Malayalam Short Story : ഭൂപടം നഷ്ടമായ രാജ്യം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Dec 1, 2022, 3:20 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. റഹീമ ശൈഖ് മുബാറക്ക് എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined


അതിരാവിലെ അയാള്‍ റബേക്കയെ ഉണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പ്രഹരമേറ്റ് ചത്തു പോയ ഈച്ചയെ പോലെയവള്‍ ചലനമറ്റ് കിടന്നു. ആ സമയം അയാള്‍ക്ക് അനുഭവപ്പെട്ട കടുത്ത രോഷം സ്വാഭാവികമാണ്. രാവിലെകളില്‍ അവള്‍ അയാളെ ഉണര്‍ത്തുകയും ചായ പാകം ചെയ്തു തരികയും, ബാത്റൂമിലേക്ക് ആവശ്യമുള്ള വസ്തുവകകള്‍ കൃത്യം പോലെ എത്തിക്കുകയും പതിവാണ്. കുളി കഴിഞ്ഞിറങ്ങുമ്പോള്‍ ധരിക്കാനുള്ള വസ്ത്രം മുതല്‍ ഷൂസ് വരെ വ്യക്തമായി അയാള്‍ക്ക് മുന്നില്‍ എത്തുമായിരുന്നു.

എന്നാല്‍ ഇന്ന് പതിവിന് വിപരീതമായി റബേക്ക ഉണരാന്‍ മടിക്കുന്നു.

വളരെ പതുക്കെ, വീണ്ടുമയാള്‍ അവളെ ഉണര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ തീവ്രദുഃഖത്തോടെ അവള്‍ മരിച്ചു കിടക്കുകയാണെന്ന് അയാള്‍ക്ക് തോന്നി.

ഒരു ഗവേഷകനെ പോലെ അയാള്‍ റബേക്കയുടെ മരണത്തിലേക്കുള്ള കാരണങ്ങളെ പരതികൊണ്ട് അടുക്കളയിലേക്ക് പ്രവേശിച്ചു. ചായക്ക് വേണ്ടി വെള്ളം തിളപ്പിക്കുമ്പോള്‍ ഒരു പടുകിഴവനെ പോലെ നിന്നയാള്‍ കിതച്ചു. റബേക്കയുടെ മരണം മക്കളെ ഉണര്‍ത്തി അവരെ അറിയിക്കുന്നതിനെ കുറിച്ച് ഓര്‍ക്കും തോറും ആ കിതപ്പ് കൂടി കൂടി വന്നു. ആദ്യത്തെ ചില്ല് പിഞ്ഞാണം നിലത്ത് വീണ് ഉടയുമ്പോള്‍ അയാള്‍
തലേന്ന് അവള്‍ പറഞ്ഞതോര്‍ക്കുകയായിരുന്നു.

'ഓര്‍മ്മയുണ്ടല്ലോ നാളെ കുട്ടികള്‍ക്ക് അവസാന പരീക്ഷയാണ്. തടസങ്ങള്‍ ഒന്നുമില്ലാതെ കുട്ടികള്‍ പരീക്ഷ എഴുതണം... ഓരോ പരീക്ഷ തലേന്നും എനിക്ക് ആധി കയറും. ഒരു പരീക്ഷ ദിവസം രാവിലെയാണ് എന്റെ അച്ഛന്‍ മരിക്കുന്നത്. ഞാന്‍ പരീക്ഷ എഴുതിയില്ല. പിന്നെ എന്തുകൊണ്ടോ ഞാന്‍ ഒരു പരീക്ഷയും എഴുതിയില്ല... '

ചപ്പാത്തിക്കുള്ള മാവ് ധൃതിയില്‍ കുഴച്ച് കൊണ്ടവള്‍ അയാളെ നോക്കി വളരെ ഗൗരവത്തില്‍ കൂട്ടിച്ചേര്‍ത്തു,

'കുഞ്ഞുങ്ങള്‍ടെ പരീക്ഷ തലേന്ന് നിങ്ങള്‍ മരിക്കരുത്. അഥവാ മരിച്ചാല്‍ മരിച്ച വിവരം ഞാന്‍ അവരോട് മറച്ചു വക്കും.. '

'അപ്പോള്‍ നീ മരിച്ചാല്‍ ഞാന്‍ എന്ത് വേണം.'

ഒട്ടും ശങ്കിക്കാതെ അയാള്‍ മറുചോദ്യം തൊടുത്തു.

'ഞാന്‍ മരിക്കുമോ..? എങ്കില്‍ നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കുറുമയും പൂരിയും സ്വയം പാകപ്പെടുത്തി നല്‍കണം. ഏറ്റവും ഇളയതിന് ഇളം ചൂട് വെള്ളവും മൂത്തവര്‍ക്ക് പച്ചവെള്ളവും കുളിമുറിയില്‍ കരുതണം. അവരെ വസ്ത്രങ്ങള്‍ കൃത്യം പോലെ ധരിപ്പിക്കുകയും വേണം. വസ്ത്രത്തില്‍ കുഞ്ഞുങ്ങളെ സംതൃപ്തരാക്കുന്ന ഗന്ധം തന്നെ പൂശണം. അങ്ങനെ എന്റെ മരണം ഒരു വിധത്തിലും മക്കളെ ബാധിക്കാതെ നിങ്ങള്‍ അവരെ പരീക്ഷക്ക് അയക്കണം.'

റബേക്കയില്ലാതാകുന്നൊരു പ്രഭാതം അയാളെ പ്രയാസത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. അവള്‍ക്ക് മാത്രം പരിചിതമായ ഒരു യുദ്ധഭൂമിയില്‍ അയാള്‍ പരിച നഷ്ടപ്പെട്ട പോരാളിയെ പോലെ നിന്നു.

പൂരിയും കുറുമയുമിപ്പോള്‍ അയാള്‍ക്ക് ഭൂപടം നഷ്ടപ്പെട്ട രാജ്യമാണ്. പാകപ്പെടാത്ത രുചിക്ക് മുന്നിലിരുന്ന് കുഞ്ഞുങ്ങള്‍ അമ്മയെ ഓര്‍ത്തു. എങ്കിലും അമ്മയെ കുറിച്ചവര്‍ ഒന്നും ചോദിച്ചില്ല. അമ്മ ഉണര്‍ന്നിരുന്നുവെങ്കില്‍ ഡൈനിങ്‌ടേബിളില്‍ അവര്‍ക്ക് അഭിമുഖമായി ഇരിക്കുകയും പരീക്ഷക്ക് വരാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു ചോദിക്കുകയും ചെയ്യുമായിരുന്നു. ഭക്ഷണം ആസ്വദിക്കാന്‍ കഴിയാത്ത വേദനക്കൊപ്പം ദഹിക്കാതെ പൂരി അവര്‍ക്കുള്ളില്‍ ശ്വാസംമുട്ടി കിടക്കും.

അമ്മ ഉറങ്ങുമ്പോള്‍ ഭക്ഷണത്തിന് അപരിചിത രുചിയാണ് എങ്കിലും പൊടുന്നനെ വരുന്ന ചോദ്യങ്ങളില്‍ നിന്നും അവര്‍ക്ക് മോചനം ലഭിച്ചിരിക്കുന്നു.

അമ്മ ഏതെങ്കിലും രോഗാവസ്ഥയില്‍ ആയിരിക്കുമെന്ന് മക്കള്‍ വിശ്വസിക്കുന്നുണ്ട്. അല്ലെങ്കില്‍ അവര്‍ക്ക് അവരുടെ പരീക്ഷ ദിനത്തില്‍ സ്വസ്ഥമായി ഉറങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

എങ്കില്‍ രോഗാവസ്ഥ അവരുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് ഇന്ന് അവര്‍ക്കിഷ്ടമുള്ള മൂവി കാണാനും, സംഗിതം കേള്‍ക്കാനും, വീഡിയോ ഗെയിം കളിക്കാനും സാധിക്കും.

യൂണിഫോമില്‍ ചുളിവുകള്‍ ഉണ്ട്. ടിഫിന്‍ബോക്‌സുകള്‍ പരസപരം മാറി പോയിട്ടുണ്ട്. വാട്ടര്‍ബോട്ടിലില്‍ വെള്ളത്തിന് പതിവിലും ചൂട് തോന്നുന്നുണ്ട്. അമ്മയില്ലാത്ത അവസ്ഥകള്‍ക്ക് മുഴുവന്‍ മാറ്റങ്ങളുണ്ട്. എങ്കിലും അമ്മയില്ലാത്ത അവസ്ഥയില്‍ സ്വാതന്ത്ര്യമുണ്ട്.

കുട്ടികളെ സ്‌കൂള്‍ ബസില്‍ കയറ്റിവിടുമ്പോഴും, പൂര്‍ണ്ണമല്ലാത്ത ഏതോ പ്രവര്‍ത്തനം ചെയ്തത് പോലെ അയാള്‍ക്ക് അനുഭവപ്പെട്ടു. അവര്‍ക്ക് ഭക്ഷണം നല്‍കിയോ? വെള്ളം..? അവര്‍ ബാഗില്‍ അവശ്യവസ്തുക്കള്‍ കരുതിയിരുന്നോ അങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍ അയാള്‍ സ്വയം ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു.

വീണ്ടും അടുക്കളയിലേക്ക് പ്രവേശിക്കാന്‍ അയാള്‍ക്ക് തീരുമാനിക്കേണ്ടി വരുന്നത്, മരണവീട്ടിലേക്ക് വരുന്ന ദുഃഖഭരിതരായ ആളുകളെ ഓര്‍ക്കുമ്പോഴാണ്. റബേക്ക വളരെ മനോഹരമായി അവളുടെ അടുക്കള ഒരുക്കി വെക്കാറുണ്ട്. അവിടെയൊരിക്കലും അടുക്കും ചിട്ടയുമില്ലാതെ പാത്രങ്ങള്‍ നിരന്നു കിടക്കാറില്ല. റബേക്കക്ക് എന്നും അതിഥികള്‍ കുറവായിരുന്നു. അതുകൊണ്ട് തന്നെ അവളുടെ സുന്ദരമായ അടുക്കളക്ക് കാഴ്ചക്കാരുമുണ്ടായിരുന്നില്ല. പക്ഷേ അവളുടെ മരണം കാണന്‍ വരുന്ന സ്ത്രീകള്‍ ഇന്ന് അവളുടെ അടുക്കളയില്‍ കുറ്റവും കുറവും ചികയരുത്. അയാള്‍ക്കത് നിര്‍ബന്ധമുണ്ടായിരുന്നു. അടുക്കള പഴയപടിയാക്കുന്ന തിരക്കിനിടയില്‍ വീണ്ടും രണ്ടോ മൂന്നോ ചില്ല് പാത്രങ്ങള്‍ വീണ് ഉടഞ്ഞതില്‍ അയാള്‍ തീര്‍ത്തും നിരാശനായി.

വീണ്ടുമയാള്‍ മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ റബേക്ക ശാന്തമായ കിടപ്പ് തുടരുന്നു. മുറിയിലേക്ക് പ്രഭാതം ശക്തമായി വന്നു പതിച്ചു കൊണ്ടിരുന്നു. ജനാലയുടെ കര്‍ട്ടനുകള്‍ അയാള്‍ വലിച്ചിട്ടു. ആ സമയം റബേക്ക സ്‌നേഹത്തോടെ വളര്‍ത്തി കൊണ്ടുവന്ന അവളുടെ ഫ്‌ളവര്‍ ബോട്ടിലും താഴെ വീണ് ചിന്നി ചിതറി.

അക്ഷമയായി കൊണ്ട് റബേക്ക കട്ടിലില്‍ എഴുന്നേറ്റ് ഇരുന്നു.

'ഞാന്‍ മരിച്ചാല്‍ നിങ്ങള്‍ ആ വിവരം മക്കളെ അറിയിക്കാതെ അവരെ പരീക്ഷക്കയക്കും സമ്മതിച്ചു, പക്ഷേ നിങ്ങള്‍ എന്റെ കുപ്പി പാത്രങ്ങള്‍ മുഴുവന്‍ പൊട്ടിച്ചു തീര്‍ക്കുമല്ലോ..'

തെല്ല് നേരം അത്ഭുതത്തോടെയും തൊട്ടടുത്ത നിമിഷം അത്യാഹ്ലാദത്തോടെയും അയാള്‍ അവളെ നോക്കി.. ശേഷം അവളുടെ അരികില്‍ ചേര്‍ന്നിരുന്നുകൊണ്ട് ചോദിച്ചു,

'നീ എന്തിനാണ് ശ്വാസം അടക്കി പിടിച്ചു കിടന്നത്...?'

'നിങ്ങള്‍ എന്തിനാണ്,. നീ മരിച്ചാല്‍ എന്ത് ചെയ്യണമെന്ന് ചോദിച്ചത്..' -അവള്‍ പതിഞ്ഞ സ്വരത്തില്‍ മറുപടി പറഞ്ഞു.

'അതിന്..?'

'അങ്ങനെ ചോദിക്കാമോ...?'

'നീ എന്നോട് ചോദിച്ചല്ലോ.. '

'ഞങ്ങള്‍ പെണ്ണുങ്ങള്‍ അങ്ങനെ പലതും ചോദിക്കും, പക്ഷേ നിങ്ങള്‍ ആണുങ്ങള്‍ തിരിച്ചു ചോദിക്കരുത്..'

'ചോദിച്ചാല്‍...? '

'ഭൂപടം നഷ്ടമാകും.... ചില്ല് പാത്രങ്ങളും.. '

സ്വസ്ഥത നിറഞ്ഞ മനസോടെ അയാള്‍ ചിരിച്ചു. അവളും ചിരിച്ചു, ശേഷം എഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!