്തോടെയാണ് ഞാന്‍ വിളമ്പിയത്. എല്ലാവരുടെയും മുന്നില്‍ വെച്ച് അത് തട്ടിനീക്കുകയും, അത് ചോദ്യം ചെയ്ത അച്ഛനെ അത്രയേറെ അപമാനിക്കുകയും ചെയ്തു.'

'ഞാനും ശ്രദ്ധിക്കുന്നുണ്ട്. സ്വന്തം മോളായ ആര്‍ദ്ര പോലും പരാതികളുടെ വിഴുപ്പുകള്‍ കുടഞ്ഞിട്ടുതുടങ്ങിയിരിക്കുന്നു! അമ്മയെത്ര പാവമായിരുന്നു എന്താണ് അമ്മയ്ക്ക് സംഭവിച്ചത്? '

'കിരണ്‍ ഞാനും നിന്റെ അമ്മയും കൂടി ഇനിയൊരു വീട്ടില്‍ താമസിക്കുന്നതില്‍ അര്‍ഥമില്ല. ഇന്നലെ അതിഥികളുടെ മുന്നില്‍വച്ച് എന്തൊക്കെയാണ് ശൈലജ എന്നോട് പറഞ്ഞത്.'

അച്ഛന്റെ ശബ്ദവും ചില്ലുടഞ്ഞത് പോലെ അവിടെ ചിതറിവീണു. അതില്‍ ചവിട്ടി മുറിയാതെ എന്നവണ്ണം  ടൈല്‍ എണ്ണികളിച്ചു കൊണ്ട് കുട്ടിക്കളി മാറാതെ, മുടി വാരി ഉച്ചിയില്‍ കെട്ടി ഉറക്കച്ചടവോടെ പൂമുഖത്തേക്ക് വന്ന ആര്‍ദ്രയ്ക്കും പറയാനുള്ളത് അമ്മയെ കുറിച്ച് തന്നെയാണെന്ന് നീലിമ ഊഹിച്ചു.

'ഞാന്‍ ജനിച്ചിട്ട് ഇന്നുവരെ അമ്മയെ ഇങ്ങനെ കണ്ടിട്ടില്ല. ഇരുപത്തിനാലു മണിക്കൂറും അപ്പുറത്തെ വീട്ടിലെ വാടകക്കാരോടാണ് സഹവാസം. എങ്ങനെയുള്ള കൂട്ടരാണെന്ന് ആര്‍ക്കേലും അറിയോ.'- ആര്‍ദ്ര പിറുപിറുത്തുകൊണ്ട് ചോദിച്ചു.

'ഞാനും അത് ശ്രദ്ധിക്കുന്നുണ്ട്.'-അത് പറയുമ്പോള്‍ അച്ഛന്റെ മുഖത്തെ മുറുക്കം എല്ലാവരും ശ്രദ്ധിച്ചു.

രാത്രി തന്റെ കൈത്തണ്ടയില്‍ ഉറങ്ങിയവള്‍ ആദ്യം അകന്നുമാറി കിടന്നു. നീങ്ങിക്കിടന്ന അവളെ ചേര്‍ത്തുപിടിക്കാന്‍ കൈ നീട്ടിയപ്പോള്‍ കൈ തട്ടിമാറ്റി ഷീറ്റ് വിരിച്ച് താഴെക്കിടന്നു. എവിടെപ്പോയാലും അവളുടെ അടുക്കല്‍ ഓടിയെത്താന്‍ കൊതിയായിരുന്നു. വീട്ടിലെ എല്ലാ ജോലിയുമൊതുക്കി റൂമിലെത്തുന്ന അവളെ കാത്തിരിക്കുന്നത് ഒട്ടും വിരസമായിരുന്നില്ല. ചിലപ്പോഴൊക്കെ ആ ഒതുക്കലുകളില്‍ അവളെ സഹായിക്കാനും കൂടും. മുറിയില്‍, പ്രായം തോല്‍ക്കുന്ന പ്രണയത്തിന്റെ മിടിപ്പുകള്‍ തൊട്ടെടുത്ത് സന്തോഷത്തിന്റെ ലഹരികള്‍ ചിറകുവിരിച്ചിരുന്നു. ആ ഓര്‍മ്മകളില്‍ അയാളില്‍നിന്നും ഒരു ദീര്‍ഘനിശ്വാസം മരിച്ചുവീണു. കണ്ണുകളില്‍ ഒരു സാഗരത്തെ അണക്കെട്ടിനിര്‍ത്തിയിരിക്കുന്നത് മക്കളും മരുമകളും കണ്ടു.

'ഇതങ്ങനെ വിട്ടാല്‍ പറ്റില്ല. അമ്മയോട് ചോദിച്ചിട്ട് തന്നെ കാര്യം'-കിരണ്‍ അതും പറഞ്ഞു അമ്മയുടെ മുറിയിലേക്ക് നടന്നു ശാന്തിതീരം എന്ന വീട്ടിലെ അംഗങ്ങള്‍

ചിത്രശലഭങ്ങളെ പോലെ സന്തോഷത്തോടെ പറന്ന് നടന്നിരുന്നു എന്ന് ഓര്‍മ്മിക്കുമ്പോള്‍ കിരണിന്റെ മനസ്സില്‍ ദുഃഖം കനച്ചു. ഓര്‍മ്മകളുടെ കൂടുകളില്‍ എണ്ണിയാലൊടുങ്ങാത്ത ആനന്ദനിമിഷങ്ങള്‍ ഓടിയെത്തി.

ഊണുമേശയില്‍ അച്ഛന്റെയും മക്കളുടെയും മരുമകളുടെയും വരെ ഇഷ്ടവിഭവങ്ങള്‍ നിരന്നിരുന്നു. മരുമകളായ നീലിമയെ മകളായ ആര്‍ദ്രയെക്കാള്‍ ചേര്‍ത്തുപിടിച്ചിരുന്നു. അച്ഛന്റെ കാര്യങ്ങളില്‍ നിലനിര്‍ത്തിപോന്ന ശ്രദ്ധ സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതില്‍നിന്നുപോലും അദ്ദേഹത്തിനെ മാറ്റിചിന്തിപ്പിച്ചു. എല്ലാ കാര്യങ്ങളും അച്ഛന്റെ ചിട്ടകള്‍ക്കൊപ്പം ഒരുക്കിയിരുന്ന അമ്മയുടെ ഈ അകല്‍ച്ച അച്ഛനെ മാനസികമായി തളര്‍ത്തിയിരിക്കുന്നു. ആരൊക്കെ എന്തൊക്കെ ചെയ്താലും അമ്മ ചെയ്യുന്ന സംതൃപ്തി അച്ഛനുണ്ടാകുന്നില്ല.

'അമ്മേ, അമ്മയ്ക്ക് എന്താണ് പറ്റിയത്?'

കട്ടിലില്‍ ചടഞ്ഞിരിക്കുകയായിരുന്ന ശൈലജ മകന്റെ മുഖത്തേയ്ക്ക് ചുഴിഞ്ഞുനോക്കി.

'അറിഞ്ഞാല്‍ നീയങ്ങ് തൊട്ടെടുക്കുമോ?'

'അമ്മയെന്തിനാ ഞങ്ങളോട് ഇങ്ങനെ മുഖം വീര്‍പ്പിക്കുന്നത്?'

'അറിഞ്ഞിട്ടേ നീ പോകുള്ളൂ അല്ലേ?'

'അതേ. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത് എന്നറിയണം.'

'നിങ്ങളല്ല തെറ്റ് ചെയ്തത്. ഞാനാണ്. നിങ്ങള്‍ക്ക് വേണ്ടി ജീവിച്ചു എന്ന തെറ്റ്. നിങ്ങളൊക്കെ വലുതായി. സുന്ദരനും സുന്ദരികളുമായി, ഞാന്‍ കണ്ടില്ലേ മുഖമൊക്കെ വരണ്ട് കയ്യൊക്കെ ചുളിഞ്ഞ്..... അവരുടെ വാക്കുകള്‍ ഇടറി'

കിരണിന്റെ നെഞ്ചില്‍ മുള്ളുകള്‍ പോലെയാണ് ആ വാക്കുകള്‍ ചെന്ന് തറച്ചത്. അവിടേക്ക് വന്ന അച്ഛനെയും അത് മുറിപ്പെടുത്തിയെന്ന് അവന് മനസ്സിലായി.

'ശൈലൂ, നിന്റെ സൗന്ദര്യം കുറഞ്ഞെന്നു ആരാ ഇവിടെ പറഞ്ഞത്?'

'ആരും പറയേണ്ട എനിക്കറിയാല്ലോ?'

'നിന്റെ ചീപ്പ് കോംപ്ലക്‌സ് ആണ് ഇതൊക്കെ നിന്നെക്കൊണ്ട് പറയിക്കുന്നത്. അല്ലാതെ ഒന്നുമല്ല. ഈ വീടിനകം ഇപ്പോള്‍ സമാധാനക്കേടിന്റെ ഒരു അഗ്‌നികുണ്ഡമായി മാറിയിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും സര്‍വ്വതും നശിക്കാം. നീയോര്‍ത്തോ'-അത് പറഞ്ഞ് പുറത്തേക്ക് പോകുന്ന അച്ഛനെ നോക്കിക്കൊണ്ടാണ് നീലു അവിടേയ്ക്ക് വന്നത്.

'നീലു പൊയ്‌ക്കോ. എന്റെ മൂഡ് ശരിയല്ല. ഞാന്‍ എന്തേലും പറഞ്ഞുപോകും'

നീലു പതിയെ റൂമില്‍ കയറി വാതില്‍ അടച്ചു. ശൈലജയുടെ അടുത്തിരുന്നു.

'അമ്മേ'

'നിന്നോട് പോകാനാണ് പറഞ്ഞത്. പൊയ്‌ക്കോ. ഞാന്‍ കോംപ്ലക്‌സുകാരിയാണ്.'

'അമ്മ പറഞ്ഞോളൂ എന്നെയല്ലേ. കിരണിന്റെ അമ്മയെങ്ങനെ എന്റെ അമ്മയല്ലാതാകും. എന്റെ അമ്മയേക്കാള്‍ എന്നെ സ്‌നേഹിച്ചതല്ലേ, എന്നെ ഇപ്പോള്‍ ഇഷ്ടമല്ലെങ്കിലും.....!'

'മോളെ നീലു...'ആ ശബ്ദമിടറി.

നീലു മറുപടി പറഞ്ഞില്ല.

'നീലു നിന്നെയെനിക്ക് ഒരുപാടിഷ്ടാ കുട്ട്യേ'

നീലു അമ്മയെ തന്റെ തോളിലേക്ക് ചേര്‍ത്തുപിടിച്ചു-'അമ്മ പറയൂ, അമ്മയ്ക്ക് എന്താ'

ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. 'എനിക്കിപ്പോള്‍ കിരണിന്റെ അച്ഛനോടൊപ്പം കഴിയാന്‍ പറ്റുന്നില്ല മോളെ. മേലാസകലം വേദനയാ. വല്ലാതെ ദേഷ്യം വരുന്നു.'

'അമ്മയ്ക്ക് എന്തേലും വയ്യായ്കയുണ്ടോ. അമ്മയെന്തിനാ ആഹാരം ഉണ്ടാക്കി തരുമ്പോള്‍ ദേഷ്യം കാണിക്കുന്നത്?'

'എനിക്ക് നിങ്ങളെ അടുക്കളയില്‍ കയറ്റുന്നത് ഇഷ്ടമല്ല.ആരോഗ്യമുള്ളത് വരെ എനിക്ക് തന്നെ അതൊക്കെ ചെയ്യണം.'

'അതാണോ അമ്മയുടെ വിഷമം. അമ്മയുടെ അടുക്കള. അമ്മയിപ്പോള്‍ കയറാത്തത് കൊണ്ടല്ലേ ഞാനും ആര്‍ദ്രയും എല്ലാം വെച്ചുണ്ടാക്കുന്നത് '

എനിക്ക് ശരീരമാസകലം വല്ലാത്ത ചൂടാണ്. മാത്രമല്ല പാചകത്തിന് യാതൊരു കോണ്‍സെന്‍ട്രഷനും കിട്ടുന്നുമില്ല. ചേരുവകളൊന്നും ശരിയാകുന്നില്ല. മനം എത്തുന്നിടത്ത് കണ്ണെത്തുന്നില്ല. അത് കുറ്റങ്ങള്‍ കേള്‍പ്പിക്കും. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തത് പോലെ തോന്നുന്നു.'

നീലിമയുടെ മനസ്സിലൂടെ മുന്‍പ് എപ്പോഴോ വായിച്ചൊരു ആര്‍ട്ടിക്കിള്‍ കടന്നുപോയി. മൈനൊപോസ്! അതാകുമോ?

'അമ്മയ്ക്ക് ഇപ്പോള്‍ പീരിയഡ് ആകാറുണ്ടോ'

'ഇല്ല. കുറച്ച് നാളായി അതില്ല. അത് ഭാഗ്യമായി. അതൂടെ ഉണ്ടായിരുന്നെങ്കില്‍ ഇതുമല്ല എന്റെ അവസ്ഥ!'

ശരിയാണ് താനിവിടെ മരുമകളായി വന്നിട്ട് ഏഴുമാസമായി. ഇതുവരെയും അമ്മയ്ക്ക് അങ്ങനൊരു ലക്ഷണങ്ങളും കണ്ടിട്ടില്ല.

'അമ്മയുടെ ഇപ്പോഴത്തെ അവസ്ഥ അത് ഇല്ലാത്തത് മാത്രമാണ്. അമ്മ വരൂ'

'എല്ലാവരും ഒന്നിങ്ങോട്ട് വന്നേ. ആകാംക്ഷയോടെഅതിലധികം ആശങ്കയോടെ എല്ലാവരും സോഫയിലേക്കമര്‍ന്നു.

'ഗര്‍ഭധാരണത്തിലുപരിയായി ആര്‍ത്തവം എന്നത് ഒരു സ്ത്രീയുടെ ആരോഗ്യത്തേയും ഒരു പരിധി വരെ മനസിനേയും ചേര്‍ത്തുപിടിക്കുന്നു. അപ്പോള്‍ ആര്‍ത്തവ വിരാമമെന്നത് അതൊക്കെയും അവസാനിപ്പിക്കുകയാണ്. ഇതു കൊണ്ടു തന്നെ ആര്‍ത്തവ വിരാമം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കുന്നു'

'നീലു അതിനിപ്പോ ന്താ'

'കിരണ്‍ ഞാന്‍ പറയട്ടെ, ശരീരം വിയര്‍ക്കുന്നു, ഉറക്കം കുറയുന്നു, പെട്ടെന്ന് ദേഷ്യം വരുന്നു , സങ്കടം വരുന്നു, മൂഡുമാറ്റങ്ങള്‍, വജൈനല്‍ ഡ്രൈനെസ്സ് കാരണം ദാമ്പത്യജീവിതത്തില്‍ വിള്ളലുകള്‍ ഉണ്ടാകുന്നു. വേദനകള്‍ തുറന്ന് പറയാത്തത് ഇണയോടുള്ള ദേഷ്യമായി തെറ്റിദ്ധരിക്കപ്പെടുന്നു. മെനോപോസ്
എന്ന അവസ്ഥയാണ് നമ്മുടെ അമ്മയ്ക്കിപ്പോള്‍. കല്ലും മുള്ളും നിറഞ്ഞ വരണ്ട മരുഭൂമിയിലൂടെയാണ് ഓരോ സ്ത്രീയും ഈ കാലയളവില്‍ സഞ്ചരിക്കുന്നത്. അവര്‍ക്ക് സാന്ത്വനത്തിന്റെ കുട പിടിക്കേണ്ടത്, മനസ്സില്‍ സന്തോഷക്കുളിര്‍മഴ പെയ്യിക്കേണ്ടത് കുടുംബത്തിലുള്ള ഓരോരുത്തരുമാണ്.'

'അമ്മേ, അമ്മയോടിപ്പോള്‍ ഈസ്‌ട്രോജെന്‍ ഹോര്‍മോണിനു ഇഷ്ടമില്ല. അത് മാത്രമാണ് അമ്മയുടെ പ്രശ്‌നം.'-ആര്‍ദ്ര ചുണ്ടുകോട്ടി.

'സ്ത്രീ എന്ന അവസ്ഥ നല്‍കുന്നത് ഈ സ്ത്രീ ഹോര്‍മോണാണ്. ഇത് സ്ത്രീകള്‍ക്ക് ഒരു സംരക്ഷണ കവചമാണ്. അതില്ലാതാകുമ്പോള്‍ പല ശാരീരിക, മാനസിക വ്യതിയാനങ്ങളും വരുന്നു. ഫലഭൂയിഷ്ടമായൊരു ഭൂമി നീരോട്ടം നിലച്ച് മരുഭൂവാകുന്ന അവസ്ഥയില്‍ അവര്‍ക്ക് ചുറ്റാകെ ഹരിതാഭയും വസന്തവും നല്‍കി വേനലിനെ പടിയടച്ചു പിണ്ഡം വെയ്ക്കാന്‍ നാമോരോരുത്തരും ശ്രമിക്കണം. അവരുടെ നീരിലാണ് നാം മരമായത് എന്ന് മറക്കാതിരിക്കുക.'-നീലു പറഞ്ഞുനിര്‍ത്തി.

കണ്ണുകള്‍ നിറഞ്ഞ് തല കുമ്പിട്ടിരിക്കുന്ന അമ്മയെ കിരണ്‍ ചേര്‍ത്തുപിടിച്ചു. 'അമ്മേ ഇതൊക്കെ എല്ലാവര്‍ക്കുമുള്ളതാണ്.നീലുവും ആര്‍ദ്രയും ഒക്കെ അവിടെയെത്തുക തന്നെ ചെയ്യും.'

'ഹോ ഇതാണോ മഹാകാര്യം. ഡീ പെണ്ണെ എന്തില്ലെങ്കിലും നീയെന്ന രൂപം എനിക്കൊപ്പം ഉണ്ടെങ്കില്‍ അതിനപ്പുറം ഭാഗ്യം വേറെയില്ലെന്ന് കരുതുന്നൊരാളാണ് ഞാന്‍ എന്നറിയില്ലേ നിനക്ക്? . ആ കുന്ത്രാണ്ടം ഇല്ലാതായാല്‍ ഇങ്ങനൊക്കെ ഉണ്ടാകും എന്ന് എനിക്കറിയില്ലാരുന്നു.'-തന്റെ കെട്ട്യോന്റ സംസാരത്തിന് മറുപടിയായി ശൈലജ പറഞ്ഞു. 

'നീലു പറയുന്നത് വരെ എനിക്കും അറിയില്ലാരുന്നു അതാണ് എന്റെ പ്രശ്‌നമെന്ന്'-അവര്‍ പുഞ്ചിരിച്ചു.

ആര്‍ദ്രയും അമ്മയെ ചേര്‍ത്തുപിടിച്ചു. 

അവള്‍ക്കൊരുമ്മ നല്‍കി നീക്കിയിരുത്തി നീലുവിനെ തന്റെയരികില്‍ പിടിച്ചിരുത്തി മൂര്‍ദ്ധാവില്‍ ഉമ്മവെച്ചപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞു, മനസ്സും.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!