Malayalam Short Story : അന്ത്യചുംബനം, ലതികാ ശാലിനി എഴുതിയ മിനിക്കഥകള്‍

By Chilla Lit SpaceFirst Published Feb 24, 2022, 5:34 PM IST
Highlights

 ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ലതികാ ശാലിനി എഴുതിയ മിനിക്കഥകള്‍  

 

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


Latest Videos

 

അന്ത്യചുംബനം

മുഖത്ത് തുരുതുരാ ചുംബിക്കുന്ന കെട്ടിയോനോടൊന്ന് മാറാന്‍ പറയണോന്ന്ണ്ട്, പറ്റണില്ലാ.

കൈയ്യെടുത്ത് ഒന്ന് തള്ളിമാറ്റണോന്നുണ്ട്, പറ്റണില്ല.

ഇറങ്ങി ഓടണോന്നൂണ്ട, അതും പറ്റണില്ല.

മെറി ഞെളിപിരികൊണ്ടു. ഊട്ടിയിലോ മറ്റോ ആണോ ഇനി എന്നൊരു നിമിഷം തോന്നാതിരുന്നില്ല. ചുറ്റോട് ചുറ്റും പൂക്കള്‍ മാത്രം. ഏറ്റം ഇഷ്ടപ്പെട്ട പൂവ് കൂട്ടമായി നെഞ്ചത്തുണ്ടേലും ഒന്നെടുക്കാന്‍ പോലും മേലാത്ത അവസ്ഥ. 

ഒരു ബര്‍ത്ത്‌ഡേക്കെങ്കിലും ഇതിലൊന്ന് കിട്ടീരുന്നേലെന്ന് വളരെ  ആഗ്രഹിച്ചിട്ടുണ്ട്. 

വിവാഹ വാര്‍ഷിക ദിനത്തിലിതൊക്കെ പ്രതീക്ഷിച്ചിരുന്നൊരു കാലോമുണ്ടായിരുന്നൂ. അല്ലേലും ഞാനത്ര പഴഞ്ചേനൊന്നുമല്ലല്ലോ. 93 എസ്.എസ്.എല്‍.സി യാ. 

'അത്' വന്ന് മൂന്നു മാസോം നാലു ദിവസോം തികഞ്ഞ ദിവസായിരുന്നൂ ഇന്നലെ. അഞ്ചാറ് റേഡിയേഷനും കഴിഞ്ഞിരുന്ന്. പെട്ടന്നെന്ത് പറ്റിയെന്നോര്‍മ്മ വരുന്നില്ല. നെഞ്ചിനോരു കനം തോന്നിയ പോലെ ഉണ്ടായോ. 

ആഹ്.....എന്തായാലും എല്ലാം കഴിഞ്ഞു.

മോള് ജര്‍മ്മനീന്ന് വന്നുമ്മ തന്നാ പിന്നെ സ്വസ്ഥായി കുഴീ പോയി കിടക്കാം. ചിന്നു കുവൈറ്റീന്ന്  പ്രസവത്തിന് വരാനിരുന്നതാ. പക്ഷെ നേരത്തെ പോന്നൂ. ഗര്‍ഭാലസ്യവും,ക്ഷീണവും കടിഞ്ഞൂലിന്റെ ആകുലതകളും മൂലമാണെന്ന് തോന്നുന്നൂ. കരച്ചിലടക്കി ഇരുപ്പാണ്.

മമ്മിയില്ലാതിനി പ്രസവം?

ചോദ്യ ചിഹ്നമാണ്. പക്ഷെ മമ്മിയെന്ത് ചെയ്യാനാ മോളെ? മമ്മിക്കനുവദിച്ച സമയം കഴിഞ്ഞു. ഈ ഉമ്മയൊക്കെ ഒത്തിരി ആഗ്രഹിച്ച സമയോണ്ടാരുന്ന്. കെട്ടിയോനും,പിള്ളാരും ഇന്നതിന് മത്സരിക്കുന്നു. 

എങ്കിലും പീറ്ററിനിപ്പോഴും വൈക്‌ളബ്യമുണ്ടെന്ന് തോന്നുന്ന്. അടുത്തിരുന്ന് നെറ്റി തലോടുമ്പോഴും, ഇടക്ക് ചുംബിക്കുമ്പോഴും ഒരു വൈമനസ്യം. ജീവനോടിരിക്കുമ്പോ കിട്ടാത്ത എല്ലാം കിട്ടുക നിര്‍ജീവമാകുമ്പോഴാകും. മനുഷ്യര്‍ ചെയ്തികള്‍ക്ക് മാപ്പിരക്കും. അടുത്തിരിക്കും, സ്‌നേഹം പ്രകടിപ്പിക്കും. തഴുകും, തലോടും. നന്മ പറയും. അങ്ങനെ ജീവിച്ചിരിക്കെ ആഗ്രഹിച്ചതൊക്കെ ജീവനില്ലാത്തപ്പോള്‍ തന്ന് മനുഷ്യരെ യാത്രയാക്കും. 

കൂട്ടിക്കെട്ടിയ കുരിശുസ്ഥാപിച്ച വിരലുകള്‍ പ്രതിഷേധിക്കാനാകാതെ വിങ്ങി, വക്രിച്ചു കാണിക്കാനാകാതെ ചുണ്ടും. പക്ഷെ കണ്ണ് മാത്രം വിജയിയെപോലെ ഒന്നും കാണാതടഞ്ഞു കിടന്നു.


വിഴുപ്പ്

കോര്‍പ്പറേഷന്റെ, വിഴുപ്പ്  ശേഖരണ പദ്ധതിയുടെ ഭാഗമായി വരും ഞായറാഴ്ച എല്ലാ അംഗങ്ങളും വീടുകളിലെ മാലിന്യങ്ങള്‍ ഗേറ്റിന് സമീപം കൊണ്ടു വെക്കണം. കോര്‍പ്പറേഷന്‍ തൊഴിലാളികള്‍ വന്നെടുത്തു കൊള്ളും.

സന്ദേശം കിട്ടിയത് വ്യാഴാഴ്ച ഓഫീസിലിരിക്കുമ്പോഴാണ്. തുടര്‍ന്നുള്ള ദിനങ്ങളിലെ തിരക്കുകളില്‍ അതങ്ങ് വിട്ടു പോയി. ശനിയാഴ്ച രാത്രി, ആവശ്യമില്ലാത്തവ, സ്ഥിരമായി ഉപയോഗിക്കാത്ത വിഴുപ്പെന്ന് ബോധ്യമുള്ളവയൊക്കെ ചാക്കുകളിലാക്കി വക്കണം, രാവിലെ ഏഴുമണിക്ക് കണ്ടെയ്‌നര്‍ എത്തുമെന്ന്  പിന്നീട് വന്ന  സന്ദേശം വായിച്ചതേയില്ല.

ആറുമണിക്ക് പതിവില്ലാതെ ആളും ബഹളോം കൂട്ടോം. ഞായറാഴ്ച ഇത് പതിവില്ല. കോളനി ആലസ്യത്തിലാകുന്ന ദിനമാണ്. ശനിയാഴ്ച പാര്‍ട്ടിയോ, ഔട്ടിംഗോ, സിനിമയോ, കറക്കമോ ഒക്കെ പതിവുള്ള സിറ്റിയിലെ താമസക്കാര്‍ ഞായറാഴ്ച വൈകിയേ എഴുന്നേല്‍ക്കൂ. 

ജോലിക്കാരികള്‍ അന്ന് വാതിലില്‍ മുട്ടില്ല. പിരിവുകാരവിടെ പതിവില്ല. കച്ചവടം അനുവദനീയവുമല്ല. മത്സ്യം കൊണ്ടുവരുന്നവര്‍ പോലും ഞായറാഴ്ച ഹോണടിക്കാറില്ല. അതിനാല്‍ ശാന്തം. 

പിന്നെ ഇതെന്താണെന്നാലോചിച്ചു തീരും മുന്നേ അസോസിയേഷനില്‍ നിന്നും ഫോണ്‍ വന്നു. ടോ, എഴുന്നേറ്റില്ലേ..മാത്യൂസാണ്. സാധനം റെഡിയാക്കിയില്ലേ?

ദാ ഇവിടുണ്ട്  മാത്യൂസേട്ടാ, ഇപ്പോ കൊണ്ടുവരാം. പെട്ടന്ന് ഫോണ്‍ വച്ചു. ഉണ്ണിയെ വിളിച്ചു സഹായം  അഭ്യര്‍ത്ഥിച്ചു. ഇന്നലത്തെ ഹാങ് ഓവര്‍. അനക്കമില്ല. ചന്തൂനേം വിളിച്ചു. രാത്രി മുതല്‍ വെളുപ്പിന് വരെ സിനിമ എങ്ങനെ തല പൊക്കാനാണ്.

ഉപയോഗിക്കാത്ത കുറെ തുണിത്തരങ്ങളും ചെരുപ്പുകളും കുറെ കളിപ്പാട്ടങ്ങളും കൈയ്യില്‍ കിട്ടിയ ചാക്കുകളിലേക്ക് മാറ്റി.  എങ്ങനെയോ, ഒരു തരത്തില്‍ രണ്ടു മൂന്ന് തവണയായി ഗേറ്റിനടുത്തെത്തിച്ചു. എല്ലാ ഗേറ്റുകളുടെ മുന്‍വശവും പലവക സാധനങ്ങളാല്‍ സമ്പന്നമായിരുന്നൂ. ഗേറ്റിനിരുവശവും സാധനങ്ങള്‍ വച്ചിട്ടും തീരാതെ ചിലര്‍ അലങ്കാരചെടിച്ചട്ടികള്‍ താത്കാലികമായി മാറ്റി അവിടെ ചെറിയ കാര്‍ട്ടണുകള്‍ സ്ഥാപിച്ചിരുന്നൂ.

കിതപ്പു മൂലം കുറച്ചു നേരം ഗേറ്റിനരികെ നിന്നു.

രണ്ടു മൂന്നു കുട്ടികള്‍ പലവട്ടം അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് കണ്ടു.

വേസ്റ്റ് ശേഖരിക്കുന്നവരുടെ കൂടെയുള്ളവരാകും എന്ന് കരുതി. പുഞ്ചിരിക്കേണ്ട താമസം അവരിലെ മുതിര്‍ന്ന കുട്ടി അരികിലേക്ക് വന്ന് എന്നോട് ചോദിച്ചു, ഈ തുണികള്‍ പാകാവുന്നതെടുത്തോട്ടെ? ഞങ്ങളാ ധനപാലന്‍ സാറിന്റെ പുറകിലെ വീട്ടിലാ താമസിക്കുന്നേ.

ഞാന്‍ അനുകൂലമായി തലയാട്ടിയ മാത്രയില്‍ മൂവരും ചേര്‍ന്ന് ചെരുപ്പുകളും,ചില ബാഗുകളും,കുറച്ചുടുപ്പുകളും തിരഞ്ഞെടുത്തു. മാത്രമല്ല വാ തുറന്നിരുന്ന ചാക്കുകള്‍ പോക്കറ്റില്‍ നിന്നും ചാക്കുവള്ളികള്‍ എടുത്ത് ഭംഗിയായി കെട്ടി വക്കുകയും ചെയ്തു.

ഞാന്‍ അവരോട് ഒരു വിശേഷവും ചോദിച്ചില്ല.അവര്‍ തിരഞ്ഞെടുപ്പില്‍ വ്യാപൃതരായിരുന്നു.

ഉച്ചയുറക്കം കഴിഞ്ഞ് മുകളില്‍ വിരിച്ച തുണിപെറുക്കവേ വെറുതേ താഴേക്കെത്തിനോക്കി.

പല വീടുകളുടെ മുന്നില്‍ നിന്നും ശേഖരിച്ച പായ, തലയിണ, പാത്രങ്ങള്‍, പുസ്തകങ്ങള്‍ ഇവയൊക്കെ അടുക്കുന്ന രണ്ടു പേര്‍.

ഒരു പഴയ സൈക്കിള്‍ കിട്ടിയ സന്തോഷത്തിലാണ് മൂത്ത പയ്യന്‍. ചെറിയ സഞ്ചികളിലും,ചാക്കുകളിലുമായി ശേഖരിച്ചവ സൈക്കിളിനു മുകളില്‍ വച്ചു രണ്ടും  മൂന്നും തവണയായി വീട്ടില്‍ പോയി വരികയാണവന്‍. ആരും കൊണ്ടു പോകാതെ , ബാക്കിയായവക്ക് കാവല്‍ നില്‍ക്കുന്ന രണ്ടു കുട്ടികള്‍.

ചില നേര്‍കാഴ്ചകള്‍.

നഗരത്തിലെ ഏറ്റവും മികച്ച കോളനിയുടെ രണ്ടറ്റത്ത് താമസിക്കുന്ന രണ്ട് വിഭാഗങ്ങള്‍. വിഴുപ്പ് പേറി  ജീവിക്കുന്നവരും, വിഴുപ്പൊഴിവാക്കി ജീവിക്കുന്നവരും.

 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

 

 

click me!