ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. രേഷ്ജ അഖിലേഷ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ഇന്ന് ഈ നഗരം പതിവിലും ഉന്മേഷവതിയായിട്ടുണ്ട്. മനുഷ്യര്‍ ജീവിതത്തിന് നിറം പകരാനുള്ള പാച്ചിലിനിടയില്‍ നിറം കെട്ടു പോയ നഗര വീഥികള്‍ക്ക് പുതിയൊരു പ്രതീക്ഷ കൈവന്നത് പോലെ.
നഗരത്തിന്‍റെ ഊര്‍ജ്ജസ്വലത അയാളെ വല്ലാതെ ആകര്‍ഷിച്ചു.
അയാള്‍ക്ക് പ്രത്യേകിച്ച് ഒരു സ്ഥലത്തേയ്ക്ക് എത്തിപ്പെടണമെന്ന ലക്ഷ്യമില്ലായിരുന്നു. ലക്ഷ്യം നേടാന്‍ എത്ര ദൂരം നടക്കേണ്ടി വരുമെന്നും അയാള്‍ക്ക് ഊഹമുണ്ടായിരുന്നില്ല.
'സാര്‍, ഫ്ളവര്‍ വേണുമാ'
അവിചാരിതമായി മുന്‍പില്‍ വന്ന് ചോദ്യമുയര്‍ത്തിയ സ്ത്രീശബ്ദത്തെ അയാള്‍ അപ്പോഴാണ് ശ്രദ്ധിക്കുന്നത്.
എണ്ണമയം തൊട്ടു തീണ്ടിയിട്ടില്ലാത്ത, ചെമ്പിച്ച കുറുനിരകളോട് കൂടിയ ഒരു തമിഴ് യുവതി. കൈനിറയെ ചെമ്പനീര്‍പ്പൂവുകള്‍. അവളുടുത്ത ചേലയ്ക്കും അതേ നിറം.
'എനിക്ക് എന്തിനാണ് കുട്ടി ഈ പൂക്കള്‍? പനിനീര്‍പ്പൂവ് നീട്ടി പ്രണയം പറയേണ്ടുന്ന കാലം എന്നേ വിട പറഞ്ഞിരിക്കുന്നു.'- വലിയ ബുദ്ധിജീവി കണക്കേ പറയാന്‍ അര്‍ദ്ധ നിമിഷങ്ങള്‍ക്കൊണ്ട് മനസ്സില്‍ ഉരുവായ വാക്കുകള്‍ നാക്കില്‍ നിന്നുതിര്‍ന്നില്ല.
അവളുടെ കണ്ണിലെ പ്രതീക്ഷ അയാളുടെ മനസ്സിനെ കീഴടക്കിയെന്ന് വേണം പറയാന്‍.
'എത്രയാ?'
'പത്ത് രൂപയ്'
ഒരു കച്ചവടം നടന്നതിന്‍റെ ചെറിയൊരു സന്തോഷം പോലുമില്ലാതെ അവള്‍ അടുത്ത ആളെ തേടി നടന്നു.
സത്യത്തില്‍ ഇന്നവള്‍ക്ക് ആരെയും തേടി അലയേണ്ട കാര്യമില്ല, ഇന്നെല്ലാവരും അവളുടെ അരികിലേയ്ക്ക് തന്നെയെത്തും എന്ന് ഉറപ്പാണ്. ഇന്നാണല്ലോ പ്രണയിക്കുന്നവരുട ദിവസം. പ്രണയഭാവങ്ങളും സങ്കല്‍പ്പങ്ങളും മാറി മറിഞ്ഞുവെങ്കിലും ചെമ്പനീര്‍പ്പൂക്കള്‍ക്ക് ഇന്നും എന്നും ആവശ്യക്കാരുണ്ട്.
'പത്ത് രൂപയ്ക്ക് ഒരെണ്ണമോ! രണ്ടെണ്ണമെങ്കിലും കിട്ടിയിരുന്നെങ്കില്‍ തരക്കേടില്ല.'
ആരോടെന്നില്ലാതെ പറഞ്ഞു.
ആ പൂവും തലോടി കടലിന്‍റെ ഓളങ്ങളിലേക്ക് നോക്കിയിരുന്നു. യഥാര്‍ത്ഥത്തില്‍ അയാളവിടെ വന്നതിന് പ്രത്യേകമായ ഒരു കാരണം ഉണ്ടായിരുന്നു.
ഇന്ന് പ്രണയം പറയാന്‍ വരുന്ന കമിതാക്കളില്‍ നിന്ന് അയാള്‍ക്ക് ഒരു കഥ കണ്ടെത്തേണ്ടതുണ്ട്.
ആശയങ്ങള്‍ പലതും എഴുതി തേഞ്ഞു തീര്‍ന്ന തൂലികയിലൂടെ പ്രണയത്തിന്‍റെ സവിശേഷമായ ഒരു നൂതന ഭാവം എഴുതി ഫലിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതൊരു വലിയ തുടക്കമാകുമെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചിരുന്നു.
പ്രണയമെന്നാല്‍ പ്രാണനെടുക്കുകയെന്നാണ് എന്ന് കരുതി വെച്ചിരിക്കുന്ന പുതിയ പ്രണയ സിദ്ധാന്തങ്ങളെ വെല്ലുന്ന ഒരു പ്രണയകഥ ഇന്നിവിടെ കണ്ണില്‍പ്പെടാതെയിരിക്കില്ല എന്ന് അയാള്‍ ആശിച്ചു.
അപ്പോഴാണ് വിചിത്രമായൊരു കാഴ്ച അയാളുടെ കണ്ണിലുടക്കിയത് 'പ്രണയം വില്‍ക്കപ്പെടും' എന്ന ബോര്‍ഡ് കൈയ്യിലേന്തിയ, കണ്ടാല്‍ പത്തിരുപത് വയസ്സെങ്കിലും തോന്നിക്കുന്ന ഒരു പെണ്‍കുട്ടി.
വാങ്ങിയ പനിനീര്‍പ്പുഷ്പം അറിയാതെ ഊര്‍ന്നു വീണു. ധൃതിയില്‍ ആ പെണ്‍കുട്ടിയുടെ അടുത്തേക്ക് നടന്നു.
അയാള്‍ ഓരോ അടി വെയ്ക്കുമ്പോഴേയ്ക്കും ആ പെണ്‍കുട്ടി ആള്‍ക്കൂട്ടത്താല്‍ മറഞ്ഞു കൊണ്ടിരുന്നു.
അടുത്തെത്തിയപ്പോഴേയ്ക്കും പ്രായ - ലിംഗ ഭേദമന്യേ ആളുകള്‍ അവളെ പൊതിഞ്ഞു കൊണ്ടിരുന്നു.
എന്തിനാണിത്ര തിക്കും തിരക്കും? അവളുടെ പ്രണയത്തിന് അത്രയ്ക്ക് വിലക്കുറവ് ആയിരിക്കുമോ ?
ആളുകളെ വകഞ്ഞു മാറ്റി, മുഷിഞ്ഞ ഭാവത്തോടെ ഒരു ചെറുപ്പക്കാരന്‍ ആ തിരക്കില്‍ നിന്ന് പുറത്തേയ്ക്ക് വന്നു.
'സഹോദരാ, എന്താണ് വില പറഞ്ഞത്?'- ആകാംക്ഷ അടക്കാനാകാതെ കഥാകാരന്‍ ചോദിച്ചു.
'ഓഹ്... സമ്പന്നനായ ഒരു മനുഷ്യന്‍റെ ജീവന്‍റെ വിലയാണെന്ന്.'
അവന്‍ കൈയ്യില്‍ കരുതിയ ഏതാനും നോട്ടുകള്‍ പോക്കറ്റിലേക്ക് തിരികെ വെച്ച് മറ്റൊന്നും പറയാതെ നടന്നു.
മനുഷ്യന്‍റെ ജീവന് എല്ലാം ഒരു വില തന്നെയല്ലേ? സമ്പന്നനെന്നും ദരിദ്രനെന്നും വ്യത്യാസമുണ്ടോ! എങ്കില്‍ തന്നെ ഒരു ജീവന്‍റെ വിലയെന്നത് ആ ജീവന്‍ തന്നെയല്ലേ?
അയാള്‍ തലപുകച്ചു. വിഷയം മാറിപ്പോകുന്നുവെന്ന് തോന്നിയപ്പോള്‍ ആ ചിന്ത തല്ക്കാലം മാറ്റി വെച്ചു.
അടുത്തതായി കച്ചവടം ഉറപ്പിക്കാനാകാത്ത നിരാശയില്‍ തിരികെ വന്നത് ഒരു മദ്ധ്യവയസ്‌ക്കനായിരുന്നു.
'വിലയൊത്തു കാണില്ല അല്ലെ?'
'അല്ലന്നേ, ആയുഷ്‌ക്കാലം മുഴുവന്‍ പ്രണയിക്കണമെന്നാണ് കരാര്‍. നടക്കുന്ന കാര്യമാണോ?'
അയാള്‍ പുച്ഛത്തോടെ പറഞ്ഞിട്ട് പോയി.
തിരക്കില്‍ നിന്ന് ഞെരുങ്ങുന്നതിലും നല്ലത് അവിടെത്തന്നെ നില്‍ക്കുന്നതാണെന്ന് കഥാകാരന് തോന്നി.
അടുത്തതായി ഒരു യുവതിയാണ് കഥാകാരന്‍റെ അടുത്തേക്ക് വന്നത്.
'കരാര്‍ കുറച്ചു കട്ടിയാണല്ലേ?'- കഥാകാരന്‍ ആരാഞ്ഞു.
'കരാര്‍? പ്രണയത്തില്‍ ഉടമ്പടികളില്ല, എന്നാണ് അവളുടെ വാദം.' വിചിത്രമായ എന്തോ ഒന്ന് കേട്ട ഭാവത്തോടെ അവളും നടന്നു മറഞ്ഞു.
ഓരോരുത്തരായി പല പല കാരണങ്ങള്‍ പറഞ്ഞ് തിരക്കൊഴിഞ്ഞു. ഇനിയാരുമില്ല. ഇനി തന്‍റെ ഊഴമാണെന്ന് കഥാകാരന് മനസ്സിലായി.
വിലയും കരാറും ഒന്നും സംസാരിക്കാതെ തന്നെ തനിക്ക് അവളെ സ്വാധീനിക്കാന്‍ കഴിയുമെന്ന് കഥാകാരന്‍ മനസ്സിലുറച്ചു.
മുഖവുരയൊന്നുമേയില്ലാതെ അയാള്‍ നേരെ വിഷയത്തിലേയ്ക്ക് കടന്നു.
'പ്രണയം വില്‍ക്കാനും വാങ്ങാനും കഴിയുമോ കുട്ടീ. നിര്‍വ്വചനങ്ങള്‍ക്ക് പോലും സ്ഥാനമില്ലാത്ത ഒരു അനുഭൂതിയാണത്... പ്രണയത്തിന്‍റെ ഭാഷ...'
മുഴുമിപ്പിക്കാന്‍ അനുവദിക്കാതെ അവള്‍ പറഞ്ഞു തുടങ്ങി, 'നിങ്ങള്‍ പ്രണയിച്ചിട്ടുണ്ടോ?'
'ഇല്ല.'
'നിങ്ങള്‍ പ്രണയിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?'
'അതുമില്ല.'
'പിന്നെ...?'
ഉത്തരമില്ലാതെ കഥാകാരന്‍ കുഴങ്ങി.
'എല്ലാവര്‍ക്കും പ്രണയിക്കാന്‍ ഓരോരോ കാരണങ്ങള്‍ ഉണ്ട്. എന്തെങ്കിലും ഉദ്ദേശത്തോടെയാണ് എല്ലാവരും പ്രണയിക്കുന്നത്. ചിലര്‍ക്ക് മാനസികമായ ഒരു വിനോദം, മറ്റുചിലര്‍ക്ക് ശാരീരികം. പിന്നെയെന്തുകൊണ്ട് എനിക്കത് ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചു കൂടാ?'
'കുട്ടിയുടെ കണ്ടെത്തലുകള്‍ ശുദ്ധവിഡ്ഢിത്തരമാണ്.'
'പിന്നെയെന്തിനാണ് താങ്കള്‍ ഇങ്ങോട്ട് വന്നത്? പ്രണയം വാങ്ങാന്‍ തന്നെയല്ലേ? എന്നെ പറഞ്ഞു മനസ്സിലാക്കാന്‍ അല്ലെന്ന് ഉറപ്പ്.'
'അത് പിന്നെ...'
വീണ്ടും കഥാകാരന്‍റെ ഉത്തരം മുട്ടി.
എല്ലാവരും പിരിഞ്ഞു പോയിരിക്കുന്നു. അവിടെ ആ പെണ്‍കുട്ടിയും കഥാകാരനും മാത്രം അവശേഷിച്ചു.
അവള്‍ ആ ബോര്‍ഡ് നാലായി മടക്കി അടുത്തുള്ള മാലിന്യക്കുട്ടയിലേയ്ക്ക് ഇട്ടു.
വില്‍പ്പന നടന്നില്ലെങ്കിലും അവളുടെ മുഖത്ത് എന്തൊക്കെയോ നേടിയ ആത്മവിശ്വാസം നിഴലിച്ചു.
അവള്‍ കാഴ്ചയില്‍ നിന്ന് മറയും വരെ കഥാകാരന്‍ നോക്കി നിന്നു.
ഉച്ചവെയിലില്‍ ദേഹം വിയര്‍ക്കാന്‍ തുടങ്ങിയപ്പോഴാണ് അയാള്‍ക്ക് പരിസര ബോധം തിരിച്ചു കിട്ടിയത്.
പ്രണയത്തെക്കുറിച്ച് എഴുതാന്‍ നടന്ന താന്‍ പ്രണയത്തിന്‍റെ വില്‍പ്പനയെ കുറിച്ച് എഴുതേണ്ടി വരുമല്ലോ എന്ന് ആശങ്കപ്പെട്ടു.
വലിയ പ്രതീക്ഷകളോടെ വന്നിട്ട് ഒന്നുമില്ലാതെ വീട്ടിലേക്ക് മടങ്ങേണ്ടി വരുന്നതില്‍ കഥാകാരന്‍ നിരാശനായി.
പിറ്റേദിവസം ഉണര്‍ന്നപ്പോഴും കഥാകാരനില്‍ നിരാശ വിട്ടൊഴിഞ്ഞിരുന്നില്ല.
പത്രത്തില്‍ അച്ചടിച്ചുവന്ന ഒരു കഥയിലേക്ക് കണ്ണ് എത്തിയതും നിരാശ അമ്പരപ്പിലേക്ക് വഴി മാറി, പിന്നെയത് നിസ്സംഗതയിലേയ്ക്കും.
ഒരു ചെറുപ്പക്കാരിയില്‍ നിന്നും പ്രണയം വാങ്ങനെത്തിയ ഒരു എഴുത്തുകാരന്‍റെ മനോ വിചാരങ്ങളിലൂടെയാണ് ആ കഥ ആരംഭിയ്ക്കുന്നത്. സങ്കല്‍പ്പങ്ങളിലുള്ള വലിയ അന്തരങ്ങള്‍ കൊണ്ട് പരസ്പരം കലഹിച്ചും വാദിച്ചും സൂര്യാസ്തമയം വരെ ഒരുമിച്ചു ചിലവഴിച്ച അവര്‍ പിരിയാന്‍ നേരം കമിതാക്കളാകുന്ന വിചിത്രമായ ഒരു അവസാനവും.
കഥയെഴുതാന്‍ അലഞ്ഞ് നടന്ന് അവസാനം മറ്റാരുടെയോ കഥയിലെ കഥാപാത്രമായി മാറിയ ജാള്യതയില്‍ അയാള്‍ കണ്ണുമടച്ച് ഇരുന്നുപോയി.
ഒരുപാട് ജീവിതങ്ങള്‍ ഭാവനയില്‍ കണ്ട് എഴുതി വിറ്റ താനും ഒടുവില്‍ വിറ്റുപോയിരിക്കുന്നു എന്ന് അയാള്‍ തിരിച്ചറിഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...