Malayalam Short Story : വിവാഹമോചിത, രതി രമേഷ് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jun 30, 2022, 5:36 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  രതി രമേഷ് എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined


"എന്റെ പെഴ്സണൽ ലൈഫിനെപറ്റി അഭിപ്രായം പറയാൻ മാഡത്തിന് എന്ത് അധികാരമാണുള്ളത്?'

"ശരിയാണ്, നിങ്ങളുടെ പെഴ്സണൽ ലൈഫ് എന്നെ ബാധിക്കുന്ന പ്രശ്നമേ അല്ല. പക്ഷെ, നിങ്ങളുടെ മകൾക്ക് ഞാൻ പ്രിൻസിപ്പൽ ആയിരിക്കുന്ന സ്കൂളിൽ അഡ്മിഷൻ ലഭിക്കണമെങ്കിൽ  സ്കൂൾ ചട്ടത്തിൽ പറഞ്ഞിട്ടുള്ള കുറച്ച് ഫോർമാലിറ്റീസ് പൂർത്തിയാക്കണം.  നിങ്ങൾ വാശി കാണിക്കുന്നത് ഏതൊരു സ്കൂളും  ആവശ്യപ്പെടുന്ന വെറുമൊരു സാധാരണമായ, എന്നാൽ അത്രയേറെ പ്രാധാന്യമുള്ള ഒരു കാര്യം ചെയ്യാൻ സാധ്യമല്ല എന്നതാണ്.  ഒരു കുട്ടിയുടെയും സ്കൂൾ റെക്കോർഡിൽ അവളുടെ അല്ലെങ്കിൽ അവന്റെ അച്ഛന്റെയോ അമ്മയുടേയോ പേരിന് കീഴിലുള്ള കോളം ഒഴിച്ചിടാൻ സാധ്യമല്ല.'

"ഞാനൊരു ഡിവോസിയാണ്, സോ എെ ഡോൺട് വാൺടു റൈറ്റ് മൈ എക്സ് ഹസ്ബന്റ്സ് നെയിം ഒാവർ ഹിയർ.'

"ദാറ്റ്സ് നോട്ട് ദി കറക്ട് റീസൺ.  ഒരു കുട്ടിക്ക് അവളുടെ ബയോളജിക്കൽ ഫാദറിന്റെ പേര്  സ്വന്തമാക്കാനുള്ള അവകാശം എങ്ങനെ ഇല്ലാതാക്കാനാകും? അവളുടെ അവകാശം നിഷേധിക്കാൻ നിങ്ങൾക്ക് എന്ത് അധികാരമുണ്ട്?'

"അവൾ എന്റെ മോളാണ്. എനിക്കറിയാം അവളെ, അവൾക്ക് അങ്ങനെയൊരു അച്ഛനെ ആവശ്യമില്ല.'

നഗരത്തിലെ അറിയപ്പെടുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഒാഫീസിൽ  പ്രധാന അദ്ധ്യാപികയും ഒരു രക്ഷിതാവും തമ്മിലാണ് ഇൗ സംഭാഷണം നടക്കുന്നത്. ഇനിയും വാഗ്വാദം തുടർന്നു പോയാൽ ചിലപ്പോൾ തനിക്ക് സ്വയം നിയന്ത്രിക്കാൻ  കഴിഞ്ഞെന്ന് വരില്ലെന്ന് മനസ്സിലാക്കിയ പ്രിൻസിപ്പൽ ഡോ. നിരഞ്ജന അവരോട് കുറച്ച് നേരം ലോബിയിൽ കാത്തിരിക്കാൻ പറഞ്ഞു. പിന്നീട് ഇഷാനിയുടെ ക്ലാസ് ടീച്ചറെ വിളിപ്പിച്ചു.

"ടീച്ചർ, ഇൗ പ്രശ്നം സെറ്റിൽ ചെയ്തതിനു ശേഷം മാത്രമേ ആ കുട്ടിയുടെ പേര് രജിസ്റ്ററിൽ ചേർക്കാൻ കഴിയൂ.  നിങ്ങൾ ഒരു കാര്യം ചെയ്യൂ.  അവരോട് ഒരു അര മണിക്കൂർ കഴിഞ്ഞ് വരാൻ പറയൂ. അപ്പോഴേക്കും ഞാൻ ബാക്കിയുള്ള വിസിറ്റേഴ്സിനെ മീറ്റ് ചെയ്യട്ടെ.'

"ഒാ കെ മാഡം, താങ്ക് യൂ."

കഴിഞ്ഞ രണ്ടു ദിവസമായി അരുണിമ ടീച്ചറുടെ തലവേദനയായി മാറിയിരിക്കുകയാണ് ഇഷാനിയും അവളുടെ അമ്മയും.  

ഒരേ മരത്തിന്റെ രണ്ട് ശാഖകൾ  പോലെയാണ് അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന പ്രി പൈ്രമറി വിംഗിന്റെയും സീനിയർ വിംഗിന്റെയും കെട്ടിടങ്ങൾ. കെ.ജി വിംഗിൽ നിന്ന് സീനിയർ വിംഗിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ഇൻറർവ്യൂ എന്ന പേരിൽ ഒരു പരിചയപ്പെടുത്തൽ റൗണ്ട്.  ഒന്നാം ക്ലാസിലെ അധ്യാപകർ ഒാരോ കുട്ടികളെയും വിളിച്ച് കുറച്ച് കാര്യങ്ങൾ ചോദിക്കുകയും അവർ ഉത്തരം നൽകുകയും ചെയ്യുമ്പോഴേക്കും വലിയ സ്കൂളിൽ എത്തിച്ചേർന്നതിന്റെ ഭയം കുട്ടികളിൽ നിന്നും വിട്ടുമാറും. എട്ടു പത്ത് കുട്ടികളുടെ നമ്പർ കഴിഞ്ഞതിനു ശേഷമായിരുന്നു ഇഷാനിയുടെ ഉൗഴം വന്നത്.

"വാട്ട്സ് യുവർ നെയിം? മോളുടെ പേരെന്താണ്?'

" ഇഷാനി'

"വാട്ട്സ് യുവർ ഫാദേർസ് നെയിം?'

ഉത്തരം പറയാതെ പരുങ്ങി നിൽക്കുന്ന ആറ് വയസ്സുകാരിയോട്, "അച്ഛന്റെ പേര് മറന്നു പോയോ?'
എന്ന് ചെറിയൊരു ചിരിയോടെ ടീച്ചർ  ചോദിച്ചത് തമാശയായിട്ടായിരുന്നു. 

എന്നാൽ അച്ഛന്റെ പേര് അറിയില്ല എന്ന ഉത്തരം കേട്ടപ്പോഴാണ് മുന്നിലിരിക്കുന്ന ലിസ്റ്റിൽ അവളുടെ പേരിന് നേരെ അച്ഛന്റെ പേരിന് ചുവടെയുള്ള കോളം ഒഴിഞ്ഞു കിടക്കുന്നത് ശ്രദ്ധിച്ചത്. അദ്ധ്യാപകർ കുട്ടികളുമായി സംസാരിക്കുന്നത് രക്ഷിതാക്കളുടെ അസാന്നിധ്യത്തിൽ ആണെന്നതിനാൽ ആ മോളോട് അതിനെ കുറിച്ച് ഒന്നും ചോദിച്ചില്ല. അവസാനത്തെ കുട്ടിയെയും വിളിച്ച് സംസാരിച്ച് എല്ലാവരെയും കിഡ്സ് കോർണറിൽ കളിക്കാൻ വിട്ടതിനു ശേഷം  ഒാരോരുത്തരുടെയും മാതാപിതാക്കളെ ക്ലാസ്മുറിയിലേക്ക് വിളിച്ചു.

ഇഷാനിയുടെ അമ്മയെ  മന:പൂർവ്വം ഏറ്റവും അവസാനമായിരുന്നു വിളിച്ചത്. കാരണം,  റെക്കോർഡിൽ സ്റ്റുഡന്റ്സിന്റെയും മാതാപിതാക്കളുടെയും വിവരങ്ങൾ വ്യക്തമായി രേഖപ്പെടുത്തേണ്ടതു കൊണ്ട് അവളുടെ കാര്യത്തിൽ ഒരു വ്യക്തത വരുത്തണമായിരുന്നു. 

ഒടുവിൽ അവരുടെ ഉൗഴമായി, മുപ്പതിനോട് അടുത്ത ഒരു സ്ത്രീ.

"ഇരിക്കൂ. ഇഷാനിയുടെ അച്ഛന്റെ പേര് റെക്കോർഡിൽ ചേർക്കണം. പ്ലീസ് ഫിൽ ദിസ് കോളം.'

"ഫോർ വാട്ട്? നോ നീഡ്, മാഡം!  അതിന്റെ ആവശ്യമില്ല, അവളുടെ അച്ഛനും അമ്മയും ഞാൻ മാത്രമാണ്.'

തീരെ അപ്രതീക്ഷിതമായി അല്പം കടുത്ത സ്വരത്തിൽ അവരുടെ  പ്രതിഷേധം ഉയർന്നപ്പോൾ ആദ്യം ഒന്ന് പകച്ചു പോയെങ്കിലും സംയമനം പാലിച്ചു കൊണ്ട് ടീച്ചർ തന്റെ ഭാഗം വ്യക്തമാക്കി.

"നോക്കൂ പാരന്റ് , സ്കൂളിന്റെ ചട്ടപ്രകാരം റെക്കോർഡിൽ ചേർക്കേണ്ട കാര്യങ്ങൾ എനിക്ക് കൃത്യമായി ചേർക്കണം. ഞങ്ങളുടെ പ്രിൻസിപ്പൽ ഇൗ കാര്യങ്ങളിലെല്ലാം വളരെ കർശനമാണ്. നിങ്ങൾ അല്പം വെയിറ്റ് ചെയ്യൂ, പ്രിൻസിപ്പൽ മാഡം ഫ്രീയാണോ എന്ന് നോക്കിയിട്ട്  വരാം. നിങ്ങൾക്ക് സംസാരിക്കാനുള്ളത് അവിടെ അറിയിക്കാം."

മാഡത്തിനോട് കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ, "യു ഡോൺട് വറി, എെ വിൽ ഹാൻഡിൽ ദിസ് മാറ്റർ' എന്ന് സമാധാനിപ്പിച്ച് പിറ്റേന്നാളേക്ക് ഒരു അപ്പോയിന്റ്മെന്റ് ഫിക്സ് ചെയ്യുകയായിരുന്നു.  അവർക്ക് ഒരു ദിവസം കൂടി ചിന്തിക്കാൻ സമയം കൊടുത്തതാകാം. 

പക്ഷെ, ഇന്നും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ആരെയും കേൾക്കാൻ തയ്യാറല്ല എന്നതാണ് അവരുടെ പ്രശ്നം, ആരോടോ ഉള്ള വാശി തീർക്കുന്നത് പോലെ. 

എന്നാൽ ഒൗദ്യോഗിക കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത വ്യക്തിത്വത്തിന് ഉടമയാണ് 
ഡോ. നിരഞ്ജന.  

ഇൗ ഭൂമിയിൽ അവർക്ക് സ്വന്തമായി ആരെങ്കിലുമുണ്ടോ എന്നറിയില്ല, പക്ഷെ സ്കൂളും കുട്ടികളും അവിടെയുള്ള ഒാരോ ജീവനക്കാരും അവർക്ക് സ്വന്തം ജീവന് തുല്യമാണ്. ഗേറ്റിൽ നിൽക്കുന്ന ഗാർഡ് മുതൽ എല്ലാ നോൺ ടീച്ചിംഗ് സ്റ്റാഫിനോടും അവർക്ക് അങ്ങേയറ്റം സ്നേഹവും കരുതലുമാണ്.  നഗരത്തിലെ നമ്പർ വൺ സ്കൂൾ എന്ന പൊലിമയോടെ തലയുയർത്തി  നിൽക്കുന്ന സ്ഥാപനം ഇന്നത്തെ നിലയിലേക്ക് കെട്ടിപ്പടുത്തുയർത്താൻ സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞു വെച്ചിട്ടുള്ള വ്യക്തിയാണ് 
ഡോ. നിരഞ്ജന.  തന്റെ പേരിനൊപ്പമുള്ള ഡോക്ടർ പദവി സൈക്കോളജിയിൽ നേടിയിട്ടുള്ള ഡോക്ടറേറ്റ് ബിരുദത്തിന്റെ ഫലമായി ചേർത്തിട്ടുള്ളതാണ്. 

പഠിക്കാൻ കഴിവുള്ള, എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നല്ലൊരു ശതമാനം കുട്ടികൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്നുണ്ട്. പക്ഷെ, തന്റെ ഫാമിലിയെക്കുറിച്ചോ അച്ഛനമ്മമാരെ കുറിച്ചോ ആരെങ്കിലും ചോദിക്കുന്നത് അവർക്ക് ഇഷ്ടമല്ലെന്ന് കേട്ടിട്ടുണ്ട്. കൃത്യം അര മണിക്കൂർ കഴിഞ്ഞപ്പോൾ മാഡം ഇഷാനിയുടെ അമ്മയെ വിളിപ്പിച്ചു; കൂട്ടത്തിൽ ക്ലാസ് ടീച്ചറായ അരുണിമ ടീച്ചറേയും.

"പ്ലീസ് ഹാവ് യുവർ സീറ്റ്.'

"ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കാനും സംയമനം പാലിച്ചു കൊണ്ട് ഉത്തരം നൽകാനും താങ്കൾ തയ്യാറാകണം. "

"ഒാകെ മാഡം, ഞാൻ ശ്രമിക്കാം.'

"ഇഷാനി നിങ്ങളുടെ മകൾ എന്നത് പോലെ തന്നെ പ്രാധാന്യമേറിയതാണ് അവൾ ഞങ്ങളുടെ വിദ്യാർത്ഥിനിയാണ് എന്നുള്ള കാര്യവും. അവളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് ഞങ്ങളും നല്ലൊരു പങ്ക് വഹിക്കേണ്ടതായി ഉണ്ട്."

"നിങ്ങൾ ബാസ്റ്റാർഡ് എന്ന് ആരെയെങ്കിലും വിളിച്ച് കേട്ടിട്ടുണ്ടോ? അതിന്റെ അർത്ഥമറിയാമോ?'-പെട്ടെന്നുള്ള അപ്രതീക്ഷിത ചോദ്യത്തിൽ മുന്നിലിരിക്കുന്ന സ്ത്രീയും ടീച്ചറും പകച്ചു പോയി.

"ഇന്ന് നിങ്ങൾ ഇരിക്കുന്ന കസേരയിൽ വർഷങ്ങൾക്ക് മുൻപ് വേറൊരു സ്ത്രീ ഇരിപ്പുണ്ടായിരുന്നു. ഒരേയൊരു വ്യത്യാസം, സ്ഥലം ഇതായിരുന്നില്ല എന്നത് മാത്രം. നിങ്ങളുടെ മുഖത്ത് കാണുന്ന  ദേഷ്യവും ആരെയോ തോൽപ്പിക്കാനെന്ന പോലുള്ള വാശിയും ഇതേ അളവിൽ അവരിലും ഉണ്ടായിരുന്നു. അന്ന് ആ സ്ത്രീയുടെ കൂടെ നിർവ്വികാരതയുടെ പര്യായമായി  ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. മുതിർന്നവർ പറയുന്നത് മനസ്സിലാക്കാനാവാതെ നിന്ന ഒരു നിഷകളങ്ക മുഖം. ആ ഒരു ചിത്രം ഒഴിവാക്കാൻ വേണ്ടിയാണ് ഞാൻ നിങ്ങളോട് മോളെ ആരെയെങ്കിലും ഏൽപ്പിച്ച് വന്നാൽ മതി എന്ന് പറഞ്ഞത്. നിങ്ങൾ ഉന്നയിച്ച അതേ വാദമുഖങ്ങളായിരുന്നു അവരുടേതും. വ്യക്തികൾക്ക് മാത്രമേ മാറ്റമുണ്ടായിരുന്നുള്ളൂ.

"രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷം ഒരു പുനർ വിവാഹം ചെയ്താൽ നിങ്ങൾക്ക് പുതിയൊരു ഭർത്താവിനെ കിട്ടും. പക്ഷെ നിങ്ങളുടെ മകൾക്ക് അച്ഛന്റെ പേരിന് പകരം അയാളുടെ പേര് എഴുതി ചേർക്കാൻ കഴിയുമോ?' എന്ന് ഇൗ  സീറ്റിൽ ഉണ്ടായിരുന്ന മാഡം ആ സ്ത്രീയോട് ചോദിച്ചപ്പോൾ "ഒരു കല്യാണം കഴിച്ചതിന്റെ ഫലം ഞാൻ അനുഭവിച്ചു, ഇനിയങ്ങിനെ ഒരു തെറ്റ് ചെയ്യില്ല' എന്ന് അഹങ്കാരത്തോടെ ആയിരുന്നു അവർ മറുപടി നൽകിയത്. പക്ഷെ പിന്നീട് സംഭവിച്ചതോ...." 

ഒരു കിതപ്പോടെ അത്രയും പറഞ്ഞു നിർത്തി മുന്നിലിരിക്കുന്ന ഗ്ലാസിലുണ്ടായിരുന്ന വെള്ളം ഒറ്റ വലിക്ക് കുടിച്ചു തീർത്തു.  അവരുടെ മുഖത്ത് അന്നു വരെ കാണാത്ത ഒരു പ്രത്യേക ഭാവം കണ്ടപ്പോൾ ടീച്ചർ ഭയന്നു പോയി.

"അന്നത്തെ അമ്മയുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞ് ഞാനായിരുന്നു. ഒരു യുദ്ധം ജയിച്ച ഭാവത്തിൽ അച്ഛനിൽ നിന്ന് വേർപെടുത്തി എടുത്ത എന്നെ എന്റെ പിറവിയുടെ കാരണമായവന്റെ പേരിന് പോലും അവകാശിയല്ലാതെ വളർത്തിയപ്പോൾ അവർ അഹങ്കാരത്തോടെ സന്തോഷിച്ചു. എനിക്ക് വേണ്ടി എന്റെ അമ്മ എന്തൊക്കെ ത്യാഗം ചെയ്യുന്നു എന്ന് തെറ്റിദ്ധരിച്ച ഞാൻ അവരുടെ ആജ്ഞ അനുസരിച്ച് അച്ഛനെ വെറുക്കാൻ തുടങ്ങി.  ഒരു നോക്ക് കാണാൻ സ്കൂൾ ഗേറ്റിന് വെളിയിൽ കൊതിയോടെ  കാത്തിരുന്ന അദ്ദേഹത്തെ അവഗണിച്ചു. എനിക്ക് അച്ഛനില്ല എന്ന് എല്ലാവരോടും അഭിമാനത്തോടെ പറഞ്ഞു, അല്ല, അമ്മ പറഞ്ഞ് പഠിപ്പിച്ചു.  എന്നാൽ "അച്ഛനില്ലാത്തവൾ', "തന്തയില്ലാത്തവൾ' അല്ലെങ്കിൽ "ബാസ്റ്റാർഡ്' എന്ന് വിളിക്കപ്പെടുമ്പോഴാണ് അതിന് വ്യത്യസ്തമായ അർത്ഥമുണ്ടെന്ന് മനസ്സിലായത്. അത് മനസ്സിലാക്കാൻ ഒത്തിരി വളരേണ്ടി വന്നു. ഞാൻ ബാസ്റ്റാർഡ് അല്ല, എന്റെ അച്ഛൻ മാന്യനായ വ്യക്തിയാണ് എന്ന് തല തല്ലി കരഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. കാരണം, അമ്മയ്ക്ക് സ്നേഹിക്കാൻ അപ്പോഴേക്കും വേറൊരാളെ കിട്ടിയിരുന്നല്ലോ. അവർ പുനർവിവാഹത്താൽ തന്റെ ഭാവി ഭദ്രമാക്കിയിരുന്നു.  ഒന്നാം ക്ലാസിൽ അച്ഛന്റെ പേരില്ലാതെ സ്കൂളിൽ ചേർന്ന എനിക്ക് അഞ്ചാം ക്ലാസിലെത്തിയപ്പോൾ അതേ കോളത്തിൽ ഗാർഡിയൻ എന്ന ലേബലിൽ അമ്മയുടെ രണ്ടാം ഭർത്താവിന്റെ പേര് ചേർക്കപ്പെട്ടു.  

വിലയേറിയ സമ്മാനപ്പൊതികളും എെസ്ക്രീം മധുരങ്ങളും വെച്ചു നീട്ടി അയാൾ കാണിച്ച സ്നേഹം ഒരു അച്ഛന് മകളോടുള്ളത് തന്നെയാണ് എന്ന് ഞാൻ തെറ്റിദ്ധരിച്ചു. അധികം വൈകാതെ എനിക്ക് ഒരു അനിയനെ കൂടി കൂട്ടിന് ലഭിച്ചിരുന്നു. ചെറിയ കുട്ടിയിൽ നിന്നും ഒരു കൗമാരക്കാരി ആയപ്പോൾ അയാളുടെ തലോടൽ ഒരു അച്ഛന്റേതല്ലെന്ന് മനസ്സിലായി തുടങ്ങി.  അമ്മയില്ലാത്ത ഒരു പകൽ  എന്റെ ശരീരത്തിൽ അയാളുടെ കൈകൾ തെറ്റായ രീതിയിൽ സ്പർശിക്കാൻ ശ്രമിച്ചപ്പോൾ  ഉച്ചത്തിൽ അലറി അയാളുടെ കവിളത്തടിച്ചു. അന്ന് അയാളും എന്നെ വിളിച്ചു, ബാസ്റ്റാർഡ് എന്ന്.  

ഒന്നും പറയാതെ ചിലതൊക്കെ മനസ്സിലാക്കിയ അമ്മ മകൾക്ക് പ്രതിരോധം തീർത്തു കൊണ്ട് അയാളെ ചെറുത്ത് നിന്നപ്പോൾ അമ്മയെ  ഉപദ്രവിക്കാൻ തുടങ്ങി. 

'തന്തയില്ലാത്തവൾ' എന്നതിൽ നിന്ന് ഞാൻ "അനാഥ' എന്ന മേൽവിലാസത്തിൽ സുരക്ഷിതത്വം കണ്ടെത്തി. ഞാൻ പഠിച്ച കോൺവെന്റ് സ്കൂളിലെ കന്യാസ്ത്രീകളുടെ സഹായത്തോടെ മഠത്തിലെ അനാഥക്കുട്ടികളുടെ കൂട്ടത്തിൽ ഒരുവളായി കഴിഞ്ഞു, പഠനം കഴിയും വരെ.  

അപ്പോഴേക്കും അമ്മയെയും അവരുടെ രണ്ടാം ഭർത്താവിനെയും എന്റെ പാതി അനിയനെയും  ജീവിതത്തിൽ നിന്നും തുടച്ചു മാറ്റിയിരുന്നു.  അമ്മ എന്നെ സ്നേഹിച്ചതേയുള്ളൂ എന്നറിഞ്ഞിട്ടും അവരെ വെറുക്കാനുണ്ടായ കാരണം  അച്ഛന്റെ പേരിന് പോലും എനിക്ക് അവകാശം നിഷേധിച്ചു എന്ന ഒറ്റ കാരണം കൊണ്ടായിരുന്നു.  തന്തയില്ലാത്തവൾ എന്ന വിളി കേട്ടവർക്ക് മാത്രമേ അതിന്റെ നൊമ്പരം മനസ്സിലാകൂ.


ഇനി പറയൂ, നിങ്ങളുടെ മകൾ അച്ഛനില്ലാത്തവൾ ആയി വളരണമോ അതോ അവളുടെ യഥാർത്ഥ അച്ഛന്റെ പേര് ചേർക്കണോ? 

നിങ്ങൾ പുനർ വിവാഹം ചെയ്യും, ഇങ്ങനെയൊക്കെ സംഭവിക്കും എന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം, പക്ഷെ അങ്ങനെയൊക്കെ സംഭവിക്കില്ല  എന്ന ഉറപ്പും നിങ്ങൾക്ക് നൽകാൻ കഴിയില്ല എന്ന് മാത്രം എനിക്ക് തറപ്പിച്ച് പറയാൻ കഴിയും. 

ചിന്തിച്ചു നോക്കൂ, ഡിവോഴ്സ് നിങ്ങളുടെ ചോയിസ്.  എന്നാൽ  മകൾക്ക് അവളുടെ അച്ഛനെ നിഷേധിക്കാൻ നിങ്ങൾക്ക് അവകാശമില്ല, അത് അവളുടെ മാത്രം ചോയിസ്.  ആലോചിച്ച് തീരുമാനമെടുക്കൂ.  രണ്ട് ദിവസം കഴിഞ്ഞാലും അറിയിച്ചാൽ മതി. ഞങ്ങൾക്ക് റെക്കോർഡ് കംപ്ലീറ്റ് ചെയ്യണം.

എന്റെ ജീവിതം അറിയാവുന്ന ചുരുക്കം ചിലർ മാത്രമേയുള്ളൂ.  നിങ്ങളെ കൺവിൻസ് ചെയ്യിക്കാൻ ഇങ്ങനെയൊരു വിശദീകരണത്തിന്റെ ഒരു കാര്യവുമില്ല.  പക്ഷെ ഇഷാനിയിൽ ഞാൻ കണ്ടത് എന്റെ ബാല്യമായിരുന്നു.  എന്നെ പോലെ വിവാഹത്തെ വെറുക്കുന്ന, അമ്മയെ മറക്കാൻ ഇഷ്ടപ്പെടുന്ന, അച്ഛനെ തിരഞ്ഞു നടന്ന ഒരു പെണ്ണായി ഇഷാനി വളരരുത് എന്നാഗ്രഹിച്ചു."

ബോൾഡ് ലേഡി എന്ന് വിശേഷിപ്പിക്കപ്പെട്ട ഡോ: നിരഞ്ജനയുടെ ശബ്ദം ഒന്നിടറിയതു പോലെ. സംസാരത്തിന് വിരാമമിട്ടു കൊണ്ട് തന്റെ ഫയലുകളും മറ്റു പേപ്പറുകളും ഒതുക്കി വെച്ച് അവർ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു.

"മാഡം, എനിക്ക് ഒന്നും ആലോചിക്കാനില്ല. ഞാൻ ഇപ്പോൾ തന്നെ എല്ലാ വിവരങ്ങളും കൃത്യമായി എഴുതി തരാം. എന്റെ മകൾ എന്നെ വെറുക്കാൻ വേണ്ടിയുള്ള  കാരണമായി ഇവിടെ ഒരു ഒഴിഞ്ഞ കോളം അവശേഷിപ്പിക്കാൻ വയ്യ.'

നിറഞ്ഞ മനസ്സോടെ ഒരു പുഞ്ചിരി സമ്മാനിച്ചപ്പോഴും പഴയ ഒാർമ്മകൾ സമ്മാനിച്ച വിഷാദം ആ പ്രധാനാദ്ധ്യാപികയുടെ കണ്ണുകളിൽ ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!