ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ആര്‍ നന്ദിതാ കുറുപ്പ് എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
ഉച്ച വെയിലിനു ചൂടു കഠിനമായിരുന്നു. കുട എടുക്കുവാന്‍ മറന്നവരൊക്കെ മരച്ചുവടുകളില്‍ ചേക്കേറി. അങ്ങിങ്ങായി നിന്നവരെ തടുത്തു കൂട്ടാനായി പ്ലാസ്റ്റിക് കസേരകള്‍ എല്ലാം എടുത്തു പുറത്തിട്ട് ഒരു യോഗം കൂടാനുള്ള സന്നാഹം ഒരുക്കിയത് കപ്യാര്‍ ആയിരുന്നു. പുതിയ ഹാളിന്റെ പണി നടക്കുന്നതിനാല്‍ മാത്രമാണ് എല്ലാവരും അക്ഷമ കാട്ടാതെ രണ്ടു പക്ഷമായി ചേരിതിരിഞ്ഞ് ഇരുന്നത്. ഏതു പക്ഷത്തിനൊപ്പം നില്‍ക്കണമെന്ന് കപ്യാര്‍ക്ക് വലിയ ധാരണ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഒരു പക്ഷത്തെയും പിണക്കണ്ട എന്ന് ചിന്തിച്ചു നിഷ്പക്ഷനായി അഭിനയിച്ചു.
ചര്‍ച്ചയ്ക്ക് ആധാരമായ സംഭവം അറിയാന്‍ മൂന്നു ദിവസങ്ങള്‍ പിറകിലേക്ക് സഞ്ചരിക്കണം. കള്ള് കൂട്ടത്തിന്റെ അന്നത്തെ അജണ്ടകളെല്ലാം പൂര്‍ത്തീകരിച്ച് നിലത്തുറക്കാത്ത കാലുകളുമായി, മനസ്സിനെ നിര്‍ബന്ധിച്ച് വീട്ടിലേക്ക് കൊണ്ട് പൊയ്‌ക്കൊണ്ടിരുന്ന അപ്പായി സെമിത്തേരിയുടെ അടുക്കല്‍ എത്തിയപ്പോള്‍ ഒന്നു നിന്നു. നേതാവ് നിന്നതുകൊണ്ട് അണികളും നിന്നു. ജോണ്‍ സാമുവല്‍ എന്ന പേരു കൊത്തിയ കല്ലറയുടെ മുകളില്‍ ചമ്രം പടഞ്ഞിരുന്ന് കാലിഗ്ലാസുകള്‍ നിറക്കുന്നവനെ കണ്ടു അപ്പായി കലിതുള്ളി.
'അപ്പന്റെ നെഞ്ചത്തിരുന്നാണോടാ..?'
ദേഷ്യത്തില്‍ ചോദിച്ച് അവരുടെ അടുക്കലേക്ക് ഓടിയെത്തി അയാള്‍ രണ്ടു പൊട്ടിച്ചു. ഒന്നും മനസ്സിലാകാതെ ഒരുവന്‍ മിഴിച്ചു നിന്നു.
കള്ളിന്റെ കെട്ട് ഇറങ്ങിയത് പിറ്റേന്ന് ആയിരുന്നെങ്കിലും അപ്പായിയുടെ ഓര്‍മ്മയ്ക്ക് ഒരു ക്ഷതവും ഉണ്ടായിരുന്നില്ല. അയാള്‍ ആ രംഗം മനസ്സിലിട്ടുരുട്ടി കുറേനേരം ഇരുന്നു. അപ്പായിയുടെ അപ്പനായിരുന്നു ജോണ്‍. പുറമേ സ്‌നേഹമുള്ള മകന്‍ ആയിരുന്നു എങ്കിലും ഉള്ളാലേ അപ്പായിക്ക് അയാളെ അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല.
സെമിത്തേരിയുടെ മേലുള്ള ഈ കടന്നുകയറ്റം അവസാനിപ്പിക്കണം എന്നുറച്ച് അയാളാണ് ഈ വിഷയം ആദ്യം അച്ചനു മുന്നില്‍ അവതരിപ്പിച്ചത്. ധൈര്യമായി ഒരു കാര്യവും അവതരിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത ചെറുപ്പക്കാരനായ വികാരിയുടെ ഒരു തീരുമാനവും ഇടവകയിലെ ഒരു കുടുംബാംഗവും മനസ്സാ അംഗീകരിച്ചിരുന്നില്ല.
സെമിത്തേരിക്ക് ഒരു കാവല്‍ക്കാരന്‍ കൂടിയേ തീരൂ എന്ന് അപ്പായി അച്ചനോട് വാദിച്ചു.
ചത്തുപോയവരെ പൊക്കിക്കൊണ്ടു പോകുന്നെങ്കില്‍ അങ്ങ് പോട്ടെ എന്ന് ഒരു കൂട്ടം പ്രായം ചെന്നവര്‍ വാദിച്ചു.
കാലശേഷം എങ്കിലും കുറച്ചു മനസ്സമാധാനം പ്രതീക്ഷിച്ചുകൊണ്ടായിരിക്കാം അങ്ങനെ അവര്‍ പറഞ്ഞതെന്ന് അച്ഛനു തോന്നി. 'ഒരു സെക്യൂരിറ്റിയുടെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല'- വികാരി ചെറുശബ്ദത്തില്‍ പറഞ്ഞു.
ഒറ്റച്ചാട്ടത്തിനെഴുന്നേറ്റ അപ്പായി വികാരിയോട് പരുഷമായി പ്രതികരിച്ചു. ''എന്റെ അപ്പന്റെ നെഞ്ചത്ത് ഇരിക്കാന്‍ ഞാന്‍ ഒരുത്തനും അധികാരം കൊടുത്തിട്ടില്ല.''
ബഹളംകേട്ട് കുഴിയില്‍ നിന്നും വടിയുമേന്തി വന്ന ജോണ്‍ മകന്റെ സ്‌നേഹം കണ്ടു നെടുവീര്‍പ്പിട്ടു. ജീവനുള്ളപ്പോള്‍ അപ്പായി നെഞ്ചിലിരുന്ന് കഴുത്തില്‍ അമര്‍ത്തിപ്പിടിച്ചതിന്റെ പിടച്ചില്‍ ഒന്ന് തല വഴി ഓടി പോയി. പിന്നെ, ആവശ്യമില്ലാത്ത സംഗതിയെ ചൊല്ലി ആണല്ലോ ബഹളം എന്ന് ഓര്‍ത്ത് മിണ്ടാതെ വന്ന് കുഴിയില്‍ കിടന്നു.
'സെമിത്തേരിക്ക് കാവല്‍ നില്‍ക്കാനുള്ള മനക്കട്ടി ഉള്ള ഒരാള്‍ ഈ ഇടവകയിലുണ്ടെന്ന് തോന്നുന്നില്ല.' ആന്‍ജിയോഗ്രാം കഴിഞ്ഞിരിക്കുന്ന, ശുഭാപ്തിവിശ്വാസം തീരെ കുറവുള്ള സാമുവല്‍ നെടുവീര്‍പ്പിട്ടു. ചില വൃദ്ധന്മാര്‍ അയാളെ നിഗൂഢമായി ഒന്ന് നോക്കി ചിരിച്ചു. അവര്‍ എന്തോ ഒരു സന്ദേശം കൈമാറി.
അന്നേരം, ഏറ്റവും പിറകിലായി ഇരുന്ന വിക്തോര്‍ സമ്മത ഭാവത്തില്‍ കയ്യുയര്‍ത്തി.
എല്ലാവരും ആ ധീരനെ നോക്കി.
വിക്തോര്‍ മുടി ഒതുക്കിവെച്ച് ആരെയും ശ്രദ്ധിക്കാതെ വികാരിയുടെ അടുക്കലേക്ക് നടന്നു. സന്നദ്ധനായി ഒരാള്‍ വരുന്നത് കണ്ടു അപ്പായിക്ക് സന്തോഷമായി. അയാള്‍ ഗര്‍വ്വോടെ മുണ്ടിന്റെ കോന്തലയില്‍ പിടിച്ച്, എതിര്‍ത്തവരെ ഒന്ന് പുച്ഛിച്ചു നോക്കി. സെമിത്തേരിയുടെ പുതിയ രക്ഷകന് കൊടുക്കാന്‍ പള്ളിയുടെ പണം തരാന്‍ കഴിയില്ലെന്ന് ഒരു ഭാഗം തീര്‍ത്തും പറഞ്ഞു. അതിനും അപ്പായിയുടെ അടുക്കല്‍ പോംവഴി ഉണ്ടായിരുന്നു.
' ഞാന്‍ കൊടുക്കാം അതിന് ആരുടെയും പിച്ച പൈസ ആവശ്യമില്ല'
വിക്തോറിന്റെ ചെമ്പിച്ച തലമുടിയില്‍ സൂര്യപ്രകാശം അടിച്ചപ്പോള്‍ അതൊരു സ്വര്‍ണ്ണ തലയായി മാറി.
വേദപാഠം അധ്യാപികയായ അഡേല അപ്പോഴാണ് വിക്‌തോര്‍ എല്ലാവരുടെയും മുന്നില്‍ കാഴ്ച വസ്തുവിനെ പോലെ നില്‍ക്കുന്നത് കണ്ടത്.
ഒടുവില്‍ ആ ഒരു തീരുമാനത്തില്‍ എല്ലാവരും മുറുമുറുപ്പോടെ പിരിഞ്ഞു.
'എന്തായിരുന്നവിടെ..?'
അഡേല അപ്പനായ വിക്തോറിനോട് ചോദിച്ചു.
'നിന്റെ അമ്മച്ചിക്കും കൂട്ടാളികള്‍ക്കും ഒരു രക്ഷകനെ വേണമെന്ന്, ഞാനാകാമെന്ന് അങ്ങ് ഏറ്റു'- അവള്‍ അയാളെ മനസ്സിലാകാതെ നോക്കി.
നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ ആണ് ജൂലിയറ്റ് മരിക്കുന്നത്. അന്ന് മുതല്‍ ഇന്ന് വരെ അയാള്‍ മനസ്സുതുറന്ന് ചിരിച്ചിട്ടില്ല.
രണ്ട്
വിക്തോറിന്റെ മഞ്ഞ പടര്‍ന്ന കണ്ണുകള്‍ ആദ്യം പരതിയത് ജൂലിയറ്റിന്റെ കല്ലറ ആയിരുന്നു. ആറു കല്ലറകള്‍ക്ക് അപ്പുറമായിരുന്നു അത്. വിക്തോറിനെ നോക്കി കുഴിഞ്ഞ കണ്ണുകളോടെ, വിളറി വെളുത്ത് ജൂലിയറ്റ് ക്ഷമയോടെ കല്ലറയുടെ മുകളില്‍ ചടഞ്ഞിരിപ്പുണ്ടായിരുന്നു.
'പേടിയുണ്ടോ നിങ്ങക്ക്' അവര്‍ അടഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.
'എനിക്ക് എന്തിന് പേടി?'
'നിന്നെ കാണാതെ ഇത്രയും നാള്‍ ഞാന്‍ എങ്ങനെ ജീവിച്ചു എന്ന് എനിക്ക് ഇപ്പോഴും നിശ്ചയമില്ല. എന്നെ പറ്റി ഒന്നും ചിന്തിക്കാതെ നീ പോകുമെന്ന് അന്ന് ഞാന്‍ കരുതിയിരുന്നില്ല.' അയാള്‍ ഒന്നു നിര്‍ത്തി.
'ആബേല്‍ വെള്ളത്തില്‍ മുങ്ങി ഊളിയിട്ട് അങ്ങ് ദൈവസന്നിധിയില്‍ എത്തിയപ്പോഴേക്കും നീയും അങ്ങ് ചെന്ന് കേറി. അഡേലയേയും എന്നെയും പറ്റി നീ എന്താണ് ഓര്‍ക്കാത്തത്.'
വിക്തോര്‍ ഓര്‍മ്മപ്പെടുത്തിയ കാര്യങ്ങളൊന്നും നിഷേധിക്കാതെ ജൂലിയറ്റ് കണ്ണീര്‍ പൊഴിച്ചു. നീ പോയി പതിനഞ്ച് വര്‍ഷമായിട്ടും ഇവിടെ വന്ന് നിന്നെ ഒന്ന് കാണാനോ രണ്ടു മെഴുകുതിരി കത്തിക്കാനോ എനിക്ക് കഴിഞ്ഞിട്ടില്ല. നിന്റെ ഫോട്ടോകളൊക്കെ ഞാന്‍ മുറിയില്‍ നിന്ന് എടുത്തു മാറ്റി. എങ്ങനെയെങ്കിലും നിന്റെ ഓര്‍മ്മകളെ കൊല്ലാന്‍ ഞാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ എനിക്കതിന് ഇന്നും സാധിച്ചിട്ടില്ല.
ജൂലിയറ്റ് ഒന്നും മിണ്ടിയില്ല. കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം അവര്‍ അയാളോട് ചോദിച്ചു.
'നിങ്ങള്‍ ഇപ്പോഴും വായിക്കാറുണ്ടോ? രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന്?'
'ഉണ്ട് അതിന് ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ല. നിനക്ക് ഹ്യൂഗോയുടെ നോവലുകളൊക്കെ ഓര്‍മ്മയുണ്ടോ?'
'പിന്നില്ലാതെ'-അവര്‍ അത്ഭുതപ്പെട്ടു.
'ഞാന്‍ കരുതി ആത്മാക്കള്‍ക്ക് ഓര്‍മ്മ നശിക്കുമെന്ന്'
അവര്‍ ഉറക്കെ ചിരിച്ചു.
'നീ മരണപ്പെട്ട ദിവസം, വായിക്കാതെ ബാക്കി വച്ചു പോയ ആ പുസ്തകത്തിലെ ഒരു സന്ദര്‍ഭം എന്നെ വല്ലാണ്ട് വേദനിപ്പിച്ചു.'
പിന്നീടങ്ങോട്ട്, വിക്തോര്‍ കരഞ്ഞു. അയാളെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.
'ഒരു ഗ്രനേഡിയറായിരുന്നു അയാള്‍. ഒരിക്കല്‍ അയാളും സഹപ്രവര്‍ത്തകനും ഒരു സെമിത്തേരിക്കരികില്‍ വിശ്രമിക്കുകയായിരുന്നു. ക്ഷീണം കാരണം അയാള്‍ അവിടെ തന്നെ വിശ്രമിച്ചു. പിറ്റേന്നാണ് മഞ്ഞുമൂടിയ ഒരു ശവത്തിന് മുകളിലാണ് ശയിച്ചത് എന്നയാള്‍ക്ക് വ്യക്തമായത്'.
അതൊക്കെ നമുക്ക് ചിന്തിക്കാന്‍ കഴിയാത്ത അവസ്ഥകള്‍ ആണല്ലേ.
വിക്തോര്‍ ജൂലിയറ്റിനെ മിഴിച്ചുനോക്കി. അവര്‍ അയാളില്‍ നിന്നും കണ്ണെടുക്കാതെ അങ്ങനെ നോക്കി ഇരിപ്പുണ്ടായിരുന്നു.
'നിങ്ങളെയൊക്കെ ഉപേക്ഷിച്ച് ഇങ്ങോട്ട് വന്ന ദിവസം ഞാന്‍ ആബേലിനെ കണ്ടു. വെള്ളത്തില്‍ കിടന്നതിന്റെ കുളിരൊട്ടും മാറാതെ അവന്‍ ഒരു മൂലയില്‍ ചടഞ്ഞിരിപ്പുണ്ടായിരുന്നു. ഞാനും അവനും എന്തൊക്കെയോ കുറെ സംസാരിച്ചു. അവന്‍ എങ്ങനെയാണ് വീണത് എന്നൊക്കെ അവന്‍ എന്നോട് വിവരിച്ചു.ആ നദിയുടെ കരയില്‍ ഒരു തെറ്റലുള്ള കല്ലില്ലേ. അതില്‍ ചവിട്ടിയാണ് നമ്മുടെ മോന്‍ വീണത്. ചുഴി അവനെ വിഴുങ്ങിയത് പെട്ടെന്നായിരുന്നു.'
ജൂലിയറ്റ് വിക്തോര്‍ മണ്ണിട്ടു മൂടിയതിനെയൊക്കെ പുറത്തെടുത്തു.
അന്നേരം, ആബേല്‍ കല്ലറയുടെ പുറത്ത് കുറെ നേരം ഇരുന്നു. പിന്നീടെപ്പോഴോ അവന് അവരുടെ സംസാരത്തില്‍ മടുപ്പു തോന്നി. അവന്‍ അതിനുള്ളിലേക്ക് തന്നെ കയറി കിടന്നു.
സഞ്ചിയില്‍ ഒളിപ്പിച്ചുകടത്തിയ സാധനം വിക്തോര്‍ ജൂലിയറ്റിനായി ഗ്ലാസില്‍ പകര്‍ന്നു. അവള്‍ അത് ആര്‍ത്തിയോടെ മൊത്തിക്കുടിക്കുമെന്ന് അയാള്‍ ഓര്‍ത്തു, പക്ഷേ ജൂലിയറ്റ് അതില്‍ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവരുടെ മുഖം കണ്ടപ്പോള്‍ വിക്തോറിനോര്‍മ്മ വന്നത് പണ്ട് ഒന്നിച്ച് ആഘോഷിച്ച ക്രിസ്മസ് ആയിരുന്നു. നക്ഷത്രങ്ങള്‍ക്ക് കീഴെയിരുന്ന് മറ്റൊന്നും ചിന്തിക്കാതെ യാതൊരു സമ്മര്‍ദ്ദവും ഇല്ലാതെ ഉള്ള ദിനങ്ങളുടെ ഒക്കെ ലഹരി മറന്ന് അവര്‍ പോയത് ഓര്‍ക്കുമ്പോഴൊക്കെ വിക്തോറിന് ദുഃഖം തികട്ടിവന്നു.
മൂന്ന്
സെമിത്തേരിയുടെ നേരെ വീടുള്ള, എന്നാല്‍ അക്കാരണത്താല്‍ തന്നെ പേടിയുടെ മഞ്ഞിച്ച മുഖവുമായി നടക്കുന്ന മാത്തച്ചന്‍ ഒളിഞ്ഞും തെളിഞ്ഞും വിക്തോറിനെ ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. സെമിത്തേരിയില്‍ നിന്നും വിക്തോര്‍ തെളിക്കുന്ന വെളിച്ചം അത്രയും മാത്തച്ചന്റെ ഉള്ളിലെ പേടിക്ക് വളരാന്‍ വളക്കൂറുള്ള മണ്ണായിരുന്നു. പള്ളി കമ്മിറ്റി തീരുമാനമെടുത്തു പിരിഞ്ഞ അന്നുതൊട്ട് ഈ കാലമത്രയും വിക്തോര്‍ ജൂലിയറ്റിന്റെ കല്ലറയിലുറങ്ങി.
പുറത്തുനിന്നുള്ളവര്‍ക്ക് പേടി ആണെങ്കിലും അയാള്‍ക്ക് ആ കല്ലറയില്‍ ഉള്ളവരോട് സ്‌നേഹം മാത്രമായിരുന്നു.
സദാസമയവും ജൂലിയറ്റിനു മാത്രം സംരക്ഷണം കൊടുക്കുന്നതിനാല്‍ മറ്റുള്ള ആത്മാക്കള്‍ എല്ലാം സ്വതന്ത്രരായി വിഹരിച്ചു. ആത്മാക്കള്‍ക്ക് ഒപ്പം മറ്റുള്ളവരും വിഹാരം തുടര്‍ന്നു. വിക്തോറിനെ ആരും ശ്രദ്ധിക്കാതെയായി. മാത്തച്ചന്റെ ധൈര്യപൂര്‍ണ്ണമായ ഇടപെടലിനെത്തുടര്‍ന്നാണ് വിക്തോറിന്റെ മാനസികനില ശരിയല്ല എന്ന് പുറംലോകം അറിഞ്ഞത്. അയാള്‍ ഒറ്റയ്ക്ക് സംസാരിക്കുന്നതും ചിരിക്കുന്നതും എല്ലാം അച്ചനു മുന്നില്‍ സാക്ഷ്യപ്പെടുത്തിയതും മാത്തച്ചന്‍ തന്നെ ആയിരുന്നു
തന്റെ പദ്ധതി പൂര്‍ണ തകര്‍ച്ചയില്‍ അവസാനിച്ചതറിഞ്ഞ അപ്പായി ഹാലിളകിയാണ് അടുത്ത മീറ്റിങ്ങിന് എത്തിയത്. വിക്തോറിനെ എങ്ങനെ സെമിത്തേരിയില്‍ നിന്നും പുറത്തിറക്കാം എന്നതായിരുന്നു അന്നത്തെ അജണ്ട. അത് മുന്നോട്ടുവെച്ചത് അപ്പായി തന്നെയായിരുന്നു. വിക്തോറിനു പകരമായി വലിയ ഒരു ചുറ്റുമതിലും ഒരു ഭീമന്‍ ഗേറ്റും മതിയെന്ന് തീരുമാനമായി. അത് വിക്തോറിനെ നേരിട്ട് അറിയിക്കാനുള്ള ചുമതല അപ്പായിയുടെ മേലെയുമായി.
അപ്പായി ചെന്നപ്പോള്‍ ജൂലിയറ്റിന്റെ കല്ലറയില്‍ വിക്തോര്‍ മലര്‍ന്നു കിടപ്പുണ്ടായിരുന്നു. അതിനടുത്തായി പൂക്കളെ പൊഴിച്ചിട്ട് ശവന്നാറി ചെടി വിക്തോറിന് ആലംബം നല്‍കിയതായി പ്രഖ്യാപിച്ചു.
അപ്പായി പോയിക്കഴിഞ്ഞപ്പോള്‍ ജൂലിയറ്റ് ചോദിച്ചു. 'ഒന്നര പതിറ്റാണ്ടായി ഞാനിവിടെ, നിങ്ങള്‍ക്കും എന്റെ കൂടെ വന്നു കൂടെ? അഡേല ഇപ്പോള്‍ ചെറിയ കുട്ടിയൊന്നുമല്ലല്ലോ. വരാന്‍ ഉള്ള എല്ലാ തടസ്സങ്ങളും മാറിയില്ലേ?'
വിക്തോര്‍ ചിരിച്ചുകൊണ്ട് തലയാട്ടി.
അഡേല കൊണ്ടുവെച്ച ചുവന്ന റോസാപ്പൂക്കളില്‍ കരി പടര്‍ന്നു തുടങ്ങിയിരുന്നു. ആ പൂക്കളെ തട്ടിമാറ്റി വിക്തോര്‍ കല്ലറയ്ക്ക് മുകളിലിരുന്നു. അയാളുടെ മുഖത്ത് സന്തോഷത്തിന്റെ ഒരു ചിരി പടര്‍ന്നിരുന്നു.