Malayalam Short Story| ഡിനോസര്‍ യക്ഷി, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കഥ

By Chilla Lit Space  |  First Published Nov 17, 2021, 7:30 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന്  റഹീമ ശൈഖ് മുബാറക്ക് എഴുതിയ കഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

ആത്മഹത്യ ചെയ്യണമെന്ന വ്യക്തമായ തീരുമാനങ്ങളെടുത്ത ജീവിതത്തിലെ ചില ഘട്ടങ്ങള്‍. ഇടക്കിടെ സ്വയം ആവര്‍ത്തിച്ച ചോദ്യങ്ങള്‍.....

'നീ എങ്ങനെയാണ് ആ സന്ദര്‍ഭങ്ങളെ അതിജീവിച്ചത്..?'

അതേ, ആ നിമിഷങ്ങളെ വിസ്മരിക്കുകയും മുന്നോട്ടുള്ള ജീവിതത്തിന്റെ അവ്യക്തമായ നാളുകളിലേക്കായി ജീവന്‍ നിലനിര്‍ത്തുകയും ചെയ്ത എന്നിലെ എന്നെ ഞാന്‍ അഭിമാനപൂര്‍വ്വം ഹൃദയത്തോട് ചേര്‍ക്കുന്നു.

ഇത്രയും എഴുതാമെങ്കില്‍, ആ സന്ദര്‍ഭങ്ങളെഴുതാന്‍ ഞാന്‍ പതറുന്നില്ല. ഒട്ടും പതറാതെ അനുഭവിച്ചവയില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ജീവിതനുഭവങ്ങളുടെ പാഠപുസ്തകത്തെ കുറിച്ച് വാചാലരാകുന്നതില്‍ എന്തര്‍ത്ഥമാണ് ഉള്ളത്.

ജീവിതം ചിലപ്പോഴൊക്കെ ഒരുപാട് ചോദ്യങ്ങള്‍ അവശേഷിപ്പിച്ചിരുന്ന ഫ്ളാഷ്ബാക്കായി മുന്നില്‍ തെളിയും. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള അങ്ങനെയൊരു ഫ്ളാഷ്ബാക്കിലേക്കാണ് ഞാന്‍ നിങ്ങളുമായി ഒരു മടക്കയാത്ര ആഗ്രഹിക്കുന്നത്.

ഒരു സന്ധ്യാ നേരം.

അയല്‍വീട്ടിലെ രാമരാമ പാഹിമ കേള്‍ക്കാനുണ്ട്.

അടച്ചിട്ട മുറിയില്‍ ഉമ്മ നിസ്‌ക്കരിക്കുന്നു.

വാതില്‍ പഴുതിലൂടെ നോക്കുമ്പോള്‍ നിസ്‌ക്കാരം തീരാന്‍ ഇനിയും സമയമുണ്ടെന്ന് വ്യക്തം. 

സഹോദരിമാര്‍, ഒരു ഉപകാരത്തിന് വേണ്ടിയിട്ടല്ലെങ്കിലും ആര്‍ക്കും ഉപദ്രവമുണ്ടാക്കതെ പഠിച്ചുക്കൊണ്ടിരിക്കുന്നു.

കുറച്ച് മുന്‍പേ, അതായത് സൂര്യന്‍ ജോലി കഴിഞ്ഞ് പോകും മുന്‍പേ തൊടിയില്‍ പന്തലിട്ട മുല്ലപ്പൂ മൊട്ടുകള്‍ എന്നെ കൊതിപ്പിച്ചതാണ്. ആ നേരം അതു വഴിയേ പാത്തും പതുങ്ങിയും നിന്ന എനിക്ക് ധാരാളം ഉപദേശങ്ങള്‍ ഏറ്റു വാങ്ങേണ്ടി വരികയും ചുറ്റുപാടിന്റെ സമ്മര്‍ദ്ദം എന്നെ വീടിനകം തള്ളി കയറ്റുകയും ചെയ്തിരുന്നു. ചുറ്റുപാടിന്റെ സമ്മര്‍ദ്ദം എന്ന് പറയുമ്പോള്‍ ചിലതൊക്കെ പെണ്‍കുട്ടികള്‍ക്ക് മാത്രം നീക്കിയിരിപ്പുള്ള വസ്തുവകകളാണെന്ന കാര്യത്തില്‍ ഞാന്‍ പലപ്പോഴും പ്രതികരിക്കാന്‍ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്.

സാഹചര്യം ഒത്ത് വന്നപ്പോള്‍ ഞാനത് മുതലാക്കന്‍ ശ്രമിക്കുകയായിരുന്നു.

സായം സന്ധ്യയുടെ ചുമന്ന വെട്ടം മാത്രം കൂട്ടുള്ള സന്ധ്യ നേരം.

ഓരോ മുല്ല മൊട്ടുകളും ഞാന്‍ സസൂക്ഷ്മം പറിക്കുന്നു. കൂട്ടത്തില്‍ മോട്ടര്‍ മുല്ലയിലേക്കും, ഇടയില്‍ കനകമരത്തിന്റെ ഭംഗിയിലേക്കും കൈകള്‍ മാറി മാറി സഞ്ചരിച്ച് കൊണ്ടേയിരുന്നു. ഓരോ പൂക്കള്‍ ഇറുത്ത് കൂടയിലേക്കിടുമ്പോഴും തല നിറച്ചും മുല്ലപ്പൂവണിഞ്ഞ എന്നെ കുറിച്ചുള്ള ചിന്തകളില്‍ സംതൃപ്തയായിരിക്കുന്ന എനിക്ക് സന്ധ്യ കഴിഞ്ഞ നേരത്ത് പൂക്കള്‍ ഇറുക്കരുതെന്നൊരു ഉപദേശം അയലോക്കത്തെ വല്യമ്മ മുള്ള് വേലിക്കിടയിലൂടെ തല നീട്ടി ഉച്ചത്തില്‍ തന്നു.

'അതെന്തേ...?'

'പൂക്കള്‍ടെ വാസന യക്ഷികളെ ആകര്‍ഷിക്കും..'

വേലിക്കകത്ത് നിന്നും തല പിന്നോട്ട് വലിച്ച് വല്യമ്മ രംഗം കാലിയാക്കി

യക്ഷി എന്ന് പറയുമ്പോ, ഭാര്‍ഗവി നിലയത്തില്‍ സുല്‍ത്താനൊപ്പം സുഖസുന്ദരമായ സൗഹൃദം കൊണ്ട് നടന്ന പൂത്തിരികൊച്ചമ്മയെ പോലെ ഒരുത്തി.

വെറും പാവങ്ങള്‍! ഞാന്‍ ആശ്വസിച്ചു. അഥവാ ഈ സമയം ഒരു യക്ഷി രംഗപ്രവേശനം നടത്തിയാല്‍ ഞാനെന്ത് ചെയ്യും. എന്ത് ചെയ്യാന്‍, കൂടയിലുള്ള പൂക്കളില്‍ പാതിയും അവള്‍ക്ക് കൊടുത്ത് അവളെ സന്തോഷത്തോടെ യാത്രയാക്കും. വീണ്ടും ഒരു കൂടിക്കാഴ്ചയുണ്ടാകില്ലെന്ന കരാറോട് കൂടി.

പക്ഷേ യക്ഷികള്‍ പൂക്കളേക്കാള്‍ മനുഷ്യരുടെ രക്തം ഇഷ്ടപ്പെടുന്നു. അവള്‍ എന്റെ പക്കല്‍ നിന്നും രക്തം ചോദിച്ചാല്‍ ഞാന്‍ എവിടെ നിന്നെടുത്ത് കൊടുക്കും. അല്ലെങ്കിലും എന്റെ ആരോഗ്യകാര്യത്തിലുള്ള ശോചനീയാവസ്ഥ മുന്‍നിര്‍ത്തി ബൂസ്റ്റ് ഹോര്‍ലിക്‌സ്, ബദാം, അണ്ടിപ്പരിപ്പ്, ഈന്തപ്പഴം തുടങ്ങിയ പോഷകാഹാരങ്ങള്‍ സമയമസമയത്തിന് എന്നിലേക്ക് തള്ളിക്കേറ്റുന്നതിന് വീട്ടുകാര്‍ സ്വന്തമായി ബജറ്റ് വരെ ക്രമീകരിച്ചിട്ടുണ്ട്.

ഇങ്ങനെയൊരു ആരോഗ്യസ്ഥിതിയില്‍ നിന്നുകൊണ്ട് യക്ഷിക്ക് രക്തദാനം നടത്തുകയെന്നത് എന്നെ സംബന്ധിച്ച് അപ്രാപ്യമായ ഒന്നാണ്.

അങ്ങനെ യക്ഷിയുടെ ആഗമനത്തെ കുറിച്ച് വിദഗ്ദ്ധമായ ചിന്തകളില്‍ മുഴുകികൊണ്ട് ഞാന്‍ പൂക്കള്‍ ഇറുക്കുന്ന സമയത്താണ് പൊടുന്നനെയത് സംഭവിച്ചത്.

കനകാമരച്ചെടികളുടെ ഇടയില്‍ നിന്നും അവള്‍ എന്റെ അരികിലേക്ക് പാഞ്ഞു വരികയും കഴുത്ത് ലക്ഷ്യമാക്കി ചാടുകയും ചെയ്തു. സംഭവിക്കുന്നതിനെ കുറിച്ച് ഒരു വ്യക്തത കൈവരിക്കും മുന്‍പ് അവള്‍ എന്റെ കഴുത്തില്‍ മുറുകെ പിടിച്ചു കഴിഞ്ഞിരുന്നു.

അവള്‍ ഒരു യക്ഷിയാണോ...?

അവള്‍ക്ക് ആവശ്യം എന്റെ രക്തമാണോ...?

യക്ഷികള്‍ക്ക് പലവക രൂപം സ്വീകരിക്കാന്‍ കഴിയും. ഇവിടെ യക്ഷി ഒരു ഓന്തിന്റെ രൂപം സ്വീകരിച്ചിരിക്കുകയാണോ? 

'പ്രിയപ്പെട്ട ദൈവമേ...ഇങ്ങനെയൊരു അവസ്ഥയില്‍ ജീവിതം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.. '

ഞാന്‍ പ്രാര്‍ത്ഥിച്ചു.

ആ നിമിഷത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വീടിനുള്ളില്‍ നടന്ന ഒരു ചര്‍ച്ചയിലേക്ക് എന്റെ ചിന്തകള്‍ അതിവേഗം സഞ്ചരിച്ചു.

ഒരു പച്ചോന്ത് വീടിന് ചുറ്റും കിടന്ന് കറങ്ങുന്നതിനെ സംബന്ധിച്ചായിരുന്നു അത്. വലിപ്പോം വണ്ണോമുള്ള ഒരു പച്ചോന്തിനെ കുറിച്ച്, സഹോദരിമാരുടെ അഭിപ്രായത്തില്‍ അതൊരു ദിനോസര്‍ കുഞ്ഞായിരുന്നു.

ദൈവമേ... സത്യം വെളിപ്പെട്ടിരിക്കുന്നു. യക്ഷികള്‍ക്ക് മുന്‍പേ ഓന്തുകള്‍ സഞ്ചരിക്കുന്നു. അസ്തമയത്തിന്റെ താഴ്വരയില്‍ പൂവിറുക്കാന്‍ പോയ സഹോദരിമാര്‍ കണ്ടുമുട്ടിയ ആ വലിപ്പോം വണ്ണോമുള്ള ഓന്തെന്റെ കഴുത്തില്‍ അമര്‍ന്നിരുന്ന് കഴിഞ്ഞിരിക്കുന്നു.

അലറി വിളിക്കാന്‍ ഞാന്‍ കൊതിച്ചു പോയി.

പക്ഷേ, എന്തെങ്കിലും തരത്തില്‍ ശബ്ദകോലാഹലങ്ങള്‍ എന്നില്‍ നിന്നും പുറപ്പെട്ടാല്‍ ഓന്ത് എന്റെ മുഖത്തേക്ക് ചാടും.

കണ്ണുകളടച്ച് നിമിഷനേരങ്ങള്‍ അതെ നില്‍പ്പ് ഞാന്‍ തുടര്‍ന്നു.

എപ്പോഴായിരുന്നോ എന്തോ, ഏതോ നേരം ഓന്ത് എന്റടുത്തീന്ന് ചാടിയോടി ചെടികള്‍ക്കിടയിലൂടെ മറഞ്ഞു. പിന്നീട് എന്നില്‍ നിന്നും ഉയര്‍ന്നത് വീടും പരിസരപ്രദേശങ്ങളും അന്നുവരേയും കേട്ടിട്ടില്ലാത്ത നിലവിളിയും അലര്‍ച്ചയുമായിരുന്നു.


'ഇപ്പോ ഞാന്‍ കിണറ്റീ ചാടും.'

മരിച്ച് ഒരു യക്ഷിയായാലും വേണ്ടില്ല എനിക്ക് മരിക്കണം. ആ ദിവസം ആ രാത്രി എന്നിലൂടെ കടന്നുപോയത് ആത്മഹത്യാ പ്രേരണയുടെ മുള്‍മുനയിലൂടെയായിരുന്നു.

പിന്നീട്,ഓന്തിനോടുള്ള വെറുപ്പ് മറന്നുതുടങ്ങിയ നാളുകളില്‍ ഒന്നില്‍ പുസ്തകവും വായനയുമായി ജനലോരത്തിരുന്ന എന്റെ കൈകളില്‍ വന്ന് നക്കിയിട്ടോടി ഒരു അരണ. അരണ കടിച്ചാല്‍ ഉടനെ മരണമെന്ന് പണ്ടുള്ളോര് പറഞ്ഞതോര്‍ത്തു.

'എന്തിനാടാ യ്യ് ന്നെ നക്കിയേ കടിച്ച് കൊല്ലരുതാര്‍ന്നോ...?'

അന്നും, ഞാന്‍ ഏറെ നേരവും ചിന്തിച്ചത് ആത്മഹത്യയെക്കുറിച്ച് മാത്രം.

പിന്നൊരിക്കല്‍, ആനേടെ വലിപ്പമുള്ള ഒരു വണ്ട് എന്റെ ചെവി വഴി എങ്ങോട്ടോ യാത്ര പോകുകയും ഉറക്കത്തിലായിരുന്ന ഞാന്‍ അവനെ ഉന്തിത്തള്ളി ചെവിക്കകത്തേക്ക് തള്ളിക്കയറ്റുകയും ചെയ്തു. മറ്റൊരു ദിവസം ഒരു കാര്യത്തിനുമല്ലാതെ, നിരുപദ്രവകാരിയായ എന്റെ കാലില്‍ വലിഞ്ഞ് കയറി കടിച്ചു മാനസികരോഗിയായ പൂച്ച. 

എന്തൊക്കെയായാലും പല്ലി ചെയ്തു കൂട്ടിയത്രേം ദ്രോഹങ്ങളൊന്നും മറ്റൊരു ജന്തുവും എന്നോട് ചെയ്തിട്ടില്ല.

എങ്കിലും പതറിയില്ല എല്ലാം സഹിക്കുകയും ക്ഷമയോടെ ജീവിതം മുന്നോട്ട് കൊണ്ടുവരികയും ചെയ്തു. ബ്ലഡി ഭൂമിയുടെ അവകാശികളായ ഇതര ജീവികള്‍, അവര്‍ ഓര്‍ക്കാത്തതെന്താണ് ഞാനും ഈ ഭൂമിയുടെ അവകാശിയാണെന്ന്.
 

click me!