ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നീതു കെ ആര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
പുലരിയുടെ നനുത്ത നിശ്ശബ്ദതയെ കീറി മുറിച്ചു കൊണ്ട് രേവതിയുടെ അലാം അലറി കരഞ്ഞു. ക്ഷീണത്താല്‍ ഭാരപ്പെട്ട കണ്‍പോളകളെ തുറക്കാനാകാതെ അവള്‍ ഒന്നു തിരിഞ്ഞു കിടന്നു.
'അതൊന്നു നിര്‍ത്തുന്നുണ്ടോ നീ ?'
ഉറക്കം മുറിഞ്ഞ നീരസത്തില്‍ വിനുവിന്റെ ശബ്ദം ഉയര്‍ന്നപ്പോള്‍ ഒരു ഞെട്ടലോടെ അവള്‍ കണ്ണുകള്‍ വലിച്ചു തുറന്നു, വേഗം അലാം ഓഫാക്കി.
'ഈശ്വരാ സമയം നാലു കഴിഞ്ഞു ഇനി ഇപ്പോഴാ എന്റെ പണി തീരുക?'
ദീര്‍ഘനിശ്വാസത്തോടെ കിടക്കവിട്ടെഴുനേല്‍ക്കുമ്പോള്‍ രേവതി ആലോചിച്ചു. വിനു അപ്പോഴേക്കും ആമിയേയും ചേര്‍ത്തു പിടിച്ച് അടുത്ത ഉറക്കത്തിലേക്ക് വീണിരുന്നു.
കുളിയും നനയും അടിക്കലും വാരലും രണ്ടു നേരത്തെ ഭക്ഷണവും ഉണ്ടാക്കി അതു മൂന്ന് ടിഫിന്‍ ബോകസിലാക്കി, ആമിയെ സ്‌കൂളില്‍ വിടാനൊരുക്കമ്പോഴക്കും വിനു ഒരുങ്ങി ഇറങ്ങിയിരുന്നു.
'ഞാന്‍ ഇറങ്ങുവാ...'
ഷൂ ഇടുന്നതിനടയില്‍ ആരോടെന്നില്ലാതെ അവന്‍ പറഞ്ഞു.
'അതിനു ഏട്ടന്‍ ഒന്നും കഴിച്ചില്ലല്ലോ, ഞാന്‍ എല്ലാം എടുത്ത് വെച്ചിട്ടുണ്ട്.'
'വേണ്ട ഞാന്‍ കാന്റീനില്‍ നിന്നു കഴിച്ചോളാം, നേരത്തെ പോകണം ഇന്നൊരു മീറ്റിംഗ് ഉണ്ട്.'
'എന്നാല്‍ ലഞ്ചെങ്കിലുമെടുക്ക്.'
ലഞ്ച് ബോക്‌സ് എടുത്തു രേവു ഓടിയെത്തിയപ്പോഴ്കും ബൈക്ക് ഗേറ്റ് കടന്നു പോയിരുന്നു. ജീവിതം മാറി മറയുന്നത് എത്ര പെട്ടന്നാണന്ന് തോന്നി അവള്‍ക്ക്.
പ്രണയം ഒരു മഴയായി പെയ്തിറങ്ങിയ ഒരു കാലമുണ്ടായിരുന്നു തങ്ങള്‍ക്കിടയില്‍. ഓരോ നിമിഷവും ഒന്നിച്ചുള്ള ജീവിതംമാത്രം സ്വപ്നം കണ്ട നാളുകള്‍, അതു സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടി മാത്രം എല്ലാം ഉപേക്ഷിച്ച് ഒന്നായവര്‍ ഇപ്പോള്‍....
ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള ഓട്ടം തുടങ്ങിയപ്പോള്‍ പ്രണയം നഷ്ടമായോ?
എല്ലാം ഒരു അബദ്ധമായിപ്പോയീന്ന് വിനുവിന് തോന്നിത്തുടങ്ങിയോ?
അല്ലെങ്കില്‍ എന്താ ഇപ്പോ ഇങ്ങനെ?
ഒന്നു പറഞ്ഞു രണ്ടാമത്തതിനു 'നീ കാരണം !'
എന്നാണിപ്പോ അവസാനിപ്പിക്കുന്നത്.
ആമിയാണ് ഒരു തടസ്സം, അല്ലെങ്കില്‍ ചിലപ്പോള്‍ വിനു എല്ലാം അവസാനിപ്പിച്ചേന. ശരിയാ, എല്ലാം ഞാന്‍ കാരണമാണ്. അവന്റെ വലിയ തറവാട്, അച്ഛന്‍, അമ്മ എല്ലാത്തിലുപരി വിലമ തിക്കാനാകാത്ത കുടംബ സ്വത്ത് ഒക്കെ നഷ്ടമായത് ഞാന്‍ കാരണമാണല്ലോ? പക്ഷേ നഷ്ടങ്ങള്‍ അവനു മാത്രമാണോ? എനിക്കുമില്ലേ ബന്ധങ്ങള്‍? അവനു മാത്രമാണോ നഷ്ടം! എന്റേതും കൂടിയല്ലെ?
'അമ്മേ ആമിന്റെ ബസിപ്പോ വരുവെ'
ആമിയുടെ സ്വരം അവളെ ഓര്‍മ്മളില്‍ നിന്നുണര്‍ത്തി. അവള്‍ വേഗം യഥാര്‍ഥ്യത്തിലേക്ക് തിരികെ വന്നു. ഒരു യു കെ ജിക്കാരിയുടെ എല്ലാ വാശിക്കും നിന്നുകൊടുത്ത് അവളെ കഴിപ്പിച്ചു. രണ്ടുപേരും ഒരുങ്ങിയിറങ്ങുമ്പോള്‍ ക്ലോക്കില്‍ മണി ഏഴ് അടിച്ചു. ഇന്നും വൈകുമല്ലോയെന്നോര്‍ത്തപ്പോള്‍ സങ്കടം തോന്നി അവള്‍ക്ക്.
'ബസ് വരുമ്പോള്‍ സൂക്ഷിച്ചു കയറി പോകാണട്ടോ. ഉച്ചക്ക് ഫുഡ് മുഴുവന്‍ കഴിക്കണെ.'
പതിവു മുത്തം നല്‍കുമ്പോള്‍ ആമിയോടു പറഞ്ഞു. അവള്‍ എല്ലാം തല കുലുക്കി സമ്മതിച്ചു. സ്‌കൂട്ടി ഗേറ്റ് കിടന്നപ്പോള്‍ പതിവില്ലാതെ ഒന്നു തിരിഞ്ഞു നോക്കണമെന്ന് തോന്നി അവള്‍ക്ക്. കൈകള്‍ വീശി റ്റാറ്റ കാണിച്ചു കൊണ്ട് ചിരിച്ചു നില്‍ക്കുന്ന ആമിയെ നോക്കി ഒന്നു കൂടി റ്റാറ്റ കാണിച്ചു അവള്‍.
മെഡിസിറ്റിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ വണ്ടി നിര്‍ത്തി, ജനനവും മരണവും കൈകോര്‍ക്കുന്ന തണുത്ത മരവിച്ച വരാന്തയിലൂടെ കുട്ടികളുടെ വാര്‍ഡ് ലക്ഷ്യമാക്കി അവള്‍ വേഗത്തില്‍ നടന്നു. ചെയ്ഞ്ചിംഗ് റൂമില്‍ കയറി വെള്ളയില്‍വാരി പൊതിഞ്ഞ് 'മാലാഖ 'യായി അവള്‍ നേഴ്‌സിംഗ് സറ്റേഷിനില്‍ ചെന്നു. വൈകിയതിനു ഹെഡ് നേഴ്‌സിന്റെ പതിവുശകാരം വാങ്ങി ഒരു വിധം രജിസ്റ്ററില്‍ ഒപ്പുവെച്ചു. ഹാന്‍ഡ് ഓവര്‍ തരാന്‍ ക്ഷമകെട്ട് കാത്തിരിക്കുന്ന നൈറ്റ് ഡ്യൂട്ടി സ്റ്റാഫിന്റെ മുറുമുറുപ്പും കേട്ടുകൊണ്ട് ഓവര്‍ എടുക്കുമ്പോളാണു വാര്‍ഡിന്റെ അങ്ങേ തലക്കലൊരു നിലവിളിയുര്‍ന്നത്. അങ്ങോട്ടക്ക് ആഞ്ഞ അവളെ തടഞ്ഞു കൊണ്ട്, സിസിലി സിസ്റ്റര്‍ ഫയലില്‍ നിന്നു കണ്ണെടുക്കാതെ തുടര്‍ന്നു
'നോക്കണ്ട ബെഡ് നമ്പര്‍ പത്താണ്, ഇപ്പോളാ അവരോടു പറഞ്ഞത്. നീ ഇതു കേള്‍ക്ക് .. എനിക്ക് പോവണം.'
വൈകിയതിന്റെ ദേഷ്യവും ഉറക്കച്ചടവും അവരുടെ വാക്കുകളില്‍ പ്രതിഫലിച്ചു. പക്ഷേ മനസ് അവിടെ നിന്നില്ല, ബെഡ്‌നമ്പര്‍ പത്ത്! ആമിയുടെ പ്രായമേയുളളു ആ കുഞ്ഞിന്, ഇന്നലെ കൂടി തന്നെ നോക്കി പുഞ്ചിരിച്ചു ഓമന മുഖം.
നോക്കി നില്‍ക്കെ സ്ട്രച്ചറില്‍ വെള്ളപൊതിഞ്ഞ ഒരു കുഞ്ഞു ശരീരം അവളെ കിടന്നു പോയി. ഒരുതരം മരവിപ്പ് തോന്നി അവള്‍ക്ക്, ജനനവും മരണവുമെല്ലാം ഇപ്പോള്‍ ഉണ്ടാക്കുന്നത് ഇത്തരമൊരു നിര്‍വികാരത മാത്രമാണ്. വീട്ടിലെ ചക്കി പൂച്ച ചത്തപ്പോള്‍ മൂന്നു ദിവസം ഊണും ഉറക്കവുമില്ലാതെ കരഞ്ഞ രേവൂട്ടിക്ക് വന്ന മാറ്റം. തന്നിലെ തന്നെ നഷ്ടപ്പെടുത്തി, പുഞ്ചിരി വിടര്‍ത്തി, വേദനിക്കുന്നവര്‍ക്ക് താങ്ങായി മാറേണ്ടവള്‍ മാലാഖ'- അവളുടെ മുഖത്ത വിടെയോ ഒരു നിസ്സഹായതയുടെ പുഞ്ചിരി മിന്നി മറഞ്ഞു. ഓവര്‍ എടുത്ത് ഫയല്‍സ് വാരി പെറുക്കി ഡോക്ടറുടെ കൂടെ റൗണ്ട്‌സിനെത്താന്‍ വൈകിയതിനു ചീത്ത, നൈറ്റ് ഡ്യൂട്ടി സ്റ്റാഫ് ചെയ്യാന്‍ ബാക്കി വെച്ച ജോലിയുടെ പേരില്‍ ചീത്ത, എല്ലാം കഴിഞ്ഞ് മരുന്ന്‌കൊടുക്കാന്‍ സമയം വൈകിയെന്നു പറഞ്ഞ് രോഗിയുടെ കൂട്ടുകിടപ്പുകാരുടെയും ചീത്ത.
പതിവുപോലെ എല്ലാശകാരങ്ങളുമേറ്റുവാങ്ങി ചുണ്ടില്‍ പുഞ്ചിരി നിറച്ച് നിലം തൊടാതെ രേവു ഓടിക്കൊണ്ടിരുന്നു. വയറ്റില്‍ ഒരു കാളിച്ച തോന്നിയപ്പോഴാണ് ക്ലോക്കില്‍ നോക്കിയത്. സമയം രണ്ട് ആകുന്നു. രാവിലത്തെ ഓട്ട പ്രദിക്ഷണത്തിനടയില്‍ സ്വന്തം വയറിനെ അവള്‍ ഓര്‍ത്തിരുന്നില്ല. കുറച്ച് വെള്ളമെങ്കിലും കുടിക്കമെന്നു കരുതിയാണ് ചെയ്ഞ്ചിംഗ് റൂമില്‍ കയറിയത്.
ഫോണെടുത്തപ്പോള്‍ രാഹുലിന്റെ മെസേജ്. വീട്ടിന്നു ഇറങ്ങിയതില്‍ പിന്നെ തന്നെപ്പറ്റി അന്വേഷിക്കുന്ന ഒരേയൊരാള്‍. തന്റെ കൂടെപിറപ്പ്, അവന് അടുത്ത ആഴ്ച്ച കോളജിന്നു ടൂറുണ്ട്, കാശു വേണം. അതിനുള്ള ഓര്‍മ്മപ്പെടുത്തലാണ്. പാവം എന്തേലും കൊടുക്കണം, വിദ്യാഭാസ ലോണിന്റെ അടവു തെറ്റിയിട്ട് മൂന്നു മാസമായി. ഈ മാസം അതൊന്നു ക്ലിയര്‍ ചെയ്യണം ഇല്ലെങ്കില്‍ ഒരു മകള്‍ ഉണ്ടായി പോയതിന്റെ പേരിലുള്ള നാണക്കേടുകൂടാതെ അവളെ പഠിപ്പിച്ചതിന്റെ പേരില്‍ അച്‌നും അമ്മയും തെരുവിലിറങ്ങേണ്ടി വരും, ആ ഒരു ശാപം കൂടി ഇനി വയ്യ!
ചിന്തകളെ തട്ടി തറിപ്പിച്ചു കൊണ്ട് കൈയിലിരുന്ന ഫോണ്‍ വിറച്ചു. ഡിസ്‌പ്ലേയില്‍ വിനുവിന്റെ ചിരിക്കുന്ന മുഖം. എന്താണാവോ ഈ നേരത്ത്? അവള്‍ ആശങ്കയോടെ ഫോണ്‍ കാതോടു ചേര്‍ത്തു. അഭിസംബോധനകള്‍ ഇല്ലാതെ വിനുവിന്റെ ശബ്ദം.
' സാലറി കയറിയെങ്കില്‍ എടുത്തേക്ക്, വീടിന്റെ റെന്റ് കൊടുക്കണം, എനിക്ക് ഈ മാസം മറ്റു ചില കാര്യങ്ങളുണ്ട്.'
മറുപടിയായി അവള്‍ അറിയാതെ തന്നെ ഒരു മൂളല്‍ ഉയര്‍ന്നു. കൂടുതല്‍ ഒന്നും പ്രതിക്ഷിക്കാത്തതു കൊണ്ടാകാം മറുതലക്കല്‍ ഫോണ്‍ കട്ടായി. എണ്ണി ചുട്ട അപ്പം പോലെ കിട്ടണ കാശിന്റെ ആവശ്യങ്ങളോര്‍ത്തപ്പോള്‍ ഒരു തളര്‍ച്ചതോന്നി അവള്‍ക്ക്.
എ ടി എം കൗണ്ടറിലെ തണുപ്പ് പുറത്തെ ചൂടില്‍ നിന്ന് ഒരു ആശ്വാസം തന്നു. ഒന്നും ബാക്കി വെയ്ക്കതെ മുഴുവന്‍ കാശുമെടുത്ത് തിരികെ സകൂട്ടിയില്‍ കയറുമ്പോഴുള്ള അലസമായ ഒരു നോട്ടത്തിലാണ് കണ്ണാടിയില്‍ അവള്‍ സ്വന്തം മുഖം കണ്ടത്. രേവതിക്ക് തന്നെ അല്‍ഭുതം തോന്നി, താനാകെ മാറിയിരിക്കുന്നു. നൈറ്റ് ഡ്യൂട്ടികള്‍ തീര്‍ത്ത കറുത്ത വലയങ്ങള്‍ക്കുള്ളില്‍ പാതി മയക്കത്തിലാണ് കണ്ണുകള്‍, പാറി പറന്ന മുടിയഴകളില്‍ അകാല നരയുടെ വിരല്‍പ്പാടുകള്‍, മുഖത്തവിടവിടെ ചുളിവുകളും പാടുകളും, വരണ്ട ചുണ്ടുകള്‍, ഈശ്വരാ ഈ കണ്ണാടി പറ്റിക്കുവാണോ?
ആയിരിക്കും അല്ലേലും ഇത് വണ്ടികള്‍ക്ക് മുഖം നോക്കാനുള്ളതാ, വീട്ടില്‍ ചെല്ലട്ടെ നല്ല കണ്ണാടി ഒന്നു നോക്കണം, അങ്ങനെ ഒന്നു വീട്ടില്‍ ഉണ്ടോ ആവോ? എങ്ങനെ അറിയനാ, ചെന്നാല്‍ രാവിലത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ ഓടിയാലേ പന്ത്രണ്ടുമണി കഴിയുമ്പോഴെങ്കിലും ബെഡ് കാണാന്‍ കഴിയു. അതിന്റെയിടയില്‍ മോളുടെ കൂടെ പഠിക്കാന്‍ ഇരിക്കണം. ഇല്ലെങ്കില്‍ ക്ലാസ് ടീച്ചറുടെ ഫോണ്‍ വരും, ആമി ഹോം വര്‍ക്ക് ചെയ്തില്ല, അതു പഠിച്ചില്ല, ഇതു പഠിച്ചില്ല ! രേവതി സ്‌കൂള്‍ ഡയറി നോക്കിയില്ലെ? അങ്ങനെ നൂറു പരാതികള്‍, ഇതിന്റെ ഇടയില്‍ കണ്ണാടി നോക്കാന്‍ എവിടെയാ നേരം. ഇന്ന് ചെന്നിട്ടാകട്ടെ, നോക്കണം. ചിന്തകളെ കാറ്റില്‍ പറത്തി വാഹനങ്ങള്‍ ചീറി പായുന്ന നഗരത്തിന്റെ തിരക്കിലേക്ക്ഊളിയിട്ടു രേവതി.
ആരുടെക്കെയോ നിലവിളി കേട്ടാണ് രേവതി കണ്ണു തുറന്നത്. പല മരുന്നുകളുടെ മനം മടിപ്പിക്കുന്ന മണം മൂക്കിലേക്ക് അടിച്ചു കയറി. വീണ്ടും മെഡിസിറ്റിയുടെ വരാന്ത, നിലവിളികള്‍, ആരോ മരിച്ചിരിക്കുന്നു.
കരയുന്നവരൊക്കെ കരയട്ടെ. ഉള്ളം തുറന്നുള്ള കരച്ചില്‍ നഷ്ടങ്ങളെ നേരിടാനുള്ള മനസിന്റെ മാര്‍ഗ്ഗമാണെന്ന് സൈക്യാട്രി പറയുന്നത്.
'ലോറി യായിരുന്നു. നല്ല സ്പീഡാരുന്നു പോലും. ഇടിച്ചിട്ടും നിര്‍ത്തിയില്ലത്രെ. വഴിയിന്നെ പോയിന്നാ കേട്ടെ!'
ആരോ അടക്കം പറഞ്ഞു . ഓ അപ്പോള്‍ ആക്‌സിഡന്റ് ആണ്. അവള്‍ വാച്ചില്‍ നോക്കി സമയം ഒത്തിരി വൈകി. തനിക്കിതെന്തു പറ്റി , വിനുവും മോളും തന്നെ നോക്കി വിഷമിക്കുമല്ലോ? അവള്‍ ധൃതിയോടെ ആള്‍ക്കൂട്ടത്തെ കടന്നു മുന്നോട്ടു നടന്നു . അപ്പോഴാണ് യൂണിഫോം പോലും മാറ്റാതെ ആമിയേയും തോളിലെടുത്ത് വിനു നില്‍ക്കുന്നത് കണ്ടത്. ഇത് എന്താ? വിനു ഇവിടെ എന്നെ അന്വേഷിച്ചു വന്നതാകുമോ? അവള്‍ ഓടി അവര്‍ക്കരികിലെത്തി വിനുവിന്റെ തോളില്‍തട്ടി പറഞ്ഞു.
'സോറി വിനുവേട്ടാ ഞാന്‍ ലേറ്റായി പോയി, വാ നമുക്ക് പോകാം. മോളെയും കൊണ്ട് ഇവിടെ നില്‍ക്കണ്ട അവള്‍ പേടിക്കും.'
അവള്‍ ഒരു അടി നടന്നു തിരിഞ്ഞു നോക്കി വിനു അതെ നില്‍പ്പ് തുടരുകയാണ്.. പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന കാര്‍മേഘം പോലെയുള്ള അവന്റെ മുഖം അവളില്‍ സംശയമുണര്‍ത്തി. അവള്‍ തിരികെ ചെന്ന് അവന്റെ കൈ പിടിച്ചു
'വാ ഏട്ടാ ഇനിയും വൈകിയാല്‍ ശരിയാവില്ല, നാളെ ഡ്യൂട്ടിയുണ്ട്'
അവളുടെ വാക്കുകള്‍ മുഴുവിപ്പിക്കുo മുമ്പെ ആമിയുടെ ചോദ്യം അവളുടെ ഹൃദയം തുളച്ചു കയറി
'എന്താ അച്ചെ അമ്മ വരാത്തെ?'
വിനു പെരുമഴയായ് പെയ്തിറങ്ങിയ കണ്ണുനീര്‍ത്തുള്ളികളെ തുടച്ചെറിഞ്ഞു. ഇടര്‍ച്ചയോടെ പറഞ്ഞു
'ഇപ്പോ വരുമടാ മുത്തെ'
ഒരു നിമിഷം കൊണ്ട് ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു പോയി രേവതി! അവള്‍ക്കരികിലൂടെ മുരള്‍ച്ചയോടെ കിടന്ന് പോയ സട്രെച്ചറില്‍ അവള്‍ കണ്ണാടിയില്‍ കണ്ട മുഖം ചേതനയറ്റു കിടക്കന്നുണ്ടായിരുന്നു. ഒരു നിമിഷം കണ്ണുകള്‍ ഇറുക്കിയടച്ചു രേവതി. ടാറിട്ട കറുത്ത റോഡിലേക്ക് തന്നില്‍ നിന്നും ഒഴുകി പരക്കുന്ന ചോര. അതാണ് താന്‍ അവസാനം കണ്ടത്. ശരിയാ ഓര്‍മ്മ വമ്പോള്‍ ഇവിടെയായിരുന്നു. ഫിസിയോളജി തോറ്റ തന്റെ ശരീരത്തെ നോക്കി നിര്‍വികാരതയോടെ നിന്നു അവള്‍. പിന്നെ സ്വയം ചോദിച്ചു
'ഇപ്പോള്‍ പോയാല്‍ എങ്ങനെ ശരിയാവും. പണി ഒക്കെ ബാക്കിയല്ലെ! കടങ്ങളും!'
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...