ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് നൗഫിയ എസ് എഴുതിയ സയന്‍സ് ഫിക്ഷന്‍
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
ബോര്‍ഡ് അംഗങ്ങളെല്ലാം ഡോക്ടര്‍ റേയുടെ വിശദീകരണത്തിനായി കാത്തിരുന്നു. പത്തുപേരോളം വരുന്ന ആ സംഘം അക്ഷമരായി ക്ലോക്കിലും വാതിലിലേക്കും മാറി മാറി നോക്കി. ഡോക്ടര്‍ റേ ഇനിയും അവിടെ എത്തിയിട്ടില്ല. എല്ലാവരുടെയുമുള്ളില്‍ നേരിയ ഭയം നിലനിന്നിരുന്നു. പക്ഷേ ആരുമത് പുറത്ത് പറഞ്ഞില്ല.
കഴിഞ്ഞതവണ മീറ്റിംഗ് കൂടിയപ്പോള്‍ തന്നെ ഡോക്ടര്‍ റേ തന്റെ നിഗമനങ്ങള്‍ അവരുമായി പങ്കുവെച്ചിരുന്നു. അവയെല്ലാം തന്നെ അവരിലെ ഭയത്തെ ഇരട്ടിപ്പിച്ചിരുന്നു. ആ മുറിയുടെ വാതില്‍ തുറന്നുകൊണ്ട് റേയുടെ അസിസ്റ്റന്റായ ഡൊമിനിക് കടന്നുവന്നു. എല്ലാവരോടും ഗുഡ് മോര്‍ണിംഗ് പറഞ്ഞകൊണ്ട് ഡൊമിനിക് പ്ലാറ്റഫോമിലേക്ക് കയറി നിന്നു.
'ഡൊമിനിക്... വെയര്‍ ഈസ് മിസ്റ്റര്‍ റേ?'-എല്ലാവരുടെയും ചോദ്യമതായിരുന്നുവെങ്കിലും അത് ഉറക്കെ ചോദിച്ചത് ഡയറക്ടര്‍ നോവ ആയിരുന്നു.
'അദ്ദേഹം ഇനിയും ആ വസ്തുവിനെ പഠിച്ചു തീര്‍ന്നിട്ടില്ല.'
'പുതുതായി എന്തെങ്കിലും വിവരം? '
'ആ വസ്തു ഭൂമിയിലുള്ളതല്ല എന്ന് അദ്ദേഹത്തിന് നൂറുശതമാനം ഉറപ്പാണ്. അതിന്റെ ഘടന ഭൂമിയിലെ ഒരു വസ്തുവുമായും ഒരു സാദൃശ്യവുമില്ല. കൂടാതെ അതിന്റെ ഘടന പലപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് പൂര്‍ണ്ണമായി ഒരു നിഗമനത്തിലെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല.'
'ഇത് ഏതെങ്കിലും ഉല്‍ക്കയുടെ അവശിഷ്ടമായിക്കൂടെ?' ഡോക്ടര്‍ സുന്ദര്‍ ചോദിച്ചു.
ഞങ്ങള്‍ അത്തരത്തിലും ഒരുപാട് ഗവേഷണം നടത്തിയിരുന്നു. പക്ഷേ നമ്മള്‍ ഇതുവരെ പഠിച്ചിട്ടുള്ള ഒരു ഉല്‍ക്കയുടെ അവശിഷ്ടവുമായും ഈ വസ്തുവിന് യാതൊരു വിധത്തിലുള്ള സാദൃശ്യവുമില്ല. നമ്മള്‍ ഇത് വരെ പഠിച്ചിട്ടുള്ള എല്ലാ ഉല്‍ക്കകളിലും നമുക്ക് പരിചിതമായ മൂലകങ്ങള്‍ ഉണ്ടാവും. എന്നാല്‍ ഇതില്‍ അത്തരത്തിലുള്ള ഒരു മൂലകവുമില്ല. കൂടാതെ ഘടന മാറിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.'
'ഇത് സൗരയുഥത്തിനു പുറത്തുള്ള വസ്തുവെന്നാണോ റേ യുടെ നിഗമനം?'
'നമ്മുടെ ക്ഷീരപഥത്തിനും പുറത്തുള്ളതാവാന്‍ സാധ്യതയേറെയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.'
'പക്ഷേ... ഡോമിനിക് ഇത്തരത്തിലുള്ള ഒരു വസ്തു എങ്ങനെ ഇവിടെയെത്തി? അതും നാസയുടെ ഹെഡ് ഓഫീസിന് മുന്നില്‍ത്തന്നെ..?'
'അതിനുള്ള ഉത്തരം ഇതുവരെ ഞങ്ങള്‍ക്കും കിട്ടിയിട്ടില്ല.'
മീറ്റിംഗ് കഴിഞ്ഞ് പോകുമ്പോള്‍ എല്ലാവരുടെയുമുള്ളില്‍ ആയിരം ചോദ്യങ്ങളായിരുന്നു. അന്യഗ്രഹജീവികളാവാം ഇതിന്റെ പിന്നിലെന്ന് അവര്‍ക്ക് ഏകദേശം ഉറപ്പായ് കഴിഞ്ഞിരുന്നു. എങ്കിലും ഡോക്ടര്‍ റേയുടെ വിശദീകരണത്തിനായ് അവര്‍ കാത്തിരുന്നു.
ഏകദേശം രണ്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു നാസയുടെ ഹെഡ് ഓഫീസിന് മുന്നില്‍ അന്നത് വരെ ആരും കണ്ടിട്ടില്ലാത്ത മഞ്ഞനിറത്തിലെ ഒരു ഗോളം പ്രത്യക്ഷപ്പെട്ടത്, ചെറിയ പന്ത് പോലുള്ള ഒരെണ്ണം. കണ്ടവരില്‍ ചിലരൊന്നും ആ വസ്തുവിനെ കാര്യമാക്കിയില്ല. എന്നാല്‍ ഡോക്ടര്‍ റേയുടെ കണ്ണുകള്‍ ആ വസ്തുവില്‍ ഉടക്കുക തന്നെ ചെയ്തു.
ഡൊമിനിക് സി സി ടി വി ദൃശ്യങ്ങള്‍ എല്ലാം പരിശോധിച്ചു. എന്നാല്‍ ആ വസ്തു എങ്ങനെയവിടെ എത്തിച്ചേര്‍ന്നു എന്നതിന് യാതൊരുവിധ തെളിവും ലഭിച്ചില്ല. എന്നാല്‍ ഇത് അമേരിക്കയിലെ മാത്രം സംഭവമായിരുന്നില്ല, ഒട്ടുമിക്ക രാജ്യങ്ങളിലും ഇത്തരത്തിലുള്ള ഒരു വസ്തു എത്തിച്ചേര്‍ന്നിരുന്നു. ആ വസ്തുവിനെ ചിലര്‍ പരിഗണിച്ചു, മറ്റുചിലര്‍ അവഗണിച്ചു. പല രാജ്യങ്ങളും ആ വസ്തുവിനെ പഠിക്കാന്‍ തുടങ്ങി, എല്ലാ പഠനങ്ങളും ചെന്നു നിന്നത് ഇത് ഭൂമിയിലെ ഒരു വസ്തുവല്ല എന്ന നിഗമനത്തിലായിരുന്നു. പക്ഷേ ഇവ എങ്ങനെ ഭൂമിയിലെത്തി എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമു ണ്ടായിരുന്നില്ല.
മാധ്യമങ്ങളും ഗവേഷകരും ഭൂമിയെ ചുറ്റുന്ന അന്യഗ്രഹജീവികള്‍ക്കായ് തെരച്ചില്‍ തുടങ്ങി. പലരും അന്യഗ്രഹജീവികളെ കണ്ടെന്ന പേരില്‍ രംഗത്ത് വന്നു.
ഡോക്ടര്‍ റേ അപ്പോഴും തന്റെ ലാബിലായിരുന്നു. ഡൊമിനിക് അന്യഗ്രഹജീവികളുടെ പേടകങ്ങള്‍ കണ്ടെത്താനായി പലവിധ പരീക്ഷണങ്ങള്‍ നടത്തി. കൂടാതെ മറ്റു രാജ്യങ്ങളില്‍ നടന്ന പഠനങ്ങളുടെ വിവരങ്ങളെല്ലാം പരമാവധി ശേഖരിച്ചു. കല്ലുപോലുള്ള ഗോളകൃതിയിലുള്ള ആ വസ്തുവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ലോകമെമ്പാടും നിറഞ്ഞുനിന്നു. ചിലര്‍ ഇത് അന്യഗ്രഹജീവികളുടെ എന്തെങ്കിലും അറിയിപ്പാണെന്ന് വാദിച്ചപ്പോള്‍, ചിലര്‍ ഇത് ഗവണ്‍മെന്റുകള്‍ ചേര്‍ന്നു പറയുന്ന കെട്ടുകഥയാണെന്ന് പ്രചരിപ്പിച്ചു. മറ്റുചിലര്‍ ആ വസ്തു ദൈവത്തിന്റെ ഒരു അംശമാണെന്ന് വാദിക്കുകയും ലാബുകളിലിരിക്കുന്ന അവ ആരാധനാലയങ്ങളിലാണ് സൂക്ഷിക്കേണ്ടതെന്നപേരില്‍ കലാപങ്ങള്‍ക്ക് ആഹ്വാനം നടത്തുകയും ചെയ്തു. ചില ധനികര്‍ ഐശ്വര്യം വര്‍ധിക്കുമെന്ന പേരില്‍ അവയെ ലേലത്തില്‍ സ്വന്തമാക്കി ലോക്കറുകളില്‍ സൂക്ഷിച്ചു.
ഒരുമാസം കടന്ന് പോയി. ലോകം കണ്ണുതുറന്നത് ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കേട്ടായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ പേടകം തകര്‍ന്നിരിക്കുന്നു. പക്ഷേ എങ്ങനെയെന്ന് ഒരറിവുമില്ല. ബഹിരാകാശപേടകത്തിലെ യാത്രികര്‍ മരിച്ചിട്ടുണ്ടാകും എന്ന് ഏകദേശം എല്ലാവര്‍ക്കും ഉറപ്പായിരുന്നു. മനുഷ്യന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് പല പല ഭാഗങ്ങളായി ഭൂമിയുടെ അന്തരീക്ഷത്തിന് മുകളില്‍ ചലിച്ചുകൊണ്ടിരുന്നു. എന്നാല്‍ അപകടം അവിടെയും അവസാനിച്ചില്ല.
നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മനുഷ്യന്റെ പല കണ്ടുപിടിത്തങ്ങളും ബഹിരാകാശത്തില്‍ വെറും മാലിന്യങ്ങളായി പറന്നു നടന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ തുടര്‍ന്ന് ഹബിള്‍ ദൂരദര്‍ശിനിയും വിക്ഷേപിച്ചിട്ട് നാലുവര്‍ഷം മാത്രമായ ജെയിംസ് വെബ് ദൂരദര്‍ശിനിയും എല്ലാം തന്നെ നാമവശേഷമായി. അവയുടെയെല്ലാം ചിലഭാഗങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ ഒരു തീഗോളമായി പതിച്ചു. പലരും ഇത് ലോകാവസാനത്തിന്റെ സൂചനായി വിധിയെഴുതി.
അന്നേരം ഡോക്ടര്‍ റേയുടെ ലാബിലിരുന്ന ആ വസ്തു അസാധാരണമായി തിളങ്ങാന്‍ തുടങ്ങി. ഡോമിനിക് അത് ശ്രദ്ധിച്ചു. പക്ഷേ ഒരു നിമിഷത്തിനുള്ളില്‍ തന്നെ ആ വസ്തു പൊട്ടിത്തെറിച്ചു. കിലോമീറ്ററുകളോളം അതിന്റെ ആഘാതം നിലനിന്നു. ഒരു നിമിഷം കൊണ്ട് തന്നെ ചുറ്റുമുള്ളവയെല്ലാം വെറും ചാരമായ് മാറി. അതേ സമയം തന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലായി ലാബുകളിലും ആരാധനാലയങ്ങളിലും ലോക്കറുകളിലുമായിരുന്ന മഞ്ഞനിറത്തിലെ ആ ഗോളങ്ങളെല്ലാം തന്നെ പൊട്ടിത്തെറിച്ചു. മനുഷ്യന്റെ കാഴ്ച്ചകളില്‍ നിന്നും മറഞ്ഞ് ചില ഗോളങ്ങള്‍ കടലില്‍ പതിച്ചിരുന്നു. അവ കടലില്‍ സ്‌ഫോടനമുണ്ടാക്കി. അത് സുനാമിയില്‍ അവസാനിച്ചു. നിമിഷനേരം കൊണ്ട് ഭൂമിയിലെ എല്ലാ ജീവജാലങ്ങളും നാമവശേഷമായി.
അന്നേരം... അതുവരെ മനുഷ്യന്റെ കാഴ്ച്ചകളില്‍ നിന്നും മറഞ്ഞിരുന്ന ഒരു അന്യഗ്രഹപേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നു. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും നശിച്ചുവെന്ന് ആ ജീവികള്‍ക്കുറപ്പായിരുന്നു.
ജനസംഖ്യാ വര്‍ദ്ധനവ് മൂലം തങ്ങളുടെ ഗ്രഹത്തില്‍ പ്രശ്‌നങ്ങള്‍ എറിവരികെ താമസിക്കാനായി പുതിയൊരു വാസസ്ഥലം അവര്‍ തേടിത്തുടങ്ങിയിട്ട് നാളുകള്‍ ഏറെയായിരുന്നു. ഒടുവില്‍ അവര്‍ ഭൂമിയെ കണ്ടെത്തി. അവര്‍ക്ക് ജീവിക്കാന്‍ അനുയോജ്യമാണ് ഭൂമിയെന്ന് അവര്‍ തിരിച്ചറിഞ്ഞു. തങ്ങളുടെ വംശത്തിന്റെ നിലനില്‍പ്പിനായി ഭൂമിയെയും അവിടത്തെ ജീവികളെയും അവരുടെ സാങ്കേതിക വിദ്യകളെയും തകര്‍ക്കാന്‍ അവര്‍ തീരുമാനിച്ചു. അവരതില്‍ വിജയിക്കുകയും ചെയ്തു.
ആദ്യമായി ഭൂമിയെ തകര്‍ക്കാന്‍ കെല്‍പ്പുള്ള സ്‌ഫോടകവസ്തുക്കള്‍ അവര്‍ ഭൂമിയില്‍ പലയിടത്തായി നിക്ഷേപിച്ചു. ഭൂമിയിലെ എല്ലാ ജീവികളെയും തകര്‍ക്കാന്‍ കഴിയും വിധം സ്‌ഫോടകവസ്തുക്കള്‍ ഭൂമിയിലിട്ടതിന് ശേഷം അവര്‍ അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ ലക്ഷ്യമിട്ടു. അവര്‍ വിജയിക്കുക തന്നെ ചെയ്തു. വാസയോഗ്യമായ ഒരു ഗ്രഹം കണ്ടെത്തിയതില്‍ ആ ജീവികള്‍ ആഹ്ലാദിച്ചു. ഭൂമിയിലേക്ക് അവരുടെ പേടകങ്ങള്‍ കൂട്ടമായ് വന്നിറങ്ങി.
അപ്പോഴേക്കും, ഒരിക്കല്‍ ദിനോസറുകള്‍ ഭൂമിയില്‍ നിന്നും എന്നന്നേക്കുമായി അപ്രത്യക്ഷമായ പോലെ മനുഷ്യവിഭാഗവും കൂടെ ഒട്ടനവധി ജീവി വിഭാഗങ്ങളും ഭൂമിയില്‍ നിന്നും എന്നന്നേക്കുമായി അപ്രത്യക്ഷമായിരുന്നു.