Malayalam Short Story : ഭാഗ്യക്കുറി, മായാ ജ്യോതിസ് എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jan 18, 2023, 5:22 PM IST

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മായാ ജ്യോതിസ് എഴുതിയ ചെറുകഥ


 ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

'ഏ, തള്ളേ, ഇതെന്തൊരു കൂര്‍ക്കം വലിയാണ്. മറ്റാര്‍ക്കും ഇവടെ ഒറങ്ങണ്ടേ?'

'ഓഹോ.. ന്നാ, മയിസ്രേട്ട് ഈ പാലത്തിന്റെടീ കെടക്കാതെ മുന്തിയ ഹോട്ടലി വല്ലോം പോയിക്കെടക്ക് ഇനിയെങ്ങാന്‍ എന്നെ വിളിച്ചെണീപ്പിച്ചാ എന്റെ വിധം മാറും.''

അതിനു മറുപടി പറയാതെ, തന്റെ വാഴക്കുല വിറ്റ കാശ് അടിച്ചോണ്ടുപോയ കള്ളനെത്തന്നെ പിന്നേം രണ്ട് തെറി പറഞ്ഞ് അവന്‍ തിരിഞ്ഞങ്ങുകിടന്നു. അല്ല പിന്നെ...!

''നശൂലം പിടിച്ച ചെക്കന്‍ എന്റെ ഒറക്കോം കളഞ്ഞു.'' 

'ന്താ, തള്ളേ പിറുപിറുക്കുന്നെ?''

''നീയേതാടാ പിശാശെ. കള്ളമ്മാരും തെണ്ടികളുമൊക്കെയാ ഇവിടെ കാണാറ്.''

''ഞാന്‍ തെണ്ടീം കള്ളനുമൊന്നുമല്ല. ഞാനിവടത്തെ ചന്തേല് വാഴക്കുല വിക്കാന്‍ വന്നതാ. കൊല വിറ്റ് കിട്ടിയ കാശെല്ലാം ഒരു കഴുവേര്‍ടെ മോന്‍ കട്ടോണ്ട് പോയി. അത് കണ്ടു പിടിക്കാന്‍ നടന്ന് നേരം ഇരിട്ടി. അങ്ങനെ മടുത്തപ്പോ ഇവിടെ വന്ന് കെടന്നതാ.''

''ന്നിട്ട് കാശ് തിരിച്ച് കിട്ടിയാ?''

''കിട്ടിയാ ഞാനിവിടെ കെടക്കുവോ. തള്ളക്ക് പ്രാന്താണ്...''

അവനെണീറ്റിരുന്നു.

നഗരം രാത്രിയുടെ അലസതയിലേക്ക് പായ നീര്‍ത്തി. 

അവന്റെ ദേഷ്യവും ഇരിപ്പും ശ്രദ്ധിച്ച് അവര്‍ ചോദിച്ചു. 

''നെനക്ക് വെശക്കണുണ്ടല്ലേ?''

അവന്‍ ഒന്നും പറയാതെ തലതാഴ്ത്തി.

''ബാ...''

അവന്‍ അവര്‍ക്ക് പിറകെ നടന്നു.

''ചന്ദ്രാ, ഈ ചെക്കന് ദോശ കൊടുക്ക്..''

തട്ടുകടയിലെ ട്യൂബ് വെളിച്ചത്തില്‍ ആ സ്ത്രീയെ അവന്‍ ശ്രദ്ധിച്ചുനോക്കി. നല്ല പ്രായമുണ്ട്. ക്ഷീണിച്ചതെങ്കിലും ഐശ്വര്യമുള്ള മുഖം.

''ഇതെന്താ ഈ രാത്രീല്? ഇതാരാ ലക്ഷ്മിയമ്മേ..?

''കാശ് കള്ളന്‍ കൊണ്ടോയ ഒരുത്തനാ ചന്ദ്രാ.'' അവര്‍ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

അവന്‍ ഒന്നും പറയാതെ മറ്റെങ്ങോ നോക്കിനിന്നു.

''ഓ അങ്ങനെ..''

''അല്ലാ നിങ്ങടെ പേരക്കുട്ടീടെ കല്യാണമൊക്കെ കഴിഞ്ഞോ?''

''ലോട്ടറി വിറ്റു നടന്നുണ്ടാക്കീതൊക്കെ അവളെ കരുതിയാ. ഇനി അവക്കെന്നെ കാണണ്ടാന്ന് പറഞ്ഞു. ഞാനിറങ്ങി പോന്നു.  ഇനിയധികം കാലമൊന്നുണ്ടാവില്ല ഞാന്‍. അതിനീ പാലത്തിന്റെടീലെ സ്ഥലം ധാരാളല്ലേ ചന്ദ്രാ.'' 

തിരിച്ചുനടക്കുമ്പോ അവന്‍ ശാന്തനായിരുന്നു.

''നിങ്ങളേ, ഇങ്ങനെ പാലത്തിന്റെ ടീലൊന്നും കഴിയാമ്പാടില്ല. വയസും പ്രായോം വയ്യായ്കയുമൊന്നും നോട്ടല്ലാത്ത മൃഗങ്ങളായ മനുഷമ്മാരുള്ള നാടാ.''

''മയിസ്രേട്ട് ഒപദേശോം ഒണ്ടാ?''-അവര്‍ ചിരിച്ചു. എന്നിട്ട്, ഭാണ്ഡത്തില്‍ നിന്നൊരു പെപ്പര്‍ സ്‌പ്രേ അവര്‍ എടുത്തുകാട്ടി. 

''കൊച്ചിന് മേടിച്ചു കൊടുത്തിരുന്നതാ. ഇനി അവക്കിത് വേണ്ട. ഞാനിങ്ങെടുത്തു. ഒരു ധൈര്യത്തിന്.''

പാലത്തിനടിയില്‍ ചെന്ന് കിടക്കും വരെ ഓരോ കഥകള്‍ പറഞ്ഞവര്‍ കണ്ണ് നിറച്ചു. അവനും ആ സങ്കടമറിഞ്ഞു.

ഉറക്കത്തില്‍ പെട്ടെന്ന് ഞെട്ടിയുണര്‍ന്ന് അവന്‍ അവരെ നോക്കി.

അവന്‍ ആകെ വിയര്‍ത്തിരുന്നു. ലക്ഷ്മിയമ്മയെ ആരൊക്കെയോ ചേര്‍ന്നുപദ്രവിക്കുന്നതായി കണ്ടത് സ്വപ്നമാണെന്നുറപ്പിക്കാന്‍ അവന്‍ അവരെ വീണ്ടും വീണ്ടും നോക്കി. സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടത്തില്‍ അവരുടെ ശാന്തമായ മുഖം കണ്ട് അവനാശ്വസിച്ചു. 

പിന്നീട് ആ രാത്രി അവന് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവന്റെ ജീവിതത്തെ കുറിച്ചും ആ സ്ത്രീയെ കുറിച്ചുമെല്ലാം ആലോചിച്ചു കൊണ്ടിരുന്നു. 

നേരം പുലര്‍ന്നു തുടങ്ങി. 

ദൂരെ അമ്പലത്തില്‍ നിന്നും ഭക്തി ഗാനങ്ങളും ചുറ്റും തീറ്റ തേടി പറന്നു പോകുന്ന പക്ഷികളുടെ കലമ്പലും കേള്‍ക്കാറായി. നഗരം ഉറങ്ങാതെ ഉണര്‍ന്നു.

''മയിസ്രേട്ട് ഒറങ്ങീലെ?'' അവര്‍ മുടിവാര്‍ന്ന് കെട്ടികൊണ്ട് ചോദിച്ചു.

''ഉം..''

''വണ്ടിക്കൂലിക്കൊള്ള കാശൊണ്ടൊ?'' 

''എന്റെ കൂടെ പോരെ. പറ്റും പോലെ ഞാന്‍ നോക്കും. എന്റെ തള്ളേടെ മൊകം കണ്ട ഓര്‍മ്മ ഇല്ല നിങ്ങടേതുപോലാ എന്നങ്ങ് കരുതിയാ പറയണെ. സ്വന്തായിട്ടൊരു കൂരയൊണ്ട്. വേറാരുമില്ല. ചാവണവരെ അവിടെ കഴിഞ്ഞാമതി ഇനി.''

അവര്‍ അത്ഭുതത്തോടെ അവനെ നോക്കി. 

ഇന്നലെ മാത്രം കണ്ട നിന്നെ ഞാനെങ്ങനാ വിശ്വസിക്കണെ.

''പിന്നേ.. പെറ്റിട്ടപ്പോ മൊതല് കാണണ തന്തേം തള്ളേം മക്കളും പരസ്പരം കൊല്ലണ നാട്ടിലാ വിശ്വാസം..
വിശ്വാസത്തിനങ്ങനെ കാലക്കണക്കൊന്നുല്ല തള്ളേ. അതെപ്പോ വേണേലും മാറാവുന്ന മനസ്സിന്റെ ഒരുറപ്പാ. ആ ഉറപ്പ് തോന്നണുണ്ടേ പോരെ.''

അവര്‍ അന്തംവിട്ട നോട്ടം തുടരുന്നതിനിടെ അവന്‍ തുടര്‍ന്നു. 

''എന്റെ നാടും നാട്ടാരും എന്നെ കുറിച്ചിന്നുവരെ നല്ലതേ പറഞ്ഞിട്ടൊള്ളു. നിങ്ങളവിടെ എത്തുമ്പോ അന്വേഷിക്കെന്നേ.  അതുവരെ ധൈര്യത്തിന് കുരുമുളക് പൊടിന്റെ കുപ്പിയില്ലേ. എനിക്കാണെ അത് നല്ല പേടിയാ. അതുപോരെ.''

അവര്‍ക്ക് ചിരിപൊട്ടി.

''നീയെന്തിനാ എന്നെ കൊണ്ടോണെ?''

''അതേയ്, പെണ്ണുകാണാന്‍ ചെല്ലുമ്പോ തന്തേം തള്ളേമില്ലാത്തോര്‍ക്കെ ഒരു ഡിമാന്റില്ല. നിങ്ങളെന്നെ പണ്ട് ഇട്ടേച്ച് പോയ തള്ളയാന്ന് പറഞ്ഞാ ആരും വിശ്വസിക്കാതിരിക്കുവേല. അപ്പോ എനിക്കൊരു തള്ളയായല്ലോ
എങ്ങനെ..''

''ആഹാ അപ്പോ പെണ്ണ് കിട്ടാന്‍ വേണ്ടിയൊള്ള പുത്തിയാ, ല്ലേ.''

അവരും അവനും പൊട്ടിച്ചിരിച്ചു.

''അപ്പോ എന്റെ ലോട്ടറികച്ചോടോ?''

''ഓ എന്നാത്തിനാ. ഒരു കുടുംബത്തിനു കഴിയാനും മിച്ചം വെക്കാനുമുള്ളത് ഞാന്‍ മണ്ണില്‍ പണിയെടുത്തുണ്ടാക്കുന്നുണ്ട്. അതുമതി. ആരൂല്ലാത്ത ഒരാക്കേലും ആരേലുമാവാനൊത്താ അതൊക്കെയല്ലേ തള്ളേ ഈ ജീവിക്കുന്നേന്റെ  ഒരു സുഖം...''

ലക്ഷ്മിയമ്മേടെ നിറകണ്‍ചിരിക്ക് പുലരിതിളക്കത്തേക്കാള്‍ തെളിച്ചമുണ്ടായിരുന്നു. 

''മയിസ്രേട്ട് വിധിപറഞ്ഞ കേസില്‍ പിന്നെ വാദിക്കണില്ല. ജീവപര്യന്തം തടവെങ്കിലങ്ങനെ. അനുഭവിക്കന്നെ.''

അവര്‍ ചിരിയോടെ പറഞ്ഞു. എന്നിട്ട് ഒരല്‍പ്പം ആലോചിച്ച് തുടര്‍ന്നു. 

''അല്ലെടാ, പെണ്ണും പെടക്കോഴീമൊക്കെ ആവുമ്പോ നീ എന്നെ ഒരു മൂലക്കിടുവോ?''

''അതിപ്പോ അവള് വന്നിട്ട് ഞങ്ങളൊന്നാലോചിച്ചിട്ടൊക്കെ പറഞ്ഞാ പോരെ.''

''ഹും ചുമ്മാതല്ലടാ നിന്റെ കാശ് കള്ളന്‍ കൊണ്ടോയത്...'

''കാശ് കൊണ്ടോയെങ്കിലെന്നാ. എനിക്കൊരു പേട്ട് തള്ളേനെ കിട്ടിലെ. അവനെ കണ്ടാ നിങ്ങടെ കാശിന് ഒരു ചായ വാങ്ങി കൊടുക്കാരുന്ന്...''

''പേട്ട് തള്ള നിന്റെ .. ന്നെക്കൊണ്ട് പറയിക്കണ്ട''

''പിന്നെ തള്ളേ, ഈ ലോട്ടറിയൊക്കെ സൂക്ഷിച്ചുവെച്ചോ . ഞാനേ പെണ്ണും പെടക്കോഴീമായിട്ട് നിങ്ങളെ ഒഴിവാക്കുമ്പഴേ നിങ്ങക്ക് ഈ കച്ചോടം വീണ്ടും തൊടങ്ങാലോ...''

''പോടാ തല്ലുകൊള്ളി!''

''ജീവിതത്തിലെ ഇത് പോലത്തെ നേരങ്ങളല്ലേടാ ചെക്കാ ശരിക്കുള്ള ഭാഗ്യക്കുറി.. നിനക്കെന്തോന്നറിയാം...''
 
അവന്‍ അവരെ ചേര്‍ത്തുപിടിച്ചു പതിയെ നടന്നു.


 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!