Malayalam Short Story : ഇന്ദുഗോപന്‍ എന്ന ഇന്ദുമതി, മുര്‍ഷിദ പര്‍വീന്‍ എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Mar 16, 2022, 2:11 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.   മുര്‍ഷിദ പര്‍വീന്‍ എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

രാത്രിയില്‍, ഒരു കാടിന്റെ വന്യത ഒളിഞ്ഞു നില്‍ക്കുന്ന ഇരുള്‍മൂടിയ വഴികളിലൂടെ ഏകാന്തയാത്ര നടത്തുവാന്‍ ഞാന്‍ ഏറെ ആഗ്രഹിച്ചിരുന്നു.

ഇന്നത് സാധ്യമായിരിക്കുന്നു. എനിക്ക് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല.

ഈ കൊടും കാട്ടില്‍ തനിച്ചു നില്‍ക്കുമ്പോഴും എന്റെ കാതുകളെ ത്രസിപ്പിച്ചു തുളച്ചുകയറുന്ന കാട്ടരുവിയുടെ ഓളങ്ങളുടെ ശബ്ദവും ചീവീടുകളുടെ നിലക്കാത്ത വിളികളും എനിക്ക് ആസ്വദിക്കാന്‍ കഴിയുന്നില്ല.

ഞാനീ കാടിനെ തിരഞ്ഞെടുത്തത് എന്റെ ആത്മാവിനെ വരിഞ്ഞുമുറുക്കി പിടിച്ചു വെച്ച എന്റെ ആത്മാവിനെ, അതിലുള്ള സത്വത്തെ പുറത്തെത്തിക്കാന്‍ ആണ് എന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നു.

ആത്മാവിനെ ഉള്‍ക്കൊള്ളാന്‍ എന്റെ ഈ ശരീരം മതിയാവുകയില്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ പിന്നോട്ട് നടക്കാന്‍ ഞാന്‍ ആഞ്ഞു ശ്രമിച്ചെങ്കിലും അദൃശ്യമായ എന്തോ എന്നെ തടഞ്ഞുനിര്‍ത്തുന്നുണ്ടായിരുന്നു.

ആ തടഞ്ഞുനിര്‍ത്തിയ അദൃശ്യ ചരടില്‍ കൊളുത്തി നിന്നത് എനിക്കേറെ പ്രിയപ്പെട്ടവരുടെ മുഖമായിരുന്നു.

ഇനിയും ഞാന്‍ ഈ മുഖം മൂടി അഴിച്ചു വെച്ചില്ലെങ്കില്‍ ഒരുപക്ഷേ മറ്റൊരു ജീവന്‍ കൂടി കുരുതി കൊടുക്കേണ്ടിവരും.

എന്റെ സ്വാര്‍ത്ഥ താല്‍പര്യത്തിനു വേണ്ടി മറ്റൊരാളുടെ ജീവിതം വച്ചു പന്താടുവാന്‍ ഞാന്‍ തയ്യാറല്ലാത്തിടത്തോളം കാലം ഇനിയും ഞാന്‍ മൗനം പാലിച്ചു കൂടാ.

ഉള്ളില്‍ എന്റെ സമ്മതമില്ലാതെ കുടിയേറി പാര്‍ത്ത് മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന, എന്റെ ഉപബോധമനസ്സിനെ അസ്വസ്ഥമാക്കുന്ന ആ സ്വത്വത്തെ ഇന്ന് വലിച്ചെറിഞ്ഞു കളയാനാവാത്ത വിധം ഞാന്‍ തന്നെ എന്നോട് ചേര്‍ത്ത് വെച്ചിരിക്കുന്നു.

ബഹുമുഖ വ്യക്തിത്വം എന്നില്‍ നിറഞ്ഞാടുന്നതും അത് എന്റെ നിയന്ത്രണത്തിലല്ലാതാവുന്നതും അതിനെ സമൂഹം മറ്റൊരു പേരിട്ട് വിളിക്കുന്നതും എനിക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല.

പലതരം വിളിപ്പേരുകള്‍ ചാര്‍ത്തി കിട്ടിയിട്ടും അതെല്ലാം അസഹനീയമായി തീര്‍ന്നത് ഈ ഒരു മന:സ്ഥിതി കൊണ്ട് തന്നെയായിരുന്നു.

ഇന്ന് ഈ വനത്തില്‍, ഏകാന്ത പഥികനായി മുന്നോട്ടു പോകുമ്പോഴും ഒരിക്കലും നിലച്ചു പോകാന്‍ ആവാത്ത വിധത്തിലാണോ ഇത്ര വേഗത്തില്‍ എന്റെ ഹൃദയം മിടിക്കുന്നത് എന്ന് അറിയാന്‍ കഴിയുന്നില്ല.

വല്ലാത്തൊരു പരവേശം തോന്നുന്നൂ.

ചുണ്ടുകള്‍ വരണ്ടു പോയ പോലെ. ദാഹമാണോ വിശപ്പാണോ എന്ന് പോലും മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥ.

കൈകാലുകള്‍ തളര്‍ന്നു പോകുന്നു. ക്ഷീണാധിക്യം കൊണ്ടാവണം മിഴികള്‍ താനെ അടഞ്ഞ് പോകുന്നു. വെപ്രാളത്തില്‍ ഞാന്‍ ചുറ്റുപാടും നോക്കി. അങ്ങ് ദൂരെ മരങ്ങള്‍ക്കിടയിലൂടെ വള്ളിപ്പടര്‍പ്പിന്റെ മറുവശത്ത് വെള്ളിവരകള്‍ വരച്ചിട്ട പോലെ കാട്ടരുവി ഒഴുകുന്നു.

തളര്‍ന്നു പോയിരുന്നു കാലുകളെങ്കിലും ഞാന്‍ ആഞ്ഞു വലിച്ചു നടന്നു. രണ്ടു കാലുകള്‍ക്കും വല്ലാത്തൊരു ഭാരം.

കാല്‍ ഉയര്‍ത്തി കല്ലും മുള്ളും പുല്ലും നിറഞ്ഞ കാട്ടു വഴിയിലൂടെ നടക്കുമ്പോള്‍ ഓരോ കാലിന് മീതെയും വലിയ കനമുള്ള തൂക്കക്കട്ടി കെട്ടി വെച്ചതുപോലെ തോന്നുന്നു.

ഒരുപാട് ബുദ്ധിമുട്ടിയെങ്കിലും എന്റെ ശ്രമം ഫലം കണ്ടു . ഞാന്‍ ആ കാട്ടരുവിക്കരികില്‍ എത്തി. ഓടിച്ചെന്ന് രണ്ടുകൈയും വിടര്‍ത്തി ഒരു കുമ്പിളിലെന്ന പോലെ വെള്ളം എടുത്തു വായില്‍ ഒഴിച്ചു.

അത്ഭുതം എന്ന് പറയട്ടെ, ഇത്രയും നേരം എനിക്കുണ്ടായിരുന്ന ആ പരവേശവും അസ്വസ്ഥതയും എങ്ങോട്ടെന്നില്ലാതെ ഒഴിഞ്ഞു പോയിരിക്കുന്നു. മതിയാവോളം വെള്ളം കുടിച്ചു ദാഹവും ക്ഷീണവും ശമിപ്പിച്ചതിന് ശേഷം മുഖം കഴുകാനായി കുറച്ചു കൂടി വെള്ളം എടുക്കാന്‍ ഞാന്‍ രണ്ടു കൈകളും നീട്ടി കാട്ടരുവിയിലേക്ക് നോക്കിയപ്പോള്‍ വെള്ളത്തില്‍ കണ്ട പ്രതിഫലനത്തില്‍ എനിക്ക് രൂപമാറ്റം സംഭവിച്ചിരിക്കുന്നു.

അതെ, എന്റെ മൂക്കിനു താഴെയുള്ള മീശയും മുഖത്തെ താടിരോമവും അപ്രത്യക്ഷമായിരിക്കുന്നു. പകരം എന്റെ മുടിയിഴകള്‍ താഴേക്ക് ഊര്‍ന്നു ഇറങ്ങി മുട്ടോളം എത്തിയിരിക്കുന്നു.

വീണ്ടും ഏന്തി വലിഞ്ഞ് ഞാന്‍ എന്നെ തന്നെ നോക്കിയപ്പോള്‍ കണ്ടത് എന്റെ ശരീരത്തില്‍ ഉയര്‍ന്നുപൊങ്ങി നിറഞ്ഞു തുളുമ്പുന്ന മാറിടമാണ്. ആ കാഴ്ച എന്നെ രോമാഞ്ചം കൊള്ളിച്ചു

ആ മായക്കാഴ്ചയില്‍ കണ്ട സുന്ദരി ഞാന്‍ തന്നെയാണെന്ന് തിരിച്ചറിയുന്നതിനു മുന്നേ തന്നെ ഞാന്‍ അവളില്‍ ആകൃഷ്ടനായി എന്ന് തന്നെ പറയണം.

വീണ്ടും കണ്ണുതിരുമ്മി ഒരിക്കല്‍ കൂടി കണ്ണുതുറന്നു നോക്കിയപ്പോള്‍ ചായയുമായി അമ്മ നില്‍ക്കുന്നു..

'ഡാ, ഇന്ദൂ ഇന്നു തന്നെ ആ കുട്ടിയുടെ വീട്ടുകാരെ പോയി കാണണം. ഇനിയും നീട്ടി കൊണ്ടു പോകാന്‍ സാധിക്കില്ല.'

ഞാന്‍ ചാടിയെഴുന്നേറ്റു. കഴിഞ്ഞതെല്ലാം സ്വപ്നമായിരുന്നുവെങ്കിലും എന്റെ മുഖംമൂടി അഴിച്ചിടാന്‍ ഞാന്‍ മാനസികമായി തയ്യാറായിരുന്നു. നിശ്ശബ്ദയുടെ അതിര്‍വരമ്പുകള്‍ കടന്നു ഞാന്‍ അമ്മയോട് പറഞ്ഞു.

'അമ്മേ ഇനി മുതല്‍ ഞാന്‍ ഇന്ദുഗോപന്‍ അല്ല, ഇന്ദുമതിയാണ്. ഞാനിനി അവന്‍ അല്ല. അവള്‍ മാത്രം.'

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!