ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് മോഹന്‍ ബാബു എഴുതിയ കഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
'ഹരിത'ത്തിലേയ്ക്കുള്ള വഴി വലത്തേക്കു തിരിയും മുന്‍പ് ബുള്ളറ്റ് ഓഫാക്കി, റോഡിന്റെ ഇടതു വശത്തേയ്ക്ക് ഒതുക്കി വെയ്ക്കുമ്പോഴേക്കും പിന്നില്‍ നിന്നും ഇറങ്ങി അനൂപ് എനിക്കുമുന്‍പേ നടന്നുകഴിഞ്ഞു. ഞാന്‍ പിന്നാലെ നടന്നത് വളരെ അലസമായും.
വഴിയുടെ തിരിവില്‍ അത്ര ഉയരത്തില്‍ അല്ലാതെ പച്ചനിറത്തില്‍ തെളിഞ്ഞുനില്‍ക്കുന്ന ഹരിതം എന്ന വാക്കിന്നുതാഴെ വെളുത്ത അക്ഷരത്തില്‍ എഴുതിയ 'കള്ളുഷാപ്പ്' ബോര്‍ഡ് എന്നില്‍ ഉണര്‍ത്തിയ കൗതുകം ചില്ലറയല്ല. മരങ്ങള്‍ സ്വയം ചില്ലകള്‍ വിതറിയപ്പോള്‍ വിരിഞ്ഞ പച്ചകൊണ്ട് പന്തലിട്ടൊരിടം. മെടഞ്ഞെടുത്ത തെങ്ങോലകളാല്‍ തീര്‍ത്ത മേല്‍ക്കൂരയും കമനീയമായ മുളംതണ്ടുകളാല്‍ മറച്ച വശങ്ങളും കൊണ്ട് മനോഹരമായിരുന്നു ഹരിതം. താഴേക്ക് ഊര്‍ന്നിറങ്ങുന്നൊരു പടിക്കെട്ട് മണിമലയാറിന്റെ തീരം തേടുന്ന കാഴ്ച ആരിലും കൗതുകം ജനിപ്പിക്കും. അവിടേയ്ക്ക് ഓടിയിറങ്ങാന്‍ എന്റെ കാലുകളും തരിച്ചു.
ഹരിതത്തിലേയ്ക്ക് കയറും മുന്‍പ്, വളരെ നാളുകള്‍ക്കുശേഷം വേണ്ടപ്പെട്ടവരെ കണ്ടുമുട്ടുന്നവന്റെ സന്തോഷമുള്ള വാക്കുകളാണ് ഞങ്ങളെ സ്വീകരിച്ചത്. ''അനുസാറോ, ഒത്തിരിയായല്ലോ ഇതുവഴി വന്നിട്ട്, ഇലക്ഷന്റെ തിരക്കിലായിരിക്കും. കൂടെ ഏതാ കൂട്ടുകാരന്‍? നേരത്തെയൊന്നും കണ്ടിട്ടില്ലല്ലോ?''
അതും പറഞ്ഞ് രാജപ്പന്‍ വാതില്‍ ഒഴിഞ്ഞുനിന്നു. അനു മുന്‍കൂട്ടി സൂചിപ്പിച്ചിരുന്നു അയാളെ കുറിച്ച്. സ്വന്തം വരുതിക്കും അപ്പുറം പൂത്തുലഞ്ഞു നില്‍ക്കുന്നൊരു പാചക കലാകാരന്‍. ഒരു കള്ളുഷാപ്പ് ആണെങ്കിലും ഹരിതത്തിന്റെ സുഗന്ധം ഈ അടുക്കളയില്‍നിന്നാണ് ഈ നാടാകെ പരക്കുന്നതെന്നാണ് അനു പറയുന്നത്. അവിടെനിന്നും ഒരു തൊടുകറി എങ്കിലും രുചിച്ച ആരുടേയും രസമുകുളങ്ങളില്‍ അതൊരു സുഗന്ധമായി, ഒരിക്കലും മായാതെ, വാടാതെ പടര്‍ന്നു കിടക്കും.
രാജപ്പാ, ഈ സാറിനെ നിന്നെ പരിചയപ്പെടുത്താനാണ് ഞാന്‍ കൂടെ വന്നത്. അനു എന്നെക്കുറിച്ചാണ് പറഞ്ഞുതുടങ്ങുന്നത്.
എന്റെ കാഴ്ച അവിടെ മണ്‍തിട്ടക്കു താഴെയുള്ള, ഉപേക്ഷിക്കപ്പെട്ടൊരു പഴകിയ വസ്ത്രംപോലെ ഒഴുക്കും ഓളവും മറന്ന് ഉറങ്ങികിടക്കുന്ന മണിമലയാറെന്ന നദിയിലായിരുന്നു. ഏപ്രില്‍മാസത്തിന്റെ കനത്ത ചൂടില്‍ വിയര്‍പ്പൊഴുക്കുന്ന ഈ നദി, മഴയെ സ്വപ്നം കണ്ടായിരിക്കും ഉറങ്ങാതെ കിടക്കുന്നത്. അപ്പോള്‍ രണ്ടായിരത്തി പതിനെട്ടിലെ വെള്ളപ്പൊക്കം എന്റെ ഓര്‍മയുടെ ഇരുകരകളും കവിഞ്ഞൊഴുകി.
അനു വീണ്ടും തുടര്‍ന്നു. മധുസാറെന്നു ഞങ്ങള്‍ വിളിക്കുമെങ്കിലും ഇദ്ദേഹത്തിന്റെ പേര് മാധവ് സക്കറിയാന്നാണ്. കോട്ടയംകാരന്‍ അച്ചയാനാ. ഇടയ്ക്കിടെ പുള്ളിക്കാരന്‍ ഇവിടെ വരും. നമ്മുടെ മണിമലയെ കുറിച്ച് എന്തൊക്കെയോ പഠിക്കാനും എഴുതാനുമാ. പിന്നീട് അനു പറഞ്ഞത് രാജപ്പനെ നോക്കി ഒരു തമാശയായി ചുമ്മാ ചിരിച്ചുകൊണ്ടായിരുന്നു. 'നിനക്കു പറ്റിയ ആളാ, നല്ലൊരു ശാപ്പാട് രാമനാ. എന്നോടുള്ളപോലെ മധുസാറിനോടും നിന്റെ ഒരു കരുതല്‍ വേണം.'
അനുവിനെയും രാജപ്പനെയും മറന്ന് ആ മണല്‍തിട്ടയിലേക്ക് തുറന്നുവെച്ച ക്യാമറയുമായി ഞാന്‍ നടന്നു. യാദൃശ്ചികത എന്നും എന്റെ സഹയാത്രികനാണെന്നത് എത്ര ശരിയെന്നുതോന്നിയ നിമിഷം! അവിടൊരു സ്ത്രീ ഒറ്റയ്ക്കുനിന്ന് ആരോടോ സംസാരിക്കുന്നു. വളരെ നേര്‍ത്ത ശബ്ദത്തില്‍. ചാഞ്ഞു നില്‍ക്കുന്നൊരു മരച്ചില്ലയില്‍ നിന്നും കുറെ കിളികള്‍ താഴേക്ക് പറന്ന്, അവള്‍ക്കുചുറ്റും ഓടിനടന്ന് എന്തൊക്കെയോ കൊത്തിതിന്നുകയും ഇടക്കിടക്ക് ഓടിക്കളിക്കുകയും ചെയ്യുന്നു. വളര്‍ന്നു പടര്‍ന്നു പന്തലിച്ച മരച്ചില്ലകളും കുറ്റിച്ചെടികളും ഇടതൂര്‍ന്നൊരു വനഭംഗിയുടെ നിറവില്‍ അവിടെ ശാന്തത നിറയ്ക്കുന്നു .ഞാന്‍ എന്താണീ കാണുന്നത്! നിര്‍ഭയരായി ഇവരെല്ലാം അവളുടെ കൊച്ചുകൊച്ചു വാര്‍ത്തമാനത്തിനായാണോ കാതും കൂര്‍പ്പിച്ച് ഇരിക്കുന്നത്? അത്ഭുതം തന്നെ!
ക്യാമറയുടെ സൂം ലെന്‍സിലൂടെ ഞാന്‍ എന്നെപോലും മറന്ന് എത്രയോ നേരം നോക്കിനിന്നിരിക്കാം. പേര് അറിയുന്നതും അറിയാത്തതുമായ പലതരം കിളികള്‍. പച്ചച്ചുണ്ടന്‍, കൈതകള്ളന്‍, കിന്നരിമൈന, മഞ്ഞകറുപ്പന്‍, പിന്നെ മാളങ്ങളില്‍ നിന്നും പുറത്തുവന്ന മുയലും ഉടുമ്പും അങ്ങിനെ പേരരിയുന്നതും അറിയാത്തതുമായ കുറെ ജീവികളും എന്റെ കണ്ണിലും മനസ്സിലും ഓടിക്കളിച്ചു.അപ്പോള്‍ അവര്‍ക്കു മുകളില്‍ വര്‍ണ്ണം വിതറി പാറിപ്പറക്കുന്നു പല സംഘങ്ങളായി പൂമ്പാറ്റകള്‍.
സലിംഅലിയുടെ സംഘത്തിനൊപ്പം ഒരു വിദ്യാര്‍ത്ഥിയായി തട്ടേക്കാട്ടിലൂടെ പക്ഷികളെയും അവരുടെ ജീവിതവും തേടി അലഞ്ഞ നാളുകളിലേയ്ക്ക് ഞാന്‍ അറിയാതെ നോക്കിപ്പോയി. എന്റെ കണ്ണുകളിലെ കത്തിനിന്ന ജിജ്ഞാസയിലേക്ക് നോക്കി ഒരു ചെറുപുഞ്ചിരിയോടെ സലിംഅലി അപ്പോള്‍ കണ്ണിറുക്കി കടന്നുപോയി. പിന്നീടൊരിക്കല്‍ സൈലന്റ് വാലിയുടെ സംരക്ഷണത്തിനായി ഒറ്റയാള്‍ സൈക്കിള്‍ ജാഥയുമായി ഒരു യുവാവ് വീണ്ടും തെരുവിലൂടെ അലഞ്ഞു. പിന്നീട് ദില്ലിയില്‍ ചേക്കേറിയ നാളുകളില്‍ മേധാപട്കറിനൊപ്പം നര്‍മദയുടെ തീരങ്ങളിലും, ജലസമാധി കാത്തിരിക്കുന്ന നിഷ്‌കളങ്കരും നിസ്സഹായരും ഒത്തുചേരുന്ന വയലേലകളിലെ ശൂന്യതയിലും ഞാന്‍ ക്യാമറയെന്ന എന്റെ മൂന്നാം കണ്ണുമായി എത്രയോ ദിനരാത്രങ്ങള്‍ അലഞ്ഞു.
ആരാണവള്‍? ക്യാമറയില്‍ നിന്നും കണ്ണുകള്‍ മാറ്റി ഞാന്‍ സ്വയം ചോദിച്ചു. കിളികളുമായി ഇത്ര സൗഹൃദമോ?
ഉത്തരം പറഞ്ഞത് പിന്നില്‍ നിന്ന രാജപ്പനായിരുന്നു. അത് സെലീന, അടുക്കളയിലെ എന്റെ സഹായി. കിളികളും അണ്ണാനും ഓന്തും ചിലപ്പോള്‍ അലഞ്ഞുതിരിഞ്ഞു വരുന്ന നായ്ക്കള്‍ പോലും അതിഥികളായി ഇവിടെ എത്തും, അവള്‍ കൊടുക്കുന്ന ആഹാരത്തിനായി മാത്രമല്ല സൗഹൃദവും നൊമ്പരങ്ങളും അവളോട് പങ്കുവെയ്ക്കുവാന്‍ കൂടി ആണെന്നാണ് എന്റെ ധാരണ.
ഞങ്ങള്‍ വന്നതും സെലീനയുടെ പ്രവൃത്തിയില്‍ പരോക്ഷമായെങ്കിലും ഇടപെട്ടതും അവള്‍ അറിഞ്ഞിട്ടില്ല.
ഹരിതത്തിലേയ്ക്ക് മടങ്ങുംമുന്‍പേ എന്നെ തനിച്ചാക്കി, ഒരു വാക്കുപോലും പറയാതെയാണ് അനു കടന്നുകളഞ്ഞത്. ഒരു പത്രപ്രവര്‍ത്തകന്റെ തിരക്ക് എനിക്കല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് മനസ്സിലാവുക. അവിടെ ഒഴിഞ്ഞുകിടന്ന, പലകകൊണ്ട് പാതിമറച്ചൊരു മുറിയില്‍ ഞാന്‍ രാജപ്പനെ കാത്തിരുന്നു. വൈകുന്നേരങ്ങളില്‍ കടന്നുവരുന്ന തിരക്കിലേക്ക് ഉണരുവാനുള്ള തയ്യാറെടുപ്പുപോലെ, മങ്ങി ഒഴുകുന്ന വെളിച്ചവും നേരിയ ശബ്ദത്തിലൊരു പാട്ടും ഹരിതത്തിന്റെ ജീവനായി ഒഴുകി തുടങ്ങി.
കടന്നുവന്ന രാജപ്പന്‍ എന്നെ ഹൃദ്യമായൊരു പുഞ്ചിരിയോടെ ആണ് നോക്കിയത്. ആ കണ്ണുകളിലെ ചോദ്യത്തിന് ഉത്തരം മറ്റൊരു ചോദ്യമായിരുന്നു. രാവിലത്തെ സാധനം കാണുമല്ലോ? ഒരു കുടം ഇങ്ങെടുത്തോ. പിന്നെ ടച്ചിങ്സും.
എന്നിട്ട് അല്പംമുന്‍പ് ക്യാമറയില്‍ പതിഞ്ഞ ചിത്രങ്ങളിലെ ജീവിതവും പരതി, ഗൗരവമെല്ലാം അഴിഞ്ഞുപോയ മുഖത്തിന്റെ സുതാര്യതയില്‍ ഒരു പുഞ്ചിരിയുമായി ഞാനിരുന്നു.
കുടവും ഗ്ലാസുമായി വന്ന രാജപ്പനു പിന്നാലെ വരുന്ന ഒരു സ്ത്രീയുടെ സാന്നിധ്യത്തിലേക്ക് ഞാന്‍ മുഖം ഉയര്‍ത്തി. സലീന ആണല്ലോ അത്.
എന്റെ കണ്ണുകളിലെ ആശ്ചര്യവും ചോദ്യവും കണ്ടായിരിക്കാം അയാള്‍ പറഞ്ഞു, അറിയാം, കള്ളുഷാപ്പില്‍ പെണ്ണിനെന്തു കാര്യം എന്നല്ലേ ആലോചിച്ചത്. അവള്‍ ഈ അടുക്കളയിലെ വെറും പാചകക്കാരിമാത്രമല്ല സാര്‍. അല്പം മുന്‍പ് ആ കിളികള്‍ക്കൊപ്പം ഇവളെ കണ്ടില്ലേ. അവിടെ സാറ് ചെന്നതും പടം പിടിച്ചതും ഞാന്‍ ഇവളോട് പറഞ്ഞു. ആ ഇഷ്ടംകൊണ്ട് സാറിനെ കാണണമെന്ന് ഒരേവാശിയില്‍ വന്നതാ.
എന്തുപറയുമെന്നറിയാതെ ചിരിക്കാന്‍ ശ്രമിച്ചുകൊണ്ട് അവളോടായി ഞാന്‍ പറഞ്ഞു. മറ്റുള്ളവരെ കരുണയുടെ കണ്ണിലൂടെ നോക്കാന്‍ കഴിയുന്നതുപോലും വലിയ മനസ്സുള്ളവര്‍ക്കെ കഴിയൂ. സെലീന, നീ മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും നല്ലവളാണ്.
മറുപടി ഒന്നും പറയാതെ അവള്‍ ചിരിക്കുക മാത്രം ചെയ്തു. അപ്പോള്‍ ആ മുഖം ഒരു പൂവുപോലെ വിടര്‍ന്നു, മനോഹരമായി. അഴകുള്ളവള്‍ തന്നെ സെലീന. ഞാന്‍ പറഞ്ഞില്ല. ചട്ടയും മുണ്ടും ഇട്ടുവന്നാല്‍ ഒരു ടിപ്പിക്കല്‍ നസ്രാണി പെണ്ണായേനെ, എന്റെ അമ്മച്ചിയെ പോലെ. അതും ഞാന്‍ പറഞ്ഞില്ല.ഞാന്‍ കാടുകയറുന്നുവോ? ഒരിക്കല്‍ സെലീനതന്നെയാണ് ചോദിച്ചത്, എവിടെ ഭാര്യയും മക്കളുമെന്ന്. തിരക്കിനിടയില്‍ കല്യാണം പലതവണ മാറ്റിവെച്ചതിനാല്‍ മറന്നുപോയി എന്നൊരു കള്ളം ഇത്തരം ചോദ്യത്തിന്റെ സ്ഥിരം ഉത്തരമായി കരുതിവച്ചിരുന്നു. അതുതന്നെ വീണ്ടും വിളമ്പി. ഇനി മറ്റൊരു ഉത്തരത്തിന് എന്തു പ്രസക്തി. വെളുപ്പിന്റെ ഇഴകള്‍ പാകിത്തുടങ്ങിയ മുടിയും താടിയും നോക്കി വിഷാദിക്കാന്‍ ഞാനാര്? കടന്നു പോകുന്ന കാലം ചില അടയാളങ്ങള്‍ എല്ലാവരിലും ഒരു നിയോഗം പോലെ പതിപ്പിക്കുന്നു.
എല്ലാസന്ധ്യകളും ഹരിതാഭമാകുവാന്‍ അധികനാളെടുത്തില്ല. ഒരുകുടം കള്ളും ആറ്റുമീനിന്റെ രുചിവൈവിദ്ധ്യങ്ങളും എന്റെ ദിനസരികളെ മാറ്റിമറിച്ചു. സന്ധ്യകളില്‍ മാത്രമല്ല ചില പകലുകളിലും ഹരിതത്തിലേയ്ക്ക് ഞാന്‍ ഒഴുകി. മണിമലയാറിനെക്കുറിച്ചൊരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഇടയ്ക്കുതന്നെ സെലീന കേന്ദ്രമായൊരു വിഷ്വല്‍ കിളികളുടെ കൂട്ടുകാരി എന്ന പേരില്‍ ചെയ്തു.
രണ്ട്
മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ നീണ്ട ദില്ലി ജീവിതത്തില്‍ നിന്നും മീനച്ചലാറിന്റെ തീരത്തേക്കുള്ള ഈ സ്വയംപറിച്ചുനടല്‍ തീരെ അപ്രതീക്ഷിതമൊന്നും ആയിരുന്നില്ല. ചരിത്രം ഒരു നഗരത്തില്‍ തുടങ്ങുമ്പോഴും ഒടുങ്ങുമ്പോഴും സാക്ഷികളാകപ്പെടുക പത്രപ്രവര്‍ത്തകനല്ലാതെ മറ്റാരാണ്? രാഷ്ട്രീയനേതാക്കള്‍ ആ നാടകത്തിലെ നായകനും വില്ലന്മാരും. കാലത്തിന്റെ പ്രയാണത്തില്‍, അതിന്റെ നൈരന്തര്യത്തില്‍ അവനെന്താണ് പ്രസക്തി? ചരിത്രത്തില്‍ അവന്റെ സ്ഥാനം എന്താണ്? നര വീണുതുടങ്ങിയ മുടിയും താടിയും കണ്ണാടിയില്‍ കാണുമ്പോള്‍ തെളിയുന്നത് വറചട്ടിയിലെ കനത്തചൂടില്‍ നീറിപ്പിടിക്കാന്‍ മാത്രമൊരു ജീവിതം മാത്രം.
മടുത്തു, ഞാന്‍ തിരികെ നാട്ടിലേക്കു മടങ്ങാന്‍ തീരുമാനിച്ചു. ചെറിയാച്ചന്‍, ഞങ്ങളുടെ ടീമിന്റെ കോര്‍ഡിനേറ്റര്‍, കാതുകള്‍ കൂര്‍പ്പിച്ചു. ഇനിയെന്തെന്നൊരു ആകാംക്ഷയല്ല, തനിക്ക് ഫ്രീലാന്‍സറായി വര്‍ക്ക്‌ചെയ്തൂടെ എന്നുമാത്രം ചോദിച്ചു.
ഒരു പത്രപ്രവര്‍ത്തകന് ഒരിക്കലും പെയ്‌തൊഴിയാന്‍ കഴിയില്ലല്ലോ എന്നും ഓര്‍മ്മിപ്പിച്ചു.
അപ്പന്‍ തനിക്കായി കരുതിവെച്ചത് ഈ നദിയുടെ ഈ തീരമാണ്. അഞ്ച് ഏക്കറില്‍ വിരിഞ്ഞ് വിശാലമായി കിടക്കുന്ന, ഇനിയും ഉര്‍വരതയാകാതെ കാമുകനെയും കാത്തു കിടക്കുന്നൊരു കന്യാഭൂമി. ഇടവപ്പാതികള്‍ അവളെ രജസ്വല ആക്കുമെന്നാണ് അപ്പന്‍ പറയുക.അതൊരു സത്യമായി എനിക്ക് പലപ്പോഴും അനുഭവപ്പെടുകയും ചെയ്തു. ഇടവപ്പാതി അങ്കകലിതുള്ളുമ്പോള്‍ ഒഴുക്കുമറന്ന് മീനച്ചിലാര്‍ എക്കല്‍ജലവുമായി തീരത്തെ കെട്ടിപുണര്‍ന്നും മതിമറന്നും ദിവസങ്ങളോളം കിടക്കും. പിന്നീട് പതിയെ പിന്മാറുന്ന നദിയെമറന്ന്, വയസ്സറിയിച്ച പെണ്ണിനെപോലെ ഈ തീരം ഈറനണിഞ്ഞ് വിദൂരതയില്‍ കണ്ണുംനട്ട് ആരെയോ കാത്തിരിക്കും.
അന്ന്, അതായത് എന്റെ ലിവിങ് ടുഗെതര്‍ ചടങ്ങിനുമുന്‍പ് അപ്പന്‍ പറഞ്ഞൊരു ഫലിതം ഇന്നും എന്റെ ഓര്‍മയിലുണ്ട്. 'വെള്ളമൊഴിച്ചാല്‍ വിപ്ലവം അണയില്ലായിരിക്കാം. പക്ഷെ ഐസുകട്ടയെ പേടിക്കണം. അത് പതിയേ അലിയൂ'
അന്നും ഇന്നും അതില്‍ ഒരുപൊരുളും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ദില്ലിയിലെ കാമ്പസില്‍ എനിക്കൊപ്പം പഠിച്ചൊരു അസംകാരി പെണ്ണിനെയും പ്രേമിച്ച് ലിവിങ് ടുഗെതര്‍ തുടങ്ങും മുന്‍പ് അപ്പന്‍ ഫോണിലൂടെ ആയിരുന്നു അപ്പറഞ്ഞത്. അപ്പന്‍ ഒന്നുകൂടി പറഞ്ഞു, എന്നെങ്കിലും നിനക്ക് ഇവിടെ വരാതിരിക്കാന്‍ കഴിയില്ലെന്നും വരുമ്പോള്‍ മീനച്ചിലാറിന്റെ തീരത്ത് നിനക്കായി ഒരു കന്യാഭൂമി കാത്തിരിക്കുമെന്നും. അത് ഈ കന്യകയെ കുറിച്ചായിരുന്നു.
ജീവിതം തുടങ്ങി ഒരു വര്‍ഷം തികയും മുമ്പേ ആഗയെന്ന് ഞാന്‍ വിളിച്ച അഗാന എന്നെ മടുത്തിട്ടായിരിക്കും മറ്റൊരുവനുമായി ഒളിച്ചോടിയത്. അതോടെ ഞാനൊരു വഴിത്തിരിവിലെത്തി. ഒറ്റയാനായി ജീവിക്കുക. തൊഴിലിലും സൗഹൃദങ്ങളിലും ജീവിതം ഒരു പൊന്തന്‍തടിപോലെ ഓളത്തിനൊപ്പം ആടിക്കളിച്ചു. മദ്യവും സിനിമയും നാടകങ്ങളും സംഗീതവും സൗഹൃദവും ഇടകലര്‍ന്നൊരു നാഗരികന്റെ മടുപ്പില്ലാത്ത ജീവിതം. അതിനിടെ എന്നോട് ചോദിക്കാനും എന്നെ കേള്‍ക്കാനും അവസരം തരാതെ അപ്പനും കടന്നുപോയി. അപ്പന്റെ അന്ത്യകുര്‍ബാന നടക്കുമ്പോള്‍ തിരക്കോടുതിരക്കിലായിരുന്നു. ഇന്ദിരാവധത്തിനുശേഷമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന തിരക്കില്‍ പല്ലുതേക്കാന്‍പോലും മറന്ന പകലുകളും രാത്രികളും.
മൂന്ന്
മേഘങ്ങള്‍ക്കിടയിലെ മിന്നലിനൊപ്പം തെളിയുന്ന വെളിച്ചത്തിന്റെ മാത്രം ആയുസ്സേ ഉള്ളല്ലോ ഈ മുപ്പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക്! കാലത്തിന്റെ ആ ഇടനാഴിയുടെ ചൂടില്‍ നിന്നാവാം, ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ വരണ്ട മണ്ണിലേയ്ക്ക് കാലുകള്‍ കുത്തുമ്പോള്‍ ഓര്‍മ്മകള്‍ വിയര്‍പ്പിന്റെ ജലകണികകളായി ആ മണ്ണിനെ നനയിച്ചത്. നനഞ്ഞ മണ്ണിന്റെ ഉര്‍വരതയില്‍ അപ്പന്‍ എന്നെയും കാത്ത്, കണ്ണുംനട്ട് കിടക്കുമ്പോലെ.
അപ്പോഴേക്കും എന്റെ സ്വപ്നങ്ങളുടെ കന്യാതീരങ്ങളില്‍ ചട്ടയുമണിഞ്ഞ് പിന്നില്‍ ഞൊറിവെച്ച വെള്ളമുണ്ടും ഉടുത്ത് സെലീന ഒരു മുല്ലവള്ളിയായി വളര്‍ന്നു പടര്‍ന്നു. അവിടെ വെളുത്ത പൂക്കളുടെ മഹാസുഗന്ധത്തിലേക്ക് പറവകളും പൂമ്പാറ്റകളും പാടിയാടി തിമിര്‍ത്തു.
നാല്
ഇടവപ്പാതിയുടെ താളവും സംഗീതവും പാതിവഴിയില്‍ നിലച്ച് വരണ്ടകാറ്റ് താളം പിടിക്കുന്നൊരു വൈകുന്നേരം ഹരിതത്തിലേയ്ക്ക് കടന്നു ചെല്ലുമ്പോള്‍ ഒരപരിചിതന്റെ ഭാവം എന്നിലൊരു മേലങ്കി ചാര്‍ത്തിയിരുന്നു. ഏതാണ്ടൊരു പതിനാറു ദിവസത്തെ ഗ്യാപ്പല്ലേ ഉള്ളു. അതിനിടെ ഇത്രവലിയ അകല്‍ച്ചയോ. എനിക്കോ അതോ ഈ നാടിനോ?
മണിമലയാറിന്റെ പടിക്കെട്ടിലേക്ക് അലക്ഷ്യമായി നോക്കി നില്‍ക്കുന്ന രാജപ്പന്റെ നിശബ്ദത എന്നില്‍ അപരിചിതത്വം കൂട്ടിയപ്പോള്‍ ഞാന്‍ കൂടുതല്‍ ആശങ്കപ്പെട്ടു. കണ്ണുകളിലെ നിശ്ചലതയില്‍നിന്നും പണിപ്പെട്ടു വരുത്തിയൊരു ചിരിയോടെ അയാള്‍ പറഞ്ഞത് കിളികളെയും സെലീനയെയും കുറിച്ചായിരുന്നു. എല്ലാ കിളികളും അനാഥമായല്ലോ മധുസാറെ.
എന്ത്, വിങ്ങിപ്പൊട്ടുന്നുവോ രാജപ്പന്‍?
നദിയുടെ കുത്തൊഴുക്കിലേയ്ക്കു വിരല്‍ചൂണ്ടി അയാള്‍ തുടര്‍ന്നു. ഈ നദിയുടെ ആഴങ്ങളില്‍ സെലീന മുങ്ങിത്താണത് തന്റെ ഇച്ചായന്റെ നിവര്‍ത്തിപ്പിടിച്ച കൈകളിലെ ഇനിയും അണയാത്ത ചൂടിലേക്കായിരുന്നു.
അഞ്ച്
കാത്തിരിപ്പിന്റെ അക്ഷമയിലും ആകാംക്ഷയിലും ഉറങ്ങിപ്പോയത് സെലീന അറിഞ്ഞില്ല. തുടര്‍ച്ചയായി കേള്‍ക്കുന്ന മുട്ടലും ബഹളവും തിരിച്ചറിഞ്ഞ് പുറത്തെ ലൈറ്റിട്ട്, തുറന്നുകിടക്കുന്ന ജന്നല്‍പാളിയിലൂടെ വെളിയിലേക്ക് നോക്കി. നാലഞ്ചുപേരുണ്ടല്ലോ? ഭയവും ആശങ്കയും ഒരുതരിപ്പായി തലയിലേക്ക് ഇരച്ചുകയറുമ്പോലെ. ജന്നല്‍ കമ്പികളില്‍ മുറുകെ പിടിച്ചുകൊണ്ടവള്‍ ഉറക്കെയാണ് ചോദിച്ചത്, ജോര്‍ജ്ച്ചായന്‍ എവിടെ?
സെലീനകൊച്ചേ, ജോര്‍ജ്.
പാതിപറഞ്ഞു നിര്‍ത്തിയത് രാജുവാണല്ലോ. അവള്‍ ചോദിച്ചു. ഇച്ചായന്‍ എവിടെ രാജു? നിനക്കൊപ്പമല്ലേ രാവിലെ ഇവിടെനിന്നും പോയത്?
മണിമലയാറിന്റെ നിലയില്ലാത്ത ഒരു മണല്‍കുഴിയുടെ ചുഴിയില്‍, നദിയുടെ അടിത്തട്ടിലെവിടെയോ ജോര്‍ജ് എല്ലാം മറന്ന് ഉറങ്ങുക ആയിരിക്കും.
രണ്ടായി ചീന്തിയൊരു വാഴത്തണ്ടുപോലെ ആ തറയില്‍ അവള്‍ വളരെനേരം അന്തിച്ചിരുന്നു. ആ പുഴയുടെ അടിത്തട്ടിലേക്ക് തന്റെ ജീവിതവും താഴ്ന്നുപോയ അറിവിന്റെ നിസ്സഹായതയിലേക്ക് തന്റെ കുഞ്ഞിനേയും കെട്ടിപ്പിടിച്ച് നിശ്ചലയായി.
രാജപ്പന്‍ പറഞ്ഞുനിര്‍ത്തിയത് സെലീന ഹരിതത്തിലെ തന്റെ സഹായിയും ഈ നദീതീരത്തെ കിളികള്‍ക്കും ജന്തുകള്‍ക്കും കാവലാള്‍ ആയത് എങ്ങിനെ എന്നായിരുന്നു. പിന്നെ അയാള്‍ പറഞ്ഞതായിരുന്നു എന്നെ പിടിച്ചു കുലുക്കിയതും ജീവിതം വീണ്ടും വിരക്തിയുടെ ചതുപ്പിലേക്ക് വലിച്ചിഴച്ചതും.
ആറ്
എട്ടു വയസ്സില്‍ നിന്നുള്ള പീറ്ററിന്റെ വളര്‍ച്ചയും അവന്റെ സൗഹൃദത്തിന്റെ പടുകുഴികളും വീഴ്ചയും അമ്മ അറിയാന്‍ വൈകി എന്നതാണ് സത്യം. അവന്റെ പഠനം മാത്രമല്ല ജീവിതക്രമം തന്നെ മാറ്റി വരയ്ക്കപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട പാഠപുസ്തകങ്ങളുമായി അവള്‍ പല തവണ സ്‌കൂളിലും വഴിതെറ്റിക്കുന്ന കൂട്ടുകാര്‍ക്കടുത്തും പോയെങ്കിലും എല്ലാം നിരാശയില്‍ വെന്തുരുകി. വീട്ടില്‍ വൈകിവരുമ്പോള്‍ കൂടൊരു ചങ്ങാതിയും ലഹരിയും അവനൊപ്പം പതിവായി.
പതിവില്ലാതെ രാജപ്പന്‍ മടിയില്‍നിന്നും ഒരു ബീഡിയെടുത്ത് ചുണ്ടില്‍ തിരുകി, ലൈറ്ററുകൊണ്ട് കത്തിച്ചു. രണ്ടുമൂന്നു
തവണ ആഞ്ഞുവലിച്ചു. പിന്നീട് പുഴയുടെ നിര്‍ന്നിമേഷതയിലേക്ക് നോക്കിക്കൊണ്ട് വീണ്ടും പറഞ്ഞു.
രണ്ടാഴ്ചക്കുമുമ്പ് വളരെ വൈകിയൊരു രാത്രിയില്‍ പീറ്റര്‍ പതിവുപോലെ ഒരുത്തനൊപ്പം വന്നതും ഉറങ്ങിയതും സെലീന അറിഞ്ഞില്ല. ഉറങ്ങുന്ന അവളെ അവരൊട്ട് ഉണര്‍ത്തിയുമില്ല. ഏതോ ഒരു ക്രൂരമൃഗത്തിന്റ കൈകളില്‍പ്പെട്ടപോലെ ഞെട്ടിയുണര്‍ന്നവള്‍. കൈകാലുകള്‍ കൊണ്ട് എതിര്‍ക്കാനാകാതെ ഉടല്‍ പിടഞ്ഞു. വായില്‍ തിരുകിയ തുണി വലിച്ചൂരി അലറി വിളിക്കാന്‍ ആകുന്ന ശ്രമിച്ചു. രക്ഷപ്പെടാനുള്ള വിഫലമായ ശ്രമങ്ങള്‍ക്കിടെ പാതിതുറന്ന വാതിലിലൂടെ അടുത്തമുറിയിലെ മങ്ങിയ വെളിച്ചത്തില്‍ അവള്‍ കണ്ടത് ഉറങ്ങികിടക്കുന്ന സ്വന്തം മകനെ. കുഴഞ്ഞുപോയിക്കാണും. അല്ലെ മധുസാറെ? രാജപ്പന്‍ വീണ്ടും വിതുമ്പിയോ.
നിസ്സംഗതയുടെ നിഗൂഢഭാവം ഒളിപ്പിച്ചൊരു മന്ദസ്മിതവും തൂകി മണിമല ഒഴുകിക്കൊണ്ടിരുന്നു. ആ നിസ്സംഗതയില്‍നിന്നും ഉയര്‍ന്നുവന്ന രണ്ട് കയ്യുകള്‍ അവളെ വാരിപുണരുമ്പോള്‍ തന്റെ ഇച്ചായന്റെ മാറിലേയ്‌ക്കെന്നപോലവള്‍ അമര്‍ന്നു കിടന്നു.
ഏഴ്
പാതിവഴിയില്‍ നിലച്ചുപോയ ഇടവപ്പാതിയില്‍ മണിമലയാറ് പത്തിയും താഴ്ത്തി ഇഴയുന്നൊരു മലമ്പാമ്പിനെ പോലെ ശാന്തമായി ഒഴുകുന്നു. ഒരിക്കലും ഒഴിയാതെ കൂടെത്തന്നെ, ഒരു അവയവം പോലെ തോളില്‍ തൂങ്ങുന്ന ക്യാമറയിലൂടെ ഞാന്‍ തേടിയത് നദിയുടെ മറുകരയാണ്. മരങ്ങള്‍ ഇടതൂര്‍ന്നു നില്‍ക്കുന്ന പുഴയുടെ തീരത്ത് വിരുന്നു വന്നൊരു നിലാവുമൊത്ത് ഒളിച്ചുകളി നടത്തുന്ന സന്ധ്യയെ മതിവരാതെ ഞാന്‍ നോക്കിനിന്നു.
മധുസാറെ, പിന്നില്‍നിന്നും രാജപ്പന്റെ പതിഞ്ഞ സ്വരം. ഇവന്റെ രുചിയുടെ വൈവിധ്യം നുണയാന്‍ ഈയൊരു ജന്മം തികയില്ലല്ലോ എന്നൊരു വിചാരത്തോടെ ക്യാമറ കഴുത്തിലേക്കു തൂക്കിക്കൊണ്ട് ചോദിച്ചു, എന്തേ രാജപ്പാ?
മറ്റൊന്നുമല്ല, ഇരുട്ട് വീണുതുടങ്ങി. സാറിനെ കാണുന്നുമില്ല. തിട്ടയെല്ലാം ഇടിഞ്ഞിരിക്കയാ.
പടികള്‍ കയറി ഹരിതത്തിനുള്ളിലെ മങ്ങിയ വെളിച്ചത്തില്‍, കാര്‍മേഘം മൂടിയ മനസ്സിന്റെ ഇരുണ്ടഭാവവുമായി ഞാന്‍ നിശ്ശബ്ദനായിരുന്നു. വേദനയുടെ അസ്സഹനീയതയില്‍ ഇറ്റു വീഴുന്ന കണ്ണീരുമായി നില്‍ക്കുന്നൊരു പെണ്ണിനെ പോലെ ആ മുറി കനത്തുനിന്നു.
കള്ളുമാത്രം കുടിച്ച്പുറത്തേക്കിറങ്ങാന്‍ വെമ്പുന്ന എന്നെ ശ്രദ്ധിച്ച് രാജപ്പന്‍ വീണ്ടും ചോദിച്ചു, ഒന്നും കഴിക്കുന്നില്ലേ? സാറിനുവേണ്ടി സ്‌പെഷ്യലായി ഉണ്ടാക്കിയതാ.
അതൊന്നു പാര്‍സല്‍ ആക്കിയേര് . എന്റെ വാക്കുകള്‍ രാജപ്പന്റെ മുഖം മ്ലാനമാക്കി.
അപ്പുറത്തൊരു മുറിയില്‍ ചില്ലുഗ്ലാസിലും മണ്‍കുടത്തിലും താളമടിച്ച് ആരൊക്കെയോ അല്ലിമുളം കാടുകളില്‍ ലല്ലലലംപാടി തുടങ്ങുമ്പോള്‍ ഞാന്‍ പുറത്തേക്കിറങ്ങി. കള്ളുഷാപ്പുകളില്‍ പതിറ്റാണ്ടുകളായി മുഴങ്ങുന്നൊരു പാട്ട്. എല്ലാ മദ്യപാനസദസ്സുകളിലും എ അയ്യപ്പന്‍ ഞങ്ങളെ പാടി കൊതിപ്പിച്ചിരുന്ന പാട്ട്.
പതിവില്ലാതെ പൊടുന്നനെ ഒരു മഴ മറുകരയില്‍നിന്നും നദിയുടെ മാറില്‍ വെള്ളത്തുള്ളികള്‍കൊണ്ട് കാല്‍പാടുകള്‍ തീര്‍ത്ത് എന്റെ അടുത്തേക്ക് വീശി അടുത്തു. അതിനൊപ്പം അദൃശ്യമായൊരൂ സാരിത്തലപ്പ് എന്നെ ചുറ്റിവരിച്ച് നദിയുടെ തീരത്തേക്ക് വിളിച്ചു. നദിയുടെ ഓരത്ത് ക്യാമറയുടെ മൂന്നാം കണ്ണിലൂടെ ഞാന്‍ വീണ്ടും തിരഞ്ഞത് വൃക്ഷസമൃദ്ധിയുടെ ആ വിജനതയില്‍ ഒളിച്ചുകളിക്കുന്ന നിലാവിനെയും സന്ധ്യയേയും ആയിരുന്നു.
കാര്‍മേഘം മൂടിയ ആകാശം നിലാവിനെ തിരികെ വിളിച്ചുവോ? ഞാന്‍ ശങ്കിച്ചുനിന്നപ്പോള്‍ ഇരുട്ടിന്റെ നേര്‍ത്തൊരു വല ആ തീരത്തിന്റെ നിശ്ശബ്ദതയ്ക്ക് മുകളിലേയ്ക്ക് താഴ്ന്നുവന്നു.