ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മുര്‍ഷിദ ഉമ്മര്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
തുലാവര്‍ഷക്കാറ്റിന്റെ പെയ്‌തൊഴിയാത്ത മഴയില്‍ തന്റെ സഖിയുടെ കൈകളില്‍ കൈ കോര്‍ത്ത് കൊണ്ടവന്‍ പതിയെ നടന്നു. ചുറ്റുഭാഗത്തും ഭംഗിയോടെ വിരിഞ്ഞുനില്‍ക്കുന്ന ഒരു പറ്റം വീടുകളും ആള്‍തിരക്കുകളില്ലാത്ത മഞ്ഞ മൈതാനവും തൊട്ടടുത്തായി സ്ഥിതിചെയ്യുന്ന ആല്‍മരവും, എല്ലാം കൊണ്ടും കിനാവിന്റെ വരമ്പിലിരിക്കുന്ന ആ ഇരുപ്രണയജോഡികളുടെ ഇടയിലേക്ക് തോരാത്ത മഴ കൂടി വന്നപ്പോള്‍ പുതുതലമുറയുടെ ഭാഷ പോലെ വൈബ് എന്ന നിര്‍വീകരണലഹരി ചുറ്റുഭാഗത്തുമടിഞ്ഞുകൂടി.
'എന്തൊരു ഭംഗിയാണല്ലേ ഈ മഴക്ക്....'
അവളുടെ കൊതിയേറും ചോദ്യത്തിന് അവന്റെ ചുണ്ടുകളില്‍ നിന്ന് ചെറുപുഞ്ചിരി മാത്രമേ ഉതിര്‍ന്നു വീണുള്ളൂ. ഒരുപറ്റം ഇതിഹാസ പ്രണയ ലോകത്ത് അടിമപ്പെട്ടതുപോലെയുള്ള സന്തോഷത്തിന്റെ പുഞ്ചിരിയും നോട്ടവുമായിരുന്നത്.
'എന്താ ഒന്നും പറയാത്തെ'
അവളുടെ ആവര്‍ത്തന ചോദ്യങ്ങളില്‍ നിന്നായിരുന്നു അവന്റെ ചിന്തകള്‍ക്കൊരു മുക്തി ലഭിച്ചത്. ഒന്നുമില്ലെന്ന് മാത്രം ചൊല്ലിക്കൊണ്ട് ആ മഴലോകത്ത് അവളെയും നെഞ്ചോട് ചേര്‍ത്ത് കൊണ്ട് ദൂരേക്ക് നോക്കി അവനിരുന്നു. അവന്റെ ഓരോ നീക്കങ്ങളില്‍ നിന്ന് തന്നെ അവള്‍ക്ക് മനസ്സിലാവുന്നുണ്ടായിരുന്നു എത്രത്തോളം അവനിന്ന് സന്തോഷിക്കുന്നുണ്ടെന്ന്
'പെണ്ണെ എന്തൊരു പ്രണയമാണല്ലേ നമ്മുടെത്... ഒരിക്കലും അവസാനിക്കാതെ ഇങ്ങനെ തന്നെയെന്നും നമ്മളിരുന്നെങ്കിലെന്ന് ഞാനാറിയാതെ ചിന്തിച്ചു പോവുകയാണ്.'
അവന്റെയാ മറുപടിയില്‍ നെഞ്ചിലേക്ക് ഒരുതവണകൂടി അവള്‍ പതിയെ ചാഞ്ഞിരുന്നു ആകാശത്തില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന മഴത്തുള്ളികളിലേക്ക് തന്റെ കൈകള്‍ നീട്ടി കൊണ്ട് അവള്‍ പതിയെ കുലുങ്ങിച്ചിരിച്ചു. കൈകളിലിരുന്ന് അമ്മാനമാടുന്ന കുപ്പിവളകളും അതിനനുസരിച്ച് പൊട്ടിച്ചിരിച്ചു.
'ഈ മഴയും അവസാനിക്കരുത്, നമ്മോടൊപ്പം ഇവരും പ്രണയിക്കട്ടെ...മനസും ഹൃദയവും ഒരു പോലെ സമാധാനത്തിന്റെ വരമ്പുകളില്‍ ഒഴുകിയാടുന്ന പോലെ തോന്നുവാ....ഞാന്‍ ആലോചിക്കുകയായിരുന്നു ഈ മഴയില്‍ എത്രയാത്ര ഹൃദയങ്ങളാവും നമ്മെ പോലെ സന്തോഷിക്കുന്നുണ്ടാവുക. ഈ മഴയെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ടാവുക! ഇതൊന്ന് അവസാനിക്കാതെയിരുന്നെങ്കില്‍.ഈ തണുപ്പും മഴയും നിന്റെ പ്രണയവുമെല്ലാം എന്നുമെന്നും ആസ്വദിച്ചു കൊണ്ട് ഇങ്ങനെ ജീവിച്ചു ജീവിച്ച്....'
പറഞ്ഞു തീരും മുമ്പേ അവളതെല്ലാം സ്വയം ചിന്തിച്ച് കൊണ്ട് വിണ്ടുമൊന്ന് കുലുങ്ങി ചിരിച്ചു. മഴയെയും ആസ്വദിച്ചു കൊണ്ട് കയ്യിലെ കട്ടന്‍ചായ മാധുര്യത്തോടെ പതിയെ കുടിച്ച് അവര്‍ തന്റെ പ്രണയത്തെ ആവോളം പങ്ക് വെച്ചു.
പിന്നെ തന്റെ വണ്ടിയുമെടുത്ത് മാഞ്ഞു പോവാത്ത ആ പൂഞ്ചിരിയെയും കൂടു പിടിച്ച് മഴയോടൊപ്പം അവരിരുവരും ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു പാഞ്ഞു.
തിങ്ങിനിറഞ്ഞ ചളിവെള്ളങ്ങളിലേക്ക് ആ വണ്ടി ആഞ്ഞു പതിച്ചപ്പോള്‍ തൊട്ടടുത്ത് ഒരു ചെറുകുടിലില്‍ മഴയേയും പേടിച്ച് ദൂരേക്ക് നോക്കി നില്‍ക്കുന്ന ഒരു അമ്മയും രണ്ടുമക്കളും ചളി വെള്ളത്താല്‍ നനഞ്ഞു കുളിച്ചു.
തന്റെ മേലുള്ള അഴുക്കിനെ പോലും മറന്നുകൊണ്ട് സ്വന്തം മക്കളിലെ ചളിയെ സാരിത്തുമ്പു കൊണ്ട് ആ സ്ത്രീ വേഗം തുടച്ചുമാറ്റി. കയ്യിലുള്ള റൊട്ടി കഷ്ണത്തിന്റെ ചെറിയൊരു പങ്ക് മാത്രം എടുത്ത് ബാക്കി രാത്രി കഴിക്കാനായി അവര്‍ മാറ്റിവെച്ചു.
പ്രതീക്ഷയോടെ മഴയ്ക്ക് വല്ല ശമനവുമുണ്ടാവുമോയെന്ന് പുറത്തേക്കിറങ്ങി എത്തിവലിഞ്ഞ് നോക്കുന്ന അവരില്‍ അകത്തേക്ക് കയറുമ്പോള്‍ വീണ്ടും പതിയെ നിരാശ പന്തലിച്ചു നിന്നു.
ഇനിയും എത്രയെത്ര വീടുകളില്‍ കയറി ഇറങ്ങിയാലാണ് തനിക്ക് നാളേക്ക് ഭക്ഷിക്കാനുള്ള അന്നം ലഭിക്കുകയെന്ന് ആലോചിച്ചപ്പോള്‍ അവര്‍ തന്റെ മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് പതിയെ നിശ്വസിച്ചു.
മകന് ബാധിച്ച ക്യാന്‍സര്‍ രോഗമവരെ ഒരു ഭാഗത്തുനിന്ന് ഉള്‍കുത്തി. ഉറക്കെ അലറി കരഞ്ഞാലോ എന്നുവരെ തോന്നിയെങ്കിലും തന്റെ മകന്റെ മുഖത്ത് വിരിയുന്ന ചെറുപുഞ്ചിരി കണ്ടപ്പോള്‍ അവര്‍ വീണ്ടും പുറത്തേക്ക് കണ്ണുകള്‍ പായിച്ചു.
ഒരു തവണ കൂടി മഴക്ക് വല്ല ശമനവുമുണ്ടോയെന്ന് എത്തി വലിഞ്ഞു നോക്കിക്കൊണ്ട് അവര്‍ ആരോടെന്നില്ലാതെ ഉറക്കെ പിറുപിറുത്തു.
'എന്തൊരു നശിച്ചമഴയാണിത്, ഇതൊന്ന് വേഗം അവസാനിച്ചിരുന്നുവെങ്കില്‍'
അപ്പോഴവരുടെ കണ്ണുകളില്‍ തിളങ്ങിയ തിളക്കത്തിന് ഒരു പൊട്ടിപ്പൊളിഞ്ഞ വീടിന്റെ ഛായയുണ്ടായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...