Malayalam Short Story : പ്രസാധകന്‍, നജീബ് കാഞ്ഞിരോട് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Apr 2, 2022, 3:23 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. നജീബ് കാഞ്ഞിരോട് എഴുതിയ ചെറുകഥ

 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

പ്രസാധകന്‍

ഇടയ്ക്ക് വെള്ളിവരകള്‍ ചാലിട്ട ബുള്‍ഗാന്‍ താടിയില്‍ ചൊറിഞ്ഞു കൊണ്ട് തന്റെ അഞ്ചാമത്തെ നോവലിനകത്തെ ചെത്തിമിനുക്കലിന്റെ അവസാനഘട്ടത്തില്‍ അയാള്‍ മാത്രമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വാക്കുകള്‍ യഥാസ്ഥാനത്ത് ഘടിപ്പിക്കുന്നതിനിടയിലാണ് ഫോണ്‍ ശബ്ദിച്ചത്. 

'ഹലോ, പ്രേമാനന്ദ് കുരീക്കാടന്‍ അല്ലെ? ഇത് വോയിസ് ബുക്‌സില്‍ നിന്നാണ്.'

ഫോണിലൂടെ ഒഴുകിവന്ന വാക്കുകള്‍ അയാളില്‍ കുളിരായി നനഞ്ഞിറങ്ങി. പരിചയമില്ലാത്ത നമ്പറില്‍ നിന്നും വിളി വരുമ്പോള്‍ അതയാളില്‍ മോശമല്ലാത്ത പ്രകമ്പനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അയാള്‍ പ്രതീക്ഷിക്കുന്നത് താന്‍ അയച്ച കഥകളോ കവിതകളൊ കിട്ടിയ ആനുകാലികങ്ങളില്‍ നിന്നോ മത്സരത്തിന് അയച്ചു കൊടുത്ത പ്രസിദ്ധീകരണങ്ങളില്‍ നിന്നോ ആയിരിക്കും ആ കാള്‍ എന്നാണ്. അതുകൊണ്ടാണ് അയാള്‍ ആവേശത്തിന്റെയോ ആഹ്ലാദത്തിന്റെയോ മൂര്‍ധന്യത്തില്‍ മൊബൈല്‍ ചാടിയെടുക്കുന്നത്.

പക്ഷെ പലപ്പോഴും എയര്‍ടെല്‍ കസ്റ്റമര്‍ കെയറില്‍ നിന്നോ അല്ലെങ്കില്‍ ജോലി ചെയ്യുന്ന കമ്പനി ആവശ്യത്തിനോ ആയിരിക്കും കാള്‍ എന്നറിയുമ്പോള്‍ അയാള്‍ക്ക് മൊബൈല്‍ വലിച്ചെറിയാന്‍ തോന്നാറുണ്ട്.

അങ്ങനെയുള്ള അവസരത്തിലാണ് ഈ വിളി. 

'അതെ. പ്രേമാനന്ദ് കുരീക്കാടന്‍ ആണ്.' 

അയാളുടെ മറുപടിയുടെ ചലനം ഇന്ധനവില ഉയരുന്നതിനേക്കാള്‍ വേഗത്തിലായിരുന്നു. പൂര്‍ത്തിയായ രണ്ട് നോവലുകളും മത്സരത്തിന് അയച്ചു കൊടുത്തിട്ടുണ്ട്. പ്രമുഖരായ ഒരു മുന്‍നിര പ്രസിദ്ധീകരണത്തിന് ഒരു നോവല്‍ അയച്ചു കൊടുത്തിട്ട് വര്‍ഷം ഒന്നാകാറായി. ഇതുവരെ റിസള്‍ട്ട് പ്രഖ്യാപിക്കാത്തതില്‍ അയാള്‍ വല്ലാതെ അസ്വസ്ഥനാണ്. ഇടക്ക് ഒന്ന് രണ്ട് പ്രാവശ്യം അങ്ങോട്ട് വിളിച്ചു നോക്കിയെങ്കിലും 'സമയമെടുക്കും' എന്ന അലസമായ മറുപടിയാണ് ലഭിച്ചത്. 

ഒരു എഴുത്തുകാരന്റെ മാസങ്ങളോ വര്‍ഷങ്ങളോ ഉള്ള അധ്വാനത്തിന്റെ ഫലമായാണ് ഒരു നോവല്‍ പിറവിയെടുക്കുന്നത്. മറ്റൊരാളുടെ സൃഷ്ടി ഒരു വര്‍ഷമായി കയ്യില്‍ വെച്ചു കൊണ്ടിരിക്കുന്നവരെ പറ്റി എന്തു പറയാന്‍? ഇനി പ്രസിദ്ധീകരിക്കുമ്പോഴേക്കും അതിലെ കാലികത നഷ്ടപ്പെടില്ലേ? അങ്ങനെയുള്ള പലവിധ ചിന്തകളാല്‍ എരിയുമ്പോഴാണ് ആ വിളി വന്നത്. 

'നിങ്ങളുടെ നോവല്‍ ഷോര്‍ട്ട് ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ട്. ഉടനെ ഒരു ഫോട്ടോ അയക്കണം.' 

അപ്പുറത്തെ ശബ്ദം നേര്‍ത്ത സംഗീതമായി അയാളിലേക്ക് ഒഴുകിയിറങ്ങി. 

'ഉടന്‍ അയക്കാം..Thanks.' 

ഫോണ്‍ വെച്ചയുടനെ മൊബൈല്‍ ഗാലറിയില്‍ സേവ് ചെയ്തു വെച്ചതിലെ ഏറ്റവും നല്ലൊരു പഴയ ഫോട്ടോ അവരുടെ മെയില്‍ ഐഡിയിലേക്ക് അയച്ചു കൊടുത്തതിനു ശേഷമാണ് അയാള്‍ ശ്വാസം വിട്ടത്. മനോഹരമായ സ്വപ്നങ്ങളില്‍ കൂടി നീന്തിത്തുടിച്ചു കൊണ്ട് അയാള്‍ വെട്ടിത്തിരുത്തലുകളിലേക്ക് മടങ്ങിയെങ്കിലും ശ്രദ്ധ നഷ്ടപ്പെട്ടിരുന്നു.

ദിനങ്ങള്‍ കൊഴിയുന്നതിനിടെ അയാള്‍ ഇടക്കിടെ വോയിസ് ബുക്‌സിന്റെ ഫേസ് ബുക്ക്  പേജില്‍ കയറി നോക്കിക്കൊണ്ടിരുന്നു. അങ്ങനെ ഏതോ ഒരു ദിവസത്തെ സുപ്രഭാതത്തില്‍ വോയിസ് ബുക്‌സിന്റെ ഫേസ് ബുക്ക്  പേജ് തുറന്ന അയാള്‍ ഞെട്ടി. വിശ്വാസം വരാതെ പിന്നെയും നോക്കിയപ്പോള്‍ രണ്ടാമതും ഞെട്ടി. ഷോര്‍ട്ട് ലിസ്റ്റിന്റെ പോസ്റ്റ് വന്നിരിക്കുന്നു. എന്നാല്‍ അതില്‍ തന്റെ പേരോ ഫോട്ടോയോ ഇല്ല. സ്ത്രീകളും പുരുഷന്‍മാരുമായ വേറെ അഞ്ച് എഴുത്തുകാര്‍ അയാളെ നോക്കി ചിരിക്കുന്നു. കോപവും അസ്വസ്ഥതയും തിങ്ങിത്തെറിച്ച അയാള്‍ ഫോണ്‍ എടുത്ത് അന്ന് കാള്‍ വന്ന നമ്പറിലേക്ക് തിരിച്ചു വിളിച്ചു. 

'എന്റെ നോവല്‍ ഷോര്‍ട്ട് ലിസ്റ്റില്‍ പെടുത്തി എന്ന് പറഞ്ഞിട്ട് ഇപ്പൊ എന്റെ ഫോട്ടോ എവിടെ?' അക്ഷരാര്‍ത്ഥത്തില്‍ അലറുകയായിരുന്നു പ്രേമാനന്ദ് കുരീക്കാടന്‍. 

'അത്. ഞങ്ങള്‍ ആദ്യം 10 പേരെ തെരഞ്ഞെടുത്തിരുന്നു. അതില്‍ നിന്നും അഞ്ചു പേരെ മാറ്റിയ ലിസ്റ്റാണ് പോസ്റ്റ് ചെയ്തത്.' അയാളുടെ മറുപടിയില്‍ കൂരിക്കാടന് പിന്നെയും താപം തിളച്ചു. 

'പിന്നെന്തിനാ ഫോട്ടോ വാങ്ങിയത്?' അയാളുടെ ശബ്ദം വിറച്ചിരുന്നു. 

'എല്ലാരും ഫോട്ടോ അയച്ചിരുന്നു. നിങ്ങളുടെ മാത്രം കിട്ടിയില്ല. അതുകൊണ്ടാണ്.' 

'അത് കൊള്ളാലോ. തപാലില്‍ അയക്കുമ്പോള്‍ ആളുകള്‍ ഫോട്ടോ കൂടി വെച്ചോ? അടിപൊളി.' 

അയാള്‍ പരിഹാസം കലക്കി ചിരിച്ചു. 

'ഒരു കാര്യം ചെയ്യാം. ഞങ്ങള്‍ കുറച്ച് നോവലുകള്‍ പ്രസിദ്ധീകരണത്തിന് തെരെഞ്ഞെടുക്കുന്നുണ്ട്. അതില്‍ പെട്ടാല്‍ പ്രസിദ്ധീകരിക്കും.' 

കോപത്തിന്റെ തോത് അല്പമൊന്ന് താഴ്ന്നപ്പോള്‍ മൂളിക്കൊണ്ട് അയാള്‍ ഫോണ്‍ വെച്ചു. തല്‍ക്കാലം പ്രസിദ്ധീകരിക്കുകയെങ്കിലും ചെയ്താല്‍ മതിയായിരുന്നു. പണ്ടത്തെ പോലെ പൈസ കൊടുത്തു പ്രസിദ്ധീകരിക്കാനുള്ള സാമ്പത്തികശേഷി ഇല്ല. പ്രസിദ്ധീകരിച്ചു കിട്ടുകയാണെങ്കില്‍ അതെങ്കിലും നടക്കട്ടെ.

അയാള്‍ മൊബൈല്‍ മാറ്റി വെച്ചു പുറത്തേക്ക് നോക്കി. എസ്റ്റേറ്റിലെ മരങ്ങള്‍ക്കിടയില്‍ മഞ്ഞു പൊഴിയുന്നു. ഇലകളില്‍ മഞ്ഞുപൊടികള്‍ പറ്റിക്കിടക്കുന്ന ദൃശ്യങ്ങളില്‍ അയാള്‍ കുളിര്‍ത്തു. ദിനങ്ങള്‍ മഞ്ഞുകണങ്ങള്‍ പോലെ പൊഴിയുന്നതിനിടെ ഇടക്ക് പ്രസാധകന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും അയാള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തില്ല. പ്രസിദ്ധീകരണത്തിന് സെലക്ട് ചെയ്‌തോ എന്നറിയാനുള്ള ആകാംക്ഷ അയാളില്‍ ചാറ്റല്‍ മഴ പോലെ ചിന്നിക്കൊണ്ടിരുന്നു. 

രണ്ട് ദിവസം തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതില്‍ കുപിതനായ അയാള്‍ വാട്‌സ്ആപ്പില്‍ വോയിസ് ക്ലിപ്പ് ഇട്ടു.

'അനീഷ് ഭായ് നമസ്‌കാരം.. ഞാന്‍ രണ്ട് മൂന്ന് ദിവസമായി താങ്കളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. തിരിച്ചു വിളിക്കാന്‍ പറ്റാത്തത്ര തിരക്കിലാണെങ്കില്‍ ഈ വോയിസ് കേട്ട് റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ നോവല്‍ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുത്തോ ഇല്ലയോ എന്നറിയിക്കണം. Thanks..'

ഇട്ട ഉടനെ വോയ്സില്‍ രണ്ട് ശരികള്‍ കയറി വന്നതോടെ ഡെലിവറിയായ സന്തോഷത്തില്‍ അയാള്‍ നീല നിറത്തിന് വേണ്ടി കാത്തിരുന്നു. പക്ഷെ. മൂന്ന് ദിവസം കഴിഞ്ഞിട്ടും മെസേജ് അയാള്‍ കേട്ടില്ല എന്നറിഞ്ഞതോടെ പ്രേമാനന്ദ് പിന്നെയും മൊബൈലില്‍ വിളിച്ചു. അപ്രതീക്ഷിതമായി അപ്പുറത്ത് പ്രസാധകന്റെ ശബ്ദം. 'സോറി.. പ്രേമാനന്ദ് ഭായ്.. ഭയങ്കര ബിസിയായിപ്പോയി.' 

'എന്തായി എന്റെ നോവല്‍ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുത്തോ?' ഒറ്റ ശ്വാസത്തില്‍ അയാള്‍ ചോദിച്ചു. 

അപ്പുറത്ത് അല്‍പനേരം നിശബ്ദത. പിന്നെ പതിയെ മൗനത്തെ കീറിപ്പറിച്ച് അയാളുടെ ശബ്ദം. 

'അത്... പണ്ടത്തെ പോലെയല്ല മാഷേ.. ഭയങ്കര സാമ്പത്തിക ബുദ്ധിമുട്ടിലാണ്. അത്‌കൊണ്ട് ഒന്നോ രണ്ടോ നോവല്‍ മാത്രമേ ഇപ്പൊ പ്രസിദ്ധീകരിക്കുന്നുള്ളൂ.' അയാള്‍ നിര്‍ത്തിയപ്പോള്‍ ഇതുവരെ അടക്കിപ്പിടിച്ച അമര്‍ഷങ്ങള്‍ പെരുമഴ പോലെ പ്രേമാനന്ദില്‍ നിന്നും പൊട്ടിയൊഴുകി. 

'എന്നാ പിന്നെ ഇത് നിങ്ങള്‍ക്ക് തുടക്കത്തില്‍ തന്നെ പറഞ്ഞൂടെ ഭായ്. വെറുതെ ആളുകളുടെ സമയം മെനക്കെടുത്താന്‍. തുടക്കം മുതല്‍ തുടങ്ങിയ യൂ ടേണ്‍ ആണ് നിങ്ങളുടേത്. മനുഷ്യനായാല്‍ വാക്കിന് ഒരു വില വേണം..'

വിറ കാരണം കൂടുതല്‍ പറയാനാവാതെ അയാള്‍ കാള്‍ കട്ടാക്കി. ഫോണ്‍ മേശയിലേക്കെറിഞ്ഞ് അയാള്‍ സിഗരറ്റിനു തീ കൊളുത്തി. ഓരോ ടീം ചുമ്മാ മത്സരം നടത്തിക്കൊണ്ടിരിക്കുവാ .വെറുതെ ആളുകളെ മെനക്കെടുത്താന്‍. പറ്റുന്ന പണിക്ക് നിന്നാ പോരെ ഇവന്മാര്‍ക്ക്. ഒന്നാം സ്ഥാനം കിട്ടുന്ന നോവലിന് 25000 രൂപയാണ് ഇവരുടെ സമ്മാന തുക. അതൊക്കെ കൊടുക്കുമോ ആവോ?

സിഗരറ്റ് എരിഞ്ഞു തീരുമ്പോഴേക്കും അയാളുടെ കോപവും അണഞ്ഞിരുന്നു. 

മൊബൈലില്‍ മെസേജ് ട്യൂണ്‍ കേട്ട അയാള്‍ വാട്‌സ്ആപ്പ് തുറന്നു നോക്കി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള എഴുത്തുഗ്രൂപ്പില്‍ ഏതോ പുതിയൊരു പ്രസാധകരുടെ മത്സരപോസ്റ്റ് വന്നതാണ്. ഉടന്‍ തന്നെ അയാള്‍ മൊബൈലില്‍ സേവ് ചെയ്തു വെച്ച മറ്റൊരു നോവലിന്റെ പിഡിഎഫ് കോപ്പി അവരുടെ മെയിലിലേക്ക് അയച്ച് താഴെ അഡ്രസും ഫോണ്‍ നമ്പറും കൊടുത്ത് വലിയൊരു ദീര്‍ഘനിശ്വാസവുമിട്ട് കസേരയിലേക്കമര്‍ന്നു.

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!