ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. കെ.ആര്‍. രാജേഷ് എഴുതിയ ചെറുകഥ
ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും
അപ്രതീക്ഷിതമായി കടന്നുവന്ന മഴക്കൊപ്പം, ജില്ലയില്‍ കളക്ടര്‍ ഏമാന്‍ പ്രഖ്യാപിച്ച ഓറഞ്ച് ജാഗ്രതയുടെ പിന്‍ബലത്തില്‍, കൂരക്കുള്ളില്‍ ഒതുങ്ങിക്കൂടിയ പകലിന്റെ തുടക്കത്തിലാണ് പളനിരാജിനരികിലേക്ക് ചായയുമായി കടന്നുവന്ന കെട്ടിയോള്‍ സാറ ചായക്കൊപ്പം പതിവുപോലെ ചില ആനുകാലിക വിഷയങ്ങളിലെ ആശങ്കകളും പങ്കുവെച്ചത്.
കട ഉത്ഘാടിക്കാനെത്തിയ പ്രമുഖ നടി ആലപ്പുഴ പട്ടണത്തെ ഇളക്കിമറിച്ചു എന്ന ഏതോ ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വാര്‍ത്തയിലേക്കാണ് സാറ പളനിരാജിനെ ആദ്യം കൂട്ടിക്കൊണ്ട് വന്നത്.
നാടമുറിച്ചു ഉത്ഘാടിക്കുമ്പോള്‍ പ്രമുഖ നടിയുടെ അമ്മിഞ്ഞകളില്‍ ഒന്ന് സാരിക്ക് പുറത്തായത്രേ!
'ഇവള്‍ വളംകട ഉത്ഘാടനം ചെയ്യുമ്പോള്‍ ഒരമ്മിഞ്ഞ പുറത്തിട്ടുവന്നെങ്കില്‍, വല്ല അണ്ടര്‍ ഗാര്‍മെന്റ് ഷോപ്പിന്റെ ഉത്ഘാടനമായിരുന്നെങ്കില്‍ എല്ലാം പുറത്തുകാട്ടുമായിരുന്നല്ലോ?'
സാറയിലെ സദാചാരബോധം കൂലംകുത്തിയൊഴുകിയപ്പോള്‍ പളനിരാജ് മൗനത്തിലഭയം തേടിയെങ്കിലും, ചൂടുചായക്കൊപ്പം പ്രമുഖ നടിയുടെ ചൂടുള്ള ഫോട്ടോയും അകത്തേക്ക് ആഗിരണം ചെയ്യുന്നതില്‍ ശ്രദ്ധിച്ചിരുന്നു.
നടിയുടെ നാടമുറിക്കലിന് പളനിരാജ് സമക്ഷത്തില്‍ നിന്ന് മറുപടിയേതുമില്ലാതെ വന്നതോടെ സാറ ഗിയര്‍ ചെയിഞ്ച് ചെയ്തു അടുത്ത വിഷയത്തിലേക്ക് കടന്നു.
'കണ്ടോ ഓരോ ആപ്പിസര്‍മാരുടെ അഹന്തയെ! മന്ത്രിമാരോട് വരെയാണ് മൊട കാട്ടുന്നത്.'
തിരുവനതപുരത്തേതോ സര്‍ക്കിള്‍ ഏമാന്‍ മന്ത്രിയോട് അനുസരണക്കേട് കാട്ടിയതാണ് സാറയുടെ പ്രതിപാദ്യ വിഷയം.
'മന്ത്രിമന്ദിരത്തില്‍ രാപ്പാര്‍ക്കുന്നവനോട് ഇങ്ങനെയെങ്കില്‍, കോളനികളില്‍ കഴിയുന്നവരോട് ഇവനൊക്കെ എങ്ങനെയാകും പെരുമാറുക.'
സാറ കമ്മ്യുണിസ്റ്റുകാരി ആയതിനാല്‍ മന്ത്രിയുടെ പക്ഷം ചേര്‍ന്നേ സംസാരിക്കുകയുള്ളൂ എങ്കിലും, ഇക്കാര്യത്തില്‍ ഓള്‍ പറയുന്നതില്‍ ന്യായമുണ്ടെന്ന് വോട്ടവകാശം കിട്ടിയതിനു ശേഷം നാളിതുവരെയും മടിയേതുമില്ലാതെ, മറക്കാതെ കൈപ്പത്തിക്ക് മാത്രം കുത്തിയിട്ടുള്ള പളനിരാജും നിരൂപിച്ചു.
'സ്ഥലമാറ്റം അടിച്ചുകിട്ടിയെങ്കിലും, മന്ത്രിയോട് അനാദരവ് കാട്ടിയ ആ ഏമാനിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ ഹീറോയാണ്. മന്ത്രിയുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കിയ നിങ്ങളോ പണിപോയി വീട്ടില്‍ ചൊറിയും കുത്തിയിരിക്കുന്നു.'
സാറ റോക്കറ്റ് വേഗത്തിലാണ് ടി വിഷയത്തെ പളനിരാജിന്റെ ജോലിപോയതിലേക്ക് കൂട്ടിക്കെട്ടിയത്.
വനംവകുപ്പില്‍ തീയണക്കുന്ന താല്‍ക്കാലിക ജോലി ആലപ്പുഴക്കാരന്‍ പളനിരാജിന് ലഭിക്കുന്നത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. പളനിരാജിന്റെ ആദ്യത്തെ ജോലിത്താവളം റാന്നിയായിരുന്നു. അക്കാലത്ത് എന്നും പുലര്‍ച്ചെ ചായകുടിക്കുവാന്‍ ജാന്‍സിയുടെ ചായക്കടയിലെത്തുന്ന (തണുപ്പിനെ അകറ്റണം,വയറ്റീന്ന് പോക്ക് സുഗമമാക്കണം എന്നിങ്ങനെ രണ്ടു മൈനര്‍ കാരണങ്ങള്‍ക്കുപരി, സാറ എന്നൊരു മേജര്‍ റീസണാണ് സുമാര്‍ ഒരു കിലോമീറ്ററിലധികം നടന്നു ജാന്‍സിയുടെ കടയിലെത്തുവാന്‍ പളനിരാജിനെ പ്രേരിപ്പിച്ചിരുന്നത്.)
പളനിരാജിന്റെ മനസിലേക്ക് ദിവസേന പാലുമായി ജാന്‍സിയുടെ കടയിലേക്ക് കടന്നുവരുന്ന കമ്മ്യുണിസ്റ്റ് കറിയയുടെ മകള്‍ സാറ കോടമഞ്ഞു പോലെ കുളിരുപകര്‍ന്നു റൂട്ടുമാര്‍ച്ച് നടത്തി കൊണ്ടിരുന്നു.
തുടര്‍ന്ന് ഏകദേശം മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ റാന്നിക്കാരി സാറ ആലപ്പുഴക്കാരന്‍ പളനിരാജിന്റെ ജീവിതത്തിലേക്ക് ലോങ് മാര്‍ച്ച് നടത്തി കടന്നുവരികയും ചെയ്തു.
പളനി - സാറാ ജീവിതവണ്ടിയെ തടസ്സങ്ങളില്ലാതെ മുന്നോട്ട് നയിച്ചത് പളനിരാജിന് മുടക്കമില്ലാതെ ലഭിച്ചിരുന്ന ശമ്പളത്തുകയായിരുന്നു. എന്നാല്‍ അവരുടെ ജീവിതവണ്ടിക്ക് കുറുക്കുചാടിയത് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഒരു എരണംകെട്ട പട്ടിയായിരുന്നു.
മൂലക്കുരുവിന്റെ സര്‍ജറിക്കായി കൊളംബസിന്റെ നാട്ടിലേക്ക് വകുപ്പ് മന്ത്രി വിമാനം കയറിയതോടെ അടുത്തിടെ കാട്ടുവകുപ്പിന്റെ അധികചുമതല ലഭിച്ച വനിതാമന്ത്രി കാര്യക്ഷമത തെളിയിക്കുവാന്‍ തന്റെ തുറുപ്പുചീട്ട് തന്നെ പുറത്തെടുക്കുവാന്‍ തീരുമാനിച്ചു. മിന്നല്‍ സന്ദര്‍ശനം (ഇപ്പോള്‍ മൊത്തം മിന്നലിന്റെ കാലമാണല്ലോ? എസ്‌കോര്‍ട്ട് പോലുമില്ലാതെയാണ് മന്ത്രിമാര്‍ മിന്നലായി എത്തുന്നതെങ്കിലും പത്രക്കാരും, ക്യാമറയും, ലൈവും നിര്‍ബന്ധമാണ്).
അന്നത്തെ ദിവസം വനിതാമന്ത്രിയുടെ മിന്നലടിച്ചത് പാവം പളനിരാജ് ജോലിചെയ്യുന്ന പരിധിയിലാണ്. കാട്ടുപാതയിലൂടെ മിന്നല്‍പോലെ കടന്നുവന്ന സ്റ്റേറ്റ് കാര്‍ ആപ്പീസിന് സമീപം മുരള്‍ച്ചയോടെ കിതച്ചുനിന്നത് ഏറെ ദൂരെയല്ലാതെ പളനിരാജ് കൗതുകത്തോടെ നോക്കിനിന്നു.
കൊടിവെച്ച കാര്‍ കിതപ്പടക്കിയത് പെറ്റുകിടന്നൊരു പെണ്‍പട്ടിയുടെ സമീപമായിരുന്നു. പേറ്റുനോവിന്റെ ഹാങ്ങ്ഓവറില്‍ കിടക്കുന്നവള്‍ക്കെന്ത് മന്ത്രി എന്ത് മിന്നല്‍! പരിവാരസമേതം കാറില്‍ നിന്നിറങ്ങിയ മന്ത്രിക്ക് നേരെ പ്രതിരോധത്തിന്റെ കുരയുമായി പെണ്‍പട്ടി പാഞ്ഞടുത്തു. പട്ടിയുടെ അപ്രതീക്ഷിത നീക്കത്തിനു മുന്നില്‍ അന്ധാളിച്ച ഗണ്‍മാന്‍ ഇടത്തോട്ടും പ്രൈവറ്റ്‌സെക്രട്ടറി വലത്തോട്ടും ചാടിയപ്പോള്‍ അകമ്പടി സേവിച്ച പത്രക്കാര്‍ തോന്നുംപടി ചാടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി. ചാട്ടം വശമില്ലാത്ത വനിതാ മന്ത്രിക്ക്മാത്രം പട്ടിയെ മുഖാമുഖം നേരിടേണ്ട അവസ്ഥ സംജാതമായി. ഈ നേരത്താണ് പളനിരാജിലെ രക്ഷാപ്രവര്‍ത്തകന്‍ ഉണര്‍ന്നത്. കയ്യില്‍ കിട്ടിയ കല്ലെടുത്ത് പട്ടിയെ ലക്ഷ്യമാക്കി എറിഞ്ഞു. ഉന്നത്തിന്റെ കാര്യത്തില്‍ അര്‍ജ്ജുനനെ കവച്ചുവെക്കുന്ന പളനിരാജ് പട്ടിയുടെ വലത്തേക്കണ്ണ് ലക്ഷ്യമാക്കി തൊടുത്ത കല്ല് പതിച്ചത് മന്ത്രിയുടെ ഇടത്തേചന്തിക്കായിരുന്നു.
ആ കൈവിട്ട ഏറില്‍ പളനിരാജിന്റെ പണിയും നഷ്്ടമായി.
'പണിയോ പോയി, എന്നിട്ടും ഒരു പത്രത്തില്‍ പോലും വാര്‍ത്ത വന്നില്ലന്നുള്ളതാണ് സങ്കടം. ഇപ്പോള്‍ ഫോണില്‍ കൂടെ മന്ത്രിയോട് കന്നംന്തിരിവ് പറഞ്ഞവനൊക്കെ വൈറല്‍.'
മന്ത്രിയുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ എറിഞ്ഞ കല്ല് മന്ത്രിയുടെ ചന്തിക്ക് കൊണ്ടെന്ന കാരണത്താല്‍ മന്ത്രിയെ കൊല്ലാന്‍ നോക്കിയെന്ന കാരണം പറഞ്ഞു പളനിരാജിന്റെ പണിപോയ വാര്‍ത്ത ഒരു മാധ്യമങ്ങളിലും വരാതിരുന്ന സങ്കടം സാറ വീണ്ടും പുറത്തേക്കൊഴുക്കി.
സാറ ഇത്തരത്തിലൊക്കെ ചര്‍ച്ചകളെ വഴിനടത്തുമ്പോഴും പളനിരാജിന്റെ ശ്രദ്ധ അന്നത്തെ പത്രത്തില്‍ വന്നൊരു പരസ്യത്തിലേക്കാണ് നീണ്ടത്.
കായംകുളത്ത് പുതുതായി ആരംഭിച്ചൊരു തുണിക്കടയിലേക്ക് മാവേലിവേഷം കെട്ടി കസ്റ്റമേഴ്‌സിനെ സ്വീകരിക്കുവാന്‍ അനുയോജ്യമായ ആളെ തേടുന്നു എന്നാണ് വാര്‍ത്തയുടെ സാരാംശം. ദിവസേന ആയിരത്തി അഞ്ഞൂറ് രൂപയും ഭക്ഷണവും, ഒരു പൈന്റുമാണ് വേതനം.
ആറടിയോളം നീളവും അതിനൊത്ത കുടവയറുമുള്ള താന്‍ മാവേലിയാകാന്‍ എന്ത് കൊണ്ടും അനുയോജ്യനാണെന്ന വിശ്വാസവും, പണത്തിനു അത്യാവശ്യവും ഉള്ളതിനാല്‍ സാറ അറിയാതെ ടി ജോലിക്ക് പോകുവാന്‍ പളനിരാജ് തീരുമാനമെടുത്തു. (അഭിമാനിയായ സാറ ഇത്തരം കോലംകെട്ടുന്ന ജോലിക്കൊന്നും തന്നെ വിടില്ലെന്ന ഉറച്ചവിശ്വാസമാണ് പളനിരാജിനുള്ളത്)
ജോലിയില്‍ കയറി ആദ്യദിനം, മാവേലി വേഷം കെട്ടി കടയുടെ മുന്നില്‍ നില്‍ക്കുന്ന താന്‍ കസ്റ്റമേഴ്സിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതും, മാവേലിവേഷത്തില്‍ തന്നെയാരും എളുപ്പത്തില്‍ തിരിച്ചറിയാത്തതും ആലോചിച്ചത് പളനിരാജിന്റെ ആത്മവിശ്വാസത്തെ ആവോളമുയര്‍ത്തി. എന്നാല്‍ ഇവക്കൊക്കെ മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. ഉച്ചക്ക് ശേഷം വടക്കേലെ ഭവാനിചേച്ചിക്കൊപ്പം തുണിക്കടയുടെ മുമ്പില്‍ ഓട്ടോയില്‍ വന്നിറങ്ങുന്ന സാറയെ കണ്ട് പളനിരാജ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി.
ഭവാനിചേച്ചി ഓണത്തിന് തുണിയെടുക്കുവാന്‍ പോകുന്നുണ്ടെന്നും, കുടുംബശ്രീയില്‍ നിന്ന് കടമെടുത്ത അയ്യായിരത്തിന്റെ ബലത്തില്‍ താനും കൂടെ പൊക്കോട്ടെയെന്നുള്ള സാറയുടെ ചോദ്യത്തിന് രാവിലെ അനുവാദം നല്‍കിയപ്പോള്‍, പത്തുമുപ്പത് കിലോമീറ്റര്‍ ദൂരമുള്ള ഈ കടയില്‍ത്തന്നെ അവരെത്തുമെന്ന അപകടം പളനിരാജ് സ്വപ്നത്തില്‍ പോലും കരുതിയില്ല.
ഓട്ടോയില്‍ നിന്നിറങ്ങുന്ന ഭവാനി-സാറമാരെ കണ്ടതോടെ അവരുടെ ദൃഷ്ടിപഥത്തില്‍ നിന്ന് മാറുവാനുള്ള പളനിരാജിന്റെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. തുണിക്കടക്ക് മുന്നിലെ മാവേലിയെ കണ്ടതോടെ സാറ-ഭവാനിമാര്‍ മാവേലിക്കരിക്കലേക്ക്.
'ഒറ്റ നോട്ടത്തില്‍ നമ്മുടെ പളനിയാണന്നേ പറയു, അല്ലേ സാറാ?'
മാവേലിക്കൊപ്പം നില്‍ക്കുന്ന സെല്‍ഫി സാറ പകര്‍ത്തുന്നതിനിടയില്‍ ഭവാനിയുടെ വിശകലനം വന്നതോടെ പളനിരാജിന്റെ ഉള്ളൊന്ന് കാളിയെങ്കിലും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാതെ കാര്യങ്ങള്‍ അവസാനിച്ചു.
ആദ്യദിനത്തിന്റെ അവസാനം കൂലിക്കൊപ്പം ലഭിച്ച പൈന്റിന്റെ പകുതി മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ചു തുണിക്കടയുടെ ശുചിമുറിയില്‍ കയറി നില്‍പ്പനടിച്ചുകൊണ്ട് പകലന്തിയോളം നിന്നതിന്റെ ശരീരവേദനയെ പളനിരാജ് അകറ്റി. രാത്രി വീട്ടിലെത്തി ബാക്കി പകുതി അകത്താക്കി, കിട്ടിയ ആയിരത്തി അഞ്ഞുറില്‍ വഴിച്ചിലവിനു ഇരുന്നൂറു വെച്ച് ബാക്കി ആയിരത്തി മൂന്നുറും സാറക്ക് കൈമാറി പളനിരാജ് ഉത്തമ കുടുംബനാഥനായ നേരത്താണ് സാറ തുണിക്കടയിലെ മാവേലിക്ക് പളനിരാജിന്റെ രൂപസാദൃശ്യം ഉണ്ടെന്ന കണ്ടെത്തലറിയിച്ചത്. കൂട്ടത്തില്‍ ഒരു ഉപദേശവും.
'ഈ ഓണക്കാലത്ത് മാവേലി വേഷങ്ങള്‍ക്ക് നല്ല ഡിമാന്‍ഡാണ്.ചുമ്മാതെ വീട്ടിലിരുന്നു സമയം കളയുന്ന നേരത്ത് നിങ്ങള്‍ക്ക് അങ്ങനെ എന്തേലും ശ്രമിച്ചൂടെ? നല്ല വരുമാനവും കിട്ടും.'
സാറയുടെ ഉപദേശ വാക്കുകള്‍ പളനിരാജിന്റെ കാതുകളില്‍ അലയടിക്കുമ്പോള്‍, സാറ ഫേസ്ബുക്കിലിട്ട തുണിക്കടയിലെ മാവേലിക്കൊപ്പമുള്ള സെല്‍ഫി ലൈക്കുകള്‍ വാരിക്കൂട്ടുകയായിരുന്നു.
ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...