ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നജീബ് കാഞ്ഞിരോട് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.
undefined
പെറുവിലെ ആംഗോ ഗ്രാമത്തില്‍ അതിശൈത്യമാണിപ്പോള്‍. നിറഞ്ഞു നില്‍ക്കുന്ന ചോളക്കതിരുകള്‍ക്ക് മുകളില്‍ ഹിമകണങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. തുടര്‍ച്ചയായി മഞ്ഞു പെയ്യുന്ന വിജനമായ തെരുവുകള്‍ മരവിച്ചു കിടക്കുന്നു. മെലിഞ്ഞതും വയറൊട്ടിയതുമായ കുട്ടികള്‍ കടിച്ചു പറിച്ചെറിഞ്ഞ പശുവിറച്ചിയുടെ എല്ലിന്‍ കഷണങ്ങളും മോറു മത്സ്യങ്ങളുടെ മുള്ളുകളും ചെമ്മണ്‍ പാതയില്‍ അലസമായി ചിതറിക്കിടക്കുന്നു. ശീതകാലം അതിന്റെ ഏറ്റവും ഭീതിദമായ കരങ്ങള്‍ കൊണ്ട് അമര്‍ത്തി തഴുകുന്നു.
പേസേ വലിന്‍സ്‌കിയും മരിയാ പലന്‍സോയും ഒക്‌സോപാസയുടെ തെരുവിലെ കോഫീ ഷോപ്പില്‍ മെയ്റ്റ് കുടിച്ചിറയ്ക്കുന്നതിനിടെ പരസ്പരം നോക്കി. അവരുടെ കണ്ണുകളില്‍ നിന്നും പ്രണയത്തിന്റെ തുഷാരബിന്ദുക്കള്‍ പൊഴിഞ്ഞു കൊണ്ടിരുന്നു.
നിശബ്ദമായ റെസ്റ്റോറന്റിന്റെ ഒഴിഞ്ഞ മൂലയിലിരുന്ന് പുസ്‌ക പാനീയം നുണഞ്ഞു കൊണ്ടിരിക്കുന്ന കമിതാക്കളില്‍ ഒരു നിമിഷം പേസേയുടെ കണ്ണുകള്‍ തറഞ്ഞു നിന്നു.
'സമുദ്രനിരപ്പില്‍ നിന്നും നൂറു മീറ്റര്‍ ഉയരത്തില്‍ ഇരിക്കുമ്പോള്‍ വല്ലാത്ത ആശ്വാസം തോന്നുന്നു അല്ലേ മരിയാ..'
ഇത് കഥയാണോ? അതോ അനുഭവമോ?
അവളവനെ ഉറ്റുനോക്കി.
'ഏറ്റവും ആസ്വാദ്യകരവും, പക്ഷെ വിഷമിപ്പിക്കുന്നതുമായ ശൈത്യം. എന്നാലും വൈഷമ്യങ്ങള്‍ മറക്കാനുള്ള ഒറ്റമൂലിയാണ് ഒക്‌സോ പാസ.'
അവനത് പറയുമ്പോള്‍ ബ്രസിയാനയുടെ പരിസരത്തുള്ള പെറൂവിയന്‍ കാനനഛായയില്‍ മതി മറന്നാഘോഷിച്ച ദിവസങ്ങളാണ് മരിയയുടെ മനസ്സില്‍ തെളിഞ്ഞത്. പേസേയുമൊത്തുള്ള ബ്രസിയാനയിലെ രാവുകള്‍ അവളെ ഉന്മത്തയാക്കിയിരുന്നു. മരപ്പലകകളും പനയോലകളും കൊണ്ടു നിര്‍മ്മിച്ച കുടിലുകള്‍ ബ്രസിയാനയുടെ പ്രത്യേകതകളായിരുന്നു. വാഴപ്പഴങ്ങളും ഈന്തപ്പഴങ്ങളും നിറഞ്ഞ ഇവാന്‍കല്ലോയിലൂടെ നടക്കുമ്പോള്‍ അവളുടെ മനസ്സില്‍ ഗാര്‍ഷ്യയുടെ കവിതകളായിരുന്നല്ലോ. സുന്ദരമായ ലിമയുടെ പരിസരങ്ങളും, പെറുവിന്റെ കുളിര്‍മ്മയായ ആമസോണ്‍ നദിക്ക് മുകളില്‍ തത്തിക്കളിക്കാറുള്ള മഞ്ഞുപുകയും എന്നുമവളെ മോഹിപ്പിച്ചിരുന്നു. അന്നാണ് അവള്‍ ആദ്യമായി ബ്യൂഫോ മത്സ്യങ്ങളെ പറ്റി കേട്ടത്.
'പേസേ, ബ്യൂഫോ മത്സ്യം പുരുഷന്‍മാരെ തിന്നുമെന്നും സ്ത്രീകളെ പീഡിപ്പിച്ചു ജനനേന്ദ്രിയം ഭക്ഷിക്കുമെന്നതും കേട്ടത് ശരിയാണോ?'
അവളുടെ കണ്ണുകളിലപ്പോള്‍ ഭയത്തിന്റെ നീര്‍ച്ചാലുകളൊഴുകി.
'എനിക്കറിയില്ല.. മരിയാ.. ചിലപ്പോള്‍ കഥകളായിരിക്കും. ഈ മെയ്റ്റിന് പൈസ കൊടുത്തു കഴിഞ്ഞാല്‍ പിന്നെ എന്റെ കയ്യില്‍ ബാക്കിയൊന്നുമുണ്ടാവില്ല. നമ്മള്‍ എങ്ങനെ ജീവിക്കും?'-
പേസേയുടെ മിഴികളില്‍ നൈരാശ്യത്തിന്റെ പുക നിറഞ്ഞു.
'നിനക്ക് വേറെ ജോലി എവിടെയും കിട്ടില്ലേ? ഈ നാട് പട്ടിണിയിലമര്‍ന്ന് എങ്ങോട്ടാണ്?'
അവള്‍ അസഹ്യമായ നൊമ്പരത്തോടെ വാക്കുകള്‍ ചവച്ചു തുപ്പി.
'പക്ഷെ ആംഗോയിലെ ഫാക്ടറികളില്‍ നിന്നും എല്ലാവരെയും പിരിച്ചു വിടുകയാണ് മരിയാ.'
'സാരമില്ല, നമ്മുടെ പ്രണയത്തിനു ദാരിദ്ര്യമില്ലല്ലോ പേസേ...'
അവള്‍ അവന്റെ കൈകള്‍ അമര്‍ത്തിപ്പിടിച്ചു. പേസേയുടെ കണ്ണുകളില്‍ തെളിഞ്ഞ പ്രണയത്തിന്റെ ശീതക്കാറ്റ് അവളെയും തഴുകി കുളിര്‍പ്പിച്ചു.
അപ്പോഴും ആംഗോ തെരുവില്‍ മഞ്ഞ് പെയ്തു കൊണ്ടിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...