Malayalam Short Story : അമ്മവീട്, റീന സാറാ വര്‍ഗീസ് എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published May 23, 2022, 4:33 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. റീന സാറാ വര്‍ഗീസ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

പുറത്തെ കാഴ്ചകള്‍ കണ്ട്, നടന്നു പോകുന്നതാണ് മനസ്സിനു കുളിര്‍മയെന്നു ശാരി പറഞ്ഞപ്പോള്‍ മറുത്തൊന്നും ദാസ് പറഞ്ഞില്ല. ഇന്ധന വില കുതിച്ചുയരുന്നുതുകൊണ്ടാവാം അനുകൂലിച്ചത്. അമ്മയും കൂടെ പോന്നോളുവെന്നു ശാരി ക്ഷണിച്ചപ്പോള്‍ ഞാനും അവര്‍ക്കൊപ്പം ചേരുകയായിരുന്നു.

'ദേ.. ഉള്ളതെല്ലാം വാങ്ങി കൂട്ടിയാല്‍ എയര്‍പോര്‍ട്ടില്‍ ചെല്ലുമ്പോള്‍ കഴിഞ്ഞ പ്രാവശ്യത്തെ പോലെ തിരിച്ചു കൊടുത്തു വിടേണ്ടി വരും. പോക്കറ്റും കാലിയാകും.'

ലഗേജുകള്‍ക്ക്  വിമാനക്കമ്പനി അനുവദിച്ചിരിക്കുന്നതിലും തൂക്കം കൂടുതല്‍ ആയിരുന്നതിനാല്‍ പകുതിയിലധികം സാധനങ്ങള്‍ യാത്രയാക്കാന്‍ വന്ന അച്ഛന്റെ കൈയില്‍ അന്ന് തിരികെ കൊടുത്തു വിടുകയായിരുന്നു. അവരിരുവരും ജോലിചെയ്തിരുന്ന നാട്ടില്‍ വില കൂടുതലാണെന്ന അയാളുടെ ചിന്താഗതിയാണ് സാധനങ്ങള്‍ ഇവിടെനിന്ന് വാങ്ങാന്‍ അവളെ പ്രേരിപ്പിച്ചത്. അതില്‍ പലതും അടുക്കളയിലേക്കും അവളുടെ ഉപയോഗത്തിനും ഉള്ളതായിരുന്നു. ചെലവു ചുരുക്കലിന്റെ ഭാഗമായി ദാസ് സ്വീകരിച്ചു വന്ന  ന്യായവാദങ്ങളില്‍ പലതും അവളുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു. സ്വന്തം വീട്ടുകാരെയോ സുഹൃത്തുക്കളെയോ പോലും അടിപ്പിക്കാതിരുന്നതാണ് മൂലകാരണമെന്ന പഴിയും ചുമലിലായി. 

കടയില്‍ സാധനങ്ങള്‍ തിരിഞ്ഞെടുക്കുന്നതിനിടയില്‍ അയാള്‍ ധൃതികൂട്ടുന്നുണ്ടായിരുന്നു.

'എത്ര നേരമായി. ഈ പെണ്ണുങ്ങളെ കൊണ്ട് കടയില്‍ കയറിയാല്‍ ഇങ്ങനെയാ. കട മൊത്തവും  വാങ്ങിക്കൂട്ടും. ഇങ്ങനെ കാശു ചെലവാക്കിയാല്‍ എങ്ങനെയാണ് മുന്നോട്ടു ജീവിക്കുന്നത്?'

പരുഷസ്വരം കട മുഴുവന്‍ മുഴങ്ങി. ചിലര്‍ സഹതാപപൂര്‍വം ഒളികണ്ണുകള്‍ പായിക്കുന്നതു കണ്ടു. ഒന്നും സംഭവിക്കാത്തതു പോലെ ഒഴിഞ്ഞ കോണിലേക്ക്  ശാരി മാറി നില്‍ക്കുന്നത് എനിക്കു് കാണാമായിരുന്നു.

അവളിലെ സ്ത്രീയുടെ വ്യക്തിത്വത്തിനേറ്റ ക്ഷതം ഇത് ആദ്യത്തത് അല്ലായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. ഒന്നും പറയാതെ തന്നെ മനസ്സ് വായിക്കാന്‍ സാധിക്കുന്ന ഭൂമുഖത്തെ അതീന്ദ്രിയമായ ബന്ധം
പൊക്കിള്‍കൊടി ബന്ധമല്ലാതെ മറ്റെന്താണ്?

അകത്ത് അനേകം ക്ഷതങ്ങള്‍ നിറഞ്ഞ ജീവിതം മറയ്ക്കാന്‍ അതിസമര്‍ത്ഥമായി അവള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അത് മനസ്സിലാക്കിയത് ഞാന്‍ മാത്രം. ഒരിക്കല്‍പോലും എന്നോടോ, അവളുടെ അച്ഛനോടോ ഒന്നും തുറന്നു പറഞ്ഞിട്ടില്ല. സാധനങ്ങളെടുത്തതിന്റെ തുക അടയ്ക്കാന്‍ കൗണ്ടറിനടുത്ത് എത്തിയപ്പോള്‍ ദാസിന്റെ സ്വരം വീണ്ടും ഉയര്‍ന്നു.

'നിന്നോടു പലതവണ പറഞ്ഞിട്ടുള്ളതാണ്. ഇത്രയധികം സാധനങ്ങള്‍ വാങ്ങിക്കൂട്ടരുതെന്ന്. കാശിന്റെ വെലയറിയാതെ. വല്ലതും അറിയണോ?'

കൗണ്ടറില്‍ പണം സ്വീകരിക്കാനിരുന്ന പ്രായമേറിയ ആള്‍ മകളെ എന്ന പോലെ അലിവോടെ അവളെ നോക്കി. ചിലപ്പോള്‍ അയാള്‍ക്കും കാണും ഇതുപോലെ ഒരു മകള്‍.

ഒരു വാക്കു പോലും ഉരിയാടിയാന്‍ എനിക്കായില്ല. കടയ്ക്കുള്ളില്‍ പരിചിതരും അപരിചിതരുമായി ധാരാളമാളുകള്‍ ഉണ്ടായിരുന്നതുകൊണ്ട് സംയമനം പാലിച്ചേ മതിയാകൂ. എത്രയോ കുട്ടികള്‍ക്ക് ഗുരുവായിരുന്നു. കര്‍ക്കശ്യം തീരെ ഇല്ലാതിരുന്ന അദ്ധ്യാപിക എന്നായിരുന്നു പലരും വിശേഷിപ്പിച്ചിരുന്നത്.

ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നു കൊടുത്തത് അറിവിനൊപ്പം അമ്മയുടെ വാത്സല്യം കൂടിയായിരുന്നു. അവരില്‍ പലരും കടയില്‍ വന്നു പോകുന്നുണ്ടായിരുന്നു. അവരില്‍ നിന്ന് മറഞ്ഞു നില്‍ക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു.

ജീവിതത്തിന്റെ വിക്ഷുബ്്ധമായ അടരുകള്‍ ഏതോ ചുഴലിക്കൊടുങ്കാറ്റില്‍ ദിശതെറ്റി പാറിനടന്ന്, അവളെ വട്ടം കറക്കുന്നതായി തോന്നി. അതു് എന്നില്‍ ഉണ്ടാക്കിയ കുറ്റബോധം ചെറുതല്ല.

'ചായ കുടിക്കാന്‍ എന്തെങ്കിലും തന്നിട്ടു പോ കുഞ്ഞേ. നീ ജോലിക്കാരി ആയില്ലേ. എന്നു വന്നാലും ഒന്നും തരില്ല. എന്തിനാ കുട്ടിയേ ഇങ്ങനെ പിശുക്കണത്. നീ വെല്ല്യ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ അല്ലേ.'

പറമ്പില്‍ പണിക്കു വന്നുകൊണ്ടിരുന്ന കുമാരന്‍ കടയ്ക്കു മുന്നില്‍ നില്‍ക്കുന്നു. ശാരി പരിഭ്രമത്തോടെ ബാഗ് തുറന്ന് ആകെ ഉണ്ടായിരുന്ന അഞ്ഞൂറിന്റെ നോട്ട് അയാളുടെ ഉള്ളം കൈയില്‍ വെച്ചു.  അതിനിടയില്‍ കുമാരനോട്, അവള്‍ എന്തൊക്കെയോ ചോദിച്ചുവെന്നു വരുത്തി.

'നല്ല യോഗമുള്ള കുട്ടി. പുറംരാജ്യത്ത് ഉയര്‍ന്ന ശമ്പളം. അതു മാത്രമോ കള്ളുകുടിയും സിഗരറ്റു വലിയും ഇപ്പോഴത്തെ ചെറുപ്പക്കാരുടെ യാതൊരു ദു:ശ്ശീലങ്ങളും ഇല്ലാത്ത ഭര്‍ത്താവ്. അതിനുപുറമേ വലിയ ജോലിക്കാരനും. ഇതെല്ലാം കൂടി ഒത്തിണങ്ങി ഇക്കാലത്ത് ഒരു ചെറുപ്പക്കാരനെ കിട്ടണമെങ്കില്‍ വലിയ ബുദ്ധിമുട്ടു തന്നെയാ. സല്‍ഗുണ സമ്പന്നനെയല്ലേ മോള്‍ക്കു കിട്ടിയത് ടീച്ചറേ. നിങ്ങക്കടെ ഭാഗ്യം.'

കുമാരന്‍, മകളുടെ യോഗത്തെക്കുറിച്ചും, ഭാഗ്യത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചുക്കൊണ്ടിരുന്നു. അതിനിടയില്‍ വാങ്ങിയ സാധനങ്ങളുടെ ബില്ലടച്ച്, ദാസ് വെളിയിലിറങ്ങി. അയാള്‍ക്ക് ആവശ്യമുള്ള എന്തൊക്കെയോ സാധനങ്ങള്‍ വാങ്ങാനായി അടുത്ത കടയിലേക്ക് നടക്കുന്നതിനിടയില്‍ പറയുന്നുണ്ടായിരുന്നു.

'നിങ്ങള്‍ വണ്ടിയില്‍ ഇരുന്നോളൂ ഞാനിപ്പോള്‍ വരാം.  അയാള്‍ക്ക് കാശ് കൊടുക്കേണ്ട വല്ല കാര്യേം ഉണ്ടായിരുന്നോ. അധ്വാനിച്ച് ജീവിക്കാതെ ഇരന്നു ജീവിക്കുന്ന വര്‍ഗ്ഗം. കള്ളത്തരങ്ങളേയുള്ളു മനുഷ്യര്‍ക്ക്. മനുഷ്യനെ പറ്റിക്കുന്നത് ഇങ്ങനെയുള്ള വരാ. കാണുന്ന വര്‍ക്കൊക്കെ പെറുക്കിക്കൊടുത്താല്‍ എന്തു ചെയ്യും. ഭാവിയിലേക്ക് യാതൊരു മുന്‍കരുതലുമില്ലാതെ, ലക്ഷ്യബോധമില്ലാത്ത ജീവിതം.' ദാസ് അമര്‍ഷത്തോടെ പല്ലുകളിറുമ്മി പിന്നെയും  പുലമ്പി.

'കുമാരേട്ടന്‍, എന്റെ ചെറുപ്പം മുതല്‍ ഞങ്ങളുടെ വീട്ടില്‍ പണിക്കു വരുന്നതാ. സാധു മനുഷ്യന്‍. ആരോഗ്യമുള്ള കാലത്ത് പാടത്തും പറമ്പിലും പണിയെടുത്ത് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ വയ്യാതെയായി. അതു് കണ്ടില്ലെന്ന് നടിക്കാന്‍ എനിക്കു വയ്യ.' -ദാസിന്റെ ഇഷ്ടക്കേടിന് തികച്ചും സൗമ്യമായി അവള്‍ മറുപടി കൊടുത്തു.

'എട്ടാ. എനിക്കൊരു സാരിയും രണ്ടു ചുരിദാറും വാങ്ങണം. എ. ടി. എം കാര്‍ഡ് തന്നാല്‍ ഞാന്‍ വാങ്ങിക്കോളാം.'

'വേണ്ടാ. ഇന്നാളല്ലേ ഇതെല്ലാം വാങ്ങിയത്. നിന്റെ കയ്യില്‍ എ.ടി.എം കാര്‍ഡ് തന്നാല്‍ വരവറിയാതെ ചെലവാക്കും. നിനക്കറിയില്ല എങ്ങനെ വരവുചെലവു കണക്കുകള്‍ നിയന്ത്രിക്കണമെന്ന്. അവസാനം ഞാന്‍ തന്നെ ബുദ്ധിമുട്ടേണ്ടി വരും.'

കാറിന്റെ മുന്‍സീറ്റിന്റെ വാതിലിനോട് ചേര്‍ന്ന്  മുഖമമര്‍ത്തി തെല്ലിട നേരം മൗനമായി  ഇരുന്ന അവളുടെ കണ്ണുകള്‍ നിറഞ്ഞത് കണ്ണാടിയില്‍ പ്രതിഫലിച്ചു.  ഞാന്‍ കൊടുത്ത സാരിയാണ് അവള്‍ക്ക് ഉണ്ടായിരുന്ന ഏറ്റവും പുതിയ വസ്ത്രം.

എന്തിനും ഏതിനും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ഉണ്ടായിരുന്ന കുട്ടി. അതില്‍ നിന്ന് ഒരുപാട് ദൂരേക്ക് അകന്നിരിക്കുന്നു.  വീട്ടിലെ എല്ലാ കാര്യങ്ങളും ചുറുചുറുക്കോടെ നോക്കിയിരുന്നവള്‍. അവളുടെ മാറ്റം ഞെട്ടലോടു കൂടിയ അമ്പരപ്പുണ്ടാക്കി!

മുന്തിയ കാറിന്റെ ശീതീകണവലയത്തിനുള്ളിലെ പതുപതുത്ത ഇരിപ്പിടത്തില്‍ ഇരിക്കുമ്പോള്‍ അവള്‍ എന്നോടു ചോദിച്ചു.

'മദ്യപനും പുകവലിക്കാരനും അല്ലാത്ത, ഉയര്‍ന്ന വിദ്യാഭ്യാസവും ജോലിയും സമ്പാദ്യശീലവും കുടുംബമഹിമയും മാത്രമാണോ വരന്‍ എന്ന വ്യക്തിക്ക് വേണ്ടത്. ഒപ്പം മറ്റു ചിലതുകൂടി വേണ്ടേ അമ്മേ?'

ഉത്തരം മുട്ടിച്ച ചോദ്യത്തില്‍ എന്റെ ഹൃദയം വരഞ്ഞു കീറി. മാനസിക പീഡനമെന്ന ഞാന്‍ അനുഭവിക്കാത്ത അവസ്ഥയിലൂടെയാണ് അവള്‍ കടന്നു പോകുന്നത്. അവളുടെ അച്ഛന്‍ ഇന്നുവരെ ഒരു വേര്‍തിരിവ് കാണിച്ചിട്ടില്ല. എല്ലാവര്‍ക്കും അഭിമതനായ വ്യക്തി.

'സുന്ദരനും, വിദ്യാസമ്പന്നനുമായ, പുറംരാജ്യത്ത് ഉയര്‍ന്ന ജോലിയുള്ള യുവാവ് ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും ജോലിയുമുള്ള വധുവിനെ തേടുന്നു. നല്ല സാമ്പത്തിക ചുറ്റുപാടുണ്ട്. വിവാഹശേഷം പെണ്‍കുട്ടിയെ കൊണ്ടുപോകും. സാമ്പത്തികം പ്രശ്‌നമല്ല.'

വിവാഹ പരസ്യങ്ങള്‍ പലതു കണ്ടെങ്കിലും തിരഞ്ഞെടുത്തത് ഇതായിരുന്നു.

തിരിച്ചെത്തിയ ദാസ്, ഡ്രൈവ് ചെയ്യുന്നതിനിടയില്‍ പറയുന്നതു കേള്‍ക്കാമായിരുന്നു.

'വായ്ക്ക് രുചിയായി നല്ല ഭക്ഷണം ഉണ്ടാക്കാന്‍ ഇവള്‍ക്ക് അറിയില്ല. ഉണ്ണണം ഉറങ്ങണം. ഇതേ ചിന്തയുള്ളൂ. ഇങ്ങനെയാണോ മകളെ പഠിപ്പിച്ചു വിട്ടിരിക്കുന്നത്?'

അതിനു മറുപടി പറയാതിരിക്കാന്‍ എനിക്കായില്ല.

'മകളെ നന്നായി പഠിപ്പിച്ചു. അതുകൊണ്ടാണല്ലോ എല്ലാ മാസങ്ങളിലും ബാങ്കിലേക്ക് കൃത്യമായി ശമ്പളം എത്തുന്നത്. അവള്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ ഉണ്ണാനും ഉറങ്ങാനുമുള്ള അവകാശം അവള്‍ക്കുണ്ട്.'

എല്ലാ മാസങ്ങളിലും ലഭിക്കുന്ന ശമ്പളം കൈയില്‍ കിട്ടാതെ ജീവിക്കുന്ന സ്ത്രീകള്‍ ഉണ്ട് എന്നുള്ളതിനുള്ള ജീവിക്കുന്ന തെളിവായിരുന്നു എന്റെ മകള്‍. മാത്രമല്ല കഷ്ടപ്പെട്ടിട്ടും കൈ നീട്ടേണ്ട ഗതികേട്. കഴിഞ്ഞ ദിവസം ദാസിന്റെ അമ്മ പറഞ്ഞത് ഓര്‍ത്തു.

'കല്യാണം കഴിഞ്ഞാല്‍ പെണ്ണിന്റെ ശമ്പളത്തിന് അവകാശി ചെറുക്കനും പിന്നെ അവര്‍ക്കുണ്ടാകുന്ന മക്കളുമാണ്.'

'അത് എവിടുത്തെ ന്യായമാണ് അമ്മേ? അവളെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കി സ്വയംപര്യാപ്തയാക്കി. എല്ലാം നേടിക്കൊടുത്തവരെ പുറം കാലുകൊണ്ട് തട്ടിക്കളയുന്ന ഏര്‍പ്പാടല്ലേ അത്. ഞങ്ങള്‍ക്ക് ഒന്നും വേണ്ട. അവളെ സന്തോഷമായി ജീവിക്കാന്‍ അനുവദിക്കൂ.'

ഞാന്‍ പറഞ്ഞത് അവരില്‍ അസ്വസ്ഥത ഉണ്ടാക്കിയെന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. കാരണം ജനിച്ചുവളര്‍ന്ന വീട്ടിലേക്കു വിട്ടാല്‍ അഹങ്കാരിയാകുമെന്നു പറഞ്ഞ് അവളെ കുറേക്കാലം ഇങ്ങോട്ടു വിടാതെയിരുന്നു.

കാരണക്കാര്‍ ഒരുപരിധിവരെ ഞങ്ങള്‍ തന്നെയാണ്. മകളുടെ ജീവിതം സുരക്ഷിതമാക്കാന്‍ ആര്‍ഭാടപൂര്‍വം നടത്തിയ വിവാഹ സമാപ്തി  ഇങ്ങനെയാകുമെന്ന് സ്വപ്‌നേപി വിചാരിച്ചില്ല.

വൈകുന്നേരം പോകാന്‍ തയ്യാറായി നില്‍ക്കണമെന്ന് ദാസ് പറയുമ്പോള്‍ ഒരു ദിവസം കൂടി ഇവിടെ നില്‍ക്കാമെന്ന് അവള്‍ പറയുന്നുണ്ടായിരുന്നു.

'അവിടെ അമ്മ തനിച്ചാണ്. ഇനി നിന്റെ വീട് അതാണ്. പോരുന്നുവെങ്കില്‍ ഇറങ്ങിക്കോളൂ. അതല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഇവിടെ നിന്നോളൂ. അങ്ങോട്ടു വരണമെന്നില്ല.'

ഭീഷണിയുടെ സ്വരത്തില്‍ അയാള്‍ ആജ്ഞാപിച്ചു. വൈകുന്നേരം പോകുന്നതിനു മുന്‍പ് വീടിനുള്ളിലൂടെ അവള്‍ എന്തോ പരതി നടക്കുന്നത് കാണാമായിരുന്നു. തിരികെ പോകാന്‍ ഒട്ടും മനസ്സ് ഉണ്ടായിരുന്നില്ല എന്ന് മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു.

'എന്താ മോളേ അന്വേഷിക്കുന്നത്?.'

'അമ്മയും അച്ഛനുമുള്ള ഈ ചെറിയ വീട് വല്ലാത്തൊരു സുരക്ഷിതത്വബോധവും സന്തോഷവും സമാധാനവും തരുന്നുണ്ട്. പൊങ്ങച്ചത്താല്‍  പൊന്തിയ കോണ്‍ക്രീറ്റ് കെട്ടിടവും അകത്തളങ്ങളെ അലങ്കരിക്കുന്ന മുന്തിയയിനം ഫര്‍ണിച്ചറുകളും വീടിനുമുന്നില്‍ വിലകൂടിയ കാറും കിടന്നാല്‍ വീട് വീടാകുകയില്ല അമ്മേ.'

ഭൗതിക വസ്തുക്കളല്ല അവള്‍ തെരഞ്ഞു നടന്നതെന്ന് തിരിച്ചറിയാന്‍ വലിയ പ്രയാസമുണ്ടായിരുന്നില്ല. തിക്താനുഭവങ്ങളുടെ കൊടിയ വേനലില്‍ ഉരുകിയൊലിച്ച മനസ്സോടെ ശീതീകരിച്ച കാറിനുള്ളിലേക്ക് അവള്‍ കയറിരുന്നു. സമകാലിക വാര്‍ത്തകളില്‍ നിറഞ്ഞ പല സ്ത്രീ രൂപങ്ങളുടെയും നിശ്ശബ്ദമായ നേര്‍ത്ത തേങ്ങലുകള്‍ ഒരു നിമിഷം ഉള്ളില്‍ കൂടി കടന്നു പോയി.

'ഞങ്ങള്‍ ഇവിടെയുണ്ട് മോളേ. നിനക്കായി ഈ വീടിന്റെ വാതില്‍ എപ്പോഴും തുറന്നു കിടക്കും. എപ്പോഴും ഓര്‍മ  വേണം.'

അതു പറഞ്ഞപ്പോള്‍ കാറിനുള്ളിലെ രണ്ടു് കണ്ണുകള്‍ നോക്കിയത് സ്വര്‍ഗ്ഗമാകുന്ന വീട്ടിലേക്കാണ്. ടാറിടാത്ത പാതയിലെ പൊടിപടലങ്ങള്‍ക്കിടയിലൂടെ വണ്ടി കാഴ്ചയില്‍ നിന്ന് വിദൂരതയിലേക്ക് അകന്നു. എങ്കിലും വീടിനുള്ളിലേക്കു കയറാന്‍ ഞങ്ങള്‍ക്ക് തോന്നിയില്ല.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!