ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലിസ ലാലു എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
ജനലഴികള്‍ക്കിടയിലൂടെ ഇളവെയില്‍ അവളുടെ കാലിലൂടെ വിരലുകളിലേക്ക് പടര്‍ന്നു.
'നോക്കൂ നീയെന്റെ ആത്മാവിന്റെ ഇലപ്പച്ചകളെ കണ്ടിട്ടുണ്ടോ? വേരുകളില്‍ വിരിയുന്ന വസന്തങ്ങള്‍ നിനക്കറിയാമോ?'
കണ്ണുകളില്‍ നിറയെ സ്വപ്നം നിറഞ്ഞ പെണ്‍കുട്ടി ചോദിച്ചു. നീരുവച്ച കാല്‍പാദങ്ങള്‍ കുഴമ്പിട്ടു തലോടി അയാള്‍ അവളെ മിഴിച്ചു നോക്കി. പ്രണയം പക്വമാക്കിയെന്നു അയാള്‍ അവകാശപ്പെട്ട അറിവുകളുടെ സൂചിക അപ്പോളും താഴ്ന്നു നിന്നു.
'നീ വെയിലു കൊള്ളണം. നീരൊക്കെ വലിഞ്ഞോളും. പിന്നെ കൊച്ചിന് മഞ്ഞ വരാതെയിരിക്കാന്‍ വെയിലു നല്ലോണം കൊള്ളണം. കുനിഞ്ഞാണോ മുറ്റം അടിക്കുന്നത്? അങ്ങനെ ചെയ്താലേ സുഖ പ്രസവം കിട്ടുകയുള്ളൂ. നാളെ രാവിലെ നമുക്ക് കുന്നു കയറാന്‍ പോകാം. എന്താ..പണ്ട് നമ്മള് രണ്ടൂടെ കയറാത്ത കുന്നുണ്ടോ. എത്ര കാലമായി അല്ലേ. വിവാഹത്തേക്കാള്‍ പ്രണയിച്ച കാലമാണ് നല്ലത് അല്ലേ?'
അവന്‍ അവളെ നോക്കാതെ പറഞ്ഞു.
'ഓ, നമ്മളും പ്രസവിച്ചതാണേ. അതിലൊന്നാണ് ഇപ്പോ അവടെ കൂടെ പൊനത്തില്‍ ഇരിക്കുന്നത്. ഇതുപോലൊന്നും കേറി കൂട്ടിലിരിക്കുകേലാരുന്നു ഇവിടാരും. ഇവള്‍ക്ക് ഒരു കൊഴപ്പവും ഇല്ല. എന്റെ മോള്‍ക്ക് ആണേല്‍ തീരെ വയ്യ. പാവം അവിടെ അവന്റെ അമ്മ നല്ലോണം നോക്കും. പിന്നെ അവക്ക് കേറി വരാന്‍ വീടുണ്ട്. ഇവളെന്റെ മോനെ കണ്ണും കൈയും കാണിച്ചു അടിച്ചെടുത്തതാ.'
'മോളുടെയും പ്രേമവിവാഹം അല്ലായിരുന്നോ? അവള് പുളിങ്കൊമ്പത്താ പിടിച്ചേന്നും ഈ കൊച്ചും നല്ല കുടുമ്മത്തിപ്പെറന്നതാണെന്നും നാട്ടിലൊക്കെ സംസാരമുണ്ട് കെട്ടോ'
'എന്റെ മോളുടെ സ്വഭാവവും സൗന്ദര്യവും കണ്ടിട്ടാണ് അവനവളെ ഇഷ്ടപ്പെട്ടത്. ഇവളെ അങ്ങനെയല്ല. ഒന്നും കിട്ടപ്പോരില്ല. സ്വഭാവം ആണേല്‍ പറയേം വേണ്ട.'
പുറത്തെ സംഭാഷണങ്ങളിലേക്ക് ചെവികൊടുക്കാതെ അവന്‍ അവളെ നോക്കി.
വെളുത്തു വിളറിയിരിക്കുന്നു. വയറു താഴ്ന്നു തൂങ്ങിയിരിക്കുന്നു.
'നീയിവിടെ പണിയെടുക്കല്‍ മാത്രേ ഉള്ളോ. ഒന്നും തിന്നുന്നില്ലയോ.' അവന് ശ്വാസം മുട്ടി.
അവളൊന്നും മിണ്ടിയില്ല.
വെളുത്തു വീര്‍ത്ത വയറിനു മുകളിലൂടെ നീലച്ച ഞരമ്പുകള്‍ വളഞ്ഞും പുളഞ്ഞും ഇളകി.
'നോക്കൂ അവളിളകുന്നു.' അവള്‍ ആര്‍ത്തു.
'അവന്‍'
അയാള്‍ മുരണ്ടു.
'പെണ്ണായാല്‍ എന്താ കുഴപ്പം?' അവള്‍ ചുവന്നു വിറച്ചു.
'എന്റെ കുടുംബം നിലനിര്‍ത്താന്‍ ആണിനെ കഴിയൂ' അയാളും കോപിച്ചു.
അയാളുടെ വേരുകളും ഇലപച്ചകളും അവള്‍ക്കില്ലാതായ പച്ചിലചാര്‍ത്തുകളും ഓര്‍ത്തു അവള്‍ വിക്കി പറഞ്ഞു.
' പെണ്ണ് മതി.'
ഇരുട്ടില്‍ വീട് പുറകില്‍ മറയുന്ന നിഴലോര്‍മ്മയില്‍ അവള്‍ കലങ്ങി.
'ആണല്ലേല്‍ വീട്ടീന്ന് ഇറങ്ങേണ്ടി വരും. അമ്മയേം അച്ഛനേം അറിയാലോ നിനക്ക്'
അയാള്‍ അശ്രദ്ധമായി തട്ടി കുഴമ്പു പാത്രം മറിഞ്ഞു പരന്നൊഴുകി.
പ്രണയകാലത്തെ ശാന്തതയും സുരക്ഷിതത്വവും നിറഞ്ഞ വാക്കുകളുടെ വെളുപ്പ് ഓര്‍മ്മകള്‍ അവളുടെ തലചുറ്റിച്ചു. നിറമില്ലാത്ത ജലം ആത്മാവിന്റെ നൊമ്പരമായി കാലുകള്‍ക്കിടയിലൂടെ പുറത്തേക്കൊഴുകി.
'അമ്മേ ,അമ്മേ ഓടിവായോ.'
വാതില്‍ തുറന്നുള്ള നിലവിളിയില്‍ അവരോടിവന്നു.
'പേറ്റിച്ചിയെ വിളിക്ക്. തഴപ്പായ എടുക്ക്. അപ്പുറത്തെ ചായ്പ്പിലോട്ട് പോ..'
'ആ...'
അവള്‍ നൊന്തു കരഞ്ഞു.
ഏഴാം മാസത്തിന്റെ ദുര്‍ബലതയില്‍ പിടഞ്ഞു.
രക്തവും വെള്ളവും പായില്‍ പടര്‍ന്നു.
'എന്നെക്കൊണ്ട് കൂട്ടിയാല്‍ കൂടില്ല. ആശൂത്രിയില്‍ കൊണ്ടൊയ്ക്കൂടെ സരോജിനിയെ? കൊച്ചിന് വലുപ്പം കൂടുതലാണെന്ന് തോന്നുന്നു.അന്റെ ചെക്കനെവിടെ?'
'ഇവിടാരും ആസൂത്രിയില്‍ പെറ്റിട്ടില്ല.
ഞാന്‍ എന്റെ അഞ്ചെണ്ണത്തിനേം പെറ്റത് ഈ ചായ്പ്പിലാണ്. ഓനെ പറഞ്ഞു ബേജാറാക്കണ്ട. ഇയ്യ് തന്നെ നോക്ക്.'
'അപ്പോ അന്റെ മൂത്തോളോ?'
'ഓള് വേറെ വീട്ടിലല്ലേ നാണി. ഇയ്യ് ഇവിടുത്തെ കാര്യം നോക്ക്.'
ഭിത്തി തുളച്ച ആക്രോശവും പൊന്നും പണവും കൊണ്ടുവരാത്തൊരുത്തിയ്ക്ക് വേലികെട്ടി.
'കുട്ട്യേ.. മയങ്ങല്ലേ. മുക്ക് മുക്ക്. ഉറങ്ങല്ലേ.'
'ഉയന്റപ്പാ..ഒത്തിരി ചോര പോണ്.'
ചെക്കാ..ചെക്കാ. അനക്കിവളെ വേണോങ്കി എങ്ങട്ടേലും ആസൂത്രിയ്ക്ക് കൊണ്ടൊയ്‌ക്കോ വേഗം.'
നിലാവിന്റെ ചേലാണ് കുഞ്ഞിന്. ചിരി കണ്ടോ. പിച്ചവച്ചു വരുകയാണ്. അമ്മ ദേ..ദേ.. കൈ നീട്ടിയിട്ടും തൊടുന്നില്ലല്ലോ.
'കുഞ്ഞേ.. വാ.. എന്റെ കുഞ്ഞേ.'
'ദേ ശ്വാസം മുട്ടുന്നുണ്ടേ. നീ കാണുന്നില്ലേ. കൊച്ചിനെയെടുക്ക്'
അബോധാവസ്ഥയില്‍ ആംബുലന്‍സില്‍ അവള്‍ ഞരങ്ങി.
'സമയത്തു ആശൂത്രിയില്‍ കൊണ്ടോയാല്‍ കൊച്ചു ചാകുകേലാരുന്നു.'
നനഞ്ഞ മണ്ണില്‍ ചെറുകുഴിയ്ക്കു മുകളില്‍ അവള്‍ പടര്‍ന്നു കിടന്നു.
'എന്റെ കുഞ്ഞേ...'
ഭൂമിയുടെ അകക്കാമ്പിനെ തൊട്ടുകൊണ്ട് ഒരു വിത്ത് മുളയ്ക്കാന്‍ തുടങ്ങി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...