Malayalam Short Story : കഥാനായിക, എം ജി ബിജുകുമാര്‍ പന്തളം എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published May 26, 2022, 3:48 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. എം ജി ബിജുകുമാര്‍ പന്തളം എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

മണിനാദം കേട്ടാണ് ഞാനുണര്‍ന്നത്. പഴമയെ ഇഷ്ടപ്പെടുന്നതു കൊണ്ട് വൈദ്യുതിയുപയോഗിച്ചുകൊണ്ടുള്ള കോളിങ് ബെല്‍ ഒഴിവാക്കി അല്‍പം വലിയൊരു മണി സിറ്റൗട്ടിന് മുന്‍വശത്ത് തൂക്കിയിട്ടുണ്ട്. അതില്‍ ഒരു ചരടും താഴേക്ക് തൂക്കിയിട്ടിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് മണിനാദം മുഴക്കുന്നതിനാണിത്.

നിശബ്ദമായിരിക്കുന്ന സമയത്ത് പെട്ടെന്ന് ഒരു മണിനാദം കേട്ടാല്‍ പ്രജ്ഞയുണരുമെന്നാണ് വായിച്ചിട്ടുള്ളത്. പക്ഷേ ഈ മണിനാദം കേള്‍ക്കുമ്പോള്‍ ക്ഷേത്രത്തില്‍ ദീപാരാധനയ്ക്ക് നടയടയ്ക്കുന്ന ഒരു ഫീലാണ് എനിക്കനുഭവപ്പെടാറുള്ളത്.

'ണിം...'

ആഴത്തിലുള്ള നിദ്രയുടെ ഭംഗത്തിലുണ്ടായ അസ്വസ്ഥതയില്‍ മണി മുഴക്കിയതാരാണെന്ന ചിന്തയില്‍ വാതിലിനടുത്തേക്ക് നീങ്ങുമ്പോള്‍ ദാഹശമനത്തിനായി ഒരു ചായ കിട്ടിയിരുന്നെങ്കിലെന്നൊരു തോന്നലുമുണ്ടായി. 

വാതില്‍ തുറന്നപ്പോള്‍ നന്നായി വസ്ത്രധാരണം ചെയ്ത ഒരു മധ്യവയസ്‌ക. പരിചിതമായ എന്തോ ഗന്ധം അപ്പോള്‍  അവിടെ നിറയുന്നതായി തോന്നി.

'ബിജു കുമാറല്ലേ...?'

ഞാനെന്തെങ്കിലും ചോദിക്കും മുമ്പേ ആഗത എന്നോട് തിരക്കി.

'അതെ...!'

യാതൊരു പരിചയവുമില്ലാത്ത ഇവരാരെന്ന മുഖഭാവത്തില്‍ ഞാന്‍ ഉത്തരം പറഞ്ഞു.

'എം.ജി. ബിജുകുമാര്‍....?'

അവരുറപ്പു വരുത്താനെന്നവണ്ണം വീണ്ടും ചോദിച്ചു.

'അതെ..'-എന്നു തലയാട്ടി ഞാനവരെ ശ്രദ്ധിച്ചു നിന്നു.

നിലവിളക്കിന്റെ പ്രഭയില്‍ ചന്ദനത്തിരിയുടെ സവിശേഷ സൗരഭ്യത്തില്‍ നില്‍ക്കും പോലെ അവരുടെ മുഖത്തെന്തോ പ്രത്യേക ഭാവമാണെന്നെനിക്ക് തോന്നി.

'കയറി വരൂ'

ഞാനവരോട് മെല്ലെ പറഞ്ഞു. അപ്പോളവര്‍ അകത്തേക്ക് കയറി എന്റെ മുറിയിലെത്തി. എന്നിട്ട് ഭാവഭേദം കൂടാതെ എന്റെ കിടക്കയിലിരുന്നു. അവരടുത്തുകൂടി പോയപ്പോഴും ശരിക്കും പരിചിതമായ ഒരു സുഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു.

'ആരാ മനസിലായില്ല..?'

അവര്‍ക്കഭിമുഖമായി കസേരയിലിരുന്നു കൊണ്ട് ഞാന്‍ തിരക്കി. അത് കേട്ട് ആ സ്ത്രീ പുഞ്ചിരിച്ചു.
കിടക്കയില്‍ കുറേ പേപ്പറും പേനയും ഒരു റൈറ്റിംഗ് പാഡുമൊക്കെ ചിതറിക്കിടന്നിരുന്നു. ഒരു നീണ്ടകഥ എഴുതാനുള്ള ശ്രമമായിരുന്നു ആ കടലാസുകളില്‍. ഒരു ആശയം മനസ്സില്‍ തോന്നിയത് ആറു മാസക്കാലത്തോളം മനസ്സിലിട്ട് നടന്നതിന്റെ ശേഷമാണ് കഥയായി എഴുതിത്തുടങ്ങിയത്. ഒന്നര മാസമായി എഴുതിത്തുടങ്ങിയിട്ടെങ്കിലും സമയക്കുറവും മടിയും കാരണം തുടര്‍ന്നെഴുതാത്തതിനാല്‍ മനസ്സ് ഇടയ്ക്കാെക്കെ വ്യാകുലപ്പെടാറുമുണ്ട്.

ചിതറിക്കിടന്ന കടലാസുകളില്‍ വിരലോടിച്ചു കൊണ്ട് ആഗത പതുക്കെപ്പറഞ്ഞു.

'ഞാനാരാണെന്ന് പറഞ്ഞാല്‍ ഒരു പക്ഷേ അറിയാന്‍ വഴിയില്ല. പക്ഷേ...!'- അവരത്രയും പറത്തു നിര്‍ത്തി.

പുറത്ത് നന്നായി മഴ പെയ്തു കൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചപ്പോള്‍ 'ജനാല അടച്ചേക്കൂ... നല്ല മഴയും കാറ്റുമാണ്..' എന്ന് ഞാനവരോട് പറഞ്ഞു. കാറ്റടിച്ചപ്പോള്‍ ജനാല വഴി തൂവാനമടിച്ചു കയറി.

'ഏയ് വേണ്ട..! മഴയല്ലേ... മണ്ണിനൊപ്പം നമുക്കും തണുക്കണ്ടേ. പ്രകൃതിയുടെ തലോടലല്ലേ..!' എന്ന് പറഞ്ഞ് അവര്‍ വീണ്ടും പുഞ്ചിരിച്ചു.

'മഴയോട് അഗാധമായ പ്രണയമാണെന്നാണെല്ലോ താങ്കളുടെ എഴുത്തുകളിലൊക്കെ, പിന്നെയെന്തിന് ജനാലയടയ്ക്കണം...?' 

ഇതെന്നോട് പറയുമ്പോഴും ഇതാരാണെന്ന ആകാംക്ഷ എന്റെയുള്ളില്‍ നിറഞ്ഞു.

'ആരാ..? എവിടെ നിന്നു വരുന്നു...?'- ഞാനവരോട് വീണ്ടും ചോദിച്ചു.

അത് കേട്ടപ്പോള്‍ ആ സ്ത്രീ കിടക്കയില്‍ ചിതറിക്കിടന്ന കടലാസുകളിലേക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കി. എന്നിട്ടു തുടര്‍ന്നു.

'ഞാന്‍ ആരാണെന്നും എവിടെ നിന്നു വരുന്നു എന്നതിനും വലിയ പ്രാധാന്യമില്ല. പക്ഷേ ഒരു കാര്യം പറയുവാനാണ് ഞാന്‍ വന്നത്...!'

അവര്‍ പറയുന്നത് ഒന്നു നിര്‍ത്തി.അവര്‍ പുഞ്ചിരിച്ചു കൊണ്ട് പറയുന്നത് ശ്രദ്ധയോടെ ഞാന്‍ കേട്ടിരുന്നു.

'നിങ്ങളെഴുതിത്തുടങ്ങിയ കഥയിലെ നായികയാണ് ഞാന്‍. നിങ്ങളിതിലെഴുതിയത് എന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ്.'- അവരത്രയും കൂടി പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി.

ആ കഥ പൂര്‍ത്തിയായിട്ടില്ല. തന്നെയുമല്ല അതാരും വായിച്ചിട്ടുമില്ല. വെറുതെ ഒരാശയം കിട്ടിയപ്പോള്‍ കുറേനാള്‍ മനസ്സില്‍ കൊണ്ടു നടന്നു. പിന്നെയത് വികസിപ്പിച്ചെഴുതാനുള്ള ശ്രമവുമാരംഭിച്ചു. അതാണ് പൂര്‍ത്തിയാകാത്ത ആ കഥ. തികച്ചും ഭാവനാപൂര്‍ണ്ണമാണത്.

'അതെങ്ങനെ നിങ്ങള്‍ വായിച്ചു..?'

ഞാന്‍ അത്ഭുതത്തോടെ തിരക്കി.

അവര്‍ തുടര്‍ന്നു.

'മുഖപുസ്തകത്തിലെഴുതിയിടുന്ന നിങ്ങളുടെ കുറിപ്പുകള്‍ അപ്രതീക്ഷിതമായാണ് ഒരു ദിവസം ഞാന്‍ കണ്ടത്. തുടര്‍ന്ന് നിങ്ങളെഴുതുന്നതൊക്കെ കൗതുകത്തോടെ ഞാന്‍ വായിക്കാറുണ്ടായിരുന്നു. നിങ്ങളെഴുതുന്ന നോവലിനെപ്പറ്റിയുള്ള കുറിപ്പും ഞാന്‍ കണ്ടിരുന്നു. അതില്‍ കവിഞ്ഞ് നമ്മള്‍ തമ്മില്‍ അറിയില്ല. യാതൊരു പരിചയമോ സൗഹൃദമോയില്ല.'

ഒന്നു നിര്‍ത്തിയിട്ട് നീണ്ട മുടി മാടിയൊതുക്കിയിട്ട് അവര്‍ തുടര്‍ന്നു.

'പക്ഷേ നിങ്ങളെഴുതിയ കഥയിലെ നായിക ഞാന്‍ തന്നെയാണ്. വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും..'

ദീര്‍ഘനിശ്വാസത്തോടെ വീണ്ടും അവര്‍ പറഞ്ഞു തുടങ്ങുമ്പോള്‍ ഞാന്‍ അത്ഭുതത്തോടെ കേട്ടിരിക്കുകയായിരുന്നു.

'നിങ്ങളെഴുതിയ കഥയില്‍ കോരിച്ചൊരിയുന്ന മഴയില്‍ ഇടവഴിയില്‍ മുട്ടറ്റം വെള്ളത്തില്‍  പുസ്തകസഞ്ചിയുമായി നടന്ന കുട്ടിക്കാലം മുതല്‍, ഉള്ളിലെ ആശകള്‍ നീര്‍കുമിളകള്‍ പോലെ പൊട്ടിയ കൗമാരകാലത്ത് തലയിണയില്‍ മുഖം അമര്‍ത്തിക്കരഞ്ഞ രാവുകള്‍ വരെയുള്ളതെല്ലാം എന്റെ ജീവിതകഥ തന്നെയാണ്. എന്നെ കൊതിപ്പിച്ചിരുന്ന പുഴയും അതിലേക്ക് നീളുന്ന കല്‍പ്പടവുകളില്‍ പാദസരം കിലുക്കി നടന്നിരുന്ന പാവാടക്കാരിയുടെ കൗതുകങ്ങളും, ചായപ്പെന്‍സിലിനും നിറമാര്‍ന്ന കുപ്പിവളകള്‍ക്കുമായി വഴക്കിട്ട് ശാഠ്യം പിടിച്ചിരുന്നതും എല്ലാം നിങ്ങള്‍ കഥയില്‍ അതുപോലെ എഴുതിച്ചേര്‍ത്തിരിക്കുന്നു.'

അത് പറയുമ്പോള്‍ അവരുടെ കണ്ഠമിടറുന്നതായി തോന്നി.

ജനലിലൂടെ വന്ന മിന്നലില്‍ അവരുടെ കണ്ണുനീര്‍ത്തുള്ളികള്‍ വൈരക്കല്ലുകള്‍ പോലെ തിളങ്ങി.അതവരുടെ കവിളിലേക്കടര്‍ന്നു വീണു.

അവര്‍ പറയുന്നത് കേട്ട് എന്റെ ഹൃദയം നിന്നുപോകുമോയെന്നനിക്ക് തോന്നിപ്പോയി.

കിടക്കയില്‍ ചിതറിക്കിടന്ന കടലാസില്‍ വിരലോടിച്ചു കൊണ്ട് അവരെന്നെ നോക്കിപ്പറഞ്ഞു.

'കഥ പൂര്‍ത്തിയാക്കണം ബാക്കി കൂടി വായിക്കാന്‍ അതിയായ മോഹമുണ്ട്. തുടര്‍ന്നെഴുതുന്നതും എന്റെ കഥയുമായി സാമ്യമുള്ളതു തന്നെയാവുമെന്നാണ് എന്റെ മനസ്സ് പറയുന്നത്. അതെ.. അതെന്റെ കഥ തന്നെയാവുമെന്നെനിക്കുറപ്പുണ്ട്.'
 
'അയ്യോ ഞാന്‍ വലിയ എഴുത്തുകാരനൊന്നുമല്ല. നോവലെഴുതി പരിചയവുമില്ല. ഒരു ആഗ്രഹം തോന്നി എഴുതിത്തുടങ്ങിയെന്നേയുള്ളു.'

ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ എന്നെ നോക്കി പുഞ്ചിരിച്ചു.

'അത് വായിച്ചു കഴിയുമ്പോഴല്ലേ അറിയാന്‍ കഴിയൂ.'

ഒന്നു നിര്‍ത്തിയിട്ട് അവര്‍ തുടര്‍ന്നു.

'എനിക്ക് പേരിട്ടതിനെപ്പറ്റിയും, ഒരു പ്രത്യേക സോപ്പിനോടുള്ള എന്റെ ഭ്രമത്തപ്പറ്റിയും എഴുതിയിരിക്കുന്നത് സത്യമാണ്.'

അവര്‍ ഒന്നു നിശ്വസിച്ചു.

മഴയിലും ഞാന്‍ വിയര്‍ത്തു കൊണ്ടിരുന്നു. കൈലിയുടെ തുമ്പു കൊണ്ട് ഞാന്‍ മുഖത്തെയും കഴുത്തിലെയും വിയര്‍പ്പു തുടച്ചു. എന്ത് പറയണമെന്നറിയാതെ അവര്‍ പറയുന്നതും കേട്ട് ഞാന്‍ അത്ഭുതത്തോടെയിരുന്നു.
അത്രയും കൂടി കേട്ടപ്പാള്‍ ഇവരെന്തോ അമാനുഷിക കഴിവിനുടമയായിരിക്കുമെന്ന് ആശങ്കയുളവാക്കുംവണ്ണം ചിന്തകള്‍ മനസ്സില്‍ ഇളകി മറിഞ്ഞു. അത് മുഖത്ത് പ്രകടമാകാതിരിക്കാന്‍ ഞാനൊരു വിഫലശ്രമം നടത്തി.

നായികയുടെ അച്ഛന്റെ നഷ്ടപ്രണയത്തിലെ പ്രേമഭാജനത്തിന്റെ പേരാണ് അദ്ദേഹം മകള്‍ക്ക് നല്‍കിയിരുന്നതെന്നാണ് കഥയില്‍ എഴുതിയിരുന്നത്. അതുപോലെ തന്നെ 'ക്‌ളിയോപാട്ര' എന്ന സോപ്പ് മാത്രമേ നായിക ഉപയോഗിക്കാറുള്ളു എന്നും കഥയില്‍ എഴുതിച്ചേര്‍ത്തിരുന്നു. ആ സോപ്പിന്റെ അസാധാരണമായ സുഗന്ധമായിരുന്നു അവര്‍ വന്നപ്പോള്‍ മുറിയ്ക്കകത്ത് അനുഭവപ്പെട്ടത് എന്ന് ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു.

ക്‌ളിയോപാട്ര എന്ന സോപ്പ് ഒരിക്കല്‍ യാദൃശ്ചികമായാണ് എനിക്ക് ലഭിക്കുന്നത്. അതിന്റെ പിന്നില്‍ ചെറിയ ഒരു സംഭവ കഥയുമുണ്ട്.

ഗള്‍ഫില്‍ നിന്ന് ഒരു സുഹൃത്ത് നാട്ടിലെത്തുമ്പോഴെല്ലാം ഞങ്ങള്‍ ചങ്ങാതിമാര്‍ ഒരു ദിവസം ഒത്തുകൂടാറുണ്ട്. രുചികരമായ ഭക്ഷണം പാകം ചെയ്തും വിദേശത്തു നിന്നു കൊണ്ടുവരുന്ന സ്‌പെഷ്യല്‍ മദ്യമൊക്കെ പകര്‍ന്നും തമാശ പറയലും പാട്ടു പാടലും ഓര്‍മ്മകള്‍ അയവിറക്കലുമായൊക്കെയായി ആസ്വാദ്യകരമായ ദിനമായിരിക്കുമത്.

അങ്ങനെയുള്ള ഒരു സൗഹൃദ സദസ്സില്‍ ഒരു സുഹൃത്ത് എന്നെ ചൂണ്ടി പറഞ്ഞു.

'ഇവന്‍ മദ്യപിക്കില്ല, പിന്നെയെന്തിന് ഈ ബഹളത്തില്‍ വന്നിരിക്കുന്നു. ഇതൊന്നും കഴിക്കാതെ ഇവനെങ്ങനെ എഴുത്തുകാരനാവും.'

തമാശരൂപത്തില്‍ പറഞ്ഞ ഈ വാചകങ്ങള്‍ കേട്ടപ്പോള്‍ എല്ലാവരും ചിരിച്ചു. ഒപ്പം ഞാനും.

'ഓ കഞ്ചാവ് വല്ലതും രഹസ്യമായി കിട്ടുന്നുണ്ടാവും. അതൊക്കെ കലാകാരന്‍മാരുടെ വീക്ക്‌നെസ് അല്ലേ!'

മദ്യം ഗ്‌ളാസിലേക്ക് പകര്‍ന്നു കൊണ്ട് അടുത്ത ചങ്ങാതി അടുത്ത ഡയലോഗ് പൊട്ടിച്ചു.

വീണ്ടും കൂട്ടച്ചിരി. ഞാനും അവരോടൊപ്പം ചിരിച്ചു. എന്നിട്ടവരോട് പറഞ്ഞു.

'അതൊക്കെ ഉപയോഗിക്കുന്നവരുണ്ടാകാം, പക്ഷേ എനിക്ക് താത്പര്യമില്ല. അതൊക്കെ ഉപയോഗിച്ച് വല്യ എഴുത്തുകാരനായാല്‍ പിന്നെ നിങ്ങളെയൊക്കെ തിരിച്ചറിയാതെ വന്നാലോ.'

വീണ്ടും കൂട്ടച്ചിരി.

ഓരോന്ന് പറഞ്ഞ് സമയം പൊയ്‌ക്കോണ്ടിരുന്നു.അവസാനം എല്ലാവരും ചേര്‍ന്നൊരു നാടന്‍പാട്ടും പാടി, ഒരുമ ഊട്ടിയുറപ്പിക്കുന്ന അന്നത്തെ സൗഹൃദ സദസ്സ് തീര്‍ന്ന് പിരിഞ്ഞ് പോകാന്‍ നേരം ഗള്‍ഫുകാരന്‍ സുഹൃത്ത് ഒരു കവര്‍ എനിക്ക് നേരെ നീട്ടി.

'നിനക്കൊന്നും തന്നില്ലെന്ന് വേണ്ട, മദ്യം ഏതായാലും വേണ്ടല്ലോ , ഇതിരിക്കട്ടെ.'

ഞാനതും വാങ്ങി വീട്ടിലേക്ക് പോന്നു.

രണ്ടു മൂന്നു ദിവസം കഴിഞ്ഞാണ് ആ കവര്‍ തുറന്ന് നോക്കിയത്. ഒരു ഷേവിങ് ക്രീമും ഒരു പൗഡറും കടുംനീലനിറത്തിനു ചുറ്റും സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ബോര്‍ഡറുള്ള കുറച്ചു സോപ്പുകളുമായിരുന്നു അതിനുള്ളില്‍.

ആ സോപ്പ് ഉപയോഗിച്ചതിനു ശേഷം അതിന്റെ സുഗന്ധത്തോട് വല്ലാത്ത ഇഷ്ടം തോന്നി.ആ സോപ്പിന്റെ കവറെടുത്ത് കൗതുകത്തോടെ പേരു വായിച്ചു.

'ക്‌ളിയോപാട്ര'

അതിനു ശേഷം ഗള്‍ഫില്‍ നിന്ന് ആരെങ്കിലും നാട്ടിലേക്ക് വരുമ്പോള്‍ എന്തെങ്കിലും കൊണ്ടു വരണോ എന്നു ചോദിച്ചാല്‍ 'ക്‌ളിയോപാട്ര'  സോപ്പു കിട്ടുമെങ്കില്‍ കൊണ്ടു പോരെന്നാണ് മറുപടി പറയുക.

ആ സോപ്പിന്റെ അസാധാരണമായ സുഗന്ധം കാരണം നായിക ആ സോപ്പു മാത്രമേ ഉപയോഗിക്കാറുള്ളു എന്നാണ് കഥയിലെഴുതിയിരുന്നത്. ആ സോപ്പിനോടുള്ള എന്റെ ഇഷ്ടമാണ് ഞാന്‍ നായികയിലേക്ക് പകര്‍ത്തിയത്.

ഈ കാര്യങ്ങളൊക്കെ മനസ്സില്‍ നിറയവേ ആഗത തുടര്‍ന്നു സംസാരിക്കാനാരംഭിച്ചു.

'കഥ പൂര്‍ത്തിയാവുന്നതിനു മുമ്പ് കഥാകാരനെ വന്നൊന്നു കാണണമെന്ന് നഷ്ടങ്ങളെല്ലാം മുറിപ്പാടുകളുണ്ടാക്കിയ എന്റെ ഹൃദയത്തില്‍ നാമ്പെടുത്ത ഒരാഗ്രഹമായിരുന്നു. നടപ്പാതയിലൂടെ വര്‍ണ്ണപ്പകിട്ടാര്‍ന്ന കുഞ്ഞുടുപ്പുകളുമണിഞ്ഞ് ഉത്സവത്തിനു പോയി, വര്‍ണ്ണക്കാഴ്ചകള്‍ കണ്ടു നടന്ന കുട്ടിയുടെ കൗതുകമാണ് മധ്യവയസ്സായിട്ടും എനിക്കിപ്പോഴും. അതു കൊണ്ടാണ് ഞാനിന്നെത്തിയത്.'

അവര്‍ വീണ്ടും പറഞ്ഞു തുടങ്ങി 

'കൗമാരകാലത്ത്  അമ്പലപ്പടവിലൂടെ കൊലുസും കിലുക്കി നടന്ന മനസ്സോടെ എനിക്ക് ആ കഥയിലേക്ക് ചേക്കേറണം. ഇനി നമ്മള്‍ ഒരിക്കല്‍ കൂടി കാണും. കഥ പൂര്‍ത്തിയായതിനു ശേഷം.'

അവര്‍ മുഖത്ത് പ്രസന്നത വരുത്താന്‍ ശ്രമിച്ചു കൊണ്ടു പറഞ്ഞു.

പതിയെ അടഞ്ഞ അവരുടെ കണ്ണുകള്‍ ഏതോ ഓര്‍മ്മകളെ പരതുന്നതു പോലെ തോന്നി. അപ്പോള്‍ ആ കണ്ണില്‍ നിന്ന് ജലം പൊടിയുന്നത് ഞാന്‍ ശ്രദ്ധിച്ചു.

അപ്പോള്‍ത്തന്നെ ആരോ വാതിലില്‍ മുട്ടുന്ന ശബ്ദം കേട്ടു. 

'ആരാണ് വാതിലടച്ചത്? അത് തുറന്നു കിടക്കുകയായിരുന്നല്ലോ?'

എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പാദമിടറുന്നതായി തോന്നി. വാതിലില്‍ വീണ്ടുംവീണ്ടും മുട്ടുന്ന ശബ്ദം ഉയര്‍ന്നു.

ശരിക്കും ഞെട്ടിയുണര്‍ന്നത് അപ്പോഴാണ്. എഴുന്നേറ്റ് വാതില്‍ തുറന്നു. ചായയുമായി അമ്മയായിരുന്നു വാതിലില്‍ മുട്ടിയത്.

ചായയും വാങ്ങി മുറിയിലെ ലൈറ്റിന്റെ സ്വിച്ചുമിട്ട് ഞാന്‍ തിരിഞ്ഞ് കിടക്കയിലേക്ക് നോക്കി.

കടലാസുകള്‍ ചിതറിക്കിടക്കുന്നു. ജനലിലൂടെ വെളിയിലേക്ക് നോക്കുമ്പോള്‍ സന്ധ്യയായതിന്റെയും മഴയില്‍ ആകാശം ഇരുണ്ടുകൂടിയതിന്റെയുമായി ഇരുട്ട് പരന്നിരിക്കുന്നു.

മഴ തോര്‍ന്ന് മരം പെയ്യുന്ന ശബ്ദം. ചായയും കുടിച്ച് കിടക്കയിലിരിക്കുമ്പോള്‍ ഞായാറാഴ്ച ഒഴിവു ദിനമായതിനാല്‍ വൈകിട്ടൊന്നു കിടന്നപ്പോള്‍ ഉറങ്ങിപ്പോയതാണെന്ന തിരിച്ചറിവ് മനസ്സിലേക്കെത്തുമ്പോഴും, കണ്ടത് സ്വപ്നമാണെന്ന് വിശ്വസിക്കാന്‍ മടിയുണ്ടായിരുന്നു.

കഥയെഴുതിയ കടലാസിലേക്ക് നോക്കുമ്പോള്‍ കാറ്റടിച്ച് ജനാലയിലൂടെ എത്തിയ ജലകണികകള്‍ അതില്‍ ചിതറി വീണിട്ടുണ്ടായിരുന്നു. അപ്രതീക്ഷിതമായെത്തി മടങ്ങിപ്പോയ അതിഥിയെയോര്‍ത്ത് ഞാന്‍ നെടുവീര്‍പ്പിട്ടു. 

അതിഥികള്‍ മഴ പോലെയാണ്, നീണ്ടു നിന്നാല്‍ ശല്യമാകും എന്ന ചൊല്ല് മനസ്സിലേക്കെത്തി.

അപ്പോള്‍ നിലവിളക്കിനടുത്ത് അമ്മ കത്തിച്ചു വെച്ച ചന്ദനത്തിരിയുടെ സുഗന്ധം മുറിയിലേക്ക് ഒഴുകിയെത്തുന്നുണ്ടായിരുന്നു.

പുറത്ത് അരണ്ട വെളിച്ചത്തില്‍ ഈയലുകള്‍ മുകളിലേക്ക് പറന്നുയര്‍ന്നു.

മനസ്സ് അപ്പോഴും സ്വപ്നത്തിന്റെയുംകഥയുടെയും ലോകത്തു നിന്ന് ഇറങ്ങി വരാന്‍ മടിക്കുന്നതു പോലെ തോന്നി. പേപ്പറും പേനയുമെടുത്ത് ഞാന്‍ വീണ്ടും എഴുതാനിരുന്നു.

click me!