ശേയ്ര എന്ന ശ്രേയസ്സ്

By Chilla Lit Space  |  First Published Sep 25, 2021, 8:34 PM IST

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് . ലേഖ ഉണ്ണി എഴുതിയ കഥ
 


ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

undefined

 

പിന്മുറ്റത്തെ ജാതിയില്‍, ആറ്റുനോറ്റുണ്ടായ കായകളില്‍ രണ്ടെണ്ണം അടര്‍ന്നുവീണ് ഉരുണ്ടുപോയി. ആകെ കായകളുടെ എണ്ണം പത്തോ പതിനഞ്ചോ ആയി തിട്ടപ്പെടുത്താം. ആണ്‍ ജാതിയാണ്, വെട്ടിക്കളയാമെന്ന് മേല്‍നോട്ടത്തിന് വരുന്ന ചോപ്പന്‍ പറഞ്ഞത് പത്മിനി ഓര്‍ത്തു. വലിപ്പമേറിയ കായകളിലൊന്ന് കാല്‍വിരലില്‍ തൊട്ട് കിന്നാരം പറഞ്ഞപ്പോള്‍ അവര്‍ കണ്ണുകള്‍ മേലോട്ടുയര്‍ത്തി അതിന്റെ ചില്ലകളില്‍ ആണിന്റെ ലക്ഷണം പരതി. എവിടെയാണ് അതൊളിഞ്ഞിരിക്കുന്നത്? കായ്കളില്ലാതെ പടര്‍ന്നുപന്തലിച്ച് നെഞ്ചുവിരിച്ചുനില്‍ക്കുന്ന അതിന്റെ അഹംഭാവത്തിലാണോ പുരുഷത്വം മറഞ്ഞിരിക്കുന്നത്.

'പപ്പീ, നിന്റെ മോള്‍ക്ക് ആണിന്റെ ചങ്കൂറ്റമാ.. പെട്ടെന്ന് കെട്ടിച്ചുവിടാന്‍ നോക്ക്, ഇല്ലെങ്കി കെട്ടാച്ചരക്കായി നിന്നുപോകും. '
കഴിഞ്ഞ ദിവസം പ്രാഞ്ചിപ്രാഞ്ചി പടികടന്നുവന്ന അയല്പക്കത്തെ വല്യമ്മയുടെ സ്വരം കാറ്റിനൊപ്പം സഞ്ചരിച്ച് തിരികെ കാതുകളിലെത്തി.

തലയില്‍ പാഞ്ഞ മിന്നലിന്റെ വെട്ടത്തില്‍ ഭാസ്‌കരന്റെ ബുള്ളറ്റിന്റെ താക്കോല്‍ മുകളിലേക്ക് എറിഞ്ഞുപിടിച്ച് ചൂളം വിളിച്ചുകൊണ്ട് നെഞ്ചുറപ്പോടെ നടന്നുവരുന്ന ശ്രീയെ കണ്ടു. ചുമലുകള്‍ വിരിച്ചുപിടിച്ച് കൈകള്‍ ആഞ്ഞുവീശി തല ഇരുവശത്തേക്കും ആട്ടിക്കൊണ്ടാണ് അവളുടെ നടപ്പ്. കൗമാരത്തിലേക്ക് കടന്ന കാലം മുതല്‍ അതങ്ങനെയാണ്. നടക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് അല്പം അടക്കം വേണമെന്ന ഉപദേശത്തിന്റെ ഫലപ്രാപ്തിക്ക് നിമിഷങ്ങളുടെ ആയുസ്സ് മാത്രം. അച്ഛന്റെ റിട്ടയര്‍മെന്റിനു ശേഷമാണ് വണ്ടി അവള്‍ സ്വന്തമാക്കിയത്. ഭൂമിയില്‍ നടക്കുമ്പോള്‍ മാത്രമേ അടക്കവും ഒതുക്കവും വേണ്ടതുള്ളൂ, ബുള്ളറ്റിന് മുകളില്‍ അതിന്റെ ആവശ്യമില്ലെന്ന് പത്മിനിക്ക് മകള്‍ പകര്‍ന്നുകൊടുത്ത അറിവാണ്.

എന്നാണെന്നു കൃത്യമായി ഓര്‍ക്കുന്നില്ല. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, അവള്‍ ചുരിദാറില്‍ നിന്ന് ജീന്‍സിനുള്ളിലേക്ക് വലിഞ്ഞുകയറി സ്ഥിരതാമസമാക്കിയത്. കാലഗണനയില്‍ ഒതുക്കാവുന്നതായിരുന്നില്ല വസ്ത്രങ്ങളുടെ അനിശ്ചിതത്വം. 'എനിക്ക് പാവാട വേണ്ട, കുട്ടേട്ടനെപ്പോലെ ട്രൗസറിട്ടാ മതീ' ന്ന് കിണുങ്ങിയ കുട്ടിക്കാലം അവള്‍ക്കുണ്ടായിരുന്നു. 'അയ്യേ, അതിന് നീ പെണ്‍കുട്ട്യല്ലേ' ന്ന് ഭാസ്‌കരന്റെ സഹോദരീപുത്രന്‍ കളിയാക്കിച്ചിരിച്ചത് പത്മിനിയുടെ കാതില്‍ പ്രതിധ്വനിച്ചു. കുട്ടന്റെ ട്രൗസര്‍ സ്ട്രാപ്പിലൂടെ കോര്‍ത്തുകെട്ടിയ വള്ളികള്‍ ചുമലിലൂടെ വലിച്ചുകയറ്റി ആത്മനിര്‍വൃതിയടഞ്ഞ നാലഞ്ച് അവധിക്കാലങ്ങള്‍ക്കിപ്പുറം ചുരിദാര്‍ ധരിക്കാന്‍ അവള്‍ നിര്‍ബന്ധിതയായി.

ഒന്‍പതില്‍ പഠിക്കുമ്പോഴാണ് വിലകൂടിയൊരു ചുരിദാര്‍ ബോട്ടത്തിന്റെ കാലുകള്‍ വെട്ടിക്കളഞ്ഞ് 'ശ്രീ'യെന്ന വിളിപ്പേരുള്ള ശ്രേയ വിപ്ലവം സൃഷ്ടിച്ചത്. അന്ന് പത്മിനിയുടെ കൈയിലെ ചൂരല്‍ വിദഗ്ദമായി കറങ്ങിത്തിരിഞ്ഞപ്പോള്‍ മികച്ച അഭ്യാസിയുടെ മെയ്വഴക്കത്തോടെ അവളൊഴിഞ്ഞുമാറി. എങ്കിലും വീണ്ടുമൊരിക്കല്‍ക്കൂടി ആ സാഹസത്തിന് മുതിര്‍ന്നില്ലെന്ന ആശ്വാസത്തില്‍ പത്മിനിയിലെ അമ്മ വിജയം കണ്ടെത്തി.

ധരിക്കുമ്പോള്‍ മുള്ളു കൊണ്ടാലെന്ന പോലുള്ള ഭാവഹാവാദികളോടെ മനസ്സില്ലാമനസ്സോടെ ചുരിദാറും വലിച്ചുകയറ്റി നടക്കുമ്പോള്‍ താനൊരു കോമാളിയാണെന്ന മട്ടായിരുന്നു അവള്‍ക്ക്. പ്രതിഷേധത്തിന്റെ അഗ്‌നിജ്വാലകളെ തല്ലിക്കെടുത്തി മുന്നോട്ടു പോയ കാലം അമ്മയ്ക്ക് സമ്മാനിച്ചത്, കുനിഞ്ഞ ശിരസ്സും അപകര്‍ഷത കുത്തിനോവിക്കുന്ന കണ്ണുകളും ചൂളിയ ചലനങ്ങളും സ്വായത്തമാക്കി മൗനത്തിന്റെ അടിത്തട്ടില്‍ പ്യൂപ്പ നെയ്‌തെടുത്ത മകളെയായിരുന്നു.

അകത്തും പുറത്തും അശാന്തിയുടെ ഇരുള്‍ നിറഞ്ഞ രാത്രികളില്‍ ഉള്ളിലെ ആകുലതകള്‍ ഭര്‍ത്താവിന്റെ നെഞ്ചിലേക്ക് ഇറക്കിവച്ച് അയാളോട് ചേര്‍ന്നുകിടന്നു, പത്മിനി.

'പഴയ കാലമൊക്കെ പോയില്ലേ പപ്പീ. നീ ഒരുമാതിരി പഴഞ്ചന്‍ അമ്മയാകാതെ. പെണ്‍കുട്ടികള്‍ ഷോട്‌സ് ഇടുന്ന കാലമാ. അവളെ നിര്‍ബന്ധിക്കണ്ടാ. നാളെത്തന്നെ രണ്ട് ജീന്‍സ് വാങ്ങിച്ചുകൊട്. വീട്ടിലും പാന്റ്‌സും ടീഷര്‍ട്ടും ഇട്ടോട്ടെ.'

ഭാസ്‌കരന്റെ ആ ഉത്തരവാണ് ഇന്നിപ്പോ ജീന്‍സില്‍ നിന്നിറങ്ങാത്ത പരുവത്തിലെത്തി നില്‍ക്കുന്നത്. വീടിന് പുറത്തെ കാളിംഗ് ബെല്ലില്‍ ആരെങ്കിലും വിരലമര്‍ത്തിയാല്‍ ഷോട്‌സ് മാറ്റിവരാന്‍ പത്മിനി കണ്ണുകള്‍ കൊണ്ടാജ്ഞാപിക്കും. ആജ്ഞകള്‍ അടക്കിവാണ കണ്ണുകളിലിന്ന് ആശങ്കകള്‍ കൂടുകെട്ടിപ്പാര്‍ക്കുന്നു.

ജാതിക്കായുടെ ചുവന്ന പത്രികള്‍ ഉരിഞ്ഞുമാറ്റവേ, മകള്‍ ആദ്യമായി ചുവപ്പണിഞ്ഞ ദിനങ്ങള്‍ പത്മിനിയിലേക്ക് കടന്നുവന്നു.

'നീയിന്നൊരു പെണ്ണായി മാറി ശ്രീ.'

സന്തോഷവും കരുതലും നിറച്ച വാക്കുകള്‍ അവളിലേക്ക് പകരുമ്പോള്‍ അടിവസ്ത്രത്തേക്കാള്‍ ചുവന്നു പോയിരുന്നു ആ മുഖം. അത് നാണം കൊണ്ടാണെന്ന് നിനച്ച അമ്മയുടെ പഴമനസ്സിന് തെറ്റി. ഒരു പൊട്ടിക്കരച്ചിലായിരുന്നു അടുത്ത പടി. ഉള്ളം നിറഞ്ഞു വിങ്ങിയ വാക്കുകളൊന്നും നാവിനു വഴങ്ങാതെ, ചീര്‍ത്തു പൊങ്ങിയ ഹൃദയവുമായി ആ ദിനങ്ങളത്രയും അവള്‍ കരഞ്ഞുതീര്‍ത്തു. എല്ലാ പെണ്‍കുട്ടികളും ഇതൊക്കെ സഹിക്കേണ്ടവരാണെന്ന ചിരപുരാതനസത്യം വെളിപ്പെടുത്തിയതുകൊണ്ടൊന്നും അവളെ ആശ്വസിപ്പിക്കാന്‍ പത്മിനിക്ക് കഴിഞ്ഞില്ല.

'എനിക്ക് പെണ്ണാവണ്ട.'

പാകതയെത്താത്ത പതിമൂന്നിന്റെ മനസ്സ് രണ്ട് വാക്കുകളില്‍ മകള്‍ ഒതുക്കിവച്ചു. അന്നതിന്റെ അര്‍ത്ഥം മനസ്സിലാക്കാനുള്ള ലോകപരിചയം ആ അമ്മയ്ക്കില്ലാതെ പോയി.

വളര്‍ച്ചയുടെ കുത്തൊഴുക്കില്‍ കണ്ണീരിന്റെ ചാലുകള്‍ കോപത്തിന്റെ തിരമാലകളായി വികാസം പ്രാപിച്ചു. ആ സുനാമിയെ, ചുവന്ന ദിനങ്ങളിലെ വികാരത്തിന്റെ വേലിയേറ്റങ്ങള്‍ മാത്രമായി പത്മിനി കുറിച്ചുവച്ചു. അതിനെ തടുക്കാനുള്ള കഴിവ് ആ പാവത്തിനില്ലായിരുന്നു. പക്ഷേ, ആണ്‍സുഹൃത്തുക്കള്‍. അതവര്‍ സഹിക്കില്ലായിരുന്നു. അവര്‍ വെറും സുഹൃത്തുക്കള്‍ മാത്രമാണെന്ന വിശദീകരണത്തില്‍ തൃപ്തി വരാതെ പത്മിനി കലിതുള്ളിപ്പെയ്തു.

മകളുടെ കൂടെ മാറിമാറി കാണപ്പെട്ട ആണ്‍കുട്ടികള്‍ അവരെ ആശയക്കുഴപ്പത്തിലാക്കി. ആ പ്രതിഭാസത്തിന് സമൂഹം ചാര്‍ത്തുന്ന വിളിപ്പേര് ഓര്‍ത്തപ്പോള്‍ നെഞ്ചുപൊള്ളിപ്പിളര്‍ന്ന ദിനരാത്രങ്ങള്‍.സ്‌കൂളിലെ അവസാന വര്‍ഷങ്ങളിലൊന്നില്‍ ഒരു അവധിക്കാലത്ത് ശ്രീയുടെ കിടക്കയില്‍ അവളെ ഇറുകെ പുണര്‍ന്നുകിടക്കുന്ന സോയയെ കാണുന്നതുവരെ അത് നീണ്ടു. പത്മിനിയെക്കണ്ട് ഞെട്ടിയകന്ന പെണ്‍ശരീരങ്ങള്‍ പുതിയ പൊള്ളലുകള്‍ സൃഷ്ടിച്ചു.

'അമ്മേ, ചോയ എന്തൊരു ചുന്ദരിയാണ്, വലുതാകുമ്പോ ഞാനവളെ കല്യാണം കഴിക്കും.'

കളിക്കൂട്ടുകാരിയെപ്പറ്റി കുഞ്ഞുന്നാളില്‍ ശ്രീ പറഞ്ഞ വാക്കുകള്‍ ചിരിച്ചുതള്ളിയത് വിഡ്ഢിത്തമായി. സോയയെ ചുറ്റിപ്പറ്റി കറങ്ങിത്തിരിഞ്ഞ മകളുടെ കൗമാരകാലം. വര്‍ഷങ്ങളോളം ആ ബന്ധത്തിന്റെ ഇഴകള്‍ തരംതിരിച്ചെടുക്കാന്‍ കഴിയാതെപോയി.

പ്ലസ് ടു വിന് ശേഷം പഠനം തുടരാന്‍ അവള്‍ താല്പര്യം കാണിച്ചിരുന്നില്ല. കടുത്ത വിഷാദത്തിലൂടെ കടന്നുപോയിരുന്ന മകളുടെ അന്നത്തെ അവസ്ഥക്ക് കാരണം പൂര്‍ണ്ണാവസ്ഥയിലേക്ക് ചുവടുവയ്ക്കുന്ന പ്രായമാണെന്ന് പത്മിനി ധരിച്ചു. ഭാസ്‌കരന്റെ സ്‌നേഹനിര്‍ഭരമായ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയാണ് ഡിഗ്രി പൂര്‍ത്തിയാക്കിയത്. പി എസ് സി എഴുതാമെന്ന ഉറപ്പിന്മേല്‍ അവിടെവച്ച് പഠനത്തിന് വിരാമവുമിട്ടു.

പഠനകാലത്തൊക്കെയും ഒരു നിഴല്‍ പോലെ സോയ അവളുടെ കൂടെയുണ്ടായിരുന്നു. ഒന്നാംക്ലാസ്സുമുതല്‍ ഡിഗ്രി വരെ നീണ്ട പതിനഞ്ചു വര്‍ഷങ്ങള്‍. അതിനുശേഷം ശ്രീ ഒരു ജോലി സമ്പാദിക്കുകയും സോയ ഉന്നതപഠനത്തിന് ചേരുകയും ചെയ്തതോടെ ഉളവായ വിടവിനിടയില്‍ പത്മിനിയുടെ പിരിമുറുക്കങ്ങള്‍ക്ക് അയവുവന്നു.

മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സോയ വിവാഹംകഴിഞ്ഞ് പോയതില്‍പ്പിന്നെയാണ് മകള്‍ക്ക് മാറ്റങ്ങള്‍ പ്രകടമായിത്തുടങ്ങിയത് എന്ന വസ്തുത പത്മിനി ഓര്‍മ്മകളില്‍നിന്ന് വേര്‍തിരിച്ചെടുത്തു. ആയിടയ്ക്ക് അവള്‍ വീണ്ടും വിഷാദത്തിന്റെ പ്യൂപ്പക്കുള്ളില്‍ കുടിയേറി. കരുത്തുറ്റ ചിറകുകള്‍ വീശി പുറത്തുവന്നത്, മുന്‍കോപത്തിന്റെ കറുത്ത ശീലയില്‍ പൊതിഞ്ഞ നിശാശലഭമായിട്ടായിരുന്നു. ജോലിസമയത്തിനുശേഷം എവിടെയൊക്കെയോ പറന്നുനടന്ന് രാത്രികളില്‍ വൈകി വീട്ടിലെത്തുമ്പോഴുള്ള ഒച്ചപ്പാടുകള്‍ക്ക് മറുപടി, ഹൃദയം തുളയ്ക്കുന്ന കൂര്‍ത്ത നോട്ടങ്ങളായിരുന്നു.

പാലൂട്ടിയ മാറിലെ തീക്കുണ്ഡം അണഞ്ഞു പുകയുമ്പോള്‍ ഭാസ്‌കരന്‍ സമാധാനിപ്പിക്കും.

'പെണ്‍കുട്ടികള്‍ ധൈര്യമുള്ളവരായി വളരട്ടെ പപ്പീ. അവരുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടരുത്. നാലാള് അനാവശ്യത്തിന് വന്നാലും അവരെ നിലയ്ക്ക് നിര്‍ത്താനുള്ള തണ്ടും തടിയും മിടുക്കുമൊക്കെ എന്റെ മോള്‍ക്കുണ്ട്.'

അയല്‍ക്കാരുടെ ചുളിഞ്ഞ മുഖത്തെ സംശയക്കണ്ണുകളിലേക്ക് നോക്കി പത്മിനിയും അതേ വാക്കുകള്‍ ആവര്‍ത്തിച്ചു. 'ഇടിയന്‍ പാച്ചു' എന്ന വിശിഷ്ടബഹുമതിയോടെ പോലീസില്‍ മുപ്പത് വര്‍ഷം സേവനമനുഷ്ടിച്ച ഭാസ്‌കരനെ നോക്കി മുഖം ചുളിക്കാന്‍ അവരൊട്ട് ധൈര്യപ്പെട്ടുമില്ല. 'പാച്ചുവിന്റെയല്ലേ മോള് ' എന്നവര്‍ സമാധാനം കണ്ടെത്തി.


കായ അടര്‍ത്തിമാറ്റിയ ജാതിത്തൊണ്ടുകള്‍ മുറത്തില്‍ വാരിയിട്ട് തിരിഞ്ഞപ്പോള്‍ ഒരു നിമിത്തം പോലെ ചവറ്റുകുട്ട കണ്ണില്‍ത്തടഞ്ഞു. അരമറഞ്ഞു പരന്നു കിടന്നിരുന്ന മുടി വെട്ടിക്കൂട്ടി അതേ കുട്ടയിലിട്ടതായിരുന്നു ശ്രീയുടെ ആദ്യത്തെ ചുവടുവയ്പ്പ്. പത്മിനി ലാവ പോലെ ഉരുകിത്തിളച്ച കുറെയേറെ മണിക്കൂറുകളാണ് ഭാസ്‌കരനന്ന് കണ്ടത്. ശ്രീയുടെ നിസ്സംഗഭാവത്തിനുമേല്‍ പതഞ്ഞൊഴുകി ആറിത്തണുക്കാനായിരുന്നു അതിന് വിധി.

അതിനുശേഷമവള്‍ വിനായക ഏജന്‍സിയിലെ ഓഫീസ് അസിസ്റ്റന്റ് പോസ്റ്റില്‍ നിന്ന് ബി ആര്‍ ഡി യിലേക്ക് ഉദ്യോഗം പറിച്ചുനട്ടു. ഒരു പെണ്‍കുട്ടിയായിരുന്നിട്ടും ബി ആര്‍ ഡി കാര്‍ വേള്‍ഡില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയി എങ്ങനെ ജോലി ലഭിച്ചുവെന്നത് പത്മിനിക്ക് ഇനിയും പിടികിട്ടാത്ത കാര്യമാണ്. ഇനിയൊരുപക്ഷേ, അവളൊരു പെണ്‍കുട്ടിയാണെന്ന് അവര്‍ക്കറിയാതെ വരുമോ? ഇപ്പോഴത്തെ പുറംമോടിയില്‍ നിന്നും അവളോ അവനോ എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. മുഷിഞ്ഞ വസ്ത്രങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്ത ബൈന്റര്‍... പരന്ന മാറിടങ്ങളുടെ രഹസ്യം അതാണോ? സംശയങ്ങള്‍ക്ക് നിവര്‍ത്തി വരുത്താന്‍ പത്മിനി ഭയന്നു. അതെല്ലാം സത്യമാണെന്ന് വരുകിലോ?

തളര്‍ന്നു കുഴഞ്ഞ മനസ്സ് ശരീരത്തില്‍നിന്നൂര്‍ന്ന് താഴേക്ക് വീണുപോയേക്കുമെന്ന് പത്മിനിക്ക് തോന്നി. ഒരു നെടുവീര്‍പ്പിനൊപ്പം മുറവും താഴേയ്ക്കിട്ട് അവര്‍ നിലത്ത് ചടഞ്ഞിരുന്നു. അമ്മയുടെ നെഞ്ചിങ്ങനെ തീച്ചൂളയില്‍ കിടന്നു വെന്തുരുകുകയാണെന്ന് മകള്‍ക്കറിയേണ്ട കാര്യമുണ്ടോ. ശ്രീയുടെ മൃദുത്വം കുറഞ്ഞ സ്വരം, മുട്ടിനുകീഴെ നഗ്‌നമായ കാലുകളിലെ നീണ്ടുചുരുണ്ട രോമങ്ങള്‍, അങ്ങനെ പലതും അവരുടെ ചിന്തയില്‍ കനലുകള്‍ വിതറി.

അല്ലെങ്കിലും സ്ത്രീയില്‍ നിന്ന് പുരുഷനിലേക്കുള്ള ദൂരം ചില ഹോര്‍മോണുകളുടെ അതിസാമര്‍ഥ്യത്തില്‍ അന്തര്‍ലീനമാണ്. പാതിയില്‍ മുറിഞ്ഞ ഒരു വരയാണ് 'വൈ'യിനെ 'എക്‌സി'ല്‍ നിന്നും വേര്‍തിരിക്കുന്നത്. ജീവശാസ്ത്രത്തില്‍ പഠിച്ച ക്രോമസോമുകളെ തിരിച്ചും മറിച്ചും ഗണിച്ചുനോക്കിയിട്ടും പത്മിനിയുടെ കണക്കുകള്‍ എങ്ങുമെത്താതെ പാറിനടന്നു.

ഗൂഗിള്‍ സേര്‍ച്ച് എന്‍ജിനില്‍ ട്രാന്‍സ്ജെന്‍ഡറിനെപ്പറ്റിയുള്ള വിവരങ്ങള്‍ തിരഞ്ഞ് അന്നത്തെ പകല്‍ മൃതിയടഞ്ഞു. അവളൊരു ട്രാന്‍സ് ആണോ? ആണെങ്കില്‍ ഇതുവരെ എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല. ഭാസ്‌കരനോട് ഈ സംശയം പങ്കുവെക്കാന്‍ മനസ്സനുവദിച്ചില്ല. ഒരേയൊരു മകളെ പ്രാണനായി കരുതുന്ന ആ മനുഷ്യന്റെ നെഞ്ചിലേക്ക് കൂടി കനലൂതിക്കേറ്റുന്നത് എന്തിനാണ്? ജന്മം കൊടുത്തത് ആണോ പെണ്ണോ അല്ലെന്ന തിരിച്ചറിവില്‍ ആത്മാഭിമാനം നഷ്ടപ്പെട്ട പുഴുവായിത്തീരും, ആ അച്ഛന്‍. ലിംഗസ്വത്വം നിര്‍ണ്ണയിക്കാനാവാത്ത ഒരു സന്തതിയെ പ്രസവിച്ചുനല്കിയതിന് തന്നിലെ അമ്മയ്ക്ക് തലകുനിക്കേണ്ടതായി വരും.

പത്മിനി, ലിംഗനിര്‍ണ്ണയത്തിന്റെ മുഴങ്കോലുകള്‍ കൊണ്ട് ഭൂതകാലം അളന്നുനോക്കി. ജനിച്ചുവീണപ്പോള്‍, മുട്ടിലിഴഞ്ഞപ്പോള്‍, അവളെ കുളിപ്പിച്ചപ്പോള്‍... ജനനേന്ദ്രിയങ്ങള്‍ക്ക് എന്തെങ്കിലും മാറ്റമുണ്ടായിരുന്നോ? ഇല്ല, അതെല്ലാം പെണ്ണിന്റേതുതന്നെ ആയിരുന്നു. പിന്നെപ്പോഴാണ്?... പത്മിനി വീണ്ടും ഗൂഗിളിന്റെ പേജുകള്‍ മറിച്ചു. ഇടക്കാലത്തെപ്പോഴോ ആണ് അവള്‍, 'അവന്‍' ആയി മാറാന്‍ തുടങ്ങിയത്.

പത്മിനിയുടെ സ്മൃതിപഥങ്ങളില്‍ എവിടെയോ മകളുടെ തേങ്ങലുകള്‍ കൊഴിഞ്ഞു വീണു. ആണ്‍കുട്ടികളെപ്പോലെ മുടിമുറിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് പുറകെ നടന്ന അവളുടെ വാശിയുടെ അലയൊലികളായിരുന്നു അവ.

കുട്ടേട്ടനെപ്പോലെ നിന്ന് മൂത്രമൊഴിക്കണം എന്നായിരുന്നു മറ്റൊരിക്കല്‍ സ്വകാര്യമായി ആവശ്യപ്പെട്ടത്. അവളിപ്പോള്‍ നിന്നിട്ടാകുമോ ആ കര്‍മ്മം സാധിക്കുന്നത്? കാലത്തിനിപ്പുറം ഓര്‍മ്മയില്‍ പുനര്‍ജ്ജനിച്ച ആ ആവശ്യം അവരെ കിടിലം കൊള്ളിച്ചു.

 'എനിക്കെന്നാണമ്മേ, മീശ മുളക്കുന്നെ ' എന്ന് ഗൗരവത്തോടെ മകള്‍ ചോദിച്ചപ്പോ 'പെണ്‍കുട്ട്യോള്‍ക്കെങ്ങന്യാ മീശ മുളയ്ക്കാ' ന്ന് മറുചോദ്യം എറിഞ്ഞത് മുത്തശ്ശിയാണ്.

കാലം എത്ര കടന്നുപോയിരിക്കുന്നു. മുത്തശ്ശി മരിച്ചിട്ട് പത്തു പന്ത്രണ്ട് വര്‍ഷം തികയാറായി.

 അന്നത്തെ കുട്ടന്‍ ഇന്ന് വളര്‍ന്നു വലുതായി അമേരിക്കയില്‍ സ്ഥിരതാമസവുമായി. 'നീ മദാമ്മയെ കെട്ടിക്കൊണ്ട് പോരോ ചെക്കാ' ന്ന് കളിയാക്കിയപ്പോ' കെട്ടാന്‍ പോകുന്ന പെണ്ണ് ഏതുനാട്ടുകാരിയായാലും പെണ്ണ് തന്നെ ആയാല്‍പ്പോരെ അമ്മായി' ന്ന് പറഞ്ഞ് അവന്‍ ഫോണിലൂടെ കുലുങ്ങിച്ചിരിച്ചത് കഴിഞ്ഞ മാസത്തിലാണ്.

മകളുടെ കുട്ടിക്കാലത്തേക്ക് കടന്നുചെന്നപ്പോള്‍ പത്മിനി ഒരു കാര്യം ഉറപ്പിച്ചു. ഇടക്കാലത്തല്ല, വര്‍ഷങ്ങളായി മകള്‍ ഈ പരിണാമത്തിലേക്കുള്ള ജൈത്രയാത്ര തുടങ്ങിയിട്ട്. താനതൊന്നും വേണ്ടമട്ടില്‍ ശ്രദ്ധിച്ചില്ല, അല്ലെങ്കില്‍ അവളുടെ ബാലചാപല്യമായി നിസ്സാരവല്‍ക്കരിച്ചു. അടുത്ത നിമിഷം എല്ലാം തോന്നലാണെന്ന് സമാധാനിച്ചിട്ടും ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് മേലോട്ടും സെറാറ്റോണിന്റെ അളവ് താഴോട്ടും പോയ്ക്കൊണ്ടിരുന്നു. 

അവസാനത്തെ ആശ്രയമെന്ന നിലയില്‍ പത്മിനി ഒന്ന് തീരുമാനിച്ചു. എത്രയും പെട്ടെന്ന് ഒരു വിവാഹം.
ഉറക്കം അവധിക്ക് പോയ അന്നത്തെ രാത്രിയില്‍ അവര്‍ ഭാസ്‌കരനെ നിര്‍ബന്ധിച്ചു.

'അവള്‍ക്ക് വയസ്സ് ഇരുപത്തഞ്ചായി കേട്ടോ. ജോലിയും ആയി. ഇനീപ്പോ കല്യാണം ആലോചിക്കാന്‍ എന്തിനാ കാത്തിരിക്കുന്നെ? '

വിരമിച്ചപ്പോള്‍ കിട്ടിയ ഗ്രാറ്റുവിറ്റിയും ചില്ലറ സാമ്പാദ്യവും കൂട്ടിയാല്‍ കാര്യങ്ങള്‍ ഭംഗിയായി നടത്താം എന്ന കണക്കുകൂട്ടലോടെ, മാട്രിമോണിയില്‍ പരസ്യം കൊടുക്കാന്‍ ഭാസ്‌കരനും തീരുമാനിച്ചു.

അടുത്ത പ്രഭാതത്തില്‍ ആ തീരുമാനം മകളെ അറിയിക്കുകയും ചെയ്തു. എനിക്കിപ്പോ കല്യാണം വേണ്ടെന്ന ശ്രീയുടെ വാക്കുകള്‍ കല്യാണപ്രായമെത്തിയ പെണ്‍പിള്ളേരുടെ ഉള്ളുമറയ്ക്കുന്ന സ്ഥിരം വാചകങ്ങളായേ അയാള്‍ക്ക് തോന്നിയുള്ളൂ.

മാട്രിമോണിസൈറ്റില്‍ നിന്ന് നവീന്‍ പ്രകാശ് എന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍, പെണ്ണുകാണല്‍ ചടങ്ങിലേക്കായി വീട്ടില്‍ അവതരിച്ച അന്നാണ് പത്മിനിയുടെ ക്ഷമ പരീക്ഷിക്കപ്പെട്ടത്. നവിയുടെ ചോദ്യങ്ങള്‍ക്കൊന്നും തന്നെ മറുപടി നല്‍കാതെ തീഷ്ണമായ ദൃഷ്ടികൊണ്ടവള്‍ പ്രതിരോധം തീര്‍ത്തു. തികട്ടിവന്ന ചളിപ്പ് ശരീരഭാഷ കൊണ്ട് മറയ്ക്കാനാവാതെ പടിയിറങ്ങിപ്പോകുമ്പോള്‍, ഫോണിലൂടെയോ ചാറ്റിങ്ങിലൂടെയോ പരസ്പരം ഒരു ചരടുവലിച്ചുകെട്ടിയിട്ടേ ഇനിയൊരു പെണ്‍വീട് സന്ദര്‍ശിക്കൂവെന്ന് അയാള്‍ മനസ്സില്‍ കണക്കുകൂട്ടി.

മര്യാദകേടിന്റെ കണക്കുകള്‍ നിരത്തിയ അമ്മയ്ക്ക് മുന്‍പില്‍, ഇതേപ്പറ്റിയെന്തേ തനിക്ക് അറിയിപ്പുതന്നില്ലെന്ന് മകളും ഉറഞ്ഞുതുള്ളി. ഉത്തരം പറയാനാകാതെ പത്മിനി തന്റെ കോപത്തിന്റെ പാനയില്‍ വെള്ളമൊഴിച്ചു തണുപ്പിച്ചു. മകളെ വഷളാക്കിയെന്ന് അവര്‍ പാച്ചുവിനെ കുറ്റപ്പെടുത്തി. അയാളാകട്ടെ, നിശബ്ദതയുടെ മേല്‍ക്കുപ്പായം വാരിച്ചുറ്റി തല കുനിച്ചിരുന്നു. ചുട്ടുപഴുത്ത മൂകതയില്‍ വെന്ത് കനലായി മാറിയ രണ്ടുദിനം കടന്നുപോയി. 

'നിനക്കെന്താണ് ശ്രീ, വിവാഹം വേണ്ടെന്നാണോ? '

'നിങ്ങള്‍ക്ക് മറ്റൊന്നും എന്നോട് പറയാനില്ലേ.'

പത്മിനിയുടെ ഹൃദയം ഉച്ചത്തില്‍ കലഹിച്ചു. ഒടുവില്‍ വളരെ പതിഞ്ഞ സ്വരത്തില്‍ വിറയലിന്റെ അകമ്പടിയോടെ വാക്കുകള്‍ പുറത്തുവന്നു.

'നിനക്കും സോയക്കും ഇടയില്‍ അരുതാത്ത എന്തെങ്കിലുമുണ്ടായിരുന്നോ ?'

തറച്ചുനോക്കിക്കൊണ്ട് ശ്രീ ചോദിച്ചു.

' എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അതില്‍ അരുതാത്തതായി എന്താണുള്ളത്?
എനിക്ക് പെണ്‍സൗന്ദര്യത്തോടാണ് താല്പര്യം.'

ആദ്യമായുള്ള തുറന്നുപറച്ചിലില്‍ പത്മിനി ഒന്നു പിടഞ്ഞു. പെണ്ണിനോട് പെണ്ണിന് പ്രണയം പാടില്ലെന്ന പ്രപഞ്ചനിയമം മകളെ പറഞ്ഞുപഠിപ്പിക്കേണ്ടതായിവന്നു അവര്‍ക്ക്.

'അതിന് ഞാന്‍ പെണ്ണാണെന്ന് ആര് പറഞ്ഞു. പെണ്ണിന്റെ ഉടലിനുള്ളില്‍ ആണായി ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരു ജന്മം. ഇനിയത് മറച്ചുപിടിക്കാന്‍ ഞാന്‍ തയ്യാറല്ല. എനിക്ക് ഞാനായിത്തന്നെ ജീവിച്ചുമരിക്കണം. ഞാനെന്താണെന്ന് തിരിച്ചറിയാതിരുന്ന കാലത്തെ വീര്‍പ്പുമുട്ടലുകള്‍. ആശയക്കുഴപ്പത്തിനുമേല്‍ അനുഭവിക്കേണ്ടി വന്ന അവഗണനകള്‍. അതിന്റെപേരില്‍ ആഗ്രഹമുണ്ടായിട്ടും വലിച്ചെറിഞ്ഞു കളഞ്ഞ തുടര്‍പഠനം. ഒരേ വര്‍ഗ്ഗമായി പിറന്നതുകൊണ്ട് മറന്നുകളയേണ്ടി വന്ന പ്രണയം. ആഗ്രഹിക്കുന്ന ജോലി, വസ്ത്രം, നടപ്പ്, ഇരിപ്പ്, കിടപ്പ് അങ്ങനെയെല്ലാം വിലക്കപ്പെട്ട ഒരുവന്‍. അതിനുമപ്പുറം, മാസാമാസങ്ങളില്‍ ഈ പെണ്‍ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്ന ചുവപ്പ് പോലും എനിക്കന്യമാണ്. പെണ്ണിന്റെ ശരീരക്കൂടും ചുമന്ന് ഒരു ആമയെപ്പോലെ ജീവിക്കുകയാണ് ഞാന്‍. ഓടി ജയിച്ചവരുടെ ഈ ലോകത്ത് പുറന്തോട് വലിച്ചെറിഞ്ഞ് എന്നെങ്കിലുമൊരിക്കല്‍ തലയുയര്‍ത്തി നടക്കണം എന്നാഗ്രഹമുണ്ട്. പക്ഷേ, ഈ തോടുരിഞ്ഞാല്‍ നിലനില്പില്ലാത്തതുകൊണ്ട് മുന്നോട്ടുപോയേ മതിയാകൂ. വിവാഹം നിര്‍ബന്ധമെങ്കില്‍ അതിന് തയ്യാറുള്ള ഒരുത്തിയെ ആവാം. സന്തതിപരമ്പരകളെ ആഗ്രഹിക്കരുതെന്ന് മാത്രം. ഉള്‍ക്കൊള്ളാന്‍ അമ്മക്കോ അച്ഛനോ കഴിയുന്നില്ലെങ്കില്‍, ജനിച്ചത് അവനോ അവളോ എന്ന് നിര്‍ണ്ണയിക്കാനാവാതെ വരുമ്പോള്‍ ചിലര്‍ മക്കളോട് ചെയ്യാറുള്ളതുപോലെ നിങ്ങള്‍ക്കെന്നെ പുറത്താക്കാം. ഞാനെന്ന അപമാനം പേറി ജീവിക്കേണ്ട.'

നിറഞ്ഞ കണ്ണുകളുടെ ഭാരം തൂങ്ങി ശ്രീയുടെ തൊണ്ടയിടറി. ആ ഇടര്‍ച്ചയില്‍ അടിതെറ്റി വീണ വാക്കുകള്‍ മറുചെവിയെത്തും മുന്‍പേ മരിച്ചുവീണു.

വാക്കുകള്‍ ചോരയിറ്റിച്ച ഉള്‍വേദനയേക്കാള്‍ പത്മിനിയെ നോവിച്ചത് പുറകില്‍ നിന്നിരുന്ന ഭാസ്‌കരന്റെ കുനിഞ്ഞ ശിരസ്സാണ്. ആ സംഭാഷണം തുടരാന്‍ അവര്‍ ഭയന്നു.

അന്നുരാത്രിയില്‍ ആദ്യമായി അവരുടെ മാറില്‍ മുഖം പൂഴ്ത്തി ഭാസ്‌കരന്‍ ആശ്വാസം കണ്ടെത്തി. കണ്ണുനീരില്‍ മുങ്ങിമരിച്ച രാത്രികളും ശ്വാസംമുട്ടിപ്പിടഞ്ഞ പകലുകളും ഊഴം മാറിവന്നു. 

മൗനമേഘങ്ങള്‍ പൊതിഞ്ഞ വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ മൂന്ന് ഉയിരുകള്‍ അലിഞ്ഞില്ലാതായി. സ്വയം സൃഷ്ടിച്ചെടുത്ത ചിതല്‍പ്പുറ്റിനുള്ളില്‍ ഇഴജന്തുവിനെപ്പോലെയവര്‍ ചുരുണ്ടുകൂടി. ആ വീട്ടില്‍ ആരും തമ്മില്‍ നോക്കുകയോ, സംസാരിക്കുകയോ ചെയ്യാതെ ദിവസങ്ങള്‍ ഇഴഞ്ഞുനീങ്ങി.

ഓരോ ദിവസവും ശ്രീ ജോലി കഴിഞ്ഞെത്തുന്ന വരെ ആധിയോടെ അമ്മ കാത്തിരുന്നു. അവളിനി തിരിച്ചുവന്നില്ലെങ്കിലോ എന്നവര്‍ ഭയന്നു. സ്വത്വം ചികഞ്ഞ് വീടുവിട്ടിറങ്ങിപ്പോയ മനുഷ്യജന്മങ്ങളുടെ കഥകള്‍ അവരില്‍ നടുക്കം സൃഷ്ടിച്ചു. അവനായി ജനിച്ച് അവളായി മാറിയവരുടെയും, അവളായി ജനിച്ച് അവനായി മാറിയവരുടെയും, അവനോ അവളോ അല്ലാതെ പിറന്നുവീണവരുടെയും ലോകത്തേക്ക് തുറക്കുന്ന വാതായനങ്ങള്‍ തുരുമ്പിച്ചവയായിരുന്നു. അത് തള്ളിത്തുറക്കാന്‍ ദിവസങ്ങളും മാസങ്ങളും എടുത്തു.

ചിന്തകളുടെ പെരുവെള്ളപ്പാച്ചിലില്‍ മച്ചിലേക്ക് നോക്കിക്കിടന്ന ഒരു രാത്രി പത്മിനി ചോദിച്ചു.

'നമുക്കൊരു കുഞ്ഞിനെയേ ദൈവം തന്നുള്ളൂ പാച്ചുവേട്ടാ. അതും അഞ്ചുവര്‍ഷം കാത്തിരുന്നിട്ട്. അത് മോളായാലെന്ത്? മോനായാലെന്ത്?... '

പ്രതികരണം ഒന്നുമുണ്ടായില്ലെങ്കിലും പത്മിനി തുടര്‍ന്നു.

'ഓരോ ആത്മാവും ദൈവത്തിന്റെ അടുക്കലാണുള്ളത്. അവരെ തിരഞ്ഞെടുത്ത് ഭൂമിയിലേയ്ക്കയക്കുമ്പോള്‍ കാവലിനായിട്ടാണ് അച്ഛനമ്മമാരെ ഏല്‍പ്പിക്കുന്നത്. നന്നായി നോക്കിവളര്‍ത്തുമെന്ന പ്രതീക്ഷയില്‍. ആ പ്രതീക്ഷ നിറവേറ്റുകയല്ലാതെ അവരുടെ വ്യക്തിത്വത്തിനോ, സ്വത്വത്തിനോ, സ്വപ്നങ്ങള്‍ക്കോ തടയിടാന്‍ നമുക്കധികാരമില്ല. കുഞ്ഞുങ്ങള്‍ ദൈവത്തിന്റേതാണ്. കുഞ്ഞുങ്ങളില്ലാത്ത ആയിരങ്ങളുള്ള ഈ ഭൂമിയില്‍ ഒരു കുഞ്ഞിനെ ലഭിച്ച നമ്മള്‍ ഭാഗ്യവാന്മാരാണ്. അങ്ങനെയെങ്കില്‍ അത് ആണോ പെണ്ണോ ആയിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനും നമ്മളാളല്ല. '

'തത്വം പറയാന്‍ എളുപ്പമാണ് പപ്പീ. ഇത്ര നാളും 'മോളേ' ന്ന് കരുതി ജീവിച്ചിട്ട്.... നാട്ടുകാരുടെയും ബന്ധക്കാരുടെയും മുഖത്ത് എങ്ങനെ നോക്കും? പെട്ടെന്നൊരു ദിവസം മോള് മോനായീന്ന് പറയോ? മരിക്കുന്നതാണ് ഭേദം. മക്കളില്ലാഞ്ഞാല്‍ അങ്ങനെ സമാധാനിക്കായിരുന്നു. മര്യാദയ്‌ക്കൊന്ന് ജീവിച്ചിട്ടുണ്ടോ? മകളുടെ വിവാഹത്തിനായി ആയുഷ്‌ക്കാലം പണിതുകിട്ടിയ സമ്പാദ്യം മുഴുവന്‍ സ്വരുക്കൂട്ടി. ഞാനെന്താ ചെയ്യേണ്ടത്?'

'കല്യാണത്തിന് നീക്കിവച്ച സമ്പാദ്യം ഇനി അവളുടെ യാത്ര പൂര്‍ത്തിയാക്കാനുള്ളതാണ്. ശ്രേയയില്‍ നിന്ന് ശ്രേയസ്സിലേക്കുള്ള യാത്ര. സ്ത്രീയില്‍ നിന്ന് പുരുഷനിലേക്ക്. താങ്ങായി അവളുടെ കൂടെത്തന്നെ ഉണ്ടാകണം. ഇനി മകളല്ല, മകനാണ് നമുക്കുള്ളത്. നാട്ടുകാര്‍ക്കോ, ബന്ധക്കാര്‍ക്കോ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിത്തരാന്‍ കഴിയില്ല. അത് നമ്മള്‍തന്നെ പരിഹരിക്കണം. അവള്‍ക്കിപ്പോ   കല്യാണം ആലോചിക്കേണ്ട.
എത്രയും പെട്ടെന്ന് ഒരു സ്‌പെഷ്യലിസ്റ്റിനെ കാണണം.'

തുറന്നിട്ട ജനാലയിലൂടെ മുറിയില്‍ പരന്ന നിലാവെട്ടത്തില്‍ പത്മിനി പ്രഖ്യാപിച്ചു. ഇരുട്ടിന്റെ ചിതല്‍പ്പുറ്റ് പൊളിച്ച്,  അതിര്‍വരമ്പുകളില്ലാത്ത ആകാശത്തിന്റെ നീലിമയിലേക്ക് ഉണരാനായി ഭാസ്‌കരന്‍ കണ്ണുകളടച്ചു.

 

click me!