അച്ഛന്റെ അവള്‍, രതി രമേഷ് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Apr 28, 2023, 4:33 PM IST

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍.   രതി രമേഷ് എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

Latest Videos

undefined

 

അമ്മ പറഞ്ഞത് കേട്ടപ്പോള്‍ ആദ്യം തമാശയാണെന്ന് കരുതി ഞാന്‍ ചിരിച്ചു തള്ളി.  'നിനക്കും ഞാന്‍ പറയുന്നത് ഭ്രാന്താണെന്ന തോന്നലാകും അല്ലേ? അല്ലെങ്കിലും ഞാന്‍ എപ്പോഴും കോമാളി മാത്രമാണല്ലോ നിങ്ങള്‍ക്കെല്ലാവര്‍ക്കും...'

വീടിന് വെളിയില്‍ ഇറങ്ങാന്‍ പോലും മടിച്ചു നില്‍ക്കുന്ന ഒരാള്‍ പെട്ടെന്നൊരു ദിവസം വിളിച്ച് 'എനിക്ക് ഈ വീട്ടില്‍ നിന്നും കുറച്ച് ദിവസം മാറി നില്‍ക്കണം' എന്ന് പറഞ്ഞാല്‍ കേള്‍ക്കുന്ന ആരായാലും ആദ്യം ഒന്ന് ചിരിച്ചു പോകും, അതു മാത്രമേ താനും ചെയ്തിരുന്നുള്ളൂ.  

എന്നാല്‍, മറുപടി അമ്മക്ക് ഫീല്‍ ചെയ്തു എന്ന് മറുഭാഗത്ത് ഫോണ്‍ കട്ടായപ്പോള്‍ മനസ്സിലായി.

പിന്നീട് രണ്ടു മൂന്ന് തവണ ശ്രമിച്ച ശേഷമായിരുന്നു ഫോണ്‍ എടുത്തത്. അമ്മ അങ്ങനെയാണ്. ചിലപ്പോള്‍ കൊച്ചു കുട്ടികളെ പോലെ വാശി കാണിക്കും. അല്ലെങ്കിലും കറങ്ങി തിരിഞ്ഞ് ശൈശവത്തിലേക്ക് പിന്തിരിഞ്ഞു നടക്കുകയല്ലേ!

'അമ്മയ്ക്ക് എവിടെയാ പോകേണ്ടത്?'

'ആ! അതൊന്നും എനിക്കറിയില്ല, പക്ഷെ എനിക്ക് കുറച്ചു നാള്‍ മാറി നില്‍ക്കണം. ഒരു മാറ്റം വേണമെന്ന് തോന്നി തുടങ്ങിയിട്ട് കുറച്ച് നാളുകളായി. വര്‍ഷങ്ങള്‍ കുറെയായില്ലേ, കിണറ്റിലെ തവളയെ പോലെ ഈ അടുക്കളയ്ക്കുളളില്‍ കറങ്ങി നടക്കുന്നു! ഇതില്‍ നിന്നെല്ലാം അവധിയെടുത്ത് കുറച്ച് നാളുകള്‍, ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ സമാധാനമായിട്ട് ഉറങ്ങാനും അടുക്കള മസാലയുടെ ഗന്ധമില്ലാതെ ശുദ്ധവായു ശ്വസിച്ച് അല്പ നേരം ഇരിക്കാനും നടക്കാനും. നിന്റെ അച്ഛനോട് പറഞ്ഞപ്പോള്‍ കുറെ ചിരിച്ചു. നിന്റെ ആങ്ങളമാരും അവരുടെ ഭാര്യമാരും... പുച്ഛമായിരുന്നോ അതോ കളിയാക്കിയതായിരുന്നോ എന്ന് വേര്‍തിരിച്ചറിയാന്‍ സാധിച്ചില്ല.'

'ഏയ്, അതൊന്നും ആയിരിക്കില്ലമ്മേ. എവിടെ പോകാന്‍ വിളിച്ചാലും ഞാന്‍ എങ്ങോട്ടേക്കും ഇല്ലെന്ന് പറയുന്ന ആള്‍ പെട്ടെന്ന് ഇങ്ങനെയൊരു കാര്യം പറഞ്ഞപ്പോള്‍ തമാശ പറയുന്നതാകും എന്ന് കരുതിക്കാണും.'- എന്ന് പറഞ്ഞ് സമാധാനിപ്പിക്കാനായിരുന്നു എനിക്ക് തോന്നിയത്.

അടുക്കള മറ്റുള്ളവര്‍ക്ക് വിട്ടു കൊടുക്കുന്നത് ചില അമ്മമാര്‍ക്ക് ഇഷ്ടമല്ലെന്ന് പലരും അടക്കം പറയുന്നത് വെറുതെയാണെന്ന് മനസ്സിലായി. എല്ലാവരും കൊതിക്കുന്നുണ്ട് കുറച്ച് ദിവസത്തെ മാറ്റം, അല്ലെങ്കില്‍ ചെറിയൊരു അവധിക്കാലം. 'ഞാന്‍ ഇല്ലെങ്കില്‍ നിങ്ങളുടെ അച്ഛന്റെ കാര്യം എങ്ങനെ ശരിയാകും' എന്ന ചോദ്യത്തില്‍ ഓരോ യാത്രയും തടസ്സപ്പെടുത്തുമ്പോഴും ആരും കാണാതൊരു കോണില്‍ പല ആഗ്രഹങ്ങളും കുഴിച്ചു മൂടിയിട്ടുണ്ടാകണം ഇക്കാലമത്രയും.

'അതൊക്കെ പോട്ടെ, എങ്ങനെയുള്ള സ്ഥലത്ത് പോകാനാണ് അമ്മയ്ക്ക് ഇഷ്ടം?  തനിച്ചുള്ള യാത്രയാണോ അതോ കൂട്ടത്തില്‍ ആരെയെങ്കിലും കൂട്ടണമെന്ന് തോന്നുന്നുണ്ടോ?'

'മനസ്സിന് ശാന്തിയും സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്ന ഒരിടമായിരിക്കണം. ഇങ്ങനെയൊരു ആഗ്രഹം നിങ്ങളോട് പറയുന്നതിന് മുന്‍പ് പറഞ്ഞത് സരളയോടാണ്.  ആദ്യം നിങ്ങളെപ്പോലെ അവളും ചോദിച്ചു, നിനക്കെന്താ സാവിത്രി, വട്ടായോന്ന്? പിന്നീട് ഞാന്‍ ചോദിച്ച ചില ചോദ്യങ്ങള്‍ക്ക് ഉത്തരം മുട്ടിയപ്പോഴാണ് എനിക്ക് വട്ടല്ലെന്ന് അവള്‍ സമ്മതിച്ചത്.'

പ്രൈമറി ക്ലാസ് തൊട്ടുള്ള അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് സരളമ്മ. അച്ഛന്റെ അകാല
മരണത്തോടെ ആറാം ക്ലാസ്സില്‍ വെച്ച് അമ്മയ്ക്ക് പഠനം നിര്‍ത്തേണ്ടി വന്നെങ്കിലും   കൂട്ടുകാരിയുമായുള്ള ബന്ധത്തിന് ഒരു കോട്ടവും തട്ടാതെ നിലനിര്‍ത്തി കൊണ്ടുപോകാന്‍ സാധിച്ചിരുന്നു. ഫോണൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ എങ്ങനെ അവരുടെ ബന്ധം ഇത്രയും കരുതലോടെ കാത്തുസൂക്ഷിച്ചു എന്ന് എപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്. പിന്നീട് മക്കളില്‍ ആരോ ഒരാള്‍ ഒരു പഴയ മൊബൈല്‍ അമ്മയ്ക്കായി സമ്മാനിച്ചപ്പോഴും അത് ഏതെങ്കിലും ഒരു മൂലയില്‍ അനാഥമായി കിടക്കാറായിരുന്നു പതിവ്.   കൂട്ടുകാരിയുടെ നമ്പര്‍ കരസ്ഥമാക്കിയതിനു ശേഷമാണ് അവളുടെ മൊബൈലൊന്ന് ശബ്ദിച്ചു തുടങ്ങിയതെന്ന് പിന്നീടൊരിക്കല്‍ അച്ഛന്‍ കളിയാക്കി പറയുന്നത് കേട്ടിട്ടുണ്ട്.

അതെ, ഈ യാത്രയില്‍ അമ്മയ്ക്ക് കൂട്ടായി സരളമ്മ അല്ലാതെ വേറൊരു ചോയിസില്ല. 

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ആളും തിരക്കുമൊഴിഞ്ഞ ഒരിടം, ആജ്ഞകളും ആവശ്യങ്ങളും ഒഴിഞ്ഞ മൂന്നുനാലു ദിവസങ്ങള്‍. അതിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ തീര്‍ക്കാന്‍ വലിയ പാടില്ലായിരുന്നു.

നഗരത്തിന്റെ തിരക്കുകളില്‍ നിന്നുമകന്ന് ഒരു വെക്കേഷന്‍.  ഹോം സ്റ്റേ അല്ലെങ്കില്‍ ഹോളിഡേ ഹോം ആയിരുന്നു തെരഞ്ഞെടുത്തത്. കൂട്ടുകാര്‍ അങ്ങനെയൊരു സ്ഥലത്തെ കുറിച്ച് വര്‍ണ്ണിച്ചു കേട്ടപ്പോള്‍ ഒന്ന് പോകണമെന്ന് ആഗ്രഹിച്ചതാണ്.

ഇതിപ്പോള്‍ ഞാന്‍ പോയില്ലെങ്കിലെന്താ, അമ്മയുടെ ആഗ്രഹം പോലെ ഒരു സ്ഥലം പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞല്ലോ!

അവധിക്കാലം ആഘോഷമാക്കാന്‍ ഇവിടെ എത്തുന്ന അന്യദേശക്കാര്‍ അമൂല്യമായ ഓര്‍മ്മകളെ ഹൃദയത്തില്‍ പേറി കൊണ്ടാണ് അവിടെ നിന്നും യാത്ര പറഞ്ഞിട്ടുള്ളത് എന്ന് ഓണ്‍ലൈന്‍ റിവ്യൂസ് കണ്ടപ്പോള്‍ മനസ്സിലായി. അവധിക്കാലം അല്ലാത്തതിനാല്‍ ബുദ്ധിമുട്ടൊന്നും കൂടാതെ നാല് ദിവസത്തേക്കുള്ള ബുക്കിംഗ് കിട്ടി. ആ ദിവസങ്ങളില്‍ വേറെ ഫാമിലിയോ കമ്പനി ഗ്രൂപ്പുകളോ ഇല്ലെന്നുള്ളതും ഭാഗ്യമായി തോന്നി.

താമസം, ഭക്ഷണം, കറക്കം, അതിന് വേണ്ടിയുള്ള വാഹനം -എല്ലാം ഏര്‍പ്പാടാക്കിയതിനു ശേഷം ഫാമിലി ഗ്രൂപ്പില്‍ ഒരു പോസ്റ്റിട്ടു:  ഡിസംബര്‍ പത്ത് മുതല്‍ പതിനഞ്ചാം തീയ്യതി വരെ അമ്മ അവധിയിലാണ്. ഇപ്പറഞ്ഞ ദിവസങ്ങളില്‍ ഫോണ്‍ വഴിയോ അല്ലാതെയോ ആരും തന്നെ അമ്മയെ ബുദ്ധിമുട്ടിക്കേണ്ടതില്ല. ഈ കാര്യത്തെ കുറിച്ച് ചോദിച്ച് അമ്മയെ ആരും ശല്യം ചെയ്യേണ്ടതുമില്ല. 

നിമിഷങ്ങള്‍ക്കുള്ളില്‍ മെസേജിന് താഴെ പല ഇമോജികള്‍ നിറഞ്ഞു. ഒരു തരത്തില്‍ പറഞ്ഞാല്‍ ഇമോജികളും ചില സന്ദര്‍ഭങ്ങളില്‍ അനുഗ്രഹമാണ്. മനസ്സില്‍ പുച്ഛവും ദേഷ്യവും അസൂയയും കുശുമ്പും നിറഞ്ഞു തുളുമ്പുമ്പോഴും ഒരു സ്‌മൈലിയിലോ കൈകൂപ്പലിലോ അവയൊക്കെ പൊതിഞ്ഞു പിടിക്കാം. അച്ഛന്‍ മാത്രം ഹൃദയ ചിഹ്നം നിക്ഷേപിച്ചു. ആദ്യമായി   തെറ്റാതെ ഒരു ഇമോജി ഇട്ടിരിക്കുന്നു അച്ഛന്‍; അപ്പോള്‍ ഹൃദയം കൈമാറാനൊക്കെ അറിയാഞ്ഞിട്ടല്ല, വേണ്ടാന്ന് വെച്ചിട്ടാണ്.

വൈകിട്ട് ആറ് മണിയോടെ,  കാര്‍ ഗേറ്റിന് മുന്നിലെത്തി. വണ്ടിയില്‍ ട്രോളിയൊക്കെ കയറ്റിയത് താനാണെന്ന് വലിയ ഗമയോടെ അച്ഛന്‍ വിളിച്ചു പറഞ്ഞു. രാത്രിയാത്ര ചെയ്യണമെന്നതും അമ്മയുടെ ആഗ്രഹങ്ങളില്‍ ഒന്നായിരുന്നു.   വഴിയരികില്‍ വണ്ടി നിര്‍ത്തി ഒരു ഫോട്ടോ എടുത്ത് അയക്കാന്‍ ഡ്രൈവറിനോട് വിളിച്ച്  പറഞ്ഞു. അമ്മയുടെ ഫോട്ടോകളില്‍ വെച്ചേറ്റവും സൗന്ദര്യം ആ യാത്രയിലെ ഫോട്ടോയ്ക്കാണെന്ന് തോന്നി.

രണ്ട്

പിറ്റേന്ന് രാവിലെ ഒരു പത്ത് മണിയായപ്പോഴാണ് അച്ഛനെ  വിളിച്ചത്. പതിവു പോലെയുള്ള ഉന്‍മേഷമില്ല, വീഡിയോ കോളായതിനാല്‍ മുഖം മറച്ചു പിടിക്കാനും പറ്റിയില്ല.

'എന്താ അച്ഛാ, പത്തു മണി ചായ കുടിച്ചില്ലേ? മുഖത്തൊരു ഉണര്‍വ്വില്ലല്ലോ? അമ്മയില്ലാത്തതു കൊണ്ടാണോ?'

'ഓ! നിന്റെ അമ്മ പോയിട്ടിപ്പോള്‍ ഒരു രാത്രിയല്ലേ കഴിഞ്ഞുള്ളു. നിനക്ക് വെറുതെ തോന്നുന്നതാ. ഞാന്‍ നിന്നെ പിന്നീട് വിളിക്കാം.'- അതും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

അച്ഛന്റെ ശീലങ്ങള്‍ക്കനുസരിച്ച് അമ്മയല്ലാതെ വേറെ ആരു ചെയ്തു കൊടുക്കാനാണ്! വേറെ ആരോടും ഒരു ഗ്ലാസ് വെള്ളം പോലും ചോദിച്ചു വാങ്ങി കുടിക്കുന്നത് കണ്ടിട്ടില്ല. ഊണ്‍ മേശയ്ക്കു മുന്നില്‍ ഒന്നിനു വേണ്ടിയും അച്ഛന്‍ കാത്തിരിക്കുന്നതും  കണ്ടിട്ടില്ല.  എല്ലാം റെഡിയായിരിക്കും അതിന് മുന്‍പ് തന്നെ. പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട്; ഇതെങ്ങനെ ഇത്ര കൃത്യമായി എല്ലാം ചെയ്തുപോരുന്നു എന്ന്. അമ്മയെന്താ മെഷീനാണോന്ന് തോന്നിയിട്ടുണ്ട്. അമ്മ വെറുതെ ഇരുന്ന് കാണാറേയില്ല. എന്തെങ്കിലും ചെയ്തു കൊണ്ടേയിരിക്കണം. പക്ഷെ ആ ചെയ്തതൊന്നും വെറുതെ ആയിരുന്നില്ലെന്ന് അച്ഛനെങ്കിലും മനസ്സിലായിട്ടുണ്ടാകണം ഇപ്പോള്‍.

എന്തു ചെയ്താലും ആരും ഒരു നല്ല വാക്ക് പറഞ്ഞു കേട്ടിട്ടില്ല. അല്ല, എല്ലാം അവരുടെ കടമയല്ലേ, പിന്നെന്തിന് നന്ദിയും കടപ്പാടും!

അവര്‍ക്ക് വട്ടാണ്, വെറുതെ ഒരിടത്ത് കുത്തിയിരുന്നാല്‍ പോരെ എന്ന് മക്കളുടെ ഭാര്യമാര്‍ പോലും കുറ്റപ്പെടുത്തി സംസാരിച്ചാലും അതിനൊന്നും കാതോര്‍ക്കാന്‍ നില്‍ക്കാറില്ല അമ്മ.

പക്ഷെ, ഇപ്പോള്‍ ഈ നാലു ദിവസത്തേക്ക് പോലും ആര്‍ക്കും അഡ്ജസ്റ്റ് ചെയ്യാന്‍ വയ്യെന്ന്, ഒന്നും ശരിയാകുന്നില്ലെന്ന്. ആകെ മൊത്തം കണ്‍ഫ്യൂഷനാണത്രേ!

ഇത്രം നാള്‍ അടുക്കളയും മറ്റും അമ്മ കയ്യടക്കി വെച്ചിരുന്നതിനാലാണ് അവര്‍ക്കൊന്നും ആ വീട്ടിലെ ശീലങ്ങള്‍ ഒട്ടും പിടി കിട്ടാത്തതെന്ന് പിറുപിറുക്കുന്നുവെന്ന്!

വെറുതെ വേണ്ടാത്ത ഓരോ ശീലങ്ങള്‍ അച്ഛനെ പഠിപ്പിച്ചു വെച്ചിരിക്കുന്നത് അമ്മയാണത്രേ!

ടൈം ടേബിള്‍ അനുസരിച്ച് കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ഇതെന്താ സ്‌കുളാണോ? എന്ന്  ചോദിച്ച് അമ്മ പോയതിന്റെ രണ്ടാമത്തെ ദിവസം തന്നെ അരിശപ്പെടാന്‍ തുടങ്ങി.

ഫാമിലിയായി പുറത്ത് പോയി വരുമ്പോള്‍ എല്ലാം തയ്യാറാക്കി കാത്തിരിക്കാറുള്ള അമ്മ അവരുടെ കടമ ചെയ്യുക മാത്രമായിരുന്നു എന്നായിരിക്കും ഇപ്പോഴും അവര്‍ ചിന്തിക്കുന്നത്.   അമ്മയ്ക്കും ഔട്ടിംഗ് ആവശ്യമുണ്ടായിരുന്നു എന്ന് ഒരിക്കല്‍ പോലും ചിന്തിക്കാതിരുന്നത് ഒരു തെറ്റായിരുന്നു എന്ന് പറയാമോ?

അമ്മ തിരിച്ചെത്തേണ്ടതിന്റെ തലേന്നാള്‍ രാത്രി അച്ഛന്റെ വോയിസ് മെസേജ്. മൈക്കില്‍ കുത്തിപ്പിടിച്ച് വോയിസ് ഇടാന്‍ പഠിപ്പിച്ചിരുന്നെങ്കിലും ഒരിക്കലും ഉപയോഗിച്ചിരുന്നില്ല. ഇപ്പോള്‍ ആ ശബ്ദത്തില്‍ നിന്നും മനസ്സിലാകുന്നു അമ്മയെ, അമ്മയുടെ ശീലങ്ങളെ എല്ലാം അച്ഛന്‍ എത്രമാത്രം മിസ് ചെയ്യുന്നുണ്ടെന്ന്!

'അവള്‍, നിന്റെ അമ്മ  നാളെ എത്തുമല്ലോ അല്ലേ?  അവളില്ലാത്ത  ഈ വീട്ടില്‍ ഞാന്‍ ആരുമല്ല. അവളും ഞാനും രണ്ടല്ല ഒന്നു തന്നെയായിരുന്നു എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്. അവള്‍ കാരണം എന്നില്‍ രൂപപ്പെട്ട ചില ശീലങ്ങള്‍, ചലനങ്ങള്‍, ഈ വീടിന്റെ സ്പന്ദനങ്ങള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞത് പോലെ...'

മറുപടിക്ക് പകരം ഞാന്‍ ഒരു പുഞ്ചിരിയുടെ ഇമോജി അയച്ചു.  

തീര്‍ച്ചയായും അച്ഛന്റെ അവള്‍ നാളെ തിരിച്ചെത്തും എന്ന് മനസ്സില്‍ പറഞ്ഞു.
 

click me!