അണലിമുട്ടകള്‍, പി രഘുനാഥ് എഴുതിയ കഥ

By Chilla Lit Space  |  First Published Mar 17, 2021, 5:07 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് പി രഘുനാഥ് എഴുതിയ കഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

Latest Videos

 

സന്ധ്യയ്ക്ക് ഞാന്‍ ജോലി കഴിഞ്ഞെത്തുമ്പോള്‍ പതിവില്ലാത്ത ഒരു വിഷാദത്തോടെ ഭാര്യ വീടിനുമുമ്പില്‍ നില്പുണ്ടായിരുന്നു. ചിന്തയുടെ ആഴമേറെയുള്ളതുകൊണ്ടാവാം എന്റെ ബൈക്കിന്റെ ശബ്ദമൊന്നും അവളെ ചുറ്റുപ്പാടുകളിലേക്ക് കൊണ്ടുവന്നില്ല.  സാധാരണ ഒരു പത്തുമീറ്റര്‍ അകലെ ഞാന്‍ എത്തുമ്പോഴേക്കും അവള്‍ തട്ടിപ്പിടഞ്ഞ് ഓടി വരുന്നതാണ്. എന്താണാവോ ഇത്ര കാര്യമായിട്ടാലോചിക്കാന്‍ എന്നു ചോദിച്ച് ഞാന്‍ തോളില്‍ തട്ടിയപ്പോഴാണ് ഗാഢനിദ്രയിലെന്നവണ്ണം അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കിയത്. മുന്നില്‍ എന്നെ കണ്ടതോടെ വല്ലാത്തൊരു ആശ്വാസത്തിലും സന്തോഷത്തിലും അവളുടെ മുഖം തെളിഞ്ഞു.  സങ്കീര്‍ണ്ണമായ പ്രശ്‌നത്തില്‍ അകപ്പെട്ട ഒരാള്‍ക്ക്  പെട്ടെന്ന് ഒരു വഴി തെളിഞ്ഞു കിട്ടിയതുപോലെ.  ഒന്നു ശ്വാസം വിട്ട്, സമാധാനമായെന്നുറപ്പിച്ച മുഖഭാവത്തോടെ കാര്യം പറഞ്ഞപ്പോഴാണ് അതിന്റെ ഗൗരവം എനിക്കു മനസ്സിലായത്.  

എനിക്കു തോന്നിയതുപോലെ പ്രശ്‌നം ഗുരുതരം തന്നെ. പക്ഷേ ഇതുവരെ ഒരു വഴി തെളിഞ്ഞു കിട്ടിയിട്ടില്ല. ആ ഒരു സമസ്യ ഒന്നടങ്കം എന്റെ തലയില്‍ വെച്ചു തന്ന് അവള്‍ മാറി നിന്നു.  ഇനി നിങ്ങളായി നിങ്ങളുടെ പാടായി എന്ന മട്ടില്‍.  കുടുംബ ജീവിതത്തിലും സമൂഹത്തിലും ആണുങ്ങള്‍ ഏറ്റെടുത്ത് നടത്തി  കൊടുക്കേണ്ടതായിട്ടുള്ള ചില സംഗതികളുണ്ട്.  ദാമ്പത്യത്തിന്റെ ഭദ്രതയ്ക്കും ശാന്തസുന്ദരമായ മുന്നോട്ടുള്ള പ്രയാണത്തിനും അതത്യാവശ്യമാണ്.

കല്ല്യാണം കഴിഞ്ഞ അന്നു മുതലെ അത്തരം ചില കാര്യങ്ങള്‍ എന്റെതെന്നും അവളുടെതെന്നും പറഞ്ഞ് മതില്‍ കെട്ടിത്തിരിച്ചിരുന്നു.  പഴം, പച്ചക്കറി വീട്ടിലേക്കുള്ള പലവ്യജ്ഞനങ്ങള്‍ തുടങ്ങി അടുക്കളയുമായി ബന്ധപ്പെട്ടതൊക്കെ അവളുടെ വകുപ്പില്‍ ഉള്‍പ്പെട്ടു.  ജോലികഴിഞ്ഞ് നേരം വൈകി എത്തുന്ന എന്നെ അതില്‍ നിന്ന് ഒഴിവാക്കി.  കുറി നടത്തല്‍, പിരിവു കൊടുക്കല്‍ തുടങ്ങിയ സാമ്പത്തിക ക്രയവിക്രയങ്ങളുടെ ചുമതല എന്നിലായി. കുടുംബമായാല്‍ ചില വിട്ടുവീഴ്ചകളൊക്കെ വേണ്ടെ, എന്ന് വെച്ച് സമയവൂം സന്ദര്‍ഭവും അനുസരിച്ച് ഈ കാര്യങ്ങളിലൊക്കെ ഞങ്ങള്‍ ഇടയ്ക്കിടെ പരസ്പരം സഹായിച്ചിരുന്നു. 

എന്നാല്‍ ഒരിക്കലും അവളുടെ ഭാഗത്തു നിന്നും എനിക്ക് സഹായം കിട്ടാത്ത ഒരു കാര്യമുണ്ടായിരുന്നു.  അക്കാര്യത്തില്‍ എന്തുതന്നെയായിരുന്നാലും ഞാന്‍ തനിച്ചു തന്നെ നിവര്‍ത്തിക്കണമെന്ന് അവള്‍ ശഠിച്ചു.  അതിനു കാരണമായി അവള്‍ പറഞ്ഞത് അവളുടെയും വീട്ടുകാരുടെയും സമ്മതം പരിഗണിക്കാതെ ജനവാസത്തില്‍ നിന്നൊക്കെ അകന്ന് പാടത്ത് വീടു പണിതതിലായിരുന്നു. രാത്രിയിലോ പകലോ പെട്ടെന്ന് ഒരാവശ്യത്തിന് വിളിച്ചാല്‍ ചുറ്റും ആരുമില്ല.  മാത്രമല്ല രണ്ടു വശത്തുമുള്ള പാടം നികത്തിയുണ്ടാക്കിയ പറമ്പുകള്‍ കാടുപിടിച്ചു കിടക്കുന്നു.  ഞങ്ങള്‍ താമസിക്കുന്ന വീടിനുചുറ്റം  പുല്ലിന്റെ ശല്യം വേണ്ടുവോളമുണ്ട്.  പാടം നികത്തിയുണ്ടാക്കിയതിനാല്‍ ചുറ്റുപാടും പുല്ലകയറി മൊന്ത പിടിക്കാന്‍ സമയമധികം വേണ്ട. എത്ര പേരെ കൂലിക്കിവിടെ വിളിച്ചു നിര്‍ത്തി ചെത്തിമിനുക്കിയാലും രണ്ടാഴ്ച കഴിയുമ്പോഴെക്കും പഴയപടി പുല്ലും മൊന്തയും നിറഞ്ഞിരിക്കും. 

വൃത്തിയാക്കല്‍ പരിപാടിയില്‍ കീശ കാലിയാകുന്നതാണ് മിച്ചമെന്നു കണ്ടതിനാല്‍ അത് നിര്‍ത്തി. പുല്ല് പുല്ലിന്റെ വഴിക്കു വളരട്ടെ എന്നുവെച്ചു.  വീടിനുമ്മറത്തെ പുല്ലിനെ കളയാന്‍ കോണ്‍ക്രീറ്റ് ഇട്ടു. പറമ്പു മുഴുവന്‍ ഇടാന്‍ പറ്റില്ലല്ലോ.  പുല്ലിനെതിരെയുള്ള നിസ്സംഗമായ എന്റെ മറുപടി കേള്‍ക്കുമ്പോഴോക്കെ അവള്‍ ഉറപ്പിച്ചു പറയുമായിരുന്നു, പുല്ലുവഴിയുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പ്രതിവിധി കണ്ടെത്തേണ്ടതും ഞാന്‍ തന്നെയാണെന്ന്. അതിനെതിരെ ഇടയ്ക്കിടെ അവള്‍ മറന്നുപോകുന്ന മാസമുറ ചോരകുടിയനെ എനിക്ക് വാങ്ങാന്‍ പറ്റില്ലെന്ന് പറഞ്ഞ് ഞാനും പ്രതിരോധിക്കാറുണ്ട്.  അതു പക്ഷേ അവള്‍ക്കടുത്ത് വിലപോകാറില്ല.  സൗകര്യങ്ങളൊക്കെ ഇപ്പോഴല്ലേ വന്നത് ഇതിനുമുമ്പ് പെണ്ണുങ്ങള്‍ ചെയ്തിരുന്നതെന്തെന്നും ചോദിച്ചാണ് എന്നെ തോല്പിക്കാറുള്ളത്. രണ്ടാംദിവസം അവള്‍ വലിയ ഒരു പച്ച പാക്കറ്റുമായി ജേതാവിനെ പോലെ എന്റെ മുന്നിലൂടെ നടന്നു പോകുമായിരുന്നു.


ഇത്തവണ എന്നെ കാത്തുനിന്നത് ഒരു പുല്ലുവഴി കുടുക്കു തന്നെയായിരുന്നു.  ഇടയ്ക്കിടെ പറമ്പിലും കിണറ്റിന്‍ കരയിലും ചേരയോ നീര്‍ക്കോലിയോ ഇഴഞ്ഞു പോകുമായിരുന്നു.  അപ്പോഴൊക്കെ അവള്‍ ഓടിയെത്തി എന്നെ വിളിക്കും. പാമ്പുകളെ തല്ലേണ്ടതും കൊല്ലേണ്ടതും തുരത്തേണ്ടതും ഞാനാണ്.  എനിക്കാണെങ്കില്‍ പാമ്പുകളോട് അത്ര മമതയില്ല.  തീരെ ചെറിയതെന്നു കണ്ടാല്‍, ഒരു തരത്തിലും എനിക്കെതിരെ തിരിയില്ലെന്നുറപ്പുള്ളവയെ ഞാന്‍ വടിയെടുത്ത് തല്ലിക്കൊല്ലാറുണ്ട്.  എന്റെ വടിക്കടിയില്‍ ഒതുങ്ങില്ലെന്നു തോന്നുന്ന, നീര്‍ക്കോലിയും ചേരയുമെല്ലന്ന് ഉറപ്പുള്ള വിഷപാമ്പുകളെ കണ്ടാല്‍ ഞാനൊട്ടും സമയം കളയില്ല;  കുറച്ചകലെയുള്ള ഹരിയേട്ടനെ വിളിക്കാനോടും. ആ സമയത്ത് എന്റെ പൗരുഷത്തിനോ ആണത്തത്തിനോ എല്ക്കുന്ന അപമാനക്ഷതങ്ങളെ ഞാന്‍ കണക്കിലെടുക്കാറില്ല. 

ഹരിയേട്ടനാണെങ്കില്‍ പാമ്പെന്നു കേട്ടാല്‍ ജീവനാണ്. പാടത്തുമാറിയാണ് മൂപ്പരുടെയും വീട്.  അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് പലതരത്തിലും നീളത്തിലുമുള്ള വടികള്‍ വീട്ടില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്നു.  പാമ്പിനെ കാണിച്ചു കൊടുത്താല്‍ മതി.  പിന്നെയുള്ള കാര്യങ്ങളെല്ലാം മൂപ്പരു നോക്കികൊള്ളും.  പാടത്തൊ വരമ്പിലൊ നടക്കുന്ന വഴിയിലോ എവിടെ പാമ്പിനെ കണ്ടാലും ഹരിയേട്ടന്‍ വല്ലാത്തൊരു വാശിയോടെ തല്ലിക്കൊല്ലും. അയല്‍വാസിയായി ഹരിയേട്ടനുള്ളത് വലിയൊരു ആശ്വാസമാണ്.  പക്ഷേ ഇക്കുറി, എന്റെ സപ്തനാഡികളെയും നിരാശയിലാഴ്ത്തിക്കൊണ്ട് ഹരിയേട്ടനും ആ വിഷമന്ധിയില്‍ നിന്നൂരാനാകാതെ നില്ക്കുന്നതാണ് ഞാന്‍ കണ്ടത്.

ഹരിയേട്ടന്റെ വീട്ടില്‍ മൂന്നാലഞ്ചു പശുക്കളുണ്ട്.  കാലത്ത് കൂലിപ്പണികഴിഞ്ഞു വരുന്ന ഹരിയേട്ടന്‍ സന്ധ്യയാകുന്നതിനുമുമ്പേ ചുറ്റുപാടുള്ള പറമ്പുകളില്‍ നിന്ന് ഭാര്യക്കൊപ്പം പശുക്കള്‍ക്കുള്ള പുല്ലരിയാന്‍ പോകുമായിരുന്നു.  അങ്ങനെ ആ പരിസരത്തുള്ള പറമ്പുകള്‍ വൃത്തിയാക്കുന്നത് ഹരിയേട്ടനും ഭാര്യയുമാണ്.  കയ്യില്‍ അരിവാളുണ്ടെങ്കിലും കൂടെ നല്ലൊരു വടിയും കരുതുമായിരുന്നു. ഇടയ്‌ക്കെങ്ങാന്‍ പാമ്പുകളുമായി ഉരസിയാല്‍ വടിയെടുക്കാന്‍ നേരം കിട്ടിയില്ലെങ്കില്ലോ.  അത്യാവശ്യമുള്ള ഒരു പ്രതിരോധത്തിനും ആക്രമണത്തിനും അരിവാള്‍ ഉതകുമെങ്കിലും പാമ്പിനു വേണ്ടത് വടി തന്നെയാണെന്ന് ഹരിയേട്ടനറിയാം.  അന്ന് ഹരിയേട്ടനും ഭാര്യയും പുല്ലരിഞ്ഞിരുന്നത് ഞങ്ങളുടെ വീടിനുപുറകിലെ പുല്‍ക്കാട്ടിലാണ്.  ഒരു വശത്തു നിന്നും ക്രമമായി വളര്‍ന്നു നില്ക്കുന്ന പുല്ലുകള്‍ മുറിച്ചെടുത്ത് മുറിച്ചെടുത്ത് മുന്നേറുകയായിരുന്നു.  അപ്പോഴാണത് കണ്ടത്.അരിവാളിലും വടിയിലും ഒതുങ്ങി നില്ക്കുന്ന ഒരു കാഴ്ചയായിരുന്നില്ല അത്.  സാധാരണ ഒരു കാര്യം ചെയ്യാന്‍ മറ്റാരെയും കാത്തുനില്ക്കാത്ത മൂപ്പര്‍ എന്നെ കാത്തുനില്ക്കുകയായിരുന്നു.  മുഖത്ത് ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കുഴമറിയലുണ്ട്.  എന്നെ കണ്ടപ്പോള്‍ വല്ലാത്തൊരു പുലിവാലു പിടിച്ചെന്നമട്ടില്‍ അല്പമകലെ, പുല്ലുകള്‍ മുറിച്ചു നിരത്തി വൃത്തിയാക്കിയ ഒരിടത്തേക്ക് കൈചൂണ്ടി.  വലിയ ഒരു ചേമ്പിലയില്‍ ഒട്ടിയിരിക്കുന്ന എട്ടു വെളുത്ത മുട്ടകള്‍. കഷ്ടിച്ച് ഒരു ചൂണ്ടുവിരലിന്റെ മൂന്നിലൊന്ന് വലിപ്പമുണ്ട്.  വൃത്തിയുള്ള മുട്ടകള്‍.


'ഇതെന്തിന്റെ മുട്ടകളാണ്. പാമ്പിന്‍േറ്യ...'


'പാമ്പിന്റന്ന്യേ. അണലീടെ.....'


ഞാനതിനടുത്ത് ചെന്ന് നോക്കി. ചേമ്പില കയ്യിലെടുത്തു. ഇലയുടെ ചെറുകുമ്പിളില്‍ കിടന്ന് മുട്ടകള്‍ ആകെയൊന്ന് ഉലഞ്ഞു. പൊട്ടുമെന്നു കരുതിയെങ്കിലും പൊട്ടിയില്ല. പുറംതോടിന് വിചാരിച്ചതിനേക്കാള്‍ ഉറപ്പുണ്ട്. കുറച്ചുനാള്‍ മുമ്പ് വിവിധതരം പാമ്പിനെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചിരുന്നു. അണലി മുട്ടയിടുന്ന പാമ്പാണ് എന്ന് അതില്‍ വായിച്ചിരുന്നു. എന്തായാലും മൂര്‍ഖനല്ല.  


'ഇതിപ്പൊ എന്താ ചെയ്ക?'

ഞാനാ ചോദ്യം ചോദിക്കുമ്പോഴേക്കും ഹരിയേട്ടന്റെ ഭാര്യ അടുത്തെത്തിയിരുന്നു.

'പൊട്ടിച്ചുകളഞ്ഞാലോ?'

?'അതുവേണ്ടാ.  പാമ്പിന്റെ ശാപമുണ്ടാവും.  പാമ്പിന്റെ ശാപംണ്ടായ സന്തതിപരമ്പരകളില്‍വരെ അതു നീളും.  അനുഭവം ഉളളതാ.' ഹരിയേട്ടന്റെ ഭാര്യയുടെ വക പാമ്പിന്‍ ശാപത്തെ സംബന്ധിച്ച രണ്ട് മൂന്ന് അനുഭവകഥകള്‍ തൊട്ടുപിറകെയെത്തി.  ഒന്നും മിണ്ടാതെ ഞങ്ങളത് കേട്ടു.  അതിലാണ് ഹരിയേട്ടന്‍ തളര്‍ന്നിരിക്കുന്നതെന്ന് എനിക്കു മനസ്സിലായി.  ?

'വിശ്വാസം ഇല്ല്യാച്ചാ കുഴപ്പല്ല്യായിരുന്നു.  ഇതിപ്പൊ വിശ്വാസം ഇത്തിരിണ്ടായതാ കൊഴപ്പായത്.......?'

ആ പ്രതിസന്ധി തരണം ചെയ്യേണ്ട ചുമതല പതിവിനു വിപരീതമായി എന്നിലേക്കു നീണ്ടു വരികയാണ്.

'ഇനിപ്പൊ എന്താ ചെയ്ക?' ഞാന്‍ ചോദിച്ചു.  മോട്ടോര്‍ പുരയോട് ചേര്‍ന്നുള്ള വെള്ളം കെട്ടികിടക്കുന്ന മാലിന്യക്കുഴി ചൂണ്ടി ഹരിയേട്ടന്‍ പറഞ്ഞു.

'ഇത് കൊണ്ടോയി ആ വെള്ളത്തില് ഇടാംന്നേ' 

'വെള്ളത്തിലിട്ടാ മൊട്ട വിരിയില്ലേ. പാമ്പ് കുട്ട്യോള്ണ്ടാവില്ലേ...'

'അതുവ്വ്'

'ഒന്നും രണ്ടുമല്ല, എട്ട് പാമ്പുകളാ.  തീരാത്ത ശല്യാവും'


ഭൂമുഖത്ത് നിന്ന് ഒരു പാമ്പിനെ തല്ലിക്കൊല്ലുമ്പോള്‍ ഒരു ശല്ല്യം തീര്‍ന്നല്ലോ എന്നുള്ള ആശ്വാസചിന്തയുള്ള ആളാണ് ഹരിയേട്ടന്‍.  മൂപ്പരുടെ സംസാരം കേട്ട് എന്റെ ചിന്താഗതിയും അങ്ങനെയായി.  ഹരിയേട്ടന്‍ ഗാഢമായ ചിന്തയിലാണ്.  അന്നേരത്ത് എനിക്ക് നാരായണന്‍നായരെ ഒന്നു വിളിച്ചു ചോദിച്ചാല്ലോ എന്ന് തോന്നി.  ആന, പാമ്പ്,  വൈദ്യം തുടങ്ങിയുള്ള ഏതു സംശയങ്ങളുണ്ടായാലും ഞാനാദ്യം ബന്ധപ്പെടാറുള്ളത് നാരായണന്‍നായരോടാണ്.  ഏതു സംഗതിക്കും നായരുടെ കയ്യില്‍ പ്രതിവിധിയുണ്ട്.  അപ്പോഴേക്കും ഹരിയേട്ടന്‍ ഒന്നുറച്ചു.

'നമുക്കിതിനെ തെങ്ങില്‍ ചോട്ടില്‍ കുഴിച്ചിടാം.'

'കുഴിച്ചിട്ടാല്‍ മുട്ട വിരിയില്ലേ?.'

'ചെയ്യാവുന്ന കാര്യംപ്പൊ അതേള്ളു?' ഇലയിലിരിക്കുന്ന മുട്ടയിലേക്ക് ഞാനൊന്നു കൂടി നോക്കി. എങ്ങനെയായാലും നാശം വിതക്കാതെ അടങ്ങില്ലെന്നുറപ്പുള്ള, യാതൊരു തരത്തിലും നിര്‍വ്വീര്യമാക്കാന്‍ കഴിയാത്ത രാസായുധങ്ങളാണ് അവയെന്ന് എനിക്കു തോന്നി പോയി.  പാമ്പുശാപത്തെക്കുറിച്ച് അനുഭവകഥ പങ്കുവെച്ച ഹരിയേട്ടന്റെ ഭാര്യക്കും അതാണ് ഏറ്റവും കുറഞ്ഞ ദോഷമുള്ള പരിഹാര മാര്‍ഗ്ഗമെന്ന് തോന്നി.  തെങ്ങിന്‍കടയ്ക്കല്‍ ഹരിയേട്ടന്‍ തന്നെ ഒരു കുഴികുഴിച്ചു.  ചേമ്പിലയില്‍ നിന്നുള്ള മുട്ടകള്‍ ഞാനാ കുഴിയിലേക്കിട്ടു.  ഹരിയേട്ടന്‍ മണ്ണിട്ടപ്പോള്‍ ഞാനതിനു മുകളില്‍ ചവുട്ടി നിന്ന് അമര്‍ത്തി കൊടുത്തു. ഒരു തരത്തിലും മുട്ട വിരിഞ്ഞ് അവ പുറത്തു വരാതിരിക്കാനായി.

അതിനുശേഷം രണ്ടാഴ്ചകഴിഞ്ഞ് ഞാനും സുഹൃത്ത് സുരേഷും കൂടി നാരായണന്‍ നായരുടെ വീട്ടിലേക്ക് പോയി.  മാസത്തില്‍ ഒന്നോ രണ്ടോ തവണ എന്റെ ജോലി  തീരുന്നതിനനുസരിച്ച് ഞങ്ങള്‍ അവിടെ പോകറുള്ളതാണ്.  കുറെനേരം സിനിമയും സംഗീതവും  നാട്ടുവര്‍ത്തമാനങ്ങളും പറഞ്ഞിരിക്കും.  അണലിയുടെ മുട്ടയുടെ കാര്യമൊക്കെ ഞാന്‍ മറന്നു കഴിഞ്ഞിരുന്നു.  സുരേഷിനോടുപോലും ഞാനതു പറഞ്ഞിട്ടുണ്ടായിരുന്നില്ല.  സാധാരണ എന്റെ ജീവിതദിന പ്രശ്‌നങ്ങളില്‍ അല്പമസാധാരണമായിട്ടെന്തെങ്കിലുമുണ്ടായാല്‍ ഞാനവനോട് പറയാറുള്ളതാണ്.  അവനാണെങ്കില്‍ തികഞ്ഞൊരു ഭക്തന്‍.  വിശ്വാസവും അന്ധവിശ്വാസവും കൂടിക്കുഴഞ്ഞു കിടക്കുന്ന ഒരു മനസ്സ്.  എന്തുപറഞ്ഞാലും ദൈവമായും വിശ്വാസമായും കൂടിയിണക്കും. 

ആയില്യം നക്ഷത്രം.  പാമ്പിന്റെ കാര്യത്തില്‍ ഭയാക്രാന്തന്‍.  പണ്ടൊരിക്കല്‍ ശിവന്റെ അമ്പലത്തിലേക്ക് പോകുംവഴി ഒരു സര്‍പ്പദംശനമുണ്ടായിട്ടുണ്ട്.  ഉടനെ ആശുപത്രിയില്‍ കൊണ്ടു പോയതിനാല്‍ രക്ഷപ്പെട്ടു. അതിനുശേഷം പാമ്പിന്റെ കാര്യത്തിലും ഭയങ്കരഭക്തി. പാമ്പും കാവിലും പാമ്പിന്റെ അമ്പലങ്ങളിലുമെല്ലാം മുടക്കു കൂടാതെ പോയിക്കൊണ്ടിരിക്കും.  എല്ലാ നിമിത്തങ്ങളും ലക്ഷണങ്ങളും വെച്ച് കണക്കു കൂട്ടിയേ പറയൂ. അത്രയൊക്കെ സുരേഷിനെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും ഞാനെന്തുകൊണ്ടോ അത് മറന്നു പോകുകയാണുണ്ടായത്.  പക്ഷേ ആ മറവിക്ക് രണ്ടാഴ്ചയുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.  നാരായണന്‍ നായരുടെ വീടിനുമ്മറത്തെ കൊച്ചു വര്‍ത്തമാനങ്ങള്‍ക്കിടയില്‍ അതിന്റെ ഓര്‍മ്മ മനസ്സില്‍ മുളപ്പൊട്ടി വിരിഞ്ഞു.  അതിന് വഴി വെച്ചത്  നാരായണന്‍നായരുടെ സംസാരം തന്നെ.  

'മിനിഞ്ഞാന്ന് വലിയൊരു പാമ്പ്, ഒരാറടിയോളം നീളം കാണും, തെക്കിനിയിലൂടെ ഇഴഞ്ഞ് പോക്വായിരുന്നു.  ഒരാളെക്കൊണ്ട് ഒറ്റക്കടിച്ചാ ഒതുങ്ങില്ല.  ഇനി അടിച്ചൊതുക്കാംച്ചാ നല്ല വടി വേണം.  നല്ല വടീം കിട്ടില്ല്യാ.'

'എന്നിട്ടോ?'

'എന്നിട്ടെന്താ, പൊയ്‌ക്കോട്ടെന്ന് വെച്ചു.  മൂത്തു മുരടിച്ച ഒരു വെള്ളിക്കെട്ടനായിരുന്നു. ഇവിടെ എവിടെയെങ്കിലും കാണും.

'പണ്ടൊരിക്കല്‍ അദ്ദേഹം അകത്ത് നിന്ന് ഒരു കരിമൂര്‍ഖനെ ആരുടെയും സഹായമില്ലാതെ തല്ലിക്കൊന്നിട്ടുണ്ട്.  വെള്ളിക്കെട്ടന്റെ കാര്യത്തില്‍ ഒരവസരം നഷ്ടപ്പെട്ടതില്‍ ഇച്ഛാഭംഗമുണ്ട്.  ആ സമയത്താണ് അണലിമുട്ടകള്‍ എന്നില്‍ കിളിര്‍ത്തു വന്നത്.'

'അണലീടെ മുട്ടകള്‍ നശിപ്പിക്കാന്‍ എന്താ ചെയ്യുക?'

'കുഴിച്ചിട്വാ ഭേദം.'

'അതെന്ന്യാ ചെയ്തത്.  അപ്പൊ ചത്തോളും ല്ലേ.'

'ചെലപ്പോ അണലി മുട്ടകളാവില്ല. ആമയുടെതാവും'

'അതിങ്ങനെ ഇത്രയുണ്ട്'-ഞാന്‍ ചൂണ്ടുവിരലിന്റെ ആദ്യവരയില്‍ വിരല്‍ വെച്ചു.  

'ഒരെട്ടെണ്ണം.  ഒട്ടിപ്പിടിച്ച് കെട്ക്കുന്നൂ.'

'അപ്പൊ സംശയിക്കേണ്ടാ. അണലിമുട്ട തന്നെ.'

എന്നിട്ട് ദീര്‍ഘമായി ഒന്നു ശ്വസിച്ചിട്ട് നീണ്ട ഒരു സംഭാഷണത്തിലേക്ക് തിരിയാനുള്ള വട്ടമായി'  


'എന്നെ ഒരിക്കേ അണലി കടിച്ചിട്ടുണ്ട്.  ഞാന്‍ പറപ്പൂക്കാവ് പൂരത്തിന് പൂവ്വാനുള്ള തയ്യാറെടുപ്പാ. അച്ഛനുള്ള കാലം. ഒരു സൈക്കിളിലാ പൂരത്തിന് പോക്ക്.  അങ്ങനെ നില്ക്കുമ്പോ, ഒരു കൂട്ടര്‍ ഒരു മാവ് നോക്കാന്‍ വന്നു. പറമ്പില്‍ പോയി ഞാന്‍ ഒരെണ്ണം കാണിച്ചു കൊടുത്തു.  അവര്‍ക്കത് ബോധിക്കേം ചെയ്തു. ഞാന്‍ സൈക്കിളെടുത്ത് പൂവ്വാന്‍ നില്ക്കുമ്പോ അതാ അവര് വരുന്നു.  അവര്‍ക്ക് വേറൊന്ന് കാണിച്ചു കൊടുക്കണംത്രെ.  എനിക്ക് ദ്വേഷ്യം വന്നു.  എന്നാലും ഞാന്‍ നിയന്ത്രിച്ചു.  പറമ്പിന്റെ ഇടയ്ക്ക് ചെറിയൊരു പാടമുണ്ട്.  അതിനപ്പുറത്തുള്ള ഒന്നു കാണിച്ചുകൊടുത്ത് ഞാന്‍ വേഗത്തില്‍ പോന്നു.  കാലില്‍ എന്തോ കോറീല്ലേ, എന്നു സംശയം.  പൂരത്തിന് പോണ ധൃതീയില് അപ്പോ നോക്കാന്‍ നിന്നില്ല. ഉമ്മറത്ത് വന്ന് നോക്കിയപ്പോ തള്ളവിരലിന്റെ മോളില്‍ നിന്ന് ചെറുതായി ചോരവരുന്നു. അച്ഛനും ഏട്ടനും അകത്തിരുന്ന് ഊണ് കഴിക്കുന്നുണ്ട്.  എന്തുപറ്റിയെന്നു അച്ഛന്‍ ചോദിച്ചപ്പോ ഒന്നു കോറി എന്നു ഞാന്‍ പറഞ്ഞു.  കുറച്ച് തുളസീം ഭസ്മവും കൂടി ഞാന്‍ മുറിവില്‍ തിരുമ്പി.  അപ്പോഴാണ് അച്ഛന്‍ അടുത്ത് വന്ന് നോക്കീത്.  കണ്ട ഉടനെ അച്ഛന്‍ ഏട്ടനെ വിളിച്ച് വേലു ആശാന്റെ അരികിലേക്ക് കൊണ്ടുപോകാന്‍ പറഞ്ഞു.  സ്ഥലത്തെ പ്രധാന വിഷഹാരിയാണ് വേലു ആശാന്‍.  മിടുക്കന്‍.  കയ്യില്‍ വിഷക്കല്ലുള്ള വൈദ്യന്‍ാരില്‍ ഒരാള്.  ഞങ്ങള്‍ ചെല്ലുമ്പോ രണ്ടു പാത്രങ്ങളിലായി മരുന്നൊക്കെ അരച്ചു ശരിപ്പെടുത്തിയിരിക്കുകയാണ്.  ദൂത് എത്തിയിരിക്കുന്നു അവിടെ.  കണ്ടപാടെ ചോദിച്ചു. അല്ല, നരേണനായിരുന്നൂല്ലേ. ശരിവര്വാ.  അപ്പോഴെക്കും എനിക്കാകെ ക്ഷീണം തോന്നി തുടങ്ങിയിരുന്നു.  ആശാന്‍ മരുന്ന് പ്രയോഗം തുടങ്ങി. വിഷക്കല്ല് വെച്ച് കടിവായില്‍ ഉരച്ചുകൊണ്ടിരുന്നു.  വിഷം എന്റെ വാരി വരെ കയറിയിരുന്നു.  എനിക്കാണെങ്കില്‍ കണ്ണടഞ്ഞു പോകുകയാണ്.  ഒരു രക്ഷയില്ല.  വിഷം സാവകാശം കിഴോട്ടിറങ്ങുന്നത് അറിയാം.  തരിപ്പിങ്ങനെ താഴത്തേക്കിറങ്ങിവരികയാണ്.  അവസാനം കാല്‍പത്തിയെത്തിയപ്പോള്‍ ആശാന്‍ ചോദിച്ചു.  തരിപ്പ് തിര്‍ന്നോന്ന്. മടുത്ത് മതിയായ ഞാനൊരു നുണ പറഞ്ഞു, തരിപ്പില്ലാന്ന്. എങ്കില്‍ നാരായണന്‍ പുരക്കു ചുറ്റുമൊന്ന് ഓടീട്ടു വരാന്‍ പറഞ്ഞു.  ഓടീട്ടു വന്നപ്പൊ വീണ്ടും തരിപ്പും ക്ഷീണവും. അപ്പൊ ആശാന്‍ പറഞ്ഞു. നാരേണന്‍ അസാരം പൊളിയും പറയുംല്ലേ എന്ന്. വീണ്ടും വിഷക്കല്ലുരയ്ക്കല്‍ തന്നെ.  സമയമപ്പോള്‍ രാത്രി പന്ത്രണ്ടുമണിയായി.  ഉച്ചക്ക് പന്ത്രണ്ടു മണിക്ക് പറ്റിയതാണെന്ന് ഓര്‍ക്കണം.  നന്നായി ഉറക്കം വരുന്നുണ്ട് അല്ലേ.  ശരി ഇല്ലത്ത് പോയി സുഖായി ഉറങ്ങിക്കോള്ളൂ എന്ന് പറഞ്ഞ് രണ്ട് കണ്ണിലും മരുന്നെഴുതി. സമാധാനമായി ഇല്ലത്തെത്തി ഞാന്‍ കിടന്നു.  കണ്ണടച്ചു കിടന്നാലും ഉറങ്ങാനേ പറ്റുന്നില്ല ഒരു നിമിഷം പോലും. അങ്ങനെ നേരം വെളുത്തു.  ഉച്ചയായി.  പന്ത്രണ്ടുമണിയായപ്പോള്‍ ആശാന്‍ വന്നു. ആകെ നോക്കി. കുഴപ്പമില്ലെന്നു പറഞ്ഞു.  പിന്നെ മൂന്നു വര്‍ഷം മുടങ്ങാതെ കഴിക്കാനുള്ള ഒരു കഷായത്തിനെഴുതി.  ആ മൂന്നുവര്‍ഷം മുടങ്ങാതെ കഷായം കഴിച്ചു.  അതുവരെ വിരലിന്റെ തുമ്പത്ത് തരിപ്പുണ്ടായിരുന്നു.  മൂന്നുവര്‍ഷം കഴിഞ്ഞപ്പോ തരിപ്പ് നിശ്ശേഷം വിട്ടുമാറി.     

തുടര്‍ന്ന് തള്ളവിരല്‍ ഞങ്ങള്‍ക്ക് കാണിച്ചു. അതിന്റെ മുകളില്‍ ഞെരാണിയില്‍ മുറിവുണ്ടാക്കിയപാട്.

'അണലി അന്നെന്നെ ഒത്തിരി വട്ടം കറക്കി. ഒരു പല്ലേ കൊണ്ടിരുന്നുള്ളൂ.  അത് എല്ല്മല് ആയിരുന്നു.  അതുകൊണ്ട് വല്ല്യ അപകടം ഇല്ലായിരുന്നു.'   

'പാമ്പ് കടിച്ചാ അപ്പൊ വിഷ വൈദ്യന്‍മാര്‍ക്കടുത്ത് പോവ്വ്വാ നല്ലത് അല്ലേ.'   

'ഇന്നത്തെ കാലത്ത് പോയാ ആള് തട്ടിപ്പോകും എന്നു മാത്രം.  അന്നങ്ങനെയല്ല.  എല്ലാ പച്ച മരുന്നിനുമുള്ള സസ്യജാലങ്ങള്‍ സമൃദ്ധം. ഒരു പറ എരിക്കിന്‍ പാല് വേണം. ഇന്നീ കേരളം മുഴുവന്‍ നടന്നാലും ഒരു പറ കിട്ടില്ല.  അതുപോലെ ഓരോ സംഗതിയും.  ഇന്നിപ്പൊ വിഷക്കല്ലുള്ള വൈദ്യന്‍മാരാന്നെണ്ടാവില്ല.'

'എന്താ ഈ വിഷക്കല്ല് എന്ന് പറഞ്ഞാ.'  സുരേഷിന്റെ സംശയം.   

'അത് കുറെ ആയൂര്‍വേദ മരുന്നുകള്‍ അടങ്ങിയ ഒരു കല്ലാണ്. കടിവായില്‍ അതുകൊണ്ടിങ്ങനെ ഉരച്ചുകൊണ്ടിരിക്കും.  വിഷം വലിച്ചെടുക്കുന്നതിനൊപ്പം കല്ല് ചെറുതായിക്കൊണ്ടിരിക്കും.  വേലു ആശാന്റെ അവസാനത്തെ വിഷക്കല്ല് ഉപയോഗിച്ചത് എന്നെ കടിച്ച അണലി വിഷം ഇറക്കാനാണ്...'   

'അപ്പൊ പിന്നെ ഇന്ന് അലോപ്പതിയിലേക്ക് വിട്വാ നല്ലത് അല്ലേ..'

'അതെ.  കടിച്ച പാമ്പും ഏതാണ് നിശ്ചംണ്ടെങ്കീ എളുപ്പമായി. അതിനുള്ള ആന്റിവീനം പ്രയോഗിച്ചാ മതീലോ...'  

അന്നേരം എനിക്കല്‍പ്പം അമ്പരപ്പ് തോന്നാതിരുന്നില്ല.  ഇന്നേവരെ നാരായണന്‍ നായര്‍ അലോപ്പതിയെ ആയൂര്‍വേദത്തിനു മീതെ ഉയര്‍ത്തി കാണിച്ചിട്ടില്ല.  എന്തു സംഗതിക്കും ആയുര്‍വേദം കഴിഞ്ഞിട്ടേയുള്ളൂ രക്ഷാവിധി എന്നു പറഞ്ഞിരുന്ന ആളാണ്.  അതിന് കാരണവുമുണ്ടായിരുന്നു.  നായരുടെ മൂത്ത പുത്രന്‍, പ്രസവത്തില്‍ ഡോക്ടറുടെ കൈപ്പിഴമൂലം ബുദ്ധിമാന്ദ്യം സംഭവിച്ചു പോകുകയാണുണ്ടായത്.  അതോടൊപ്പം ശരീരമാസകലം തളര്‍ന്നുപോകുകയും ചെയ്തു.  ഇരുപത്തിയൊന്നു വയസ്സുവരെ മകന്‍ ജീവിച്ചു.  ആ ഇരുപത്തിയൊന്നു വര്‍ഷക്കാലവും അദ്ദേഹത്തിന് പീഡിത കാലമായിരുന്നു.  സകല കാര്യത്തിനും മകന് പരസഹായം വേണം.  എപ്പോഴും കൂടെ അദ്ദേഹം തന്നെ.  കാണാന്‍ കൊതിച്ചുണ്ടായ ആ മകനെ കാണുമ്പോഴൊക്കെ അദ്ദേഹത്തില്‍ പ്രസവമെടുത്ത ഡോക്ടറെയും അലോപ്പതിയെയും കുറിച്ച് കയ്പ്പുള്ള സ്മരണകള്‍ നിറയും.  കാണുന്നവരോടൊക്കെ അലോപ്പതിയെക്കുറിച്ച് കുറ്റം പറയും.  ആ നായരാണ് ഇപ്പോള്‍ പാമ്പു വിഷവിഷയത്തില്‍ തിരിഞ്ഞിരിക്കുന്നത്.

'നാരണേട്ടനെ അണലികടിക്കുന്നത് എന്നാണ്...'  

'എന്റെ കല്ല്യാണം കഴിഞ്ഞ കാലത്താണ്. അന്ന് കുട്ടിയുണ്ടായിട്ടില്ല...'

സുരേഷ് എന്നെയൊന്നു നോക്കി. ആ കണ്ണില്‍ എന്തോ ഒന്ന് മിന്നി മാഞ്ഞു.  എനിക്കത് മനസ്സിലായില്ല.  നാരായണന്‍നായര്‍ വിഷമകാലത്തിലേക്ക് തിരിച്ചുപോകുകയാണ്.

'മകനേം കൊണ്ടു നടന്ന ഇരുപത്തിയൊന്നു വര്‍ഷം. തികച്ചും കഠിനകാലമായിരുന്നു.  ചികിത്സതന്നെ ചികിത്സ.  പണച്ചെലവല്ലാതെ ഫലമൊന്നുമില്ല. കാശിന് വല്ലാത്ത ഞെരുക്കം. ചെയ്യുന്ന ബിസിനസ്സുകളൊക്കെ മുടിഞ്ഞു. എന്നിട്ടും ഒരിക്കേപോലും ആത്മഹത്യചിന്ത മനസ്സില്‍ ഉദിച്ചില്ല.  അതുതന്നെ ഭാഗ്യം.  അന്നത്തെ ആ ജീവിതവും ടെന്‍ഷനും ഒരസുഖം തന്നു.  ഗ്യാസ് ട്രബിള്‍.  ഒരു തരം അള്‍സര്‍ അതിന് സ്വന്തമായിട്ട് ഒരു മരുന്നും കണ്ടെത്തി.'

നാരായണന്‍നായര്‍ക്ക് സ്വന്തമായി പല മരുന്നുകളുമുണ്ട്.  പല കാര്യത്തിനും സ്വയം ചികിത്സയാണ്.  അത് ഫലിച്ചില്ലെങ്കിലേ വൈദ്യന്‍മാര്‍ക്കടുത്ത് പോകൂ.

'എള്ളും ചുക്കും ശര്‍ക്കരയും അരച്ച് പാലില്‍ ചേര്‍ത്ത് ദിവസവും കഴിക്കുക.  ഗ്യാസ് പെട്ടെന്ന് ശമിക്കും..'- അന്ന് അവിടെ നിന്ന് കിട്ടിയ വിവരം അതായിരുന്നു. സുരേഷ് പക്ഷേ അത് ശ്രദ്ധിക്കുന്നില്ല.  അവന്‍ എന്തോ ഒന്ന് തെളിഞ്ഞു കിട്ടിയ തിളക്കമുള്ള മിഴികളുമായി എന്നെ നോക്കി കൊണ്ടിരുന്നു. തിരിച്ചു പോരുമ്പോഴാണ് സുരേഷ് പറഞ്ഞത്.

'അരവിന്ദോ, എനിക്കിപ്പൊ ഒരു കാര്യം ഉറപ്പായി നാരായണന്‍നായര്‌ടെ മകന് ബുദ്ധിക്കും ശരീരത്തിനും വൈകല്യം സംഭവിച്ചത് പ്രസവഡോക്ടറുടെ കുഴപ്പം കൊണ്ടോ അലോപ്പതിയുടെ കുഴപ്പം കൊണ്ടോ അല്ല.'

'പിന്നേ'

'നാരായണന്‍നായര്‌ടെ ശരീരത്തില് അണലിവിഷത്തിന്റെ അംശമുണ്ടായിരുന്നു. അതാണ് കാരണം.'

സുരേഷ് ഉറപ്പിച്ചു പറഞ്ഞപ്പോള്‍ എനിക്കും മറുപടി ഇല്ലാതായി.  വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അരണ്ട പ്രകാശമുള്ള ഒരു രാത്രിയില്‍,  കുതിച്ച് പാഞ്ഞ അസംഖ്യം പുരുഷ ബീജങ്ങളില്‍ ഏതിലോ ചിലതില്‍ അണലി വിഷത്തിന്റെ കറയുണ്ടായിരുന്നു എന്ന അറിവ് അല്പമൊരു ഭീതിയോടെ എന്നില്‍ നിറഞ്ഞു.  ഭാര്യയുമൊത്തുള്ള സഹശയനത്തിനുശേഷം ഉറക്കം വരാതെ കിടന്നപ്പോള്‍ എന്റെ ജീവിത പങ്കാളിയുടെ നഗ്‌നമായ അടിവയറ്റില്‍ ഞാന്‍ മെല്ലെ തലോടി.  അതിന്റെ അഗാധതയില്‍ എവിടെയെങ്കിലും വിരിയാതെ പോയ വിഷകുഞ്ഞുങ്ങള്‍ പറ്റി കിടക്കുന്നുണ്ടോ എന്ന് കൈവെച്ച് നോക്കി, തിരിച്ചറിയാതെയായപ്പോള്‍ ഞാന്‍ ചെവിയോര്‍ത്തു.  അവളുടെ പൊക്കിളിനു മുകളില്‍ ചെവിവട്ടം പിടിച്ച് കിടന്ന ഞാന്‍ മെല്ലെ ഉറങ്ങിപോയി.  അപ്പോള്‍ എന്റെ പറമ്പിലെ തെങ്ങിന്‍ചുവട്ടിലെ ചവുട്ടി അമര്‍ത്തിയ മണ്ണിനടിയില്‍ ചൂണ്ടുവിരലിന്റെ മൂന്നിലൊന്നു വലുപ്പമുള്ള പാമ്പിന്‍ മുട്ടകള്‍ പൊട്ടിവിരിഞ്ഞ് അണലികുഞ്ഞുങ്ങള്‍ പുറത്തുവരുന്നത് കണ്ടു.  പ്രപഞ്ചത്തിലെ ഒരു ശക്തിക്കും തടുക്കാന്‍ കഴിയാത്ത അവ വല്ലാത്ത ഒരു ഊര്‍ജ്ജപ്രവാഹത്തില്‍ പാതാളത്തിന്റെ അഗാധതതയില്‍ നിന്ന് മുകളിലേക്ക് കുതിച്ചുവന്നു.  മണ്ണിനുമുകളില്‍ വന്ന അവ വേഗത്തില്‍ ഇഴഞ്ഞിഴഞ്ഞ് എന്റെ കിടപ്പറക്കരികിലെത്തി.  എന്റെ ഇരുകാലിലെയും വിരലുകളിലൂടെ അവ എന്നിലേക്ക് തുളച്ചുകയറി അലിഞ്ഞു.  ഞാനും അവളും രണ്ടെന്നല്ലാതെ ഒന്നെന്നുപോലും അറിയാതെ ലയിച്ചു കിടന്ന നിമിഷങ്ങളില്‍ ഒന്നില്‍ എപ്പൊഴോ ആയിരുന്നു അത്.  അതുകൊണ്ട് ഒന്ന് ഞെട്ടിപിടഞ്ഞ് എഴുന്നേല്‍ക്കാനോ അലറി കരയാനോ എനിക്കാകുമായിരുന്നില്ല.  അടഞ്ഞുകൂമ്പിയ ഞങ്ങളുടെ കണ്ണുകള്‍ സജലങ്ങളായിരുന്നു അപ്പോള്‍.

 

click me!