ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലിസ ലാലു എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
നിഖിതയ്ക്ക് ഇപ്പോള്‍ ഒരേയൊരാഗ്രഹം മാത്രമേയുള്ളൂ. അത് ഏറ്റവുമടുത്തു കിട്ടിയ ടാര്‍ജെറ്റോ അതിനായി തീര്‍ക്കാന്‍ ഇരിക്കുന്ന ഡെഡ്‌ലൈനോ ഒന്നുമല്ല. മുഖത്ത് നാസികാഗ്രത്തില്‍ കുത്തിവച്ചിരിക്കുന്ന ട്യൂബുകള്‍ കുറച്ചു താഴ്ത്തി അവള്‍ ഗൂഗിളില്‍ സേര്‍ച്ച് ചെയ്തുകൊണ്ടിരുന്നു. പുതിയ വിപണന തന്ത്രങ്ങള്‍ നന്നായി വര്‍ക്ക് ഔട്ട് ആകുന്ന ബ്രെയിനാണവളുടേതെന്ന് എന്നും ഗ്രീന്‍ സ്റ്റാര്‍ കമ്പനി മുതലാളി നരേന്ദ്രന്‍ പറയാറുണ്ട്.
അയാളത് പറയുമ്പോള്‍ വരണ്ട ചിരി ചുണ്ടിലുണങ്ങിപ്പിടിച്ചിരിക്കും.
എങ്കിലും രാവെളുക്കുവോളം നീളുന്ന ഈ തിരച്ചില്‍ നല്‍കിയ കട്ടിക്കണ്ണട തെല്ലൊന്നുമല്ല അവളെ അലോസരപെടുത്തുന്നത്. നീണ്ട മുടി ജോലിക്ക് തടസമായപ്പോള്‍, താരന്‍ പെരുകിയപ്പോള്‍ ഒരൊറ്റ തവണയല്ല അവളത് മുറിച്ചു കളഞ്ഞത്. ഇപ്പോള്‍ മുടിയില്ലാത്ത അവള്‍ തന്നെപ്പോലെത്തന്നെയാണെന്ന് രോഹിത്ത് പറയാറുണ്ട്.
നിഖിതയുടെ ഇപ്പോഴത്തെ ആഗ്രഹം അതൊന്നുമല്ല: കൊടുങ്കാട്ടില്‍, എന്നുവച്ചാല്‍ വെളിച്ചം കുറച്ചു മാത്രം എത്തിനോക്കുന്ന ഘോരവനത്തിന്റെ ആ പച്ചപ്പില്‍ ഇത്തിരിനേരം ആ മരങ്ങള്‍ക്കിടയിലൂടെ നടക്കണം. മരങ്ങള്‍ മഴവീണ് പച്ചനിറത്തിലിരിക്കണം. അവിടെ അരുവി തഴുകുന്ന പായല്‍ നിറഞ്ഞ പാറയില്‍ ഒരു മണിക്കൂര്‍ ഇരിക്കാന്‍. വേണ്ട ഒരു മിനിട്ടുനേരം ശുദ്ധവായു ശ്വസിക്കാന്‍, ഹൃദയം നിറയുന്ന രീതിയില്‍ ശ്വാസം വലിക്കാന്‍...
ചെറുപ്പത്തില്‍ അവളുടെ ആഗ്രഹം നല്ല ശമ്പളമുള്ള ഒരു ജോലിയായിരുന്നു. അമ്പുട്ടാന്‍ പൊട്ടിയിലെ ചോര്‍ന്നൊലിക്കുന്ന കൂരയില്‍ നിന്നൊരു മോചനം. സഹായഹസ്തങ്ങളില്‍ പിടിച്ചാണ് അവള്‍ ഇവിടെ വരെയെത്തിയത്. ഇടതൂര്‍ന്നു നിന്ന അപ്പക്കാട്ടിലും തകരച്ചെടികള്‍ക്കിടയിലും അവള്‍ ഇടയ്ക്കു പോയി സംസാരിക്കാറുണ്ടായിരുന്നു. എല്ലാവരും അവള്‍ക്ക് ചെറിയൊരു 'നൊസ്സു'ണ്ടെന്നു പറഞ്ഞു തുടങ്ങിയത് അപ്പോളാണ്.
മഴ പെയ്താല്‍ മണ്ണിന്റെ പുതുഗന്ധം തേടി അവള്‍ ആ മരങ്ങള്‍ക്കിടയില്‍ തല ചായ്ച്ചുകിടക്കും. ഉറുമ്പിന്‍കൂനകളില്‍ നിന്നും ഈയലുകള്‍ ഉയരുമ്പോള്‍, അവരെപ്പോലെ ചിറകുകള്‍ തനിയ്ക്കുമുണ്ടായിരുന്നെങ്കിലെന്നാശിച്ചു അവള്‍ നില്‍ക്കും. നിമിഷനേരത്തേക്കെങ്കിലും ഈ കാട്ടിലൂടെ പറന്നുയരാന്‍ അവള്‍ കൊതിക്കും. ഇരുട്ടുമ്പോള്‍ 'നിക്കീ'എന്ന വിളിപ്പേരുകേട്ടു തിരിച്ചോടും.
ഇപ്പോളവള്‍ക്ക് രണ്ടു ലക്ഷം രൂപ ശമ്പളമുണ്ട്. പക്ഷെ മനസ്സുതുറന്നൊന്നു ശ്വസിക്കാന്‍ കഴിയുന്നില്ല. അമ്പുട്ടാന്‍പൊട്ടിയിലെ കൂരയില്‍ നിന്ന് ഫ്‌ലാറ്റിലെ പതുപതുത്ത ബെഡ്ഡിലേക്ക് വളര്‍ന്നതൊരു ശാപമായിട്ടാണ് എന്നും അവള്‍ക്കനുഭവപ്പെടുന്നത്. അവള്‍ക്ക് അവളുടെ ഹൃദയത്തിലെ പച്ചപ്പ് നഷ്ട്ടപ്പെട്ടുപോയി.
അവള്‍ ട്യൂബ് ഒന്നുകൂടി വലിച്ചു നീക്കി. പൊടിയും പുകയും കലര്‍ന്ന വരണ്ടമണമുള്ള ഇരുണ്ട വായു മൂക്കുതുളച്ചു. അവള്‍ ട്യൂബിന്റെ വിരിഞ്ഞ അഗ്രം കൊണ്ട് മൂക്കിനെ മറച്ചുവെച്ചു. ആഫ്രിക്കയിലെ ഘോരവനാന്തരങ്ങളെക്കുറിച്ചുള്ള വിവരങ്ങളാല്‍ സ്‌ക്രീന്‍ നിറഞ്ഞു. അവള്‍ ട്യൂബ് വലിച്ചുമാറ്റി ശ്വസിക്കാന്‍ ശ്രമിച്ചു. ചിത്രങ്ങളിലെ ഹരിതവര്‍ണ്ണം ഓക്‌സിജന്‍ ഉല്പാദിപ്പിക്കുകയില്ലെന്ന സത്യം ഒരു ഞെട്ടലോടെ അവള്‍ തിരിച്ചറിഞ്ഞു.
മൊബൈല്‍ഫോണ്‍ ചിരിച്ചു -'ഹലോ നിഖീ നീയെവിടെ എന്തെടുക്കുവാ. ഞാനിപ്പോള്‍ നിനക്ക് ഒരു മെസ്സേജ് അയച്ചിരുന്നു. നീ ഫ്രീയാണേല്‍ വായിക്ക്.' രോഹിത്താണ്.
'രോഹിത്, ഐ ആം ബിസി നൗ. 'അവള്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തിട്ട് സ്‌ക്രീനിലേക്ക് നോക്കി. ഗൂഗിളില്‍ കേരളത്തിലെ കാടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ സൈലന്റ് വാലിയായിരുന്നു ആദ്യം കണ്ടത്. ആ കാട്ടില്‍ തന്റെ സ്വപ്നസ്ഥലമുണ്ടാകുമെന്നു മോഹിച്ചു അവിടെയെത്താന്‍ അവള്‍ കൊതിച്ചുപോയി.
രണ്ട്
മഴക്കാടുകളെക്കുറിച്ചു ധാരാളമായി പിറുപിറുപ്പുകള്‍ തുടങ്ങിയപ്പോളാണ് രോഹിത്ത് നിഖിതയുമായി ആനന്ദവല്ലി എന്ന സ്ത്രീദൈവത്തെ കാണാന്‍ പുറപ്പെട്ടത്. രോഹിത്തിന്റെ നിര്‍ബന്ധമാണ് വിശ്വാസമില്ലാഞ്ഞിട്ടും അവളെ അവിടെയെത്തിച്ചത്. കാവിസാരിയുടുത്തു ഭീകരമായി പുഞ്ചിരിക്കുന്ന അവര്‍ നിഖിതയില്‍ ഭദ്രകാളിയെ നേരിട്ടുകണ്ട പ്രതീതിയുണ്ടാക്കി. കാല്‍പാദ സ്പര്‍ശനവും മറ്റും കഴിഞ്ഞു കമ്പനി കാറില്‍ തിരിക്കവേ നിഖിതയ്ക്ക് ഇത്തിരി സമാധാനമായി. 'ഇപ്പോഴെങ്ങനെയുണ്ട് ?' രോഹിത്ത് ചോദിച്ചതിന് ഒരു പുഞ്ചിരിയായിരുന്നു മറുപടി.
അടുത്ത ആഴ്ച യാദൃച്ഛികമായി രോഹിത്തിന്റെ മെസേജ് വായിച്ചു അവള്‍ ഞെട്ടി.
'ദൈവം സയനൈഡ് കഴിച്ചു ആത്മഹത്യ ചെയ്തു.'
രാത്രി രോഹിത്ത് വിളിച്ചു. 'നീ ഇന്നെങ്കിലും എന്റെ കൂടെ വരൂ. നമുക്ക് ഇന്ന് രാത്രിയില്‍ ക്ലബ്ബില്‍ പോകാം. എന്‍ജോയ് യുവര്‍സെല്‍ഫ് നിഖീ.. വി ഹാവ് ഒണ്‍ലി ആ ലൈഫ് ടു എന്‍ജോയ്. യു ഷുഡ് ഡ്രിങ്ക് ലൈഫ് ടു ദി ലീസ്.'
'നെവര്‍ രോഹിത്ത്, എനിക്ക് പുതിയ ഷെഡ്യൂള്‍ ഉണ്ട്. പുതിയ ടാര്‍ജെറ്റിനുള്ള ഡെഡ്ലൈന്‍ തയാറാക്കണം. നിങ്ങളെല്ലാവരും ഇപ്പോളുപയോഗിക്കുന്നത് ഞങ്ങളുടെ കമ്പനിയുടെ പ്രോഡക്റ്റ് ആണ്. ഞാന്‍ അഹോരാത്രം കഷ്ട്ടപ്പെട്ടിട്ടാണ് ഇത്തരത്തില്‍ ഒരു പ്രോഡക്റ്റ് നിലവില്‍ വന്നത്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കുറച്ചെങ്കിലും കഴിയുമെങ്കില്‍ അതെങ്കിലും നടക്കട്ടെ.'
അവള്‍ തന്റെ സ്‌കര്‍ട്ട് ഒന്നു വലിച്ചിട്ടശേഷം പറഞ്ഞു നിര്‍ത്തി. അന്തരീക്ഷവായുവിനെ വലിച്ചെടുത്ത് അതിനെ ചില രാസപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കി നിഖിതയുടെ ഭാഷയില്‍ 'ആര്‍ട്ടിഫിഷ്യല്‍ ഓക്‌സിജന്‍' ഉണ്ടാക്കുന്ന ഒരേയൊരു കമ്പനി 'ഗ്രീന്‍ സ്റ്റാര്‍'ആണ്. ഇപ്പോള്‍ വളരെയേറെ ആവശ്യക്കാര്‍ കൂടിയിട്ടുണ്ട്. ഇതിന്റെ മാസ്റ്റര്‍ ബ്രെയിന്‍ നിഖിതയുടേതാണ്.
കമ്പനിയില്‍ ചെന്ന ആദ്യമാസത്തില്‍ തന്നെ ഇതു കണ്ടുപിടിച്ചതിന്റെ പ്രതിഫലമാണ് മാസവരുമാനത്തില്‍ ഒരു ലക്ഷം കൂടി ഉയരാന്‍ കാരണമായത്. പക്ഷെ ഈ ട്യൂബിങ്ങനെ ഇടുകയെന്നതൊരു ബുദ്ധിമുട്ടായി വരുന്നതിനാല്‍ അതിനുകൂടി ഒരു സൊല്യൂഷന്‍ കണ്ടെത്താനാണ് നരേന്ദ്രന്‍ മുതലാളി പറഞ്ഞത്. ലാഭത്തില്‍ ഇരുപത്തിയഞ്ചു ശതമാനം നിഖിതയ്ക്കാണ്. അത് മതി ഈ ജന്മം മുഴുവന്‍ സുഖമായി കഴിയാന്‍ !
പക്ഷെ, ഈ ടാര്‍ജറ്റ്...
ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ടും ബലമില്ലാതായപ്പോളാണ് അവള്‍ തന്റെ ഇച്ഛാശക്തി ഉപയോഗിച്ചത്. മൊബൈല്‍ഫോണുകളെ ചിപ്പുകളിലേക്കെന്നപോലെ മാറ്റിയ അതേ ഐഡിയ തന്നെ ഇവിടെയും പ്രയോഗിക്കുക. എന്നാല്‍ അതെങ്ങനെ? 'ആര്‍ട്ടിഫിഷ്യല്‍ ക്ലോറോപ്ലാസ്റ്റില്‍ ചില മാജിക്കല്‍ അപ്രോച്ചസ് വേണ്ടിവരും.' അവള്‍ തന്നെത്താന്‍ പറഞ്ഞു.
ട്യൂബിന്റെ മാസ്‌ക് കുറച്ചുകൂടി മുറുക്കി അവള്‍ ആ ടാര്‍ജറ്റ് ഡിസൈന്‍ ചെയ്തു. രാത്രി രോഹിത്തിന്റെ ഫോണ്‍ കാള്‍ അവളെ തേടിയെത്തി. കുഴഞ്ഞ ശബ്ദത്തില്‍ അവന്‍ ചോദിച്ചു: 'നീ വരുന്നില്ല അല്ലേ? നിന്റെ ടാര്‍ജറ്റും കോപ്പും മണ്ണാങ്കട്ടേം... അവസാനം ഒരു കുന്തോം കൂട്ടിനുണ്ടാവൂല്ല. യു ആര്‍ മാഡ്. ആം എലോണ്‍... കം വിത്ത് മീ ആന്‍ഡ് ബി മൈ ലവ് ടുനൈറ്റ്. വരുന്നോ, ഇല്ലയോ? ഇപ്പറിയണം.'
ദേഷ്യത്തോടെ ഫോണ്‍ വലിച്ചെറിഞ്ഞിട്ട് ചെറിയ ചിപ്പുകളെക്കുറിച്ചുള്ള ഡീറ്റെയില്‍സ് കളക്ട് ചെയ്യുകയായിരുന്നു അവള്‍ ചെയ്തത്. പുലര്‍ച്ചെ രണ്ടേമുക്കാലോടുകൂടി ആ പ്രശ്‌നത്തിനുള്ള ഉത്തരവും കിട്ടി. ഉറക്കക്ഷീണം കാരണം കണ്ണുകള്‍ അടഞ്ഞടഞ്ഞുതീര്‍ന്നപ്പോള്‍ ലാപ്‌ടോപ്പിന്റെ മീതെ കിടന്നു അവളുറങ്ങി. രാവിലെ ഒന്‍പതരയ്ക്ക് സൊല്യൂഷനുമായി തിരിക്കവേ എന്തെന്നില്ലാത്ത ഒരാഹ്ലാദം അവളുടെ മനസ്സില്‍ നിറഞ്ഞു. റോബോട്ടുകളെക്കാളും വലിയ കണ്ടുപിടുത്തം ആണിത്. ഇതിനു തനിക്കേതെങ്കിലും അവാര്‍ഡ് വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. കമ്പനിക്കാറില്‍ ഒന്നുകൂടി ഞെളിഞ്ഞിരുന്നു അവള്‍ തന്റെ ഗവേഷണഫലം സ്ഥിരപ്പെടുത്തി. ഇനി കമ്പനി കടകളില്‍ തിരക്ക് കൂടും. കൃത്രിമ വായുവിനായി ഈ പുകയും പൊടിയും മൂലം അസ്വസ്ഥരാകുന്നവര്‍ ക്യൂ നില്‍ക്കും.
വാഹനങ്ങളുടെ അമിതവേഗം കുറയ്ക്കാനുള്ള സിഗ്‌നല്‍ കിട്ടിയപ്പോള്‍ ഡ്രൈവര്‍ കാര്‍ പതുക്കെ ഓടിക്കാന്‍ തുടങ്ങി. അയാള്‍ കാറിന്റെ ലൈറ്റ് ഇട്ടിരുന്നു. പകല്‍ ഇരുണ്ടു പുകയാല്‍ മൂടിക്കെട്ടിയിരുന്നു. രോഹിത്തിന്റെ ക്ഷമ ചോദിച്ചുകൊണ്ടുള്ള അഞ്ചു മെസ്സേജുകള്‍ അവളെണ്ണി.
കണ്ണുകള്‍ക്ക് കനം വച്ചിരുന്നു. കാലുകളില്‍ നീരുകൂടാന്‍ തുടങ്ങിയിരുന്നു. മൊബൈല്‍ സീറ്റിലേക്ക് തള്ളി പെറ്റമ്മ കുഞ്ഞിനെ മാറോട് ചേര്‍ക്കും പോലെ ലാപ്‌ടോപ് ചേര്‍ക്കവേ അവള്‍ തന്റെ കൈ വിരലുകളിലേക്ക് നോക്കി. നിരന്തര ചലനത്താല്‍ കൈവിരലുകള്‍ നീണ്ടിരിക്കുന്നതായും കൈ നീളം കുറഞ്ഞിരിക്കുന്നതായും അവള്‍ക്കു തോന്നി.
ബിരുദക്ലാസ്സില്‍ വച്ച് സുവോളജി അധ്യാപകന്‍ പറഞ്ഞ വാചകം അവളുടെ ഓര്‍മ്മയിലെത്തി. നാം ഉപയോഗിക്കാത്ത അവയവങ്ങള്‍ ശോഷിക്കുകയും ഉപയോഗിക്കുന്നവ മെച്ചപ്പെടുകയും ചെയ്യും. ഉദാ : നിക്റ്റിറ്റേറ്റിംഗ് മെംബ്രേയ്ന്‍. അവള്‍ വിരലുകളിലേക്ക് കണ്ണു തുറിച്ചു നോക്കി. ലാപ്‌ടോപ്പ് നിവര്‍ത്തി കൈകള്‍ ചലിക്കാന്‍ തുടങ്ങി. സംഗീതോപകരണം വായിക്കുന്ന ലാഘവത്തോടെ അവള്‍ ഓരോ അക്ഷരത്തിന്മേലും കൈകള്‍ ചലിപ്പിച്ചു. അവളുടെ ചുണ്ടുകളില്‍ ഒരു മന്ദഹാസം പൂത്തു.
മൂന്ന്
കമ്പനിയില്‍ ചെന്ന് ബോസിന്റെ മുന്‍പില്‍ ലാപ്‌ടോപ്പ് നിവര്‍ത്തി. അയാള്‍ അത് ചെക്ക് ചെയ്യവേ അയാളുടെ മുഖത്ത് ആദ്യം തെളിഞ്ഞ മന്ദഹാസം ക്രൂരഭാവം ആര്‍ജ്ജിച്ചു. അയാളുടെ ഞരമ്പുകള്‍ വലിഞ്ഞു മുറുകി. കണ്ണുകള്‍ തുറിച്ചു വന്നു. മുഖത്ത് രക്തമയം നഷ്ടപ്പെട്ടു. ആ ഭാവം നിഖിതയെ തെല്ലൊന്നുമല്ല ആനന്ദിപ്പിച്ചത്. അയാള്‍ വായിച്ചു കഴിയാന്‍ നില്‍ക്കാതെ പറഞ്ഞു :
'ഗെറ്റ് ഔട്ട്.'
അവള്‍ പാറയ്ക്ക് കാറ്റു തട്ടുന്ന രീതിയില്‍ അവിടെ നിന്നു.
' ഐ സെ യു ഗെറ്റ് ഔട്ട് '
അയാള്‍ ചാടിയെണീറ്റു ലാപ്‌ടോപ്പ് അവളുടെ നേരെ വലിച്ചെറിഞ്ഞു അലറി. അവള്‍ അതീവ വാത്സല്യത്തോടെ അതിനെയെടുത്ത് നെഞ്ചോട് ചേര്‍ത്ത് തിരിച്ചു നടന്നു. പുറത്തിറങ്ങി ടാക്‌സി സ്റ്റാന്റിലേക്ക് നടക്കവേ എതിരെവന്ന വൃദ്ധ പിറുപിറുത്തു. 'ഈ മൂക്കില്‍ വെക്കണ കുന്തം കണ്ടുപിടിച്ചതാരാവോ? മുടിഞ്ഞു പോക്യേള്ളൂ. എന്തൊരു പുക... ഖഫ്... ഖൊ...'
ടാക്‌സിയില്‍ കയറി അവള്‍ ലാപ്‌ടോപ്പ് നിവര്‍ത്തി വായിക്കാന്‍ തുടങ്ങി. മഴക്കാടുകള്‍. മഴക്കാടുകളില്‍ മഴ നൂലായി പെയ്തിറങ്ങും. ചിലപ്പോഴവിടെ മഞ്ഞു പെയ്യും. ചിലന്തിവലകളില്‍ മഞ്ഞുതുള്ളികള്‍ അലങ്കാരപ്പണികള്‍ ചെയ്യും. പുല്‍ക്കൊടിത്തുമ്പുകള്‍ ഹിമകണങ്ങളാല്‍ കിരീടം ചൂടും. രാത്രി അരുവിക്കരയില്‍ ചീവീടുകള്‍ കരയും. തവളകള്‍ മുറവിളി കൂട്ടും. കൂടണയുന്ന പക്ഷികളുടെ ശബ്ദം നേര്‍ത്തുവരും. കുറുക്കന്റെ ചെറിയ ഓരിയിടല്‍ കേള്‍ക്കാം. ചില ഗര്‍ജ്ജനങ്ങള്‍ ഇരുളില്‍ പാഞ്ഞടുക്കും. എങ്കിലും ശുദ്ധവായു ശ്വസിച്ചു കൊണ്ടുള്ള ആ മരണം എത്ര രസകരമായിരിക്കും.
നാല്
'എങ്ങോട്ടാണ് മാഡം?'
'മഴക്കാട്ടിലേക്ക്.'
'മഴക്കാട്ടിലേക്കോ?'
'ഇടുക്കിയിലോ പാലക്കാടോ എവിടെയെങ്കിലും ഒരു കാട്ടിലേക്ക് എന്നെയൊന്നു കൊണ്ടിറക്കുക. '
'എന്തിനാണ് മാഡം അവിടെയൊക്കെ പോകുന്നത്?'
'എനിക്കല്പം ശുദ്ധവായു ശ്വസിക്കണം.'
'അതിനെന്തിനു മാഡം അവിടെ പോകുന്നു? ഗ്രീന്‍ സ്റ്റാറിന്റെ പുതിയ പ്രോഡക്റ്റ്... ഈ ട്യൂബ്‌സ് മൂക്കില്‍ ഫിറ്റ് ചെയ്താല്‍ പോരെ?'
ഇതാണ് താന്‍ ലോകത്തോട് ചെയ്ത ഏറ്റവും വലിയ പാതകം എന്നവള്‍ക്കു തോന്നി. അയാളുടെ മൂക്കില്‍ നിന്നു നീണ്ടുവന്ന ട്യൂബുകള്‍ അവളെ നോക്കി പല്ലിളിക്കുന്നതായി അവള്‍ക്ക് തോന്നി.
അഞ്ച്
ദൂരെ ദൂരെയൊരു മഴക്കാടുണ്ട്. അവള്‍ ലാപ്‌ടോപ്പിനോട് കഥ പറഞ്ഞുതുടങ്ങി.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...