ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. വിജി ടി ജി എഴുതിയ കവിത
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
കല്ലുപാകിയ നടപ്പാതയിലൂടെ മുന്നോട്ട് നടക്കുമ്പോള്‍ പുറകില്‍ നിന്നും അദ്ദേഹം വിളിച്ചു പറയുന്നത് അവള്‍ക്ക് കേള്‍ക്കാമായിരുന്നു.
'ഇന്നലെ രാത്രിയില്‍ നല്ല മഴയുണ്ടായിരുന്നു. കണ്ടില്ലേ, എല്ലായിടവും നനഞ്ഞു കിടക്കുന്നത്. കാലു വഴുക്കി വീഴരുത്.'
അവള്‍ തിരിഞ്ഞുനിന്ന് അദ്ദേഹത്തിന് ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം വീണ്ടും നടന്നു.
ശരിയാണ്, എല്ലായിടവും നനഞ്ഞു കിടക്കുന്നു. കണ്ടിട്ട് ഇന്നലെ രാത്രിയില്‍ നല്ല മഴ ആയിരുന്നെന്ന് തോന്നുന്നു. പക്ഷേ മഴ പെയ്തത് അറിഞ്ഞു കൂടി ഇല്ലല്ലോ, അവള്‍ ഓര്‍ത്തു.
ഇല്ല.അതില്‍ അത്ഭുതപ്പെടാന്‍ ഒന്നും തന്നെ ഇല്ല. ഉറക്കം കുറവാണെന്ന പരാതിക്കെട്ടുമായി ഡോക്ടറുടെ അടുത്ത് ചെന്നപ്പോള്‍ തന്ന ഗുളികയായിരുന്നു ഇന്നലെ ഉറക്കിയത്. പിന്നെ എങ്ങനെ ആണ് ഇതൊക്കെ അറിയുന്നത്.
അവള്‍ ആരോടെന്നില്ലാതെ ചിരിച്ചു.
തണുത്ത മഞ്ഞിന്റെ മണമുള്ള കാറ്റ് അവളെ തഴുകി കടന്നു പോയി. അതിന് പൂക്കളുടെയും കുന്തിരിക്കത്തിന്റെയും മണം കൂടിയുണ്ടായിരുന്നു. നേര്‍ത്ത മഞ്ഞിന്റെ പുതപ്പ് അപ്പോഴുമുണ്ടായിരുന്നു.
പച്ചപ്പും പൂക്കളും നിറഞ്ഞ വീടിന്റെ മുന്‍വശം കടന്നു മുന്നോട്ടു നടക്കാന്‍ തുടങ്ങിയപ്പോഴേക്കും പുറകില്‍ നിന്നും അദ്ദേഹത്തിന്റെ ശബ്ദം കേട്ടുതുടങ്ങി.
'അധികം ദൂരേക്കൊന്നും പോകണ്ട. കേട്ടോ പറഞ്ഞത്.'-അവള്‍ തിരിഞ്ഞു നോക്കി.
അദ്ദേഹം അവിടെ, ആ നീളന്‍വരാന്തയില്‍ ചാരുകസേരയില്‍ തന്നെ ഇരിപ്പുണ്ട്.
അവള്‍ക്ക് അത് കേട്ടിട്ട് ചിരിക്കാനാണ് തോന്നിയത്. ഒപ്പം എന്തെന്നറിയാത്ത ഒരു നിരാശയും അവളെ ബാധിച്ചിരുന്നു.
അവള്‍ തിരിഞ്ഞ്, അടഞ്ഞു കിടക്കുന്ന ഗേറ്റിലേക്കു നോക്കി. കറുപ്പും വെളുപ്പും പെയിന്റടിച്ച നല്ല ബലമുള്ള ഇരുമ്പ് കമ്പികള്‍ കൊണ്ട് അതിമനോഹരമായി ഡിസൈന്‍ ചെയ്ത് അതില്‍ വലിയ താഴിട്ടു പൂട്ടിയിരിക്കുന്ന ഗേറ്റ്. ഇപ്പോഴും അതിന്റെ താക്കോല്‍ ഹാളിലെ ചില്ലലമാരിയില്‍ വിശ്രമിക്കുകയാണ്.
അവള്‍ക്ക് വല്ലാതെ അരിശം വന്നു. പക്ഷേ മറുപടി ഒന്നും പറയാതെ കല്ലുപാകിയ നടപ്പാതയില്‍ നിന്നും ഇറങ്ങി അവള്‍ മാഞ്ചുവട്ടിലേക്കു നടന്നു.
തണുത്ത കാറ്റില്‍ അലസമായി അഴിച്ചിട്ട അവളുടെ ചുരുളന്‍ മുടി മുഖത്തേക്ക് പാറിവീണു. കാഴ്ചയെ മറച്ച് മുഖത്തേക്ക് വീഴുന്ന മുടിയിഴകളെ ഒതുക്കി വയ്ക്കാന്‍ അവള്‍ ശ്രമിച്ചതേ ഇല്ല.
ഇത് അവളുടെ പ്രിയപ്പെട്ട ഒരിടമാണ്. കഴിഞ്ഞ തവണ അവധിക്ക് വന്നപ്പോഴാണ് ഈ മാവിന്റെ ചുവട്ടില്‍ വൃത്താകൃതിയില്‍, ഇരിക്കാന്‍ പാകത്തിന് ഒരു തറ കെട്ടി ഉയര്‍ത്തിയത്. അവളുടെ പ്രഭാതങ്ങള്‍ക്കും സായാഹ്നങ്ങള്‍ക്കും ജീവന്‍ നല്‍കുന്ന ഇടം. രാത്രി മഴയില്‍ അവിടമാകെ നനഞ്ഞു കിടക്കുന്നു.
വീടിന്റെ മുന്‍വശത്തും വടക്കുവശത്തുമായി നീളന്‍ വരാന്തകള്‍. വടക്കു വശത്തെ വരാന്തയുടെ അറ്റത്തു നിന്നും തുടങ്ങി ഗേറ്റ് വരെ എത്തിനില്‍ക്കുന്ന കല്ലുപാകിയ നടപ്പാതയും മാവിന്‍ചുവട്ടിലെ ഈ തറയും ഒന്നിച്ചാണ് പണികഴിപ്പിച്ചത്.
ഗേറ്റിനു പുറത്തു റോഡിലൂടെ കടന്നു പോകുന്ന ആള്‍ക്കാരുടെ സംസാരം കേട്ടുതുടങ്ങിയിരിക്കുന്നു.
അവള്‍ ചാരുകസേരയില്‍ ഇരിക്കുന്ന ഭര്‍ത്താവിന്റെ അരികിലേക്ക് നടന്നു. അദ്ദേഹം മൊബൈല്‍ ഫോണില്‍ എന്തൊക്കെയോ ധൃതിയില്‍ ടൈപ്പ് ചെയ്യുന്നുണ്ട്. അത് കണ്ടപ്പോള്‍ അവള്‍ തെല്ലൊന്ന് മടിച്ചു. ഫോണിലോ ലാപ്‌ടോപ്പിലോ ആണെങ്കില്‍ പിന്നെ ആര് അടുത്തിരുന്നാലും അദ്ദേഹമത് ശ്രദ്ധിക്കുക കൂടി ഇല്ല.
പക്ഷേ, അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല. ജോലിയാണ് പരമപ്രധാനം.
എന്നാലും, രണ്ടാഴ്ചത്തെ അവധിക്കാലം ചിലവിടാന്‍ എത്തിയതാണ്. അവള്‍ ദീര്‍ഘനിശ്വാസത്തോടെ അദ്ദേഹത്തെ നോക്കി ചിരിച്ചു. ഇതവള്‍ക്ക് ശീലമാണ്.
നാളെ ഒരു ദിവസം കൂടി ഉണ്ടാവും ഇവിടെ. അതുകഴിഞ്ഞു തിരികെ പോകണം. മനസ്സ് മടുപ്പിക്കുന്ന തിരക്കിലേക്ക്, ശ്വാസം മുട്ടിക്കുന്ന എകാന്തതയിലേക്ക്.
യാന്ത്രികമായി ജീവിച്ചു മരിക്കുന്ന ഇടം.
അവള്‍ക്ക് തോന്നാറുണ്ട്, ഓരോ നിമിഷവും മരിച്ചു കൊണ്ടിരിക്കുകയാണെന്ന്. ശരിയാണ്, അങ്ങനെ തന്നെയാണ് എല്ലാവരും.
അവള്‍ അദ്ദേഹത്തിനടുത്തേക്ക് നടന്നു. തിരക്കിലാണ്, അവള്‍ ശബ്ദമുണ്ടാക്കാതെ ഒരു കസേരയിലേക്ക് ചാരിയിരുന്നു.
'ആഹാ.. ഇന്നത്തെ സഞ്ചാരം കഴിഞ്ഞോ നിന്റെ'- ചിരിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.
അവള്‍ക്ക് വല്ലാതെ ദേഷ്യം വന്നു.
അവളത് മറച്ചു വയ്ക്കാതെ പറഞ്ഞു, 'പിന്നേ.., ചോദ്യം കേട്ടാല്‍ തോന്നും ഞാന്‍ ഈ നാട് മുഴുവനും ചുറ്റിക്കറങ്ങി വന്നിരിക്കുകയാണെന്ന്. ഇവിടിരിക്കാന്‍ തുടങ്ങിയിട്ട് അര മണിക്കൂറെങ്കിലും ആയിട്ടുണ്ടാകും.
അതെങ്ങനാ.. വേണ്ട , ഞാനൊന്നും പറയുന്നില്ല. പറഞ്ഞിട്ടും കാര്യമില്ല, അതെനിക്കറിയാം.'-അവള്‍ പറഞ്ഞു നിര്‍ത്തി.
ഇത്രയും പറഞ്ഞിട്ടും മറുപടി കേള്‍ക്കാതായപ്പോള്‍ എന്തുപറ്റി എന്ന ഭാവത്തില്‍ അവള്‍ അദ്ദേഹത്തെ നോക്കി. ദൂരേക്ക് നോക്കിയുള്ള ആ ഇരിപ്പ് കണ്ടപ്പോള്‍ എന്തോ കാര്യമുണ്ടെന്നു അവള്‍ക്ക് മനസ്സിലായി.
എന്താകുമത്?
സാധാരണ ഇങ്ങനെയൊക്കെ പറഞ്ഞാല്‍ ഒട്ടും താമസിക്കാതെ മറുപടി എത്തുന്നതാണ്. ഇപ്പോള്‍ എന്തുപറ്റി?
നിര്‍ബന്ധിച്ചു ചോദിച്ചാലും പറയില്ല. അദ്ദേഹത്തിന് പറയണം എന്ന് തോന്നിയാല്‍ മാത്രമേ പറയുള്ളു. അതവള്‍ക്ക് നന്നായറിയാം.
പറയട്ടെ. പറയാതിരിക്കില്ല.
അവള്‍ ഇരുമ്പു ഗേറ്റിന്റെ വിടവിലൂടെ പുറംകാഴ്ചയിലേക്ക് നോക്കിയിരുന്നു.
പ്രഭാതഭക്ഷണം കഴിഞ്ഞു ന്യൂസ്പേപ്പര്‍ കൈയ്യിലെടുത്തപ്പോഴാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്.
'അവിടുന്ന് പുറപ്പെടുമ്പോള്‍ ഞാന്‍ നിനക്ക് വാക്ക് തന്നതായിരുന്നു. ഒരാഴ്ച നിന്റെ കൂടെ അവിടെത്തന്നെ ഉണ്ടാകുമെന്ന്. പക്ഷേ..'
അദ്ദേഹം മുഴുമിപ്പിക്കാതെ നിര്‍ത്തി.
'എന്നാലും.. എത്ര ദിവസം ഉണ്ടാകും'-അവള്‍ താഴ്ന്ന ശബ്ദത്തില്‍ ചോദിച്ചു.
'അന്ന് തന്നെ പോകണം'-
'അന്നോ, അന്നുതന്നെയോ?'
അവളുടെ ശബ്ദം കരച്ചിലിന്റെ വാക്കോളമെത്തി നില്‍ക്കുന്നത് അയാള്‍ അറിയുന്നുണ്ടായിരുന്നു.
പിന്നീട് ഒന്നും മിണ്ടാതെ അവള്‍ മുറിയിലേക്ക് നടന്നു.
'നില്‍ക്കൂ, ഞാന്‍ പറയട്ടെ.'
അവള്‍ തിരിഞ്ഞ് അദ്ദേഹത്തെ നോക്കി.
'എന്നോടെന്താ ഇതുവരെ ഇത് പറയാതിരുന്നത്?'
'അല്ലല്ല, ഇന്ന് രാവിലെ ആണ് ഓഫീസില്‍ നിന്നും കണ്‍ഫമേഷന്‍ കിട്ടിയത്. കുറച്ചു മുന്‍പ് അവര്‍ ടിക്കറ്റും അയച്ചു തന്നിരിക്കുന്നു. നിനക്കറിയാമല്ലോ, ഞാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നില്ലേ, സിംഗപ്പൂരിലെ പുതിയ ഓഫീസിന്റെ ഉത്തരവാദിത്വം എന്നെ ഏല്‍പ്പിക്കാന്‍ സാധ്യത ഉണ്ടെന്ന്. ഒരു മാസമോ, ചിലപ്പോള്‍ കുറച്ചു കൂടിയോ അവിടെ നിന്നേ പറ്റു. അത് കഴിഞ്ഞ് വന്നും പോയും നില്‍ക്കാന്‍ പറ്റും. വലിയൊരു ഉത്തരവാദിത്വം ആണ് എനിക്ക് കിട്ടിയിരിക്കുന്നത്.'-അദ്ദേഹം പറഞ്ഞു നിര്‍ത്തി.
'അപ്പോള്‍ ഞാന്‍ ആ ഫ്‌ലാറ്റില്‍ വീണ്ടും ഒറ്റയ്ക്ക് തന്നെ. അല്ലേ.'
'അച്ഛനും മകള്‍ക്കും അവരവരുടേത് മാത്രമായ ലോകവും തിരക്കുകളും ഉണ്ട്.'
'ഉം, എനിക്ക് മനസ്സിലാക്കാനാകും, മകള്‍ പഠിക്കാനായി പോയതാണ്. അതവളുടെ ജീവിതത്തിന്റെ ആവശ്യം ആണ്.'
'ചിലപ്പോള്‍ അതെന്റേയും. കാരണം അവള്‍ സ്വന്തം ചിറകില്‍ സ്വാതന്ത്ര്യത്തോടെ പറന്നുയരുന്നത് കാണാന്‍ ആഗ്രഹമുണ്ടെനിക്ക്.'
'നിങ്ങള്‍ എന്നെ കുറിച്ച് ചിന്തിക്കാറുണ്ടോ?'
'ഉണ്ടുണ്ട്. അതെനിക്കറിയാം. അതുകൊണ്ടാണല്ലോ എന്നും ഒരുതവണ എങ്കിലും ഫോണില്‍ വിളിക്കുന്നത്. മാസത്തില്‍ അഞ്ചോ ആറോ ദിവസം അതില്‍ കൂടുതല്‍ വീട്ടില്‍ ഉണ്ടാകാറേ ഇല്ല. അല്ല.. വന്നാലും എപ്പോഴും ഫോണില്‍ തന്നെയല്ലേ. ജോലിയാത്രേ.. ജോലി. 'പക്ഷേ.. ആ വീട്ടിലെ എകാന്തതയില്‍ ഭ്രാന്തുപിടിക്കുന്ന എന്നേക്കുറിച്ച് എപ്പോഴെങ്കിലും നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?'
അയാളുടെ മറുപടിക്ക് കാത്തു നില്‍ക്കാതെ അവള്‍ പുറത്തേക്കിറങ്ങി.
പുറത്തെ നീളന്‍ വരാന്തയിലൂടെ നടക്കുമ്പോള്‍ ഈ വലിയ ലോകത്ത് ഒറ്റപ്പെട്ടു പോയതുപോലെ അവള്‍ക്ക് തോന്നി.
വെയില്‍ ചാഞ്ഞു തുടങ്ങിയിരിക്കുന്നു. ദൂരെ പച്ചപ്പ് നിറഞ്ഞ മലമടക്കുകളില്‍ കോടമഞ്ഞു പടര്‍ന്നു കഴിഞ്ഞു. ഇനി പതുക്കെ പതുക്കെ എല്ലായിടത്തേക്കും. ഈ തണുപ്പും മഞ്ഞും തനിക്കു അത്രമേല്‍ പ്രിയമുള്ളതാകുന്നതെന്താണ്? സത്യത്തില്‍, വരണ്ടു കിടക്കുന്ന ഭൂമിയിലേക്ക് പുതുമഴ പോലെയാണത്.
മന:പൂര്‍വമോ അല്ലാതെയോ കുഴിച്ചു മൂടപ്പെട്ട ഭൂതകാലത്തിന്റെ ബാക്കിപത്രം.
നിമിഷാര്‍ദ്ധം കൊണ്ടു മാഞ്ഞുപോകുന്നൊരു നിഴല്‍ചിത്രം കണക്കെ പല ഭാവങ്ങളും പല രൂപങ്ങളും കാറ്റിനൊത്ത് ചലിക്കുന്ന പുകമഞ്ഞില്‍ മിന്നിമായും പോലെ അവള്‍ക്ക് തോന്നി.
അവള്‍ വരാന്തയിലെ ചാരുകസേരയില്‍ പുറം കാഴ്ചകള്‍ നോക്കി ചാരിക്കിടന്നു.
നല്ല തിരക്കുണ്ട്. നിരനിരയായി ചെറിയ ചെറിയ കടകള്‍ ഇരു വശങ്ങളിലുമുണ്ട്. നിരത്തുകള്‍ കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഒരു വശത്തു വലിയൊരു കമാനം.
'ആവശ്യമുള്ളത് എന്താന്നു വച്ചാല്‍ എടുത്തോളൂ; അത്യാവശ്യമുള്ളത് മാത്രം'-അദ്ദേഹം ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു.
അവള്‍ തലകുലുക്കി.
അവിടെയുള്ള ആള്‍ക്കാര്‍ മറ്റേതോ ഭാഷ സംസാരിക്കും പോലെ അവള്‍ക്ക് തോന്നി. അവള്‍ മുന്നോട്ടു നടന്നു.
ഒരു കടയില്‍ നിറയെ കുപ്പിവളകള്‍. ആ കാഴ്ച അവളെ കുട്ടിക്കാലത്തിലേക്കു കൈപിടിച്ചു. കുപ്പിവളകള്‍ക്ക് മീതെ വിരലുകളോടിച്ചു കൊണ്ടു പുറകിലേക്ക് നോക്കി.
'എവിടെപ്പോയി കാണുന്നില്ലല്ലൊ? ഇത്ര നേരവും എന്റെ പുറകില്‍ തന്നെ ഉണ്ടായിരുന്നല്ലോ.'-അവള്‍ ചുറ്റിലും കണ്ണോടിച്ചു. അവിടെയെങ്ങും അവള്‍ അദ്ദേഹത്തെ കണ്ടില്ല.
'ഇവിടെ എവിടെയെങ്കിലും തന്നെ ഉണ്ടാകും. പക്ഷേ.. എവിടെ? അവള്‍ വീണ്ടും മുന്നോട്ടു പതുക്കെ നടന്നു.
കടകളുടെ നിര അവസാനിച്ചിരിക്കുന്നു. ഇരുവശത്തുമായി വലിയ കൂടകളില്‍ നിറയെ പല തരത്തിലുള്ള പച്ചക്കറികള്‍. അവര്‍ കൃഷി ചെയ്യുന്നതാണ് എല്ലാം. അവിടെ തിരക്ക് കുറച്ചു കൂടുതല്‍ ആണ്. അവരെയും പിന്നിട്ടു അവള്‍ മുന്നോട്ടു നടന്നു. അവിടമാകെ ചെറുതായി പുകമഞ്ഞു നിറഞ്ഞു തുടങ്ങിയിരിക്കുന്നു, കൂടെ തണുത്ത കാറ്റും.
അറിയാത്ത ഭാഷയില്‍ ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് ആരൊക്കെയോ നിരത്തിലൂടെ അവള്‍ക്കൊപ്പം നടക്കുന്നുണ്ട്. പക്ഷേ ആരൊക്കെയാണെന്ന് കൂടെ അറിയില്ല. അദ്ദേഹത്തെ അവിടെയെങ്ങും തിരഞ്ഞു കണ്ടുപിടിക്കാന്‍ അവള്‍ക്കായില്ല.
കാറ്റിനൊപ്പം ഒഴുകിയെത്തുന്ന, പൂക്കളുടെ മനസ്സ് മയക്കുന്നൊരു സുഗന്ധം അവിടമാകെ നിറഞ്ഞിട്ടുണ്ട്. പോകെപ്പോകെ മഞ്ഞിന്റെ കാഠിന്യം കൂടിവന്നു. മുന്നോട്ടുള്ള കാഴ്ചയും തടസപ്പെട്ടു. കൂടെ ഉണ്ടായിരുന്നവരും കാഴ്ചയില്‍ നിന്നും മറഞ്ഞു. അവരുടെ ശബ്ദം വിദൂരതയില്‍ എവിടെ നിന്നോ കേള്‍ക്കും പോലെ നേര്‍ത്തിരുന്നു.
വല്ലാത്തൊരു നിശബ്ദത ചുറ്റിലും നിറഞ്ഞു. ഹൃദയമിടിപ്പിന്റെ വേഗം കൂടുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു. വല്ലാത്തൊരു ഭയം അവളെ വരിഞ്ഞു മുറുക്കി. കാലുകള്‍ക്ക് ചലിക്കാനുമാകുന്നില്ല.
പക്ഷേ..
പതുക്കെ ഭയം വിട്ടൊഴിഞ്ഞ്, മറ്റേതോ ലോകത്ത് എത്തിപ്പെട്ട പോലെ. പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സന്തോഷം. ആരോ തന്റെ ചുറ്റിലും തന്നെ ചുറ്റി ഉള്ളത് പോലെ. എന്തു ചെയ്യണം എന്നറിയാനാകാത്ത ചില നിമിഷങ്ങള്‍.
ആ പുകമഞ്ഞും സുഗന്ധമുള്ള തണുത്ത കാറ്റും അവളെ ചുറ്റി വരിഞ്ഞു, അവളിലേക്ക് ആഴ്ന്നിറങ്ങും പോലെ. നിലത്തു നിന്നും അവളുടെ കാലുകള്‍ ഉയര്‍ന്നിരുന്നു, ആരോ ഉയര്‍ത്തിപ്പിടിച്ചത് പോലെ. തലയ്ക്കു മുകളിലൂടെ വലിയ ചിറകുള്ള വെളുത്ത പക്ഷികള്‍ അവളെ ചുറ്റി പറന്നകന്നു.
അവള്‍ കണ്ണുകള്‍ പതുക്കെ അടച്ചു.
തണുത്ത ഒരു കൈത്തലം അവളുടെ നെറ്റിയില്‍ തലോടി. അവള്‍ കണ്ണുകള്‍ തുറന്നു.
അദ്ദേഹമാണ്.
സുതാര്യമായ മേഘശകലങ്ങള്‍ കൊണ്ട് രണ്ടു പേര്‍ക്കുമിടയില്‍ തീര്‍ത്തും ദുര്‍ബലമായൊരു മതില്‍ സൃഷ്ടിക്കപ്പെട്ടത് പോലെ അവള്‍ക്ക് തോന്നി. കാല്‍പ്പാദങ്ങളിലൂടെ ചെറുപുല്ലിലെ മഞ്ഞിന്‍ കണങ്ങളുടെ തണുപ്പ് അരിച്ചു കയറി.
ചെറിയ കുസൃതി കലര്‍ന്നൊരു ചിരിയുണ്ട് ആ മുഖത്ത്.
'എവിടെപ്പോയിരുന്നു ഇത്ര നേരവും. ഞാന്‍ എവിടെയെല്ലാം നോക്കിയെന്നോ?'-പതിഞ്ഞ ശബ്ദത്തില്‍ അവള്‍ ചോദിച്ചു.
അവളുടെ ചോദ്യം കേട്ട് ആദ്യമൊന്നു പകച്ചെങ്കിലും പിന്നീട് അയാള്‍ പൊട്ടിച്ചിരിച്ചു.
'ഞാന്‍, ഇവിടെ നിന്റെ അടുത്തിരിക്കാന്‍ തുടങ്ങിയിട്ട് എത്ര നേരമായെന്നോ. എനിക്കപ്പോഴേ തോന്നി. നീ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.'
അവള്‍ ചുറ്റിലും നോക്കി. പിന്നെ നിശ്ശബ്ദമായി ചിരിച്ചു. പിന്നെ ജാള്യതയോടെ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റു അകത്തേക്ക് നടന്നു.
രണ്ട്
തുറന്നിട്ട നേര്‍ത്ത നീലവിരിയുള്ള ജാലകത്തിലൂടെ ചൂടൊട്ടുമില്ലാത്ത ഉച്ചവെളിച്ചം മുറിയിലാകെ നിറഞ്ഞിരിക്കുന്നു.
അവളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയാനാകാതെ അയാള്‍ നിന്നു.
ഈ ചോദ്യങ്ങള്‍ അയാള്‍ പ്രതീക്ഷിച്ചിരുന്നത് തന്നെ ആയിരുന്നു.
പക്ഷേ അതിനൊടുവില്‍ അവളില്‍ നിന്നും ഇങ്ങനെ ഒരു തീരുമാനം അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല.
നിശ്ശബ്ദനായി നില്‍ക്കുന്ന അയാള്‍ക്ക് മുന്നില്‍ ഉറച്ച സ്വരത്തില്‍ അവള്‍ തുടര്‍ന്നു.
'ഉയര്‍ച്ചയുടെ ഓരോ പടവുകള്‍ കയറുമ്പോഴും നഷ്ടമാകുന്ന പലതുമുണ്ട്. ശ്വാസം മുട്ടിക്കുന്ന ഒറ്റപ്പെടല്‍, അതു മാത്രമേ എനിക്ക് ബാക്കിയുള്ളൂ. എന്റെ ചിരി തീരെ മായ്ച്ചു കളയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ആ ചിരിക്ക് പിന്നില്‍ നീറുന്നൊരു ഹൃദയം കൂടി ഉണ്ട്. 'എന്നെ അങ്ങനെ തനിച്ചാക്കരുതെന്നു എത്രയോ തവണ...'
ഓരോന്നിനും അതിന്റേതായ സ്വതന്ത്രജീവിതമുണ്ട്. നിങ്ങള്‍ക്കുള്ളതുപോലെ എനിക്കുമുണ്ട്. ഉറങ്ങാന്‍ മറന്ന രാത്രികളും ഉണരാന്‍ മടിച്ച പകലുകളും. പിന്നെ തുറക്കാത്ത, ആകാശം കാണാനാകാത്ത ജനലുകളും. എന്നിലെ ഏകാന്തതയുടെ ബാക്കിപത്രങ്ങളായി മാറിയിരുന്നത് അറിഞ്ഞിരുന്നോ? അഥവാ അറിഞ്ഞു എന്നിരുന്നാലും അറിഞ്ഞതായി ഭാവിക്കുകയില്ല, അല്ലേ?'
അയാളുടെ കണ്ണുകളില്‍ കുറ്റബോധം നിഴലിക്കുന്നത് അവള്‍ കാണുന്നുണ്ടായിരുന്നു.
'എനിക്കറിയാം, അത് ബോധ്യമുള്ളതുകൊണ്ടാണ് വര്‍ഷത്തിലെ വെറും രണ്ടാഴ്ച മാത്രമുള്ള ഈ ഇടവേള, ഇവിടെ ഇങ്ങനെ, അല്ലേ..'- അവള്‍ ചിരിച്ചു കൊണ്ട് തുടര്‍ന്നു.
'ഞാന്‍ ഇവിടെ തന്നെ ഉണ്ടാവും. എനിക്കേറ്റവും പ്രിയമുള്ള ഇവിടെ. ഇവിടുന്ന് ഞാനിനി എങ്ങോട്ടുമില്ല. ഇത് എന്റെ തീരുമാനം ആണ്. ഞാന്‍ എനിക്ക് വേണ്ടി എടുക്കുന്ന ആദ്യത്തെ തീരുമാനം '
അവളുടെ ആ വാക്കുകളെ പ്രതിരോധിക്കാന്‍ അയാള്‍ക്ക് ആകുമായിരുന്നില്ല.
എല്ലാ തിരക്കുകളും കുടുംബത്തിന് വേണ്ടി മാറ്റിവച്ചു വീട്ടിലേക്കു ഒതുങ്ങിക്കൂടേണ്ടി വന്നവളാണ്.
അവളുടെ തീരുമാനത്തെ ബഹുമാനിക്കേണ്ടതുണ്ട്-അന്നേരം അയാള്‍ മനസ്സില്‍ ഓര്‍ത്തു.
'പക്ഷേ, ഇപ്പോള്‍ എനിക്കു വന്നു ചേര്‍ന്നിരിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്നും എനിക്ക് ഒഴിയാന്‍ ആവില്ല.
പക്ഷേ, എനിക്ക്...'-അയാള്‍ വാക്കുകള്‍ക്കായി പരതി.
'സാരമില്ലന്നേ, ഒരു കുഴപ്പവുമില്ല. ഇവിടെ ഞാന്‍ ഒറ്റക്കല്ലല്ലോ. സഹായത്തിനു ആള്‍ക്കാരുണ്ടല്ലോ. പിന്നെ എത്ര തിരക്കാണെങ്കിലും മുടങ്ങാതെ എനിക്കയക്കുന്ന ഗുഡ് മോണിംഗും ഗുഡ് നൈറ്റും പിന്നെ ഒരു ഫോണ്‍ കോളും, അതൊന്നും മുടക്കരുത്. അത്രേ ഉള്ളു എനിക്ക്'-അവള്‍ പറഞ്ഞു നിര്‍ത്തി.
അവളെ തന്നോട് ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ നിറഞ്ഞു വരുന്ന തന്റെ കണ്ണുകള്‍ അവള്‍ കാണാതിരിക്കാന്‍ അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...