Malayalam Short Story : ഉച്ചവെയില്‍, രശ്മി കിട്ടപ്പ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jan 3, 2022, 3:44 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് രശ്മി കിട്ടപ്പ എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined


ഉമ്മറത്തെ ഏറെ പഴക്കമുള്ള ചാരുകസേരയില്‍ പതിവുപോലെ ഊണും കഴിഞ്ഞ് അയാളിരുന്നു, ഇടവഴിയുടെ അങ്ങേയറ്റത്ത് ഏതു നിമിഷവും പ്രത്യക്ഷപ്പെടാവുന്ന പോസ്റ്റ്‌മേന്‍ സഹദേവന്റെ മുഖവും പ്രതീക്ഷിച്ച്. 

വളരെക്കാലമായി അയാള്‍ക്ക് കാത്തിരിക്കാന്‍ ഈയൊരാളേ ഉള്ളൂ. ഉച്ചവെയില്‍ കത്തിക്കാളുന്ന നേരത്ത് നെഞ്ചുവിരിച്ച്, തലയല്‍പം ഉയര്‍ത്തി, വേഗതയുടെ അദൃശ്യചക്രങ്ങള്‍ കാലില്‍ ഘടിപ്പിച്ചിട്ടെന്നപോലെ ചിരിക്കാത്ത മുഖവുമായി പലപ്പോഴും സഹദേവന്‍ കടന്നുവന്നു.

അയാള്‍ക്കേറെ പരിചയമുള്ള സഞ്ചിയില്‍ നിന്നും സഹദേവന്‍ പുറത്തെടുക്കുന്ന ഇന്‍ലന്റോ കവറോ കാണുമ്പോള്‍ 'ഞാനിത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു' എന്നു കാണിക്കുന്ന ഒരു ചിരി മുഖത്തുവരുത്താന്‍ പലപ്പോഴും അയാള്‍ ശ്രമിക്കാറുണ്ടായിരുന്നു. പകരം കൊടുക്കാനുള്ള ചിരി ഒരിക്കലും സഹദേവന്റെ കൈയിലില്ലായിരുന്നു. എഴുത്തുകള്‍ തിരഞ്ഞ്, എഴുത്തിനു പുറത്തെ മേല്‍വിലാസക്കാരനെ തിരഞ്ഞ്, വീടുകള്‍ തിരഞ്ഞ് ഒരുപക്ഷെ ചിരിക്കുന്നതെങ്ങിനെയെന്ന് സഹദേവന്‍ മറന്നുപോയിക്കാണുമെന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അയാളുടെ ഭാര്യ പറഞ്ഞത് അത്ഭുതത്തോടെയാണ് അയാള്‍ കേട്ടത്. ഈയിടെയായി അയാള്‍ക്ക് മനസ്സില്‍ തോന്നുന്നത് ഇടക്കിടക്ക് അറിയാതെയാണെങ്കിലും അയാളുടെ ഭാര്യ പറഞ്ഞുപോവാറുണ്ട്. പിന്നീട് കുറച്ചുനേരത്തേക്ക് അയാള്‍ക്ക് സംശയമാണ്. താനാണോ ഭാര്യയാണോ അത് പറഞ്ഞതെന്നാലോചിച്ച് അയാള്‍ വെറുതെ കിടക്കും. 

എന്തൊക്കെയായാലും അയാള്‍ക്ക് വ്യക്തമായ ഒരു കാര്യമുണ്ട്. ഉച്ചയുടെ കത്തിക്കാളല്‍ സഹദേവനെപ്പോലെ അറിഞ്ഞ മറ്റൊരാളുണ്ടാവില്ല ആ പ്രദേശത്ത്.

 

 

അയച്ചതാരെന്ന് പിടികിട്ടാത്ത എഴുത്തുകളാണ് ഇപ്പോളയാള്‍ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. ഓര്‍മ്മയിലെവിടെയും ഇല്ലാത്ത ആരെങ്കിലും അയക്കുന്നത്. ഒരുപക്ഷെ കണ്ടിട്ടുണ്ടായിരിക്കണം എപ്പോഴെങ്കിലും, എവിടെയെങ്കിലും വെച്ച്.പരിചയമില്ലാത്തകൈപ്പട കാണുമ്പോഴേ മനസ്സിലാവും. പിന്നെ ഓര്‍മ്മയില്‍ ആ മുഖങ്ങള്‍ തിരഞ്ഞുതിരഞ്ഞ് സമയം കളയും. സുഹൃത്തുക്കള്‍ അയാള്‍ക്കെഴുതാതായിട്ട് വളരെക്കാലമായിരുന്നു. ഒരു മഞ്ഞുപാളി പോലെയുള്ള ഓര്‍മ്മയുടെ മറയ്ക്കപ്പുറത്ത് അയാള്‍ക്ക് തന്റെ ഭൂതകാലം കാണാം. ഒരുപാടാളുകള്‍ കയറിയിറങ്ങിപ്പോയ വീട്. യാത്രപോലും പറയാതെ പിരിഞ്ഞുപോയവര്‍. സാഹിത്യവും, രാഷ്ട്രീയവും പിന്നെ അയാള്‍ക്കേറ്റവും പ്രിയപ്പെട്ട ഫുട്‌ബോളും ചര്‍ച്ചചെയ്തിരുന്ന, ഇപ്പോള്‍ ആളൊഴിഞ്ഞ പൂമുഖം, കവിതകള്‍ ഈണത്തില്‍ ചൊല്ലിയിരുന്ന, ചെരുപ്പിടാതെ നടന്നിരുന്ന അയാളുടെ ഉറ്റ സുഹൃത്ത്. എല്ലാം ആ മഞ്ഞുമറക്കപ്പുറത്ത് ഭദ്രമായുണ്ട്.

ഇപ്പോള്‍ കുറച്ചുകാലമായി അയാള്‍ കാത്തിരിക്കുന്നത് സര്‍ക്കാറില്‍ നിന്നും അയാള്‍ക്ക് കിട്ടാനുള്ള കായികതാരങ്ങള്‍ക്കുള്ള പെന്‍ഷന്റെ കടലാസാണ്. അപേക്ഷ കൊടുത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഏതൊക്കെയോ ഓഫീസുകള്‍ കയറിയിറങ്ങി അനേകം മേശപ്പുറങ്ങള്‍ താണ്ടി അതെവിടെയോ അപ്രത്യക്ഷമായിരിക്കുന്നു. ആദ്യമൊക്കെ അയാള്‍ ഓഫീസുകള്‍ മാറിമാറി കയറിയിറങ്ങാറുണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ സഹദേവനെ മാത്രമേ അയാള്‍ പ്രതീക്ഷിക്കുന്നുള്ളു. അച്ഛനിപ്പോള്‍ പെന്‍ഷന്റെ ആവശ്യമെന്താണെന്ന് ദൂരദേശത്തുനിന്നും മക്കള്‍ എഴുത്തുകളിലൂടെയും ഫോണിലൂടെയും ചോദിച്ചുകൊണ്ടിരിക്കുന്നു. ഇനി മതി കാത്തിരിപ്പെന്ന് ഓരോ ഉച്ചനേരത്തും ഭാര്യയുടെ മുഖഭാവം അയാളെ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

പക്ഷെ അയാള്‍ പ്രതീക്ഷ കൈവിടാന്‍ തയ്യാറല്ലായിരുന്നു. എല്ലാകാലത്തും അയാള്‍ സ്‌നേഹിച്ചത് ഫുട്‌ബോളിനെയായിരുന്നു. ഒരു കളിക്കാരന്‍ എന്ന നിലയില്‍ അറിയപ്പെടാന്‍ തന്നെയായിരുന്നു അയാളാഗ്രഹിച്ചതും. എന്നെങ്കിലും സഹദേവന്‍ കൊണ്ടുവരാനിരിക്കുന്ന കടലാസുകഷ്ണത്തില്‍ അയാള്‍ കാണുന്നത് ഒരു മൈതാനത്തില്‍ നിന്നും മറ്റൊരു മൈതാനത്തിലേക്ക് കളിക്കാനുള്ള ആവേശത്തോടെ ചെന്നെത്താറുള്ള തന്റെ ചെറുപ്പകാലം തന്നെയായിരുന്നു. കാണികളുടെ കരഘോഷങ്ങളും ഫ്‌ലഡ് ലൈറ്റിന്റെ കൊതിപ്പിക്കുന്ന വെളിച്ചവും മനസ്സില്‍ നിന്നും മായാതിരിക്കാന്‍ അയാള്‍ക്കാ കടലാസുതുണ്ടിന്റെ ആവശ്യമുണ്ടായിരുന്നു. താനൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്നു എന്ന് ഇടക്കിടക്ക് സ്വയം ഓര്‍മ്മിപ്പിക്കാന്‍ സഹദേവന്റെ ചിരിക്കാത്ത മുഖവും ആ ഉച്ചനേരങ്ങളും വേണമായിരുന്നു. ഇതുകൂടാതൊന്നും പഴയകാലത്തിന്റെ അവശേഷിപ്പുകളായി അയാള്‍ക്ക്വേണ്ടിയിരുന്നില്ല.

കൂടെ കളിച്ചവരില്‍ മിക്കവരും ഇന്ന് ജീവിച്ചിരിപ്പില്ല. അറുപത്തഞ്ച് വയസ്സിനിടയില്‍ മൂന്ന് ഹൃദയാഘാതങ്ങള്‍ വന്നിട്ടും അയാള്‍ പിടിച്ചുനിന്നത് അയാളൊരു ഫുട്‌ബോള്‍ കളിക്കാരനായിരുന്നതുകൊണ്ടാണെന്ന്, കുറച്ച് കളിയായും അതിലേറെ കാര്യമായും അയാളെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ പറഞ്ഞത് അപ്പോഴും പ്രത്യാശ വിടാതിരുന്ന അയാളുടെ കണ്ണുകളിലേക്ക് നോക്കിയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലെ ശാന്തതയില്‍ കണ്ണടച്ചുകിടന്നുകൊണ്ട് അയാളപ്പോള്‍ ദൈവത്തെ ഓര്‍ക്കാന്‍ ശ്രമിച്ചു. ദൈവത്തിനപ്പോള്‍ ഡോക്ടറുടെ മുഖമായിരുന്നു.

ഈയിടെയായി അയാള്‍ കാണുന്ന സ്വപ്നങ്ങളെല്ലാം പഴയകാലവുമായി ബന്ധപ്പെട്ടതായിരുന്നു. സ്വപ്നത്തിലയാള്‍ക്ക് നന്നേ ചെറുപ്പം. ചുരുണ്ട മുടിയും താടിയുമായി പഴയ ഫോട്ടോകളിലുള്ള അതേ രൂപം. ഒരു നഗരത്തില്‍ നിന്നും മറ്റൊന്നിലേക്ക് സംഘമായി പോകുന്ന കളിക്കാര്‍. ദീര്‍ഘയാത്രകളില്‍ അയാള്‍ കണ്ട ഭൂപ്രദേശങ്ങള്‍, ജനങ്ങള്‍, സംസ്‌കാരങ്ങള്‍. എല്ലാറ്റിനുമുപരിയായി പന്തുതട്ടുന്ന കാലുകളുടെ വേഗത. ഒരു കിതപ്പോടെ ഞെട്ടിയുണരുമ്പോള്‍ അറിയുന്നത് വര്‍ത്തമാനത്തിന്റെ ശൂന്യത മാത്രം. കഴിഞ്ഞുപോയത് ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന സത്യം ഒരു വേദനയായി നെഞ്ചിലേക്ക് പടരാന്‍ തുടങ്ങുമ്പോള്‍ അയാള്‍ പതുക്കെ എഴുന്നേറ്റു നടക്കാന്‍ തുടങ്ങും. പഴയ ഓര്‍മ്മകള്‍ തന്നെയാണേ് വേദനയായും ആശ്വാസമായും നെഞ്ചിലേക്ക് പടരുന്നതെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു അയാള്‍.

വൈകുന്നേരമായാല്‍ തൊട്ടടുത്ത പറമ്പില്‍ കുട്ടികള്‍ കളിക്കാനെത്തും. അവരുടെ കളി നോക്കിയിരിക്കലാണ് ഇപ്പോളയാളുടെ പ്രിയപ്പെട്ട വിനോദം. പെട്ടെന്ന് ആവേശഭരിതനാകുന്നതുകൊണ്ട് ടിവിയില്‍ കളികള്‍ കാണരുതെന്ന് ഡോക്ടര്‍ അയാളെ വിലക്കിയിരിക്കുന്നു. ഇഴഞ്ഞുനീങ്ങുന്ന സമയത്തെ മറികടക്കാന്‍ വായനയല്ലാതെ മറ്റുപാധികളൊന്നും ഉണ്ടായിരുന്നില്ല. അതും ഇപ്പോള്‍ മടുത്തുതുടങ്ങിയിരിക്കുന്നു. ടിവി സീരിയലുകള്‍ കാണുന്നതിനെച്ചൊല്ലി മാത്രമാണ് ഇപ്പോള്‍ താന്‍ ഭാര്യയുമായി വഴക്കടിക്കാറുള്ളതെന്ന് ഒട്ടൊരതിശയത്തോടെ അയാള്‍ ചിന്തിച്ചു. 

 

 

അസുഖം വന്നതിനുശേഷം ഭാര്യയുടെ കണ്ണുകള്‍ സദാ അയാളുടെ പിറകെയാണ്. ഇത്രയും ശ്രദ്ധയും ശുശ്രൂഷയും തിരിച്ച് ഭാര്യക്ക് കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല അയാള്‍ക്ക്, അവര്‍ക്ക് അസുഖമുള്ള അവസരങ്ങളില്‍പ്പോലും. ജീവിക്കാനുള്ള ബദ്ധപ്പാടില്‍ അവരത് പ്രതീക്ഷിച്ചുകാണില്ല എന്ന് സ്വയം വിശ്വസിപ്പിക്കുവാനാണ് ഈയിടെയായി അയാള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സത്യം മറിച്ചാണെങ്കിലും.

കൂട്ടുകാരില്‍ അവശേഷിക്കുന്നവര്‍ വളരെക്കുറച്ചുപേര്‍ മാത്രം. എന്നും കൂട്ടിനുണ്ടാവുമെന്ന് അയാള്‍ കരുതിയിരുന്ന സുഹൃദ്ബന്ധത്തിന്റെ കണ്ണികളെല്ലാം ഇനിയൊരിക്കലും വിളക്കിച്ചേര്‍ക്കാനാകാത്ത വിധത്തില്‍ അറ്റുപോയിരിക്കുന്നു. എല്ലാ ബന്ധങ്ങളും ഇങ്ങനെതന്നെയാണെന്ന് ഈ പഴകിയ ജീവിതം അയാളെ പഠിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

വെയിലിന് കാഠിന്യം കുറഞ്ഞു വരികയാണ്. ഒരു പകല്‍ കൂടി കഴിയാന്‍ പോകുന്നു എന്ന വേവലാതി അയാളുടെ മുഖത്തുണ്ടായിരുന്നു. 

ഇന്നും സഹദേവനെ കണ്ടില്ല. അയാള്‍ കസേരയില്‍ കണ്ണുകളടച്ച് കിടന്നു. ഭാര്യ തൊട്ടടുത്ത് വന്നു നിന്നത് അയാളറിഞ്ഞിട്ടുണ്ടായിരുന്നു. എന്നിട്ടും അയാള്‍ കണ്ണുതുറന്ന് അവരെ നോക്കിയില്ല. അയാള്‍ സഹദേവനെ കാണുകയായിരുന്നു. നെഞ്ചുവിരിച്ച് തലയല്പം ഉയര്‍ത്തി സഹദേവന്‍ തിടുക്കത്തില്‍ അയാളുടെ അരികിലേക്ക് നടന്നുവരുന്നു. തോളിലെ സഞ്ചിയില്‍ നിന്നും എന്തോ പുറത്തെടുക്കാന്‍ തുടങ്ങുന്ന സഹദേവന്റെ വെയിലേറ്റ മുഖം അയാള്‍ക്കിപ്പോള്‍ വ്യക്തമായി കാണാം. അപ്പോഴാണ് ഒരു അത്ഭുതമെന്നോണം അയാളതു കണ്ടത്. സഹദേവന്‍ ചിരിക്കുകയായിരുന്നു.

 

മറുകര. രശ്മി കിട്ടപ്പ എഴുതുന്ന കഥാവിവര്‍ത്തനങ്ങള്‍ ഇവിടെ വായിക്കാം.
 

click me!