ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലിസ ലാലു എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
'എനിക്കീ ബന്ധം തുടരാന്‍ താത്പര്യമില്ല.'
ചില്ലുഗ്ലാസ് വലിയ ശബ്ദത്തില്‍ ഉടഞ്ഞു. അവള്‍ ചിതറിയ ചില്ലുകള്‍ പെറുക്കി തൂത്തെടുക്കുന്നതില്‍ പിറുപിറുത്തു 'എനിക്കീ ബന്ധം തുടരാന്‍ താത്പര്യമില്ല.'
'നിനക്ക് ഇവിടെയെന്താ പണി. നാലുനേരം തിന്നണം, ഉറങ്ങണം, ഫോണില്‍ തോണ്ടണം. അല്ലാതെ ഞാന്‍ ഒന്നും കാണുന്നില്ല.'
അയാള്‍ ആക്രോശിച്ചു. അയാളുടെ ഒച്ചയ്‌ക്കൊപ്പം കുടവയറും തുള്ളി.
'ഈ തിന്നാന്‍ ഉള്ളതൊക്കെ പറഞ്ഞാല്‍ ഉടനെ മേശയില്‍ എത്തുമോ' എന്ന ചോദ്യം ഉമിനീരിനൊപ്പം അവള്‍ വിഴുങ്ങി. അല്ലെങ്കിലും കുറച്ചു നാളുകളായി അവള്‍ അയാളോട് തര്‍ക്കിക്കാറില്ലായിരുന്നു. വിവാഹത്തിന്റെ ആദ്യനാളുകളില്‍ തനിക്ക് നിലനില്‍പ്പിനെന്നോണം അവള്‍ പറയുന്ന വാചകങ്ങള്‍ പിന്നീട് തീതുപ്പും പോലെ പലപ്പോഴും അയാള്‍ അവള്‍ക്ക് നേരെ കുടഞ്ഞു.
'നിനക്ക് മാത്രേ ഉള്ളൂ ഈ പിരീഡ്‌സും ഡിപ്രഷനും. ഈ ലോകത്തുള്ള ബാക്കി പെണ്ണുങ്ങള്‍ക്ക് ഒന്നും ഒരു കുഴപ്പവുമില്ല. എന്റെ അമ്മമ്മയൊക്കെ എന്തുമാത്രം നെല്ലുപുഴുങ്ങി കുത്തിയാണ് കഞ്ഞി വച്ചോണ്ടിരുന്നത്. ഓരോ ആണ്ടിലും ഓരോരോ കുഞ്ഞുങ്ങള്‍ ഉണ്ടായിട്ടും അമ്മമ്മയ്ക്ക് ഒന്നും ഈ പറയുന്ന ഒരു വിഷാദവും ഉണ്ടായില്ല. ഇപ്പോ ഒള്ള പെണ്ണുങ്ങള്‍ക്ക് ഓരോരോ തോന്നലുകള്‍. ഒരുത്തി ഞെക്കിക്കൊല്ലുന്നു. വേറെ ഒരുത്തി മുക്കി കൊല്ലുന്നു. എന്നിട്ടതിനൊരു പേരും..'
അയാളങ്ങനെ അവള്‍ അയാളെ വിശ്വസിച്ചേല്പിച്ച വാചകകഷ്ണങ്ങള്‍ കടിച്ചു തുപ്പി അവളുടെ മുഖത്തേക്കെറിഞ്ഞു. അവയുടെ കൂര്‍ത്ത അറ്റങ്ങള്‍ കുത്തി അവളുടെ ഹൃദയം മുറിഞ്ഞു.
എന്താണ്,എവിടെയാണ് പിഴച്ചത്?
സുന്ദരന്‍, സുമുഖന്‍, ഗവണ്മെന്റ് ഉദ്യോഗം, അധ്യാപകരുടെ മകന്‍, പെങ്ങന്മാരെ കെട്ടിച്ചു, ബാധ്യതകളില്ല, ഏക്കറുകളോളം പറമ്പുകള്‍..രാജയോഗമാണ് നമ്മുടെ മോള്‍ക്ക്. അല്ലേല്‍ ഇങ്ങനെ ഒരു ബന്ധം ഒത്തുവരുമോ?
അച്ഛന്റെ വാക്കുകള്‍ ചെവിയിലിന്നും മുഴങ്ങുന്നു.
'എനിക്ക് പഠിക്കണം അച്ഛാ..ഒരു ജോലി എന്റെ സ്വപ്നമാണ്.'
'പഠിക്കണേല്‍ അവര് പഠിപ്പിക്കുമല്ലോ.'-ഇടയ്ക്ക് നില്‍ക്കുന്നവന്റെ വാക്കുകളില്‍ കശാപ്പ് ചെയ്യാന്‍ കൊടുക്കുന്ന ആടിനു ലഭിക്കുന്ന ലാഭവിഹിതം മുന്നിട്ടു നിന്നു.
'ജോലി കിട്ടീട്ട് വേണം എനിക്ക് ഒരു യാത്ര പോകാന്‍. കാടുകളിലൂടെ, പുല്‍മേടുകളിലൂടെ ആകാശം കണ്ടുറങ്ങാവുന്ന സ്ഥലങ്ങളിലൂടെ..
എനിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. എന്റെ സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കാന്‍.'
'ഓ,ഇതൊക്കെ അവന്റെ കൂടെ പോയിട്ട് ചെയ്യാവുന്നത് ആണല്ലോ. ഇതുപോലെ ഒരു ബന്ധം ഇനി കിട്ടില്ല.'
അച്ഛന്‍ വീണ്ടും അതില്‍ തന്നെ കടിച്ചുതൂങ്ങി.
മങ്ങിയ മുഖവുമായി തന്റെ ഗന്ധം പേറുന്ന മുറിയ്ക്കുള്ളിലേക്ക് അവള്‍ മടങ്ങി. വെള്ളാരം കല്ലുകള്‍ കൂട്ടിവെച്ച കുപ്പികള്‍, നിറങ്ങള്‍ പൊതിഞ്ഞ ബ്രഷുകള്‍, മഞ്ചാടിക്കുരുവിനാല്‍ തീര്‍ത്ത മാലകള്‍, കുന്നിക്കുരു ചെപ്പുകള്‍. പാതി നിലത്തു വീണു കിടക്കുന്ന പുതപ്പ്. അലസമായി കിടക്കുന്ന വരികള്‍. ഇളം നീല ജനല്‍ കര്‍ട്ടനുകള്‍. അവളുടെ ഇടം. അവളുടെ ഗന്ധം!
'ആഹാ, കൊള്ളാലോ. നല്ല കഴിവുകള്‍ ഉള്ളയാളാണല്ലോ നീ. അവിടെയും ഇതൊക്കെ ചെയ്യാലോ. പിന്നെ എനിക്കും യാത്ര പോകാന്‍ ഒക്കെ ഇഷ്ടമാണ്.'
പെണ്ണുകണ്ടനാളില്‍ ഈ ഒരൊറ്റ വരിയിലാണ് അവള്‍ അയാളില്‍ ഉടക്കിയത്. പ്രണയം പൂത്ത ഫോണ്‍ വിളികള്‍ രാവേറും വരെ നീണ്ടു. ഒന്നിനും മുടക്കങ്ങള്‍ ഇല്ല. സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് പറന്നുയരാന്‍ അവള്‍ ഒരുങ്ങിക്കഴിഞ്ഞിരുന്നു. ഒരുമിച്ച് ചേര്‍ന്നിരുന്നു പോകാനിരിക്കുന്ന യാത്രകളോര്‍ത്തു അവളെത്ര സ്വപ്നം കണ്ടു. മഴയില്‍ ഒരുമിച്ച് നനഞ്ഞു ഒരു ഇരുചക്ര വാഹനത്തില്‍ ചുറ്റും വെള്ളമുള്ളൊരു വഴിയിലൂടെ പോകാന്‍ അവള്‍ ഒത്തിരി കൊതിച്ചു.
ആദ്യമായി അവള്‍ ചെയ്ത അക്രിലിക് പെയിന്റിങ്ങ് വീട്ടിലെ വിറകുപുരയ്ക്ക് മുകളിലേക്ക് വലിച്ചെറിഞ്ഞത് അയാളാണ്.
'മനസ്സിലാകാത്ത ഓരോന്ന് വരയ്ക്കാതെ കൃഷ്ണനെയോ പൂവോ മലകളെയോ ഒക്കെ വരയ്ക്ക്. ഇതിപ്പോ കണ്ടിട്ട് പേടിയാകുന്നു. ഇങ്ങനെ ഒക്കെ ഞാനും വരയ്ക്കും. നിനക്ക് തീരെ ഭക്തി ഇല്ലെന്നു അമ്മ പറയുന്നുണ്ട്. കൃഷ്ണനേയും രാധയെയും വരയ്ക്ക്. ഭഗവാനെ വരച്ചാല്‍ അനുഗ്രഹം എങ്കിലും കിട്ടും.'
അവളുടെ ചിത്രങ്ങളില്‍ ദൈവങ്ങളും പൂവും കായും നിറഞ്ഞു.
'നിനക്ക് ഇതേ പണിയുളളൂ. ഇങ്ങനെ പെയിന്റ് വാങ്ങി കാശ് കളയണ്ട ആവശ്യം ഉണ്ടോ. അമ്മ ഈയിടെ ചോദിച്ചേയുള്ളൂ. എന്തിനാണ് ഇങ്ങനെ വരച്ചുകൊണ്ടിരിക്കുന്നതെന്ന്. എന്റെ എത്ര രൂപയാണ് കളയുന്നത്.'
അവളുടെ ബ്രഷിന്റെ മുന കുത്തിയൊടിച്ചു കൊണ്ട് ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു.
അവളുടെ കണ്‍കീഴില്‍ വിഷാദം തളംകെട്ടി. കറുപ്പ് പടര്‍ന്നു. രാവിലെ അഞ്ചിനടിക്കുന്ന അലാറം പോലെ അവള്‍ ചലിച്ചുകൊണ്ടിരുന്നു. അവിടെത്തണം. ഇവിടെത്തണം. അതെന്ത്യേ..ഇതെന്ത്യേ...
'മോന്റെ ഭാര്യ മിടുക്കിയാ..ഓ,അവള്‍ക്ക് ജോലി ഒന്നുമില്ല. അല്ലേല്‍ തന്നെ ജോലിയൊക്കെ എന്തിനാ..ഇവിടുത്തെ കാര്യങ്ങള്‍ നോക്കി നടത്താന്‍ ഒരാള് വേണ്ടേ.'
നിലത്തിരുന്നു കാലില്‍ കുഴമ്പു പുരട്ടുന്ന മരുമകളുടെ മുഖത്തു നോക്കാതെ അമ്മ പറഞ്ഞു. അവളുടെ ഉള്ളില്‍ നീലക്കടലിരമ്പി. ആകാശങ്ങള്‍ ചുരുങ്ങി. നേര്‍ത്തു നേര്‍ത്തവസാനിക്കുമ്പോള്‍ കണ്‍കോണില്‍ വെള്ളം പൊടിഞ്ഞു.
'ലീവ് കിട്ടൂല. പിന്നേ, യാത്ര പോകണമെങ്കില്‍ നിനക്ക് നിന്റെ വീട്ടില്‍ പോയി വന്നൂടെ. ഞാന്‍ ആണേല്‍ അവിടെ നില്‍ക്കൂല. എനിക്ക് വേറെ വീട്ടില്‍ നില്‍ക്കാന്‍ ഇഷ്ടമല്ല. പിന്നെ ഈ ലോകത്തുള്ള പെണ്ണുങ്ങള്‍ എല്ലാം യാത്ര പോയല്ലേ ജീവിക്കുന്നത്. പിന്നെ പാതിരായ്ക്ക് പൊറത്ത് എറങ്ങല്‍ ഒന്നും നടക്കൂല. അമ്മ സമ്മതിക്കില്ല. പിന്നേ, ഞാന്‍ പോകും പോലെ നീയൊറ്റയ്ക്ക് പോകാം എന്നുള്ള വാശി കളഞ്ഞേക്ക്. എന്റെ കൈയിന് പണിയുണ്ടാക്കരുത്. നിനക്ക് എന്താ പറഞ്ഞാല്‍ മനസ്സിലാകാത്തത്? ഞാന്‍ പോയിട്ട് വരും പോലല്ല നിന്നേം കൊണ്ട് പോകുന്നത്. കാലം നല്ലതല്ല. എന്റെ ഭാര്യ അടങ്ങിയൊതുങ്ങി ഇവിടെ കഴിയണം.'
അവളുടെ കണ്ണില്‍ പെണ്ണുങ്ങള്‍ കാണാത്ത പാതിരാനേരങ്ങള്‍ നിറഞ്ഞു. അവളുടെ ഉള്ളില്‍ നീലിച്ച ആകാശം കരിമ്പടം പുതച്ചുറങ്ങുന്നതും മിന്നാമിനുങ്ങുകളെപ്പോലെ നക്ഷത്രങ്ങളെ പെറ്റുകൂട്ടുന്നതും തെളിഞ്ഞു. അയാളുടെ അടുത്ത പ്രസംഗത്തിന്റെ ആദ്യവരി കഴിഞ്ഞപ്പോഴേ അവളൊരു പാട്ട് മൂളിത്തുടങ്ങിയിരുന്നു.
'പീലൂണ്‍...തെരേ നീലേ നീലേ നയനോം സേ ശബ്‌നം.'
തന്നെക്കാണുമ്പോള്‍ മാത്രം ഈ പാട്ട് മൂളാറുള്ള ജീവിതത്തില്‍ നിന്നും ഇറക്കിവിട്ട ഒരുവന്റെ ഓര്‍മ്മ അവളെ പൊതിഞ്ഞു.
'നമുക്ക് വിവാഹം കഴിച്ചാലോ? ഇതുപോലെ തുടരാം. നിന്റെ ഇഷ്ടങ്ങള്‍ നിനക്കും. എന്റേത് എനിക്കും. തടസ്സമാകില്ല.'
അവന്റെ പ്രൊഫൈല്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ കാടുകളുടെ ചിത്രങ്ങളില്‍ തട്ടി അവള്‍ക്ക് നൊന്തു. അവളുടെ ഇഷ്ടങ്ങളില്‍ സഞ്ചരിക്കുന്ന അവനെ കാണാനാകാതെ അവളതടച്ചുവച്ചു.
'നീ ജോലിയ്ക്ക് പോയിട്ട് ഇവിടെ ആര്‍ക്കും ചെലവൊന്നും കഴിയേണ്ട. അമ്മ തന്നെ ലീവ് എടുത്തു വീട്ടുകാര്യങ്ങള്‍ നോക്കുകയായിരുന്നു. പേരിനു മാത്രമാണ് അമ്മയ്ക്ക് ജോലി ഉണ്ടായിരുന്നത്..എന്റെ പേഴ്സ് ഞാന്‍ ഇന്നലെ എവിടെയാണ് വച്ചത് ? എടുത്തു താ..ഈയിടെയായി എന്റെ കാര്യത്തില്‍ നിനക്ക് ഒരു ശ്രദ്ധയും ഇല്ല. ഇപ്പോഴേ ഇങ്ങനെ ആയാല്‍ ജോലി ഉണ്ടേലോ...'
അയാളത് പറഞ്ഞു നിര്‍ത്തുമ്പോള്‍ മനം മയക്കുന്ന ചിരിയുമായി അമ്മ മുന്നിലെത്തി.
'നേരാ മോളെ, നമുക്കെന്തിനാണ് ജോലി. നമ്മള് ജോലിയ്ക്ക് പോയാല്‍ വീട്ടിലെ കാര്യങ്ങള്‍ ആരു നോക്കും. എല്ലാം മോള് വേണം നോക്കാന്‍. അമ്മയ്ക്ക് വയ്യാണ്ടായി. നടുവൊന്നും പഴയ പോലെവയ്യ.'-അവര്‍ നടുതാങ്ങി.
സര്‍ട്ടിഫിക്കറ്റ് നിറച്ച ബാഗ് അയാള്‍ അലമാരയ്ക്ക് മുകളിലെ തട്ടില്‍ വച്ചു.
'എപ്പോളും ആവശ്യം ഇല്ലാത്ത സാധനങ്ങള്‍ ഈ റാക്കില്‍ ആണ് വെക്കേണ്ടത്.'
അവള്‍ക്ക് എത്തിപ്പിടിക്കാന്‍ ആകുന്നതിലും ഉയരത്തിലെ ഇരുട്ടിലേക്ക് അതലിഞ്ഞു.
ഭരതനാട്യം, മോഹിനിയാട്ടം, ക്ലാസ്സിക്കല്‍ മ്യൂസിക്, കലാതിലകം. ഇരട്ടവാലന്‍ കരണ്ടുതുടങ്ങി.
'പെണ്‍കുട്ടിയ്ക്ക് നല്ല നെറം വേണം, പഠിപ്പ് വേണം,നല്ല അഭിരുചികള്‍ വേണം എന്ന് ഞാന്‍ പറഞ്ഞതേ എന്തിനാണെന്നോ? എന്നാലല്ലേ നല്ല മിടുക്കരായ പേരക്കുട്ടികള്‍ ഉണ്ടാകൂ. അല്ലേല്‍ പൊട്ടിയതും ചളുങ്ങിയതും ഒക്കെ ആയിപ്പോകും.'
'പത്താം ക്ലാസ്സ്. നിങ്ങളുടെ ജീവിതത്തിലെ സുപ്രധാനമായ പരീക്ഷ. ജീവിതം നിര്‍ണ്ണയിക്കുക ഈ പരീക്ഷയാണ്. ഡിഗ്രി..'
അരിയാട്ടുമ്പോഴും വെള്ളം കോരുമ്പോളും മുറ്റമടിക്കുമ്പോഴും ലസാഗുവും ഉസാഘയും അവള്‍ക്ക് ഓര്‍മ്മ വന്നു. എന്തിനാണ് പഠിച്ചത് എന്നുപോലും അവള്‍ മറന്നു തുടങ്ങിയിരുന്നു.
വിവാഹം എന്നതു ഒരഴിയാ കുരുക്കായി അവളെ ചുറ്റി. അവളുടെ ആത്മാവ് നീറിപ്പുകഞ്ഞു.
'അച്ഛാ, ഞാന്‍ തിരിച്ചു പൊന്നോട്ടെ. എനിക്കിവിടെ വയ്യ.'
അവള്‍ ശബ്ദമില്ലാതെ കരഞ്ഞു.
'നിനക്കെന്താ അവിടൊരു കുറവ്? അവന്‍ നിന്നെ നല്ലോണം നോക്കുന്നില്ലേ. പ്രശ്‌നമുണ്ടാക്കി ഇങ്ങോട്ട് വന്നാല്‍ പടിക്കല്‍ നിന്നോണം.'
അവളുടെ തലയണയുറകള്‍ കുതിര്‍ന്നു. വിവാഹം കഴിച്ചില്ലായിരുന്നുവെങ്കില്‍ പോകാനിരുന്ന ദൂരങ്ങളില്‍ മനസ്സുകൊണ്ട് അവള്‍ ഓടി. ബൈക്കില്‍ കൊടികള്‍ നാട്ടിയൊരു ഹിമാലയന്‍ യാത്ര. കാടുകളെ തേടിയൊരു യാത്ര. സിവില്‍ സര്‍വീസ് എന്ന സ്വപ്നം ഓര്‍ത്തോര്‍ത്തു അവള്‍ മുറ്റം മെഴുകി.
'മുറ്റത്ത് പൊടി പിടിക്കണത് അവനിഷ്ടല്ല.'
വലിയൊരു വീടിനുള്ളില്‍ അവള്‍ക്കൊരിടം അവള്‍ തിരഞ്ഞു.
'നീയിവിടെ ഇരിക്കാ..എനിക്ക് നടൂന് ഇച്ചിരി തൈലം പുരട്ടി താ.'
ഒളിച്ചിരിക്കാന്‍ ഒരിടം പോലും അവള്‍ക്ക് കിട്ടിയില്ല. എവിടിരുന്നാലും ചൂണ്ടക്കൊളുത്തിട്ടു അവള്‍ വലിക്കപ്പെട്ടു.
'ഇങ്ങനെ ക്ഷീണം ആണെന്ന് ഒക്കെ പറയാതെ. പത്തുപെറ്റോരു കേട്ടാല്‍ നാണക്കേട് എനിക്കാ. ഇത് അസുഖമൊന്നുമല്ലല്ലോ.'
ഉത്തരങ്ങളില്ലാതെ അവള്‍ ചത്തു.
'ഞാന്‍ പുറത്തു പോകുന്നേനും കിടന്നുറങ്ങുന്നേനും നീ കണക്ക് വെക്കുന്നുണ്ടോ? ഞാന്‍ പോകേണ്ടിടത്തു പോകും. നിനക്ക് വയ്യാതിരിക്കുകയല്ലേ.'
ഗര്‍ഭം ഒരു വ്യാധിയോട് താദാമ്യം പ്രാപിച്ചു.
'അവളൊരു സ്വപ്നജീവിയാ. നോക്കിയേ പോണ കണ്ടോ..നേരം വെളുത്താല്‍ പണി തുടങ്ങും. ഇരുട്ടും വരെ ചെയ്‌തോളും എന്നെപ്പോലെ തന്നെയാ. പണ്ട് ഞാനും ഇങ്ങാനാരുന്നല്ലോ. ഞാന്‍ പറയുന്നത് ഒക്കെചെയ്യും. മിടുക്കിയാ'
പുറകില്‍ പ്രതിധ്വനിക്കുന്ന ശബ്ദം അവള്‍ക്ക് ഏതോ അഗാധതയില്‍ നിന്നെന്ന പോലെ തോന്നി. അവളപ്പോള്‍ നിറയെ പരല്‍മീന്‍ നീന്തുന്ന തോടുകടക്കുകയായിരുന്നു. നിലാവും നിഴലും ഇണചേരുന്ന തോടിന്റെ ഉള്ളില്‍ പരല്‍മീനുകള്‍ മിന്നി തുടിയ്ക്കുന്നതും വെള്ളിവെളിച്ചം കൈകളില്‍ ഏന്തി ഇലകളനങ്ങുന്നതും കണ്ടു കണ്ടു അവളങ്ങനെ നിറവയറുമായി നീരുള്ള കാലു വലിച്ചു വച്ചു വീടിനുള്ളില്‍ നടന്നു.
വീടിങ്ങനെ നീണ്ടു നീണ്ടുവന്നു. നടന്നിട്ടും നടന്നിട്ടും അറ്റം കാണാത്ത വഴിപോലെ വിവാഹവും വീടും അവള്‍ക്ക് മുന്നില്‍ നീണ്ടുകിടന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...