ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. മായാ ജ്യോതിസ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
''ആരാ ഏതാന്നൊക്കെ അറിഞ്ഞാലേ ഇയാളെന്നോടു സംസാരിക്കുള്ളോ? എടോ, ഇതാണോ ബീച്ചിലേക്കുള്ള വഴി എന്നല്ലേ ഞാന്‍ ചോദിച്ചുള്ളു. അറിയാവെങ്കി പറ ഇല്ലെങ്കില്‍ പോ.''
അവളുടെ പറച്ചില്‍ കേട്ടപ്പോള്‍ ഒന്നു ഞെട്ടി എന്നത് ശരിയാണ്. രാത്രി വൈകിയ ഈ നേരത്ത്, അതും സുന്ദരിയായൊരുവള്‍, തനിയെ. അവളുടെ ചോദ്യങ്ങളും പറച്ചിലും കേട്ടപ്പോള്‍ പല സംശയങ്ങള്‍ ഒന്നിച്ചുയര്‍ന്നെങ്കിലും അത് പുറത്തുകാണിക്കുന്നതിന് പകരം 'ആ ഇതന്ന്യാ വഴി' എന്നു മാത്രം പറഞ്ഞൊപ്പിച്ചു.
അവളുടെ അലസമായ ആ നടത്തം സത്യത്തിലൊന്ന് കൊതിപ്പിക്കുന്നുണ്ടായിരുന്നു. അതിനാലാവണം, ഉറക്കെ ചോദിച്ചു: 'ബീച്ചെത്തും വരെ വേണേല്‍ കൂട്ടുവരാ. വഴിതെറ്റാതെ പോവാലോ.'
അവളൊന്ന് തിരിഞ്ഞുനിന്നു.
''ഊര് പേര് തുടങ്ങിയ ചവറ് ചോദ്യങ്ങളെല്ലാം അവിടെ കളഞ്ഞിട്ട് വരുന്നെങ്കി പോരെ.''
ഒപ്പം നടക്കുമ്പോള്‍ എന്തുകൊണ്ടോ എനിക്ക് 'തൂവാനത്തുമ്പികള്‍' സിനിമ ഓര്‍മ്മവന്നു. അന്നേരം, അവള്‍ക്ക് ശരിക്കും ക്ലാരയുടെ ഛായയുണ്ടെന്ന് തോന്നി. ജോണ്‍സണ്‍ മാഷിന്റെ ആ ബാക്ക്ഗ്രൗണ്ട് സ്‌കോറിന് പറ്റിയ ആംബിയന്‍സ്.
തിരയുടെ ആരോഹണാവരോഹണങ്ങള്‍ ദൂരെ നിന്നേ കേള്‍ക്കുന്നുണ്ടായിരുന്നു.
അവള്‍ ചോദിച്ചു: ''ഞാന്‍ തന്റെ കൈപിടിച്ച് നടന്നോട്ടെ? ന്നാ എനിക്ക് തട്ടി വീഴുമോ എന്ന് ഓര്‍ക്കാതെ ആകാശത്തെ നക്ഷത്രങ്ങളെ നോക്കിനടക്കാലോ.''
''വാ''-അതു കേട്ടതും ഞാനവള്‍ക്കുനേരെ കൈനീട്ടി.
''നിനക്കു പേടിയില്ലേ പെണ്ണേ ഈ നട്ടപ്പാതിരക്ക്..''
''ചെക്കാ, ഒരു പെണ്ണിന് രാത്രിയെയും സ്വന്തം ശരീരത്തിന്റെ സുരക്ഷിതത്വത്തെയും ഒന്നും പേടിയില്ലെങ്കില്‍ അവളെന്തെല്ലാം താണ്ടിക്കഴിഞ്ഞതാവും എന്നോര്‍ക്കാന്‍ പാടില്ലേ.. മണ്ടന്‍''-അവളുറക്കെ ചിരിച്ചു.
''പേടിക്കാനാണേല്‍ രാത്രിയെന്തിനാ പകല്‍ തന്നെ ധാരാളല്ലേ..'' അവള്‍ നിര്‍ത്തിയില്ലൗ വീണ്ടും ചിരിച്ചു. ആ ചിരിയില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ ചിലമ്പിച്ചു.
എനിക്കു പിന്നെയും ക്ലാരയെ ഓര്‍മ്മ വന്നു.
''ഇയാള് തൂവാനത്തുമ്പികള്‍ സിനിമ കണ്ടതാണോ?''
''ഉം..''
''തനിക്ക് അതിലെ ക്ലാരയുടെ ഛായ തോന്നുന്നു.''
''എന്റെ ജീവിതത്തിനും ആ ഛായയുണ്ടെന്ന് കൂട്ടിക്കോ''- അവള്‍ മുഖം താഴ്ത്തി.
ഞാന്‍ വല്ലാതെയായി. ''താന്‍ സുന്ദരിയാണെന്ന് പറഞ്ഞതല്ലേ.''
''ഓ വരവുവെച്ചേ..''
''ഞാനിങ്ങനെ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം കണ്ടിട്ടെത്രയായെന്നോ.. അതിനെങ്ങനെയാ ജീവിതമെന്നെ നക്ഷത്രമെണ്ണിക്കുകയായിരുന്നല്ലോ..''
''എന്നിട്ടെത്രവരെയെണ്ണി..?''
''കാക്കത്തൊള്ളായിരം.. മതിയോ?''
ഞാനവളുടെ മുഖത്തെ കുസൃതിക്കടുപ്പം ആസ്വദിച്ചു
ഇപ്പോള്‍ ഞങ്ങള്‍ നിലാവില്‍ തിളങ്ങുന്ന കടലിനഭിമുഖമായി ഇളംചൂടുള്ള മണല്‍ പരപ്പില്‍ ഇരിക്കുകയാണ്.
തണുത്തകാറ്റടിച്ചപ്പോള്‍ അവള്‍ എന്നോട് ചേര്‍ന്നിരുന്നു.
''രണ്ട് മനുഷ്യര്‍. ഒരാണും പെണ്ണും. അപരിചിതരാണെന്നുകരുതി പരസ്പരം ചേര്‍ന്നിരുന്നു കൂടെന്നുണ്ടോ?''
''ഞാനതിനൊന്നും പറഞ്ഞില്ലല്ലോ.''
''അല്ലെങ്കിലിപ്പോ പറഞ്ഞാലെന്താ? ഒരു വാക്കിനും മുറിവേല്‍പ്പിക്കാനാവാത്ത കടുപ്പമുണ്ടിപ്പോ എന്റെ മനസ്സിന്.''- അവള്‍ താഴ്ന്നശബ്ദത്തില്‍ സ്വയമെന്നപോലെ പറഞ്ഞു.
ഞാനവളെ ചേര്‍ത്തുപിടിച്ചു.
''ഈ കടലും നിലാവും കാറ്റും എന്തു ഭംഗിയാണല്ലേ.''-അവള്‍ പറഞ്ഞു.
എനിക്കന്നേരം പിന്നെയും അവളെ ക്ലാര മണത്തു.
''എനിക്കിപ്പോ എത്രയോ വര്‍ഷങ്ങള്‍ക്കിപ്പുറം ഒരാളോട് ഒരു കാരണവും ഇല്ലാതെ ഒരുപാടിഷ്ടം തോന്നുന്നു.''
''ആരോട്?''
''തന്നോട്. അല്ലാതിവിടിപ്പോ ആരാ?''
''ശരിക്കും?''
''ആന്നേ..''
വീണ്ടും കാറ്റിരമ്പിവന്നു.
മിന്നാമിന്നികള്‍ പോലെ നക്ഷത്രങ്ങള്‍..
നിലാവെട്ടത്തില്‍ അവളുടെ മിഴിത്തിളക്കം ഞാന്‍ വ്യക്തമായി കണ്ടു.
അവളുടെ ഉള്ളംകൈയില്‍ ഞാനുമ്മവെച്ചു. അപ്പോഴവള്‍ സ്വന്തം നെറ്റിയിലേക്ക് ചൂണ്ടി കണ്ണടച്ചു. ഇതുവരെയുമാരോടും തോന്നാത്തത്ര സ്‌നേഹത്തോടെ ഞാനവളുടെ നെറ്റിയില്‍ ചുംബിച്ചു.
കടല്‍ക്കാറ്റു വന്നു തൊട്ടു. അവളുടെ മുടിയിഴകള്‍ മുഖത്തു പതിച്ചു. വാക്കുകളേക്കാള്‍ മൗനം മധുരിതമാക്കിയ യാമങ്ങള്‍. പ്രണയം-ആ ചേര്‍ന്നിരിപ്പില്‍ പോലും അതിന്റെ നിറവ് എന്നെ അതിശയിപ്പിച്ചു.
ഞങ്ങള്‍ തിരകളില്‍ കാല്‍ നനച്ചുകൊണ്ട് പതിയെ നടന്നു.
''മാഷ് ഗൗരവത്തിലാണല്ലോ...''
''ഞാന്‍ ഗന്ധര്‍വനി'ലെ ഭാമയും ഗന്ധര്‍വനും ഒരിക്കലും സഫലമാകാനാവാത്ത അവരുടെ പ്രണയവും നോവും ഒക്കെ ആലോചിച്ചുപോയി അതാ.''
''പാലപ്പൂമണമുണ്ടോ ഈ കടല്‍ക്കാറ്റിനും?''
''ആഹാ തരക്കേടില്ലാത്തൊരു സ്വപ്നജീവിയാണല്ലേ..''
ആണ്. അതല്ലേ പത്മരാജന്‍ വന്നിങ്ങനെ അരികില്‍ നടക്കുന്നത്. നോക്ക്, 'ഞാന്‍ ഗന്ധര്‍വന്‍' ഒന്നുകൂടി ഓര്‍ത്തു നോക്ക്. ആ മായികലോകവും പ്രണയവും എത്ര ഭംഗിയായി അവതരിപ്പിച്ചു പത്മരാജന്‍.''
ഊരേത് പേരേത് എന്നിങ്ങനെയുള്ള ചോദ്യങ്ങളെല്ലാം വഴിയില്‍ കളഞ്ഞത് കൊണ്ട് ഞാന്‍ പത്മരാജനിലേക്കു തന്നെ വന്നു.
''തനിക്ക് പത്മരാജന്റെ സിനിമകള്‍ ഇഷ്ടാണോ?''
''ഉം..''
''ഏറ്റവുമിഷ്ടായ കഥാപാത്രം ആരാ?''- ഞാനവളുടെ മുടിയിഴകളില്‍ പതിയെ തഴുകികൊണ്ട് ചോദിച്ചു.
''നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ Mr.സോളമന്‍..''-ഒട്ടും വൈകാതെ അവള്‍ പറഞ്ഞു.
''എന്താ സോളമനോടിത്ര ഇഷ്ടം?''
പ്രണയത്തിലെ പവിത്ര ശരീരസങ്കല്‍പ്പങ്ങളെ ഉടച്ചുവാര്‍ത്തതാണയാള്‍. സോളമനെ അല്ലാതെ എനിക്കാരെയും ഇഷ്ടപ്പെടാന്‍ കഴിയില്ല. സോളമനാണ് ശരി. മനസ്സിനപ്പുറം മറ്റെന്താണ് പ്രണയത്തിന്റെ നീതി. സോളമന്‍ കിടുവാണ്.''
''മുന്തിരിവള്ളികള്‍ തളിര്‍ത്തോ എന്ന് നോക്കാന്‍ പോവാറായെന്ന് തോന്നുന്നു, അങ്ങോട്ട് നോക്കിയേ..''-
ചക്രവാളത്തിലേക്ക് ചൂണ്ടി ഞാന്‍ പറഞ്ഞു.
അവളുറക്കെ ചിരിച്ചു.
അവള്‍ എനിക്കഭിമുഖമായി നിന്നു എന്റെ മുഖം ഉള്ളം കൈയിലെടുത്തു.
''പ്രിയപ്പെട്ടവനേ, ഈ രാത്രിക്ക് ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു. ഇതുപോലെ ഇന്നുവരെ എന്നെയാരും പ്രണയിച്ചിട്ടില്ല.''
''എത്ര വേഗത്തിലാണ് ഈ ഭൂമി കറങ്ങുന്നത്. എനിക്ക് പിടിച്ചുവെക്കാന്‍ തോന്നാ..'' അവള്‍ നിറമിഴികളോടെ പുഞ്ചിരിച്ചു.
ഒരുപാട് ചോദ്യങ്ങള്‍ എന്റെ ഉള്ളില്‍ വന്നു. അതൊക്കെ അപ്പോള്‍ തന്നെ ചത്തുമലച്ചു. ഒരു ചോദ്യവും ചോദിക്കാന്‍ പറ്റാത്ത ഒരുവളാണ്. അതുപോലൊരു നേരവും!
ഹൃദയം നുറുങ്ങുന്ന വേദനയില്‍ ഞാനവളെ നെഞ്ചോട് ചേര്‍ത്തു.
''പോവാതിരുന്നു കൂടെ''
അവളുടെ നനുത്ത ചുണ്ടുകള്‍ എന്റെ ചുണ്ടുകള്‍ തൊട്ട് യാത്രപറഞ്ഞു.
''ചുംബിച്ച ചുണ്ടുകള്‍ക്ക് വിടതരിക' എന്നൊന്നും പറയാന്‍ പത്മരാജന്റെ കഥയിലെ 'ലോല മില്‍ഫോര്‍ഡ്' ഒന്നുമല്ലല്ലോ ഞാന്‍. നമ്മളിനിയും കാണും മനുഷ്യാ..''
പുലര്‍വെട്ടത്തിന്റെ ആദ്യകിരണങ്ങള്‍ക്കൊപ്പം എന്നെ ഇരുട്ടിലാക്കി അവള്‍ നടന്നകന്നു.
ഞാനും കടലും തനിച്ചായി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...