Malayalam Short story ; ഹണി ട്രാപ്, നവീന്‍ എസ് എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jan 3, 2023, 5:15 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  നവീന്‍ എസ് എഴുതിയ ചെറുകഥ

 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

 

Latest Videos

 

'ഒരു കപ്പക്കഷ്ണത്തിലൊടുങ്ങുന്ന വിശപ്പിനെ മാത്രം സ്വപ്നം കണ്ട്, കെണിയിലേക്കാണെന്ന പൂര്‍ണ്ണ ബോധ്യത്തോടെ നടന്നു കയറുന്ന ചില എലികളുണ്ട്' - കേ.സി. പങ്കജാക്ഷന്റെ 'എലിക്കെണി' എന്ന കഥയില്‍ നിന്നും.

 

കണ്ടവരൊക്കെ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. സോഷ്യല്‍ മീഡിയയിലാണെങ്കില്‍ ടണ്‍ കണക്കിന് പോസിറ്റീവ് റിവ്യൂസും പിന്നെ മികച്ച റേറ്റിങ്ങും. അതൊക്കെ കണ്ടിട്ടാണ്, നല്ല തിരക്കുള്ള സമയമായിരുന്നിട്ടും, നെറ്റ്ഫ്‌ലിക്‌സിലെ പുതിയ സീരിസ് കാണണമെന്ന് രഘു തീരുമാനിച്ചത്. പ്രതീക്ഷ തെറ്റിയില്ല; കണ്ടു തുടങ്ങിയപ്പോള്‍ നിര്‍ത്താന്‍ തോന്നിയില്ല. റിലീസായ മുഴുവന്‍ എപ്പിസോഡുകളും ഒറ്റയിരുപ്പിന് കണ്ട് തീര്‍ത്തപ്പോഴേക്കും നേരം പുലര്‍ച്ചെ മൂന്ന് മണി കഴിഞ്ഞിരുന്നു. ടിവി ഓഫ് ചെയ്ത് കിടപ്പു മുറിയിലേക്ക് നടക്കുമ്പോഴാണ് മകന്റെ മുറിയുടെ വാതിലിനടിയിലൂടെ അരിച്ചെത്തുന്ന ലാപ്‌ടോപ്പിന്റെ വെട്ടം ശ്രദ്ധിച്ചത്. നേരമിത്ര വൈകിയിട്ടും ഉറങ്ങാതെ അവനെന്താണ് പരിപാടി എന്നന്വേഷിക്കാനാണ് ചെന്നത്. പക്ഷെ, വാതില്‍ക്കലെത്തിയപ്പോള്‍ അയാള്‍ക്ക് മുന്നില്‍ വളരെ പഴക്കമുള്ളൊരു രംഗം തെളിഞ്ഞു. 

വെപ്രാളം കൊണ്ട് കുറ്റിയിടാന്‍ മറന്നു പോയ വാതില്‍ തുറന്ന് മുറിയിലേക്ക് പെട്ടെന്ന് കയറി വന്ന അച്ഛന്‍. വിറച്ചു പോയ കൗമാരക്കാരന്റെ കൈയ്യില്‍ നിന്നൂര്‍ന്നു വീണ മാസികയിലെ അര്‍ദ്ധനഗ്‌നസുന്ദരി തറയില്‍ മലര്‍ന്നു കിടന്നു. ഒന്നും ചോദിക്കാതെ, അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങിപ്പോയ അച്ഛന് പുറകില്‍ വാതിലടഞ്ഞു.

ഓര്‍മ്മയില്‍ നിന്നുണര്‍ന്നപ്പോള്‍, മകന്റെ വാതില്‍ക്കല്‍ നിന്നും വേഗം തിരിച്ചു നടന്ന്, ഒരറ്റത്തായി ഭാര്യ ചെരിഞ്ഞു കിടന്നുറങ്ങുന്ന കിങ്-സൈസ് കിടക്കയുടെ മറ്റേയറ്റത്തായി അയാള്‍ ചെന്നു മലര്‍ന്നു.

പതിവ് തെറ്റിയിട്ടാവണം, ഉറക്കം കിട്ടാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുരുളുമ്പോഴാണ് സൈലന്റ് മോഡിലിട്ട മൊബൈല്‍ ബെഡ്‌സൈഡ് ടേബിളില്‍ കിടന്ന് വട്ടം കറങ്ങിയത്. അയാള്‍ പിടഞ്ഞെണീറ്റു. 

ഉദയേച്ചിയാണ് വിളിക്കുന്നത്. 'എന്തിനാണാവോ ഈ നട്ടപ്പൊലര്‍ച്ചക്ക്' എന്ന ദ്രുതചിന്തയെ, ആസ്‌ത്രേലിയയില്‍ അപ്പോഴേക്കും നേരം പരപരാ വെളുത്തുവെന്ന തിരിച്ചറിവ് വെട്ടിത്തിരുത്തി. 

'നീയ്യ് വേഗാ സൂം മീറ്റില് കേറ്. ലിങ്ക് വാട്ട്‌സാപ്പില്ണ്ട്'

ഫോണുമായി രഘു സിറ്റിങ്ങ് റൂമിലെ സെറ്റിയില്‍ ചെന്നിരുന്നു. വാട്ട്‌സാപ്പ് തുറന്ന് സൂം മീറ്റിന്റെ ലിങ്കില്‍ കുത്തിത്തുറന്നു. വിചാരിച്ചത് പോലെ മീറ്റിന്റെ ഓര്‍ഗനൈസര്‍ 'പുരു നായര്‍' തന്നെ. ഉദയേച്ചിയുടെ ഭര്‍ത്താവ് പുരുഷോത്തമന്‍ നായരെന്ന പുരുവേട്ടന്‍ ആസ്‌ത്രേലിയയില്‍ ഒരു ഫാര്‍മാ കമ്പനിയിലെ വലിയ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ കമ്പനി വക പ്രീമിയം സൂം അക്കൗണ്ടിലാണ് കോവിഡ് കാലത്തെ വിഷുവിനും ഓണത്തിനും കുടുംബയോഗം ചേര്‍ന്നത്.

ലാപ്‌ടോപ് സ്‌ക്രീനിലെ ചതുരക്കളങ്ങളില്‍ നിരന്ന നാലാമന്‍ ഉദയയുടേയും രഘുവിന്റെയും മൂത്ത സഹോദരന്‍ ഭാസ്‌കരനാണ്. എല്ലാ മുഖങ്ങളിലെയും പതിവില്ലാത്ത ഗൗരവം തിരിച്ചറിഞ്ഞതോടെ മുഖത്ത് വരുത്തിയ പുഞ്ചിരി രഘു പെട്ടെന്ന് തന്നെ മായ്ച്ചു കളഞ്ഞു.

'വിശേഷൊക്കെ അറിഞ്ഞില്ലേ'- ഭാസ്‌കരേട്ടനാണ്

എന്തോ പറയാനാഞ്ഞ ഉദയേച്ചിയെ പുരുവേട്ടന്‍ തടഞ്ഞു.

'നീ മിണ്ടല്ല; ഞാന്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാം.'

പുരു നായര്‍ തന്റെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നുവെന്ന സന്ദേശത്തിന് ശേഷം, ഒരു പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിന്റെ പേജ് സ്‌ക്രീനില്‍ നിറഞ്ഞു.

'ഹണിട്രാപ്പ് സംഘം പിടിയില്‍; തട്ടിപ്പിന് ഇരയാക്കപെട്ടവരില്‍ പോലീസുകാരും പ്രമുഖരും' എന്ന തലക്കെട്ടിനടിയിലെ വിശദമായ വാര്‍ത്തയിലേക്ക് സൂം ഇന്‍ ചെയ്തപ്പോള്‍, സംഘത്തിന്റെ കെണിയില്‍ പെട്ടവരില്‍ പ്രമുഖ സാഹിത്യകാരന്‍ കേ.സീ.പങ്കജാക്ഷനുമുണ്ടെന്ന് പോലീസ് വൃത്തങ്ങളെയുദ്ധരിച്ച്  റിപ്പോര്‍ട്ട് ചെയ്ത ഭാഗം വ്യക്തമായി. തട്ടിപ്പു സംഘത്തിലെ ഒരു യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേസീയുടെ അക്കൗണ്ടില്‍ നിന്നും മാസാമാസം അയ്യായിരം രൂപ വീതം പോയതിന്റെ സ്റ്റേറ്റ്‌മെന്റും തെളിവായി ചേര്‍ത്തിട്ടുണ്ട്. 

സ്‌ക്രീന്‍ ഷെയറിങ്ങ് അവസാനിച്ച ശേഷം കുറച്ചു നേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല.

ആ വാര്‍ത്തയില്‍ പ്രതിപാദിച്ച, കേസി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന, കേ.സി.പങ്കജാക്ഷനെന്ന പ്രമുഖ എഴുത്തുകാരന്റെ മക്കളാണ് ഭാസ്‌കരനും ഉദയയും രഘുവും.

'തൃപ്തിയായല്ലോ നിനക്ക്?'

ഭാസ്‌കരേട്ടന്റെ ചോദ്യം തന്നോടാണെന്ന് മനസിലായിട്ടും രഘു പ്രതികരിച്ചില്ല. 

മറ്റാരോടുമാലോചിക്കാതെ, അച്ഛന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയത് രഘുവാണ്. അമ്മയുടെ ഒന്നാമാണ്ടിന് കൂടിയപ്പോഴായിരുന്നുവത്.  

ഇടക്കിടെ വന്നു കാണാമെന്നും പറ്റുമ്പോഴൊക്കെ കൂടെ താമസിക്കാമെന്നുമൊക്കെയുള്ള ധാരാളം ഉറപ്പുകള്‍ അച്ഛന് നല്‍കിയിട്ടാണ്, അമ്മ മരിച്ചതിന്റെ പതിനാറു തികയുന്നതിന് മുമ്പേ തന്നെ മക്കളൊക്കെ പിരിഞ്ഞതെങ്കിലും ആ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടിരുന്നില്ല. ഇതിനിടയില്‍ ഉദയ ഭര്‍ത്താവിനൊപ്പം ആസ്‌ത്രേലിയിലേക്കും രഘു ജോലി സംബന്ധമായി ഡല്‍ഹിലേക്കും സ്ഥലം മാറി. ഭാസ്‌കരന്‍ നേരത്തെ തന്നെ യുഎസില്‍ സെറ്റില്‍ഡാണ്.

മലയാളത്തിലെ ഏറെ ആഘോഷിക്കപ്പെട്ട എഴുത്തുകാരനായിട്ടും, സ്വഭാവത്തിലെ കാര്‍ക്കശ്യം കാരണം കേസിക്ക് വലിയ സുഹൃദ് വലയമോ സ്തുതിപാഠക സംഘമോ ഉണ്ടായിരുന്നില്ല. അതിനാല്‍ വീട്ടില്‍ വിരുന്നുകാരും കുറവായിരുന്നു. ഭാര്യയുടെ മരണത്തോടെ അയാള്‍ കൂടുതല്‍ ഉള്‍വലിഞ്ഞു. കോവിഡ് കാലത്തെ സാഹിത്യ സംഗമങ്ങള്‍ ഓണ്‍ലൈനിലുമായതോടെ, മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ എല്ലാകാലത്തും മടിച്ചു നിന്ന കേസി തികച്ചും ഒറ്റപ്പെട്ടു. 

അടുത്തിടെ, ഒരു പ്രമുഖ മാസികയില്‍ കേസിയുടെ അഭിമുഖ സംഭാഷണം വന്നിരുന്നു. 'എന്ത് കൊണ്ട് ഇപ്പോഴൊന്നും എഴുതുന്നില്ല?' എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയത് ഇങ്ങനെയാണ്- 'എഴുതാനുള്ളതെല്ലാം ഞാന്‍ നേരത്തെ എഴുതി തീര്‍ത്തതാണ്. എഴുത്ത് ജീവിതത്തിനിടയില്‍ കുടുംബത്തിനൊപ്പം സമയം ചിലവിടാന്‍ എനിക്ക് സാധിച്ചിട്ടില്ല. എഴുത്തു മുറിയെന്നത് എന്റേത് മാത്രമായ ഒരു ലോകമെന്ന് പ്രഖ്യാപിച്ച് അവിടേക്ക് ഭാര്യക്കും മക്കള്‍ക്കും കൂടി പ്രവേശനം നിഷേധിച്ചു. എഴുതാനുള്ളതെല്ലാം പെട്ടെന്ന് തീര്‍ത്ത ശേഷം, ശിഷ്ട ജീവിതം കുടുംബത്തിനൊപ്പം കഴിയാമെന്നായിരുന്നു എന്റെ വ്യാമോഹം. പക്ഷെ, ഇപ്പോള്‍ ഭാര്യ എന്നെ വിട്ട് പോയി. മക്കള്‍ അവരുടേതായ തിരക്കുകളിലുമായി. എനിക്കാണെങ്കില്‍ ഇപ്പോള്‍ കുറേയേറെ സമയമുണ്ട്; പക്ഷെ എഴുതാന്‍ യാതൊന്നുമില്ല.' 

കേസിയുടെ ചിരിക്കുന്ന ചിത്രത്തോടൊപ്പം ചേര്‍ത്ത ആ വരികളിലെ നനവ് രഘു അന്നു തന്നെ തൊട്ടറിഞ്ഞതാണ്. ഫോണിലൂടെ അച്ഛന്‍ കാര്യമായൊന്നും സംസാരിക്കാറില്ല. അങ്ങോട്ട് പറയുന്നതെല്ലാം മൂളിക്കേള്‍ക്കും. ഒടുവില്‍ എപ്പോഴാണ് വീട്ടിലേക്ക് വരുന്നതെന്ന് മാത്രം ചോദിക്കും. 

അമ്മയുടെ ആണ്ട് ബലിക്ക് ഒരാഴ്ച്ച മുമ്പേ തന്നെ രഘു വീട്ടിലെത്തിയിരുന്നു. അമ്മയില്ലാതായ ഒറ്റ വര്‍ഷം അച്ഛനെ എത്രത്തോളം മാറ്റിയെന്ന് അയാള്‍ അദ്ഭുതപ്പെട്ടു. കാലങ്ങളായി പരുക്കനെന്ന് ഉള്ളിലുറച്ചു പോയൊരാള്‍ തന്നെ കണ്ടമാത്രയില്‍ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞപ്പോള്‍ രഘു അപ്പാടെ തളര്‍ന്നു പോയി. അവര്‍ മാത്രമായ പിന്നീടുള്ള ദിവസങ്ങളില്‍ പെട്ടെന്നൊരു നാള്‍ ഒറ്റക്കായി പോയതിന്റെ വേവലാതികള്‍ യാതൊരു മറയുമില്ലാതെ അച്ഛനയാളോട് പങ്കു വെച്ചു. അങ്ങനെയാണ് അമ്മ ബാക്കിയാക്കി പോയ ശൂന്യതയുടെ നിലയില്ലാക്കയത്തില്‍ നിന്നും അച്ഛനെ കരകയറ്റണമെന്ന് രഘു ഉറപ്പിച്ചത്.

ആണ്ടിന്റെ തലേന്ന്, എല്ലാവരും ഒരുമിച്ചുണ്ടായ അത്താഴ സമയത്താണ് അച്ഛനെ വീണ്ടുമൊരു വിവാഹം ചെയ്യിക്കുന്നതിനെ പറ്റി ആലോചിക്കണമെന്ന് രഘു പറഞ്ഞത്. അത്താഴ പാത്രത്തിലേക്ക് തല കുമ്പിട്ടിരിക്കുന്ന അച്ഛന്റെ പ്രതികരണത്തിന് പോലും കാക്കാതെ, മൂത്ത സഹോദരങ്ങളിരുവരും വിയോജിപ്പ് വ്യക്തമാക്കി. ഈ പ്രായത്തില്‍ അച്ഛന് വേണ്ടത് പെണ്‍കൂട്ടല്ലെന്നും; വീണു പോയാല്‍ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ കെല്‍പ്പുള്ള ആണ്‍ സഹായിയെ ആണെന്നും അവര്‍ വിധിച്ചു.  

ആണ്ടുചടങ്ങുകള്‍ കഴിഞ്ഞ് തിരിച്ചു പോകുമ്പോഴേക്കും പുരുവേട്ടന്റെ അകന്ന ബന്ധത്തിലുള്ള ഒരു മെയില്‍ നഴ്‌സിനെ അച്ഛന് വേണ്ടി അവര്‍ ഏര്‍പ്പാടാക്കിയിരുന്നു. ഏതായാലും, തിരിച്ചു പോകുന്നതിന് മുമ്പേ രഘു അച്ഛനൊരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കി. അച്ഛനത് വലിയ സമ്മതമില്ലായിരുന്നു. എങ്കിലും, വീഡിയോ കാളിലൂടെ എല്ലാവരെയും ഇടക്കിടെ കാണാമെന്ന പ്രലോഭനത്തിലും ഫോണിന്റെ അടിസ്ഥാന ഉപയോഗങ്ങള്‍ നഴ്‌സ് പയ്യന്‍ പഠിപ്പിച്ചു നല്‍കുമെന്ന ഉറപ്പിലും അച്ഛന്‍ വഴങ്ങി.

ഏറെ വൈകാതെ തന്നെ, ആഴ്ച്ചയിലൊരിക്കലെങ്കിലും അച്ഛനും മക്കളും വാട്‌സാപ്പ് ഗ്രൂപ്പ് കോളില്‍ സംസാരിക്കാന്‍ തുടങ്ങി. അത്തരം ഒത്തുചേരലുകള്‍ ഒറ്റപ്പെട്ടുവെന്ന തോന്നലില്‍ നിന്നും രക്ഷപ്പെടാന്‍ കേസിയെ വളരെയധികം സഹായിച്ചിരുന്നു. എന്നാല്‍ അല്‍പം കഴിഞ്ഞതോടെ, എല്ലാവരും ഒരുമിച്ച് കാളില്‍ വരാതായി. പതുക്കെ കോളുകളുടെ ദൈര്‍ഘ്യം കുറയുകയും ഇടവേളകള്‍ കൂടുകയും ചെയ്തു. പിന്നീട് ഓഡിയോ കാളിലേക്കും അവിടെ നിന്നും വോയ്‌സ് മെസേജുകളിലേക്കും ചുരുങ്ങുകയും ചെയ്തു. അപ്പോഴേക്കും കേസി സ്വന്തമായൊരു ഫേസ്ബുക്ക് പ്രൊഫൈലുണ്ടാക്കി സോഷ്യല്‍ മീഡിയയില്‍ ഇടപെട്ടു തുടങ്ങിയിരുന്നു. അച്ഛന്റെ ഈ പ്രകടമായ മാറ്റത്തിന് ഒരു കാരണമാവാന്‍ സാധിച്ചതില്‍ രഘു രഹസ്യമായി അഭിമാനിച്ചിരുന്നു. 

പക്ഷെ, അതിനിടയില്‍ കേസിക്ക് വലിയൊരബദ്ധം പറ്റി. ഒരശ്ലീല വീഡിയോ ക്ലിപ് അയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അറിയാതെ പങ്ക് വെക്കപ്പെട്ടു. മാധ്യമങ്ങളേറ്റെടുത്തതോടെ വിഷയമാകെ വഷളായി. ഒടുക്കം, 'എന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തിരിക്കുന്നു' എന്ന് നഴ്‌സ് പയ്യനെ കൊണ്ട് പോസ്റ്റ് ചെയ്യിപ്പിച്ച ശേഷം കേസിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യിക്കുകയാണുണ്ടായത്. അവരോടാലോചിക്കാതെ അച്ഛന് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങിച്ചു കൊടുത്തതിന്റെ പേരില്‍ കുറ്റം മുഴുവന്‍ സഹോദരങ്ങളന്ന് രഘുവിന്റെ മേല്‍ ചാര്‍ത്തിക്കൊടുത്തിരുന്നു. 

'അന്നേ ആ ഫോണ്‍ തിരികെ വാങ്ങിക്കേണ്ടതായിരുന്നു. അതെങ്ങനാ തനിക്ക് മാത്രേ അച്ഛനോട് സ്‌നേഹള്ളൂന്ന് തെളിയാക്കാനല്ലേ ഇവിടെ ഒരോരുത്തര് വല്ലാണ്ടെ ശ്രമിക്കുന്നേ' - തന്നെ കുറ്റപ്പെടുത്താന്‍ കിട്ടുന്ന ഒരവസരവും ഭാസ്‌കരേട്ടന്‍ പാഴാക്കില്ലെന്ന് രഘുവിനറിയാം.

'മാനം പോവുമ്പോ അതെല്ലാര്‍ടേം പൂവല്ലോ. നാട്ടിലെപ്പോലല്ല; ഇനിയിവിടുത്തെ മലയാളി അസോസിയേഷന്‍കാരുടെ മുഖത്തൊക്കെ എങ്ങനെ നോക്കുന്നാലോചിക്കുമ്പഴാ...' - ഉദയേച്ചി പറഞ്ഞു.

'നടന്നത് നടന്നിട്ട് നമ്മളിങ്ങനെ തമ്മാമ്മില്‍ കുറ്റപ്പെടുത്തിയിട്ടെന്താ കാര്യം' - പുരുവേട്ടന്‍ ഇടപെട്ടു.

'ഇതാ നഴ്‌സ് പയ്യന്റെ തലയിലങ്ങ് വെക്കാം; അല്ലാതെന്ത്. അച്ഛനറിയാതെ ഫോണും ബാങ്ക് അക്കൗണ്ടും അവനുപയോഗിച്ചു. അത്ര തന്നെ'- പുരുവേട്ടന്‍ പോംവഴി പറഞ്ഞു.

'അവന്‍ സമ്മതിക്കുമോ ...' - ഭാസ്‌കരേട്ടന് സംശയം

'സമ്മതിപ്പിക്കാം. നമ്മുടെ പയ്യനാണ്. പക്ഷെ അതിനളിയന്റെ ചെറിയ സഹായം വേണം. ഇങ്ങനൊരു മോശം പേരുണ്ടായാല്‍ അവന് പിന്നെ നാട്ടില്‍ നില്‍ക്കാനാവില്ലല്ലോ. അത് കൊണ്ട്, കേസൊക്കെ വേഗം തീര്‍ത്ത് അവനെയങ്ങ് അമേരിക്കക്ക് കൊണ്ട് പോയി ഒരു ജോലി ശര്യാക്കി കൊടുക്കണം.'

ഭാസകരേട്ടന് സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു. മൂത്ത മകളുടെ വിവാഹം ഏതാണ്ടുറച്ചതാണ്; റിസ്‌കെടുക്കാനാവില്ല.

രഘുവിനോട് നാളെ തന്നെ നാട്ടില്‍ പോയി അച്ഛനെ കൊണ്ട് പത്ര സമ്മേളനം നടത്തിച്ച് നഴ്‌സ് പയ്യനെ കുറ്റക്കാരനാക്കാന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് യോഗം പിരിഞ്ഞു.

രണ്ട്

അടുത്ത ദിവസം അതിരാവിലെ കേസീയുടെ വീട്ടില്‍:

'മുറ്റം നിറയെ പത്രക്കാരാ മാഷേ... ഇങ്ങളൊന്ന് വേഗം വന്നേ...'- നഴ്‌സ് പയ്യന്‍ വാതിലില്‍ വീണ്ടുമൊരു വട്ടം കൂടി ആക്കത്തില്‍ തട്ടി

'എന്തേടോ, എനിക്ക് പുതിയ അവാര്‍ഡ് വല്ലതും തരപ്പെട്ടോ' - വെളുക്കെ ചിരിച്ചു കൊണ്ട് കേസി വാതില്‍ തുറന്നു.

'ഇതതൊന്ന്വല്ല...കാര്യായിട്ടെന്തോ പ്രശ്‌നണ്ട്'- പുതിയൊരു സര്‍ജിക്കല്‍ മാസ്‌ക് മാഷിന്റെ കൈയ്യില് വെച്ച് കൊടുത്തിട്ട് പയ്യന്‍ ധൃതിയില്‍ ഉമ്മറത്തേക്ക് നടന്നു. അരക്കൈയ്യന്‍ ബനിയന് മീതെ കാവിമുണ്ട് മുറുക്കിയുടുത്തു കൊണ്ട് കേസി പുറകെയും.

ഉമ്മറം നിറയെ മാസ്‌ക്ധാരികളാണ്. വാതില്‍ക്കല്‍ തെളിഞ്ഞ മാഷിന്റെ മുഖത്തെ ചാനല്‍ മൈക്കുകള്‍ പൊതിഞ്ഞു. .

'അല്ലാ, എന്തേപ്പോ എല്ലാരൂടെ ?'

അമ്പരപ്പ് ഒട്ടും പ്രകടമാക്കാതെ മാഷ് പോയി ഉമ്മറക്കസേരയിലമര്‍ന്നു.

'മാഷിന്റെ പ്രതികരണമറിയാന്‍ വന്നതാണ്' - കൂട്ടത്തിലാെരാള്‍ പറഞ്ഞു.

'എന്തിനോട് ?'

'തേന്‍കെണി സംഘത്തിന്റെ വാര്‍ത്ത കണ്ടില്ലേ?'  

'തേന്‍കെണിയോ... അതെന്താത്?'

'മാഷ് ടിവീം പത്രോമൊന്നും വായിക്കാറില്ലേ ?'

ചെറുപ്പക്കാരന്‍ റിപ്പോര്‍ട്ടര്‍ക്ക് ക്ഷമ നശിച്ചു തുടങ്ങി.

'സത്യം പറഞ്ഞാ...ഇല്ല.. പത്രോം കേബിളും നിര്‍ത്തീട്ടിപ്പോ മാസം കൊറച്ചായി. വേണ്ടതൊക്കെ ഇപ്പോ ഇതിലുണ്ടല്ലോ'- മാഷ് സ്മാര്‍ട്ട് ഫോണുയര്‍ത്തി കാട്ടി.

'മാഷേ, സ്ത്രീകളെ ഉപയോഗിച്ച് ആളുകളോട് അടുപ്പമുണ്ടാക്കി നേടുന്ന സ്വകാര്യ ഫോട്ടോകളും വീഡിയോകളും സന്ദേശങ്ങളുമൊക്കെ കാണിച്ച് കാശടിക്കുന്നതിനെയാണല്ലോ 'ഹണിട്രാപ്പ' എന്ന് പറയുന്നത്; അതിനെ ഒന്ന് മലയാളീകരിച്ചതാണ് 'തേന്‍കെണി' എന്നത്. '

കേസീയുടെ കഥകളിലെ ദുര്‍ഗ്രാഹ്യതയെ പറ്റി നല്ല ബോധ്യമുള്ള, കൂട്ടത്തിലെ തല മുതിര്‍ന്ന റിപ്പോര്‍ട്ടര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

'ആയ്‌ക്കോട്ടെ, സാധിക്കുന്നത്ര വാക്കുകള്‍ മലയാളത്തിലാക്കുന്നത് നല്ല കാര്യല്ലേ. പക്ഷെ ഇതിലിപ്പം ഞാനെന്ത് പ്രതികരിക്കണമെന്നാ തിരിയാത്തെ?'

ചെറുപ്പക്കാരന്‍ റിപ്പോര്‍ട്ടറുടെ ക്ഷമ കെട്ടു.

'മാഷേ, ഇങ്ങനൊരു സംഘം ഇന്നലെ പോലീസിന്റെ പിടിയിലായിട്ടുണ്ട്. അതിലൊരു യുവതിയുടെ അക്കൗണ്ടിലേക്ക് മാഷിന്റെ അക്കൗണ്ടില്‍ നിന്നും അയ്യായിരം രൂപ വീതം, കഴിഞ്ഞ കുറെ മാസങ്ങളായി പോയിട്ടുമുണ്ട്. അതെന്തിനാണെന്നറിയാനാണ് ഞങ്ങള്‍ വന്നത്'

'ദാ...ഇവളാണ് ആള്' - മറ്റൊരാള്‍ ഫോണ്‍ കേസിയുടെ നേരെ ഉയര്‍ത്തി.

മാഷിന്റെ മുഖമിരുണ്ടത് എല്ലാവരും ശ്രദ്ധിച്ചു. പക്ഷെ, പെട്ടെന്നു തന്നെ മുഖത്ത് പ്രസന്നത വരുത്തിക്കൊണ്ട് അയാള്‍ പറഞ്ഞു - 

'ഓഹ്... ഇപ്പോ സംഗതി പിടികിട്ടി. അതിനെ പറ്റിയാവുമ്പോ കുറച്ചേറെ പറയാനുണ്ട്. നിങ്ങളിങ്ങനെ വന്ന കാലില്‍ നില്‍ക്കാതെ ഉള്ള സ്ഥലത്തൊക്കെ അഡ്ജസ്റ്റ് ചെയ്തിരിക്ക്.'

മാഷിന്റെ സ്വഭാവം വെച്ച്, ഒരു പ്രതികരണം പോലും കിട്ടാതെ ചീത്ത കേട്ട് മടങ്ങേണ്ടി വരുമോ എന്ന് ഭയന്നിടത്ത് ഒരു പത്രസമ്മേളനം തന്നെ ഒത്ത് കിട്ടിയേക്കാമെന്ന തോന്നലില്‍ റിപ്പോര്‍ട്ടര്‍മാരൊക്കെ ഉഷാറായി. കസേരകളിലും ചാരുപടിയിലും നിലത്തുമൊക്കെയായി അവര്‍ നിരന്നു; മാഷിന് ചുറ്റും കുട്ടികളെന്ന പോലെ.

ദീര്‍ഘമായൊന്ന് നിശ്വസിച്ച ശേഷം മാഷ് പറഞ്ഞു തുടങ്ങി -

'ഒരു ദിവസം, വാട്ട്‌സാപ്പില്‍ ഈ പെണ്‍കുട്ടി എന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. നമ്പര്‍ തെറ്റിയെന്നൊക്കെയാണ് പറഞ്ഞതെങ്കിലും അതങ്ങനെയല്ലെന്ന് പിന്നീടുള്ള സംസാരത്തില്‍ മനസിലായി. എന്റെ പുസ്തകങ്ങളെ പറ്റിയൊക്കെ നല്ല അറിവോടെയാണ് സംസാരിച്ചത്. പിന്നെ പതിയെ വ്യക്തിപരമായ കാര്യങ്ങളൊക്കെ സംസാരിച്ചു തുടങ്ങി. അങ്ങനെ കുറച്ച് ദിവസം നല്ല രീതിയില്‍ തുടര്‍ന്ന സംഭാഷണം പിന്നെ വീഡിയോ കാളിലേക്കും വളര്‍ന്നു. ദിവസവും വിളിച്ച് എന്റെ ആരോഗ്യസ്ഥിതിയൊക്കെ അന്വേഷിക്കും. അടുത്ത് വായിച്ച പുസ്തകങ്ങളെ പറ്റി ചര്‍ച്ച ചെയ്യും. അങ്ങനെ എനിക്ക് തുടക്കത്തിലുണ്ടായിരുന്ന സംശയമൊക്കെ മുഴുവനായും മാറിയിരുന്നു. പക്ഷെ, പിന്നീടെപ്പോഴോ സംസാരത്തിന്റെ രീതി മാറിത്തുടങ്ങി. ഒരു ദിവസം ശരീരമൊക്കെ പ്രദര്‍ശിപ്പിക്കുന്ന രീതിയിലാണ് വീഡിയോ കാളില്‍ വന്നത്. ഇത്തരം തട്ടിപ്പുകളെ പറ്റി വായിച്ചറിഞ്ഞിരുന്നതിനാല്‍ ഞാന്‍ ദേഷ്യപ്പെട്ട് കാള്‍ കട്ട് ചെയ്തു. അവള്‍ തിരിച്ചു വിളിച്ചിട്ടും എടുത്തില്ല. പക്ഷെ, ആ ബന്ധം അത്ര പെട്ടെന്നുപേക്ഷിക്കാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നില്ല അപ്പോള്‍ ഞാന്‍. കാശ് തട്ടിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്ന് മനസിലായെന്നും തട്ടിപ്പിനിരയാവാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ പഴയത് പോലെ തുടര്‍ന്നും എന്നോട് സംസാരിക്കാമെങ്കില്‍ വേണ്ട കാശ് തരാന്‍ തയ്യാറാണെന്നും ഞാനവള്‍ക്കൊരു മെസേജയച്ചു. പക്ഷെ അവളതിന് മറുപടിയൊന്നും തന്നില്ല. ആ നമ്പറിലേക്ക് പിന്നീടെനിക്ക് ബന്ധപ്പെടാന്‍ സാധിച്ചതുമില്ല.

ആഴ്ചകള്‍ക്ക് ശേഷം മറ്റൊരു നമ്പറില്‍ നിന്നും അവളെന്നെ വിളിച്ചു. പറ്റിയ തെറ്റിന് മാപ്പപേക്ഷിച്ചു. കൂടുതലൊന്നും പറയാന്‍ ഞാന്‍ അനുവദിച്ചില്ല. ഞങ്ങള്‍ വീണ്ടും പഴയത് പോലെ സംസാരിച്ച് തുടങ്ങി. ഇപ്പോഴും മിക്ക ദിവസവും വിളിക്കാറുണ്ട്. ഒരുപാട് നേരം പലതും സംസാരിക്കാറുമുണ്ട്. പിന്നെ, നിങ്ങള്‍ പറഞ്ഞ പോലെ, കൃത്യമായ ഒരു തുക ഞാനവളുടെ അക്കൗണ്ടിലേക്ക് മാസം തോറും അയക്കുന്നുമുണ്ട്. അതിലെന്തെങ്കിലും തെറ്റുള്ളതായി ഞാന്‍ കരുതുന്നില്ല. എന്റെ ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ ഏര്‍പ്പാടാക്കിയ നഴ്‌സിന് കൃത്യമായ ശമ്പളം ലഭിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ, മാനസികാരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നവള്‍ക്കും ഞാന്‍ ശമ്പളം കൊടുക്കണ്ടേ?' 

മാഷ് എല്ലാവരോടുമായാണ് ചോദിച്ചതെങ്കിലും മറുപടിയൊന്നും കിട്ടിയില്ല.

'മാഷേ, എന്താെക്കെ വിഷയങ്ങളാണ് നിങ്ങള്‍ സംസാരിക്കാറ്?'

ബസില്‍ സ്ത്രീകളുടെ സീറ്റിലിരുന്ന യുവാവ് യുവതിക്ക് സീറ്റൊഴിഞ്ഞു കൊടുക്കാതിരുന്ന വാര്‍ത്തക്ക് 'ബസിനകത്ത് യുവാവ് യുവതിയോട് ചെയ്തത് കണ്ടാല്‍ നിങ്ങള്‍ ഞെട്ടും' എന്ന രീതിയില്‍ തലക്കെട്ടെഴുതുന്ന ഓണ്‍ലൈന്‍ മാധ്യമ ലേഖകന് തന്റെ ആദിമചോദന അടക്കാനായില്ല.

'ഒരു മുതിര്‍ന്ന ആണും പെണ്ണും സ്വതന്ത്രമായി സംസാരിക്കുന്ന വിഷയങ്ങളെല്ലാം ഞങ്ങള്‍ സംസാരിക്കാറുണ്ട്. അതില്‍ നിങ്ങളുദ്ദേശിച്ച വിഷയവുമുണ്ട്. പക്ഷെ ഒരാണിനും പെണ്ണിനും സംസരിക്കാന്‍ സെക്‌സ് മാത്രമേയുള്ളു എന്ന് കരുതുന്നതാണ് സുഹൃത്തേ പ്രശ്‌നം.'

മാസ്‌ക് വലിച്ചു നേരെയിട്ട് കൊണ്ട് ലേഖകന്‍ മുഖത്തെ ചമ്മല്‍ മറക്കാന്‍ ശ്രമിച്ചു. 

'അല്ല മാഷേ , തട്ടിപ്പാണെന്നറിഞ്ഞിട്ടുമെന്തിനാണ് പിന്നെയും ഇതിനൊക്കെ നിന്ന് കൊടുത്തത് '- കൂട്ടത്തില്‍ മുതിര്‍ന്ന റിപ്പോര്‍ട്ടറാണ്

'അതൊരു നല്ല ചോദ്യമാണ്. അതിന് മറുപടി വിശദമായി തന്നെ പറയേണ്ടതുണ്ട്.'

മാഷ് നിവര്‍ന്നിരുന്നു

'ഭാര്യ പെട്ടെന്ന് മരിച്ചതോടെ തന്നെ ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടു പോയിരുന്നു. മക്കളെല്ലാവരും അകലെയാണ്. കോവിഡും കൂടി വന്നതോടെ മനസ് പാളം തെറ്റാന്‍ തുടങ്ങി. അങ്ങനെയാണ്, തനിച്ചായിപ്പോയ ഒരാളെ കൂടെ നിര്‍ത്താമെന്ന് ഇളയ മകന്‍ പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതം മൂളിയത്. ജീവിച്ചിരിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ എനിക്കപ്പോഴൊരു കൂട്ട് അത്യാവശ്യമായിരുന്നു. പക്ഷെ എന്റെ മൂത്ത മക്കള്‍ക്ക് അത് ശരിയായി തോന്നിയില്ല. പകരം അവരെനിക്കൊരു മെയില്‍ നഴ്‌സിനെ ഏര്‍പ്പാടാക്കി തന്നു. അവന്റ നിര്‍ദേശം തള്ളപ്പെട്ടതില്‍ നിരാശനായെങ്കിലും ഒരു സ്മാര്‍ട്ട്‌ഫോണ്‍ എനിക്ക് വാങ്ങി തന്നിട്ടാണ് ഇളയവന്‍ മടങ്ങിയത്.

ഇനി എനിക്ക് പറയാനുള്ളത് എന്നെപ്പോലെ ജീവിതാന്ത്യത്തില്‍ പെട്ടെന്നൊരു നാള്‍ ഒറ്റപ്പെട്ടു പോയവരെ പറ്റിയാണ്. ഏറെ പഴുത്തു പോയ ഞങ്ങള്‍ക്ക് വേണ്ടത് മരുന്നും ശ്രുശ്രൂഷയും മാത്രമാണെന്ന് നിങ്ങള്‍ പച്ചിലകള്‍ തെറ്റിദ്ധരിക്കരുത്. എഴുപതും എണ്‍പതും വര്‍ഷം ജീവിച്ചതോടെ ഞങ്ങള്‍ക്ക് ജീവിതം മടുത്തുവെന്ന് കരുതുകയുമരുത്. ഈ മൊബൈല്‍ ഫോണെന്നത് നിങ്ങള്‍ ചെറുപ്പക്കാര്‍ക്ക് അതിവേഗ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാവും. പക്ഷെ ഞങ്ങളുടെ തലമുറയില്‍പ്പെട്ട ഭൂരിഭാഗത്തിനും ഒറ്റപ്പെടലിന്റെ പടുകുഴിയില്‍ നിന്നും രക്ഷപ്പെടാന്‍ കിട്ടുന്ന ഒരു കച്ചിത്തുരുമ്പാണത്. തേഞ്ഞു തീരാറായ ഞങ്ങളുടെ തലച്ചോറിന് അതിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി മനസിലാക്കാനാവില്ലായിരിക്കാം. എങ്കിലും വാശിയോടെ ഞങ്ങള്‍ പഠിക്കാന്‍ ശ്രമിക്കും. ചിലപ്പോള്‍ അബദ്ധങ്ങളും പറ്റും. എന്നാലും തോറ്റു കൊടുക്കില്ല. തങ്ങളുടെതെന്ന് വിശ്വസിച്ചിരുന്ന ലോകത്തില്‍ ഒറ്റപ്പെടുന്നു എന്ന് തിരിച്ചറിയുമ്പോള്‍, നിരാശരാവാതെ പുതുലോകങ്ങളിലേക്കുള്ള വാതായനങ്ങള്‍ ഇത് ഞങ്ങള്‍ക്ക് തുറന്നു തരുന്നു.

സ്മാര്‍ട്ട് ഫോണ്‍ കിട്ടിയപ്പോള്‍ ഇടക്കെങ്കിലും മക്കളെ കണ്ട് സംസാരിക്കാന്‍ സാധിച്ചിരുന്നു. അതോടെ ഒറ്റക്കായെന്ന തോന്നല്‍ തന്നെ മാറി വന്നതാണ്. പക്ഷെ, അവര്‍ വീണ്ടുമവരുടെ തിരക്കുകളിലേക്ക് മടങ്ങിയപ്പോള്‍ ഞാന്‍ പഴയതിലുമേറെ ഒറ്റപ്പെട്ടു. അങ്ങനെയുള്ള സമയത്താണ് ആ പെണ്‍കുട്ടിയോട് ഞാനടുക്കുന്നത്. പിന്നീട്, അതൊരു കെണിയായിരുന്നു എന്നറിഞ്ഞപ്പോഴും, എന്നോട് സംസാരിക്കാന്‍ സമയം കണ്ടെത്തുന്ന ഒരാളെ നഷ്ടപ്പെടുത്താന്‍ സാധിക്കുന്ന സാഹചര്യമായിരുന്നില്ല എന്റേത്. അവള്‍ക്ക് വേണ്ടത് കാശായിരുന്നെങ്കില്‍ എനിക്ക് വേണ്ടതൊരു കൂട്ടായിരുന്നു. അത് ഞങ്ങള്‍ പരസ്പരം നല്‍കി. ശാസ്ത്രത്തില്‍ പറയുന്നത് പോലൊരു സിമ്പയോട്ടിക് റിലേഷന്‍ഷിപ്പ്.

എലിപ്പെട്ടിയില്‍ കപ്പ വെച്ചിട്ടല്ലേ നമ്മള്‍ എലിയെ പിടിക്കുന്നത്. പാരമ്പര്യമായി ആര്‍ജിച്ച അറിവ് വെച്ച് അതൊരു കെണിയാണെന്നും തങ്ങളെ ആകര്‍ഷിക്കാനാണ് അതിനകത്ത് കപ്പക്കഷ്ണം വെച്ചിരിക്കുന്നതെന്നും എലികള്‍ക്കറിയേണ്ടതാണ്. എന്നിരുന്നാലും, വിശപ്പ് സഹിക്കാതെ വരുമ്പോള്‍, കപ്പയെന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട്, ചില എലികള്‍ അറിഞ്ഞു കൊണ്ട് കെണിയിലേക്ക് നടന്നു കയറുമെന്ന് ഞാന്‍ പണ്ടേ എഴുതി വെച്ചിട്ടുണ്ടല്ലോ. കുഞ്ചനും ആശാനും മാത്രമല്ല കേസീക്കും അറം പറ്റാമല്ലോ. ഇനി നാളേക്ക് പറ്റിയ ഒരു തലക്കെട്ട് കൂടിയങ്ങ് പറഞ്ഞു തന്നേക്കാം - 'കെണിയിലായ കേസി' ... ഏങ്ങനൊണ്ട്?'

കുംഭ കുലുക്കിക്കൊണ്ട് മാഷ് വിടര്‍ന്നു ചിരിച്ചു. ആ ചിരി ഒരു നറു നിലാവു പോലെ ചുറ്റിലുമിരുന്നവരിലേക്കും പടര്‍ന്നു. 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!