Malayalam Short Story ; ജലമര്‍മ്മരങ്ങള്‍, ലിസ ലാലു എഴുതിയ ചെറുകഥ

By Chilla Lit SpaceFirst Published Jun 11, 2022, 7:30 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലിസ ലാലു എഴുതിയ ചെറുകഥ

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

ഒരൊറ്റ നിമിഷത്തിന്റെ അശ്രദ്ധ മതിയെന്നറിയാഞ്ഞല്ല. 

താഴേക്ക് പോകുകയാണ്. കൈകള്‍ ഉയര്‍ത്തി കിതച്ചിട്ടും പിടിവള്ളികളില്ല. നിറയെ ചരല്‍ക്കല്ലുകളായിരുന്നു. വെളുത്ത വെള്ളാരം കല്ലുകള്‍. ജലമതിന്റെ തണുത്ത കരങ്ങള്‍ കൊണ്ട് പിടിമുറുക്കുകയാണ്. വെള്ളിക്കൊലുസിട്ടു നടന്ന കാലത്തും കാലുകള്‍ നീട്ടിവച്ചു പാറപ്പുറത്ത് ഇരുന്നിട്ടേയുള്ളൂ. എവിടെയാണ് വെള്ളമില്ലാത്തത് എന്നാണ് ആദ്യം നോക്കുക. പാദസരങ്ങള്‍ക്ക് താഴെ പാദങ്ങളില്‍ വെളുത്ത പരല്‍മീനുകള്‍ ഉമ്മവെക്കുമ്പോള്‍ പൊട്ടിച്ചിരിക്കുന്ന കുട്ടിയുടെ മുഖം എന്റേതാണ്.

കണ്ണു നീറുന്നുണ്ട്. ചവിട്ടാനൊരിടം കിട്ടിയിരുന്നെങ്കില്‍...

ശരീരം ഊര്‍ന്നു കുഴഞ്ഞു പോകുന്നു. വെള്ളമില്ലാത്ത നാട്ടിലോട്ട് കെട്ടിച്ചയക്കുമ്പോള്‍ ആറെണ്ണത്തില്‍ രണ്ടെണ്ണത്തിന്റെ കാര്യം കഴിച്ചുവെന്ന ആശ്വാസമായിരുന്നു ഉപ്പയുടെ മുഖത്ത്. പ്രായം കൂടുതലായിരുന്നിട്ടും വീട്ടിലെ പട്ടിണിയില്‍ നിന്നുള്ള രക്ഷപ്പെടല്‍ കൂടിയായിരുന്നു പതിനാറാം വയസിലെ വിവാഹം. ആദ്യമാസങ്ങളില്‍തന്നെ ശരീരത്തിന് ആരോഗ്യമില്ലെങ്കിലും ഒരു കുഞ്ഞിനെ വഹിക്കാന്‍ തുടങ്ങി.

'തൂഫ്'

ഈ വെള്ളത്തിനു എന്തൊരു ചവര്‍പ്പാണ്. പണ്ട് പാകമാകാത്ത ഞാവല്‍പ്പഴങ്ങള്‍ കടിച്ചു തിന്നുമ്പോഴുണ്ടാകുന്ന അതേ രുചി. അമ്പാടിയിലെ മതിലിനു മുകളില്‍ വലിഞ്ഞു കയറിയിരുന്നെത്ര ഞാവല്‍പ്പഴങ്ങള്‍ തിന്നിരിക്കുന്നു. നാവില്‍ വയലറ്റ് നിറം പടരുമ്പോള്‍ നാക്ക് പുറത്തേക്കിട്ടു എത്ര കിതച്ചു കളിച്ചിരിക്കുന്നു. ലൂമ്പിക്കയും ആരും കാണാതെ കട്ടുപറിച്ചു തിന്നുമ്പോള്‍ ഇതേ ചവര്‍പ്പായിരുന്നു. വീട്ടുകാര്‍ വരുമ്പോഴേക്കും മതിലുചാടി ഓടിയതും സുധയുടെ പാവാട കീറിയതും. സുധയും മിനിയും ഇതോര്‍ക്കുന്നുണ്ടാകുമോ?

അവള്‍ക്ക് ചിരി വന്നു. ചിരിക്കാനാകുന്നില്ല. കവിളുകളുടെ വശങ്ങളിലൂടെ ഒഴുക്കു കൂടുന്നു.

'അയ്യോ.. ഞാന്‍ മരിക്കുകയാണോ? എനിക്ക് ഇപ്പോള്‍ മരിക്കണ്ട'.

കണ്ണുനീര്‍ വെള്ളത്തില്‍ അലിഞ്ഞപ്പോള്‍ അവള്‍ പരമാവധി ശക്തിയെടുത്ത് ഒന്നുയര്‍ന്നു പൊന്തി.

'ഹ്..ഹ്..'

ഒരിറ്റ് ശ്വാസം നീട്ടിവലിച്ചു. കുഴയുകയാണ്. നിലയില്ലാത്ത വെള്ളത്തിലൂടെ ഭൂമി അതിന്റെ കേന്ദ്രത്തിലേക്ക് വലിച്ചിടുകയാണ്. 'ഭൂമി അമ്മയാണ്. എല്ലാവരും അമ്മയുടെ മടിയിലേക്ക് മടങ്ങിച്ചേരും'. സുഹ്‌റ ഉറങ്ങുകയാണോ ?

ചോക്ക് പതിച്ചത് നെറ്റിക്ക് തന്നെ. ഒന്നു തെറ്റിയിരുന്നെങ്കില്‍ കണ്ണു പോയേനെ.

'അല്ല. ഭൂമിയെക്കുറിച്ചു ആലോചിക്കുകയായിരുന്നു.'

ഉമ്മുമ്മ മരിച്ചപ്പോള്‍ എല്ലാരും കൂടി അവരെ ഖബറില്‍ വച്ചു. താനൊഴിച്ചു ആരും കരഞ്ഞില്ല. കരയാന്‍ പാടില്ലാത്രേ. ഉമ്മുമ്മയ്ക്ക് സുബര്‍ക്കം കിട്ടില്ല. സ്‌കൂളിലെ ഉച്ചക്കഞ്ഞി കുടിച്ചാലും വിശക്കും. വൈകുന്നേരം ഉപ്പാന്റെ ബന്ധുവീട്ടില്‍ മുറ്റമടിച്ചു കൊടുത്തു കിട്ടുന്ന പഴയഭക്ഷണം തേക്കിലയില്‍ പൊതിഞ്ഞു കാത്തിരിക്കുന്ന ഉമ്മുമ്മ, 'ആറെണ്ണത്തില്‍ ഉമ്മയ്ക്കിഷ്ടം ഓളോടാണെ'ന്നു കേട്ടിട്ടും 'ആരോഗ്യമില്ലാത്തോളേ'ന്നു നീട്ടിവിളിച്ചു മുണ്ട് മുറുക്കിയുടുത്ത് എനിക്ക് തേക്കില നീട്ടുന്ന ഉമ്മുമ്മ.
ചുളുങ്ങിയ തൊലിയ്ക്കുള്ളില്‍ സ്‌നേഹം നിറച്ച ഉമ്മുമ്മ, പഞ്ഞിപോലെയായ മാറോട് ചേര്‍ത്തെന്നെ ഉറക്കുന്ന ഉമ്മുമ്മ. 

നഷ്ടം എനിക്കായിരുന്നു. ഞാനെങ്ങനെ കരയാതിരിക്കും. എന്നെ ചേര്‍ത്തണയ്ക്കുന്ന കൈകളില്‍ തേക്കില പിടിച്ചു വഴിയില്‍ വീണു മരിക്കുമ്പോള്‍ ഞാന്‍ സ്‌കൂളിലായിരുന്നു. ചൂടാറും മുന്‍പ് മയ്യത്തെടുക്കണമെന്നുള്ളത് കൊണ്ട് ഒരിക്കലും കാണാന്‍ ആകാത്തിടത്തേക്ക് ഉമ്മുമ്മ പെട്ടെന്ന് പോയി.

രാത്രി ഉമ്മുമ്മയുടെ കയറു കട്ടിലില്‍ കിടക്കുമ്പോള്‍ ഞെട്ടിക്കരഞ്ഞ എന്നെ ചേര്‍ത്തു പിടിക്കാനാരുമില്ലായിരുന്നു.

'ശൂ..ശ്'

ചെറിയ കുഞ്ഞുണരാതെയിരിക്കാന്‍ ഉമ്മ അപ്പുറത്തു നിന്നു ശബ്ദമുണ്ടാക്കി.

എവിടെയോ തടഞ്ഞു നില്‍ക്കുന്നു. പതുപതുത്ത മണ്ണ് ഇളകിമാറുന്നു.അനങ്ങാതെ നിന്നാല്‍ ഇടയ്ക്ക് ഒന്നാഞ്ഞാല്‍ ഒരു കവിള്‍ ശ്വാസം വലിക്കാം. ആരെങ്കിലും വന്നെങ്കില്‍.. എന്നുമിറങ്ങുന്നിടത്ത് ആണുങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍..

കുട്ടികള്‍ എത്തിക്കാണുമോ?

മോനു കുറുമ്പനാണ്. കൊതിയനും. ഇത്തൂനും മനൂനും കൊടുക്കാതെ എന്തും കഴിയ്ക്കും. മറ്റ് രണ്ടുപേരങ്ങനെയല്ല. ഒരു മിട്ടായി കിട്ടിയാലും പകുക്കും. യൂണിഫോം പോലും മാറാതെ ചായക്ക് വന്നുകാണും. ഇലയട എടുക്കാന്‍ അടുപ്പിന് മുകളില്‍ കയറി കൈ പൊള്ളുമല്ലോ. സമയമെത്രയായി. 

കുട്ടികള്‍ വരും മുന്‍പ് അലക്കി കുളിച്ചു വീടെത്തേണ്ടതാണ്. അമ്മായി സര്‍ക്കീട്ട് കഴിഞ്ഞു വന്നു കാണുമോ ?
രാത്രിയിലേക്കുള്ള അരി തിളച്ചപ്പോളാണ് പോന്നത്. വെന്തുകാണും. ചെന്നിട്ട് വേണം ഊറ്റാന്‍.
കുട്ടികള്‍ കഴിച്ചു കഴിഞ്ഞെങ്കില്‍ വഴക്ക് തുടങ്ങിക്കാണും. മൂത്തുമ്മയെ സ്വസ്ഥമായി കിടക്കാന്‍ അനുവദിക്കില്ല. മൂപ്പത്തി എന്നെ പ്രാകും. 'അലക്കി കുളിക്കാനെന്നു പറഞ്ഞു പോയ ബലാല്,കള്ള ഇബിലീസ്,പിന്നെന്തൊക്കെ.  ആള് പാവമാണ്. സ്‌നേഹം വന്നാലും ഇങ്ങനെ തന്നാണ് വിളിക്കുക.

ഇക്ക വരുന്നതും പോകുന്നതും അറിയില്ല. സാധുമനുഷ്യന്‍. പ്രായക്കൂടുതല്‍ ആയതിനാല്‍ കൂടുതല്‍ വര്‍ത്തമാനങ്ങളില്ല. എന്തെങ്കിലും ചോദിച്ചാല്‍ മൂപ്പര്‍ക്ക് പെട്ടെന്ന് ദേഷ്യം വരും. തടിയീര്‍പ്പ് കഴിഞ്ഞു വന്നു കിടന്നുറങ്ങും. പോകും. കല്യാണം കഴിഞ്ഞു രണ്ടാം മാസത്തില്‍ വയറ്റിലുണ്ടായപ്പോള്‍ പോലും ഒന്ന് ചിരിച്ചു കണ്ടില്ല. കുട്ടികള്‍ക്കും ഉപ്പയെ പേടിയാണ്. പഠിപ്പില്ല. വര്‍ത്തമാനം പറയാനും അറിയില്ല.
ഉപ്പ വന്നാല്‍ ശബ്ദമുഖരിതമായ അന്തരീക്ഷം നിശബ്ദമാകും. ഈ വീട് ഇങ്ങനെയെന്ന് മൂപ്പരും കരുതിക്കാണും.

അനങ്ങാതെ നിന്നാല്‍ ഒരുപാട് നേരം നില്‍ക്കാമെന്നു തോന്നുന്നു. എങ്ങനെയും പിടിച്ചു നില്‍ക്കണം. അന്വേഷിച്ചു വരുന്നവര്‍ അപ്പുറത്തെ കടവിലായിരിക്കും തിരക്കുക. ആരെങ്കിലും വരാതെയിരിക്കില്ല. എനിക്കിപ്പോള്‍ മരിക്കണ്ട. 

ആലിക്കോയ രണ്ടാമത് കെട്ടീട്ട് ആ പെണ്ണുങ്ങള്‍ ആദ്യത്തെ കെട്ടിലെ കുട്ടികളെ ദ്രോഹിക്കുന്നത് കണ്മുന്നില്‍ കണ്ടതാണ്. എന്റെ കുഞ്ഞുങ്ങള്‍ക്ക് അങ്ങനെ ഒന്ന് വരരുത്. 'ഓള് ചത്തതോടെ തീര്‍ന്നില്ലേ. പാവം കുട്ടികള്' അമ്മായി വന്നു പറഞ്ഞത് കാതിലിരമ്പുന്നു. പെണ്ണുങ്ങള്‍ക്ക് എങ്ങനെയാണ് കുട്ടികളുടെ മുഖം കണ്ട് ഇങ്ങനെയൊക്കെ ചെയ്യാന്‍ ആകുന്നത്? പണിയെടുപ്പിക്കുന്നത് പോട്ടെ കള്ളങ്ങള്‍ പറഞ്ഞു തല്ലുകൊള്ളിക്കുക, ചട്ടുകം പഴുപ്പിച്ചു വെക്കുക.. ഇളയകുട്ടി കരഞ്ഞു കൊണ്ടോടി കയറിയത് എന്റെ നെഞ്ചിലേക്കാണ്.

പുഴയിലേക്കിറങ്ങുന്ന ഇടുക്കുവഴിയില്‍ കറുത്തമണ്ണുകുത്തിയൊലിച്ചു വേരുപടലങ്ങള്‍ എഴുന്നുനിന്നതില്‍ ഊഞ്ഞാലാടുന്നത് മോനുവല്ലേ. 'ചെക്കാ ഇജ്ജ് വീഴും.ഇറങ്ങടാ'

അവന്റെ കൂടെയാരാണ്. ആരാണത്. നിഴലുപോലെ ഇറങ്ങി വരുന്നവള്‍.

'ഉമ്മ ഇവിടാണ് മോനെ. ഇങ്ങട്ട് വാ. ഈ കടവിലാണ്. നോക്ക്. നോക്ക്.'

'ദോ, ആ കാണുന്ന കടവീന്നാണ് ഉമ്മയുടെ ബക്കറ്റും തുണീം കിട്ടിയത്. അയ്നപ്പുറം ചുഴിയാണ്. ഉമ്മ ആരുടെയോ ഒപ്പരം അത് വച്ചു ഓടിപ്പോയതാണ് എന്നാണ് ഉമ്മുമ്മ പറഞ്ഞത്. അതോണ്ടാണ് എനിക്ക് ഉമ്മാനെ ഇഷ്ടല്ലാത്തതും ഇങ്ങളെ ഇഷ്ടമായതും.'

'ആണോ'. മൈലാഞ്ചി ചോപ്പുള്ള കൈ കൊട്ടി അവള്‍ ചിരിച്ചു.

'ഹസൈനാരുടെ രണ്ടാം ബീവി അല്ലേ അത്. കഷ്ടായിപ്പോയി. ഓള് പൊഴേപ്പോയോ ആരുടേലും കൂടെപ്പോയോ ആര്‍ക്കറിയാം. മൂന്ന് പിള്ളേര്, വയസ്സായ തള്ള, കിടപ്പിലായ മൂത്തുമ്മ എല്ലാത്തിനേം നോക്കാന്‍ ഒരുത്തി വേണ്ടേ.'

അപ്പുറത്തെ കടവില്‍ നിന്നുള്ള പിറുപിറുക്കല്‍ വെള്ളം അവളുടെ കാതിലെത്തിച്ചു.

'ഞാന്‍ ഇവിടെയുണ്ട്. ഇതിനടിയില്‍.' അവള്‍ ഉയരാന്‍ ആകാതെ കുഴഞ്ഞു. 

മീന്‍ കൊതിത്തിന്ന അഴുകിയ ശരീരം പറഞ്ഞു.

'മോനെ ഉമ്മച്ചി ഇവിടെ ഇതാ'

നിലയ്ക്കാത്ത ജലം ചുഴികളിലേക്ക് അവളെ വലിച്ചെടുപ്പിച്ചു.


 


ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!