Malayalam Short Story : സര്‍പ്പകോപം, പ്രജിത രാജേഷ് എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jul 6, 2022, 1:19 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   പ്രജിത രാജേഷ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 

നക്ഷത്രങ്ങളില്ലാത്ത ആകാശം രാത്രിയെ കൂടുതല്‍ ഇരുണ്ടതാക്കി. കറുത്ത് ഇരുണ്ട മേഘങ്ങള്‍ വീശിയടിക്കുന്ന കാറ്റിന്റെ ദിശക്കൊപ്പം നീങ്ങിക്കൊണ്ടിരുന്നു. ആ രാത്രിയില്‍ കരിമ്പടത്തിന്റെ ചൂടിനെയും തോല്‍പ്പിക്കുന്ന പനിച്ചൂടില്‍ പെണ്‍കുട്ടിയുടെ കുഞ്ഞുടല്‍ വിറച്ചു തുള്ളി. ഇടറുന്ന കാല്‍വെപ്പുകളോടെ മുത്തശ്ശി അവള്‍ക്കരികിലെത്തി പതം പറഞ്ഞു കരഞ്ഞു.

'ദൈവങ്ങളേ, ന്നാലും ന്റെ കുട്ടിക്ക് ഇതെന്തേ പറ്റ്യേ! ശാരദേ നീ ഇത്തിരി ജപിച്ച ഭസ്മം കുട്ടീടെ നെറ്റിയില്‍ തൊടീക്കൂ.'
 
നെറ്റിയില്‍ നനച്ചിട്ട തുണി നിമിഷങ്ങള്‍ക്കകം വറ്റി ഉണങ്ങുന്നത് കണ്ട അമ്മ ജപിച്ച ഭസ്മം വെച്ചിരിക്കുന്നയിടം നോക്കി എണീറ്റു.

'ഒരു കുഴപ്പവും ഇല്ലാണ്ടിരുന്ന കുട്ടിയാ. കാവില്‍ വിളക്ക് വെച്ചു വന്നപ്പോളേക്കും വിറയ്ക്കണ പനി.ന്റെ നാഗദൈവങ്ങളേ നിങ്ങള് ന്റെ കുട്ടിയേ ഭയപ്പെടുത്തിയോ.'

ആര്‍ത്തു പെയ്യുന്ന മഴയിലേക്ക് നോക്കി മുത്തശ്ശി നാമം ജപിച്ചു. കാവില്‍ തപസ്സിരിക്കുന്ന നാഗങ്ങള്‍ ഇടവപ്പാതിയില്‍ നനഞ്ഞു വിറച്ചു. കുത്തിയൊലിക്കുന്ന മഴവെള്ളം മഞ്ഞനിറം കലര്‍ന്ന് കാവിന് പുറത്തേക്ക് ഒഴുകി.

'ഭസ്മം ഇട്ടിട്ടും പനി കുറയുന്നില്ലല്ലോ അമ്മേ. എന്തേ ചെയ്യാ'?

'എങ്ങനെയെങ്കിലും നേരം വെളുപ്പിക്കാം ശാരദേ. അല്ലാണ്ട് പാതിരാത്രിയില്‍ ഈ പെരുമഴയത്ത് നമ്മള്‍ എന്താ ചെയ്യാ!'

വീശിയടിക്കുന്ന കാറ്റില്‍ കൊട്ടിയടച്ച ജനല്‍പ്പാളികള്‍ ഇടിമിന്നലിന്റെ മുഴക്കത്തിന് ആക്കം കൂട്ടി. പെരുമഴയിലേക്ക് നോക്കി പിറുപിറുക്കുന്ന മുത്തശ്ശി ഇടയ്ക്കിടെ കുട്ടിയെ തൊട്ടു നോക്കുന്നുണ്ട്. നീണ്ടു പോവുന്ന രാവിന്റെ ദൈര്‍ഘ്യം അവരെ ഭയപ്പെടുത്തുന്നതു പോലെ.

രാവിനൊടുവില്‍ കിഴക്ക് തെളിഞ്ഞ വിളറിയ വെള്ള കണ്ട് അവര്‍ ആശ്വാസത്തോടെ ദീര്‍ഘമായി ശ്വസിച്ചു.
ഇലകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ള തുള്ളിയില്‍ തട്ടി മങ്ങിയ സൂര്യപ്രകാശം മഴവില്ലുകള്‍ തീര്‍ത്തു.

കുട്ടിയുടെ മുറിയില്‍ നിന്നിറങ്ങിയ വൈദ്യര്‍ മരുന്നുകള്‍ തിട്ടപ്പെടുത്തി ചെറിയ കുപ്പികളിലേക്ക് പകര്‍ത്തി.

'എങ്ങനുണ്ട് വൈദ്യരേ?'

'സാരല്ല്യ മേലേടത്തമ്മേ. കുട്ടി എന്തോ കണ്ട് ഭയന്നതാ. പനിക്കുള്ള മരുന്ന് കൊടുത്തിട്ടുണ്ട്. ദാ. ഇതും കൂടി മൂന്നു നേരം കൊടുക്കൂ. രണ്ടു ദിവസം കൊണ്ട് പനി മാറും.'

മുത്തശ്ശിയ്ക്ക് കുപ്പി കൈമാറി മുറ്റത്തിന്റെ കോണിലേക്ക് മുറുക്കാന്‍ നീട്ടി തുപ്പി വൈദ്യര്‍ നടന്നകന്നു.

'മേലേടത്തമ്മേ എന്ത് പറ്റി. രാവിലെ വൈദ്യര് വന്ന് പോകുന്ന കണ്ടാര്‍ന്നല്ലോ.'

തലയില്‍ കെട്ടിയിരുന്ന തോര്‍ത്ത് അഴിച്ച് മുഖത്തെയും നഗ്‌നമായ നെഞ്ചിലെയും വിയര്‍പ്പ് തുടച്ച് ചെത്തുകാരന്‍ കുഞ്ഞാപ്പു അല്‍പ്പം അകന്നു നിന്നു.

'ന്റെ കുഞ്ഞാപ്പുവേ ഒന്നും പറയണ്ട. ഇന്നലെ വൈകിട്ട് കാവില്‍ പോണ വരേയ്ക്കും ഒരു കുഴപ്പവും ഇല്ലാണ്ടിരുന്ന കുട്ടിയാ. എന്തോ കണ്ട് ഭയന്നതാ. പനിച്ച് വിറയ്ക്യാരുന്നില്ലേ കുട്ടി.'
 
ഒന്ന് നിര്‍ത്തിയിട്ട് മുത്തശ്ശി കണ്ണു തുടച്ച് നെടുവീര്‍പ്പിട്ടു.

'മുടങ്ങാതെ നൂറോം പാലും തരണില്ലേ നാഗങ്ങളേ. ന്റെ കുട്ടിയോട് ഈ ചതി ചെയ്യണമായിരുന്നോ.'

'നിങ്ങള് വേണ്ടുന്ന പൂജയൊക്കെ അങ്ങട് ചെയ്യിന്‍ മേലേടത്തമ്മേ. ഒക്കെ ശര്യാവും.'

തോര്‍ത്ത് തലയില്‍ കെട്ടി അയാള്‍ അടുത്ത തെങ്ങിന്റെ ചുവടിലേക്ക് നടന്നു

'വേണം കുഞ്ഞാപ്പു. ഒക്കെ വേണം. സര്‍പ്പകോപം മാറണെങ്കി പൂജകള്‍ മുടങ്ങാതെ ചെയ്ക തന്നെ വേണം.'

തുളസിത്തറയില്‍ നിന്നും തുളസിയില നുള്ളി മുത്തശ്ശി മന്ത്രങ്ങള്‍ കുരുക്കഴിച്ചു.

'ഇത്തിരി കൂടി കുടിക്ക് കുട്ടീ.'

ഉണങ്ങി വരണ്ട ചുണ്ടിലേക്ക് അമ്മ കഞ്ഞി അല്‍പ്പാല്‍പ്പം ഒഴിച്ചു കൊടുത്തു.

അലക്ഷ്യമായി എന്തോ തേടിക്കൊണ്ടിരുന്ന കുട്ടിയുടെ കണ്ണിലെ തിളക്കം വറ്റിയ പളുങ്ക് ഗോളങ്ങള്‍ ജനാലയരികില്‍ കണ്ട രൂപത്തില്‍ തറച്ചു നിന്നു.

ബീഡിപ്പുകയുടെ നാറ്റം അവള്‍ക്ക് ചുറ്റും വട്ടമിട്ടു. മഴ മേഘങ്ങള്‍ ഉരുണ്ടു കൂടിയ സന്ധ്യയില്‍ തെങ്ങിന്‍ തഴമ്പുള്ള കയ്യില്‍ കിടന്ന് പിടഞ്ഞത് അവള്‍ ഓര്‍ക്കാതിരിക്കാന്‍ ശ്രമിച്ചു. തേരട്ടയെ പോലെ ശരീരമാസകലം ഇഴഞ്ഞ ആ കൈ അവളുടെ പിഞ്ചു മാറിനെ ഞെരിച്ചുടച്ചതും കരച്ചിലിനെ നിശബ്ദമാക്കാന്‍ വായ പൊത്തി ശ്വാസം മുട്ടിച്ചതും എന്നിട്ടും ഓര്‍മ്മയില്‍ തെളിഞ്ഞു വന്നു. കാലുകള്‍ക്കിടയിലെ നീറ്റല്‍ കണ്ണീരായി ഒഴുകി വീണത് ഓര്‍ത്ത് അവള്‍ പിടഞ്ഞു.

'ഇത് നീ ആരോടെങ്കിലും പറഞ്ഞാല്‍ ഈ തെങ്ങ് ചെത്തുന്ന കത്തി നിന്റെ അമ്മയുടേയും മുത്തശ്ശിയുടേയും കഴുത്ത് അരിയും.'

കത്തിയുടെ തിളങ്ങുന്ന വായ്ത്തല അവളെ ഭയചകിതയാക്കി. ആശ്രയം തേടി നാലു പാടും പരതിയ കണ്ണുകള്‍ പകലിനെ വിഴുങ്ങുന്ന ഇരുട്ട് മാത്രം കണ്ടു. ആയിരം നാവുള്ള അനന്തന്‍ ആ നേരവും നിസ്സഹായനായി മൗനം തുടര്‍ന്നു.

'പനി മാറ്യോ മോളേ.'

ജനാലയരികിലെ ചോദ്യം അവളുടെ തലച്ചോറിനെ ഇളക്കി മറിച്ചു. തൊണ്ടയില്‍ കുരുങ്ങിയ ആര്‍ത്തനാദവുമായി അവള്‍ അമ്മയെ തട്ടി മാറ്റി. തറയില്‍ വീണ കഞ്ഞിപ്പാത്രം ചോറു കൊണ്ട് പൂക്കളം തീര്‍ത്തു. കട്ടിലിനടിയിലെ ഇരുട്ടില്‍ അഭയം തേടിയ അവളെ കണ്ട് അമ്മയും മുത്തശ്ശിയും കണ്ണീരൊഴുക്കി.

കുഞ്ഞാപ്പുവും കത്തിയും അടുത്ത തെങ്ങിന്റെ തുടുപ്പ് തേടി പോയികഴിഞ്ഞിരുന്നു.

'ന്റെ ദൈവങ്ങളെ വേണ്ടുന്ന പൂജകളൊക്കെയും ചെയ്യാം. ന്റെ കുട്ടിയെ പരീക്ഷിക്കരുതേ.'

കുറ്റം ചാര്‍ത്തപ്പെട്ട നാഗദൈവങ്ങള്‍ കണ്ണും കാതും അടച്ച് ഉരിയാടാനാകാതെ നിന്നു. മണ്ണില്‍ പുതഞ്ഞ വളപ്പൊട്ടുകളും ഇടവപ്പാതി മഴയില്‍ ഒലിച്ചു പോയ കാല്‍പ്പാടുകളും മൂകസാക്ഷികളായി കണ്ണീര്‍ വാര്‍ത്തു.



ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!