ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് സഫീറ താഹ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അനന്തമായ കടലില്‍ തിരമാലകളുടെ തഴുകലേറ്റ് മത്സ്യകന്യകയെപ്പോലെ ശാന്തമായുറങ്ങുകയാണ് ലാവെന്‍ഡര്‍ ഐലന്‍ഡ്. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മണല്‍പ്പരപ്പ്. ഭംഗിയായി വെട്ടിയൊതുക്കി നട്ടുപിടിപ്പിച്ചിരിക്കുന്ന ലാവെന്‍ഡര്‍ ചെടികള്‍ എനിക്കെന്നും അത്ഭുതമായിരുന്നു. തണുത്ത കാറ്റും അതിലേറെ കുളിര്‍മ്മയും, നീലിമയുമുള്ള കടല്‍വെള്ളവുംകൊണ്ട് ചുറ്റപ്പെട്ട ദ്വീപ്. ഒരുപാടൊരുപാട് ഓര്‍മ്മകള്‍ കോറിയിട്ട പ്രിയയിടം.
അങ്ങ് ദൂരെ ഭീമന്‍ ജലയാനം നങ്കൂരമിട്ടിരിക്കുന്നു. നിശബ്ദതയും ശാന്തതയും മാത്രമാണ് ഇവിടെ കൂട്ട്. ചില നേരങ്ങളില്‍ കടല്‍ ഒരു കറുത്ത മരുഭൂമിയാകുന്നുണ്ടോ എന്ന് തോന്നിപ്പോയി, കാത്തിരിപ്പുകള്‍ വിരസമാണ്.അത് പ്രിയപ്പെട്ടവര്‍ക്ക് വേണ്ടിയാകുമ്പോള്‍ അറിയുന്നതേയില്ല.
ദൂരെനിന്നും തനിക്കടുത്തേയ്ക്ക് നടന്നടുക്കുന്ന പ്രിയപ്പെട്ടവളെ കണ്ടു. ഓടിയടുത്തേയ്ക്ക് ചെല്ലുവാന്‍ ഏറെ കൊതിച്ചെങ്കിലും അതടക്കി. അല്ലെങ്കിലും എത്രയെത്ര ചിന്തകളെ പിടിച്ചുകെട്ടിയാണ് ഇന്നും ജീവിക്കുന്നത് !ഓര്‍മ്മകള്‍ തീപുകച്ചുതുടങ്ങി.
എന്നും അതിരാവിലെ ബാല്‍ക്കണിയിലെ ജാലകത്തില്‍ വന്നിരുന്ന് കൊക്കുരുമ്മുന്ന പക്ഷികള്‍ നെഞ്ചിലെ ഓര്‍മ്മക്കനലുകള്‍ ഊതിക്കത്തിക്കുന്നത് പോലെ.
'സ്‌നേഹത്തോടെ ശുഭദിനം നേരുന്നു'
പതിവ് പോലെ എന്തോ വായനയില്‍ ഏര്‍പ്പെട്ടിരുന്ന ഞാന്‍ ആ ശബ്ദം കേട്ടാണ് തലയുയര്‍ത്തി നോക്കിയത് .
എന്തിനാകും ഇവള്‍ ഇവിടേയ്ക്ക് വന്നത് എന്നോര്‍ത്ത് മുഖം നിറയെ ചിരിയുമായി മുന്നില്‍ നില്‍ക്കുന്നവള്‍ക്ക് മറുപുഞ്ചിരി സമ്മാനിച്ചു.
ഇത്രയും സ്‌നേഹം നിറച്ച മുഖമുള്ളവള്‍ എന്തിനാകും സ്‌നേഹത്തോടെ എന്നത് ചേര്‍ത്ത് പറയുന്നത്, ആ കണ്ണുകളില്‍ നമുക്ക് സ്‌നേഹം ദര്‍ശിക്കാന്‍ കഴിയുന്നല്ലോ.റ അവളുടെ മുഖത്തെ ഭാവം കണ്ടപ്പോള്‍ പൊടുന്നനെ ചിന്തിച്ചത് ഇതാണ്.
പല സ്ഥലങ്ങളിലും വെച്ച് ഞാനവളെ കണ്ടിട്ടുണ്ട്. ഒരേ കെട്ടിടത്തിലെ വ്യത്യസ്ത നിലകളില്‍ ജോലിചെയ്യുന്നവര്‍, ഒരേ ലിഫ്റ്റിലെ സ്ഥിരം യാത്രക്കാര്‍, എന്റെ പരിചയക്കാര്‍ക്കുപോലും പരിചിത, പക്ഷെ എനിക്ക് അപരിചിതയല്ലെങ്കിലും പരിചയമൊട്ടുമില്ലായിരുന്നു. ലിഫ്റ്റില്‍ വെച്ച് കാണുമ്പോള്‍ അവള്‍ സമ്മാനിക്കുന്ന പുഞ്ചിരികള്‍ മാത്രമാണെന്നിലേക്ക് ഓര്‍മ്മയുടെ തീപ്പൊരിയായി എത്തിയത്.
അപ്രതീക്ഷിതമായിട്ടാണ് പെട്ടെന്നൊരു ദിവസം അനുവാദത്തിന് കാത്ത് നില്‍ക്കാതെ എട്ടാം നിലയിലെ ഓഫീസ് മുറിയിലേയ്ക്ക് അവള്‍ കടന്ന് വന്നത്. അവളുടെ അഭിവാദനത്തിനു ചിരിയാണ് പകരം കൊടുക്കാന്‍ എനിക്ക് തോന്നിയത്. 'ഹഹഹ' എന്ന് ചിരിച്ച ശേഷം 'ശുഭദിനം നേരുന്നു സ്‌നേഹത്തോടെ' എന്ന് അവള്‍ക്കും മറുപടി നല്‍കി. അപരിചിതത്വത്തിന്റെ യാതൊരു സങ്കോചവുമില്ലാത്ത അവളുമായുള്ള സംഭാഷണം അന്ന് മൂന്ന് മണിക്കൂറോളം തുടര്‍ന്നു. യാത്ര പറഞ്ഞ് പിരിയുമ്പോള്‍ മടിപ്പുളവാക്കാത്ത മൂന്നുമണിക്കൂറുകള്‍ എന്നെനോക്കി അത്ഭുതത്തോടെ പുഞ്ചിരിച്ചു.
ഞങ്ങള്‍ ജോലിചെയ്യുന്ന 'വിന്റര്‍ കാസില്‍ 'എന്ന ആ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഒരു ഗെയിം ഷോയുടെ ഭാഗമായി നടക്കുന്ന ഒരു ചോദ്യോത്തര പരിപാടിയില്‍ അവള്‍ പങ്കെടുക്കുന്നു. 'ഫോണ്‍ ഫ്രണ്ട് എന്ന ഓപ്ഷനില്‍ ചോദ്യങ്ങള്‍ ഫോണ്‍ വഴി ചോദിച്ചാല്‍ ഉത്തരം പറഞ്ഞു തന്നു സഹായിക്കുമോ' എന്ന് ചോദിച്ചു കൊണ്ട് അനുവാദം ചോദിക്കാതെ വീണ്ടുമവള്‍ എന്റെ ഓഫീസ്മുറിയിലേക്ക് കടന്ന് വന്നു കസേരയിലേക്കിരുന്നു. അതോ എന്നില്‍ അനുവാദം ചോദിക്കേണ്ടതില്ല എന്നവളോര്‍ത്തോ?
'അറിയാവുന്നതാണെങ്കില്‍ സഹായിക്കാം' എന്ന എന്റെ വാക്ക് വിശ്വസിച്ച് പിറ്റേന്ന് അവള്‍ക്ക് ലഭിച്ച ചോദ്യങ്ങള്‍ അവളെന്നോട് വിളിച്ചു ചോദിച്ചു. ഭാഗ്യത്തിന് ചോദിച്ച ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം നല്‍കാന്‍ എനിക്ക് കഴിഞ്ഞു. ആ പരീക്ഷയ്ക്ക് അവള്‍ ജയിക്കുകയും ആ സന്തോഷം എന്നോട് പങ്കുവെയ്ക്കുകയും ചെയ്തു. മണിക്കൂറുകളോളം സംസാരിച്ചാലും വീണ്ടും വീണ്ടും സംസാരിക്കാന്‍ തോന്നിപ്പിക്കുന്ന ഇഴയടുപ്പമുള്ള ഒരു സ്‌നേഹബന്ധം നമ്മളില്‍ ഉടലെടുത്തു.
ഇടയ്‌ക്കൊരു ഫോട്ടോ ഞാന്‍ ചോദിക്കാതെ അവളെനിക്ക് അയച്ചു തന്നു. കണ്ടു തീരുന്നതിനു മുന്നേ അവളത് ഡിലീറ്റ് ചെയ്തു. എന്നിരുന്നാലും എനിക്ക് ഈര്‍ഷ്യയൊന്നും തോന്നിയിരുന്നില്ല. പക്ഷെ അവള്‍ അംഗമായ പല സൗഹൃദസദസ്സുകളിലും അവള്‍ ഫോട്ടോ പോസ്റ്റ് ചെയ്യുമെന്ന് അവളില്‍ നിന്നും അറിഞ്ഞപ്പോള്‍ എനിക്ക് അവളോട് കലഹിക്കാന്‍ തോന്നി. എന്നെ വിശ്വാസമില്ലാഞ്ഞിട്ടാണോ എന്നതായിരുന്നു എന്റെ പ്രശ്‌നം. എത്ര വഴക്ക് പറഞ്ഞാലും വിട്ടുപോകാതെ ക്ഷമയോടെ നിന്നവള്‍ കാരണങ്ങള്‍ നിരത്തി തുടങ്ങി. എന്ത് കൊണ്ടാകാം അവളെന്നില്‍ തന്നെ തറഞ്ഞു നില്‍ക്കുന്നത് എന്നോര്‍ത്തപ്പോള്‍ എനിക്ക് മനസ്സിലായി അവള്‍ക്ക് ഞാന്‍ മൂല്യമുള്ളൊരാളാണെന്ന്. !
അവളെന്തോ ചെയ്യട്ടെ എന്നോര്‍ക്കാമായിരുന്നെനിക്കെന്ന് പിന്നീട് പലപ്പോഴും തോന്നി. എന്നാല്‍
അവളോട് എനിക്ക് വല്ലാത്തൊരു ആത്മബന്ധം തോന്നിത്തുടങ്ങിയിരുന്നു. പിന്നെപ്പിന്നെ ഞാനും അവളെ കാത്തിരിക്കാന്‍ തുടങ്ങി.
സംസാരിക്കാന്‍ വിഷയങ്ങള്‍ വേണ്ടെന്നും പരസ്പരം നോക്കിയാല്‍ പോലും വിഷയങ്ങള്‍ കൂണ്‍ പോലെ മുളപൊട്ടി വരുന്നുവല്ലോ എന്നും എനിക്ക് തോന്നി. എന്നെയേറെ അത്ഭുതപ്പെടുത്തി കൊണ്ടവള്‍ വ്യക്തമായി പറഞ്ഞു, 'എന്നെയവള്‍ക്ക് ഇഷ്ടമാണെന്ന്....'
പ്രണയം മറന്നിട്ടില്ല എന്ന് എനിക്ക് മനസ്സിലാക്കാന്‍ അവള്‍ വേണ്ടിവന്നു. എന്റെ സ്‌നേഹത്തിന് പകരം അവളെന്നിലേക്ക് അടുക്കിവെയ്ക്കുന്ന പ്രണയം എന്നോ ഞാനും കൊതിച്ചിരുന്നു. ഇന്നുവരെ പ്രണയമെന്തെന്നറിയാത്ത ഒരുവളുടെ സ്‌നേഹം, വരികളിലൂടെ ഒഴുകി എന്നിലേക്കെത്തി. പണ്ടേ കവിതയുടെ അസുഖമുള്ള എനിക്ക് അവളുടെ വരികള്‍ക്കൊപ്പം സ്വപ്നം കാണാനും അവളെ ചേര്‍ത്ത് നിര്‍ത്താനും കഴിഞ്ഞു.
ചില പിണക്കങ്ങള്‍ നമുക്കിടയിലും പതിവായിരുന്നു. ഇനിയൊരിക്കലും എന്നിലേക്ക് വരില്ലെന്ന് നിനച്ചിരുന്ന പല കലഹങ്ങള്‍ക്ക് ശേഷവും എന്റെ മുന്നിലേക്ക് വീണ്ടുമവള്‍ പലതരം വിഷയങ്ങള്‍ കുടഞ്ഞിട്ടു കൊണ്ട് ഓടിയെത്തും.സങ്കടത്തിന്റെ ലാഞ്ചനകള്‍ അവള്‍ സമര്‍ഥമായി എന്നില്‍ നിന്നും മറച്ചിരുന്നു. എങ്കിലും അവളുടെ ചില കുറുമ്പുകള്‍ക്ക് എന്റെ പ്രതികരണം നിറയ്ക്കുന്ന ആ കണ്ണുകള്‍ മനസ്സില്‍ എനിക്ക് ദൃശ്യമായിരുന്നു. ചേര്‍ത്തുപിടിച്ചവള്‍ക്ക് മനസ്സ്‌കൊണ്ടു ചുംബനം നല്‍കിയ ചില നിമിഷങ്ങള്‍.
അതവള്‍ക്കുമറിയാമായിരുന്നു. ഏതൊരു കലഹവും നമ്മുടെ പ്രണയത്തിന്റെ ഒത്തൊരുമയില്‍ പരാജയപ്പെട്ടോടി പോകുമെന്ന് നമുക്കറിയുന്നതായിരുന്നു ഈ ബന്ധത്തിന്റെ ബലമുള്ള അടിസ്ഥാനം.
ഓരോ ദിവസം കഴിയുന്തോറും വ്യത്യസ്തതരത്തിലുള്ള പ്രണയക്കൂട്ടുകള്‍ ഒരുമിച്ചുണ്ടാക്കി. അത് കഴിച്ചു ഞങ്ങള്‍ തൃപ്തിയടഞ്ഞു.
വാഷിംഗ്ടണ്‍ സിറ്റിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ഒരുവന്റെ അടുക്കളയിലേക്ക് പെട്ടെന്നൊരു നാള്‍ അവള്‍ ഓടിക്കിതച്ചെത്തി.
വര്‍ഷങ്ങളായി അന്യദേശത്തെ താമസവും ഒറ്റയ്ക്കുള്ള പാചകവും, കഴിച്ചു മടുത്ത ഭക്ഷണങ്ങളും എന്നെ മടുപ്പിച്ചിരുന്നു. വന്നയുടന്‍ സ്ലാബിനു മുകളിലേക്ക് കയറിയിരുന്നു ടിന്നിലടച്ചു വെച്ചിരുന്ന ബദാമില്‍ നിന്നും ഒരണ്ണമവളെടുത്ത് വായിലിട്ടു. ശേഷം ഒരെണ്ണം എന്റെ വായിലേക്കും തിരുകിവെച്ചു. രുചികരമായ കൂട്ടുകള്‍ എങ്ങനെയുണ്ടാകുമെന്ന് അളവുകള്‍ ഉള്‍പ്പെടെ പറഞ്ഞു തന്നെന്നെ പാചകത്തില്‍ നിപുണനാക്കി.
ക്ഷമയോടെ പറഞ്ഞു തരുമ്പോള്‍ അവളൊരു അധ്യാപികയാകും, ചിലപ്പോള്‍ കലഹമുണ്ടാക്കി പിണങ്ങുന്ന കുസൃതി കുട്ടിയെ പോലെ, ചിലപ്പോള്‍ ഉത്തരവാദിത്തമുള്ള ഭാര്യയെപോലെ.
അവള്‍ക്കേറെ ഇഷ്ടമുള്ള, പിന്നെ ഞാനെപ്പോഴോ ഇഷ്ടപ്പെട്ട ഗന്ധമായിരുന്നു ലാവെന്‍ഡര്‍. ചില ദിനങ്ങളില്‍ അവള്‍ ചന്ദനഗന്ധം കൊണ്ട് മുറിനിറയ്ക്കും, ചിലപ്പോളത് ചൂടുകോഫിയുടെ നറുമണത്തിലേക്ക് വഴിമാറും. ഓരോ ദിനവും ഗന്ധങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തുന്നവര്‍ എന്ന് പറഞ്ഞുകൊണ്ട് പൊട്ടിച്ചിരിക്കും. ഒരുപാടൊരുപാട് സന്തോഷനിമിഷങ്ങള്‍ നമുക്ക് സമ്മാനിച്ച ഇടത്തെ അടയാളപ്പെടുത്താനായി' ലാവെന്‍ഡര്‍ ഐലന്‍ഡ്' എന്ന പേര് 8603 എന്ന നമ്പറിലെ ഫ്‌ലാറ്റിനും നല്‍കി. അക്കങ്ങളില്‍ നിന്നും ജീവനുള്ള ഗന്ധങ്ങള്‍ ചുറ്റിപ്പിണയുന്ന തരത്തിലേക്ക് നമ്മുടെ ജീവിതം മാറ്റിനടപ്പെട്ടു.
തൊട്ടടുത്തുള്ള കിടക്കമുറിയിലേക്ക് അവള്‍ക്ക് ഞാനെന്നേ പ്രവേശനത്തിന് അവകാശം കൊടുത്തതാണ്. പ്രണയത്തോടെ അവളുടെ കണ്ണിലേക്കു നോക്കിയാല്‍ പനിനീര്‍പൂവ് പോലെ അവള്‍ ചുവന്നുതുടുക്കും. ആ ചുവപ്പ് തൊട്ടെടുക്കാനായി എന്റെ ചുണ്ടുകള്‍ അവളെ അടുത്തേക്ക് വിളിക്കും. നേരിയൊരു കുറുകലോടെ എന്നിലേക്ക് നിറഞ്ഞ അവളെ സ്‌നേഹത്തിലും, പ്രണയത്തിലും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നുറപ്പായി. ഏതൊരു രീതിയിലുള്ള ചിന്തകള്‍ക്കും അവള്‍ കൂട്ടായിരുന്നു. കാര്‍മേഘം പോലെ ഉരുണ്ടുകൂടിയ പ്രണയത്തെ പെയ്‌തൊഴിച്ച് എന്റെ നെഞ്ചിലേക്ക് തലചേര്‍ക്കും. ഒരു പൂച്ചയെ പോലെ, ഇടയ്ക്കവള്‍ മാന്തും, പല്ലുകള്‍ കൊണ്ട് ചെറുതായി കടിക്കും, കുസൃതിയോടെ കണ്ണടക്കുന്ന അവളെ ഇറുകെ ഇറുകെ പുണര്‍ന്നു എന്നിലേക്ക് ചേര്‍ത്തുവെയ്ക്കും.
വീണ്ടുമെന്റെ ശരീരത്തില്‍ അവളുടെ പ്രണയത്തോടെയുള്ള ചിത്രപ്പണികള്‍ അവള്‍ വരച്ചുചേര്‍ക്കും. ആ ചിത്രത്തിന് വര്‍ണ്ണങ്ങള്‍ നല്‍കാനായി, അവളുടെ കൂമ്പിയ കണ്ണുകള്‍ കാണാനായി ഞാന്‍ അവളിലേക്കും ഒരു ചിത്രകാരനായി, പറന്നിറങ്ങും. വര്‍ണ്ണങ്ങള്‍ അനവധി നിറയുന്ന, തൂവല്‍ പോലൊരവസ്ഥയിലേക്ക് അശ്വത്തെ പോലെ ഞാനവളെ യാത്രകൊണ്ടുപോകും. ചേര്‍ത്തുവെയ്ക്കും. നമുക്കേറെ ഇഷ്ടമുള്ള ലാവെന്‍ഡര്‍ സുഗന്ധം ഏറെ നേരം രണ്ടുപേരെയും ചുറ്റിപ്പൊതിയും. ഒറ്റയ്ക്കായാലും ആ ഗന്ധം പ്രണയത്തെ മുട്ടിവിളിച്ചുകൊണ്ടിരിക്കും.
പിണങ്ങിയും ഇടറിയും കുതറിയും ഞാനെന്നുമവളെ എന്നിലേക്ക് ചേര്‍ത്തു നിര്‍ത്തി കൊണ്ടിരുന്നു. സ്‌നേഹത്തിലെ തെറ്റും ശരിയും കാണാന്‍ കഴിയാത്ത അന്ധരായിരുന്നില്ല നമ്മള്‍. ചിലരെല്ലാം കുടുംബത്തെ മറക്കുന്ന സംസ്‌കാരം പേറുന്ന, മാറി മാറി ഇണകളെ തെരഞ്ഞെടുക്കുന്ന രീതി പിന്‍പറ്റാന്‍ ഞങ്ങള്‍ക്ക് കഴിയുമായിരുന്നില്ല.
ആഗ്രഹിക്കുന്ന സന്തോഷങ്ങള്‍ തന്നിലേക്കടുക്കാതെ ശ്വാസം മുട്ടുന്ന ചിലരെപോലെ ഭര്‍ത്താവും ഭാര്യയുമാവാന്‍ ഞങ്ങള്‍ ശ്രമിച്ചില്ല, പിന്നെയെപ്പൊഴോ മനസിലാക്കി, ഉള്ളിലെന്നൊക്കെയോ ആഗ്രഹിച്ച മാനറിസങ്ങള്‍ എല്ലാമുള്ളവര്‍ കാന്തത്തെ പോലെ അടുക്കുകയായിരുന്നു എന്ന് !
കാമശമനം മാത്രമല്ല പ്രണയമെന്ന് ആഴത്തില്‍ മനസ്സിലാക്കിയവരായതിനാല്‍ വിവാഹം കഴിക്കാതെയും ആത്മാര്‍ഥമായി പ്രണയിച്ച് മുന്നോട്ട്‌പോകാമെന്നതിന് സ്വജീവിതം കൊണ്ട് കാലത്തിനും മറുപടികൊടുത്തു.
ഒരുവേള അവളെ കാണുവാനുള്ള അദമ്യമായ ആഗ്രഹം വീര്‍പ്പുമുട്ടിക്കുന്നത് തിരിച്ചറിഞ്ഞു. ഫോണെടുത്തു വിറയ്ക്കുന്ന കൈകള്‍ കൊണ്ട് അവള്‍ക്കൊരു മെസ്സേജ് അയച്ചു.
'മുത്തേ എനിക്ക് നിന്നെയൊന്നു കാണണം.'
'എനിക്കും കാണാന്‍ തോന്നുന്നു മനുഷ്യാ'-എന്ന അവളുടെ പ്രണയത്താല്‍ കുറുകിയ മറുസന്ദേശമെന്നിലേക്കൊഴുകിയെത്തി.
മുന്‍പ് സ്ഥിരം സങ്കേതമായ ലാവെന്‍ഡര്‍ ഐലന്‍ഡില്‍ വൈകിട്ട് അഞ്ചുമണിക്ക് കാണാമെന്നുറപ്പിച്ചു.
അവളടുത്തെത്തി തൊട്ടുവിളിച്ചപ്പോഴാണ് ഓര്‍മ്മകളുടെ കെട്ടുപാടില്‍നിന്നും മോചിതനായത്. അവള്‍ തന്റെ കണ്ണിലേക്ക് പ്രണയപൂര്‍വ്വം നോക്കിനില്‍ക്കുന്നു. കൈകള്‍ നീട്ടിയപ്പോള്‍ അവളാ കൈയിലേക്ക് മുറുകെപിടിച്ചുകൊണ്ട് അരികിലിരുന്നു.
'മുത്തേ ഒരു ദിവസത്തിന്റെ അസാന്നിധ്യം വരെ താങ്ങുവാന്‍ കഴിയാത്ത വിധത്തിലുള്ള നമ്മുടെ സ്‌നേഹത്തിന് ഇന്ന് ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍.....! വര്‍ഷങ്ങള്‍ എത്ര വേഗമാണ് കുതിക്കുന്നത് അല്ലേ!'
ഒരുകൈയാല്‍ അവളെ എന്നിലേക്ക് ചേര്‍ത്തുപിടിച്ചപ്പോള്‍ വിദൂരതയില്‍ നിന്നെന്നപോലെ അവള്‍ സംസാരിച്ചു.
'ജീവിത പ്രാരബ്ധങ്ങളുടെ ഉപ്പും കയ്പ്പും മധുരവും നുണയുമ്പോഴും, പലവിധ ദുര്‍ഘട സന്ധിയില്‍ കാലിടറി വീണപ്പോഴും പരസ്പരം ധൈര്യമായി നിന്ന ഇത്രയും കാലത്തില്‍ ഒരിക്കല്‍ പോലും ഈ ബന്ധത്തിന്റെ പേരില്‍ ആര്‍ക്കും ഒരു വേദന ഉണ്ടായിട്ടില്ല അല്ലേ? നമ്മളൊത്തിരി വേദനിച്ചുവെങ്കിലും? '
'എന്നിലെ ഞാന്‍ പൂര്‍ത്തിയാവണമെങ്കില്‍, നീ പൂര്‍ത്തിയാവണമെങ്കില്‍ നമ്മള്‍ പരസ്പരം ചേര്‍ന്ന് നില്‍ക്കണമായിരുന്നു. '
'ആരൊക്കെയോ മുറിച്ചെടുത്ത ഞങ്ങള്‍ എന്ന ത്രികോണങ്ങള്‍ ഇല്ലാതെ ഈ ജീവിതമെന്ന മഹാവൃത്തം പൂര്‍ത്തിയാകില്ല. ഈ ത്രികോണം ഞങ്ങളുടെ പ്രണയമാണ്. ഒരുമിക്കാതെയും പ്രണയം സത്യമാണ്'
'ഇന്നീ അന്തിചുവപ്പിന് കീഴെ ഹൃദയത്തിന്നാഴത്തില്‍ നിന്നും പറന്നുവന്ന് പരസ്പരം ഊന്നുവടിയാകാതെ താങ്ങിനിര്‍ത്തുന്ന പ്രണയം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവര്‍..... അല്ലേ.'
പരസ്പരം നോക്കുമ്പോള്‍ ആഴത്തിലേക്ക് പോയ കണ്ണുകളില്‍ അഗാധതയെ തോല്‍പ്പിച്ച പ്രണയത്തിന്റെ നീര്‍ത്തുള്ളികള്‍ തുളുമ്പി.
'അതേ. എല്ലാ ബാധ്യതകളുമൊതുക്കിയിട്ടും, നമ്മുടെ മനസ്സ് ചെറുപ്പമാണ്. കാരണം ജീവിതവീഥിയില്‍ നമ്മെ പൂര്‍ണ്ണമാക്കാനായി ഉഭയകക്ഷി സമ്മതപ്രകാരം തെരഞ്ഞെടുത്ത ഊര്‍ജ്ജദായിനികളാണ് നാം. അതുകൊണ്ട് തന്നെ ജീവിതമിന്നും സുഖകരമായി മുന്നോട്ടുപോകുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ നഷ്ടങ്ങളുടെ പട്ടികയില്‍ ഒന്നുപോലും ഇല്ല. ഓരോ നിമിഷവും അത്രയേറെ ആസ്വദിച്ച് ഹൃദയത്തില്‍ കോറിയിട്ടതാണ്. '
ജീവിതമൊരു കെട്ടുകാഴ്ചയാക്കി ആര്‍ക്കോ വേണ്ടി വണ്ടിവലിക്കുന്നവരൊക്കെയും തളര്‍ന്നിരിക്കുന്നു.പക്ഷേ നമ്മള്‍. വെള്ളി മുടികള്‍ പറന്നു കളിക്കുന്നുണ്ട്.
മിനുസം നഷ്ടപ്പെട്ട, ഞരമ്പുകള്‍ എഴുന്നു നില്‍ക്കുന്ന കൈത്തലങ്ങള്‍ കൂട്ടിമുട്ടിയപ്പോഴും ഇത്രയും കാലം അനുഭവിച്ച, സ്പര്‍ശനത്തിലെ മാന്ത്രികത ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നു. ആ കവിളുകളില്‍ ആരോ ഇപ്പോഴും സിന്ദൂരം ചാര്‍ത്തിയിരിക്കുന്നു. അത് തൊട്ടെടുക്കാനായി ഇന്നും എന്റെ ചുണ്ടുകള്‍ തരിക്കുന്നുണ്ട്.
പഞ്ചാരമണലില്‍ ഒട്ടിയിരുന്ന എന്റെ കൈകള്‍ എടുത്തവള്‍ മടിയില്‍ വെച്ച് തലോടിക്കൊണ്ട് അവള്‍ പറഞ്ഞു.
' ഈ ലവന്‍ഡര്‍ ഐലന്‍ഡ് എത്രയെത്ര മനോഹരനിമിഷങ്ങളാണ് നമ്മളിലേക്ക് നിറച്ചത്!'
കണ്ണിലേക്കുറ്റുനോക്കി പ്രണയമളന്നുകൊണ്ട് അവള്‍ ചോദിച്ചു. ഇത്ര കാലമായിട്ടും എന്തുകൊണ്ടാണ് നാം മറക്കാത്തത്? മടുക്കാത്തത്? '
ദൂരെ ചാഞ്ഞും ചരിഞ്ഞും നമ്മെ നോക്കി പ്രണയമന്ത്രമുരുവിടുന്ന ലാവെന്‍ഡെര്‍ ചെടികളെ നോക്കി ഞാനവളോട് പറഞ്ഞു
'നമ്മള്‍ മരിക്കാത്തതിനാല്‍!'