Malayalam Short Story : അതിര്‍ത്തി, പ്രജിത രാജേഷ് എഴുതിയ കഥ

By Chilla Lit Space  |  First Published Apr 15, 2022, 4:04 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. പ്രജിത രാജേഷ് എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

മമ്മാ...

കുഞ്ഞു മരിയയുടെ വിളിയില്‍ വിശപ്പ് കണ്ടിട്ടാവണം ഐറീന്‍ കൈയില്‍ കരുതിയിരുന്ന തുകല്‍ സഞ്ചിയില്‍ പരതി നോക്കി. അവശേഷിച്ച അവസാനത്തെ റൊട്ടിക്കഷണത്തില്‍ വിശപ്പ് പാതി അടക്കിയ മകളെ നെഞ്ചോട് ചേര്‍ത്ത ഐറീന്റെ കണ്ണുകളില്‍ നിസ്സഹായത നിഴലിട്ടു. ഭാര്യയുടെയും മകളുടെയും ദയനീയത ഫ്രാങ്ക്‌ലിന്റെ മുന്നില്‍ ചോദ്യചിഹ്നമുയര്‍ത്തി.

'ഇനി എന്ത്'?


ലളിതമെങ്കിലും എത്ര സന്തോഷകരമായ ജീവിതമായിരുന്നു.

എത്ര പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്. തകര്‍ച്ചക്കൊടുവില്‍ ബാക്കിയുണ്ടായിരുന്നത് പലതും ഉപേക്ഷിച്ച് ഭൂഗര്‍ഭ അറയില്‍ സുരക്ഷ തേടേണ്ടി വന്നു. യുദ്ധക്കൊതിയനായ ഭരണാധികാരിയുടെ പ്രവൃത്തിയാല്‍ ജീവിതം ദുരിതത്തിലായ തന്നെപ്പോലെ എത്രയോ പേര്‍. ജീവിതമാര്‍ഗ്ഗം തേടി വന്ന മറ്റു രാജ്യക്കാര്‍ പലരും തിരികെ പോയി കഴിഞ്ഞിരിക്കുന്നു. ഇവിടെ ജനിച്ചു വളര്‍ന്ന താനും കുടുംബവും എവിടേക്ക് പോവാന്‍.

എവിടൊക്കെയോ മുഴങ്ങുന്ന വെടിയൊച്ചകള്‍, അപായ മണികള്‍.  ദിവസങ്ങള്‍ ഏറെയായി ഭൂഗര്‍ഭ അറയിലെ ഈ വാസം തുടങ്ങിയിട്ട്. അവസാനത്തെ തരി ഭക്ഷണവും തീര്‍ന്നിരിക്കുന്നു. ഇനിയും എത്ര ദിവസം ഇങ്ങനെ തുടരാനാവും.രക്ഷപ്പെട്ടേ മതിയാവൂ.

ഭൂഗര്‍ഭ അറയില്‍ ഒപ്പമുണ്ടായിരുന്ന പലരും എവിടേക്കോ പോയ് കഴിഞ്ഞിരുന്നു. ഇനിയും ബാക്കി ആയവരുടെ ചര്‍ച്ചകളിലേക്ക് ചെവിയോര്‍ത്തു.

എത്ര നാളെന്ന് ഉറപ്പില്ലാത്ത ഈ വാസം പലര്‍ക്കും മടുത്തിരിക്കുന്നു.അതിര്‍ത്തി കടന്ന് അയല്‍രാജ്യത്തേക്ക് പോകുവാനുള്ള വഴി ആലോചിക്കുകയാണ് അവര്‍.മുപ്പത് കിലോമീറ്റര്‍ ദൂരത്തിനപ്പുറം അതിര്‍ത്തിയത്രേ.
നടക്കേണ്ടി വരും

ജീവനും ജീവിതവും തിരികെ കിട്ടുമെങ്കില്‍ എന്തിനും തയാര്‍.

'ഐറീന്‍'

ഫ്രാങ്ക്‌ലിന്റെ തീരുമാനത്തിനും വിളിക്കും കാത്തിരുന്നത് പോലെ ഐറീന്‍ മകളുമൊത്ത് യാത്രയ്ക്ക് തയാറായി. പാസ്‌പോര്‍ട്ടും മറ്റു രേഖകളും മാത്രമേ ശേഷിച്ചിട്ടുള്ളു.തുകല്‍ സഞ്ചിയില്‍ അവ ഭദ്രമാണ്.

യാത്ര തുടങ്ങിയിട്ട് സമയം കുറേ ആയെങ്കിലും നടന്നിട്ടും നടന്നിട്ടും തീരാത്തത് പോലെ. വിശപ്പും ദാഹവും വല്ലാതെ തളര്‍ത്തുന്നു. മനസ്സ് തളരാന്‍ പാടില്ല. അതിര്‍ത്തിക്കപ്പുറം കുടുംബം ഒന്നിച്ചുള്ള സമാധാന പൂര്‍ണമായ ജീവിതം കാത്തു നില്‍ക്കുന്നു.

അതിര്‍ത്തിയുടെ ദൂരക്കാഴ്ച പോലും വല്ലാത്തൊരു ഊര്‍ജം തരുന്നത് പോലെ. അടുത്തേക്ക് എത്തുംതോറും കാഴ്ചകള്‍ വ്യക്തമാവുന്നു. ആള്‍ക്കൂട്ടങ്ങള്‍ ,വാഹനങ്ങള്‍, കുട്ടികള്‍, പട്ടാള ഉദ്യോഗസ്ഥര്‍, എത്രയും പെട്ടെന്ന് അതിര്‍ത്തി കടക്കാന്‍ സാധിച്ചാല്‍ അത്രയും സമാധാനം. ഐറീനെയും മകളെയും ഫ്രാങ്ക്‌ലിന്‍ ചേര്‍ത്തു പിടിച്ചു.

'നില്‍ക്കൂ.നിങ്ങളുടെ പാസ്‌പോര്‍ട്ടും രേഖകളും കാണിക്കൂ'

പട്ടാള ഉദ്യോഗസ്ഥര്‍ ആണ്. അതിര്‍ത്തി കടക്കാന്‍ അവര്‍ സഹായിച്ചേക്കും.

'നിങ്ങള്‍ ഇവിടെ ജനിച്ചു വളര്‍ന്നവര്‍ അല്ലേ.'

മറുപടി പറയാന്‍ ഫ്രാങ്ക്‌ലിന്‍ ആലോചിച്ചു.

'അതെ'.

'ഇങ്ങനെയൊരു അവസ്ഥയില്‍ സ്വന്തം രാജ്യത്തെ ഉപേക്ഷിച്ചു പോകുന്നത് ശരിയാണോ?'

'സര്‍, കുടുംബത്തിന്റെ സുരക്ഷയും നോക്കണ്ടേ. അവര്‍ക്ക് ഞാന്‍ അല്ലാതെ മറ്റാരും ഇല്ല. ഞങ്ങളെ പോകാന്‍ അനുവദിക്കണം.'

'നോക്കൂ. മേലധികാരികള്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ഞങ്ങളും നിങ്ങളും ബാധ്യസ്ഥരാണ്. നിങ്ങളുടെ ഭാര്യയ്ക്കും മകള്‍ക്കും അതിര്‍ത്തി കടന്ന് പോകാം. എന്നാല്‍ നിങ്ങള്‍ക്ക് ഇവിടെ പട്ടാളത്തിലെ നിര്‍ബന്ധിത സേവനത്തിന്റെ ഭാഗമായി നില്‍ക്കേണ്ടി വരും.'

 

 

ഫ്രാങ്ക്‌ലിന്‍ നിസ്സഹായനായി.

'സര്‍ ദയവായി ഞങ്ങളെ ഒരുമിച്ചു പോകാന്‍ അനുവദിക്കൂ.'

ഐറീന്റെ കാലില്‍ വീണുള്ള കരച്ചില്‍ ഉദ്യോഗസ്ഥന് കണ്ടില്ലെന്ന് നടിക്കാനേ സാധിക്കുമായിരുന്നുള്ളൂ. ദിനം പ്രതിയുള്ള ഇത്തരം കാഴ്ചകള്‍ അയാളുടെ മനസ്സ് അത്രമേല്‍ മരവിപ്പിച്ചിരുന്നു.

'മേഡം നിങ്ങള്‍ കുട്ടിയോടൊപ്പം നടക്കൂ.അതിര്‍ത്തിക്കപ്പുറം സുരക്ഷിതമായ അഭയകേന്ദ്രം നിങ്ങള്‍ക്ക് വേണ്ടി തയ്യാറാണ്.' 

'ഇല്ല സര്‍. എന്റെ ഭര്‍ത്താവ് ഇല്ലാതെ പോകാന്‍ സാധിക്കില്ല. അല്ലെങ്കില്‍ ഞാനും നില്‍ക്കാം നിങ്ങളുടെ കൂടെ.'

'മേഡം, ദയവായി അനുസരിക്കൂ. ഞങ്ങള്‍ക്ക് ഇദ്ദേഹത്തെ കൊണ്ട് പോയേ തീരൂ.

പട്ടാളക്കാരോടൊപ്പം അവരുടെ വാഹനത്തിലേക്ക് കയറുമ്പോള്‍ ഫ്രാങ്ക്‌ലിന്‍ കണ്ടു മകളേയും നെഞ്ചോട് അടക്കി പൊട്ടിക്കരയുന്ന ഐറിനെ. കണ്ണീര്‍ കാഴ്ചയെ മറക്കുന്നു.അറിയില്ല ഇനി എന്താണ് സംഭവിക്കുകയെന്ന്. കുടുംബത്തിനെ കാണാന്‍ സാധിക്കുമോ എന്ന്.

മാസങ്ങള്‍ക്കിപ്പുറം ഒരു ക്രിസ്തുമസ് രാവ്. സന്തോഷവും സമാധാനവും നിറഞ്ഞ ദിവസങ്ങള്‍ തിരികെ വന്നിരിക്കുന്നു. നഷ്ടപ്പെട്ടതെല്ലാം യുദ്ധം അവസാനിച്ചതോടെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.

ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ശേഷം അതീവ സന്തോഷവതിയായ മരിയ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

'ഡാഡി. ഒരു കഥ പറയാമോ?'

മകളുടെ നെറുകയില്‍ തലോടി ഫ്രാങ്ക്‌ലിന്‍ പുഞ്ചിരിച്ചു.

'പിന്നെന്താ മോളേ പറയാമല്ലോ.'

'എന്ത് കഥയാ ഡാഡീ. യുദ്ധത്തിന്റെ കഥയാണോ.'

ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ ഐറിന്റെ മിഴികളോട് മിഴികള്‍ കോര്‍ത്തു.

'അല്ല മോളെ. യുദ്ധത്തിന്റെ കഥ അല്ല.കൂട്ടം തെറ്റിപ്പോയ അച്ഛന്‍കിളിയെ കാത്തിരുന്ന അമ്മക്കിളിയുടേയും കുഞ്ഞിക്കിളിയുടേയും കഥ.'

'എന്നിട്ട് അച്ഛന്‍കിളി തിരിച്ചു വന്നോ ഡാഡീ'.

'അതെ മോളേ തിരിച്ചു വന്നു. പിന്നീടുള്ള കാലം അമ്മക്കിളിയോടും കുഞ്ഞിക്കിളിയോടും ഒപ്പം സന്തോഷമായി കഴിഞ്ഞു.' 

മകളുടെ നെറുകയില്‍ ചുംബിച്ച് ഐറീന്റെ കരം ചേര്‍ത്ത് പിടിച്ച് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോള്‍ അയാള്‍ കണ്ടത് മനോഹരമായ സ്വപ്നമായിരുന്നു. 
 

click me!