Malayalam Short Story : അതിഥി, റസീന എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Oct 11, 2022, 5:12 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. റസീന എഴുതിയ ചെറുകഥ 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos


തണുപ്പ് മലമടക്കിലൂടേ ഇഴഞ്ഞുകയറുകയാണ്. ചുറ്റും പേരറിയാത്ത കാട്ടുമരങ്ങള്‍ കൈ നീട്ടി നില്‍ക്കുന്നു. കീഴ്ക്കാം തൂക്കായ പാറകളില്‍ പിടിച്ചുകയറി അവ കണ്ണു പൊത്തിക്കളിക്കുന്നു. കാട്ടു പൂക്കള്‍ സുഗന്ധമേകുന്നു. 

തണുപ്പും കാറ്റും ഇരച്ചു കയറി വരികയാണ്. അയാള്‍ നൂറ്റാണ്ടുകളുടെ കഥ പറയുന്ന ഭീമന്‍ മരം നോക്കി നിന്നു. പടര്‍ന്നു പന്തലിച്ച ചില്ലകളില്‍ നിന്ന് പെയ്തു തുടങ്ങിയ വെള്ളത്തുള്ളികള്‍.

മുന്നും പിന്നും കാണാതെ കൊക്കയും കുന്നും. എങ്ങും മൂടല്‍ മഞ്ഞു മാത്രം.  ഇരുദിക്കുകളിലേക്ക് വഴി പിരിയുന്ന കാടുകള്‍ അവസാനിക്കുന്നത് ഒരു പുഴയുടെ തീരത്താണ്. ദൂരെ നിന്നു നോക്കുമ്പോള്‍ തന്നെ കാണാം, ഇരുട്ടിന്റെ ഭീകരതയില്‍ ഇളം കാറ്റ് തലോടി ദൂരെ ആരെയോ കാത്തിരിക്കുന്ന പുഴയെ. 

കാടിന് നടുവിലാണ്.  മാനുകളുടെയും മയിലുകളുടെയു കുരങ്ങുകളുടെയും പക്ഷികളുടെയെല്ലാം  ശബ്ദങ്ങള്‍ നിലച്ചിരിക്കുന്നു. അവയൊക്കെ ചേക്കേറി കാണണം.

ആ വഴിയിലൂടെ അയാള്‍ പതുക്കെ പുഴ ലക്ഷ്യം വെച്ച് മുന്നോട്ട് നീങ്ങി. പിന്നെ എങ്ങോട്ട് പോകണമെന്നോ എന്ത് ചെയ്യണം എന്ന് അറിയാതെ പകച്ചുനിന്നു. കുറച്ചു ദൂരെയായി കെട്ടിയിട്ട വഞ്ചിയിലേക്ക് അന്നേരമാണ് അയാളുടെ നോട്ടം പതിച്ചത്. ശേഷം, നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് അയാള്‍ അവിടെ  കെട്ടിയിട്ട വഞ്ചി അഴിച്ചെടുത്തു.

ദൂരെ നിന്നും അയാള്‍ പുഴയുടെ മറുതല ലക്ഷ്യം വെച്ച് വഞ്ചി മെല്ലെ തുഴഞ്ഞു തുടങ്ങി. ആടിയുലഞ്ഞു പോകുന്ന തോണിയിലിരിക്കെ അയാള്‍ ഇതുപോലെയാരോ കാട്ടിലേക്ക് വലിച്ചുകൊണ്ടുപോയ തന്റെ മകളെ ഓര്‍ത്തു. ബോധം നഷ്ടപ്പെട്ട് കൂറ്റന്‍ മരത്തിന്റെ കീഴില്‍ അയാള്‍ കിടക്കുമ്പോള്‍ കൂടാരത്തിനപ്പുറം പിഞ്ചുമകളെയാരോ പിച്ചി ചീന്തുന്നുണ്ടായിരുന്നു. ബോധം വന്നശേഷം അയാള്‍ കാട് മുഴുവന്‍ തിരഞ്ഞു നടന്നപ്പോള്‍ തൊട്ടപ്പുറത്ത് ജീവനുവേണ്ടി പിടയുകയായിരുന്നു മകള്‍. അതയാള്‍ അറിഞ്ഞില്ല. പിന്നെ പൊലീസ് വന്നു. അവര്‍ മുമ്പില്‍ വെച്ച്, മകളുടെ ശരീരം മറവ് ചെയ്യുമ്പോള്‍ അയാള്‍ നിസ്സംഗമായി അതു കണ്ടുനിന്നു. 

തോണിയിലിരിക്കെ, റാന്തലിന്റെ വെട്ടത്തില്‍ ദൂരെയുള്ള കര കണ്ടു. അവിടെയൊരു കൂര അയാള്‍ വ്യക്തമായി കണ്ടു. അയാള്‍ തോണി ആ ഭാഗത്തേക്ക് അടുപ്പിച്ചു. ദൂരെ അവിടവിടെയായി മൂന്നോ നാലോ വീടുകള്‍. ആള്‍ താമസം നന്നേ കുറവുള്ള പ്രദേശം.

ഒരു പ്രത്യേക വീടല്ല, മറിച്ച് വേലി കെട്ടിയ മുറ്റമാണ്, ഓല മേഞ്ഞ മേല്‍ക്കൂര. ആ കുടിലിന് ചുറ്റും ഒന്നു നടന്നിട്ട് അയാള്‍ ആ മുള വാതിലില്‍ ഒന്ന് തട്ടി നോക്കി.

കരിമഷി കണ്ണെഴുതിയ  കറുത്ത പൊട്ടിട്ട് ഒരു സുന്ദരി വാതില്‍ക്കല്‍ വന്നു. അവള്‍ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു.

'ആരാ?' അസമയത്ത് വന്ന അതിഥിയെ കണ്ട് തെല്ല് പരിഭ്രമത്തോടെ അവള്‍ ചോദിച്ചു.

'ഞാന്‍, കാളിയപ്പന്‍ കാളി എന്ന് വിളിക്കും.'-അയാള്‍ പറഞ്ഞു. 

'എന്താ ഇവിടെ?'

അവള്‍ അയാളെ ഒന്ന് സൂക്ഷിച്ചു നോക്കി.

മുഷിഞ്ഞ് നിറം മങ്ങിയ വസ്ത്രം. ചുക്കി ചുളിഞ്ഞ  ശരീരം. ക്ഷീണം കൊണ്ട്  പ്രയാസപ്പെടുന്ന ശരീരം. കണ്ണിലെ നിസ്സഹായതയും മനസ്സിലെ നൊമ്പരവും  അയാളുടെ മുഖത്ത് ആ ഇരുട്ടിലും തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.

'എന്തെങ്കിലും കഴിക്കാന്‍ കിട്ടുമോ?'- അയാള്‍ പാതി തമിഴും മലയാളവും കലര്‍ത്തി ചോദിച്ചു.

ഉമ്മറത്ത് ഒരു പായ വിരിച്ച് അവള്‍ ഉള്ള ചോറും കറികളും അയാള്‍ക്ക് വിളമ്പി.

ഭക്ഷണം കഴിക്കുമ്പോഴും അയാളുടെ ഇടത്തെ കയ്യില്‍ ചുരുട്ടിപ്പിടിച്ച് ഒരു കടലാസ് ശ്രദ്ധിച്ചു.

'എന്താ അത്?'

'ഇത് കുറച്ച് കരിവളയാ, ഞാന്‍ എന്റെ മോള്‍ക്ക് വാങ്ങിയത്, പക്ഷേ അവള്‍...'

പോയി എന്ന് കൈകൊണ്ട് അയാള്‍ ആംഗ്യം കാണിച്ചു.

അയാളുടെ കണ്ണ് നിറയുന്നുണ്ടോ എന്ന് സംശയിച്ചവള്‍ അയാളുടെ കൈകള്‍ പിടിച്ച് ആശ്വസിപ്പിച്ചു. അവള്‍ക്ക് എന്തോ തന്റെ അച്ഛനെ ഓര്‍മ്മ വന്നു.

'മോള്‍ എന്താ ഇവിടെ? തനിച്ച് ഈ കാട്ടില്‍? കാട്ടില്‍ തനിച്ചു നില്‍ക്കാന്‍ പേടിയില്ലേ. കാട് കൊണ്ടുപോകില്ലേ കുഞ്ഞേ നിന്നെ?'

അയാള്‍ എന്തൊക്കെയോ ഓര്‍ത്തെടുത്തത് പോലെ പിച്ചും പേയും പറയുന്നുണ്ടായിരുന്നു.

ഇല്ല, ഞാന്‍ ഇവിടെ വന്നിട്ട് മൂന്നാല് വര്‍ഷമായി. 

എന്റെ ഭര്‍ത്താവ് പുതുമലയിലേക്ക് പോയിരിക്കുകയാണ്. നാളെ കൊടുക്കേണ്ട സാധനം ലോഡ് ഇറക്കാന്‍. മഴയായത് കാരണം എല്ലാം മുടങ്ങി കിടക്കുകയായിരുന്നു. രണ്ടുദിവസമായി മഴ തോര്‍ന്നതുകൊണ്ട് മുതലാളിയുടെ കൂടെ പോയതാ.

ഞാന്‍ അങ്ങ് മാവാടി ഗ്രാമത്തിലായിരുന്നു. ഒരിക്കല്‍ അവിടെ നടന്ന മണ്ണിടിച്ചിലില്‍  എന്റെ കുടുംബം മൊത്തം പോയി. അനാഥയായി പെരുവഴിയില്‍ നിന്ന എന്നെ കണ്ണേട്ടനാണ് ഈ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. അന്ന് കണ്ണേട്ടന്  ഉള്‍ക്കാട്ടില്‍ പോയി മരത്തടിയും മറ്റും ശേഖരിക്കുന്ന ജോലിയായിരുന്നു. ഞാനിപ്പോള്‍ ഇങ്ങനെയായത് കാരണമാണ് ഉള്‍ക്കാട്ടിലേക്ക് പോകാത്തത്. ഇപ്പം മുതലാളിയുടെ കൂടെ ലോഡ് ഇറക്കാന്‍ പോവാറാ പതിവ്. എന്നെ തനിച്ചാക്കി പോകാന്‍ തീരെ മനസ്സുണ്ടായിരുന്നില്ല. ഞാനാണ് പറഞ്ഞത് കുറേ ദിവസമൊന്നുമല്ലല്ലോ പൊയ്‌ക്കോളാന്‍.

കഴിച്ച ഭക്ഷണത്തിനും പകര്‍ന്ന് സ്‌നേഹത്തിനും നന്ദി പറഞ്ഞ് അയാള്‍ തിരിച്ചു പുഴയെ ലക്ഷ്യമാക്കി നടന്നു.

പായൊക്കെ മടക്കിവെച്ച് പാത്രങ്ങള്‍ അടുക്കളയില്‍ വെക്കാന്‍ പോയ അവള്‍ അവിടെ വെള്ളത്തില്‍ ചവിട്ടി നിലത്ത് വീണു. വീഴ്ചയില്‍ വയര്‍ ഭിത്തിയോട് അടിച്ച്, വേദനയില്‍ അവള്‍ എഴുന്നേല്‍ക്കാന്‍ വയ്യാതെ നിലവിളിച്ചു. പക്ഷേ ആ ഒറ്റപ്പെട്ട സ്ഥലത്ത് ആര് സഹായത്തിന് വരാനാണ്?

എന്തോ മറന്നത് പോലെ വൃദ്ധന്‍ വീണ്ടും കൂരയിലേക്ക് തിരിച്ചുനടന്നു.

കയ്യിലെ കരിവളകള്‍ ആ പെണ്ണിന് കൊടുക്കാനാണ് അയാള്‍ നടന്നത്. പക്ഷേ അടുക്കള ഭാഗത്ത് വന്ന് നോക്കിയ അയാള്‍ വേദനയാല്‍ പുളയുന്ന അവളെയാണ് കണ്ടത്. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

പിന്നെ എവിടുന്നോ കിട്ടിയ ശക്തിയില്‍ അവളെ വാരിയെടുത്ത് വഞ്ചിയിലേക്ക് നടന്നു. പുഴ താണ്ടി. ഇനിയാണ് ഏറെ പ്രയാസം. കാടും പാറക്കെട്ടുകളും താണ്ടണം. അപ്പോഴേക്കും അവളുടെ ബോധം മുഴുവനായി പോയിരുന്നു. അയാളുടെ ശരീരമാണെങ്കില്‍ നന്നേ ക്ഷീണിച്ചിരുന്നു. എവിടുന്നോ കിട്ടിയ ശക്തിയില്‍ അയാള്‍ അവളെ കോരിയെടുത്തു.

കാടും പാറക്കെട്ടുകള്‍ താണ്ടി കവലയിലെത്തി. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം  പുല്ല് കൊണ്ടുപോകുന്ന വണ്ടിയില്‍ അവളെ ആശുപത്രിയിലെത്തിച്ചു.

കാട് താണ്ടിയതും ആശുപത്രിയിലെത്തിയതും ഒന്നും അവള്‍ അറിഞ്ഞതേയില്ല.

സമയം പാതിരാവടുത്തു. ആ കരിമഷി കണ്ണെഴുതിയ പെണ്ണിന്റെ കൂരയിലേക്ക് ഒരു പുതിയ അതിഥി കൂടി വന്നു. 

ഇതേസമയം പുലര്‍ച്ചയോടെ കൂരയില്‍ എത്തിയ കണ്ണന്‍ അവളെ കാണാതെ പകച്ച് കവലയിലെത്തി. കവലയില്‍ ഒരു ഓരത്ത് പുല്ല് കയറ്റി കൊണ്ടിരുന്ന നാണി അമ്മൂമ്മ  അവളെ വണ്ടിയില്‍ ആശുപത്രിയില്‍ എത്തിച്ച കാര്യം പറഞ്ഞു. ആശുപത്രിയില്‍ ഓടിയെത്തിയ കണ്ണന്‍ കുഞ്ഞിനെ കണ്ട് പുഞ്ചിരിച്ചു. ആ പിഞ്ചു കൈകളിലും കവിളിലും കൈകളില്‍ ഉമ്മ നല്‍കി.

ബോധം വന്ന അവളോട് നീ എങ്ങനെയാണ് ഇവിടെ എത്തിയത് എന്ന് അയാള്‍ തിരക്കി.

കാളി...കാളി...അവളുടെ ചുണ്ട് വിതുമ്പിക്കൊണ്ടിരുന്നു.

ആ രാത്രി നടന്ന സംഭവങ്ങള്‍ ഒക്കെ അവള്‍ വിവരിച്ചു.

പുറത്തുപോയി കൗണ്ടറില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ആരും അവിടെ ഉണ്ടായിരുന്നില്ല. ഒരു വണ്ടിക്കാരന്‍ ആണ് അവരെ ഇവിടെ എത്തിച്ചതെന്നും  അയാള്‍ അപ്പോള്‍ തന്നെ തിരിച്ചു പോയി എന്നും നേഴ്‌സ് പറഞ്ഞു.

കണ്ടത് സ്വപ്നമാണോ അതോ തോന്നലാണോ എന്ന് മനസ്സിലാവാതെ അവള്‍ പകച്ചുനിന്നു.

അപ്പോഴും കണ്ണന്‍ കുഞ്ഞിന് ഇടേണ്ട പേര് ആലോചിക്കുകയായിരുന്നു.

'എടൊ, രാത്രിയിലെ ഈ അതിഥിക്ക് നമ്മള്‍ എന്ത് പേരാണ്  ഇടുക?'- കണ്ണന്‍ കുസൃതിയോടെ അവളെ നോക്കി ചോദിച്ചു.

അറിയാതെ അവളുടെ ചുണ്ടില്‍ നിന്ന് വന്നത് ആ പേരായിരുന്നു.

കാളി.

ഇതേ സമയം പുറത്ത്  ആരും ശ്രദ്ധിക്കപ്പെടാത്ത ഒരു കോണില്‍  വഴിയറിയാതെ ഒരാള്‍ കാലത്തിന് നേരെ ദിക്ക് അറിയാതെ നടക്കുകയായിരുന്നു. 


 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!