Malayalam Short Story: കറുകപുല്ലിന്‍റെ നറുമണം, പ്രീത് പ്രീതി എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Feb 11, 2023, 6:13 PM IST

ചില്ല, എഴുത്തിന്‍റെ ചിറകനക്കങ്ങള്‍. പ്രീത് പ്രീതി എഴുതിയ ചെറുകഥ
 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 


'ആള്‍ മോസ്റ്റ് സിംഗിള്‍' എന്ന റൊമാന്റിക് നോവലിന്‍റെ  12 -ാം പേജ് മുഖത്തു കമഴ്ത്തി ഞാനൊന്നു മയങ്ങി. കറുകപുല്ലിന്‍റെ നേര്‍ത്ത ഗന്ധം ചെറുമയക്കത്തില്‍ നിന്നെന്നെയുണര്‍ത്തി. റോഷന്‍ കുളികഴിഞ്ഞു കുട്ടി ടൗവ്വല്‍ അരയില്‍ ചുറ്റി, നനഞ്ഞ മുടിയിഴകള്‍ കണ്ണാടിയില്‍ നോക്കി മാടി ഒതുക്കുകയായിരുന്നു.

പെട്ടെന്നെനിക്ക് നന്ദനെ ഓര്‍മ്മ വന്നു. റോഷന്‍റെ സ്ഥാനത്ത് നന്ദനായിരുന്നെങ്കില്‍, തലതുവര്‍ത്താതെ, പുറകിലൂടെ വന്നൊന്നു കെട്ടിപ്പിടിച്ച് നനഞ്ഞ തലമുടി എന്‍റെ കവിളില്‍ ഉരസും. ആ നേരം ഷവര്‍ജെല്ലിന്‍റെയും ഷാമ്പുവിന്‍റെയും ഗന്ധം അവിടമാകെ നിറയും. പിന്നെ അവനിലേക്ക് പടരുവാന്‍ എനിക്കതുമതിയാകുമായിരുന്നു. കണ്ണുകളില്‍ തുടങ്ങി തിരികെ കണ്ണുകളിലെത്തി അവസാനിക്കുന്ന അവന്‍റെ ചുംബന രഹസ്യങ്ങള്‍ തീരുമ്പോള്‍ ഞാന്‍ ഒരു താമരത്തണ്ടു പോലെയാകും.

'നീന നീയെന്താ ആലോചിക്കുന്നെ.. ?' റോഷന്‍ പതിയെ തൊട്ടു വിളിച്ചപ്പോഴാണു പ്രിയതമന്‍ തന്‍റെ അരികിലുള്ള കാര്യം ഓര്‍ത്തത്.

ശ്ശേ....എന്‍റെ ചുണ്ടിലെ പുഞ്ചിരി റോഷന്‍ കണ്ടു. ഞാനൊന്ന് ചമ്മി എങ്കിലും അതൊളിപ്പിച്ച് ഞാന്‍ പറഞ്ഞു.

'റോഷന്‍, ദേ ഈ ജൂനിയര്‍... റോഷനെ പോലെ കുറുമ്പനാണെന്നു തോന്നുന്നു. നോക്കൂ ചവിട്ട് തുടങ്ങിയിട്ട് ഏറെ നേരമായി.' നൈറ്റ് ഗൗണില്‍ ചെറുതായി ഉയര്‍ന്നു നില്‍ക്കുന്ന എന്‍റെ വയറിലേക്ക് ചൂണ്ടി ഞാന്‍ പറഞ്ഞു.

'എവിടെ..? കാണട്ട്'- റോഷന്‍ വന്നു കട്ടിലിന്‍റെ സൈഡിലിരുന്നു, വയറിന് പുറത്ത് പതിയെ കൈത്തലം ചേര്‍ത്തുവച്ചു. 'ഹേയ് അല്ലല്ല.. ഇത് ജൂനിയര്‍ നീനയാ.' എന്നിട്ട് തല താഴ്ത്തി പതിയെ വയറ്റത്ത് ചെവി ചേര്‍ത്തു വച്ചു. മുടിയിലെ നനവും ആ ഗന്ധവും വീണ്ടുമെന്നില്‍ നന്ദന്‍റെ ഓര്‍മ്മകള്‍ ഉണര്‍ത്തി.

ഹിന്ദുവും ക്രിസ്ത്യാനിയും ഒരുമിക്കാന്‍ പാടില്ലെന്ന വീട്ടുകാരുടെ വാശിയിലും നാട്ടുകാരുടെ മതവെറിബോധത്തിലും അന്ന് ഇല്ലാതായിപ്പോയത് ഒന്നായിത്തീരാന്‍ കാത്തിരുന്ന, വര്‍ഷങ്ങള്‍ കഥ പറഞ്ഞ ഞങ്ങളുടെ പ്രണയമായിരുന്നു.

ഒരുമിച്ച് ജീവിക്കാന്‍ ആവില്ലെന്നറിഞ്ഞ നന്ദു അന്നൊരു സന്ധ്യ മയങ്ങിയ നേരത്ത് എന്‍റെ അരികില്‍ വന്നു. സന്ധ്യാ കുര്‍ബാന കഴിഞ്ഞ് വീട്ടിലേക്ക് നടക്കുന്ന വഴി. എനിക്ക് കോളജ് ഇല്ലാത്തപ്പോള്‍ ഞങ്ങള്‍ പരസ്പരം കാണാറുള്ള ഇടം.

'നീന ഞാനിനി ഈ നാട്ടില്‍ നില്‍ക്കുന്നില്ല എവിടേക്കെങ്കിലും പോവുകയാണ്' അതും പറഞ്ഞു എന്‍റെ കൈകള്‍ കൂട്ടിപ്പിടിച്ച് നന്ദു കരഞ്ഞു. 'നിന്നെ മറ്റൊരുത്തന്‍ താലി കെട്ടുന്നത് കാണാന്‍ എനിക്കാവില്ല,  പെണ്ണേ...'

നന്ദുവിന്‍റെ കരച്ചില്‍ കണ്ട എനിക്ക് സഹിക്കാനായില്ല.. 'ഇല്ല... നന്ദൂ... നന്ദുവിനൊപ്പം അല്ലാതെ ഞാന്‍ ആര്‍ക്കൊപ്പവും ജീവിക്കില്ല'-

'അരുത് നീന അങ്ങനെ പറയരുത്.. നിന്‍റെ ഡാഡിയെ നീ അനുസരിക്കു, അതല്ലാതെ മറ്റൊരു വഴിയും ഇല്ല, എനിക്കിപ്പോള്‍ നിന്നെ ഒപ്പം കൂട്ടാനാവില്ല മോളെ' എന്നുപറഞ്ഞ് അവന്‍ വീണ്ടും പൊട്ടിക്കരഞ്ഞു, പിന്നെ മുന്നോട്ടു നോക്കി പിന്തിരിഞ്ഞു നടന്നു. അതു കേട്ടപ്പോള്‍ ഒന്നും മിണ്ടാതെ സ്തബ്ധയായിനില്‍ക്കാനെ അന്നെനിക്ക് കഴിഞ്ഞുള്ളു.

പിന്നെയും മാസങ്ങള്‍ ഞാന്‍ കാത്തിരുന്നു. നന്ദുവിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ജീവിക്കുവാന്‍ തീരുമാനിച്ചിരുന്നപ്പോഴാണ്  ഡാഡിക്ക് ഹൃദയാഘാതം വന്നതും നിര്‍ബന്ധപൂര്‍വ്വം എല്ലാവരും ചേര്‍ന്ന് റോഷനുമായി വിവാഹമുറപ്പിച്ചതും.

എല്ലാം എല്ലാവരും മറന്നു. എന്നാല്‍ എന്‍റെ മനസ്സില്‍ നന്ദു മാത്രമായിരുന്നു. ഒരു തരത്തിലും റോഷനുമായി ഒത്തു പോകാന്‍ കഴിയാത്ത മനസ്സുമായി ജീവിക്കവേ വിവാഹത്തിന്‍റെ ആദ്യ വാര്‍ഷിക ദിനത്തില്‍ റോഷന്‍റെ നിര്‍ബന്ധം കാരണം പുറത്തൂന്ന് ലഞ്ച് കഴിക്കാന്‍ കൂടെ പോകേണ്ടിവന്നു. റസ്റ്റോറന്‍റില്‍ വച്ചു നന്ദന്‍റെ സുഹൃത്തായ വിശാലിനെ കണ്ടു. എനിക്കൊപ്പം റോഷനെ കണ്ടതു കൊണ്ടാകാം അവന്‍ എന്നെ കണ്ട ഭാവം നടിച്ചില്ല. റോഷന്‍ കാറെടുക്കാനായി പാര്‍ക്കിംഗിലേക്ക്  പോയപ്പോള്‍ ആര്‍ത്തിയോടെ ഞാന്‍ ഓടി ചെന്നു, നന്ദുവിന്‍റെ വിവരം അറിയാന്‍. എന്നാല്‍ വിശാല്‍ പറഞ്ഞത് എനിക്കു വിശ്വസിക്കാനായില്ല. മാസങ്ങള്‍ക്ക് മുന്‍പേ നന്ദുവിന്‍റെ വിവാഹം കഴിഞ്ഞിരിക്കുന്നു. അമ്മാവന്‍റെ മകളത്രേ വധു. ഞാന്‍ ചവുട്ടി നിന്ന ഭൂമി പിളര്‍ന്നെങ്കിലെന്നാശിച്ചു.

എങ്ങനെയോ ഞാന്‍ കാറില്‍ വന്നു കയറി. റോഷന്‍ എന്തോക്കെയോ ചോദിച്ചു. എന്ത് മറുപടി പറഞ്ഞു എന്നോര്‍ക്കുന്നില്ല. ദിവസങ്ങളെറെയെടുത്തു ആ ഷോക്കില്‍ നിന്നും ഞാനൊന്ന് മോചിതയാവാന്‍.

പിന്നൊരു വാശിയായിരുന്നു. റോഷനെ സ്‌നേഹിച്ചു തുടങ്ങി മാസങ്ങള്‍ക്കകം റോഷന്‍റെ ജീവന്‍ ഉള്ളില്‍ ജീവന്‍ വച്ചു. ഇന്നിപ്പോള്‍ അഞ്ച് മാസമായി. എങ്കിലും ചിലപ്പോഴൊക്കെ നന്ദുവിനെ ഓര്‍ക്കാറുണ്ട്. അപ്പോഴൊക്കെ ആ ഓര്‍മ്മകളെ ഒരു പുഞ്ചിരിയോടെ പുറത്താക്കി വാതിലടയ്ക്കും. റോഷന്  ഞാനെന്നാല്‍ ജീവന് തുല്യമാണ്.

മാസങ്ങള്‍ക്ക് മുന്‍പൊരിക്കല്‍ ഷോപിംഗിന് പോയപ്പോള്‍ നിവ്യയുടെ ഷവര്‍ ജെല്‍ കണ്ടപ്പോള്‍ ഒരു രസത്തിന് വാങ്ങിയതാണ്. ഒരിക്കല്‍ കൂടി ആ കറുക പുല്ലിന്‍റെ ഗന്ധമൊന്നാസ്വദിക്കാന്‍. റോഷനത് ഇപ്പോള്‍ എവിടുന്ന് തപ്പി എടുത്തെന്നറിയില്ല. ഞാന്‍ റോഷനെ നോക്കി. റോഷന്‍ എനിക്ക് വേണ്ടി ജീവിക്കയാണ്, ഓരോ നിമിഷവും. രാത്രി  കുടിക്കുവാനുള്ള വെള്ളം ഗ്ലാസ് ജഗ്ഗില്‍ നിറച്ച് റ്റേബിളില്‍ വച്ചിട്ടുണ്ട്. ഞാന്‍ വായിച്ചിട്ട് അലക്ഷ്യമായി ടേബിളിലിട്ടിരുന്ന എന്‍റെ ബുക്കും ഡയറിയും പേനയുമെല്ലാം അടുക്കി വച്ചിരിക്കുന്നു.

നീണ്ട അനുസരണ ഇല്ലാത്ത തന്‍റെ മുടിയിഴകളില്‍ ഹെയര്‍ ക്രീം നേര്‍മ്മയായ് തേച്ചു പിടിപ്പിക്കുമ്പോള്‍ റോഷന്‍റെ ചുണ്ടിലൊരു മൂളിപ്പാട്ട് ചേക്കേറിയിരുന്നു. പെട്ടെന്ന് റോഷനെന്നെ തിരിഞ്ഞു നോക്കി. 'എന്താ നീനാ, നീയെന്നെ ഇതിനുമുന്‍പ് കണ്ടിട്ടില്ലാത്തപോലെ...'

ഞാന്‍ ഒന്നു പുഞ്ചിരിച്ചു.

'ദേ, ഈ പാലങ്ങു കുടിക്ക്.  ഇതിവിടെ വച്ചിട്ട് നേരമേറെയായി, ഇപ്പോള്‍ തണുത്തിട്ടുണ്ടാവും.''

''എനിക്കു വേണ്ട റോഷന്‍.''

''ഹെയ് അത് പറ്റില്ല, നമ്മുടെ ജൂനിയറിന്‍റെ കാര്യത്തില്‍ നോ കോമ്പ്രമൈസ്.' - പുഞ്ചിരിച്ചു കൊണ്ട്
റോഷന്‍ അതെന്‍റെ ചുണ്ടോടടുപ്പിച്ചു.

കുറച്ചു കുടിച്ചു... മതിയെന്നു പറഞ്ഞിട്ടും സമ്മതിക്കാതെ റോഷന്‍ അതു മുഴുവന്‍ എന്നെക്കൊണ്ട് കുടിപ്പിച്ചു.

ഗ്ലാസ് വച്ചിട്ട് തിരികെ വന്നു ഭാരമില്ലാത്ത ബ്ലാങ്കറ്റ് എടുത്തു എന്നെ പുതപ്പിക്കുമ്പോള്‍ ആ സുരക്ഷിതത്വം എന്‍റെ മനസ്സിനേയും വല്ലതെ ചേര്‍ത്ത് പിടിച്ചു. ഉറങ്ങുമ്പോള്‍ ഞാന്‍ ചേര്‍ത്ത് പിടിക്കാറുള്ള പതു പതുത്ത തലയിണ റോഷന്‍ എന്‍റെ അരികിലേക്ക് വച്ചു തന്നിട്ട് ബെഡില്‍ വന്നു കിടന്നു.

'റോഷന്‍...'-   ഞാന്‍ പതിയെ വിളിച്ചു..

'മ്മ്...'- റോഷന്‍ എന്നെ നോക്കി..

"ഇനിയെനിക്ക് ഈ തലയിണ വേണ്ട, പകരം എനിക്കു റോഷന്‍റെ കൈത്തണ്ട മതി."

റോഷന്‍ അല്‍ഭുതത്തോടെ എന്നെ നോക്കി. സത്യത്തില്‍ നന്ദുവിനോടുള്ള ദേഷ്യത്തില്‍, ആ വാശിയില്‍ റോഷനൊട് അടുത്തെങ്കിലും; അടുക്കാനാകാത്ത വിധം എന്തോ ഒന്ന് ഒരു കരടായി മനസ്സില്‍ കിടന്നിരുന്നു. ഇന്ന് അതലിഞ്ഞു ഇല്ലാതായിരിക്കുന്നു.

റോഷാ... ഇനി എനിക്കുറങ്ങാന്‍ പുസ്തകങ്ങളുടെ കൂട്ട് വേണ്ടാ.. റോഷന്‍ അല്‍പം മുന്‍പ് മൂളിയ പാട്ടെനിക്ക് വേണ്ടിപാടാമോ. ഞാന്‍ അത് കേട്ടുറങ്ങിക്കോളാം.

റോഷന്‍ വിശ്വാസം വരാതെ എന്നെ നോക്കി എന്നിട്ടു പതിഞ്ഞ ശബ്ദത്തില്‍ പാടി തുടങ്ങി.

'ജന്മം... സഫലം... നിന്‍ ശ്രീ രേഖയില്‍..,
സ്വപ്നം... മലരായ്... ഈ കൈക്കുമ്പിളില്‍...'

റോഷന്‍റെ ചുണ്ടുകള്‍ എന്‍റെ നെറ്റിയിലമര്‍ന്നു...

ഒരു കൈ എന്‍റെ വയറിന് പുറത്ത് ഭാരമേല്‍പ്പിക്കാതെ പതിയെ തലോടിക്കൊണ്ടിരുന്നു.

എപ്പോഴോ ഞാനുറങ്ങി. നക്ഷത്രങ്ങള്‍ക്കിടയില്‍ പുഞ്ചിരിക്കുന്ന ഒരു മാലാഖ കുഞ്ഞിനെ കണ്ടുകൊണ്ട്,  അന്നുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു നിര്‍വൃതിയോടെ.

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!