ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നീതു യു. വി എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ചിത്രപ്പലകയുടെ മുഖഭാഗത്ത് ഉദാസീനമായി ആടിക്കൊണ്ടിരുന്ന ക്യാന്‍വാസ് വികാരാദ്വേഗത്തോടെ അഴിഞ്ഞു നിലത്തുവീണു. അപൂര്‍ണ്ണമായ ഒരു ഛായാപടം നീലാകാശത്തിലെ വിളറിവെളുത്ത മേഘത്തെപ്പോലെ ക്യാന്‍വാസിന്റെ ഒരൊഴിഞ്ഞ മൂലയില്‍ കിടന്നുഴറുകയായിരുന്നു.
ചിറക് നഷ്ടപ്പെട്ട പക്ഷിയെപ്പോലെ ചിത്രപ്പലക ഒന്നിളകി. പിന്നെ യഥാസ്ഥാനത്ത് തിരികെയെത്തി.
നിലത്ത് വീണുകിടന്ന വോഡ്കയുടെ കാലിക്കുപ്പികള്‍ തമ്മില്‍ കൂട്ടിമുട്ടി ഇടതടവില്ലാതെ സന്ദേശം തൊടുത്തുവിട്ടു.
വിറകൊണ്ടാടിയ ചുഴലിപിടിച്ച കാറ്റ് കൊട്ടിയടച്ച ജനല്‍പാളിയുടെ ഭീതിയുണര്‍ത്തുന്ന ശബ്ദം കേട്ട് അയാള്‍ ചാടിപ്പിടഞ്ഞെണീറ്റു. ലഹരിയുടെ കുതിരപ്പുറം കേറിയ അയാള്‍ ഒന്നുറച്ചുനില്‍ക്കാന്‍ ബദ്ധപ്പെട്ടു. അപരിചിതമായ ഇടത്തില്‍ എത്തിപ്പെട്ട ഒരു ബാലന്റെ ഉള്‍ത്താപത്തോടെ അയാള്‍ ചുറ്റുപാടും വീക്ഷിച്ചു. ഒടുവില്‍ ഒരു നെടുവീര്‍പ്പോടെ ക്യാന്‍വാസില്‍ നോട്ടം തെന്നിച്ചു. അയാളുടെ കണ്ണുകള്‍ ക്യാന്‍വാസിലെ അവ്യക്തമായ ചിത്രത്തില്‍ നട്ടു. കിടുകിടാവിറയ്ക്കുന്ന കൈകള്‍ ക്യാന്‍വാസില്‍ പിടുത്തം മുറുക്കുമ്പോഴും കണ്ണുകള്‍ ചിത്രത്തിന്റെ കുടുക്കുകള്‍ അഴിച്ച് ഭോഗിക്കാന്‍ തുടങ്ങിയിരുന്നു. അയാള്‍ ചിത്രപ്പലകയ്ക്കു മേല്‍ ക്യാന്‍വാസിനെ ഒട്ടിച്ചുചേര്‍ത്തു.
മദ്യക്കുപ്പിയിലെ അവസാനതുള്ളിയും വായിലേയ്ക്കു കമഴ്ത്തുമ്പോള്‍ മാത്രമാണ് അയാള്‍ തന്റെ ചിത്രമാതൃകയെ അവിടെ തിരഞ്ഞത്. അയാളുടെ കണ്ണുകള്‍ അവളെ ആവേശത്തോടെ കണ്ടെത്തിയപ്പോള്‍, കോടിച്ച ചുണ്ടിന്റെ വികൃതമായ ചിരിയോടെ അയാള്‍ ക്യാന്‍വാസിലേയ്ക്കും അവളിലേയ്ക്കും മാറി-മാറി കണ്ണുകള്‍ കുതറിച്ചു. വില്ലീസ്സുപട്ടിന്റെ ഞൊറികളോടു കൂടിയ വീതിയുള്ള പീഠത്തില്‍ മലര്‍ന്നുകിടക്കുന്ന ചിത്രമാതൃക അര്‍ദ്ധമയക്കത്തില്‍ നിന്നും ഞെട്ടറ്റുണരാനുള്ള യത്‌നത്തിലായിരുന്നു.
തെളിഞ്ഞ മാനത്തില്‍ ഓടിയടുത്ത കാര്‍മേഘം അവിടവിടായി ഞാന്നു കിടന്നു.
അവള്‍ ഒന്നുകുലുങ്ങി എഴുന്നേറ്റു.
തിരക്കാറ്റ് ആഞ്ഞടിച്ച് കടലോളങ്ങളെ തീരത്തടുപ്പിച്ചു.
അവള്‍ എഴുന്നേറ്റപാടെ ക്യാന്‍വാസില്‍ പതിഞ്ഞ തന്റെ കണ്ണുകള്‍ പറിച്ചെടുത്തു കൊണ്ട് അയാള്‍ക്കു നേരെ കയര്‍ത്തുചാടിക്കൊണ്ട് ചോദിച്ചു:'ഈ കാണുന്ന കഴുത്തോളം പോന്ന ചിത്രം വരയ്ക്കാനാണോ നിനക്ക് മുന്നില്‍ ഉടുതുണിയില്ലാതെ ഞാന്‍....'
അവളുടെ തുടര്‍ന്നുള്ള സ്വരം അയാളുടെ ഹൃദയമിടിപ്പില്‍പ്പെട്ട് ഉയര്‍ന്നുപറന്നു. അതു പറന്നുചെന്ന് നിലത്തു പടര്‍ന്നൊലിച്ചുകൊണ്ടിരുന്ന ചായവും വടിച്ചെടുത്ത് ക്യാന്‍വാസിലെ അപൂര്‍ണ്ണചിത്രത്തിന്മേല്‍ പരന്നൊഴുകി. ഒടുവില്‍ ക്യാന്‍വാസില്‍ ഒരു നഗ്‌നചിത്രം പിറന്നുവീണു.
അയാള്‍ വിറയലോടെ ക്യാന്‍വാസില്‍ നിന്നും കണ്ണുകള്‍ വിടുവിച്ച് പീഠത്തില്‍ ഞെളിഞ്ഞിരിക്കുന്ന ചിത്രമാതൃകയെ നോക്കി. അയാളുടെ നോട്ടം അവരുടെ കഴുത്തുവരെ ചെന്ന് തടഞ്ഞുനിന്നു.
അയാളുടെ കണ്ണുകളില്‍ ഭൂതകാലം തള്ളിത്തുറക്കുകയാണ്.
എന്തോ പറയാന്‍ ഭാവിച്ച അയാളുടെ ഇടറിയ ശബ്ദത്തിനുമേല്‍ അവളുടെ ഉത്തരവ് തെറിച്ചുവീണു.
'എനിയ്ക്ക് കൂലി തന്നേക്കുക. ഇനിയും സമയം കളയാന്‍ എനിയ്ക്കാകില്ല. അല്ലങ്കില്‍ത്തന്നെ താനൊരു നല്ല ചിത്രകാരന്‍ ആണെന്ന് എനിയ്ക്കു തോന്നുന്നില്ല. മിനിറ്റുകള്‍ക്കുള്ളില്‍ എന്നെ പകര്‍ത്തിവയ്ക്കുന്ന അസാധാരണ ചിത്രകാരന്‍മാരില്‍ നിന്നും തന്നെപ്പോലെയൊരു നേരമ്പോക്കുകാരനു വേണ്ടി മണിക്കൂറുകള്‍ നഷ്ടപ്പെടുത്തിയതില്‍ എനിയ്ക്ക് നീരസം തോന്നുന്നു.'
അയാള്‍ അപ്പോഴും ഒരു വാക്കുപോലും ശബ്ദിക്കാതെ നില്‍ക്കുന്നതു കണ്ടപ്പോള്‍ അവള്‍ അയാളുടെ ക്യാന്‍വാസിലെ ശൂന്യതയില്‍ നിന്നും വാക്കുകള്‍ പറിച്ചെടുത്തു:'പെറ്റ തള്ളയുടെ നഗ്‌നത വരച്ച് വിറ്റുതിന്നുന്ന ഒരുവന്റെ മുന്നില്‍ ചിത്രമാതൃകയായത് എന്റെ തെറ്റ്.'
അവള്‍ അത് പറഞ്ഞുനിര്‍ത്തുമ്പോള്‍ അയാളുടെ കയ്യില്‍ നിന്നും ചുവന്ന ചായത്തില്‍ മുക്കിയ ബ്രഷ് അറിയാതെ നിലത്തുവീണു. അത് ഒരു സ്ത്രീയുടെ തടിച്ചു ചുവന്ന ചുണ്ടുകള്‍ പോലെ വിടര്‍ന്നുവന്നു.
മദ്യലഹരി കെട്ടടങ്ങിയ അയാളുടെ കാലുകള്‍ നിലത്തുറച്ചുനിന്നു. മൂടിയില്ലാത്ത ബള്‍ബില്‍ നിന്നും കുത്തിയൊഴുകുന്ന വെളിച്ചം കണക്കെ അയാള്‍ നിശ്ചേതനായി തുടര്‍ന്നു.
അവള്‍ പീഠത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ അയാളുടെ കണ്ണുകള്‍ അവളില്‍ ഉറയ്ക്കാതെ വിരണ്ടുമുരളുകയായിരുന്നു.
തണുത്ത കാറ്റിന്റെ കുസൃതി ചൂളമടിക്കാന്‍ കോട്ടിയ ചുണ്ടില്‍ അമര്‍ന്നുകിടന്ന് ശ്വാസം മുട്ടിക്കുന്നുണ്ടായിരുന്നു.
അവള്‍ ഊര്‍ന്നുവീഴാന്‍ തുടങ്ങിയ ചിരി മറച്ചുപിടിച്ചുകൊണ്ട് ഗൗരവത്തോടെ അയാളെത്തന്നെ നോക്കിനിന്നു.
അയാള്‍ എന്തോ പറയാന്‍ വിഫലമായ ഒരു ശ്രമം നടത്തി. എന്നാല്‍ ചലിക്കാന്‍ ആവതില്ലാത്തതുപോലെ തോന്നിച്ച നാവിനെ പഴിച്ചുകൊണ്ട് അയാള്‍ അവളെത്തന്നെ നോക്കിനിന്നു.
അയാളുടെ കയ്യില്‍ നിന്നും തനിക്ക് പ്രതിഫലം കിട്ടില്ലെന്നുറപ്പായപ്പോള്‍ അവള്‍ ധൃതിയില്‍ എഴുന്നേറ്റ്, ദേഹത്ത് തുണി ഒട്ടിച്ചുവച്ച്, വാതിലിന്റെ സാക്ഷമാറ്റി കതക് വലിച്ചടച്ചു പോയതുമാത്രമേ അയാളുടെ ബോധതലത്തില്‍ സ്പര്‍ശിച്ചുള്ളൂ. അയാള്‍ക്കു നേരെ ഉതിര്‍ന്നുവീണ തെറിവാക്കുകള്‍ നിലത്തുവീണുടഞ്ഞ പിഞ്ഞാണങ്ങളെപ്പോലെ അല്‍പായുസ്സില്‍ കിടന്നുപിടഞ്ഞു. പിന്നെ വല്ലാത്തൊരു വെപ്രാളത്തോടെ അത് നിലത്ത് വീണുമരിച്ചു.
അയാള്‍ ആ മുറിയുടെ നാലുപാടും ഉറ്റുനോക്കി. ഫ്രെയിമുകള്‍ക്കുള്ളിലെ ഛായാചിത്രങ്ങള്‍ കണ്ണാടിക്കൂട്ടിലെ അസ്ഥികൂടങ്ങളെപ്പോലെ തന്നെ മിഴിച്ചു നോക്കുന്നതായി അയാള്‍ക്കനുഭവപ്പെട്ടു. ഇടതുകയ്യിലിരുന്നെരിയുന്ന സിഗരറ്റിന്റെ പുക വലിച്ചെടുക്കുമ്പോള്‍ അയാള്‍ മനസ്സില്‍ പറഞ്ഞു:'നന്ദികെട്ടവള്‍! പറഞ്ഞതു കേട്ടില്ലേ, താന്‍ ഒരു നല്ല ചിത്രകാരനല്ലെന്ന്!'
മുറിയിലെ ചിത്രങ്ങള്‍ അതംഗീകരിച്ച മട്ടില്‍ തലകുലുക്കി.
'പിന്നെ എന്തോ ഒന്നു കൂടി അവള്‍ പറഞ്ഞല്ലോ...' അയാള്‍ അതോര്‍മ്മിക്കാന്‍ അവസരം കൊടുക്കാത്തതുപോലെ അലംകൃതമായ മുറിയിലൂടെ പരക്കെ കണ്ണെറിഞ്ഞു.
പൊടുന്നനെ ഒരു ഛായാപടം ചില്ലുടച്ച് പുറത്തുവന്നു. അത് ഉറക്കത്തിലെന്നപോലെ മുരണ്ടുപിടഞ്ഞപ്പോള്‍ അയാളില്‍ പൂര്‍വ്വകാല സ്മൃതികള്‍ ചിതയൊരുക്കി. ആ ചിത്രം തറയിലഴിഞ്ഞു കിടന്ന മേശവിരിപ്പെടുത്തു പറന്ന് സ്വയം പുതപ്പിച്ചു. ഒടുവില്‍ ആ ചുവരില്‍ത്തന്നെ ഒട്ടിച്ചേര്‍ന്നു കിടന്നു. അതിലേയ്ക്കു കണ്ണുപതിഞ്ഞപ്പോള്‍ അയാള്‍ ഇതാദ്യമായി പറഞ്ഞു: 'അമ്മ, എന്റെ അമ്മ'
ഫ്‌ലോറന്‍സ് പട്ടണപ്രാന്തങ്ങളിലൂടെ അയാള്‍ മദ്യഷാപ്പുകള്‍ തേടി അലഞ്ഞു. വിശന്നുവലഞ്ഞ ചെന്നായയെപ്പോലെ മുരണ്ടു.
എങ്ങും ഉറയ്ക്കാത്ത കാലുകള്‍ വേച്ചു-വേച്ചു മുന്നോട്ടായുമ്പോള്‍, താന്‍ ഒരാവിയായി മുകളിലേയ്ക്കു പറന്നുയരുന്നതായി അയാള്‍ക്കു തോന്നി. തിരക്കുപിടിച്ച നടക്കാവുകളിലൂടെ അയാള്‍ അലഞ്ഞു തിരിഞ്ഞു. തന്നെ സൂക്ഷിച്ചു നോക്കുന്ന കാല്‍നടക്കാര്‍ക്കു നേരെ തിരിഞ്ഞ് ഗോഷ്ടി കാണിക്കാതിരിക്കാന്‍ അയാളുടെ മദ്യലഹരിയ്ക്ക് കഴിഞ്ഞില്ല. അയാള്‍ അങ്ങനെ നഗരത്തിലൂടെ ഇഴഞ്ഞുനീങ്ങിക്കൊണ്ടിരുന്നു.
മദ്യഷാപ്പിന്റെ മുന്നിലെത്തിയപ്പോള്‍ അയാള്‍ ഗേറ്റിനു മുന്നില്‍ നിന്ന കാവല്‍ക്കാരനെയും തട്ടിമറിച്ചിട്ട് ഉള്ളിലേയ്ക്കു കടന്നു. കുളിരു കോരുന്ന വിശാലമായ മുറിയും കടന്ന് അയാള്‍ ഒരൊഴിഞ്ഞ മൂലയില്‍ കൂനിപ്പിടിച്ചിരുന്നു. വെയ്റ്റര്‍ക്കു ചട്ടം കെട്ടി ഉടനെതന്നെ ആവശ്യസാധനങ്ങളെല്ലാം മേശപ്പുറത്തു നിരന്നു.
അയാള്‍ ആര്‍ത്തിപ്പണ്ടാരത്തെപ്പോലെ മദ്യക്കുപ്പി നക്കിത്തുടച്ചു. ഉഴന്നുതുടങ്ങിയ നാവ് കടിഞ്ഞാണില്‍ നിന്നും പിടുത്തംവിട്ടുപോയ നായയെപ്പോലെ കുരച്ചു ചാടാന്‍ തുടങ്ങി.
അടുത്ത മേശയ്ക്കു ചുറ്റിലും ഇരിക്കുന്നവര്‍ സംസാരം നിര്‍ത്തി അയാളെത്തന്നെ അന്ധാളിപ്പോടെ നോക്കിക്കൊണ്ടിരുന്നു.
അയാള്‍ ഇടയ്ക്കിടക്ക് കരയുകയും ചിരിക്കുകയും പിന്നെ താടിയ്ക്കു കൈ കൊടുത്ത് നിശ്ചേതനമായും ഇരുന്നു. കുഴഞ്ഞു വീണുപോയ കണ്ണുകളെ പെറുക്കിയെടുക്കാന്‍ ബദ്ധപ്പെട്ടിട്ടെന്നപോലെ അയാളുടെ പുരികങ്ങള്‍ രസാഭിനയം കൊണ്ടു വിറച്ചു.
ചുറ്റുമുള്ള കണ്ണുകള്‍ തന്നെ വേട്ടയാടുകയാണെന്ന് അയാള്‍ക്ക് മനസ്സിലായി. ചുറ്റും മുഴങ്ങിക്കേള്‍ക്കുന്ന അട്ടഹാസങ്ങള്‍ക്കു പിന്നിലെ കഥ താനാണോ എന്നറിയാനുള്ള അയാളുടെ വ്യഗ്രത അധികം നീണ്ടു നിന്നില്ല. അവരുടെ സംഭാഷണത്തിലെ മുള്ളിന്റെ അരം അയാളുടെ കാതിലൂടെ പുറപ്പെട്ടു തുടങ്ങുന്നതിന്റെ ചെറിയ വിടവിലൂടെ അയാള്‍ ഇത്രമാത്രം കേട്ടു -'ആ മാന്യന്‍ ഒരു ചിത്രകാരനാണ്. വരച്ചു തുടങ്ങുന്നതോ, ഉറങ്ങിക്കിടന്ന തള്ളയുടെ...'
പിന്നെ അവിടെ അമര്‍ന്നുകേട്ടത് ഒരു അട്ടഹാസമായിരുന്നു.
ഒരക്ഷരം പോലും ഉരിയാടാന്‍ കഴിയാതെ അയാള്‍ വീര്‍പ്പുമുട്ടി. അയാള്‍ എഴുന്നേറ്റു. തന്റെ കാല്‍പ്പെരുമാറ്റം ആരെയും അലോസരപ്പെടുത്തുന്നില്ലെന്ന ഉറപ്പോടു കൂടിത്തന്നെ മുന്നോട്ടു നടന്നു. അയാളുടെ നിശ്ശബ്ദത ഒരുപക്ഷേ, അവിടുത്തെ അന്തരീക്ഷം ശാന്തമാക്കാന്‍ മാത്രം പോന്നതായിരുന്നു. മേശയിലിരുന്ന ഒഴിഞ്ഞ മദ്യക്കുപ്പികള്‍ നിലത്തു വീണുടഞ്ഞു.
ലക്ഷ്യബോധമില്ലാതെ അയാളുടെ കാലുകള്‍ മേയാന്‍ തുടങ്ങി. കുത്തിനിറയ്ക്കപ്പെട്ട പുസ്തകഅലമാര അഴിച്ചുമരും തള്ളിത്തുറന്ന് ശ്വാസം കഴിക്കാന്‍ കിടന്നു പിടയുന്നതു പോലെ അയാളുടെ അന്തരംഗം വീര്‍പ്പുമുട്ടി.
പകലിനെ കൈക്കുടന്നയ്ക്കുള്ളില്‍ അമര്‍ത്തിപ്പിഴിഞ്ഞ സന്ധ്യ മുറുക്കി ചുമപ്പിച്ച പല്ലുകള്‍ക്കിടയില്‍ ഞെരിച്ചമര്‍ത്താന്‍ തക്കം പാര്‍ത്തിരുന്നു. മാനത്തിന്റെ മുഖം കറുത്തൊട്ടിക്കിടന്നു...
അയാള്‍ ഡ്രെയിനേജിനു കുറുകെ കാലുകള്‍ നീട്ടിവച്ച്, കെട്ടിടത്തിന്റെ ആദ്യ നിലയില്‍ കയറിക്കൂടി. ഇരുട്ടിലൂടെ തപ്പിത്തടയുമ്പോള്‍ തനിയ്ക്കു നേരെ പാഞ്ഞടുക്കുന്ന കണ്ണുകളിലേയ്ക്ക് വഴുതിവീഴാതിരിക്കാന്‍ അയാള്‍ ശ്രദ്ധിച്ചു. വാടകയ്ക്കു പാര്‍ക്കുന്ന ഒറ്റമുറിയുടെ വാടക ഒടുക്കാത്തതിനാല്‍ ഉടമസ്ഥനില്‍ നിന്നും ഒളിച്ചും പാത്തും ശീലിച്ച അയാള്‍ക്ക് ഏതിരുട്ടിലും തന്റെ മുറി കണ്ടുപിടിക്കാന്‍ ഒരു ബുദ്ധിമുട്ടും നേരിട്ടില്ല.
പടിക്കെട്ടുകള്‍ ചാടിക്കേറി ഒരു മൂലയില്‍ ഒറ്റപ്പെട്ടിരിക്കുന്ന തന്റെ മുറിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി കുറ്റിയിടുമ്പോള്‍ നെഞ്ചിടിപ്പിന്റെ ആക്കം നേര്‍ത്തു തുടങ്ങി.
കൈ സ്വിച്ചിലേയ്ക്കമര്‍ന്നപ്പോള്‍ മൂടിയില്ലാത്ത ബള്‍ബ് ചിതറിക്കിടന്ന ചിത്രങ്ങളെ വെളുപ്പിച്ചു.
മയക്കം കുറുകിക്കൂടിയ കണ്ണുകള്‍ അടഞ്ഞു തുടങ്ങിയപ്പോള്‍ ചുവരില്‍ കിടന്നാടിയ ഒരു സന്ദേശത്തില്‍ ഉടക്കിയ അയാളുടെ കണ്ണുകള്‍ വാരിപ്പിടഞ്ഞെണീറ്റു. മഞ്ഞനിറത്തിലെ ചുവര്‍ക്കടലാസ്സില്‍ ചുവന്ന നിറത്തില്‍ അക്ഷരങ്ങള്‍ വീണുകിടന്നു. അയാള്‍ ഉറന്നുചാടിയ കണ്ണുനീര്‍ പിടിച്ചടക്കിക്കൊണ്ട് വിറയ്ക്കുന്ന കൈ നീട്ടി അതു ചുവരില്‍ നിന്നും പറിച്ചെടുത്തു. നിറം മങ്ങിയ അക്ഷരങ്ങള്‍ ഉറഞ്ഞുതുള്ളുമ്പോള്‍ അയാള്‍ അതടങ്ങിയിരുന്നു വായിച്ചു.
വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണുകളില്‍ നിറഞ്ഞുനിന്ന വെള്ളത്തുള്ളികള്‍ പുറത്തേയ്ക്കു ചാടി അയാളെ അതില്‍ മുക്കി. കൈകാലിട്ടടിച്ച് നീന്തിത്തുടങ്ങുമ്പോള്‍ മുങ്ങാംകുഴിയില്‍ നിന്നുമുയര്‍ന്ന നീര്‍ക്കുമിളകള്‍ അയാളുടെ ശബ്ദം അനുവര്‍ത്തിച്ചു:
'മാന്യ ചിത്രകാരാ, താങ്കളുടെ 'മഗ്ദലീന' ഫ്‌ലോറന്‍സി'ലെ പരസ്യപ്പലകയില്‍ നാളെ അനാവരണം ചെയ്യുന്നു. താങ്കളുടെ സാമീപ്യം പ്രതീക്ഷിക്കുന്നു.'
തലയോളം മുങ്ങി നിന്ന വെള്ളം കുടിച്ചു താന്‍ ഇപ്പോള്‍ മരിച്ചുവീഴുമെന്ന് അയാള്‍ക്കു തോന്നി. ഇരുട്ടുമൂടിയ കണ്ണുകളില്‍ കണ്ണുനീര്‍ ഉറന്നുകൂടി കട്ടപിടിച്ചു. മങ്ങിയ വെളിച്ചത്തിന്റെ നേരിയ കുത്തൊഴുക്കില്‍ അടിഞ്ഞുകൂടിയ പൂഴി അയാളെ തടഞ്ഞു നിര്‍ത്തി.
കൈകാലുകള്‍ ചലിപ്പിച്ച്, അയാള്‍ ചുവരില്‍ കിടന്നാടിക്കൊണ്ടിരുന്ന ഛായാപടത്തെ മേശവിരിപ്പിന്റെ ആലിംഗനത്തില്‍ നിന്നും സ്വതന്ത്രയാക്കി. ചിത്രത്തിനു താഴെ ഒരൊഴിഞ്ഞ മൂലയിലെ വെളുത്ത പ്രതലത്തിലിരുന്ന് തന്നെ തുറിച്ചു നോക്കിയ കറുത്തുരുണ്ട അക്ഷരങ്ങള്‍ പുറത്തു വരാതെ അയാളുടെ നാവില്‍ തട്ടി നിന്നു. 'മഗ്ദലീന'
അയാളുടെ വരണ്ട ചുണ്ടുകള്‍ വിടര്‍ന്നടഞ്ഞു. 'മഗ്ദലീന...'
അയാളില്‍ ഓര്‍മ്മ തള്ളിത്തുറക്കുകയായി.
'ഇതാ. താങ്കള്‍ പറഞ്ഞ ചിത്രം പൂര്‍ത്തിയായിട്ടുണ്ട്.'
ചുവന്ന പട്ടുതുണി കൊണ്ടു പൊതിഞ്ഞ ഒരു വലിയ ചതുരപ്പെട്ടി തലയില്‍ നിന്നും ഇറക്കിവയ്ക്കാന്‍ പരിശ്രമപ്പെട്ടുകൊണ്ട് അയാള്‍ പറഞ്ഞു. തന്റെ ആദ്യത്തേയും ഒടുവിലത്തേയും ചിത്രം വില്‍ക്കാന്‍ പോയ ദിവസമായിരുന്നു അത്. അയാളോര്‍ത്തു.
കൊട്ടാരത്തിന്റെ പടിക്കെട്ടു കഴിഞ്ഞ്, പച്ച പരവതാനിയില്‍ ചിത്രം ഇറക്കിവയ്ക്കുമ്പോള്‍ അതിന്റെ പുറം ഒരു തവണ കുലുങ്ങി. പിന്നെ അയാള്‍ക്കു മുന്നില്‍ ഒരു മറ തീര്‍ത്തു കൊണ്ട് പ്രൗഢിയോടെ അത് ഞെളിഞ്ഞു നിന്നു. അയാള്‍ ചിത്രത്തിനുപിന്നില്‍ നിന്നും മുന്നോട്ടു നീങ്ങിനിന്നുകൊണ്ട് തുടര്‍ന്നു: 'ഈ ചിത്രത്തിന് ഞാന്‍ പറഞ്ഞ തുക തന്നെ കിട്ടുമല്ലോ?' യജമാനനു മുന്നില്‍ കുമ്പിട്ടു നില്‍ക്കുന്ന അടിമയെപ്പോലെ അയാള്‍ വിനയപൂര്‍വ്വം ആരാഞ്ഞു.
രാജകീയ പ്രൗഢമായി ഇരിപ്പിടത്തില്‍ അമര്‍ന്നിരുന്ന അയാള്‍ ഇളകാതെ തന്നെ ചുറ്റും നിന്ന ഭൃത്യരോടു കല്പിച്ചു:'ഇത് അഴിക്കൂ. ഇയാളുടെ പണം രൊക്കം കൊടുത്തു പറഞ്ഞയക്കാം.'
പട്ടുതുണി ഞൊറികള്‍ ഉടഞ്ഞ് അസ്വസ്ഥതയോടെ ഞെരിഞ്ഞു. പലകക്കടലാസ് അഴിഞ്ഞു വീഴുമ്പോള്‍ അയാള്‍ ഇരിപ്പിടത്തില്‍ നിന്നും ഒന്നിളകി. ചിത്രകാരന്റെ മുഖത്തേയ്ക്ക് നോക്കി. 'താന്‍ ഒരു അസാധാരണ ചിത്രരചയിതാവ് തന്നെ. ജീവനുള്ള ചിത്രം. അതിശയകരമായിരിക്കുന്നു.'
ആഷ് ട്രേയില്‍ സിഗരറ്റ് കുത്തിയണച്ചുകൊണ്ട് അയാള്‍ എഴുന്നേറ്റു. ചിത്രകാരന്റെ ചെവിയില്‍ മുറുമുറുപ്പോടെ അയാള്‍ മുരണ്ടു:'ചിത്രമാതൃകയെ ഒരു രാത്രി എനിക്ക് വേണ്ടി തരപ്പെടുത്താന്‍ കഴിയില്ലേ?'
ചിത്രകാരന്‍ മറുപടി പറയുന്നതിനു മുമ്പേ അയാള്‍ കൂട്ടിച്ചേര്‍ത്തു: 'ആവശ്യപ്പെടുന്ന പണം തരാം. എന്തേ?'
ചിത്രകാരന്‍ ആലോചിച്ചു നില്‍ക്കുന്നതു കണ്ട് അയാള്‍ പൊടുന്നനെ ചോദിച്ചു:'അല്ല, ആരാണ് ഈ 'മഗ്ദലീന'?'
വീശിയടിച്ച കാറ്റിന്റെ കയ്യിലമര്‍ന്ന ചിത്രകാരന്റെ കണ്ണുകളില്‍ അന്ധത വന്നു മൂടി. അയാള്‍ ആലോചന നിര്‍ത്തി ഉടനെ പറഞ്ഞ: 'ഇത് എന്റെ സങ്കല്പത്തിലെ വര്‍ണ്ണനയാണ്. വെറും സങ്കല്പം!'
'പണത്തിന്റെ കാര്യത്തില്‍ ആശങ്ക വേണ്ട. പറഞ്ഞതിലും കൂടുതല്‍ തന്നെ തരണം ഇതിന്.
വേറെ നിബന്ധനകള്‍ ഒന്നുമില്ലെങ്കില്‍ നിങ്ങള്‍ക്കു പോകാം. പരസ്യപ്പലകയില്‍ ഈ ചിത്രം തൂങ്ങുമ്പോള്‍ മുന്‍കൂട്ടി അറിയിക്കാം.'
ചിത്രകാരന് പണത്തിന്റെ കാര്യത്തില്‍ സംശയം ഒന്നും ഉണ്ടായിരുന്നില്ല. നഗരത്തിലെ ഏറ്റവും വലിയ വ്യാപാരിയ്ക്കല്ലേ തന്റെ ചിത്രം വിറ്റിരിക്കുന്നത്! എന്നിരുന്നാലും അയാള്‍ ഒരു സംശയഭാവത്തോടെ പലതവണയായി ഓര്‍മ്മിപ്പിച്ചിട്ടുള്ള കാര്യം ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു പറഞ്ഞു: 'ഈ ചിത്രം ഞാനാണ് വരച്ചതെന്നത് സ്വകാര്യമായി തന്നെ ഇരിക്കണം.'
അയാള്‍ ചിത്രത്തിലേയ്ക്ക് സംശയഭാവത്തില്‍ നോട്ടം തെറിപ്പിച്ചുകൊണ്ട് ഒന്നിരുത്തി മൂളി.
തെരുവിന്റെ വശം പറ്റിച്ചേര്‍ന്ന് നടക്കുമ്പോള്‍ താന്‍ സമ്പന്നനാകാന്‍ പോകുന്നുവെന്ന വസ്തുത അയാളുടെ സ്വബോധവും ചീന്തിയെടുത്ത് പറക്കുകയായിരുന്നു. അയാള്‍ അന്ന് ആദ്യമായി മദ്യഷാപ്പിലേക്ക് രസംപിടിച്ചു നടന്നു.
ആദ്യമായി ഇറക്കിയ മദ്യം നാവിലൂടെ തുളയിട്ട് ആമാശയം വരെ നീളുന്ന റെയില്‍ വണ്ടി പോലെ പുതിയ-പുതിയ പാതകള്‍ സൃഷ്ടിച്ചു.
മദ്യലഹരിയില്‍ അയാള്‍ ഇതാദ്യമായി പാതിരാത്രി വീട്ടില്‍ ചെന്നു കേറുന്നു.
'അമ്മേ, നമ്മള് രക്ഷപ്പെട്ടു...കേക്കുന്നുണ്ടോ, അമ്മേ...'
അയാള്‍ വീട്ടുമുറ്റത്തു നിന്നു കൂകിവിളിച്ച് അകത്തുകയറി. പിന്നെയും ശബ്ദമുയര്‍ത്തി വിളിച്ചു:'അമ്മേ....'
അയാളുടെ ഉറയ്ക്കാത്ത നാവ് ഒന്നു മുരണ്ടു.
അടുപ്പത്ത് വേങ്കുഴലിലൂടെ ഇടതടവില്ലാതെ കനലൂതിക്കൊണ്ടിരുന്ന അമ്മ തിരിഞ്ഞു നോക്കി.
ഉറയ്ക്കാത്ത കാലില്‍ നിന്നാടുന്ന മകനെ അവര്‍ നിറകണ്ണുകളോടെ നേരിട്ടു.
'അമ്മേ...എന്റെ മഗ്ദലീനേ, നമ്മള്‍ രക്ഷപ്പെട്ടു. എന്റെ ആദ്യ ചിത്രം ഞാന്‍ ഇന്ന് വിറ്റു. നമ്മള്‍ പണക്കാരാ ഇനി മുതല്‍...'
അമ്മ വേങ്കുഴല്‍ മകന്റെ നേരെ ഓങ്ങിക്കൊണ്ട് പറഞ്ഞു:'അതിന്, വേണ്ടാത്ത ദുശീലങ്ങളൊക്കെ തുടങ്ങണോ?'
അവന്‍ വെറുതെ നിന്നാടുക മാത്രം ചെയ്തു.
അഴികളില്‍ നിന്നും വീശിയ കാറ്റില്‍ അടുപ്പിലെ കനല്‍ ആളിക്കത്തി.
അവര്‍ എഴുന്നേറ്റ് മകന്റെ മേല്‍ക്കുപ്പായം ഊരി മേശപ്പുറത്ത് വച്ചിട്ട് പറഞ്ഞു:'ഞാന്‍ ആഹാരം എടുത്തു വയ്ക്കാം.'
അവന്‍ അമ്മയെ ഒന്നുഴിഞ്ഞു നോക്കി. പിന്‍തിരിഞ്ഞു പോകുമ്പോള്‍ അവന്റെ വായില്‍ എന്തൊക്കെയോ തികട്ടി വന്നു. അതും വിഴുങ്ങിയൊടുവില്‍ അവന്‍ ചലിച്ചു.
അവര്‍ മകനെ നോക്കി നെടുവീര്‍പ്പിട്ടു. 'ഈശ്വരാ, എന്റെ കുഞ്ഞിനെ കാത്തോളണേ...'
ഓര്‍മ്മയുടെ തലയ്ക്കല്‍ നിന്നും എടുത്തു താഴേയ്ക്കു ചാടിയതുപോലെ അയാളുടെ വരണ്ടൊട്ടിയ ചുണ്ടുകള്‍ വീണ്ടും ശബ്ദിച്ചു:'മഗ്ദലീന'
ആദ്യമായും അവസാനമായും തന്റെ വിരലുകളുടെ മാസ്മരികതയില്‍ പിറന്നുവീണത്.
അയാളുടെ കണ്ണുകള്‍ ചുവന്നുനിറഞ്ഞു. ഇടിവെട്ടിയതുപോലെ ഉച്ചത്തില്‍ അയാള്‍ പൊട്ടിക്കരഞ്ഞു.
'അമ്മേ മാപ്പ്...' ഒരിക്കല്‍ കൂടി ഒരു ഭ്രൂണമായി അതേ അമ്മയുടെ മകനായി പിറന്നിരുന്നെങ്കിലെന്ന് അയാള്‍ ആഗ്രഹിച്ചുപോയി. കെട്ടുറപ്പില്ലാത്ത കുളിപ്പുരയില്‍ അമ്മ കുളിക്കുന്നത് യാദൃശ്ചികമായി കണ്ടിട്ടുണ്ടെങ്കിലും പിന്നെയത് താനൊരു വിനോദമാക്കുമ്പോഴും അമ്മ നാണത്തോടെ തന്നെ ആട്ടിയോടിക്കുകയോ പൊട്ടിപ്പൊളിഞ്ഞ ഷീറ്റ് മാറ്റി വയ്ക്കുകയോ ചെയ്തില്ല.
അന്ന് തന്നെ കുറുമ്പനെന്ന് ചൊല്ലി ആട്ടിയോടിച്ചിരുന്നെങ്കില്‍ അമ്മ ഇന്നും തനിയ്‌ക്കൊപ്പമുണ്ടാകുമായിരുന്നില്ലേ!
ആവേശമായിരുന്നു തനിക്ക് പിന്നീടങ്ങോട്ട്! ഉറക്കഗുളിക കഴിച്ച് മയങ്ങാന്‍ കിടക്കുന്ന അമ്മയെ ഒരു മകന്റെ കണ്ണിലൂടെ നോക്കിക്കാണാന്‍ തനിക്കായില്ല. കണ്ടും അനുഭവിച്ചും വരച്ചും അമ്മയെ താന്‍ ചതിക്കുവായിരുന്നില്ലേ! അതിനൊക്കെ ഒടുവില്‍ ശാരീരികാസ്വാസ്യങ്ങളോടെ അമ്മ മരണപ്പെടുമ്പോഴാണ് താന്‍ അറിഞ്ഞത്, അമ്മ ഗര്‍ഭിണിയായിരുന്നെന്ന്.
അതിനും എത്രയോ ശേഷമാണ് ആ പാവം ആത്മഹത്യ ചെയ്തതാണെന്ന സത്യം താന്‍ തിരിച്ചറിയുന്നതും!
അയാള്‍ ചുവരിലെ ഛായാപടത്തിലേയ്ക്ക് ഒന്നുകൂടി നോട്ടമെറിഞ്ഞു. തന്റെ കൈയിലെ ചുവന്ന അക്ഷരങ്ങള്‍ക്കു നേരെ ഉറ്റു നോക്കി.
'നാളെ 'മഗ്ദലീന' അനാച്ഛാദനം ചെയ്യപ്പെടുന്നു'-അയാള്‍ മൂടിയില്ലാത്ത ബള്‍ബിലെ വെളിച്ചം കെടുത്തിക്കൊണ്ട് പറഞ്ഞു. ജനവാതില്‍ ശക്തിയോടെ കൊട്ടിയടയ്ക്കപ്പെട്ടു.
പിറ്റേന്ന് ഫ്‌ലോറന്‍സ് നഗരത്തിന്റെ വാണിജ്യമുഖത്ത് പരസ്യപ്പലകയ്ക്കു മുന്നില്‍ ആളുകള്‍ തടിച്ചു കൂടി.
രണ്ടു കക്ഷങ്ങളിലുമായി മദ്യക്കുപ്പിയും അടക്കിപ്പിടിച്ചു കൊണ്ട് അയാള്‍ ആള്‍ക്കൂട്ടത്തിനു മുന്നിലേയ്ക്ക് കുതറിയടുത്തു.
അയാളെ കണ്ട ജനം അടക്കം പറച്ചിലുതുടങ്ങി.
ചിതറിക്കേട്ട ശബ്ദങ്ങളുടെ പ്രതിധ്വനി തുണ്ടുകളായി അയാളുടെ കാതില്‍ വന്നുവീണു. അതില്‍ നിന്നും ആവര്‍ത്തിച്ചു കേട്ടവ അയാളെ രസം പിടിപ്പിച്ചുതുടങ്ങിയിരിക്കുന്നു.
'മാന്യ ചിത്രകാരാ...'
'മാന്യ ചിത്രകാരാ...'
അയാള്‍ കക്ഷത്തില്‍ നിന്നും വലിച്ചെടുത്ത വോഡ്ക വായിലോട്ടു കമഴ്ത്തി.
ഉലഞ്ഞു തുള്ളുന്ന കണ്ണുകളെ നേരെയാക്കി അയാള്‍ മുകളിലേയ്ക്കു നോക്കി നിന്നു.
ചിത്രം അനാച്ഛാദനം ചെയ്യുന്നതിന്റെ പ്രകമ്പനങ്ങള്‍ ചുറ്റിലും കേട്ടുതുടങ്ങി. എല്ലാവരും മുകളിലേയ്ക്ക് കണ്ണു കൂര്‍പ്പിച്ച്, വായും പിളര്‍ത്തി നില്‍ക്കുകയാണ്.
ഞൊറികളോടു കൂടിയ ചുവന്ന തിരശ്ശീല മറനീങ്ങിക്കൊണ്ടിരുന്നു.
ആളുകള്‍ 'മഗ്ദലീന....' 'മഗ്ദലീന....' എന്ന് ഒരേസ്വരത്തില്‍ വിളിച്ചു കൂവിക്കൊണ്ടുനിന്നു.
അയാള്‍ മദ്യക്കുപ്പിയുടെ വായ്വട്ടം തന്റെ വായിലേയ്ക്കടുപ്പിച്ചു. അവസാന ഇറക്കും നാവിലൂടെ തൊണ്ടയിലേക്കിറങ്ങുമ്പോള്‍ അയാള്‍ ഒരുനിമിഷം നിശ്ചലനായി.
അവസാനതുള്ളി മദ്യം തൊണ്ടയില്‍ നിന്നും താഴേയ്ക്കു പോകാതെ അറച്ചു നിന്നു. കണ്ണുകള്‍ ചുഴറ്റി നീക്കി അയാള്‍ അറിയാതെ ഉരുവിട്ടു പോയി:'എന്റെ അമ്മ...'
ആ ചിത്രം ചട്ടക്കൂട്ടില്‍ നിന്നും ഇറങ്ങി വന്ന് ആള്‍ക്കൂട്ടത്തിനു നടുവിലൂടെ നടന്നു നീങ്ങുന്നത് അയാള്‍ കണ്ടു.
മുകളിലേയ്ക്കു കണ്ണുനട്ടിരുന്നവര്‍ പട്ടിന്റെ അവസാന ഞൊറിയും അടര്‍ന്നുവീഴുന്നതു വരെ നോക്കി നിന്നു. തിരശ്ശീലയ്ക്കുള്ളിലെ ശൂന്യമായ വെളുത്ത പ്രതലത്തില്‍ നിന്നും കാഴ്ചക്കാരുടെ കണ്ണുകള്‍ താഴേയ്ക്കു കൂമ്പിപ്പോയി. ഉന്നം തെറ്റിയ വേടന്റെ പരാജിതഭാവത്തോടെ അടുത്ത ഇരയിലേയ്ക്ക് കൂര്‍പ്പിച്ച അസ്ത്രമുനയുമായി ആള്‍ക്കൂട്ടം ഒഴിഞ്ഞു നീങ്ങിത്തുടങ്ങി.
അയാളുടെ കണ്ണുകള്‍ അപ്പോഴും ആള്‍ക്കൂട്ടത്തില്‍ നിന്നും അദൃശ്യയായി നടന്നുനീങ്ങിയ തന്റെ അമ്മയുടെ നേരെയായിരുന്നു. മഗ്ദലീനയുടെ, തനിയ്ക്കു നേരെ തുറിച്ചു നോക്കുന്ന കണ്ണുകളിലേയ്ക്കായിരുന്നു.
അവര്‍ അയാളില്‍ നിന്നും അങ്ങകലെ നീങ്ങിക്കഴിഞ്ഞിരുന്നു.
'മാന്യ ചിത്രകാരാ, മഗ്ദലീനയെ എവിടെക്കൊണ്ട് ഒളിപ്പിച്ചു?'
അട്ടഹാസങ്ങള്‍ക്കു നടുവിലൂടെ അയാളും അവിടെ ഒഴുകി നടന്നു.
നിര്‍ജ്ജനമായി തുടങ്ങിയ പരിസരം വീക്ഷിച്ചുനീങ്ങിയ അയാള്‍ അങ്ങകലെ ഒരു പൊട്ടായി മാഞ്ഞുപോകുന്ന നഗ്‌നതയെ നോക്കി പറഞ്ഞു:'മഗ്ദലീന'
ചുറ്റുപാടും അതാവര്‍ത്തിച്ചു:'മഗ്ദലീന'
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...