Malayalam Short Story : നന്നങ്ങാടി, എം.പി.ബി. ശൗക്കത്ത് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jan 24, 2024, 2:43 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. എം.പി.ബി. ശൗക്കത്ത് എഴുതിയ ചെറുകഥ 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

സൗകര്യമുള്ള വീട് തേടി അലഞ്ഞപ്പോഴാണ് ആള്‍പാര്‍പ്പില്ലാത്ത സിമന്റ് കട്ടകള്‍കൊണ്ട് മതിലുകള്‍ തീര്‍ത്ത വലിയ ഇരുമ്പ് ഗേറ്റോട് കൂടിയ ഒരു ഇരുനില മാളിക വീട് സ്‌നേഹിതനായ രാമന്‍നായര്‍ കാണിച്ച് തന്നത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ആശ്വാസത്തോടെ രാമന്‍നായരോട് നന്ദിപറഞ്ഞു. 

രണ്ട്

ടാറിട്ട റോഡില്‍ നിന്ന് വീതികുറഞ്ഞ ചെമ്മണ്‍പാത ചെന്നെത്തുന്നത് വീടിന്റെ മുമ്പിലായിരുന്നു. 

പാതക്കിരുവശവും വെള്ളക്കെട്ടില്‍, നിറഞ്ഞുനില്‍ക്കുന്ന ചേമ്പിലയും പാഴ്‌പൊന്തകളും ചെമ്മണ്‍ പാതയിലേക്ക് ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു. വെള്ളക്കെട്ടില്‍ തവളാട്ടകളും പരല്‍ മീനുകളും അവയുടെ സാനിധ്യം വിളിച്ചറിയിച്ച് കാട്ടുപൊന്തകള്‍ക്കിടയിലൂടെ ഊളിയിട്ട് നീന്തിത്തുടിച്ചു. മതില്‍ക്കെട്ടിനു പുറത്ത് നീണ്ടുകിടക്കുന്ന വെളിമ്പ്രദേശം മഴക്കാലത്ത് നിറഞ്ഞുനിന്ന വെള്ളക്കെട്ടിന്റെ ബാക്കിപത്രമായി നിന്നിരുന്നു. കാടുപിടിച്ച ഈ പ്രദേശത്ത് കുറുക്കന്മാര്‍ ദിഗന്തങ്ങള്‍ ഭേദിക്കുമാറ് ഉച്ചത്തില്‍ ഓരിയിടുന്നത് വീടിന്റെ തെക്കിനിയിലുള്ള ജനാലയിലൂടെ നേരിയ നീലാ വെളിച്ചത്തില്‍ പേടിപ്പെടുത്തുന്ന കാഴ്ച്ചയായിരുന്നു.

വീടിന്റെ പിന്‍വശത്ത് ചെളിനിറഞ്ഞ ഇടം. കാട്ടുവള്ളികള്‍ ഇണചേര്‍ന്ന് കാട്ടുപൂക്കളും കരിയിലകളും വീണ് ജീര്‍ണ്ണിച്ച ഭാഗങ്ങള്‍ ഭാര്യയുടെ ആവശ്യപ്രകാരമായിരുന്നു വെട്ടിത്തെളിക്കാന്‍ തുടങ്ങിയത്. അല്ലെങ്കിലും അവള്‍ക്ക് കാടിനെ പേടിയായിരുന്നല്ലോ. 'ദേ, പാമ്പ് ഉണ്ടാവും ട്ടോ.... നിങ്ങള്‍ അവിടേക്ക് പോവണ്ട.' അവള്‍ പേടിയോടെ വിളിച്ചുപറഞ്ഞു. 

അവളുടെ സ്വപ്നങ്ങളില്‍ പാമ്പുകള്‍ നിറഞ്ഞാടുന്നത് രാത്രി ഉറക്കത്തില്‍ പേടിയോടെ മന്ത്രിക്കുന്നത് ഞാന്‍ കേള്‍ക്കാറുണ്ടായിരുന്നു.

'ഇവിടെ ഒന്നുമില്ല നീ ഒന്ന് മിണ്ടാതിരി'- ഭാര്യക്ക് നേരെ തിരിഞ്ഞ് ആശ്വസിപ്പിച്ചു.

ചെറു ജോലികള്‍ ചെയ്തു സഹായിച്ച മക്കളോട് അവള്‍ ഉറക്കെ കയര്‍ത്തു - 'നിര്‍ത്തി പോരുന്നുണ്ടോ ....ഒരു ജോലിക്കാരനെ വെച്ച് ഇതെല്ലാം പിന്നീട് വൃത്തിയാക്കാം.' അവളുടെ വാക്കുകളില്‍ ഈര്‍ഷ്യ നിറഞ്ഞു നിന്നിരുന്നു.

അവളുടെ വാക്കുകള്‍ എന്നില്‍ നീരസം ഉള്ളവാക്കി. നെറ്റിത്തടം വികൃതമായി ചുളിഞ്ഞു, ഇത് കണ്ടിട്ടാവണം അവള്‍ ഒരു നെടുവീര്‍പ്പോടെ തിരിഞ്ഞു നടന്നത്. അവളുടെ മുമ്പില്‍ അടുക്കള ജോലികള്‍ ബാക്കി വെച്ചത് ചെയ്തു തീര്‍ക്കാനുള്ള വ്യഗ്രത ഞാന്‍ കണ്ടു. കാട്ടു ചെടികളില്‍ നിന്നും കൊഴിഞ്ഞുവീണ കരിയിലകള്‍ക്കിടയില്‍ മണ്ണിരകള്‍ സാമ്രാജ്യം തീര്‍ത്തിരുന്നു, ചെളിനിറഞ്ഞ മണ്ണില്‍ ആഞ്ഞുവെട്ടി കാട്ടുചെടികളുടെ വേരുകള്‍ മണ്ണിന്റെ മാറില്‍ നിന്നും അറുത്തെടുക്കുമ്പോള്‍ രൂക്ഷമായ ചേറിന്റെ ഗന്ധം പുറത്തേക്ക് വീശി. കിളച്ചുമറിച്ച മണ്ണിന്റെ അകത്തുനിന്നും ജീവന്റെ തുടിപ്പുമായി ചെറു ജീവികളും നീണ്ടു തടിച്ച കൊഴുപ്പാര്‍ന്ന മണ്ണിരകളും പുറത്തേക്ക് ചാടി.

മണ്ണിനെ വീണ്ടും ആഞ്ഞുവെട്ടിയപ്പോഴാണ് ആഴത്തില്‍ കുഴിച്ചു മൂടിയ ഒരു നന്നങ്ങാടി പുറത്തു കണ്ടത്. നന്നങ്ങാടിയുടെ ചുറ്റുമുള്ള മണ്ണ് ഇളക്കിമാറ്റി കേടുകൂടാതെ വളരെ പണിപ്പെട്ട് പുറത്തെടുത്തു.

'ദേ ,....വേണ്ടട്ടോ... അതിലൊന്നും തൊടണ്ട'- അടുക്കളയില്‍നിന്നും ഓടിവന്ന് ഭാര്യ വിലക്കി. അവളുടെ വാക്കുകളെ വകവയ്ക്കാതെ നന്നങ്ങാടിക്കുള്ളിലെ ചരിത്രാവശിഷ്ടങ്ങളെ ഞാന്‍ തിരഞ്ഞു. ഭാര്യയും മക്കളും കുറച്ചകലെ പേടിയോടെ നോക്കി നിന്നു.

നന്നങ്ങാടിക്കുള്ളില്‍ നിന്നും പരതിയെടുത്ത ദ്രവിച്ച ഒരു തലയോടും കുറച്ച് അസ്ഥികഷ്ണങ്ങളുമായിരുന്നു അവരുടെ ഭയത്തിന് മൂര്‍ച്ച കൂട്ടിയത്.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് കാലം അതിന്റെ പരിണാമ ചക്രം പൂര്‍ത്തീകരിച്ചിട്ടും ജീവന്റെ തുടിപ്പ് വിട്ടുപിരിയാത്ത മനുഷ്യക്കോലങ്ങളെ മരണം തിരിഞ്ഞുനോക്കാതെ അറച്ചു നില്‍ക്കുമ്പോള്‍ നന്നങ്ങാടിയില്‍ ജീവനോടെ കുഴിച്ചുമൂടി മരണത്തിന് കാഴ്ചവച്ച ഏതോ തലമുറക്കാരുടെ ചരിത്രാവശിഷ്ടത്തെ എല്ലിന്‍ കഷ്ണങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു. ഒരു ചരിത്ര ഗവേഷകന്റെ വേഷം കെട്ടാന്‍ പ്രചോദനം തന്നതും ഈ എല്ലിന്‍കഷണങ്ങളായിരുന്നു. 

ഒരു പ്രേതാത്മാവിനെ കാണുന്ന വെറുപ്പോടെയാണ് ഭാര്യ എല്ലിന്‍ കഷണങ്ങളെ നോക്കിക്കണ്ടത്. അവളുടെ മുഖം വികൃതമാകുന്നതും കണ്‍പുരികങ്ങള്‍ ദേഷ്യം കൊണ്ട് ചെറുതാകുന്നതും ഞാന്‍  കാണുന്നുണ്ടായിരുന്നു. അവളുടെ വിലക്കുകളെ വകവയ്ക്കാതെ തലമുറയില്‍ നിന്നും തലമുറയിലേക്കു ഞാന്‍ ഊളിയിട്ടു. ചിതലരിച്ച പുസ്തകത്താളില്‍ കാരണവന്മാര്‍ എഴുതിവെച്ച മഷി കലങ്ങിയ വരികളിലൂടെ എന്റെ ചിന്തകള്‍ ഒഴുകിനടന്നു. ഈ ഒഴുക്കിലൂടെ ചെന്നെത്തിയത് മാറാല പിടിച്ച അകത്തളങ്ങളിലെ ഇരുമ്പ് പെട്ടിക്കുള്ളില്‍ വെളിച്ചത്തിന്റെ കണികയും തേടി തപസ്സിരിക്കുന്ന താളിയോലകള്‍ക്കുള്ളിലായിരുന്നു.

താളിയോലക്കുള്ളിലെ ചരിത്രാവശിഷ്ടങ്ങള്‍ തോണ്ടിയെടുത്ത് ഓരോന്നായി തികഞ്ഞിട്ടും വാലറ്റം കാണാതെ ഞാന്‍ തളര്‍ന്നു. അന്വേഷണങ്ങള്‍ക്ക് ഇടയില്‍ കാലചക്രം തിരിയുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല . നന്നങ്ങാടിക്കുള്ളിലെ തലയോട്ടിയും എല്ലിന്‍ കഷ്ണങ്ങളും കാലത്തിന്റെ ജീര്‍ണത അതിന്റെ കരവിരുത് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. അപ്പോഴും നന്നങ്ങാടി കേടുകൂടാതെ കാത്തുസൂക്ഷിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു 

മൂന്ന്

ഉറക്കം നഷ്ടപ്പെട്ട പല രാത്രികളിലും എല്ലിന്‍ കഷണങ്ങള്‍ ഒരു ശല്യക്കാരനായി മുമ്പില്‍ നൃത്തമാടി. എല്ലിന്‍ കഷണങ്ങളെ ശപിച്ച് ഉറക്കം നഷ്ടപ്പെട്ട് കട്ടിലിലിരുന്നു.

കുപ്പായക്കീശക്കുള്ളിലെ ഇരുട്ടില്‍ നിന്നും ബീഡി തപ്പിയെടുത്ത് ചുണ്ടില്‍ തിരുകി. എരിയുന്ന ചെറു ബീഡിക്കുള്ളില്‍ നിന്നും പുകച്ചുരുളുകള്‍ മനസ്സിന്റ അകകോണില്‍ തട്ടിത്തെറിച്ച് വൃത്താകൃതിയില്‍ മുറിക്കുള്ളില്‍ ചിത്രം വരച്ചു. ജീവിത പ്രാരാബ്ദങ്ങളെ മുഴുവനും ഇറക്കിവെച്ച് എല്ലാം മറന്ന് ഉറങ്ങുന്ന ഭാര്യയോട് അസൂയതോന്നി. ഉറക്കത്തില്‍ അവളുടെ നെഞ്ചുംകൂട് ഉയര്‍ന്നു താഴുന്നതും നോക്കി വെറുതെ ഇരുന്നു. തൊണ്ടക്കുഴിയില്‍ വെള്ളത്തിനായുള്ള നീറ്റല്‍ പുറത്തുചാടിയപ്പോഴാണ് മെല്ലെ കാലുകൊണ്ട് അവളെ തട്ടി ഉണര്‍ത്തിയത്.

ഉറക്കത്തില്‍ കണ്ണുതുറന്ന് അവള്‍ മിഴിച്ചുനോക്കി. അവളുടെ മുഖത്ത് ഉരുണ്ടുകൂടിയ ഭയം ഒരു ചെറു കണികയായി തന്റെ മേല്‍ പതിക്കുന്നത് അറിയുന്നുണ്ടായിരുന്നു. 'കുടിക്കാന്‍ കുറച്ചു വെള്ളം ഞാന്‍ മുരണ്ടു.ഉറക്കം നഷ്ടപ്പെടുത്തിയ വെറുപ്പില്‍ എന്തെല്ലാമോ പിറുപിറുത്ത് ഇളകിയാടിയ അടുക്കളവാതില്‍ ശബ്ദത്തോടെ വലിച്ചുതുറന്ന് അടുപ്പിന് മീതെയുള്ള മണ്‍കലത്തില്‍ നിന്നും ജീരകവെള്ളം ഗ്ലാസിലേക്ക് ഒഴിച്ച് മുഖത്തേക്ക് നീട്ടി.

ഈ മനുഷ്യന് എന്തുപറ്റി ചിലപ്പോള്‍ അവള്‍ ഇങ്ങനെ ചിന്തിക്കുന്നുണ്ടായിരിക്കും എന്ന് മനസ്സില്‍ കരുതി വെള്ളം മെല്ലെ തൊണ്ടയിലേക്ക് കമിഴ്ത്തി. ഞാനെന്തു പറഞ്ഞാലും അതില്‍ കുറ്റം കാണുക എന്നത് അവളുടെ ശീലമായതുകൊണ്ട് ഒന്നും കാര്യമാക്കാതെ വീണ്ടും ചരിത്ര ഗവേഷണത്തിന് ആവേശത്തോടെ തന്റെ കണ്ടെത്തലുകള്‍ക്കായി ചികഞ്ഞു നടന്നു.

നാല്

രാത്രിയുടെ അന്ത്യയാമത്തില്‍ എപ്പോഴോ ഗാഢ നിദ്ര ബോധമനസ്സിനെ വിഴുങ്ങുന്നത് ഞാനറിഞ്ഞിരുന്നില്ല. ആദ്യം കണ്ടത് ഒരു ചെറുപ്രകാശമായിരുന്നു. നന്നങ്ങാടിക്കുളിലെ കട്ടപിടിച്ച ഇരുട്ടില്‍ നിന്നും ഒരു പ്രകാശം ചിറകുവച്ച് ആള്‍രൂപമായി രൂപം പ്രാപിച്ചത് പെട്ടെന്നായിരുന്നു. ആള്‍ രൂപത്തിന്റെ തലഭാഗത്ത് ദ്രവിച്ച തലയോട്ടിയാണ് കണ്ടത്. ശരീരത്തില്‍ അസ്ഥിക്കഷ്ണങ്ങള്‍ തൂങ്ങി കിടക്കുന്നുണ്ടായിരുന്നു. വിറക്കുന്ന ശരീരത്തോടെ തന്റെ നേര്‍ക്ക് നടന്നടുക്കുന്ന തലയോട്ടിയെ പേടിയോടെ നോക്കിക്കണ്ടു. എന്തെല്ലാമോ വിളിച്ചുപറയാന്‍ തലയോട്ടി ശ്രമിക്കുന്നതായി എനിക്ക് തോന്നി. ചിലപ്പോള്‍ എന്റെ കണ്ടെത്തലുകളില്‍ കളഞ്ഞുപോയ ചരിത്രാവശിഷ്ടത്തെ ഓര്‍മ്മപ്പെടുത്തുകയാവുമോ. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ചരിത്രാവശിഷ്ടമായ തലയോട്ടി സ്വന്തം ജീവിതകഥ പറയാന്‍ ശ്രമിക്കുന്നതാകുമോ!

ഒരക്ഷരം പോലും ഉരിയിടാന്‍ പറ്റാതെ തളര്‍ന്ന് തലയോട്ടി കുറച്ചു സമയം എന്നെ തന്നെ തുറിച്ചുനോക്കി. പ്രതീക്ഷിക്കാതെയാണ് തലയോട്ടി ആക്രമിച്ചത്. ഞാന്‍ ആര്‍ത്തു കരഞ്ഞു. പേടികൊണ്ട് സിരകളിലൂടെ രക്തം ഇരമ്പിപ്പാഞ്ഞു.

'പോ...ദൂരെ പോ...നീ ആരാണ്' 

ഞാന്‍ ഉറക്കെ അലറി. എന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാതെ തലയോട്ടി എന്റെ കഴുത്തിലെ ഞരമ്പില്‍ കടിച്ചുതൂങ്ങി. രക്തത്തിന് വേണ്ടിയുള്ള ആര്‍ത്തി തലയോട്ടിയില്‍ ഞാന്‍ കാണുന്നുണ്ടായിരുന്നു. സര്‍വ്വശക്തിയുമുപയോഗിച്ച് തലയോട്ടിയെ പറിച്ചെടുത്ത് ഞാന്‍ ദൂരെയെറിഞ്ഞു. അപ്പോഴും എന്തെല്ലാമോ വിളിച്ചു പറയാന്‍ ശ്രമിച്ച് എന്റെ നേരെ ചീറി അടുക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നും രക്ഷതേടി ഞാന്‍ ഇറങ്ങിയോടി. തിരിഞ്ഞുനോക്കാന്‍ പേടിയായിരുന്നു. 

ഉറക്കം നഷ്ടപ്പെട്ട ഭാര്യയും മക്കളും എന്നെ പിടിച്ചു നിര്‍ത്തിയപ്പോഴാണ് സ്ഥലകാല ബോധം തിരിച്ചുകിട്ടിയത്.

ഞാന്‍ ചുറ്റും നോക്കി എന്നെ ഭയപ്പെടുത്തിയ തലയോട്ടി എവിടെ? മനസ്സിന്റെ ഉള്ളറകളില്‍ ഭയത്തിന്റെ കണികകള്‍ എരിയുന്നത് ഞാനറിഞ്ഞു.

ഭാര്യയുടെ ആശ്വാസ വാക്കുകള്‍ക്കൊപ്പം നടന്ന് കിടപ്പുമുറിക്കുളില്‍ തിരിച്ചു കയറി വാതില്‍ ചേര്‍ത്തടച്ചു. ഇരുട്ടുമുറിയിലെ നേരിയ ചിമ്മിനി വെളിച്ചത്തില്‍ പരുങ്ങലോടെ ഞാന്‍ ഭാര്യയെ നോക്കി. അവളുടെ കണ്ണുകള്‍ അമ്പരപ്പ് കാട്ടുന്നുണ്ടായിരുന്നു. ചിറകുകള്‍ വീശി വീണ്ടും തലയോട്ടി വരുന്നുണ്ടോ എന്ന് ഭീതിയോടെ ഞാന്‍ നാലുപാടും നോക്കി.

'എന്തുപറ്റി നിങ്ങള്‍ക്ക്?'-അവള്‍ പേടിയോടെ ചോദിച്ചു 

'ഏയ് ഒന്നുമില്ല ..സ്വപ്നം കണ്ട് പേടിച്ചതാ'- ശരീരത്തിനകത്ത് ഒളിച്ചിരിക്കുന്ന ഭയത്തെ പുറത്തുകാണിക്കാതെ മെല്ലെ ഞാന്‍ മന്ത്രിച്ചു.

പെട്ടെന്നാണ് ചിറകുകള്‍ വീശി പ്രകാശ രൂപം അവളുടെ മുമ്പില്‍ കയറി നിന്നത്. അവളുടെ മുഖത്തിന് പകരം ദ്രവിച്ച തലയോട്ടിയാണ് കണ്ടത്.

പിശാചു ബാധിച്ചവനെപ്പോലെ ചാടിയെണീറ്റ്, തന്നെ തുറിച്ചു നോക്കുന്ന തലയോട്ടിയെ ആഞ്ഞുചവിട്ടി. അതിന്റെ ആഘാതത്തില്‍ അവള്‍ പുറകോട്ടു മറിഞ്ഞു വീണു. അവള്‍ നിലത്തു വീണ് പേടിയോടെ കരഞ്ഞു. അപ്പോഴും അവളുടെ മുഖത്തിന് പകരം തലയോട്ടി എന്നെ ആക്രമിക്കാനുള്ള ഒരുക്കം കൂട്ടുന്നത് ഞാന്‍ കാണുന്നുണ്ടായിരുന്നു. ഞാന്‍ ചുറ്റും നോക്കി. മൂലക്കിരിക്കുന്ന കൊടുവാളാണ് കിട്ടിയത്. പിന്നെ കാത്തുനിന്നില്ല, ആഞ്ഞുവെട്ടി. തലയോട്ടി രണ്ടായി പിളര്‍ന്നത് ഞാന്‍ കണ്ടു. ചോരയൊലിക്കുന്ന അവളെ കണ്ടില്ല. പിളര്‍ന്നുവീണ തലയോട്ടി വാരിയെടുത്ത് ഉറക്കെ ചിരിച്ചു. വാതില്‍പ്പാളികള്‍ വലിച്ചു തുറന്ന് കത്തിവലിച്ചെറിഞ്ഞ് കട്ടപിടിച്ച ഇരുട്ടിലൂടെ ഇറങ്ങിയോടി.

രക്തബന്ധത്തിന്റ പേരില്‍ അവള്‍ക്ക് കൂട്ടായി വന്നവര്‍ എന്നെ പിടിച്ചുകെട്ടിയത് എന്തിനാണ്? എന്റെ ഗവേഷണങ്ങള്‍ക്ക് എന്തിനാണ് ഇവര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്? ചന്ദനത്തിരികളുടെയും കുന്തിരിക്കത്തിന്റെയും ഗന്ധം നിറഞ്ഞ ഇരുണ്ട മുറിക്കുളില്‍ മന്ത്രോച്ചാരണങ്ങള്‍ ഉരുവിടുന്ന ആള്‍ദൈവം എന്തിനാണ് എന്നെ വരിഞ്ഞു കെട്ടി ആഞ്ഞടിക്കുന്നത്? നന്നങ്ങാടിക്കുള്ളിലെ ബാധ കയറി എന്ന വിശ്വാസത്തില്‍ തന്റെ ശരീരത്തെ വിറ്റു കാശാക്കുന്ന ആള്‍ദൈവത്തെ ഞാന്‍ കാര്‍ക്കിച്ചു തുപ്പി. 

നൂറ്റാണ്ടുകള്‍ക്കുമുമ്പ് എരിഞ്ഞമര്‍ന്ന എല്ലിന്‍ കഷ്ണങ്ങളെ അടുത്തറിയാനുള്ള ആഗ്രഹങ്ങളെ പിഴുതെറിയാന്‍ ഇവര്‍ക്ക് ആവില്ല എന്നറിയാതെ തന്റെ ശരീരത്തില്‍ ശിക്ഷ വിധിക്കുന്നവരെ പുച്ഛത്തോടെ ഞാന്‍ നോക്കി. പുകയുന്ന പുകച്ചുരുള്‍ നിറഞ്ഞ മുറിക്കുള്ളില്‍ ആള്‍ ദൈവത്തിനു മുമ്പില്‍ കര്‍മ്മങ്ങള്‍ക്ക് വേണ്ടി ഒരു കോലത്തിനെ പോലെ അവര്‍ എന്നെ പിടിച്ചിരുത്തി.

'ഇറങ്ങിപ്പോ'- ആള്‍ദൈവം അലറി .
'ഇറങ്ങിപ്പോകാനാ പറഞ്ഞത് '-ആള്‍ ദൈവത്തിന്റെ മട്ട് മാറാന്‍ തുടങ്ങുന്നത് നിസ്സഹായനായി ഞാന്‍ കണ്ടു.

വായുവിലൂടെ ചൂരല്‍ പുളഞ്ഞു.

'പോ ...പോകാനാ പറഞ്ഞത്'-ആള്‍ ദൈവത്തിന്റെ അലര്‍ച്ച ഇരുണ്ട മുറിക്കുള്ളില്‍ ശ്വാസം മുട്ടി വാതില്‍ പാളികളിലൂടെ പുറത്തേക്കു ചാടി.

എന്നെ പിടിച്ച ബാധയോടാണ് അവര്‍ സംസാരിക്കുന്നതും ആജ്ഞാപിക്കുന്നതും. വിഡ്ഢികളായ ഒരുപറ്റം മനുഷ്യക്കോലങ്ങളെ നോക്കി ഞാന്‍ ചിരിച്ചു. പൊട്ടിപ്പൊട്ടിച്ചിരിച്ചു. എപ്പോഴാണ് അവര്‍ തോറ്റുമടങ്ങിയത് എന്നറിയില്ല. മുറിക്കുള്ളിലെ മരബെഞ്ചില്‍ കാലുകളില്‍ ചങ്ങലക്കണ്ണികള്‍ കൂട്ടിയിണക്കിയാണ് അവസാനം അവരെന്നെ തളച്ചത്. അപ്പോഴും നന്നങ്ങാടിയും അതിനുള്ളിലെ എല്ലിന്‍ കഷ്ണങ്ങളേയും ഞാന്‍ വിടാതെ കൂട്ടിപ്പിടിച്ചിരുന്നു.

ഇരുണ്ട മുറിയുടെ വാതില്‍പ്പാളികള്‍ കൊട്ടിയടച്ച്, തുരുമ്പുപിടിച്ച ഓടാമ്പലകള്‍ പിച്ചള താഴ് കൊണ്ട് പൂട്ടി. കാലം അതിന്റെ നഖങ്ങള്‍കൊണ്ട് കോറിയ അഴികള്‍ ഇളകിയാടിയ ചെറിയ ജനവാതിലുകള്‍ക്കിടയിലൂടെ മാത്രം ഞാന്‍ ലോകത്തെ നോക്കിക്കണ്ടു.


അഞ്ച്

കാലം ഇരുണ്ട മുറിക്കുള്ളിലേക്ക് ജനാല പഴുതിലൂടെ ഒളിഞ്ഞുനോക്കി ഭയത്തോടെ മാറിനിന്നു. മക്കളില്‍നിന്നും പേരമക്കളിലേക്കും പേര മക്കളില്‍നിന്ന് ചെറു മക്കളിലേക്കും കാലം ജീവിതത്തെ കൂട്ടിക്കൊണ്ടു പോകുന്നതിനിടയില്‍ ചങ്ങലക്കണ്ണികള്‍ മുറുകി വ്രണമായി പൊട്ടിയൊലിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നില്ല. ഇരുട്ടറക്കുള്ളില്‍ അപ്പോഴും എന്റെ അന്വേഷണം എങ്ങുമെത്തിയിരുന്നില്ല.സന്താന പരമ്പരകള്‍ക്ക് ഇത് അസഹ്യമായി തോന്നിയിരിക്കാം. പുഴുവരിക്കുന്ന വ്രണങ്ങളില്‍ നിന്നുയരുന്ന ചീഞ്ഞ മാംസഗന്ധം മുറികളിലൂടെ ചുറ്റിത്തിരിഞ്ഞ് വീടിന്റെ അകത്തളങ്ങളിലൂടെ ഒഴുകുന്നത് ചന്ദനത്തിരികളും സുഗന്ധ ലേപനങ്ങളും തടഞ്ഞു നിര്‍ത്താന്‍ പാടുപെടുന്നുണ്ടായിരുന്നു. പുതിയ തലമുറയുടെ മുറുമുറുപ്പ് ജനല്‍ പാളികള്‍ക്കുള്ളിലൂടെ തന്നെ തേടുന്നത് ഇരുട്ടിലൂടെ ഞാനറിഞ്ഞു. ഇതൊന്നും കാര്യമാക്കാതെ ഗവേഷണങ്ങളില്‍ ജീവിതത്തെ മുഴുവനായി ഞാന്‍ തളച്ചിട്ടു.

കാലത്തിന്റെ പുസ്തകത്താളുകള്‍ മാറി മറിഞ്ഞ് വേനല്‍ ചൂടിനെ പിറകോട്ട് തള്ളി വര്‍ഷകാലത്തിലേക്കുള്ള യാത്ര തുടങ്ങിയ ഒരു മഴയുള്ള ദിവസം, പുറത്ത് നല്ല മഴയും കൊള്ളിയാന്‍ മിന്നലും ഇടക്ക് ഇരുട്ടിലൂടെ മുറിക്കുള്ളിലേക്ക് ഓടിക്കയറി. ആഞ്ഞുവീശുന്ന കാറ്റില്‍ മരച്ചില്ലകള്‍ ഇളകിയാടി പേടിപ്പിക്കുന്ന ശബ്ദങ്ങള്‍ കേള്‍പ്പിക്കുന്നുണ്ടായിരുന്നു. കാറ്റിന്റെ ശബ്ദങ്ങളെ വകഞ്ഞു മാറ്റിയാണ് കൊട്ടിയടച്ച് വാതില്‍ പാളിയുടെ ഓടാമ്പലിന്റെ കരച്ചില്‍ കേട്ടത്. തുരുമ്പിച്ച ഓടാമ്പല്‍ ആര്‍ത്ത് കരയുന്നത് പോലെയുള്ള ശബ്ദം ഇരുട്ടിനെ കീറിമുറിച്ച് അകത്തേക്ക് കടന്നു വരുന്നത് ഞാനറിഞ്ഞു.

വാതില്‍ പാളികള്‍ മെല്ലെ തുറക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. ആരൊക്കെയോ മുറിക്കുള്ളിലേക്ക് കയറുകയാണ്.

'എന്തൊക്കെ കാണും ഇതിനകത്ത്'- പേര മകന്റെ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു.

'നന്നങ്ങാടിക്കുളിലെ പിശാച്'- ചെറുമകന്‍ പിന്നോട്ട് നിന്ന് പറഞ്ഞു.

'ഏയ് ഒന്നുമില്ല നിങ്ങള്‍ വരിന്‍ നമുക്ക് പണിനോക്കാം' - കൂട്ടത്തില്‍ ധൈര്യമുള്ളവന്റെ മറുപടി.

പുറത്ത് അലറി പൊട്ടുന്ന ഇടിമിന്നല്‍ മാളിക വീടിനെ വിറപ്പിച്ചു. കാറ്റ് ആഞ്ഞു വീശി പറമ്പിലെ മരക്കൊമ്പുകള്‍ ഭീകര ശബ്ദത്തോടെ ഒടിഞ്ഞുവീണു.

'പേടിയാവുന്നു'- പേരമകന്റെ വാക്കുകള്‍ കരച്ചിലായി.

'പേടിക്കാതിരിക്കൂ.... നമ്മള്‍ കുറെ പേരില്ലേ'- അതില്‍ ഒരു ധൈര്യശാലിയുടെ ഉറച്ച ശബ്ദം.

ഞാന്‍ പേടിയോടെ കണ്ണുകള്‍ തുറന്നു. അരുതാത്തതെന്തോ സംഭവിക്കാന്‍ പോകുന്നുണ്ട്. മരണംപോലും എത്തിനോക്കാന്‍ മടിക്കുന്ന ഇരുട്ടറക്കുള്ളില്‍ എന്തിനാണ് തലമുറയിലെ കണ്ണികള്‍ കടന്നുവന്നത്? രക്ത ബന്ധത്തിലൂടെ ഒഴുകിയെത്തിയ മുലപ്പാലിന്റെ ഗന്ധം മുറിക്കുള്ളില്‍ നിറയുന്നുണ്ടായിരുന്നു.

എന്റെ മക്കള്‍ എന്റെ ചെറുമക്കള്‍. കാലം എന്റെ മുമ്പില്‍ ഇത്രയും ഒളിച്ചുകളിച്ചോ? എന്റെ തലമുറയെ ഒന്ന് കാണാന്‍ കണ്ണുകള്‍ മലര്‍ക്കെ തുറന്നു ഇരുട്ടിലൂടെ ഞാന്‍ തുറിച്ചുനോക്കി. പക്ഷേ എന്റെ ശ്രമങ്ങളെ ഇരുട്ട് തട്ടിമാറ്റി.

'മക്കളെ...' ഞാന്‍ ഉറക്കെ വിളിച്ചു, ആരും വിളി കേട്ടില്ല.

'എന്റെ മക്കളെ....'ശബ്ദം ഇടറിയിരുന്നു. മറുപടിയായി നടന്നുവരുന്ന കാലടി ശബ്ദങ്ങള്‍ മാത്രമാണ് ഞാന്‍ കേട്ടത്.

ഇരുട്ടിലൂടെ നടന്നു വന്ന ആരോ എന്നെ വാരിയെടുക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. അവരുടെ വിയര്‍പ്പിന്റെ ഗന്ധം ചീഞ്ഞ മാംസത്തിന്റെ ദുര്‍ഗന്ധത്തെ വകഞ്ഞുമാറ്റി എന്നിലേക്ക് കടന്നു വന്നു.

അവരിലൊരുവന്‍ ചങ്ങലക്കണ്ണികള്‍ നീര്‍കെട്ടി വീര്‍ത്ത പച്ചമാംസത്തിന്റെ ഉള്ളില്‍ നിന്നും അടര്‍ത്തിയെടുത്തു. പുഴുവരിക്കുന്ന മാംസ തുണ്ടുകള്‍ ചങ്ങലക്കണ്ണികള്‍ക്കൊപ്പം അടര്‍ന്നു ചാടി.
അവരെ തടഞ്ഞു നിര്‍ത്താന്‍ എനിക്കാവുമായിരുന്നില്ല. അപ്പോഴേക്കും ഒരാള്‍ കാലുകള്‍ ബലമായി കൂട്ടി പിടിച്ചിരുന്നു.


'മക്കളെ അരുത് '- ഞാന്‍ അലറിക്കരഞ്ഞു.

ശബ്ദം പുറത്തേക്ക് ചാടിയില്ല. ചെറുമകന്റെ കൈകള്‍ അപ്പോഴേക്കും നാവിനെ വരിഞ്ഞു കെട്ടിയിരുന്നു. കാലത്തിനും മരണത്തിനും പുതുതലമുറയ്ക്കും വേണ്ടാത്ത എന്നെ മൂലക്കിരിക്കുന്ന നന്നങ്ങാടിയിലേക്ക് അവര്‍ തള്ളിയിറക്കി. മരണത്തിന് കാഴ്ച്ച വെക്കാന്‍ വെളിമ്പ്രദേശത്ത് കാട്ടുചെടികള്‍ നിറഞ്ഞ സര്‍പ്പങ്ങള്‍ ഇണചേര്‍ന്ന് തളര്‍ന്ന ചെളിമണ്ണില്‍ നന്നങ്ങാടി കുഴിച്ചുമൂടി.

വരുന്ന തലമുറയില്‍ ഒരു ചരിത്ര ഗവേഷകന്റെ വേഷം കെട്ടി വരുന്ന ഒരു പിന്തുടര്‍ച്ചക്കാരന്‍ എന്റെ തലയോട്ടിയും എല്ലിന്‍ കഷണങ്ങളും തേടി വരുന്നതും കാത്ത് വെളിമ്പ്രദേശത്തെ മണ്ണിനടിയിലെ നന്നങ്ങാടിയില്‍ ഞാന്‍ ചുരുണ്ട് കിടന്നു. 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!