ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. റസീന പി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
മോളെ ഇന്ന് നേരത്തെ വരണം. കഴിഞ്ഞ ആഴ്ചത്തെ പോലെ കഥാ, കവിതാ പ്രചരണം എന്ന് പറഞ്ഞു നില്‍ക്കരുത്. ഇത് നിന്റെ ജീവിതത്തിന്റെ കാര്യമാ.
'എന്താ, ദേവിക അമ്മേ ഞാനിപ്പോ കല്യാണം കഴിച്ചില്ലെങ്കില്‍ മാനം ഇടിഞ്ഞു വീഴുമോ?'
'അനു, ഇന്ന് ക്ലാസ് നേരത്തെ കഴിയില്ലേ. പിന്നെ അവിടെ നിന്നും ചുറ്റിക്കറങ്ങാന്‍ നില്‍ക്കേണ്ട, പെട്ടെന്ന് ഇങ്ങുപോര്.'
അച്ഛന്റെ കുറച്ച് കനത്തിലുള്ള ശബ്ദമായിരുന്നു അത്.
അനാമിക, മഹാത്മാ കോളേജിലെ ഗസ്റ്റ് ലെക്ചര്‍. അധ്യാപനത്തോടൊപ്പം ഇത്തിരി സാമൂഹ്യപ്രവര്‍ത്തനം. കഥകാരിയുമാണ്.
വൈകുന്നേരത്തെ പെണ്ണുകാണാല്‍ ശുഭമായി.
'അരുണ്‍, നിനക്ക് അവളോട് എന്തെങ്കിലും സംസാരിക്കാന്‍ ഉണ്ടെങ്കില്‍ ആവാം..'
അമ്മ പറയാന്‍ കാത്തു നിന്നത് പോലെ അവന്‍ എഴുന്നേറ്റ് അകത്തേക്ക് പോയി.
അനാമിക അവളെക്കുറിച്ചും അവളുടെ കാഴ്ചപ്പാടുകളെ കുറിച്ചും അവനോട് പറഞ്ഞു. എന്തോ സംസാരിക്കാനിരുന്ന അവന്റെ വാക്കുകളെ ഭേദിച്ചുകൊണ്ട് ഏട്ടത്തിയമ്മ പറഞ്ഞു, 'മതി മതി ഇനി പിന്നീടാവാം.'
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. പലപ്പോഴും ഫോണ്‍ വിളിക്കുമ്പോള്‍ അനുവിന് അരുണ്‍ എന്തോ ഒരു അകല്‍ച്ച കാണിക്കുന്നത് പോലെ തോന്നിയിരുന്നു. ഒന്ന് രണ്ട് വട്ടം അവള്‍ അത് സൂചിപ്പിച്ചതും ആണ്. പക്ഷേ അപ്പോഴൊക്കെ അവന്‍ അത് നിന്റെ തോന്നല്‍ ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.
കല്യാണം ഗംഭീരമായി നടന്നു. കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അയാള്‍ തന്നോട് അടുപ്പം കാണിക്കാതിരുന്നത് അവളില്‍ വല്യ സങ്കടം ഉണ്ടാക്കി. എന്നാല്‍ അരുണ്‍ മറ്റെല്ലാ കാര്യത്തിലും നല്ല ഭര്‍ത്താവാണ്. എല്ലാം അറിഞ്ഞു ചെയ്യും. വാക്ക് കൊണ്ടു പോലും ഒന്നു കുറ്റപ്പെടുത്തില്ല. തന്റെ കാര്യങ്ങള്‍ എപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കും.
പക്ഷേ കിടപ്പറയിലെ അകല്‍ച്ച അവളില്‍ വല്ലാത്ത വിഷമം ഉണ്ടാക്കി. കല്യാണം കഴിഞ്ഞ് ഇത്രയായിട്ടും അവളേ ഒന്ന് ചേര്‍ത്തുപിടിക്കുക പോലും ചെയ്തിട്ടില്ല.
അന്ന് വൈകുന്നേരം അവള്‍ അവനോട് പറഞ്ഞു, 'നമുക്ക് ഇന്ന് ഒന്ന് പുറത്തു പോയാലോ?'
അവര്‍ നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു.
'അരുണ്‍, ഈ കടല്‍ പോലെ അലയടിക്കുകയാണ് എന്റെ ഉള്ള്. നീ എന്നില്‍ നിന്ന് എന്തോ മറയ്ക്കുന്നു. നിനക്ക് മറ്റാരെങ്കിലും ആയി പ്രണയം ഉണ്ടോ. നീ എന്നെ ഇങ്ങനെ മാറ്റി നിര്‍ത്തുന്നത് കൊണ്ട് ചോദിച്ചതാ.'
'അനു, നീ പറഞ്ഞത് ശരിയാണ്. എനിക്ക് സത്യം പറയാനുണ്ട് . നീ അത് എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല. പക്ഷേ ഈ ലോകത്ത് എന്നെ മനസ്സിലാക്കാന്‍ നിനക്ക് മാത്രമേ പറ്റൂ എന്ന് എനിക്ക് തോന്നിയത് കൊണ്ടാണ്. അല്ല, നേരത്തെ പറയേണ്ടതായിരുന്നു. പക്ഷേ സാഹചര്യം എന്നെ അനുവദിച്ചില്ല.
അനു നീ കാണുന്നതല്ലേ, എന്റെ ജീവിതം അച്ഛന്റെയും അമ്മാവമാരുടെയും ആജ്ഞ അനുസരിച്ചാണ് നീങ്ങുന്നത്. സ്വന്തമായി അഭിപ്രായം തുറന്നു പറയാന്‍ പണ്ടുമുതലേ എനിക്ക് അവസരം ലഭിച്ചിരുന്നില്ല.'
'അരുണ്‍, മനുഷ്യന്റെ ചങ്കിടിപ്പ് കൂട്ടാതെ കാര്യം പറയ്.'
'എനിക്ക് ഒരു പെണ്ണിനേയും ഉള്ളുകൊണ്ട് സ്‌നേഹിക്കാന്‍ കഴിയില്ല. കാരണം ഞാന്‍ പുരുഷനാണെങ്കിലും എന്റെ ഉള്ളില്‍ ഒരു സ്ത്രീയുണ്ട്.'
ഭേദഭാവം ഇല്ലാത്ത അനുവിന്റെ കണ്ണുകളെ നോക്കി അവന്‍ തുടര്‍ന്നു.
'നോക്കൂ അനൂ, ഞാന്‍ പറയുന്നത് പൂര്‍ണമായി മനസ്സിലാക്കണം. പശ്ചാത്യ രാജ്യങ്ങളിലൊക്കെ ഇത് ഇപ്പോള്‍ സര്‍വ്വസാധാരണമാണ്. ഡ്രാഗ് ക്വീന്‍ എന്നാണ് ഇങ്ങനെയുള്ളവരെ വിളിക്കുന്നത്.'
ഞാന്‍ ജനിച്ചു പോയത് ഒരാണായിട്ടാണെങ്കിലും. മനസ്സുകൊണ്ട് ഞാന്‍ ഒരു സ്ത്രീയാണ്. എന്റെ ഉള്ളില്‍ സ്ത്രീയായി മാറാനുള്ള അതിയായ ആഗ്രഹമാണ്. ഞാന്‍ എന്റെ സത്യം തിരിച്ചറിഞ്ഞത് മുതല്‍ സമൂഹത്തെ ഭയന്നാണ് ജീവിക്കുന്നത്. എത്രകാലം ഇതില്‍ നിന്ന് ഓടിയൊളിക്കാന്‍ ആവും എന്ന് അറിയില്ല. എന്നെ ആരും മനസ്സിലാക്കുന്നില്ല. നിന്റെ കൂടെ ഒരു നല്ല ഭര്‍ത്താവ് ആയി ജീവിക്കാന്‍ സാധിക്കില്ല. ഭര്‍ത്താവ് പോയിട്ട് ഒരു ആണായി പോലും ജീവിക്കാന്‍ എനിക്ക് സാധിക്കില്ല. ഇത് എന്റെ തെറ്റ് കൊണ്ടല്ല. പ്രകൃതി എന്നെ ഇങ്ങനെ ആക്കി തീര്‍ത്തതാണ്. അനു, നീ എങ്കിലും ഇതൊന്നും മനസ്സിലാക്ക്. നിന്നോട് എത്ര വട്ടം മാപ്പ് ഇരുന്നാലും പകരമാവില്ലെന്ന് അറിയാം.'
കേട്ടതു വിശ്വസിക്കാനാവാതെ ഒരു നിമിഷം അവള്‍ മിഴിച്ച് നിന്നു. അനുവിന്റെ കാതുകളില്‍ വീണ്ടും അത് തുളച്ചുകയറി.
'ഞാന്‍ അമ്മയോട് കാലുപിടിച്ചു പറഞ്ഞതാണ്. പക്ഷേ അവരാരും എന്നെ മനസ്സിലാക്കിയില്ല. കല്യാണം കഴിഞ്ഞാല്‍ എല്ലാം ശരിയാവും എന്ന് കരുതി അവര്‍ കല്യാണത്തിന് എന്നെക്കൊണ്ട് സമ്മതിപ്പിച്ചത്.'
അവള്‍ അന്തം വിട്ട് അയാളെ നോക്കി.
'അപ്പോഴും കല്യാണത്തില്‍ നിന്ന് പിന്മാറാന്‍ നാടുവിട്ടു പോയതാണ്. ഒരു പെണ്‍കുട്ടിയുടെ ജീവിതം ഞാന്‍ കാരണം നശിക്കുന്നത് കാണാതിരിക്കാന്‍. പക്ഷേ അമ്മാവന്‍മാര്‍ എന്നെയും തിരഞ്ഞ ബോംബെയിലേക്ക് വന്നു. അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. അവരുടെ മുമ്പില്‍ എനിക്ക് തോല്‍ക്കേണ്ടി വന്നു. നിന്നോട് പലവട്ടം പറയാന്‍ ഞാന്‍ തുനിഞ്ഞതാണ്, സാഹചര്യം സമ്മതിച്ചില്ല.'
മനസ്സില്‍ വലിയൊരു ഭാരക്കെട്ടുമായി അവര്‍ വീട്ടിലേക്ക് മടങ്ങി.
അന്ന് രാത്രി മുഴുവന്‍ അനാമിക ഉറങ്ങിയില്ല. അവള്‍ പലതും മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു.
പിറ്റേദിവസം രാവിലെ അവള്‍ എല്ലാവരെയും വിളിച്ചു. സംഭവം മുഖവര ഇല്ലാതെ എല്ലാവരോടുമായി പറഞ്ഞു.
കേട്ടവര്‍ കേട്ടവര്‍ കോപംകൊണ്ട് കത്തിജ്വലിച്ചു. 'എന്റെ മോന്‍... ഛെ എനിക്കാ വാക്ക് പറയാന്‍ തന്നെ നാണമാവുന്നു' അച്ഛന്‍ മുഖത്ത് കാര്‍ക്കിച്ചു തുപ്പി.
'അമ്മേ.. എനിക്ക് ഒരാണിന്റെ കൂടെ ജീവിക്കണം എന്നൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ. എനിക്കൊരു പെണ്ണിനെ സ്‌നേഹിക്കാന്‍ കഴിയില്ലെന്നല്ലേ ഞാന്‍ പറഞ്ഞുള്ളു. എന്നിട്ടും നിങ്ങള്‍ക്കൊക്കെ വേണ്ടി ഞാന്‍ ഈ പെണ്ണിന്റെ ജീവിതം തുലച്ചു!'
സര്‍വ്വശക്തിയുമെടുത്ത് അവന്‍ പറഞ്ഞു നിര്‍ത്തി.
'ഇതെങ്ങാനും പുറത്തറിഞ്ഞാല്‍ നാട്ടുകാരുടെ മുഖത്ത് ഞാനെങ്ങനെ നോക്കും.' അമ്മാവന്മാരുടെ വകയായിരുന്നു അടുത്തത്.
അനു അമ്മയുടെ നേരെ തിരിഞ്ഞ് പറഞ്ഞു 'അമ്മാ, മറ്റുള്ളവര്‍ എന്ത് പറയും എന്നുള്ളതല്ല പ്രശ്‌നം. ഏട്ടന്റെ ജീവിതം ആണ് നമ്മുടെ പ്രശ്‌നം'
എല്ലാവരും അവളെ തുറിച്ചു നോക്കി. 'നീയെന്താ പറഞ്ഞു വരുന്നത്?' അച്ഛന്‍ കുറച്ച് കടുപ്പത്തില്‍ ചോദിച്ചു.
'ഞാന്‍ പറയുന്നത് ഒന്ന് മനസ്സിലാക്കൂ. ഇത് ഇവനെ മാത്രം ബാധിക്കുന്ന കാര്യം അല്ല. ഇത് പുറത്തറിഞ്ഞാല്‍ എന്താവും എന്ന് പേടിച്ചു എല്ലാം മറച്ചു വെച്ചു കല്ല്യാണം കഴിച്ചു ജീവിതം തകര്‍ക്കപ്പെട്ടു പോയ ഒരുപാട് പെണ്‍കുട്ടികള്‍ ഉണ്ട്. പൗരഷേത്തിന്റെ മുഖം മൂടി അണിഞ്ഞു കൂടെ ഉള്ളവളെ തൃപ്തിപ്പെടുത്താനാവാതെ നീറി ജീവിക്കുന്നവരും ഒരുപാടുണ്ട്. പക്ഷെ ഇപ്പൊ കാലം മാറി.. ഇപ്പൊ ഇവിടെ നിയമം ഉണ്ടല്ലോ.'
അവള്‍ പറഞ്ഞു നിര്‍ത്തി. പിന്നെ കൂട്ടിച്ചേര്‍ത്തു:
'എന്തായാലും എന്റെ ജീവിതം ഇങ്ങനെയായി. ഇതില്‍ കുടുങ്ങി കിടക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. വിവരവും വിദ്യാഭ്യാസവും ഉള്ള നമ്മള്‍ തന്നെ ഇങ്ങനെ പെരുമാറിയാല്‍?'
'മോളേ, നീ എന്നാ ഒക്കയാ ഈ പറയുന്നെ? ഏഹ്? ഇതൊക്കെ അനുവദിച്ചു കൊടുക്കണം എന്നാണോ? നാളെ വളര്‍ന്നു വരുന്ന ആണ്‍കുട്ടികളെ ഇവന്മാര്‍ വഴി തെറ്റിക്കില്ലേ?'
'നിങ്ങള്‍ ചെയ്ത ചതിയില്‍ കുടുങ്ങിപ്പോയത് ഞാന്‍ കൂടി അല്ലെ. അതിനുള്ള പരിഹാരമാര്‍ഗ്ഗവും ഞാന്‍ തന്നെ ചെയ്യും. ഒരു ഗേ ഒരു ആണ്‍കുട്ടിയെയോ ഒരു ലെസ്ബിയന്‍ ഒരു പെണ്‍കുട്ടിയെയോ പ്രൊപ്പോസ് ചെയ്താല്‍ നോ പറയാന്‍ ഉള്ള അവകാശം അവര്‍ക്കുണ്ടല്ലോ. ആ നോ പറയാന്‍ പഠിപ്പിക്കാതെ വേട്ടയാടപ്പെടാന്‍ സാധ്യത ഉള്ളവരെ ഒളിപ്പിച്ചു കൊണ്ടു നടക്കുന്നതല്ലേ സമൂഹം ചെയ്യുന്ന തെറ്റ്.'
'നിന്നോടു തര്‍ക്കിച്ചു ജയിക്കാന്‍ ഞാനില്ല മോളേ.. പെട്ടെന്നൊരു ദിവസം വന്നു ഞാനൊരു പെണ്‍ ശരീരവുമായി ജീവിക്കുന്ന പുരുഷനാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ ഉള്ള മനസ്സൊന്നും ഞങ്ങള്‍ക്കില്ല. ചിലപ്പോ ഞങ്ങള്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടുകള്‍ അതായതു കൊണ്ടാവാം. അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്' അച്ഛന്‍ മുഖത്തടിച്ച പോലെ പറഞ്ഞു.
'ഇതൊക്കെ നേരത്തെ അറിഞ്ഞിട്ടും നിങ്ങളെന്തിന് ഇതിന് കൂട്ടുനിന്നു. കല്യാണം കഴിഞ്ഞാല്‍ മാറാന്‍ ഇതെന്താ വല്ല അസുഖവും ആണോ?' അനുവിന്റെ ശബ്ദം കുറച്ച് ഉറച്ചതായിരുന്നു.
'ഞാന്‍ അപ്പോഴേ പറഞ്ഞതാ ഡോക്ടര്‍മാരെ കാണിക്കാം, ചികിത്സിച്ചുമാറ്റാം എന്ന്.' അമ്മാവന്‍ ഇടയില്‍ കേറി പറഞ്ഞു.
''എന്തിന്? ഇത് അസുഖം ഒന്നും അല്ല! വിചിത്ര ജീവിയെ പോലെ കാണാന്‍. എല്ലാവരും ഒരുപോലെ ആയിരിക്കണം എന്നില്ല. ചിലരില്‍ ജന്മനാ ചില വ്യത്യാസങ്ങള്‍ ഉണ്ടാവും. അതിനു അവര്‍ എന്ത് പിഴച്ചു? അവര്‍ക്കും ജീവിക്കാന്‍ അവകാശം ഇല്ലേ? എന്തായാലും ഞാന്‍ ഒരു കാര്യം തീരുമാനിച്ചു. എന്റെ ഒരു സുഹൃത്തിന്റെ സ്ഥാപനമുണ്ട് എറണാകുളത്ത്. ഞാന്‍ അരുണിനെ അവിടെ കൊണ്ടുപോകും. ആറുമാസത്തെ ട്രീറ്റ്‌മെന്റ് ശേഷം അവന്‍ അവളായി മാറും.'
'എന്റെ ദൈവമേ,ഇവളിതെന്ന ഭാവിച്ചാ' അമ്മയുടെ നെഞ്ചത്ത് കൈ വെച്ചുള്ള അലര്‍ച്ചയായിരുന്നു അത്.
തര്‍ക്കിക്കാന്‍ വന്നവരോടൊക്കെ അവള്‍ ശക്തിയാര്‍ന്ന നോട്ടം കൊണ്ട് പ്രതികരിച്ചു.
അടുത്ത ദിവസം അരുണിനെ അവള്‍ എറണാകുളത്തുള്ള സ്ഥാപനത്തിലേക്ക് പറഞ്ഞയച്ചു.
അവന്‍ പോയതിനു ശേഷം അവള്‍ അവളുടെ ജോലിയില്‍ ഏറെ ശ്രദ്ധ പുലര്‍ത്തി. ഏറെ എഴുതി. ഗേ, ലെസ്ബിയന്‍ മനുഷ്യരെ കുറിച്ചായിരുന്നു അവയില്‍ പലതും. അതു വായിച്ച് സമൂഹം അവളെ കുറ്റപ്പെടുത്തി.
'ഇവള്‍ എന്ത് ഭ്രാന്താണ് കാട്ടുന്നത്.'-കുടുംബക്കാരും അയല്‍വാസികളും അടക്കം പറഞ്ഞു.
'എന്റെ ദൈവമേ ഇവളിതെന്നാ ഭാവിച്ചാ. ഭര്‍ത്താവിനെ പെണ്ണാക്കിയവളല്ലേ കലികാലം അല്ലാതെന്തു പറയാനാ!'
ആറ് മാസങ്ങള്‍ക്കിപ്പുറം ഇന്ന് അരുണ്‍ അരുണിമ ആയി പുറത്തിറങ്ങുമ്പോള്‍, അനാമികക്ക് ഒത്തിരി അഭിമാനം തോന്നി.
അരുണിമയും കൂട്ടി അവള്‍ അരുണിന്റെ വീട്ടിലേക്ക് പോയി. അപ്പോഴും അവരെ അംഗീകരിക്കാന്‍ അവിടെ ആരും തയ്യാറായിരുന്നില്ല. ഇറങ്ങും നേരം അനു ഇങ്ങനെ പറഞ്ഞു: 'അവരെ അംഗീകരിച്ചാലും ഇല്ലേലും രഹസ്യമായി അവരത് മുന്നോട്ടു കൊണ്ടുപോവും. അതിനേക്കാള്‍ എത്രയോ നല്ലതാണ് അവരെ അംഗീകരിച്ചു അവര്‍ക്കവകാശപ്പെട്ട സ്വാതന്ത്ര്യത്തില്‍ കയ്യിടാതെ മാറി നില്‍ക്കുന്നത്.'
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...