ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. രമ്യ ഭാരതി കെ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
'ഹരിയേട്ടാ... എന്റെ പാദസരം കണ്ടിരുന്നോ?'
'നിന്റെ പാദസരം ഞാന്‍ എങ്ങനെ കാണാനാ ഭാമേ? അല്ലേല്‍ തന്നെ നീ എപ്പഴാ പാദസരം ഇട്ടിട്ടുള്ളത്? ഞാനിതു വരെ കണ്ടിട്ടില്ലാലോ.'
'അല്ലേലും എന്റെ എന്ത് കാര്യാ ഹരിയേട്ടന് അറിയാ? അലമാരിയില്‍ നിന്ന് അഴിച്ച് വെച്ച കല്യാണ മോതിരവും താലിയും എടുത്തു തരാന്‍ പറഞ്ഞാല്‍ അറിയാത്ത ആളാണ്.'
'അതൊക്കെ സ്ഥിരമായി ഇട്ടു കണ്ടാല്‍ പരിചയം ഉണ്ടാവും, അല്ലാതെ അന്ന് കല്യാണത്തിന് ഇട്ടു തന്നപ്പോള്‍ ഒന്ന് കണ്ടു എന്ന് കരുതി, ആരാ ഈ പെണ്ണുങ്ങളുടെ ആഭരണം ഒക്കെ ഓര്‍ക്കാ?'
'അല്ല, ഈ പറഞ്ഞു വരുന്നത് ഞാന്‍ സ്ഥിരമായി താലിയും മോതിരവും സിന്ദൂരവും പാദസരവും മിഞ്ചിയും ഒക്കെ ഇട്ടു നടക്കണം എന്നെങ്ങാനും ആണോ? അപ്പൊ നിരീശ്വരവാദിയുടെ ഉള്ളിലും ഒരു യാഥാസ്ഥിതികന്‍ ഉറങ്ങി കിടപ്പുണ്ട് ല്ലേ... ഹാ ഇതുപോലെ ഓരോന്ന് പുറത്ത് വരട്ടെ.'
'എന്ത് യാഥാസ്ഥിതികന്‍? വെറും സൗന്ദര്യ ആരാധന മാത്രം. ആഭരങ്ങള്‍ ഒക്കെ ഇട്ടു അണിഞ്ഞൊരുങ്ങി കാണുമ്പോള്‍ ഒരു രസം. ഒരു വ്യത്യാസം. സ്ഥിരമായിട്ടൊന്നും വേണ്ടാ. വല്ലപ്പോഴും. ആര്‍ക്കാണ് ഒരു ചേഞ്ച് ഇഷ്ടമില്ലാത്തത്?'
ഹരി പുറകിലൂടെ വന്നു ഭാമയെ ചുറ്റിപ്പിടിച്ചു.
'ആഹാ വിഷയത്തില്‍ കയറിപിടിച്ചു പിടിച്ചു ഒരുപാട് ഉയരത്തിലേക്ക് കയറി പോണ്ട. ഒന്നുകില്‍ ഇത് തിരയാന്‍ എന്നെ സഹായിക്കു. അല്ലെങ്കില്‍ നേരത്തേ ഇരുന്നത് പോലെ അതേ പോലെ അവിടെ പോയി ഫോണില്‍ കുത്തി ഇരുന്നോളു. അല്ലേല്‍ ഇതു കൂടെ ഗൂഗിളില്‍ തിരഞ്ഞോളൂ. ഭാര്യയുടെ പാദസരം എങ്ങനെ കണ്ടെത്താം?'
'ചില സമയത്തുണ്ടല്ലോ ഭാമേ, നിന്റെ നര്‍മബോധം അടിപൊളി ആണ് ട്ടോ.'
'അയ്യേ ഇത് നര്‍മബോധമൊന്നും അല്ല, ഹരിയേട്ടന്റെ സ്‌റ്റൈലില്‍ ചളി അടിക്കാന്‍ ശ്രമിച്ചതാ. വിജയിച്ചു ല്ലേ.'
'അതൊക്കെ ഇരിക്കട്ടെ. ഇന്നെന്താ ഇപ്പോള്‍ പാദസരം ഓര്‍ക്കാന്‍?'
'അതോ... അതിന്നൊരു സംഭവം ഉണ്ടായി സ്‌കൂളില്‍, നമ്മുടെ മാജിദ ടീച്ചറില്ലേ. ടീച്ചറും ഞാനും കൂടെ ഇന്നൊരു കടയില്‍ പോയി.'
'ആഹാ. ന്നിട്ട് എന്താ ണ്ടായേ പറയു..'
ഹരി ഭാമയുടെ കഥ കേള്‍ക്കാനായി ഫോണ്‍ മാറ്റി വെച്ച് മുന്നോട്ട് ചാഞ്ഞിരുന്നു. ഭാമയാവട്ടെ നിലത്തിരുന്ന് അലമാരയില്‍ തപ്പിക്കൊണ്ടിരുന്നത് നിര്‍ത്തി, ഹരിക്കു നേരെ തിരിഞ്ഞു ചമ്രപ്പടി ഇട്ടിരുന്നു.
'മാജിദ ടീച്ചറുടെ വീട്ടിലെ അവസ്ഥയൊക്കെ കഷ്ടമാണ് എന്നു ഞാന്‍ മുന്നേ പറഞ്ഞിട്ടുണ്ടല്ലോ. ടീച്ചറുടെ ഉപ്പ പണ്ട് കുറെ കാലം ഗള്‍ഫിലായിരുന്നു. അയാള്‍ക്ക് മൂന്നോ നാലോ പെങ്ങമ്മാരൊക്കെ ഉണ്ടായിരുന്നു. അവരുടെ കല്യാണം നടത്തലും, അനിയന്മാരുടെ ജീവിതവും ഒരു കര എത്തിക്കലും, മക്കളുടെ കല്യാണവും അങ്ങനെ എല്ലാം നേരെയാക്കിയാക്കി അയാളുടെ നല്ല പ്രായം മുഴുവന്‍ അവിടെ കഴിഞ്ഞു. മാജിദ ടീച്ചര്‍ക്ക് രണ്ടു ചേച്ചിമാരാ. അവരുടെ കല്യാണവും കൂടെ നടത്തിയിട്ടാണ് ഉപ്പ നാട്ടില്‍ തിരിച്ചെത്തിയത്.
മൂത്ത ഇത്താത്തയുടെ കല്യാണം ആര്‍ഭാടമായി നടത്തി. അന്ന് ഉപ്പ നാട്ടിലില്ല. പക്ഷെ ഉപ്പ കല്യാണത്തിന് ചിലവിനുള്ള കാശ് എല്ലാം അയച്ചു. പുറമെ, താത്താക്ക് വേണ്ടി അവിടെ നിന്ന് ഒരാളുടെ കൈവശം ഒരു ജോഡി പാദസരം കൊടുത്തു വിട്ടു. അതുപോലെ രണ്ടാമത്തെ താത്തയുടെ കല്യാണത്തിനും കൂടാന്‍ ഉപ്പാക്ക് പറ്റിയില്ല. പക്ഷെ അതിനും ഉപ്പ പാദസരം കൊടുത്തു വിട്ടു.
ഇതിനിടെ ഉപ്പ പലപ്പോഴായി നാട്ടില്‍ വന്നപ്പോളെല്ലാം നമ്മുടെ കുട്ടിമാജിദ, ഉപ്പയോട് പരാതി പറയുമായിരുന്നത്രെ, ഇത്താത്തമാര്‍ക്ക് രണ്ടാള്‍ക്കുംണ്ട്, അവള്‍ക്ക് മാത്രം ദുബായീന്നു കൊണ്ടുവന്ന പൊന്നിന്റെ പാല്‍സരം ഇല്ലാന്ന്.
എല്ലാ തവണയും ഉപ്പ അവളെ ആശ്വസിപ്പിക്കും, 'ഇയ്യ് പ്പൊ ചെറുതല്ലേ. ഇപ്പോ പൊന്നിന്റെ ഒക്കെ ഇട്ടു നടന്നാ എവിടേങ്കിലും കൊഴിഞ്ഞു പോവും. അന്റെ നിക്കാഹിനു അനക്കും മാങ്ങി തരും' ന്ന്.'
'കൊള്ളാലോ നീ നല്ല അസ്സലായി അവരുടെ ഭാഷാ രീതി പഠിച്ചല്ലോ.' ഹരി ഇടക്ക് കയറി.
'അതാണോ ഇപ്പോള്‍ വല്യ കാര്യം? ഇത് കേള്‍ക്കു. ആ ഫ്‌ളോ കളയല്ലേ.'
'ഇല്ല. പറയൂ.'
ഭാമ ഒന്നൂടെ ഗൗരവമായി കഥ പറയല്‍ തുടര്‍ന്നു.
'പക്ഷെ ഇതിനിടെ ഉപ്പാക്ക് തീരെ വയ്യാതെയായി. തിരികെ ദുബായിക്ക് പോയി ജോലി എടുക്കാനുള്ള ആരോഗ്യമൊന്നും ഇല്ലാതെയായി. കയ്യില്‍ ബാക്കി ഉണ്ടായിരുന്ന സമ്പാദ്യം കൊണ്ട് ഒരു ചെറിയ കടയിട്ടു. നാട്ടില്‍ സ്ഥിരതാമസവുമായി. അന്ന് മാജിദ എട്ടിലോ മറ്റോ പഠിക്കാ. അന്നും അവളുടെ സങ്കടം ഇനി 'ദുബായിന്ന് പൊന്നിന്റെ പാല്‍സാരം' കിട്ടൂല്ലല്ലോ എന്നായിരുന്നു പോലും.'
'പാവം. എന്തു നിഷ്‌കളങ്കരായിരുന്നു നമ്മളെല്ലാം ചെറുപ്പത്തില്‍ അല്ലേ...' ഹരി വീണ്ടും വാ തുറന്നു. ഭാമ കണ്ണുരുട്ടുന്നത് കണ്ട് ഹരി വാ പൊത്തി. ഭാമ തുടര്‍ന്നു.
'അങ്ങനെ അവള് വലുതായപ്പോള്‍ പതിയെ ഈ മോഹമൊക്കെ വിട്ടു. അവളുടെ വിവാഹ സമയം ഒക്കെ ആയപ്പോഴേക്കും ഉപ്പാക്ക് തീരെ വയ്യാതെയായി. പേരിനു കടയില്‍ പോകും എന്ന് മാത്രം. താത്തമാരുടെ ഭര്‍ത്താക്കന്മാരായി കുടുംബഭരണം. മാജിദയുടെ പുതിയാപ്ലയെ കണ്ടെത്തിയതും അവര് തന്നെയാണ്. അവര്‍ക്ക് സൗകര്യം തോന്നിയ ഒരാളെ കൊണ്ട് കെട്ടിച്ചു വിട്ടു എന്ന് പറയുന്നതാവും സത്യം.
കല്യാണത്തിനു പണ്ടം എടുക്കാന്‍ പോയപ്പോള്‍ ഇവള്‍ക്ക് വേണ്ടി പൊന്നിന്റെ പാദസരം എടുക്കണം എന്ന് ഉപ്പാക്ക് ആയിരുന്നു നിര്‍ബന്ധം. അതിനൊന്നും കാശ് തികയില്ല എന്നായി ഇക്കാക്കമാര്‍. അപ്പോ ഉപ്പ പറഞ്ഞു പോലും 'ന്റെ കുട്ടി കാലില് പൊന്നിന്റെ പാല്‍സാരം ഇട്ടു നടക്കണത് എനിക്ക് കാണണം' എന്ന്. അതും പറഞ്ഞു ഉമ്മാടെ കയ്യില്‍ കിടന്ന രണ്ടു വളയും കൂടെ ഊരി വാങ്ങി കൊടുത്താണ് അവള്‍ക്ക് കല്യാണത്തിന് ഇടാന്‍ പാദസരം വാങ്ങിയത്. അവള്‍ എത്ര വേണ്ടാ എന്ന് പറഞ്ഞിട്ടും ഉപ്പ സമ്മതിച്ചില്ല.
വിവാഹം കഴിഞ്ഞതോടെ മാജിദയുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. എത്ര കിട്ടിയാലും മതിയാവാത്ത അമ്മായിയമ്മയും നാത്തൂനും, ധൂര്‍ത്തനായ ഭര്‍ത്താവും. അവള്‍ക്ക് ഒരു ഗവണ്മെന്റ് ജോലി ഉള്ളത് കൊണ്ട് ജീവിച്ചു പോണു എന്ന് മാത്രം. സ്‌കൂളില്‍ വരുന്ന സമയമെങ്കിലും ആശ്വാസം കിട്ടുന്നു എന്ന് പറയും അവള്‍. കൊടുത്ത പൊന്നൊക്കെ അതുമിതും പറഞ്ഞ് വാങ്ങിച്ച് വില്‍ക്കാനും പണയം വെക്കാനും കൊണ്ടുപോയി. അതൊക്കെ ഏതു വഴിയേ പോയി എന്ന് അവള്‍ക്കും അറിയില്ല.
ഭര്‍ത്താവ് കുറെ ചോദിച്ചിട്ടും ആ പാദസരം വില്‍ക്കാന്‍ അവള്‍ കൊടുത്തില്ല. അതിന്റെ പേരില്‍ അവിടെ വലിയ പ്രശ്‌നങ്ങള്‍ ഒക്കെ ഉണ്ടായി. അവസാനം പിടിച്ചു നില്‍ക്കാന്‍ പറ്റാതെ അത് അവള്‍ക്ക് അഴിച്ച് കൊടുക്കേണ്ടി വന്നു.
അതിനു ശേഷം അവള്‍ വീട്ടില്‍ പോയപ്പോള്‍ അവളുടെ കാല് ഒഴിഞ്ഞു കിടക്കുന്നത് കണ്ട് ഉപ്പ ചോദിച്ചത്രേ പാദസരം എവിടെ എന്ന്. അത് പൊട്ടിയിട്ടു അഴിച്ച് വെച്ചതാണെന്ന് അവള്‍ നുണ പറഞ്ഞു പോലും. തിരികെ പോകാന്‍ നേരം ഉപ്പ അവളെ അടുത്തേക്ക് വിളിച്ച്, കുറച്ച് കാശ് കയ്യില്‍ വെച്ചു കൊടുത്തു. 'ന്റുട്ടി എത്രേം വേഗം പാല്‍സാരം വിളക്കി കാലില്‍ ഇട്ട് നടക്കണം ട്ടോ...' ന്ന് പറഞ്ഞത്രേ...'
ഭാമയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു. ഹരിയുടെ കണ്ണ് നനയുന്നുണ്ടായിരുന്നു. രണ്ടാള്‍ക്കും ഒന്നും പറയാനില്ലാത്ത മൗനം അവിടെ തങ്ങി നിന്നു. പിന്നേ അതില്‍ നിന്ന് പുറത്തേക്ക് കടന്ന് ഭാമയോട് ചോദിച്ചു.
'ന്നിട്ട്?'
'ഇന്നലെ മാജിദയുടെ വീട്ടില്‍ നിന്ന് വിളി വന്നിരുന്നു. ഉപ്പാക്ക് സുഖല്യാതെ ഹോസ്പിറ്റലില്‍ ആണെന്ന്. എന്റേന്ന് കുറച്ച് കാശ് കടം ചോദിച്ചു. ഞാനും അവളും കൂടെ ഇന്ന് എടിഎമ്മില്‍ പോയി, കാശ് എടുത്തു അവള്‍ക്ക് കൊടുത്തു. അപ്പഴാ അവള് പറഞ്ഞെ അവള്‍ക്ക് മുക്കിന്റെ ഒരു പാദസരം വേണം എന്ന്. ഞങ്ങള്‍ അവിടെ അടുത്തൊരു കടയില്‍ പോയി പാദസരം വാങ്ങി.
അങ്ങോട്ട് നടക്കുമ്പോഴാണ് അവള്‍ ഈ കഥയൊക്കെ എന്നോട് പറഞ്ഞത്. അവളുടെ പഴയ പാദസരത്തിന്റെ ഫോട്ടോ കയ്യില്‍ ഉണ്ടായിരുന്നു. ഏറെക്കുറെ അതുപോലത്തെ ഒരെണ്ണം വാങ്ങി. അതിന്റെ കൂടെ കാശ് ഞാന്‍ കൊടുത്തു ട്ടോ.
ഇറങ്ങാന്‍ നേരത്ത് അവള് പറയാ. 'ഇത്തവണയും അവളുടെ കാലില്‍ പാദസരം കണ്ടില്ലേല്‍ ഉപ്പാക്ക് ചിലപ്പോ കാര്യം പിടികിട്ടും. ഉപ്പാക്ക് സങ്കടമാവും. ഇതിപ്പോ സ്വര്‍ണം ആണോ മുക്ക് പണ്ടമാണോ എന്നൊന്നും ഉപ്പാക്ക് മനസ്സിലാവില്ലല്ലോ' എന്ന്.'
ഹരി എഴുന്നേറ്റു വന്നു ഭാമയുടെ അടുത്തിരുന്നു. അവളെ വെറുതെ ചേര്‍ത്തു പിടിച്ചു.
'അതൊക്കെ പോട്ടെ, അത് ഓര്‍ത്ത് ഇനി സങ്കടപ്പെട്ടു ഇരിക്കേണ്ട. ഇത് പറ, നിനക്ക് ഇപ്പോള്‍ ഈ പാദസരത്തിന്റെ മോഹം തോന്നാന്‍ എന്താ? ഈ ഒരു കാരണം മാത്രം ആവില്ലല്ലോ..'
'അതുണ്ടല്ലോ ഹരിയേട്ടാ എന്റെ അമ്മമ്മക്ക് എപ്പോഴും ഞാന്‍ കാലില്‍ പാദസരം ഇട്ടു കാണണമായിരുന്നു. എനിക്കാണേല്‍ അത് ഇഷ്ടമേ അല്ല. രാത്രി കിടന്നാല്‍ ഉറക്കം വരികയെ ഇല്ല. അതും പറഞ്ഞു ഞാന്‍ അഴിച്ച് വെക്കും. അപ്പൊ അമ്മമ്മ പറയും, 'കാലൊഴിഞ്ഞു കിടക്കുന്നത് കണ്ടാല്‍ തുണിയുടുക്കാത്ത പോലെ തോന്നും ന്ന്' -അതും പറഞ്ഞു അവള്‍ ചിരിച്ചു. കൂടെ ഹരിയും.
'ആണോ, ആ കാലൊന്ന് കാണിക്കു, ഞാന്‍ നോക്കട്ടെ അങ്ങനെ തോന്നുന്നുണ്ടോ എന്ന്. ആ ഒരു ആംഗിളില്‍ ഞാന്‍ ഇത് വരെ കാല് ശ്രദ്ധിച്ചില്ലല്ലോ.'
'അയ്യടാ... അത് മാത്രമല്ല. അരയില്‍ വെള്ളിയുടെ അരഞ്ഞാണം ഇട്ടില്ലെങ്കില്‍ അര ഒതുങ്ങില്ല എന്നൊക്കെ പറഞ്ഞു പാവം കുറെ എന്റെ പുറകെ നടന്നു. അതും ഞാന്‍ നിഷ്‌കരുണം തള്ളി കളഞ്ഞു.'
'ആഹാ. എന്തായാലും തപ്പുന്നതല്ലേ. അതും കൂടെ തപ്പിക്കോളൂ.'
'അതൊന്നും ഇല്ല. അതൊക്കെ എന്റെ ആയ പ്രായത്തിലെ ഞാന്‍ പൊട്ടിച്ചെറിഞ്ഞതാ.' ഭാമ തിരച്ചില്‍ തുടര്‍ന്നു.
'അല്ല ഇതിപ്പോള്‍ എത്ര പവന്‍ വരും? ഇവിടെ ചുമ്മാ കിടക്കാണേല്‍ നമുക്ക് വില്‍ക്കുകയോ പണയം വെക്കുകയോ ചെയ്യാമല്ലോ. വെറുതെ കള്ളന്മാര്‍ക്ക് കൊടുക്കണ്ടല്ലോ.'
'ആഹാ നല്ല മോഹം. പക്ഷെ ചീറ്റി പോയി. ഇത് സ്വര്‍ണ്ണമല്ല. വെള്ളിയുടെ പാദസരം ആണ്. സ്വര്‍ണ്ണം ലക്ഷ്മിയാണ് അത് കാലില്‍ ഇടാന്‍ പാടില്ല എന്നാണ് മുത്തശ്ശിയുടെ ഭാഷ്യം. ഇത് കല്യാണത്തിന് മുത്തശ്ശി എനിക്ക് തന്നതായിരുന്നു. പാവം ഞാന്‍ ഇത് ഇട്ടു നടക്കുന്നത് കാണാന്‍ എത്ര ആഗ്രഹിച്ചിട്ടുണ്ടാവും. ഞാന്‍ അനുസരിച്ചിട്ടേ ഇല്ല. ഇനി അടുത്ത വട്ടം കാണാന്‍ പോകുമ്പോള്‍ ഇട്ടിട്ടു പോണം. ചേതമില്ലാത്ത ഒരു ഉപകാരം അല്ലേ. അതിനാണ് തപ്പുന്നത്.'
'ആയിക്കോട്ടെ. അല്ലേല്‍ മാജിദ ടീച്ചര്‍ ചെയ്ത പോലെ നമുക്ക് പുതീത് വാങ്ങിച്ച് ഇട്ടു അമ്മമ്മയെ പറ്റിക്കാം.' ഹരി ഭാമയെ ആശ്വസിപ്പിക്കാന്‍ പറഞ്ഞു.
'കിട്ടി ഹരിയേട്ടാ, പാദസരം കിട്ടി... ഈ പഴയ ബാഗില്‍ ഉണ്ടായിരുന്നു.'
ഭാമയുടെ സന്തോഷം കണ്ടപ്പോള്‍ ഹരിക്കും സന്തോഷമായി. അത് കാലില്‍ അണിയാന്‍ അവന്‍ അവളെ സഹായിച്ചു. ചെറിയ കുട്ടിയെ പോലെ അവള്‍ അത് ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ട് ഹരി ഉള്ളില്‍ ചിരിച്ചു.
പിറ്റേന്ന് രാവിലെ ഫോണിന്റെ റിങ് ടോണ്‍ കേട്ടാണ് ഹരിയുടെ നെഞ്ചില്‍ നിന്ന് ഭാമ എണീറ്റത്. മാജിദ ടീച്ചറുടെ കോള്‍ ആയിരുന്നു. തിരിച്ചു വിളിക്കാനായി എടുത്തപ്പോള്‍ ആണ് ഒരു മെസേജ് വന്ന ശബ്ദം കേട്ടത്. ടീച്ചറുടെ വാട്‌സ്ആപ്പില്‍ ഒരു വോയിസ് മെസ്സേജ് വന്നത്. അവള്‍ എണീറ്റിരുന്നു വോയിസ് പ്ലേ ചെയ്യാന്‍ തുടങ്ങിയപ്പോഴേക്കും ഹരിയും കൂടെ എഴുന്നേറ്റു.
'ഭാമ ടീച്ചറേ... ന്റെ ഉപ്പ പോയി ട്ടോ. ഇന്നലെ ന്നേ കണ്ട് ന്നോട് കുറെ സംസാരിച്ചു സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നതാ. ഉറക്കത്തില്‍ ആരെയും അറിയിക്കാതെ ഞങ്ങളെ ഉപ്പ പോയി...'
ഹാ പിന്നെ ടീച്ചറേ... ഉപ്പ എന്റെ കാലില്‍ പാദസരം കണ്ടിരുന്നു ട്ടോ. ഞാന്‍ കേറി വന്നപ്പോ ആദ്യം ഉപ്പ കാലിലേക്കാ നോക്കിയത്. ഉപ്പാന്റെ മുഖത്തെ സന്തോഷം ഞാന്‍ കണ്ടു.
പക്ഷെ ന്നാലും ടീച്ചറേ... ഇപ്പോള്‍ ഉപ്പാക്ക് അറിയുന്നുണ്ടാവുമായിരിക്കും ല്ലേ ഞാന്‍ ഉപ്പാനെ പറ്റിച്ചതാണെന്ന്...'
ഞാന്‍ പിന്നെ വിളിക്കാ ട്ടോ. കുറച്ചൂസം ലീവ് ആണ്. ക്ലാസുകള്‍ ഒന്ന് നോക്കണേ.'
ആ വോയിസ് കേട്ടു തീര്‍ന്നിട്ടും ഒന്നും മിണ്ടാനോ അനങ്ങാനോ ആവാതെ, ഇന്ന് വരെ കണ്ടിട്ടില്ലാത്ത ആ ഉപ്പയെ ഓര്‍ത്ത് ഹരിയുടെയും ഭാമയുടെയും കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ആ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...