ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ലിജോ പോള്‍ എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
undefined
'വന്നുവന്ന് ഇവിടെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയായി. ഇനി വല്ല വിഷവും വെച്ച് കൊല്ലണം എല്ലാത്തിനെയും.'-അപ്പന്റെ രോഷപ്രകടനം കേട്ടിട്ടാണ് ജോമോന്‍ ഉറക്കത്തില്‍ നിന്നും എണീക്കുന്നത്.
കിടക്കയില്‍ നിന്നും ചാടി എണീറ്റ് മുഖത്ത് അല്‍പം വെള്ളം തളിച്ച് ഉറക്കപ്പിച്ച് മാറ്റി അവന്‍ അപ്പന്റെ അടുത്തേക്ക് ഓടിച്ചെന്നു. ഇന്നലെവരെ കാട് പിടിച്ചുനിന്ന ചേനയും ചേമ്പുമെല്ലാം താഴെ വീണു കിടക്കുന്നുണ്ട്. രാത്രി പന്നിക്കൂട്ടം പണി പറ്റിച്ചു. ചുറ്റിലും വല വലിച്ച് കെട്ടി മതില്‍ ഉണ്ടാക്കി വെച്ചതായിരുന്നു, അതും പോരാഞ്ഞിട്ട് നിലാ വെളിച്ചത്തില്‍ തിളങ്ങുന്ന പ്ലാസ്റ്റിക് അരങ്ങുകളും കെട്ടിയിട്ടുണ്ടായിരുന്നു.
കുംഭത്തില്‍ ചേന നട്ടാല്‍ കുടത്തോളം എന്നാണ് മലയാളം മാഷ് പറഞ്ഞത്. ചിലപ്പോ പന്നിക്ക് മനസ്സിലായിട്ടുണ്ടാവില്ല ഇത് കുംഭത്തില്‍ നട്ടതാണെന്ന്, അല്ലേ മലയാളം ശരിക്ക് പഠിക്കാത്ത പന്നി ആയിരിക്കും.
'ഓണത്തിന് കാക്കേണ്ടിയിരുന്നില്ല, കര്‍ക്കിടകത്തില്‍ തന്നെ പറിയ്ക്കാമായിരുന്നു' അമ്മയുടെ വാക്കുകള്‍ ഒരു അശരീരി പോലെ പിന്നില്‍ നിന്നും കേട്ടു.
രണ്ടാഴ്ച മുന്നേ മാനുകളുടെ ആക്രമണമായിരുന്നു. അന്ന് അഞ്ചാറ് വാഴയും പിന്നെ കുറച്ചു റബ്ബറിന്റെ പട്ടയും മാത്രമേ പോയുള്ളൂ. പരാതി പറയാന്‍ പോയാല്‍ അന്നത്തെ ദിവസം പോക്കാനെന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവുമില്ല. അല്ലേലും ആരോട് പറയാന്‍, ആര് കേള്‍ക്കാന്‍! കഴിഞ്ഞവര്‍ഷത്തെ വാഴകൃഷി ആന നശിപ്പിച്ചതിന്റെ നഷ്ടപരിഹാരത്തുക ഇതുവരെ കിട്ടിയിട്ടില്ല.
പണ്ട് ഇവിടെല്ലാം കാട് ആയിരുന്നത്രേ, നമ്മള്‍ കൈയേറിയതാണ്. അതുകൊണ്ട് തന്നെ ഇവറ്റകള്‍ എല്ലാം ഇവിടെ തന്നെ കാണുമെന്നാണ് വനപാലകരുടെ പക്ഷം. നമ്മുടെ കഷ്ടകാലത്തിനെങ്ങാനും സ്വന്തം കിണറ്റില്‍ വല്ല പന്നിയോ, മാനോ വീണു ചത്താല്‍ നമ്മള്‍ തന്നെ സമാധാനം പറയണം. 'സൂക്ഷിക്കുക ഇവിടെ കിണറുണ്ട'- എന്നെങ്ങാനും ബോര്‍ഡ് വെച്ചാല്‍ മതിയോ ആവോ...
കഴിഞ്ഞ ക്രിസ്മസ് കരോളിന് രാത്രി പടക്കമെറിഞ്ഞപ്പോള്‍ കുറ്റിക്കാട്ടില്‍ നിന്ന് പുറത്തു ചാടിവന്ന വലിയ തേറ്റ പന്നി ഉണ്ണിശോയുടെ ഒരു കാലും കൊണ്ടാണ് പോയത്. രാത്രിയുടെ മറവില്‍ പന്നിയുടെ വീടാക്രമിച്ചതിന് കേസു വരുമെന്ന് പേടിച്ചിട്ട് പുറത്തു പറയാന്‍ പോയില്ല. അല്ലേലും നമുക്ക് ചോദിക്കാനും പറയാനും ആരുമില്ലല്ലോ..
'നീയാ പശുക്കളെ കൊണ്ടുപോയി കെട്ടിയിട്ടു വാടാ...'ഡ അമ്മയുടെ വാക്കുകള്‍ ജോമോനെ സ്വപ്നലോകത്തില്‍ നിന്നും തിരികെയെത്തിച്ചു.
ഹൈസ്‌കൂളിലാണ് പഠിക്കുന്നത് എങ്കിലും വീട്ടിലെ അല്ലറ ചില്ലറ പണികള്‍ എല്ലാം ചെയ്യുന്നത് ജോമോന്‍ തന്നെയാണ്. ഇടക്കൊക്കെ പശുവിനെ കുളിപ്പിക്കുന്നതും പുല്ലു തിന്നാന്‍ കൊണ്ടുപോയി കെട്ടിയിടുന്നതും കൃഷിപ്പണിയില്‍ അപ്പനെ സഹായിക്കുന്നതും അവന്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു.
'ചേനയും ചേമ്പും പോയ വിഷമത്തില്‍ അപ്പന്‍ ഇന്ന് പോത്ത് ഇറച്ചി വാങ്ങാന്‍ കൂടി പോയില്ല, അതോ ഇന്ന് ഞായറാഴ്ചയാണെന്ന് ഓര്‍ക്കാഞ്ഞിട്ടാണോ എന്തോ.' പശുവിനെയും കൊണ്ടുപോകുമ്പോള്‍ പെങ്ങള്‍ പറഞ്ഞിട്ട് പോയി.
'ആ പറഞ്ഞിട്ട് കാര്യമില്ല, വെയിലത്ത് ചേമ്പിന് കുഴിയെടുത്തപ്പോള്‍ ഞാനും കൂടെ ഉണ്ടായിരുന്നതല്ലെ.' ജോമോന്‍ ആത്മഗതം പറഞ്ഞു.
ജോമോന്‍ പശുക്കളെ കൊണ്ടുപോയി കെട്ടിയിടുന്നത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തിലാണ്. അതാണെങ്കില്‍ ആകെ കാടുപിടിച്ചാണ് കിടക്കുന്നത്. ഒറ്റയ്ക്ക് പോവുകയാണെങ്കില്‍ പേടിയാകും, ആ പരിസരത്തെങ്ങും ആരും ഉണ്ടാകില്ല. കൂട്ടിനു പശു ഉണ്ടല്ലോ എന്നതാണ് അവന്റെ ഏക ആശ്വാസം...
ഞായറാഴ്ച പള്ളിയിലേക്ക് പോകുന്ന വഴിക്ക് റബര്‍ ടാപ്പിംഗിന് പോയ തൊഴിലാളിയെ പന്നി കുത്തിയെന്ന് പറയുന്നത് കേട്ടു. റബര്‍ വെട്ടുന്ന സമയത്ത്, പാല്‍ ഒഴിക്കാന്‍ കൊണ്ടുവന്ന് വച്ച ഡ്രമ്മില്‍ കത്തിയൊന്ന് തട്ടി. തൊട്ടപ്പുറത്ത് എവിടെയോ കിടക്കുന്നുണ്ടായിരുന്നു പന്നി ഓടിവന്നു പണീം കഴിഞ്ഞ് പോയി. ഒറ്റയാന്‍ ആണത്രേ.. ഒറ്റയാന്‍ എന്ന് പറഞ്ഞാല്‍ ആനയല്ലേ? പന്നിയേ അങ്ങനെ പറയാന്‍ പറ്റുമോ. ആ ചിലപ്പോ ഒറ്റയ്ക്ക് നടക്കുന്നത് കൊണ്ടായിരിക്കാം.
പള്ളിയില്‍ നിന്നും ജോമോന്‍ നേരെ പോയത് പശുവിനെ കുറച്ചുകൂടി പുല്ലുള്ള ഒരു മേച്ചില്‍ പുറത്തേക്ക് നീക്കി കെട്ടുന്നതിന് വേണ്ടിയായിരുന്നു. തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോള്‍ പെട്ടെന്ന് ഒരു ചെറിയ പന്നി അവന്റെ മുന്നിലോട്ട് എടുത്തുചാടി. അധികം വലിപ്പമില്ല, അതിന്റെ കാലില്‍ എന്തോ ചെറിയ മുറിവു മറ്റോ പറ്റിയിട്ടുണ്ട്. ജോമോനെ കണ്ടതും അത് വേഗതകൂട്ടി ചെറിയ കുറ്റിക്കാടുകള്‍ക്കിടയിലൂടെ ഓടി. ആദ്യത്തെ അന്ധാളിപ്പു മാറിയപ്പോള്‍ അന്നത്തെ ബൈബിള്‍ വചനം ആണ് അവന്റെ ഓര്‍മ്മയില്‍ വന്നത്.
'ഭയപ്പെട്ടിരിക്കുന്നവരോട് പറയുവിന്‍; ഭയപ്പെടേണ്ട, ധൈര്യം അവലംബിക്കുവിന്‍. ഇതാ, നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാന്‍ വരുന്നു.'
എവിടുന്നോ കിട്ടിയ ധൈര്യത്തിന്റെ പുറത്ത് ജോമോന്‍ പന്നിയുടെ പുറകെ ഓടി. കൈയില്‍ ആണെങ്കില്‍ ഒരു ചുള്ളിക്കമ്പ് പോലുമില്ല ഇല്ല. കുറച്ചിട ഓടിയപ്പോള്‍ പന്നി തിരിഞ്ഞുനോക്കിയിട്ട് ഒരു ചീറ്റലോടെ തിരിച്ച് അവന്റെ അടുത്തേക്കടുത്തു.
ഒറ്റയാന്റെ കുത്തേറ്റ തൊഴിലാളികളുടെ കഥ അവന്റെ ഓര്‍മയിലൂടെ മിന്നിമറഞ്ഞു.അവന്‍ സര്‍വ്വ ശക്തിയുമെടുത്തു തിരിഞ്ഞോടി. ഓട്ടത്തിനിടെ തിരിഞ്ഞുനോക്കുമ്പോള്‍ പന്നി വേറെ വഴിക്ക് ഓടി രക്ഷപ്പെടാന്‍ നോക്കുന്നു. നന്നായി അണക്കുന്നുണ്ട്. എങ്കിലും പന്നിയെ വെറുതെ വിടാന്‍ മനസ്സു വരുന്നില്ല.
രാത്രിയില്‍ തിന്നുതീര്‍ത്തു ചേനയുടെയും ചേമ്പിന്റെയും പ്രതികാരം തീര്‍ക്കാന്‍ കിട്ടിയ അവസരമാണ്. കണ്ണില്‍ തടഞ്ഞ ഒരു വലിയ വടിയുമെടുത്ത് അവന്‍ വീണ്ടും പന്നിയുടെ പുറകെ ഓടി. കുറ്റിക്കാടുകളുടെ ഉയരവും കാലിലെ പരിക്കും പന്നിയുടെ ഓട്ടത്തിന്റെ വേഗതയെ സാരമായി ബാധിച്ചിട്ടുണ്ടയിരുന്നു. പുല്ലില്‍ ഉടക്കി വേഗത കുറഞ്ഞ ഒരു നിമിഷാര്‍ദ്ധത്തില്‍ ജോമോന്റെ കയ്യിലെ വടി പന്നിയുടെ തലയില്‍ ആഞ്ഞു പതിച്ചു. മരണം ഉറപ്പാക്കുന്നത് വരെ വീണ്ടും വീണ്ടും അത് ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു..
ഞായറാഴ്ച പോത്തിറച്ചി വാങ്ങാത്തതിന്റെ വിഷമം അതോടെ തീര്‍ന്നു. അല്ലേലും കൊന്ന പാപം തിന്നാല്‍ തീരും എന്നാണല്ലോ...