Malayalam Short Story : റോഡിനുള്ളില്‍ ഒരു തടാകം, ലിസ ലാലു എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published Jul 1, 2022, 2:29 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ലിസ ലാലു എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Latest Videos

undefined

 

ഉടലുരുകുന്ന ചൂടില്‍ നീളന്‍ നടപ്പാതയിലൂടെ അയാള്‍ വേച്ചുവേച്ചു നടന്നു. ഉച്ച വെയിലിന്റെ കാഠിന്യം തലയെ വല്ലാതെ പെരുപ്പിക്കുന്നു. കയ്യിലുള്ള പ്ലാസ്റ്റിക് കുപ്പി തുറന്ന് വായിലേക്ക് കമിഴ്ത്തി രണ്ടു തുള്ളി വെള്ളം കൊണ്ടു നാവ് നനക്കാന്‍ ഒരു വിഫല ശ്രമം നടത്തി. അക്വാഫിന എന്നെഴുതിയ കുപ്പിയുടെ മേലാവരണത്തില്‍ വെള്ളത്തുള്ളികള്‍ തെറിച്ചു വീഴുന്ന ചിത്രം.

ഒരു ബസ് സ്‌റ്റോപ്പ് കാണുന്നുണ്ട്. അവിടെ വരെ ഒന്നെത്തിയാല്‍ ഒന്നിരിക്കാം.

കാല് വലിച്ചു വെച്ച് നടന്നു. ബസ് സ്‌റ്റോപ്പില്‍ കുറച്ചധികം ആളുകള്‍ ഉണ്ടായിരുന്നു. അയാളെ കണ്ടപ്പോള്‍ പലരും മുഖം തിരിച്ചു കാണാത്ത ഭാവത്തില്‍ ഇരുന്നു. ഒരു പ്രായമായ സ്ത്രീ എഴുന്നേറ്റ് അയാളോട് ഇരിക്കാന്‍ പറഞ്ഞു. ഇപ്പോള്‍ വീണു പോകുമെന്ന അവസ്ഥയില്‍ നില്‍ക്കുന്ന അയാള്‍ക്ക് ആ ക്ഷണം സ്വീകരിക്കാതിരിക്കാന്‍ ആയില്ല. അയാള്‍ ഇരിക്കാന്‍ തുടങ്ങുമ്പോള്‍ പലരും അസഹ്യതയോടെ എഴുന്നേറ്റു മാറി നിന്നു. മാസ്‌കുകള്‍ക്കുള്ളില്‍ കണ്ണുകള്‍ സംസാരിക്കുന്നത് അയാള്‍ക്ക് കാണാന്‍ ആകുന്നുണ്ടായിരുന്നു. ആ സ്ത്രീയെപ്പോലെ കരുണ ഇതുവരെ ആരും തന്നോട് കാണിച്ചിരുന്നില്ല എന്നു അയാള്‍ ഓര്‍ത്തു. തന്നെ കാണുമ്പോള്‍ ആട്ടിയകറ്റുന്ന ഒരു കൂട്ടത്തെയാണ് ഇതുവരെ അയാള്‍ കണ്ടിട്ടുള്ളത്.

ബസുകള്‍ വന്നപ്പോള്‍ എല്ലാവരും കയറി പോയി. ഇപ്പോള്‍ അയാളും ആ സ്ത്രീയും മാത്രമായി. അയാള്‍ അവരെ ഒളികണ്ണിട്ടു നോക്കി. നരച്ച വെള്ളിനാരുകളില്‍ കറുത്ത ചായം പുരട്ടാത്ത പ്രായക്കൂടുതല്‍ ചമയങ്ങളാല്‍ ഒളിപ്പിക്കാത്ത ഒരാളെപ്പോലും ഈ കാലത്ത് കാണാന്‍ ആകില്ലെങ്കിലും അവര്‍ക്ക് ഒരപവാദമായി അവര്‍ നിലനിന്നു.

പെട്ടെന്ന് സ്ത്രീ മുഖവുരയില്ലാതെ അയാളോട് സംസാരിക്കാന്‍ തുടങ്ങി.

'ഞാന്‍ എന്റെ മോന്റെ വീട്ടില്‍ പോകുവാന്‍ ഇറങ്ങിയതാ. അവനുമുണ്ടായിരുന്നു. ഇപ്പോള്‍ അവനെ കാണാനില്ല. എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല. എങ്ങോട്ടേക്കുള്ള വണ്ടിയിലാ കേറേണ്ടതെന്ന്..'

അവര്‍ ഇപ്പോള്‍ കരയുമെന്നു തോന്നി.

അയാള്‍ക്ക് എന്ത് ചെയ്യാനാവും? അയാളുടെ വഴി പോലും അയാള്‍ക്ക് നിശ്ചയമില്ല. അവരെ ആശ്വസിപ്പിക്കാന്‍ ആഗ്രഹിച്ചു എങ്കിലും ക്ഷീണം കൊണ്ട് അയാളുടെ കണ്ണുകളടഞ്ഞു. മയക്കത്തില്‍ തെളിനീരൊഴുകുന്ന അരുവികളും പച്ചപുതച്ച നെല്‍വയലുകളും കൊത്തി വച്ച വരമ്പുകളും അവയ്ക്കിടയില്‍ ചേറില്‍ കളിക്കാനിറങ്ങിയ കൊച്ചു കുട്ടികളേയും അയാള്‍ കണ്ടു.

എത്രപെട്ടന്നാണ് ലോകം അവനവനിലേക്ക് ചുരുങ്ങിയത്!

വരിയായി കിടത്തിയ ജഡങ്ങള്‍...പുകയാല്‍ നിറഞ്ഞ ശ്മശാനങ്ങള്‍...കഴിഞ്ഞ ദശകങ്ങളിലേക്ക് അയാള്‍ വീണുകൊണ്ടിരുന്നു. മരണപ്പെട്ടവരെ സംസ്‌കരിക്കാന്‍ ആളില്ലാതായ കാലം ഓര്‍ത്തു അയാളുടെ ഉള്ളില്‍ വെള്ളിടി വെട്ടി.

ആളുകളുടെ ബഹളം അയാളെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി.

എന്താ ഇവിടെ നടക്കുന്നത്.

അയാള്‍ ആളുകളെ വകഞ്ഞു മാറ്റി നോക്കി.

തന്നെയല്ല !

മുന്‍പിലൊരാള്‍ക്കൂട്ടം. കുതിച്ചു പായുന്ന വണ്ടികള്‍ക്ക് ഇടയിലേക്ക് സ്ത്രീയെങ്ങാനും...
അയാള്‍ പിടഞ്ഞെണീറ്റു.

കണ്ണുകള്‍ പുകഞ്ഞു കൊണ്ടിരിക്കുന്നു. ടാര്‍ വഴിയില്‍ തീപ്പുകപോലെ വെയിലുരുകി മുകളില്‍ പൊന്തുന്നു. ബസ് സ്റ്റോപ്പല്ലാതെ ഒരു പരുന്തുതണലുപോലുമില്ലാത്ത വഴിയില്‍ ആ സ്ത്രീ കുനിഞ്ഞിരിക്കുന്നുന്നുണ്ട്. ആളുകള്‍ കൂട്ടം കൂടിയതില്‍ നിന്നു അവര്‍ നിലത്തു തന്നെയെന്ന് അയാള്‍ അനുമാനിച്ചു.

അയാള്‍ ഓടി ആള്‍ക്കൂട്ടത്തിലേക്ക് ചെന്നു. സ്ത്രീയുടെ കൈയിലെ സഞ്ചിയില്‍ നിന്നു ചില ഉപകരണങ്ങള്‍ എത്തി നോക്കുന്നു.

' ഇവരെന്താണീ ചെയ്യുന്നത് ' ചില അപരിചിതരുടെ ചോദ്യങ്ങള്‍ കാറ്റിലലഞ്ഞു.

'ഞാന്‍ കണ്ടു...കണ്ടതാ..ഇവിടെ ഒരു തടാകമുണ്ട്' സ്ത്രീ പിറുപിറുത്തു.

റബ്ബറൈസ്ഡ് വഴിയിലെ വെയിലൊളിപ്പിച്ച മരീചികയ്ക്കു മുന്നില്‍ കുനിഞ്ഞിരുന്നു നിലം കുഴിക്കുന്ന അവരോട് പെട്ടന്നയാള്‍ക്ക് സഹതാപം തോന്നി. ഓര്‍മ്മകളുടെ വസന്തം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ മനുഷ്യരെല്ലാം തുല്യരാകുന്നു. അവര്‍ക്ക് ടാര്‍ വഴിയില്‍ ജലം കാണാന്‍ കഴിയുന്നെങ്കില്‍ ഓര്‍മ്മ മാത്രമല്ല നഷ്ടപ്പെട്ടത് എന്നും അയാള്‍ ഓര്‍ത്തു. അയാളുടെ അഴുക്കു പറ്റിയ തുണികള്‍ വിയര്‍പ്പിനാല്‍ ശരീരത്തിലൊട്ടി.
തൊണ്ടവരണ്ടു.

നെടുനീളന്‍ പാതയോരത്ത് ഒരിടത്തും ഒരു പുല്‍ക്കൊടിത്തണ്ടില്ല. നടപ്പാതകളില്‍ കറുപ്പും ചുവപ്പും കട്ടകള്‍ പല്ലിളിക്കുന്നു. വെള്ളം കിട്ടാന്‍ അടുത്ത സ്റ്റോപ്പില്‍ മാളുണ്ട്. പക്ഷെ ശരീരത്തില്‍ ദുര്‍ഗന്ധം വഹിക്കുന്ന വടുക്കളെ ആരും വെറുപ്പോടെയേ നോക്കൂ. വെള്ളം വാങ്ങാന്‍ പോലും അവയിലേക്ക് കാവല്‍ക്കാര്‍ കടത്തിവിടണം എന്നില്ല.

ജീവിതത്തില്‍ പകച്ചു നിന്ന ഘട്ടത്തില്‍ പിടിവള്ളിയായിരുന്നു മരുന്നുപരീക്ഷണത്തിനു ശരീരം വില്‍ക്കുക എന്നത്. ബാധ്യതകള്‍ തലയ്ക്കു മുകളില്‍ പമ്പരം പോലെ കറങ്ങി തുടങ്ങിയ കാലത്തെ കച്ചിത്തുരുമ്പ്. വിവിധ പരീക്ഷണങ്ങളുടെ ആകത്തുകയില്‍ കണക്കുകൂട്ടലുകള്‍ പിഴച്ചു. വ്രണം കയറിയ ശരീരം വാര്‍ത്തകളില്‍ നിറഞ്ഞതും പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനാകാതെ വീട്ടില്‍ നിന്നു പുറത്തായതും നാലുദിവസം എട്ടുമണി ചര്‍ച്ചകളില്‍ നിറഞ്ഞു. മാറാരോഗി എന്ന ഒരു കിരീടം തലയ്ക്കലങ്കാരമായി. തെരുവുകള്‍ ഉറങ്ങും വരെ അലഞ്ഞു. എവിടെ എങ്കിലും വീണു ചാകും വരെ ജീവിച്ചല്ലേ പറ്റൂ.

'മോനെ, എന്റെ മോന്റെ വീട്ടിലേക്കുള്ള ബസിനിയെപ്പോളാ?' സെല്‍ഫിയെടുക്കാനും വീഡിയോ ഫേസ്ബുക്കില്‍ ഇടാനും കൂടിയ ആളുകള്‍ പിരിഞ്ഞു കഴിഞ്ഞിരുന്നു. 

'ഇവിടെ ഒരാലുണ്ടായിരുന്നു. നിറയെ കിളികളും കുരങ്ങന്മാരും. അരയാലിലകളില്‍ കാറ്റൂതുന്നത് കണ്ടു ഞങ്ങള്‍ ഖസാക്കിലേക്ക് പോയിട്ടുണ്ട്' അവര്‍ പറഞ്ഞു നിര്‍ത്തി.

ആഹാ, അപ്പോളിവര്‍ക്ക് വിവരമുണ്ട്. ഇടയ്‌ക്കെപ്പോഴോ മറവിയുടെ ആഴങ്ങളിലേക്ക് കൂപ്പുകുത്തുന്നതാകാം. എല്ലാം മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.. ആ നുണക്കുഴി കവിളുകളും കരിനീല കണ്ണുകളും ജീവിതാന്ത്യം വരെ തന്നെ വേട്ടയാടും.

'ഉം.' അയാളൊന്നു മൂളി. നാവ് വരണ്ടു പോകുന്നു. ഓടകള്‍ കറുത്തൊഴുകുന്നു. പതഞ്ഞും നുരഞ്ഞും കാളിയവിഷം വഹിച്ചത് പ്ലാസ്റ്റിക് നെഞ്ചേറ്റി ഞരങ്ങി നീങ്ങുന്നു.

'ദാഹിക്കുന്നുവല്ലോ.. അമ്മേ..'

സ്ത്രീ തലപൊക്കി നോക്കി.

സഞ്ചിയില്‍ നിന്നൊരു കുപ്പി എടുത്തു. ഒരു കവിള്‍ കുടിക്കൂ. വാങ്ങാനിനി ഒന്നുമില്ല. അവരുടെ കൈയിലെ സഞ്ചി കുടഞ്ഞു. കുറെ മത്തന്‍വിത്തുകള്‍, നെല്‍മണികള്‍, വെണ്ടയ്ക്ക കുരു എല്ലാം കവറുകളില്‍ ഒട്ടിച്ചു വച്ചിരിക്കുന്നു.. ഇന്നത്തെ കാലത്തിതെവിടുന്ന്...അവരുടെ വെളുത്തു മെലിഞ്ഞ കൈകളിലെ ബാര്‍കോഡ് മാത്രം ഇന്നത്തെ കാലത്തെ ഓര്‍മിപ്പിച്ചു.

വയല്‍ കാണാന്‍ വിനോദയാത്ര പോയ ബാല്യം അയാളോര്‍ത്തു. യുഗങ്ങള്‍ക്ക് പിന്നില്‍ നിന്നൊരു മനുഷ്യരൂപം അയാളുടെ കണ്ണുകളില്‍ നോക്കി നിന്നു. ദൈന്യത വഴിഞ്ഞൊഴുകി.

ഓക്‌സിജന്‍ പ്യൂര്‍ ബാര്‍ എന്നു നീളത്തിലെഴുതിയ പരസ്യവും വഹിച്ചുകൊണ്ട് ഒരു ലോ ഫ്‌ലോര്‍ ബസ് അവരുടെ മുന്‍പിലൂടെ കടന്നു പോയി. വായുവിനും വെള്ളത്തിനും മരുന്നിനും പണമില്ലാതെ ഉപേക്ഷിക്കപ്പെട്ടവരാണിവര്‍ എന്നു അയാള്‍ക്ക് തോന്നി.

സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും ആരുമില്ലാത്ത എല്ലാവരും അനാഥരാണ്.

'എന്റെ മോന്റെ വീട്ടിലേക്ക് ബസില്ലേ?'

അവര്‍ തലപൊക്കി ചോദിച്ചു.

'അമ്മേ..'

അയാള്‍ വിളിച്ചു.

'മോനെ..'

അവര്‍ പ്രതിവചിച്ചു.

അയാളുടെയും സ്ത്രീയുടെയും കണ്ണുകളില്‍ തലയ്ക്കുമുകളിലൂടെ പായുന്ന മെട്രോ ട്രെയിന്‍ നിഴലിച്ചു.

'ഇവിടെ ഒരു തടാകമുണ്ട്. ഈ വിത്തുകള്‍ മുളപ്പിക്കാന്‍ ഒരു ഉറവയുണ്ട്.'

അവര്‍ വീണ്ടും ടാര്‍ വഴി കുഴിച്ചു തുടങ്ങി.

വെള്ളം കുതിച്ചു ചാടുന്നത് കാണാന്‍ ആകാംക്ഷയോടെ അയാളും കുഴിച്ചു തുടങ്ങി.

അക്വാഫിനയുടെ കബന്ധങ്ങള്‍ ടാറിനടിയില്‍ നിന്നു പുറത്തേക്ക് തെറിച്ചുകൊണ്ടിരുന്നു.


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

click me!