Malayalam Short Story : പ്രേമചികിത്സ, നസീബ് സിറാജ് എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Dec 26, 2022, 2:31 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  നസീബ് സിറാജ് എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

 


കടുകട്ടി വാക്കുകള്‍ കടിച്ചുപൊട്ടിച്ച് ചവച്ചരച്ച് പുറത്തേക്ക് തുപ്പിക്കൊണ്ട് അയാള്‍ കവലയില്‍ ഒത്തുകൂടിയ യുവാക്കളുടെ മുന്നില്‍ കത്തിക്കയറി. 

പ്രേമത്തെക്കുറിച്ചാണ് സംസാരം.
കാമുകനെ കുറിച്ചാണ് സംസാരം.
കാമുകിയെക്കുറിച്ചാണ് സംസാരം.

'നിങ്ങള്‍ക്ക് ഖലീല്‍ ജിബ്രാനെ അറിയോ? എവിടെന്ന്!'

ചോദ്യവും ഉത്തരവും അയാള്‍ ഒന്നിച്ചു പറഞ്ഞ് നിര്‍ത്തി.

'ആദ്യാനുരാഗം അറിയാവോ? അതിനും വഴിയില്ല!'

ഞാനുള്‍പ്പടെ ഏഴെട്ടുപ്പേര്‍ ഭാവവ്യത്യാസം വരുത്താതെ , ഒന്നും ഉരിയാടാതെ ചോദ്യവും ഉത്തരങ്ങളും കേട്ടു നിന്നു.

'നിങ്ങളിലാര്‍ക്കെക്കെ പ്രേമമുണ്ട് കോമളന്‍മാരേ?'

അയാളുടെ ചോദ്യം കേട്ടപ്പാടെ കൂടെ നിന്നവരെ മൂങ്ങ-ത്തല തിരിച്ചും ചുറ്റിയും ഞാന്‍ നോക്കി.

ഹാ! എന്താ ഒരു നാണം?'

മുരടന്‍ ശശിയുടെ മുഖം വരെ നാണഞ്ഞാല്‍ ചുവന്നു.

എന്റെ ചുറ്റും നിന്നവരുടെ വലത്‌കൈകള്‍ ഓരോന്നായി ഉയര്‍ന്നു പൊങ്ങി.

'എനിക്ക്ണ്ട്... എനിക്ക്ണ്ട്!'

ഞാനൊഴികെ എല്ലാവരും ആവേശത്തോടെ അയാള്‍ക്ക് മുന്നില്‍ നിന്ന്ചാടി.

ഇനി ഞാനായിട്ട് എന്തിനാ കുറയ്ക്കുന്നേയ്? ഞാനും വിരലുകള്‍ നിവര്‍ത്തി വലംകൈ ഉയര്‍ത്തി പൊക്കി. അവരോരുത്തരുടെയും മുഖത്ത് തെളിഞ്ഞ നാണം മാത്രം എന്നില്‍ പ്രകാശിച്ചില്ല. എത്ര ശ്രമിച്ചിട്ടും!

ചര്‍ച്ച കഴിഞ്ഞു. യോഗം പിരിഞ്ഞു. മറ്റെല്ലാവരും പോയി കഴിഞ്ഞു എന്ന് ഉറപ്പുവരുത്തിയ ശേഷം പ്രാസംഗികനെ ഞാന്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി കുറ്റസമ്മതം നടത്തി.

'അതേയ്, എനിക്ക് പ്രേമമില്ല! വെറുതെ കൈ പൊക്കിയതാ...'

'നല്ലത്!'

അയാള്‍ പുരികം ചൊറിഞ്ഞു കൊണ്ട് മറുപടി പറഞ്ഞു.

'നല്ലതോ? അപ്പോള്‍ ഖലീല്‍ ജിബ്രാനും, ആദ്യാനുരാഗത്തിന്റെ കഥയൊക്കെ പറഞ്ഞതോ? പ്രേമം ഇല്ലാത്തത് എങ്ങനാ നല്ലതാവുന്നേയ്?'

ഞാന്‍ ആശയകുഴപ്പത്തിലായി.

'തനിക്ക് ഉറക്കമുണ്ടോ?'

അയാള്‍ കൈകള്‍ മുന്നില്‍കെട്ടി മുഷിയന്‍ ഭാവത്തില്‍ ചോദിച്ചു.

'ഉണ്ട്... ഇല്‍.. ഇല്ലാ!'

'ഉണ്ടെന്നോ ഇല്ലന്നോ?'

'ഉണ്ട്. രാത്രിയുറക്കം കിട്ടാറുണ്ട്.'

'നല്ലത്!'

ദേയ് വീണ്ടും നല്ലത്. ഇയാളിത് എന്താണ് പിച്ചും പേയും പറയുന്നത്? നാലാളു കൂടുമ്പോള്‍ മാത്രേ വാക്കുകളുടെ കസര്‍ത്തു പുറത്ത് കാണിക്കൂ?

'എനിക്കൊന്നും മനസ്സിലാവുന്നില്ല.'-ഞാന്‍ മുഖം ചുളുക്കി പറഞ്ഞു.

'ന്നാ കേട്ടോ... പ്രണയം രോഗമാണ്. രോഗം വന്നാ എന്താ അവസ്ഥാ? ശരീരം നീറി തുടങ്ങും, ഉറക്കം നഷ്ടപ്പടും, മനസമാധാനം പറപറക്കും, രാവും പകലും രോഗചിന്ത വേട്ടയാടി പിടിക്കാന്‍ നോക്കും. ഇവയില്‍ നിന്നും ഓടിയൊളിക്കുന്ന കാര്യം ചിന്തിക്കേ വേണ്ട! എന്തേലും മനസ്സിലായാടോ?'

'കുറച്ച്...!'

എന്നാ പിന്നെ രോഗം അങ്ങ് ചികിത്സിച്ചാല്‍ പോരേ?'-ഞാന്‍ ചോദിച്ചു.

'രോഗം വേണം... ചികിത്സയും വേണം. അല്ലേ? എങ്കില്‍ ദാ അതൂടെ കേട്ട് എന്നെ വിട്ടേക്ക്.'

'മരുന്ന് അറിയോ?'

ഞാന്‍ ആകാംക്ഷാഭരിതനായി. എങ്കില്‍ പിന്നെ ഒന്നറിയണമല്ലോ!

'രോഗലക്ഷണം കാണിച്ചു  തുടങ്ങുമ്പോള്‍ തന്നെ ചികിത്സിച്ചേക്കണം. പിന്നെ ഫലം കണ്ടെന്ന് വരില്ല!
പ്രണയിനിയെ കണ്ടെത്തിയതിന് ശേഷം ദാ ഈ തരുന്ന കടലാസിലെ വാചകങ്ങള്‍ എല്ലാ ദിവസവും രാത്രിയുടെ മൂന്നിലാദ്യ ഭാഗത്ത് സ്വന്തം കൈപ്പടയില്‍ പകര്‍ത്തിയെഴുതി, ഉറക്കയും പതുക്കെയും മനസ്സും ബുദ്ധിയും ഉണര്‍ത്തി ഒറ്റയ്ക്കിരുന്ന് വായിച്ച് കേള്‍പ്പിക്കണം. കാലാവധി ഒന്നും തീര്‍ച്ചയില്ല. പ്രണയിക്കുന്നതിന് മുന്‍പും പ്രണയിച്ചു തുടങ്ങിയതിന് ശേഷവും അങ്ങനെയങ്ങ് തുടര്‍ന്നോ... ചികിത്സ നിര്‍ത്തണ്ട!'

സഞ്ചിയില്‍ നിന്നും ഭംഗിയുള്ള അക്ഷരത്തില്‍ എഴുതി നിറച്ച കടലാസ് എന്നിലേക്ക് നീട്ടി വാക്കുകള്‍ക്ക് വിരാമിട്ട് അയാള്‍ നടന്നു.

എന്തായാലും ഉള്ള കാര്യം നേരിട്ട് പറഞ്ഞതു കൊണ്ട് രോഗം പ്രാപിക്കുന്നതിന് മുന്‍പേ മരുന്ന് കുറിപ്പ് കിട്ടി. എഴുതുന്നത് മടിയുള്ള കാര്യമാണ്. സ്വന്തം കൈപ്പടയില്‍ അല്ലായിരുന്നെങ്കില്‍ മറ്റാരെയും കൊണ്ട് എഴുതിപ്പിച്ചതിന് ശേഷം  മൂന്നോ നാലോ തവണ നോക്കി വായിക്കാമായിരുന്നു. വേണ്ട! ഇത് അഭിമാന പ്രശ്‌നമാണ്. ഞാന്‍ തന്നെ എഴുതും. ഞാന്‍ തന്നെ വായിക്കും. കാര്യങ്ങള്‍ ഗംഭീരമാകാന്‍ കുളിച്ചൊരുങ്ങി നാളെ രാവിലെ മുതല്‍ വായിക്കാം എന്ന് നിശ്ചയിച്ചു.

നാളെ കഴിഞ്ഞു. അടുത്ത ദിവസം വായിക്കാമെന്നായി.

നാളെ നീണ്ടു നീണ്ടകന്നു.

കൊല്ലങ്ങള്‍ മറഞ്ഞു.

ആ വര്‍ഷങ്ങള്‍ക്കകത്ത് എന്റെ പ്രണയം പൂത്തുലഞ്ഞു. മാസങ്ങള്‍ക്കപ്പുറം സുഖമുള്ള പ്രേമം അസുഖമുള്ളതായി തോന്നിത്തുടങ്ങി. രോഗമായി. ഉറക്കം നഷ്ടപ്പെട്ടു, ശരീരം നീറി തുടങ്ങി, മനസമാധാനം പറപറന്നു, രാവും പകലും രോഗചിന്ത വേട്ടയാടി പിടിക്കാന്‍ പിറകേയോടി.

പ്രണയരോഗക്കിടക്കയില്‍ കിടന്ന ഒരു ദിനം പ്രാസംഗികനെ ഓര്‍മ വന്നു.

ചികിത്സ!

വീട്മുഴുവന്‍ കുടഞ്ഞു നോക്കി. കടലാസ് കാണുന്നില്ല. അലമാരയും മെത്തയ്ക്കടിയിലുമുള്‍പ്പെടെ തൂണിലും തുരുമ്പിലുമൊഴിച്ച് എല്ലായിടവും തിരഞ്ഞു.

ഖലീല്‍ ജിബ്രാന്‍!

കിട്ടീ...

ഞാന്‍ ആവേശത്തോടെ കൂട്ടിയിട്ട പുസ്തകങ്ങള്‍ക്കിടയില്‍ പരതി. 

പുറംപേജ് ജീര്‍ണ്ണിച്ചു മങ്ങിത്തുടങ്ങിയ ആദ്യാനുരാഗത്തിന്റെ പുസ്തകം മലര്‍ക്കെ തുറന്നു.

വായനാ-അത്യാഗ്രഹം മൂത്ത്  പ്രാസംഗികനെ കണ്ട നാള്‍ വാങ്ങിച്ചതാണ്. ചികിത്സാ-കടലാസ് അതില്‍ തിരുകി വെച്ചു കൊണ്ട് നാളെ നാളെയോട് സലാം പറഞ്ഞ് പിരിഞ്ഞതിന് ശേഷം ഇന്നാണ് ഇത്രയും അടുത്ത് നിന്ന് കാണുന്നതും തുറക്കുന്നതും.

നടുവിലായി നാലായി മടക്കിയ കടലാസ് കഷ്ണം ഭദ്രമായി മയങ്ങുന്നു. കൊല്ലങ്ങള്‍ ഏറെ കഴിഞ്ഞിട്ടും മരുന്നുപടി രേഖപ്പെടുത്തിയ കടലാസിന് മങ്ങലൊന്നും ഏറ്റിട്ടില്ല.

ഞാന്‍ പരവേശനായി വായിച്ചു തുടങ്ങി. കത്ത് രൂപത്തില്‍ എഴുതപ്പെട്ട ചികിത്സാ കുറിപ്പ്!

 

'കരുണയുള്ള പ്രിയപ്പെട്ട ദൈവമേ...

എന്റെ ഹൃദയമിടിപ്പിന്റെ എണ്ണത്തെ തിട്ടപ്പെടുത്താനാകുന്ന ഈ ശ്മശാന മൂകതയുള്ള, എന്റെ പുകമറഞ്ഞ ഉള്ളിനെ മറച്ചു വെയ്ക്കുന്ന ഈ കൂരാക്കൂരിരുട്ടില്‍, ഏകനായി വിനയാന്വിതനായി താഴ്മയായി ഈ അപേക്ഷ അങ്ങയിലേക്ക് സമര്‍പ്പിക്കുന്നു.

ഞാന്‍ ഒരാളെ ഈ ഇരുട്ടിന്റെ കാഠിന്യത്തേക്കാളേറെ സ്‌നേഹിക്കുന്നു.

അവളുടെ ശ്വാസമായി മാറാന്‍ ഞാനാഗ്രഹിക്കുന്നു.

അവളുടെ നന്മകളെ എന്നില്‍ തെളിയുന്ന പ്രകാശകിരണമായി കാണാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

അവളിലെ ഉണങ്ങാത്ത മുറിവുകള്‍ എന്നിലും നീറുന്ന വ്രണങ്ങളായി അവശേഷിക്കാന്‍  ഞാനാഗ്രഹിക്കുന്നു.
അവളുടെ ശരീരത്തോടേറ്റവും പറ്റിപ്പിടിച്ചു കിടക്കുന്ന വസ്ത്രത്തേക്കാള്‍ അവളെ അറിയുന്നവനാകണമെന്ന് ഞാന്‍ ദുരാഗ്രഹിക്കുന്നു.

അവള്‍ എന്നിലേക്കൊഴുകിയെത്തുന്ന നിമിഷങ്ങളത്രയും എനിക്കേറ്റവും പ്രിയപ്പെട്ടതാകണമെന്നും അവ ഏതൊന്നിനാലും മായിക്കാന്‍ കഴിയാത്ത ആഴത്തില്‍ പതിയുന്നവയാകണമെന്നും ഞാന്‍ ആശിക്കുന്നു.
അവളുടെ തിന്മകളെ എന്റെ ക്ഷമ കൊണ്ട് ആലിംഗനം ചെയ്യാന്‍ ഞാനിഷ്ടപ്പെടുന്നു.

അവളുടെ ശാഠ്യവും ദേശ്യവും എന്നെ ഉരുകിയൊഴുകി മാറ്റുന്ന നനുത്ത ചൂളയാകണമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.

അവളുമായുള്ള അകലം അടയാളപ്പെടുത്തുന്ന കാലഘട്ടത്തില്‍ വിരഹസ്വാദുള്ള മരണം രുചിക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു.

ഈ വിശേഷണങ്ങള്‍ എന്നില്‍ പടുത്തുയര്‍ത്താനായി, ത്യാഗത്തിന്റെയോ വിട്ടുവീഴ്ച്ചകളുടെയോ കണക്കുകള്‍ രേഖപ്പെടുത്താത്ത തെളിമയുള്ള ഒരു ഹൃദയം എനിക്കായി അങ്ങ് നിര്‍മ്മിച്ചു നല്‍കണമേ...

അത്യന്തികമായി, നിബന്ധനകളില്ലാതെ മറ്റൊരാളെ സ്‌നേഹിക്കാന്‍ കഴിയുന്ന ഹൃദയം!

എന്നെ സ്‌നേഹിക്കാനായി എന്റെ മാതാവിന് അങ്ങ് സമ്മാനിച്ചു നല്‍കിയ അതേ ഹൃദയം ഇന്നിതാ ഞാനും കൊതിക്കുകയാണ്!'

സ്‌നേഹത്തോടെ,
അടിയന്‍.

(കുറിപ്പ്: രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ഓരോ തവണ വീതം. പ്രേമത്തിന് മുന്‍പ് ആരംഭിക്കുന്നത് അഭികാമ്യം!)

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!