Malayalam Short Story: ഒഴിമുറി, ലിസ ലാലു എഴുതിയ ചെറുകഥ

By Chilla Lit Space  |  First Published May 27, 2022, 5:00 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലിസ ലാലു എഴുതിയ ചെറുകഥ


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

നെടുനീളന്‍ വരാന്തയിലൂടെ കാലൊച്ചകള്‍ ഉയര്‍ന്നുകൊണ്ടിരുന്നു. മഴവെള്ളം ചവിട്ടിയുണ്ടാകുന്ന ശബ്ദങ്ങള്‍ കേട്ട് അയാള്‍ക്ക് കിരുകിരുത്തു. ഉള്ളില്‍ പൊന്തുന്ന അമര്‍ഷം അയാളുടെ മുഖത്തു പടര്‍ന്നു. മഴ കനത്തു. ലതയുടെ ശബ്ദം അതിനു മീതെ ഉയര്‍ന്നു.

'എനിക്ക് ഒഴിമുറി വേണം.'

അവരുടെ ആദ്യത്തെ സിറ്റിംഗ് ആയിരുന്നു അത്. കുടുംബവക്കീല്‍ നെറ്റി ചുളിച്ചു കൊണ്ട് ലേഖയുടെ മുഖത്തോട്ട് നോക്കി. വര്‍ഷങ്ങളായി അടുത്തറിയാവുന്ന കുടുംബമാണ്. വാതിലിനു പകുതി മറഞ്ഞു നിന്നേ അവരെ കണ്ടിട്ടുള്ളൂ. 

മെലിഞ്ഞു വിളറിയ സ്ത്രീ. കാപ്പി കപ്പു നീട്ടുമ്പോളൊക്കെ ഞരമ്പുകള്‍ പൊന്തിയ കൈത്തണ്ടയില്‍ നേര്‍ത്ത നിറം മങ്ങിയ രണ്ടു വളകള്‍ തമ്മിലടിക്കും. അവരുടെ മുഖം ഒന്നു കാണാന്‍ തല തിരിക്കുമ്പോളേക്കും ശിവദാസന്‍ മുരടനക്കും. അടുത്തിടെ മോഷണം പോയ തേങ്ങയുടേയും അടക്കയുടേയും കണക്കു പറയും. അതിരു മാറ്റികുത്തിയ ചെട്ടിച്ചിയെ കോടതി കയറ്റാന്‍ ഉള്ള വഴി ആരായും. അപ്പോഴേക്കും നിലാവ് പോലെ അവര്‍ മറയും. ശിവദാസന്‍ കോളാമ്പിയില്‍ നീട്ടിത്തുപ്പും. അതില്‍ മൂന്നു തുള്ളി എത്രയകന്നാലും വക്കീലിന്റെ വെള്ളയുടുപ്പില്‍ രേഖപ്പെടും.

മാവില്‍ ഊഞ്ഞാലു കെട്ടിയാടുന്ന കുട്ടികളിലേക്ക് കണ്ണുപായിക്കുമ്പോള്‍ ശിവദാസന്‍ വീണ്ടും പറഞ്ഞു തുടങ്ങും.

'ഇവര്‍ടെ അവധി കഴിഞ്ഞു വക്കീലേ. ഇങ്ങട് ശ്രദ്ധിക്യാ. ഇവറ്റോള്‍ നാളെ മറ്റന്നാള്‍ അങ്ങു പോകും. പിന്നേം ഞാനേ ഉണ്ടാകൂ ഇവടെ.'

ശിവദാസന്റെ ഉറക്കെ പറച്ചില്‍ കേള്‍ക്കെ കുട്ടികള്‍ തിരിഞ്ഞു നോക്കും.

'ഹായ് അങ്കിള്‍. അച്ഛച്ഛന്‍ ഈസ് സോ ഫണ്ണി.'-എന്നോ മറ്റോ പറയും.

'ഇന്‍ഗ്രീസ്! എനിക്ക് കേട്ടൂട. രണ്ടെണ്ണത്തിനും മലയാളം കൊരച്ചു കൊരച്ചു അറിയാം. അവക്ക് മനസിലാകും ഇവറ്റ പറയണത്. അവള് പണ്ടത്തെ പി ഡി സി അല്ലേ. കല്യാണം കഴിഞ്ഞാല്‍ എന്തിനാ പി ഡി സി.വെക്കണം. പെറണം. അത് രണ്ടും അവള്‍ക്ക് ഉള്ള പി ഡി സി.'

അയാള്‍ ഉറക്കെ ചിരിച്ചപ്പോള്‍ വെറ്റിലക്കറയുള്ള പല്ലുകള്‍ കണ്ട് വക്കീലിന് ഓക്കാനം വന്നു.

ശിവദാസന്‍ തുടര്‍ന്നു.

'പണ്ടും പിള്ളേര് പറയുന്നത് അവക്കേ അറിയൂ. എന്നാലും ഇതുങ്ങടെ തന്തയ്ക്കും തള്ളയ്ക്കും വീട്ടില്‍ മലയാളം പറഞ്ഞു കൂടയോ. അവനവന്റെ മാതൃഭാഷയെ ബഹുമാനിക്കണം ആദ്യം.  അല്ലേ വക്കീലേ..?'

'യെസ്..യെസ്..ഡെഫെനിറ്റ്‌ലി.'

'ആ..അതവിടുന്നും പോയി.'  പൊട്ടിച്ചിരിയാല്‍ തന്റെ വെളുത്ത ഷര്‍ട്ട് ചുവക്കുന്നത് വിഷമത്തോടെ വക്കീല്‍ നോക്കി. ഇയാളെ വെറുപ്പിക്കാന്‍ പറ്റില്ല. പലയിടത്തും പറമ്പുകളും അതിനേക്കാള്‍ പ്രശ്‌നങ്ങളും ഉണ്ടാക്കുന്ന ആളാണ്. എത്രയെത്ര കേസുകളാണ്.

'എനിക്ക് ഒഴിമുറി വേണം.'

അവസാനത്തെ കൂടിക്കാഴ്ചയുടെ ഓര്‍മ്മയ്ക്ക് മുകളിലേക്ക് ലതയുടെ ശബ്ദം പൊന്തി.

വക്കീലിന്റെ മുന്നിലിരിക്കുന്ന ഭര്‍ത്താവിനെ കൂസാതെ അതു പറയുമ്പോള്‍ വക്കീല്‍ അവരെ അനുനയിപ്പിക്കാന്‍ ഉള്ള വഴികള്‍ ചിന്തിച്ചു തുടങ്ങി. അവരൊറ്റയ്ക്ക് മുറിയ്ക്കകത്തേക്ക് കയറി വന്നപ്പോള്‍ വക്കീലിന് അവരെ മനസിലായില്ല.

'വക്കീലിന് മനസ്സിലായോ? ഞാന്‍ ലത. ശിവദാസന്‍ നായരുടെ ഭാര്യ.'

വക്കീല്‍ അവരുടെ കൈത്തണ്ടയിലേക്ക് നോക്കി. ചെമ്പുകലര്‍ന്ന സ്വര്‍ണ്ണം പോലെ രണ്ടു വളകള്‍. അയാളുടെ നോട്ടം കണ്ടു ലത പറഞ്ഞു.

'സ്വര്‍ണ്ണം തന്ന്യാണ്. വീട്ടില്‍ നിന്നും പോന്നപ്പോള്‍ ഇട്ടത്. ഇത്രകാലം പാത്രം മോറിയും അലക്കിയും തേഞ്ഞു. നിറംമങ്ങി. മാറ്റിവാങ്ങാന്‍ പറ്റീല. പലപ്പോ പറഞ്ഞു.'

അയാള്‍ പെട്ടെന്ന് വിഷയം മാറ്റി.

'എന്തേ പോന്നത്?'

'കേസ് വലതും. സാര്‍ എന്തിയേ?'

'ആ വയറും വലിച്ചു ഈ പടിയെല്ലാം കയറി വരണ്ടേ. വരണ് ണ്ട് കേസ് വന്നിട്ട് പറയാം.'

ലത വിയര്‍പ്പൊപ്പി. അവരുടെ നെറ്റിയില്‍ നിന്നും നരച്ച മുടിനാര് ഊര്‍ന്നു കവിളില്‍ തൊട്ടു.

ആ കേസാണ് ഇപ്പോള്‍ വീണ്ടും മുന്‍പില്‍ വാക്കുകളായി പൊഴിയുന്നത്.

നീണ്ട മുപ്പത്തഞ്ചു വര്‍ഷത്തെ ദാമ്പത്യം രണ്ടു കസേരകള്‍ക്കിടയില്‍ നിഴലുപോലെ നീണ്ടു.

കസേരയില്‍ ഒരു നിമിഷം വാ പൊളിച്ചു അമര്‍ന്നിരുന്നുവെങ്കിലും ശക്തി വീണ്ടെടുത്തു ശിവദാസന്‍ വാക്കുകളുടെ കൂരമ്പുകള്‍ രാകി.

'അവള്‍ക്കെന്താണ് കുറവ്? ചോദിക്കുന്നതൊക്കെ കിട്ടുന്നേന്റെ അഹങ്കാരം ആണ്.'-അയാള്‍ ഒച്ചവെച്ചു.
അമര്‍ഷത്തിന്റെ കൊടുങ്കാറ്റ് അയാളുടെ ഉള്ളില്‍ കറങ്ങി പുറത്തുകടന്നു.

'എന്ത്? എന്താണ് എനിക്ക് കിട്ടിയത്. ചോദിക്കുന്നത് ഒക്കെ കിട്ടിയത് എന്താണെന്ന് കൂടി പറയൂ. വക്കീല് ഞാന്‍ വന്നപ്പോള്‍ നോക്കിയ ഈ വളകള്‍ ഉണ്ടല്ലോ. ഒന്നു മാറ്റി വാങ്ങാന്‍ പറയാന്‍ തുടങ്ങീട്ട് ഇരുപത് വര്‍ഷായി. ഒരു അണ പൈസ എനിക്ക് തരില്യാ. പിന്നെ എന്താണ് ഞാന്‍ എടുത്തതും കിട്ടീതും'

ലത ഉറച്ച ശബ്ദത്തില്‍ ചോദിച്ചു.

'ഉണ്ണാനും ഉടുക്കാനും ഉള്ളതൊക്കെ തരണില്ലേ. കിടക്കാന്‍ ഇടം ഇല്ലേ. പിന്നെ എനിക്ക് ചില നിഷ്ഠകള്‍ ഉണ്ട്. അതൊന്നും ഈ വയസ്സാം കാലത്തു മാറ്റാന്‍ ഒക്കില്യ. എനിക്ക് പരിപ്പ് ഗ്യാസ് ആണ്. ഉരുളക്കിഴങ്ങും അങ്ങനെത്തന്നേണ്. പിന്നെ ഒരു വെളുത്ത കറി, പച്ചനിറ ഉപ്പേരി, ചുവന്ന തോരന്‍ മൊളകൂഷ്യം, കൊണ്ടാട്ടം, പപ്പടം, രസം ഇതൊക്കെ കൂട്ടിയൊരൂണ് നിര്‍ബന്ധമാണ്. അത് കഴിഞ്ഞു ഇച്ചിരി മധുരം. പിന്നെ രാവിലെ വെച്ചത് ഉച്ചയ്ക്കും ഉച്ചയ്ക്കത്തത് വൈകിട്ടും ഞാന്‍ കഴിക്കില്ല ട്ടോ വക്കീലേ. ഇതൊക്കെയാണോ ഒരു കാരണം!'

ശിവദാസന്‍ പറഞ്ഞു നിര്‍ത്തി.

ഇന്നലെ ഉച്ചയ്ക്ക് കഴിച്ച കറിയുടെ ബാക്കി ഫ്രിഡ്ജില്‍ നിന്നെടുത്തു രമ രാവിലെ ചൂടാക്കി പാത്രത്തില്‍ ആക്കിയത് വക്കീല്‍ ഓര്‍ത്തു.

'സ്വാതന്ത്ര്യം! എനിക്ക് വേണ്ടത് സ്വാതന്ത്ര്യമാണ്.'-ലത പറഞ്ഞു.

'അവള്‍ക്ക് കണ്ടവന്‍മാരുടെ കൂടെ കൂത്താടാനുള്ള സ്വാതന്ത്ര്യം കൊടുക്കാന്‍ പറ്റില്ല വക്കീലെ.' അയാള്‍ കയര്‍ത്തു.

ലതയ്ക്ക് ദേഷ്യം ഇരച്ചു കയറി.

'ഞാനിന്ന് വരെ തനിച്ചൊന്ന് ആകാശത്തോട്ട് നോക്കിയിട്ടില്ല. ഇങ്ങേരു പറയുന്നിടത്തോട്ട് നോക്കിയും പറയുംപോലെ ചലിച്ചും എനിക്ക് മടുത്തു. എന്റെ ഉള്ളിലൊരു സ്ത്രീ പിടയുകയാണ്. അഭിപ്രായം പറയാന്‍ കഴിയാതെ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ ആകാതെ, ഉടുപ്പിടാന്‍ കഴിയാതെ, ഇഷ്ടമുള്ള ഒരു പരിപാടി കാണാന്‍ കഴിയാതെ ഇങ്ങേരുടെ ഇഷ്ടങ്ങള്‍ക്ക് പാവകളിച്ചു ഞാന്‍ മടുത്തു. വക്കീലിന് അറിയുമോ, കേക്കണം. എനിക്ക് മഴ എന്തിഷ്ടമാണെന്നോ. പനി പിടിച്ചാല്‍ വീട്ടുകാര്യം വഷളാകും. ഡോക്ടറെ കണ്ടാല്‍ ചിലവ് കൂടും എന്നു പറഞ്ഞു കല്യാണം കഴിഞ്ഞു ഒരു ചാറ്റല്‍ മഴ പോലും മര്യാദയ്ക്ക് ഞാന്‍ കണ്ടിട്ടില്ല. 
കൂടിവന്നാല്‍ പത്തുകൊല്ലം ഞാനിനി ജീവിക്കും. എനിക്ക് എനിക്കിഷ്ടമുള്ളത് പോലെ ജീവിക്കണം. കൂടുതല്‍ ഒന്നും പറയാന്‍ ഇല്ല. ഇനി പറഞ്ഞാല്‍ പല്ലിട കുത്തി മണപ്പിക്കല്‍ ആകും. എനിക്ക് ഒഴിയണം. അതിനുള്ളത് ചെയ്യ് വക്കീലെ.'

അവള്‍ എണീറ്റു.

'അല്ല,അപ്പോ എന്റെ കാര്യങ്ങള്‍ ആരു നോക്കും? നിന്നെ ഞാന്‍ അങ്ങനങ്ങ് വിടില്യ. ആഹാ ഇത്ര അഹങ്കാരമോ പെണ്ണുങ്ങള്‍ക്ക്. എന്റെ തറവാട്ടില്‍ ഇതുവരെ ഒരു സ്ത്രീയും ഭര്‍ത്താവിന് മുന്‍പില്‍ ശബ്ദം ഉയര്‍ത്തീട്ടില്ല. ഒരുത്തീം ഉമ്മറപ്പടിയ്ക്ക് ഇപ്പുറം കടന്നിട്ടില്ല.'-ശിവദാസന്‍ ചെരുപ്പ് നിലത്തുരച്ചു.

'ഇത് തന്നെയാണ് വക്കീലേ ഞാന്‍ പറഞ്ഞത്. ഇദ്ദേഹത്തിന്റെ നാവില്‍ നിന്നു തന്നെ കേട്ടല്ലോ. വര്‍ഷങ്ങളായി ഞാന്‍ ഇത് കേട്ട് അകത്തിരിക്കുന്നു. പുറംലോകം എന്നൊന്ന് എനിക്കില്യാ. വെക്കാനും പെറാനും ആവതുമില്യ. വക്കീലിനോടും ഡോക്ടറോടും കള്ളം പറയരുതെന്നല്ലേ. ഇനി എന്റെ മേല്‍ കുതിര കയറാന്‍ വന്നാല്‍ ഞാന്‍ കൈയ്യില്‍ കിട്ടുന്നത് എടുത്തു തലമണ്ട പൊളിക്കും. സഹിക്കണേന് പരിധിയുണ്ട്. മൂന്നു കുട്ടികള്‍ ഉണ്ടായതല്ലാതെ ഇന്നേവരെ എന്റെ ഇഷ്ടങ്ങള്‍ അക്കാര്യത്തില്‍ പോലും ഇദ്ദേഹം തിരക്കീട്ടില്യ. ഇപ്പോള്‍ ആണെങ്കില്‍ എനിക്ക് ആര്‍ത്തവവിരാമമാണ്. ശരീരം കൊണ്ട് ഒട്ടും വയ്യ.'

ലതയുടെ മറുപടിയില്‍ ശിവദാസന്റെ പത്തിതാണു.

'ഏഭ്യ. കിടപ്പറ രഹസ്യം കൊട്ടിഘോഷിക്കുണു.'-അയാള്‍ പിറുപിറുത്തു.

'ഒന്നുകൂടി ആലോചിച്ചിട്ട് പോരെ.'-വക്കീല്‍ സ്വരം മയപ്പെടുത്തി.

'മുപ്പത്തിയഞ്ച് വര്‍ഷമായി ഞാന്‍ ആലോചിക്കുന്നു.ഇനി വയ്യ.'-ലത പറഞ്ഞു.

'ഈ കുലടയെ എനിക്കിനി വേണ്ട. ആര്‍ടെ കൂടാണെന്നു വച്ചാല്‍ സുഖം കിട്ടണിടത്ത് അവള് പോകട്ടെ. എന്താന്ന് വച്ചാല്‍ ചെയ്യ് വക്കീലേ.'

പിഞ്ഞിപറിഞ്ഞ സ്വരത്തില്‍ ശിവദാസന്‍ അതു പറഞ്ഞെങ്കിലും അയാളുടെ ഉള്ളില്‍ ആകുലതകളുടെ വേലിയേറ്റം നടക്കുകയായിരുന്നു. രാത്രി അത്താഴം, രാവിലെത്തേത്, ഉച്ച, അത്താഴം, മധുരം, മുറുക്കാന്‍, വീടിനകത്തെ പൊടി, ചപ്പ്, ചവറ് ,ശബ്ദങ്ങള്‍.

അയാള്‍ക്ക് ഭയം തോന്നി.

കൈകള്‍ വിടര്‍ത്തി ലത നടന്നു നീങ്ങുന്നത് പൊട്ടുപോലെ മായുംവരെ അയാള്‍ കണ്ടു. കസേരയില്‍ പിടിച്ചിരുന്നു അയാള്‍ വിയര്‍ത്തു.

വീട്ടില്‍ ചെന്നാലുടന്‍ ഭാര്യയുടെ ഇഷ്ടങ്ങള്‍ തിരക്കണമെന്നു വക്കീലുറപ്പിച്ചു. അടുക്കളയിലേക്കുള്ള ഭാര്യയുടെ ക്ഷണം സ്വീകരിക്കുന്നതും ദാമ്പത്യബന്ധത്തില്‍ വിള്ളലുകള്‍ ഒഴിവാക്കാന്‍ അത്യന്താപേക്ഷിതമാണ് എന്നു അയാള്‍ മനസ്സില്‍ കുറിച്ചു.

രണ്ടു പുരുഷന്മാരുടെ മാനസിക വ്യാപാരങ്ങള്‍ അറിയാതെ പുറത്തു മഴ അതിശക്തമായി പെയ്തു കൊണ്ടിരുന്നു. അതിനെ മുറിച്ചു കൊണ്ട് ലത അതിവേഗം നനഞ്ഞുനീങ്ങി.



ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

click me!