ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലിസ ലാലു എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
'ഓ,അതിനെന്താ, നമ്മുടെ നാട് പോലല്ല. ഇവിടെ ഇരുട്ടാകുന്നേയില്ല. എപ്പോളും ലൈറ്റ് ആണെന്നേ. പിന്നെ പിള്ളേരുടെ കൂടെയല്ലേ. എനിക്ക് ഇഷ്ടം ഉണ്ടായിട്ടല്ല. ഇവിടെ ഇങ്ങനെ ഇരുന്നു മടുപ്പാണ്. ഈ ഇട്ടാവട്ട സ്ഥലം അല്ലേയുള്ളൂ. ഞാന്‍ വിളിക്കാം. ഇറങ്ങാന്‍ ആയെന്നു തോന്നുന്നു.'-ചെറിയ നോക്കിയ ഫോണിന്റെ അക്കങ്ങളും അക്ഷരങ്ങളും മാഞ്ഞുതുടങ്ങിയ കീപാഡില്‍ ഞെക്കി അമ്മ ഫോണ്‍ ഓഫാക്കി.
'അമ്മേ, ഇവനെയൊന്ന് നോക്കിയേ. ഒരുക്കിയിറങ്ങിയപ്പോളേക്ക് അപ്പിയിട്ടു. ഞാന്‍ ഒരുങ്ങട്ടെ. അയ്യേ,അമ്മ ഈ സാരി ആണോ ഉടുത്തത്. ഞാന്‍ പറഞ്ഞില്ലേ ആ പട്ടുസാരി ഉടുക്കാന്‍. അവിടെ ചൂടൊന്നും ഇല്ല. ഏ.സി ഉണ്ടല്ലോ.'
'ഇത് അച്ഛന്‍ മരിക്കും മുന്‍പ് എടുത്തു തന്ന സാരിയാണ് മോളെ. എനിക്കിത് വലിയ ഇഷ്ടമാണ്. പിന്നെ എനിക്ക് പ്രായമായില്ലേ.'
'ആ എന്തേലും ചെയ്യ്. ഞാന്‍ പറയാന്‍ ഉള്ളത് പറഞ്ഞു.'
കുഞ്ഞിനെ അമ്മയുടെ കൈയിലേല്‍പ്പിച്ചു അവള്‍ അകത്തോട്ടു നടന്നു.
ഇപ്പോളിട്ട് കൊടുത്ത പാമ്പേഴ്സാണ്. മുഴുവന്‍ അപ്പിയിട്ടു വച്ചിരിക്കുന്നു. ഈ ചെറുക്കന്റെ കാര്യം.
'അമ്മമ്മേടെ ചക്കരേ. എന്തു പണിയാടാ ഈ കാണിച്ചു വച്ചേക്കുന്നത്. മോളേ, ഇവനെ കഴുകാന്‍ ഒന്നു വായോ.'
ഷീറ്റ് വിരിച്ചു നാപ്കിന്‍ അഴിച്ചുമാറ്റി അമ്മ പറഞ്ഞു.
'അമ്മേ, ഞാനിപ്പം വന്നാല്‍ എന്റെ ഡ്രെസ്സില്‍ ആകെ വെള്ളമാകും. പിന്നെ കൈയിലൊക്കെ ക്രീമിട്ടുപോയി. വഴുക്കും.'
അകത്തു നിന്നും അവള്‍ ഉറക്കെപ്പറഞ്ഞു.
അമ്മയില്‍ നിന്ന് ഒരു നെടുവീര്‍പ്പ് അന്തരീക്ഷത്തിലലിഞ്ഞു.
സാരി പൊക്കിക്കുത്തി കുഞ്ഞുമായി അമ്മ ബാത്റൂമില്‍ കുനിഞ്ഞിരുന്നു.
രണ്ടു കാലിനും നീരുണ്ട്. വലതു കാലിനാണ് കൂടുതല്‍. വെരിക്കോസ് വെയിനിന്റെ അസ്‌കിത തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അച്ഛന്‍ മരിക്കുംമുന്‍പ് സര്‍ജറി ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു. ഇനിയിപ്പോള്‍ ആരാണ്.. ഇങ്ങനെ പോകട്ടെ.
'കഴിഞ്ഞില്ലേ അമ്മേ.' കൊച്ചിനുളള നാപ്കിനും നിക്കറുമായി അവളെത്തി.
'ഇവനെപ്പോളും ഇങ്ങനെയാണ് അമ്മേ. ഇറങ്ങാറാകുമ്പോള്‍ എനിക്ക് പണി തരും.'
മരുമകന്‍ ചിരിച്ചു.
'ഇവളും മോശമല്ലായിരുന്നു മോനെ. കുട്ടിക്കാലത്ത് ഇത് തന്നെയായിരുന്നു ഇവളുടെയും പണി. കുറച്ചു കഴിഞ്ഞപ്പോള്‍ എവിടേലും അപ്പിയിടും. അത് ഞാന്‍ കണ്ടുപിടിക്കണം. അവളുടെ കൊച്ചല്ലേ. അങ്ങനെയല്ലേ വരൂ.'
മരുമകന്‍ പൊട്ടിച്ചിരിച്ചു.
'ഈ അമ്മയ്ക്ക് ഒന്ന് മിണ്ടാതിരുന്നുകൂടെ. എന്താ എവിടാ ആരോടാ പറയേണ്ടത് എന്നു അറിയില്ല. ഇപ്പോ ഇത് പറയേണ്ട ആവിശ്യം ഉണ്ടാരുന്നോ ? എന്തെങ്കിലും പറയും മുന്‍പ് രണ്ട് വട്ടം ആലോചിക്കണം. ഒരുമാതിരി ചന്ത പെണ്ണുങ്ങളെപ്പോലെ...'-അവളുടെ പിറുപിറുക്കലുകള്‍ക്ക് മുകളില്‍ അമ്മ ചൂളി ചെറുതായി ഭൂമിയോളം താണു.
'കൊച്ചിനേം കൊണ്ട് അമ്മ പിറകില്‍ ഇരുന്നോ.'
'അല്ലെങ്കിലും ഞാന്‍ പിറകിലല്ലേ ഇരിക്കാറ് മോളെ. അച്ഛന്റെ കൂടെ പോകുമ്പോള്‍ പോലും എനിക്ക് മുന്‍പിലിരിക്കാന്‍ ഭയമാണ്. പണ്ട് ആ അപകടം നടന്നതില്‍ പിന്നെയാണ് എനിക്കിങ്ങനെ..'
'ഓഹ്. ഒരിടത്തേക്ക് ഇറങ്ങുമ്പോള്‍ തന്നെ നെഗറ്റീവ് പറയാതെ. അല്ലേലും അമ്മയ്ക്ക് ഇച്ചിരി സംസാരം കൂടുതലാണ്. അയല്‍ക്കൂട്ട പെണ്ണുങ്ങളെപ്പോലെ. ഇത്രേം സംസാരിക്കേണ്ട കാര്യമെന്താണ്.'
അമ്മയുടെ നെഞ്ചിലൊരു കനം വീണു. നിനക്ക് ഈ കുടുംബമുണ്ടാകും മുന്‍പ് ജോലി കിട്ടും മുന്‍പ് നീ പഠിച്ചത് ആ പറഞ്ഞ പെണ്ണുങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ള ലോണെടുത്താണെന്നു പറയാന്‍ നാവുതരിച്ചു. വേണ്ട. മകള്‍ക്ക് ഒരു ക്ഷീണം വന്നു കൂടാ.
'വലിയ ആളുകള്‍ വരുന്ന പാര്‍ട്ടിയാണ്. അമ്മ വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കണ്ടല്ലോ എന്നു കരുതിയിട്ടാണ് അമ്മയെ കൊണ്ടുപോകുന്നത്. അബദ്ധമൊന്നും പറഞ്ഞേക്കരുത്. ഞങ്ങള്‍ക്ക് നാണക്കേട് ഉണ്ടാക്കല്ലേ.'
മീര പറഞ്ഞു നിര്‍ത്തി.
'മീര, മൈന്‍ഡ് യുവര്‍ വേര്‍ഡ്സ്. ഷി ഈസ് യുവര്‍ മദര്‍.'
മരുമകന്റെ ഒച്ച അല്‍പ്പം ഉച്ചത്തിലാണ്.
പിള്ളേരുടെ അച്ഛന്‍ ഒരിക്കല്‍ പോലും തന്നോട് ശബ്ദം ഉയര്‍ത്തി സംസാരിച്ചിട്ടില്ല.
'യെസ്, ഐ നോ റാം. ബട്ട്.. എന്റെ അമ്മയല്ലേ. ഞാന്‍ അല്ലേ പറഞ്ഞു കൊടുക്കേണ്ടത്.'
'ശരിയാ മോനെ. നിങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നം വേണ്ട.'
അമ്മയുടെ കൈക്കുള്ളു വിയര്‍ത്തുതുടങ്ങി. പണ്ടേ അങ്ങനെയാണ്. അബദ്ധമാകുമോയെന്നു ഭയപ്പെടുത്തുന്ന എല്ലാ സാഹചര്യങ്ങളിലും കൈവെള്ള വിയര്‍ക്കും. കുഞ്ഞിനെ ഒരു കൈയില്‍ മുറുകെപ്പിടിച്ചു മടിയിലിരുത്തി പഴയ തൂവാല വയറിനടുത്ത് നിന്നെടുത്തു അമ്മ വിയര്‍പ്പൊപ്പി.
'അമ്മയ്ക്ക് ടിഷ്യൂ ഉപയോഗിച്ചു കൂടെ. നാട്ടിലെ പോലല്ല ഇവിടെ. ആള്‍ക്കാരു ശ്രദ്ധിക്കും.അത് കള.' മീര ഒച്ചയെടുത്തു. അമ്മയുടെ മടിയില്‍ കിടക്കുന്ന കൊച്ചു ഞെട്ടി.
'പിന്നെ, കിട്ടുന്നതെല്ലാം കഴിക്കരുത്. ഷുഗര്‍ ഉള്ളതാണ്. നാളെ ആശുപത്രിയില്‍ കൊണ്ടോടാന്‍ വയ്യ. വയ്യാതായാല്‍ ഞാന്‍ ലീവ് എടുക്കേണ്ടി വരും'- മീര തുടര്‍ന്നു.
വേലക്കാരിയും ആയയുമായി നിമിഷം തോറും താന്‍ താണുകൊണ്ടിരിക്കുകയാണല്ലോയെന്നു അമ്മയോര്‍ത്തു. ഒരുവട്ടം ആശുപത്രിയില്‍ പോയത് ഒരു ദിവസം അന്‍പതുപ്രാവശ്യം പറയുന്നുണ്ട്. വയ്യെന്നു പറഞ്ഞതും അബദ്ധമായിപ്പോയി.
നാട്ടിലെ വീടും പറമ്പും പ്ലാവും ഉള്ളില്‍ നിറഞ്ഞു. പച്ചചക്കയെത്ര തിന്നാലും ഷുഗറു കൂടില്ലായിരുന്നു. കൊച്ചിനെ നോക്കാന്‍ വിളിച്ചപ്പോള്‍ വന്നത് അബദ്ധമായിപ്പോയി.
'അമ്മയിങ്ങ് വന്നാല്‍ മതി. ഒരാളായിട്ട്. വീട് നോക്കാന്‍ നമുക്ക് അവിടെ ആളെയാക്കാം. ഇവിടെ കുഞ്ഞിനാണെങ്കില്‍ അമ്മയെന്നു വച്ചാല്‍ ജീവനാണ്. പണിയൊക്കെ ചെയ്തിട്ട് ഞാന്‍ പൊക്കോളാമെന്നേ. അവിടിനി അല്ലേല്‍ ആരാ ഉള്ളത്. അച്ഛന് വിളക്കു വെക്കാന്‍ പാറുവമ്മായിയോട് പറയാം. ടിക്കറ്റ് ബുക്ക് ചെയ്യുവാണേ. മറ്റന്നാള്‍ കയറണം.'
ആദ്യദിവസങ്ങളില്‍ എല്ലാം പറഞ്ഞപടി നടന്നു. 'വയ്യാത്ത കാലു വലിച്ചു അമ്മ കയറേണ്ട. ഞാന്‍ വിരിക്കാം' എന്നു പറഞ്ഞിടത്തു നിന്നും 'അമ്മേ, ഓഫീസില്‍ ഇന്ന് നല്ലപണിയായിരുന്നു. ഞാനൊന്നു കിടക്കട്ടെ. അമ്മ ഈ തുണിയൊന്നു അലക്കി വിരിക്ക്' എന്നായി. കുഞ്ഞിന്റെ കുസൃതികള്‍ക്കൊപ്പം എത്താനാകാതെ ഓടി കാലില്‍ നീരുകയറി. പാചകവും കുഞ്ഞിനെ നോട്ടവും വീട്ടുപണികളുമായി വൈകുന്നേരങ്ങളില്‍ അമ്മ തളര്‍ന്നു വീണുറങ്ങി.
റാമിന്റെ അമ്മ വരുന്നുണ്ടെന്നു കേട്ടപ്പോള്‍ ആശ്വാസത്തിര മനസ്സിലടിച്ചെങ്കിലും അവരെക്കൂടെ നോക്കേണ്ട ചുമതല ഒരു ഭാരമായി. നാട്ടിലെ വീട് നോക്കാന്‍ ആളെക്കിട്ടിയില്ല എന്നു അവള്‍ കൈ മലര്‍ത്തി. തിരിച്ചു പോകണമെന്ന് ഉള്ളു പറയാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.
'നാട്ടില്‍ പോയിട്ടെന്തിനാ. അവിടിനി ആരെക്കാണാനാണ്. അവിടെവിടേലും വീണാല്‍ പോലും അറിയില്ല. ആരു കാണാനാണ്.അമ്മയ്ക്ക് സെന്റിമെന്‍സാണ്. കാശില്ലാക്കാലത്ത് കട്ടപിടിച്ചതും ചുട്ടതും വീടുണ്ടാക്കിയതും ഒക്കെ. അതെല്ലാം പൊളിച്ചു നല്ല ഒരു രണ്ട് നില വീട് പണിയണം. മുറ്റം ഒക്കെ കട്ട പതിക്കണം.'
കുട്ടികള്‍ക്ക് എങ്ങനെ ഇങ്ങനെ മാറാന്‍ കഴിയുന്നു. മാവും പ്ലാവും പഞ്ചാരമണലും നിറഞ്ഞ തൊടിയാണ്. വടക്കേ വശത്തായി മഞ്ചാടിമരം ചുവന്ന പൊട്ടുകള്‍ നിലത്തു വിരിച്ചതിന്റെ കീഴെ കക്കും കൊത്തങ്കല്ലും കളിച്ചു മദിച്ചവളാണ്. ഉമ്മറക്കോലായയിലെ അരഭിത്തിയാണ് ചോറുണ്ണാന്‍ ഏറ്റവും നല്ല ഇരിപ്പിടമെന്നു പറയുന്നവളാണ്. ആര്‍ത്തലച്ചു പെയ്യുന്ന മഴയിലേക്ക് കാലു നീട്ടി തുള്ളിത്തണുപ്പേല്‍ക്കുന്നവളാണ്.
അമ്മ ദീര്‍ഘമായി നിശ്വസിച്ചു.
'അമ്മേ അതില്‍ തൊടല്ലേ. അമ്മയ്ക്ക് അറിയില്ലല്ലോ കേടു വരും. അവിടെ വെക്കല്ലേ. കാശ് എത്ര മുടക്കിയതാണ്. രണ്ട് ക്രെഡിറ്റ് കാര്‍ഡ് ലിമിറ്റ് തീര്‍ന്നിരിക്കാണ്. ഇ.എം.ഐ യിലാണ് പോക്ക്.'
ഉള്ളത് കൊണ്ട് ജീവിച്ചു പഠിപ്പിച്ച കടം വരുത്താതെ മരിച്ച അച്ഛന്റെ മകളാണ് നാടോടുമ്പോള്‍ നടുവേ ഓടുന്നത്.
'എത്താനായോ മോനെ? കുഞ്ഞുറങ്ങി.'
'ഇപ്പോ എത്തും'
'ഇന്‍ ടു ഹന്‍ഡ്രഡ് മീറ്റേഴ്‌സ് ടേണ്‍ റൈറ്റ് ടോ ബാല പാലസ് റോഡ്. ആന്‍ഡ് കണ്ടിന്യൂ ടു ദി ബാല പാലസ് റോഡ്'. ഗൂഗിള്‍ പറഞ്ഞു.
ഈ നഗരത്തില്‍ നിറയുംതോറും വഴികള്‍ പെരുകി പെരുകി വരികയാണ്. ഏത് വഴിയ്ക്കാണ് താമസിക്കുന്ന ഫ്‌ലാറ്റെന്നു പോലും ഇന്നും പുറത്തിറങ്ങിയാല്‍ അറിയില്ല. ഇന്റര്‍നെറ്റ് നോക്കിയാണ് വണ്ടിയോടിക്കുന്നത് പോലും. എങ്ങനെ നാട്ടില്‍ പോകും?
തിരിച്ചുപോകാന്‍ അറിയാത്ത ആയിരം വഴികളുള്ള,അതിരുകളും ഭാഷയും മനസ്സിലാകാത്ത നഗരം പുറകില്‍ മറയുന്നത് കണ്ടു അമ്മയുടെ കണ്ണുനിറഞ്ഞു. അച്ഛനുണ്ടായിരുന്നെങ്കില്‍ എന്നോര്‍ത്തു അമ്മ ടിഷ്യൂ പേപ്പറില്‍ കണ്ണീരൊപ്പി.
കൈയെത്താദൂരത്തെ ജന്മനാടോര്‍ത്ത് തനിയ്ക്ക് ജരാനരകള്‍ ബാധിച്ചു തുടങ്ങിയതും വാര്‍ദ്ധക്യത്തിലേക്ക് കൂപ്പുകുത്തിയതും അമ്മയറിഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...